കാത്തിരിപ്പ് ~ രചന: സീതാ കൃഷ്ണ
ഇന്നാണ് ഉണ്ണിയേട്ടൻ വരുന്ന ദിവസം… രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ലീവിന് വരികയാണ്… ഉണ്ണിയേട്ടന് ഇഷ്ടമുള്ളതെല്ലാം ഒരുക്കി വയക്കണം… അതിനുള്ള തത്രപ്പാടിലാണ് ഞാൻ .. ഒരു കൈ സഹായത്തിന് അമ്മയുണ്ടെങ്കിലും എല്ലാം തനിയെ ചെയ്യണം…. താൻ വിളമ്പുന്ന ഭക്ഷണത്തോടൊപ്പം ആ മനസ്സും നിറയണം എന്ന ആഗ്രഹം….
വിവാഹം കഴിഞ്ഞിട്ട് പത്തുവർഷമായി… അതിനിടയിൽ ഒരുമിച്ച് കഴിഞ്ഞിട്ടുള്ളത് ചുരുക്കം ചില മാസങ്ങൾ മാത്രം… അച്ഛന്റെയും അമ്മയുടേയും ഉണ്ണിയേട്ടന്റെയും ഈ ചെറിയ ലോകത്തിലേയ്ക്ക് കൈപ്പിടിച്ചു കയറി വരുമ്പോൾ ഭയമായിരുന്നു എല്ലാത്തിനോടും…. പിന്നെ പതുക്കെ അത് മാറി… ഉണ്ണിയേട്ടൻ മാറ്റിയെടുത്തു എന്ന് പറയുന്നതായിരിക്കും ശരി…. ഒരു വർഷം കഴിയുന്നതിന് മുൻപ് തന്നെ എനിക്കൊരു സുന്ദരിക്കുട്ടിയെ കൂട്ടായി തന്ന് ഉണ്ണിയേട്ടൻ ഗൾഫിലേക്ക് പോയി…. മരുമകളെ ഒരിക്കലും മകളായി കാണാൻ എന്തോ അച്ഛനും അമ്മയ്ക്കും കഴിഞ്ഞിരുന്നില്ല… ചെറിയ ചെറിയ വഴക്കുകളായി അത് പുറത്തേക്കു വന്നുകൊണ്ടിരുന്നു…. ഏട്ടന്റെ ഫോൺ വിളികളായിരുന്നു അപ്പോഴെല്ലാം ആശ്വാസം…. എന്റെ സങ്കടങ്ങളും പരിഭവങ്ങളും ഞാൻ ഏട്ടനോടുപറയുമ്പോഴും എന്റെ മനസ്സിൽ ഒരു വിങ്ങലുണ്ട്…. ഏട്ടന്റെ മനസ്സിലെ സങ്കടങ്ങൾ ആരോടു പറഞ്ഞു തീർക്കും എന്ന്… എന്റെയും വീട്ടുകാരുടെയും ഇടയിൽ നിന്നു ആ പാവം ഉരുകുന്നതും ഞാൻ അറിഞ്ഞു…. എല്ലാം ഉള്ളിലൊതുക്കണമെന്നു വിചാരിച്ചാലും ആ സ്വരം കേൾക്കുമ്പോൾ എന്റെ സങ്കടങ്ങളുടെ അണപൊട്ടി ആ ഹൃദയത്തിലേക്ക് ചെന്നു ചേരും…..
