രചന: സുമയ്യ ബീഗം TA
ഈ തുണികൾ ഒക്കെ ഒന്ന് ഉണങ്ങി കിട്ടിയിരുന്നെങ്കിൽ അടുത്തത് കൂടി വിരിക്കായിരുന്നു.
ഒന്നും നടക്കില്ല ഉടനൊരു മഴയ്ക്ക് കൂടി സ്കോപ്പ് ഉണ്ട്.
എല്ലാ ദിവസവും മഴ, കലികാലം അല്ലാതെന്ത് പറയാൻ.
പണ്ട് സോഷ്യൽ സയൻസിൽ വായിച്ച പരിചയമേയുള്ളു ന്യൂനമർദ്ദം ഒക്കെ ഇപ്പോൾ ദിവസവും കേൾക്കുന്നത് അതുതന്നെ.
ഡി, നീ ഏതു ലോകത്താണ്? തന്റെ ദേഹത്ത് അമർന്നിരിക്കുന്ന സുധിയുടെ ചോദ്യം കേട്ടപ്പോൾ ആണ് മിനി ചിന്തയിൽ നിന്നുണർന്നത്.
സോറി സോറി സോറി.
എന്തോന്ന് സോറി? പറ്റത്തില്ലെങ്കിൽ പറ്റത്തില്ല എന്നുപറയണം ഇത് മനുഷ്യനെ മിനക്കെടുത്താനായിട്ട്.
അയ്യോ പിണങ്ങല്ലേ?
ഒന്നൂടെ പ്ലീസ്.
മനുഷ്യന്റെ എല്ലാ മൂഡും പോയി. പോയി ഒരു ചായ ഇട്ടോണ്ട് വാ നിന്നെക്കൊണ്ട് അതിനൊക്കെ കൊള്ളൂ.
ബെഡ്റൂമിന്റെ വാതിൽ അരിശത്തിൽ വലിച്ചടച്ചു സുധി പുറത്തേക്ക് പോകുമ്പോൾ ഇട്ടിരുന്ന ഡ്രസ്സ് നേരെയാക്കി മിനി അടുക്കയിലേക്ക് പോയി…
……. …… …….
അടിപൊളി. കെട്യോൻ പ്രാപിക്കാൻ ആർത്തി പിടിച്ചു പുണരുമ്പോൾ ഉണങ്ങാനിട്ടിരിക്കുന്ന തുണി ഓർത്തു വേവലാതിപ്പെടുന്ന ഭാര്യ കൂടെ ഒരു ന്യൂനമർദ്ദവും.
മിനി ഓർത്തോർത്തു പൊട്ടിച്ചിരിച്ചു.
ഡി കോപ്പേ എന്നെ ഈ നട്ടുച്ചയ്ക്ക് കടൽത്തീരത്ത് മത്തി ഉണങ്ങാൻ ഇട്ടിരിക്കുന്ന പോലെ ഇരുത്തിയിട്ട് നീ എന്തോന്ന് ഓർത്തു കിളിക്കുവ. എനിക്ക് കലി വരുന്നുണ്ട് കേട്ടോ? കടലിനെ നോക്കി പൊട്ടിച്ചിരിക്കുന്ന മിനിയോട് പൊട്ടിത്തെറിച്ചു അവളുടെ കൂട്ടുകാരി സൂസൻ.
ഡി നമ്മൾ പെണ്ണുങ്ങൾ എന്താടി ഇങ്ങനെ?
എങ്ങനെ?
നമ്മൾ എന്താടി ഇത്ര വികാരമില്ലാത്ത ജീവികൾ ആയിപോയത്?
കോപ്പ്, അതെ നിനക്ക് ഇല്ലെങ്കിൽ നമുക്കൊരു ഡോക്ടറെ കാണാം വാ.
