വേർപാട് ~ രചന: താമര
ആശുപത്രിയുടെ വരാന്തയിൽ എല്ലാം നഷ്ടപ്പെട്ടു ഇരിക്കുമ്പോൾ അലറിവിളിക്കാൻ തോന്നി. തൊണ്ടക്കുഴിയിൽ എന്തോ ഇരുന്നു വിങ്ങും പോലെ ശബ്ദം പുറത്തു വരുന്നില്ല.
എന്നെ കടന്നു പോകുന്നവരുടെ സഹതാപത്തോടെ ഉള്ള നോട്ടം ഞാൻ നോക്കാതെ തന്നെ എനിക്ക് അറിയാൻ പറ്റുന്നു…. എന്നെ ചുറ്റി പിടിച്ചിരുന്ന മാമിയുടെ കൈകൾ ഇടയ്ക്ക് ആശ്വസിപ്പിക്കാൻ എന്ന പോലെ മുറുകുന്നുണ്ട്….മാമി ആരോടൊക്കെയോ എന്താ പറ്റിയത് എന്നതിന് ഉത്തരവും പറയുന്നുണ്ടാരുന്നു….. ഒരു നിമിഷം കൊണ്ടു എല്ലാം നഷ്ടപ്പെട്ടു….സന്തോഷങ്ങൾ, ജീവിതത്തിലേ വർണങ്ങൾ എല്ലാം അസ്തമിച്ചു….
അമ്മ….. അമ്മ തന്നെയായിരുന്നു എല്ലാത്തിന്റെയും തുടക്കവും…. ഒടുക്കവും….
ആ വസന്തം പടിയിറങ്ങിയപ്പോൾ എല്ലാ വർണ്ണവും അവസാനിച്ചു…..ആരൊക്കയോ പിടിച്ചു കാറിൽ കയറ്റുന്നുണ്ട്…. എന്റെ നോട്ടം കണ്ടിട്ടാവണം… മുന്നിലുള്ള ആംബുലൻസിൽ ആണ് എന്നു മാമി പറഞ്ഞത്….
എന്റെ മുന്നിൽ ഒന്നും അറിയാതെ അമ്മ…. അപ്പോളും ഞാൻ അമ്മയ്ക്ക് പിറകിലാണ്…. എന്നത്തേയും പോലെ….. അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു എനിക്ക് ഉറക്കം വരുന്നു എന്നോടപ്പം വാ അമ്മേ എന്നു പറഞ്ഞു കരയുന്ന ഒരു ഏഴു വയസുകാരി…വയസുകൾ കാലചക്രത്തിൽ ഒഴുകിപ്പോയെങ്കിലും ഞാൻ എന്നും അങ്ങനെ ആയിരുന്നു… അമ്മയുടെ സാരിതുമ്പായിരുന്നു എന്റെ ലോകം…. സാരിയുടെ വിടവുകൾക്കു ഇടയിലൂടെ ഇടുപ്പിൽ ഇക്കിളിയാകുമ്പോ…തുടിപ്പ്മായി അടിക്കാൻ ഓടിക്കുമ്പോൾ, ചിരകിയ തേങ്ങ വാരുമ്പോൾ ഒക്കെ.. ഈ പെണ്ണ് വളർന്നിട്ടും ഒരു മാറ്റവും ഇല്ല എന്ന പരിഭവത്തിൽ സന്തോഷം ആയിരുന്നു നിറഞ്ഞു നിന്നത് അമ്മയുടെ സന്തോഷം…..
വീട്ടിലേക്കു കേറാനുള്ള ഇട വഴിയിൽ വണ്ടി നിർത്തുമ്പോൾ തന്നെ ആരുടയോക്കയോ കരച്ചിൽ കേൾക്കുന്നുണ്ട്……. ഞാൻ കരയുന്നുണ്ടോ….അറിയാൻ പറ്റുന്നില്ല എനിക്ക്…ആരൊക്കയോ എന്നെ പിടിക്കുന്നുണ്ട്…വീടിന്റെ ഗേറ്റ് കടക്കുമ്പോൾ ഏട്ടൻ വന്നു എന്നെ ചേർത്ത് പിടിച്ചു…. ഉമ്മറത്ത് അമ്മയെ കിടത്തിയിരിക്കുന്നു… ഇല്ല അങ്ങോട്ട് പോകാനുള്ള ശക്തി ഇല്ല… കാലുകൾക്കു ബലം പോര….. വാതിൽ കടന്നതും ഞാൻ പിറകിലോട്ട് മാറിക്കൊണ്ടിരുന്നു….വീണു പോകും ചിലപ്പോൾ…. ഏട്ടൻ മുന്നോട്ട് കൊണ്ടു പോകാൻ ശ്രമിക്കുന്നുണ്ട്….വേണ്ട എന്നു പറയണം എന്നുണ്ട് പക്ഷെ നാവു ചലിക്കുന്നില്ല…… ഞാൻ അങ്ങോട്ടേക്ക് പോകാത്തത് കൊണ്ടാകണം കുഞ്ഞമ്മമാരും ചേച്ചിമാരും എന്നെ അങ്ങോട്ട് കൊണ്ടു പോകാൻ ശ്രമിക്കുന്നുണ്ട്….. ആരോ പറയുന്നത് കേട്ടു…അതൊരു ചടങ്ങാണത്രെ അമ്മയുടെ അരികെ മകൾ ചെന്നു കിടക്കണം എന്നു…..