പിന്നെ രണ്ടു വർഷത്തിന് ശേഷം ലീവിന് വന്നപ്പോൾ എനിക്കൊരു മോനെ കൂടി തന്നു കൂട്ടായിട്ടു…. എന്റെ ഡെലിവറി കഴിഞ്ഞു മോനെ കണ്ടിട്ടാണ് തിരിച്ചു പോയത്…. പിന്നെയും രണ്ടു മൂന്ന് പ്രാവശ്യം വന്നു പോയി…
മക്കൾ രണ്ടാളും സ്കൂളിൽ പോയി തുടങ്ങി…. ഇപ്പോൾ എല്ലാത്തിനോടും പൊരുത്തപ്പെട്ടു…. പക്വത ഇല്ലാത്ത ആ പഴയ തൊട്ടാവാടിയിൽ നിന്നു ഇന്ന് വളരെ പക്വത ഉള്ള ഒരു ഭാര്യയായി…. അമ്മയായി…. മരുമകളായി…. എല്ലാം ഒറ്റയ്ക്ക് ചെയ്യാനുള്ള പ്രാപ്തിയായി…. അതിനു എന്നെ പ്രാപ്തയാക്കിയതും ഉണ്ണിയേട്ടനാണ്……. ഞാൻ ഇല്ലെങ്കിലും ആരെയും ആശ്രയിക്കാതെ എല്ലാം നീ തനിയെ ചെയ്യണമെന്ന് എന്നെ പഠിപ്പിച്ചത് ഏട്ടനാണ്….വീട്ടിലെ കാര്യമായാലും മക്കളുടെ കാര്യമായാലും എല്ലാം ഞാൻ തനിയെ ചെയ്യാൻ ശീലിച്ചു….കാരണം ഞാൻ ഒരു പ്രവാസിയുടെ ഭാര്യയാണ്…. അതുകൊണ്ട്….
പക്ഷെ അവളുടെ മനസ്സ് മാത്രം ആരും കാണാറില്ല… എല്ലാവരും പറയും… ആ അവൾക്കെന്താ അവൻ അയക്കുന്ന കാശുകൊണ്ട് സുഖിച്ചു കഴിയുകയല്ലേ….എന്തിനു അച്ഛനും അമ്മയും വരെ പറയും… എന്റെ മകൻ അയക്കുന്ന കാശു കൊണ്ട് തിന്നു സുഖിച്ചു കഴിയുകയാണ്.. വല്ലതും അവൾക്ക് അറിയണോ…. ശരിയാണ് പണത്തിന്റെ തുലാസിൽ അളക്കുമ്പോൾ ഞാൻ ഭാഗ്യവതിയാണ്….പക്ഷെ അവൾക്കൊരു മനസ്സുണ്ടെന്നു….. ആരും അത് കാണാറില്ല…സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള മനസ്സ്…. മക്കൾക്ക് ഒരസുഖം വന്നാൽ താങ്ങാൻ ഒരു കൈ ഇല്ലാതെ അവൾ ഉരുകുന്നത് ആരും അറിയാറില്ല…. വയ്യാതാകുമ്പോൾ ചേർത്ത് പിടിച്ചു സാരമില്ല…. ഞാനില്ലേ കൂടെ എന്ന് പറയുന്നത് കേൾക്കാൻ ഒരുപാട് കൊതിക്കാറുണ്ട്….. എല്ലാത്തിലും ഉപരി രാത്രികളെ വെറുത്തു പോകും….. തനിച്ചായി പോകുന്നു എന്ന് തോന്നിപോകും….ഒറ്റപ്പെടലിന്റെ വേദന കണ്ണീരിലൂടെ തലയിണകളെ കുതിർത്തു……
“കഴിഞ്ഞില്ലേ…. പോകാറായി…. നീ വരുന്നില്ലേ.. “
