അല്ല മോളെ… ഇപ്പോൾ ഇങ്ങനെ തൊടുമ്പോഴേക്കും അസുഖം പകരില്ലേ…അവിടെ ഒരു മോളോട് ഇതൊന്ന് എണ്ണി തരാമോന്ന് ചോദിച്ചപ്പോൾ…

ഒരു നറുചിരി ~ രചന: സീതാ കൃഷ്ണ

ജീവിക്കാൻ വേണ്ടിയുള്ള ഓട്ടപാച്ചിലിനിടയിൽ ചുറ്റുമുള്ളതൊന്നും അറിയാത്തവരാണ് നമ്മളോരോരുത്തരും….അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ കണ്ണടച്ച് ഇരുട്ടാക്കുന്നവർ… ആ ഇരുട്ടിൻ്റെ ലോകം തൻ്റെ മാത്രം വെളിച്ചമാക്കാൻ മിടുക്ക് കാട്ടുന്നവർ….

ഞാനും അങ്ങനൊരു ഓട്ട പാച്ചിലിനിടയിലാണ് ആ അമ്മയെ കണ്ടത്….

ദുരിതങ്ങളുടെ കൊറോണ സമയത്ത് പണമെടുക്കാനായി ബാങ്കിന് സമീപമുള്ള ATM കൗണ്ടറിന് മുന്നിൽ മാസ്ക്കും ധരിച്ച് സാമൂഹിക അകലവും പാലിച്ച് നിൽക്കുന്ന സമയം….കണ്ണുകൾ വട്ടം ചുറ്റി എനിക്ക് ചുറ്റും ഒന്ന് പരതി നോക്കി. കണ്ണിന് കൗതുകകരമായ എന്തെങ്കിലും കണ്ടെത്താനായി… സോറി വായ്നോട്ടം അല്ല കവി ഉദേശിച്ചത്…മുന്നിലുള്ളവർ അക്ഷമയോടെ കൗണ്ടറിലേക്ക് നോക്കുന്നുണ്ട്… ബാങ്കിനു മുന്നിലും ക്യൂ ഉണ്ട്…പരിചിത മുഖങ്ങൾ ഉണ്ടോ എന്നാണ് ആദ്യം നോക്കിയത് ….അതില്ലെന്ന് കണ്ടതും അവിടെ പാർക്ക് ചെയ്ത വണ്ടികളിലേക്ക് നോക്കി…വണ്ടി ഭ്രാന്തി ആണോ എന്ന് ചോദിക്കണ്ട… അതല്ല… വണ്ടികളിൽ പതിച്ചിരിക്കുന്ന സ്റ്റിക്കർ മാത്രമാണ് മ്മടെ നോട്ടം….

പരിചയത്തോടെ നോക്കുന്ന വല്ല മുഖങ്ങളും ഉണ്ടോന്ന് നോക്കി … അതും ഇല്ല… എല്ലാവരും ഫോണിലേക്ക് തലയും പൂഴ്ത്തി നില്പാണ്…അപ്പോഴാണ് ഒരു പ്രായം ചെന്ന അമ്മ ബാങ്കിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ടത്… നേര്യതിൻ്റെ തുമ്പു കൊണ്ട് മുഖം തുടച്ച് പതുക്കെയാണ് നടക്കുന്നത് … എന്തോ ആ അമ്മയെ തന്നെ നോക്കി നിന്നു.. പഞ്ഞിക്കെട്ട് പോലെ വെളുത്ത മുടി കാണാൻ തന്നെ ഒരു ചേല്….മാസ്ക്ക് ഉള്ളത് കൊണ്ട് മുഖം കാണില്ല… പക്ഷെ ആ കണ്ണുകൾ വെള്ളാരം കണ്ണുകൾ… അത് നിറഞ്ഞിട്ടുണ്ടോ… അതോ എൻ്റെ തോന്നലാണോ….ആ അമ്മ പകപ്പോടെ ചുറ്റും നോക്കി … എന്നേയും നോക്കി…ഒരു കുഞ്ഞുകുട്ടിയുടെ പകപ്പായിട്ടാണ് എനിക്ക് തോന്നിയത്…ഞാൻ ആ അമ്മയെ നോക്കി ചിരിച്ചു… പിന്നെയാണ് ആലോചിച്ചത് … ഞാൻ ചിരിച്ചത് ആ അമ്മ കാണില്ലല്ലോ എന്ന്.. എങ്കിലും അവരെ തന്നെ നോക്കി നിന്നു…മടിച്ചു മടിച്ച് അവർ എൻ്റെ അരികിൽ വന്നു…

മോളെ….