അതല്ലെടി. ആണുങ്ങളുടെ അത്ര നമ്മൾ പോരാ. അവർ സണ്ണി ലിയോണിനെ ഒക്കെ ധ്യാനിച്ച് പ്രണയപരവശരായി കിടപ്പറയിൽ വരുമ്പോൾ നമ്മൾ എന്താടി അടുപ്പത്തു കിടക്കുന്ന അരിയും ചെയ്തു തീർക്കാനുള്ള പണിയും മാത്രം ഓർത്തിരിക്കുന്നത്.
എല്ലാ പെണ്ണുങ്ങളും ഇങ്ങനെ ആണോ? എന്നെപോലെ?
അതാണോ അക്കാര്യത്തിൽ സംശയം വേണ്ട ഞാനും കൂട്ടുണ്ട്. നമ്മളെക്കാൾ നൂറായിരം കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ടെങ്കിലും ഈ ഒരു കാര്യത്തിൽ ലവര് പുലിയാണ്. യാതൊരു ടെന്ഷനുമില്ലാതെ ഫ്രീയായി അവർ ഇടപെടും. സമയവും സ്ഥലവും ഒന്നും അവരെ ബാധിക്കില്ല.
പക്ഷേ നിന്നെപ്പോലെ ഞാനും ഈ കാര്യത്തിൽ പുറകോട്ടാണ് മോളെ. മക്കളുടെ കാര്യത്തിലോ നാളെ അരച്ചു വെക്കാനുള്ള മാവിന്റെ കാര്യത്തിലോ ടെൻഷൻ അടിച്ചോണ്ടിരിക്കും.
അല്ല ഇത് പറയാനാണോ നീ എന്നെയും വിളിച്ചു ഇങ്ങോട്ട് വന്നത് എന്റെ മിനിയെ.
അതല്ലെടി നീ ഈ ഫോട്ടോസ് ഒന്ന് നോക്കിയേ?മിനി കയ്യിലിരുന്ന ഫോണിലെ ഗാലറിയിൽ നിന്നും കുറച്ചു ഫോട്ടോസ് കാണിച്ചു കൊടുത്തു.
ഇത് നമുക്കറിയാവുന്ന ചേച്ചി അല്ലേ. ആ ലൈബ്രററിയുടെ അടുത്തുള്ള നിറച്ചും ചുവന്ന റോസാപ്പൂക്കൾ ഉള്ള രണ്ടു നില വീട്ടിലെ ചേച്ചി
മ്മ് അതേ.
കൊള്ളാലോ. ചേച്ചി നല്ല സെ ക്സി ആയിട്ടുണ്ടല്ലോ.. നൈറ്റ് ഡ്രസ്സ് ഒക്കെയിട്ട്, ആഹാ ഒന്നും ഇടാത്തതും ഉണ്ടല്ലോ? പൊളി.
എവിടുന്ന് കിട്ടിയെടി ഈ ഫോട്ടോ ഒക്കെ.
നിന്റെ വികാരം കൂട്ടാൻ ആ ചേച്ചി പറഞ്ഞു തന്ന ടിപ്സ് വല്ലതുമാണോ,?
എനിക്ക് അതിനു അവരെ പരിചയമില്ല സൂസൻ, ഇതെനിക്ക് സുധിയുടെ വാട്സ്ആപ്പിൽ നിന്നും കിട്ടിയതാണ്.
അതുകേട്ടു സംശയത്തോടെ സൂസൻ ചോദിച്ചു മിനി അവരുടെ ഫോട്ടോസ് എങ്ങനെ സുധിയുടെ കയ്യിൽ?
വല്ല ഗ്രൂപ്പിൽ നിന്നും ലീക്കായി വന്നതാണോ?
അവളുടെ ആധി പിടിച്ചുള്ള ചോദ്യം കേട്ട് നേർത്തൊരു ചിരിയോടെ മിനി മറുപടി കൊടുത്തു.