അമ്മയുടെ വാക്കുകൾ ആണ് ചിന്തയിൽ നിന്നു ഉണർത്തിയത്…
“കഴിഞ്ഞു അമ്മേ…. ഇപ്പോൾ റെഡിയാകാം… “
പെട്ടെന്ന് തന്നെ പണികളെല്ലാം തീർത്തു കുളിച്ചു റെഡി ആയി… പത്തുമണിക്ക് ഫ്ലൈറ്റ് എത്തും… അച്ഛനും അമ്മയും മക്കളും ഞാനും എയർപോർട്ടിലേയ്ക്ക് യാത്ര തിരിച്ചു…. മക്കൾ അച്ഛനെ കാണാനുള്ള തിടുക്കത്തിലായിരുന്നു…. ഒപ്പം അച്ഛൻ കൊണ്ട് വരുന്ന സമ്മാനം എന്തായിരിക്കും എന്നുള്ള ആകാംഷയും…. എന്റെ മനസ്സും തുടികൊട്ടുകയായിരുന്നു ആ മുഖമൊന്നു കാണാൻ… ആ കണ്ണിലെ സ്നേഹക്കടലിൽ മുങ്ങി താഴാൻ ഉള്ളം തുടിച്ചു….ഉണ്ണിയേട്ടനെ കാണാൻ എയർപോർട്ടിൽ എറൈവൽ ലോഞ്ചിൽ കണ്ണുംനട്ടു ഇരിക്കുമ്പോൾ ഉള്ളിൽ പറഞ്ഞറിയിക്കാനാവാത്ത വികാരം തലപൊക്കി… സന്തോഷവും സങ്കടവും പരിഭവവും അങ്ങിനെ ഏതൊക്കെയോ വികാരങ്ങൾ ഒന്നിച്ചു ചേർന്ന് ഒരു അവസ്ഥ…. ഒരു നിഴലാട്ടം കണ്ടപ്പോൾ തടഞ്ഞു വച്ചിരുന്ന കണ്ണുനീർ അറിയാതെ കുതിച്ചൊഴുകി…. പുഞ്ചിരിയോടെ അത് തുടച്ചു മാറ്റിക്കൊണ്ട് നോക്കുമ്പോൾ അരികിലെത്തിയിരുന്നു… മക്കളെ ഇരു കൈകൊണ്ടും വാരിയെടുത്തു നെഞ്ചോടു ചേർത്ത് ഉമ്മകൾ കൊണ്ട് മൂടി… അച്ഛനെയും അമ്മയെയും ചേർത്തു പിടിച്ചു… എല്ലാം നിറകണ്ണുകളോടെ നോക്കി നിന്ന എനിക്കായി ഒരു പുഞ്ചിരി മാത്രം നൽകി…മക്കളെ രണ്ടു കൈയിലും ചേർത്ത് പിടിച്ചു മുൻപിൽ നടന്നു.. പിന്നാലെ അച്ഛനും അമ്മയും… തിരിച്ചു വണ്ടിയിൽ കയറി.. രണ്ടാളും അച്ഛന്റെ മടിയിൽ കയറി ഇരുന്നു… എല്ലാവരും കയറി… ഞാനും കയറി ഏട്ടന്റെ അരികിൽ ഇരുന്നു… രണ്ടു വർഷങ്ങൾക്കു ശേഷം ആ സാമിപ്യം…. എനിക്കു മാത്രം സ്വന്തമായ ആ വിയർപ്പുമണം എല്ലാം ഒരു ആവേശത്തോടെ ഉള്ളിലേക്ക് ആവാഹിച്ചു….. ആരും കാണാതെ ആ കൈകളിൽ കൈകോർത്തു…. ഏട്ടൻ ഒന്ന് തിരിഞ്ഞു നോക്കി എന്റെ കൈകളിൽ ഒന്നമർത്തി…. അത് മാത്രം മതിയായിരുന്നു എനിക്കു സന്തോഷിക്കാൻ….