ആ…

കൈയ്യിൽ ചുരുട്ടി പിടിച്ചിരുന്ന നോട്ടുകൾ എൻ്റെ നേരെ നീട്ടി…

മോളെ ഇതൊന്ന് എണ്ണി നോക്കോ…. മൂവായിരം ഉണ്ടോന്ന്… പുതിയ നോട്ടുകൾ ആയോണ്ട് എത്ര രൂപേടെ നോട്ടാണെന്ന് അറിഞ്ഞൂടാ…. കാഴ്ച്ച ഇത്തിരി കൊറവാ മോളെ…

ഞാൻ സമ്മതത്തോടെ പൈസ വാങ്ങി എണ്ണി.. മൂവായിരം രൂപ… മൊത്തം നൂറിൻ്റെയും അമ്പതിൻ്റേയും നോട്ടുകൾ… എണ്ണി നോക്കി തിരിച്ച് ആ അമ്മയ്ക്ക് നേരെ നീട്ടി…

മൂവായിരം ഉണ്ട് അമ്മേ…

മോളെ അതിൽ നിന്ന് ഇരുന്നൂറ് രൂപ എടുത്ത് താ…ഞാൻ അതെടുത്ത് അമ്മയ്ക്ക് കൊടുത്തു.. ബാക്കിയുള്ളത് അവർ കാണിച്ചു തന്ന ചുളിവ് വീണ കവറിലേക്ക് വച്ച് കൊടുത്തു….

നന്ദിയോടെ ആ അമ്മ എന്നെ നോക്കി….

മോൾക്ക് പേടിയില്ലേ….

ആ അമ്മ എന്നോടങ്ങനെ ചോദിച്ചപ്പോൾ ഞെട്ടിപ്പോയി….

പേടിയോ…. എന്തിന്….

അല്ല മോളെ… ഇപ്പോൾ ഇങ്ങനെ തൊടുമ്പോഴേക്കും അസുഖം പകരില്ലേ…അവിടെ ഒരു മോളോട് ഇതൊന്ന് എണ്ണി തരാമോന്ന് ചോദിച്ചപ്പോൾ എന്നോട് തട്ടിക്കയറി…. എണ്ണാനറിയില്ലേൽ വീട്ടിൽ നിന്ന് ആരെയെങ്കിലും കൊണ്ടുവരാൻ….ഞാൻ പേടിച്ചു പോയി… പിന്നെ ആരോടും ചോദിച്ചില്ല….

പറയുമ്പോഴേക്കും ആ കണ്ണുകൾ നിറഞ്ഞ് തുടങ്ങിയിരുന്നു….

ഏയ്… അതൊന്നും സാരമില്ലമ്മേ…അമ്മ വീട്ടിൽ ചെന്ന് കൈ കഴുകണംട്ടോ….

തലയാട്ടി കൊണ്ട് ആ അമ്മ തിരിഞ്ഞ് നടന്നു…

എന്തോ ആ അമ്മ നടന്ന് പോകുന്നത് കണ്ടപ്പോൾ ഒരു സങ്കടം… എന്തിനാണ് ആ സ്ത്രീ ആ അമ്മയെ വഴക്ക് പറഞ്ഞത്… ഒരു കൈ കഴുകൽ കൊണ്ട് തീർക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ.. പക്ഷെ എത്ര കഴുകിയാലും മായ്ക്കാൻ കഴിയാത്ത ഒരു വേദന ആ അമ്മ മനസിന് ഉണ്ടാക്കി കൊടുത്തതെന്തിനാണ്…

നമുക്ക് ചുറ്റും നാമറിയാത്ത ഒരു ലോകമുണ്ട്… സന്തോഷങ്ങൾക്കും…സൗന്ദര്യങ്ങൾക്കും യൗവനത്തിനും അപ്പുറം ഒരു ലോകം… വാർദ്ധക്യം….അതൊരു അവസ്ഥയാണ് മനസ്സ് കൊണ്ട് വീണ്ടും കുഞ്ഞായിപ്പോകുന്ന അവസ്ഥ… അങ്ങനെ ഒരവസ്ഥയിൽ അവരും കുഞ്ഞുങ്ങളെ പോലെയാണ്…. ചെറിയ സങ്കടങ്ങൾ പോലും അവരുടെ മനസിൽ വലിയ മുറിവുകളുണ്ടാക്കിയേക്കാം….ഒന്നും വേണ്ട … കുഞ്ഞുങ്ങളെ കാണുമ്പോൾ നമ്മുടെ ചുണ്ടിൽ തെളിയുന്ന ഒരു ചിരിയില്ലേ…. അതുപോലെ ഒന്ന് ഇവർക്കും കൊടുത്താൽ മതി… ചെറിയ കാര്യങ്ങളിൽ വലിയ സന്തോഷം കണ്ടെത്തുന്ന അവസ്ഥയാണ് ബാല്യവും..വർദ്ധക്യവും… അവർക്കായി ഒരു ചിരി അത് മാത്രം മതി…

എനിക്കറിയാം എൻ്റെ മുഖത്ത് കണ്ട പുഞ്ചിരി കാരണമാണ് ആ അമ്മ എൻ്റെ അരികിലേക്ക് വന്നതെന്ന്…മാസ്ക്ക് വച്ചാൽ എങ്ങനെ ചിരി അറിയാമെന്നല്ലേ …അറിയാം ചിരി ചുണ്ടിൽ മാത്രം അല്ല… മനസ്സ് നിറഞ്ഞാണ് ചിരിക്കുന്നതെങ്കിൽ നമ്മുടെ കണ്ണുകളും ചിരിക്കും…. മറ്റുള്ളവരുടെ മനസ് നിറയ്ക്കാൻ ആ ഒരു ചിരിക്ക് കഴിയുമെങ്കിൽ നമ്മുക്ക് ചിരിച്ചു കൂടെ… കളങ്കമില്ലാത്ത…. കാപട്യം ഇല്ലാത്ത… ചിരി…