അങ്ങനെ ഒന്നുമല്ല സൂസൻ. സുധിക്കായി മാത്രം അവർ അയച്ചുകൊടുത്തതാണ്.
മിനി.. നീ കാര്യായി ആണോ പറയുന്നത്?
യെസ്.
എന്നിട്ട് നീ എങ്ങനെ ഇത്ര കൂളായി സംസാരിക്കുന്നു.
ഇന്നലെ രാത്രി അവിചാരിതമായി ഫോൺ കയ്യിൽ കിട്ടിയപ്പോൾ വെറുതെ എടുത്തു നോക്കിയതതാണ്. തൊട്ട് മുമ്പ് വന്ന ഫോട്ടോസ് ആണ്. പിന്നെയും കാണാൻ വേണ്ടി ആവും സുധി അത് ഡിലീറ്റ് ചെയ്തിരുന്നില്ല. അപ്പോൾ തന്നെ ഞാൻ അത് എന്റെ ഫോണിലേക്ക് സെൻഡ് ചെയ്തു.
ഒന്നും അറിയാത്ത പോലെ ഫോൺ തിരിച്ചു വെച്ചു.
കർത്താവെ ഞാൻ ആയിരുന്നെങ്കിൽ ആ സെക്കൻഡിൽ കൊന്നേനെ?
ചുമ്മാ ആണ് സൂസൻ. നമ്മൾ ഒക്കെ അങ്ങനെ കുറെ ചിന്തിച്ചു വെക്കും. സ്വന്തം ജീവിതത്തിൽ ഇതുപോലെ എന്തെങ്കിലും സംഭവിച്ചാൽ കൊടുങ്കാറ്റാവും, ആഞ്ഞടിക്കും. ഇല്ലെങ്കി തീയായി എരിച്ചുകളയും.
ഒന്നുമില്ല ദാ ഇതുപോലെ നിസ്സഹായായി നിൽക്കാനേ പറ്റു.
അത് ശരിയാണ് മക്കളെ ഓർക്കുമ്പോൾ അല്ലേടി?
ചുമ്മാ സിനിമ ഡയലോഗ് ആണ് സൂസൻ മക്കളെ ഓർക്കുമ്പോൾ എന്നൊക്കെ പറയുന്നത്. നമ്മൾ ഇല്ലെങ്കിലും അവർ വളരും. നമ്മൾ നമ്മളെ പറ്റിയാണ് ആദ്യം ചിന്തിക്കുക. നമ്മുടെ സർവസ്വവും ആയിരുന്നതാണ് കൈവിട്ടുപോയത്.
എല്ലാം ഇട്ടെറിഞ്ഞു പോകാം എന്നുകരുതിയാൽ പോകാൻ ഇടമോ സ്വീകരിക്കാൻ ആളോ ഇല്ല.
അതാണ് വാസ്തവം.
മിനി നീ എങ്ങനെ ഇങ്ങനെ ഒക്കെ സംസാരിക്കുന്നു നിനക്ക് ഒന്ന് കരഞ്ഞുകൂടേ?
എന്തിനു? ആർക്കു വേണ്ടി?
അപ്പോഴേക്കും മിനിയുടെ കയ്യിലിരുന്ന മൊബൈൽ റിംഗ് ചെയ്തു.
ഫോണിലെ ആളോട് മിനി ഇത്രമാത്രം പറഞ്ഞു.
ഞാൻ പറഞ്ഞതിൽ ഒരു മാറ്റവുമില്ല. സുധി എനിക്ക് മുമ്പിൽ വന്നു ഡിലീറ്റ് ചെയ്യാൻ പറഞ്ഞാൽ ആ നിമിഷം ഞാൻ ഇത് ഡിലീറ്റ് ചെയ്യും ഇല്ലെങ്കിൽ അമേരിക്കയിലുള്ള നിങ്ങടെ കെട്യോനും മൂത്തമോനും മമ്മിയുടെ ഹോ ട്ട് ഫോട്ടോസ് കാണും. അതിലൊരു മാറ്റവുമില്ല. ഞാൻ ബീച്ചിലുണ്ട്. പത്തു മിനിറ്റിനുള്ളിൽ സുധി ഇവിടെ വന്നേ പറ്റു.