വീട്ടിലെത്തി ഞാൻ അടുക്കള തിരക്കിലേക്ക് ഊളിയിട്ടു…. ഏട്ടനും മക്കളും അച്ഛനും അമ്മയും എല്ലാം പെട്ടിപൊട്ടിക്കുന്ന തിരക്കിലായിരുന്നു…. എല്ലാവർക്കും എല്ലാം പങ്കുവെച്ചു നീക്കി വച്ചു… ഭക്ഷണം കഴിഞ്ഞു എല്ലാവരും വിശേഷം പറഞ്ഞിരുന്നു…. ഏട്ടനും മക്കളും കളിയിലാണ് ഞാനും ചെന്നു കുറച്ച് നേരം ഇരുന്നു… അപ്പോഴേയ്ക്കും അച്ഛന്റെയും അമ്മയുടെയും മുറുമുറുക്കലുകൾ കേട്ടപ്പോൾ പതിയെ അവിടെ നിന്നു എഴുന്നേറ്റു പോന്നു…വീണ്ടും പണിത്തിരക്കിലേക്കു…. ഇടയ്ക്ക് കണ്ണുകൾ കൊണ്ട് ഞാൻ പരിഭവം പറഞ്ഞു… അപ്പോഴെല്ലാം വാത്സല്യത്തോടെ സാരമില്ലെന്ന് കണ്ണടച്ച് കാണിച്ചു …. അത് എനിക്കു വലിയൊരു ആശ്വാസമായിരുന്നു….. എല്ലാം കഴിഞ്ഞു രാത്രിയിൽ കിടപ്പുമുറിയിൽ എത്തിയപ്പോൾ കണ്ടു അച്ഛന്റെ ഒപ്പം കിടക്കാൻ മത്സരിക്കുന്ന മക്കളെ…. അവസാനം രണ്ടു പേരെയും അപ്പുറവും ഇപ്പുറവും കിടത്തി…. ഞാൻ ഒരു പുഞ്ചിരിയോടെ അത് നോക്കി നിന്നു…. പിന്നെ കട്ടിലിന്റെ ഒരരികത്തായി കിടന്നു…. എപ്പോഴോ കണ്ണുകൾ അടഞ്ഞു പോയി…. ഉറക്കത്തിൽ ഒരു കൈ വന്നു വയറിനെ ചുറ്റിപിടിച്ചു…. അത് വരെ അടക്കി വച്ചിരുന്ന സങ്കടങ്ങളും പരിഭവങ്ങളും ആ നെഞ്ചിൽ കണ്ണീരായി പെയ്തൊഴിഞ്ഞു…. ആ നെഞ്ചിൽ തലചായ്ച്ചുറങ്ങുമ്പോൾ ഞാൻ അറിയുകയായിരുന്നു ഇതാണ് ഇതു മാത്രമാണ് എന്റെ സ്വർഗ്ഗമെന്നു… എന്നും ഈ നെഞ്ചിന്റെ താളം കേട്ടു ഉറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്….
യാത്രകളും വിരുന്നുകളുമായി ദിവസങ്ങൾ കടന്നു പോകുമ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ വീണ്ടും രൂപം കൊണ്ട് തുടങ്ങിയിരുന്നു… ഞങ്ങളെ പിരിഞ്ഞു ഒറ്റയ്ക്ക് ആ മണലാരണ്യത്തിൽ കഴിയേണ്ടി വരുന്ന ഉണ്ണിയേട്ടന്റെ അവസ്ഥയായിരുന്നു മനസ്സ് നിറയെ… എല്ലാ ഗൾഫുകാരും പറയും നിങ്ങൾക്കൊന്നും ഞങ്ങൾ അനുഭവിക്കുന്ന വിഷമം അറിയില്ലെന്ന്… പക്ഷെ മനസ്സിലാക്കുന്നവരും ഉണ്ട്…തനിച്ചായി പോകുന്ന അവസ്ഥ… ജോലി ഭാരത്തെക്കാളും അവരെ തളർത്തുന്നത് നാട്ടിലെ ഓർമകളാണ്..പ്രിയപെട്ടവരെ ഒരു നോക്കു കാണാനാവാതെ…. അവരുടെ സ്നേഹം അനുഭവിക്കാനാകാതെ…. രുചികരമായ ഭക്ഷണം ഇല്ലാതെ…. സങ്കടങ്ങൾ പറയാൻ ഒരു കൂട്ടില്ലാതെ… അങ്ങിനെ എല്ലാം നഷ്ടപെടുത്തു കയാണ്….നല്ലപ്രായം മുഴുവൻ വീടിനും വീട്ടുകാർക്കും വേണ്ടി ത്യജിക്കുകയാണ്… എല്ലാം കഴിയുമ്പോൾ കിട്ടുന്നത് അവഗണ മാത്രം….