എനിക്ക് കാണണ്ട….. ഇങ്ങനെ അമ്മയെ കാണണ്ട…. അത്രയും എങ്ങനെയോ പറഞ്ഞു…. ആരും അതിനു സമ്മതിക്കുന്നില്ല…. ചടങ്ങുകൾ തെറ്റിക്കാൻ പാടില്ലത്രേ….. അപ്പോളും ഏട്ടൻ ചേർത്ത് പിടിച്ചിരുന്നു….. വേണ്ട അവളെ ഒന്നിനും നിര്ബന്ധിക്കണ്ട…. അതും പറഞ്ഞു ഏട്ടൻ എന്നെ മുറിയിൽ കൊണ്ടു പൊയി കിടത്തി…..അച്ഛൻ…… അച്ഛൻ ഇണ്ടാരുന്നു അവിടെ….. ഇതുവരെ ഞാൻ എന്തെ അച്ഛനെ അന്വഷിച്ചില്ല.. … ആവോ അറിയില്ല… അമ്മ മാത്രേ ഇണ്ടാരുന്നുള്ളു മനസ്സിൽ.തന്റെ നല്ല പാതിയുടെ നഷ്ടം താങ്ങാൻ കഴിയാതെ ആ പാവം ഇരിപ്പുണ്ട്… .
അച്ഛനെ ഒന്നു നോക്കി കരയുവാണോ…. ഇല്ല…. ആണുങ്ങൾ കരയാൻ പാടില്ലല്ലോ….. അച്ഛന്റെ മടിയിൽ….. തലചേർത്തു കിടന്നു….. ഒന്നും മിണ്ടാതെ ആ കൈകൾ എന്റെ മുടിയിൽ തഴുകുന്നുണ്ട്…. പാവം ഒരു ആയുസിന്റെ പകുതി തന്നോട് ചേർന്നു നിന്നവൾ ഇനി ഇല്ലന്നറിയുമ്പോൾ എങ്ങനെ ആവും സഹിക്കുക…. അറിയില്ല…. അമ്മയും അച്ഛനും ആയിരുന്നു എന്റെ ലോകം…കുറുമ്പ് കാട്ടി ഓടുമ്പോൾ… അമ്മയുടെ അടിയിൽ നിന്നും രക്ഷിക്കുന്നത് അച്ഛൻ ആയിരുന്നു….
എത്ര നേരം അങ്ങനെ കിടന്നു എന്നറിയില്ല…അമ്മയായിരുന്നു മനസിൽ…. അവിടെ വേറെ ഒന്നും ഇല്ല… ഒന്നും…. . ആരൊക്കയോ അരികിലേക്ക് വരുന്നുണ്ട് കണ്ണ് എല്ലാരേയും… കാണുന്നുണ്ട് പക്ഷെ മനസ്സ് ആരെയും കാണുന്നുണ്ടാരുന്നില്ല….. അമ്മയെ കുളിപ്പിക്കണം… മകളാണ് ആദ്യം വെള്ളം ഒഴിക്കേണ്ടത്…. ആരോ പറയുന്നു…. ഇല്ല…. ഞാൻ ഇല്ല… എനിക്ക് പറ്റില്ല…. മനസ്സ് ഉറക്കെ ഉച്ചത്തിൽ ഇല്ലന്ന് അലറുന്നുണ്ട്…. ശബ്ദം പുറത്തു വരുന്നില്ല…കണ്ണീരു വരുന്നുണ്ടോ… അതും അറിയില്ല…. . ബലപ്രയോഗങ്ങൾക്കു ഇടയിലും കീഴടങ്ങുന്നില്ലന്നു കണ്ടിട്ടാകണം ആ ശ്രമം അവിടെ ഉപേക്ഷിക്കപ്പെട്ടു…..