അത്രയും പറഞ്ഞവൾ ഫോൺ കട്ടാക്കി.
മിനി അത് അവരാണോ?
അതേ സൂസൻ അയാൾ വരട്ടെ.
ഏതാനും മിനുറ്റുകൾക്കകം മിനിക്ക് മുമ്പിൽ തലകുനിച്ചു നിൽക്കുന്ന സുധിയെ സൂസൻ ദൂരെ മാറി നിന്നു കണ്ടു. കുറച്ചു നേരത്തിനു ശേഷം അയാൾ തിരിഞ്ഞു നടക്കുമ്പോൾ കനൽ പോലെ കത്തുന്ന അവളുടെ മുഖവും.
അവരെന്തൊക്കെയാവും സംസാരിച്ചിട്ടുണ്ടാവുക എന്ന് അവൾക്കു നന്നായി അറിയാം കാരണം അവളും ഒരു ഭാര്യ ആണല്ലോ?
മിനിയോട് അവൾക്കു ബഹുമാനം തോന്നി നിനച്ചിരിക്കാതെ വന്ന ചുഴിയിൽ മുങ്ങിപോകാതെ നീന്തി കരയ്ക്കടുത്തതിന്.
ഉച്ചവെയില് മങ്ങി തണലും തണുത്ത കാറ്റും കൂട്ട് വന്നപ്പോൾ സൂസന്റെ മടിയിൽ തല ചായ്ച്ചു മിനി കിടന്നു. കണ്ണീരു വറ്റി ഒരു മഴ പോലെ തോർന്നു തീർന്നപ്പോൾ അവൾ സൂസനോട് ചോദിച്ചു.
സൂസൻ വിവാഹം എന്നൊരു ഉടമ്പടിയുടെ കാലമൊക്കെ കഴിഞ്ഞു അല്ലേടാ. സമൂഹത്തെ പേടിച്ചു മാത്രം പങ്കാളിയുമായി പൊരുത്തപ്പെട്ടു ജീവിക്കുന്ന അസംതൃപ്തർ. ഒരിക്കലും പൂർത്തിയാകാത്ത അവരുടെ ദാമ്പത്യം. അതിലൊന്നും ഒരു കഴമ്പും ഇല്ലടാ..
വിശ്വസ്തത പുലർത്താൻ കഴിയുന്നില്ലെങ്കിൽ അത് തുറന്നു പറയാനുള്ള അടുപ്പം പോലുമില്ലാത്ത രണ്ടു ആൾക്കാർ ആരെയോ പേടിച്ചു ഒരുമിച്ചു ജീവിക്കുന്നു… അതൊക്കെ അല്ലേ സത്യം.
മിനി… നീ ആ കടലിലേക്ക് നോക്കിയേ അതിന്റെ ആഴം അളക്കാൻ പറ്റുമോ. ആകാശത്തിന്റെ അതിർ കാണാൻ പറ്റുമോ? ചിലതൊക്കെ അങ്ങനെ ആണ്. ഒരിക്കലും ഉത്തരം കിട്ടാത്തവ.
അതും പറഞ്ഞവൾ മിനിയുടെ മുടിയിൽ തഴുകുമ്പോൾ ആഴിയിൽ താഴുന്ന സൂര്യന്റെ കിരണങ്ങൾ അവരുടെ കവിളുകളെ ചുവപ്പിച്ചു.സൂര്യൻ മറയുന്നതും നോക്കി അവരവിടെ ഇരുന്നു വികാരമില്ലാത്ത ആ രണ്ട് പെണ്ണുങ്ങൾ ..