ഓരോ പ്രവാസിയും അവന്റെ ജീവിതമാണ് ബാലികഴിക്കുന്നത്…. പക്ഷെ കൂട്ടത്തിൽ ബലികഴിക്കപ്പെടുന്ന ഒന്നുണ്ട് അവന്റെ ഭാര്യയുടെ സ്വപ്‌നങ്ങൾ…..ആഗ്രഹങ്ങൾ…. ജീവിതം എല്ലാം…. അവളും നഷ്ടപെടുത്തുകയാണ്…
വീണ്ടും ഒരു തിരിച്ചു പോക്ക് സ്വപ്‌നങ്ങൾ വാങ്ങുവാൻ… പകരം ഹോമിക്കാൻ രണ്ടുപേരുടെയും ആഗ്രഹങ്ങളും മോഹങ്ങളും മാത്രം…. കൊണ്ട് പോകാനുള്ളതെല്ലാം പെട്ടിയിൽ ഒതുക്കിവച്ചു കൊടുക്കുമ്പോഴും ആ മുഖത്തു നോക്കാൻ ധൈര്യമില്ല… അടക്കി നിർത്തിയതെല്ലാം അണപൊട്ടി ഒഴുകുമോ എന്നുപേടിച്ചു…. യാത്രയയക്കാൻ വന്ന ബന്ധുക്കളുടെ ഇടയിൽ തിരക്കഭിനയിച്ചു…. ഇറങ്ങാൻ നേരം എന്തോ പറഞ്ഞു അകത്തേയ്ക്കു വിളിപ്പിച്ചു നെറുകയിൽ ഒരു സ്നേഹചുംബനം തന്നു വരുന്നത് വരെ ഓർത്തിരിക്കാൻ…. ആ നെഞ്ചിൽ ഒന്നുകൂടി ചേർന്നു നിന്നു ഒരിക്കൽ കൂടി ആ ഹൃദയതാളം മനസ്സിൽ ഉറപ്പിച്ചു…. എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി പോകാൻ സമ്മതം ചോദിച്ചു… നിറമിഴികളോടെ മൗനാനുവാദം നൽകി…. പിന്നെ തിരിഞ്ഞു നോക്കാതെ ഇറങ്ങി പോയി… കണ്ണിൽ നിന്നും ആ രൂപം മാഞ്ഞതും ഓടിപോയി കിടക്കയിലേക്ക് വീണു മതിവരുവോളം കരഞ്ഞു… അച്ഛനെ യാത്രയയക്കാൻ പോയ മക്കൾ തിരിച്ചു വന്നപ്പോൾ അവരുടെ സങ്കടം കണ്ടു ഹൃദയം വിങ്ങി… എന്റെ കണ്ണുനീരിനെ മറച്ചു വച്ചു… ചിരിച്ചുകൊണ്ട് അവരെ ആശ്വസിപ്പിച്ചു…
വീണ്ടും ഒരു കാത്തിരിപ്പു… എല്ലാ കടമകളും കഴിഞ്ഞു തിരിച്ചു വരുമ്പോൾ കാത്തിരിക്കാൻ ഞാനുണ്ടാകും എന്നുള്ള ഉറപ്പിൽ എന്നെ തനിച്ചാക്കി പോകുമ്പോൾ ഞാനും മനസ്സിൽ കുറിച്ചിരുന്നു മരണം വരെ എന്റെ മനസ്സിൽ ഉണ്ണിയേട്ടനല്ലാതെ വേറെ ആർക്കും സ്ഥാനമില്ലെന്ന്… ആ സ്നേഹം മാത്രമാണ് എന്റെ ശ്വാസമെന്നു…ഇപ്പോഴും ഒരേ ഒരു പ്രാർത്ഥനയെ ഉള്ളൂ… ജീവിതത്തിന്റെ സായാഹ്നത്തിൽ എങ്കിലും ഒരുമിച്ചിരിക്കാൻ കഴിയണേ എന്ന്… അന്ന് ഒറ്റയ്ക്കായി പോകാൻ ഇടവരുത്തല്ലേ എന്ന്… കാത്തിരിക്കുന്നു… ഈ ജന്മം മുഴുവനും… വരും ജന്മങ്ങളിലും നിന്റേതു മാത്രമാകണമെന്നും……
സ്നേഹത്തോടെ…. ഇഷ്ടത്തോടെ എന്റെ പ്രിയതമനായി കുറിക്കുന്നു.. 😍😍😍😍