എടുക്കാറായി ആരുടയോക്കയോ വാക്കുകൾ ചെവിയിൽ ഈയം ഉരുക്കി ഒഴിച്ചപോലെ തുളച്ചു കേറി….. എതിർപ്പുകളെ അവഗണിച്ചു കൊണ്ടു ആരൊക്കയോ പിടിച്ചു അമ്മയ്യ്ക്കടുത്തു കൊണ്ടു പോയി…..
കരച്ചിലിന്റെ അലയടികൾ…. ചെവികളിൽ മുഴങ്ങുന്നു…… സാമ്പ്രാണിയുടെ ഗന്ധം മരണത്തെ ഓർമിപ്പിച്ചു കൊണ്ടു വായുവിൽ അലഞ്ഞു നടന്നു….രാമായണത്തിന്റെ ഈരടികൾ ആരോ ചൊല്ലുന്നുണ്ട്… ചടങ്ങുകൾ തുടങ്ങി…. വായ്ക്കിരി ഇടണമത്രേ…അമ്മയുടെ വായിലോട്ടു എള്ളും അരിയും പൂവും ചേർത്ത് കൊടുക്കുമ്പോൾ… അമ്മ തരാറുള്ള ഉരുളകളുടെ സ്വാദ് ആയിരുന്നു മനസ്സിൽ… അമ്മയെ വലം വെക്കുമ്പോൾ ഒക്കെയും ഏട്ടന്റെ കൈയിൽ ആയിരുന്നു ഞാൻ….
എല്ലാം കഴിഞ്ഞു എടുക്കാറായി…. ആരോ പറയുന്നുണ്ട്…. ആ കൊച്ചിനോട് ഉറക്കെ രണ്ടു വിളി വിളിക്കാൻ പറയു….. ഉറക്കെ വിളിക്കു മോളെന്നൊക്കെ ഉള്ള ശബ്ദങ്ങൾ… എനിക്കും ആഗ്രഹം ഇണ്ട് ഒന്നുറക്കെ കരയാൻ… പക്ഷെ പറ്റുന്നില്ല….മുറവിളികൾ വരെ ആചാരങ്ങളാണോ എന്നുറക്കെ ചോദിക്കാൻ തോന്നിപോയി…ന്റെ അമ്മയല്ലേ…. ന്റെ എല്ലാം അല്ലെ…. നിലവിളിച്ചാലേ സ്നേഹം ഉള്ളുന്നുള്ളോ…. ഞാനും ആലോചിച്ചു എന്താ ഞാനുറക്കെ കരയഞ്ഞേ…അവരോടൊക്കെ ഉറക്കെ പറയണമ് എന്നുണ്ടാരുന്നു എന്റെ ശബ്ദവും സന്തോഷവും എല്ലാം കൊണ്ടാണ് അമ്മ പോയതെന്ന്…. എല്ലാം നഷ്ടമായവൾക്കു നിലവിളിയും നഷ്ടമായിട്ടുണ്ടാകാമെന്നു..
കൈകൾ കാൽമുട്ടുകളിൽ കൂട്ടിപ്പിടിച്ചു തല അതിലോട്ടു ചേർത്ത് വച്ചു….. ഇനി ഒന്നും കാണാൻ ഇല്ലാത്ത പോലെ…. അപ്പോളും ആരുടയോക്കയോ മുറുമുറുപ്പുകൾ അവിടെ മുഴങ്ങുന്നുണ്ട്… ഇതു എന്തോന്ന് കൊച്ചു അതിനൊന്നു കരഞ്ഞൂടെ ഒന്നുമില്ലെങ്കിലും അതിന്റെ അമ്മയല്ലേ …..
നമുക്ക് ചുറ്റും അഭിപ്രായം പറയുന്നവർ തിരിച്ചറിയാതെ പോകുന്ന ഒന്നുണ്ട്. എല്ലാം നഷ്ടപെട്ടവർക്കൊരിക്കലും അഭിനയിക്കാൻ കഴിയില്ല അവരുടെ നഷ്ടങ്ങൾ ആരെയും ബോധ്യപ്പെടുത്താനും ആകില്ല…. വേർപാടിൽ പകച്ചു പോകുമ്പോൾ കാലിടറി വീഴുമ്പോൾ അഭിപ്രായങ്ങളെക്കാൾ ഒരു കൈത്താങ്ങോ ചേർത്തു പിടിക്കലോ ആകും അവര് പ്രതീക്ഷിക്കുക…