സ്നേഹപൂർവ്വം ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ
പതിവില്ലാതെ നേരത്തെകയറിച്ചെന്ന എന്നെ അവളൊന്നു അത്ഭുതത്തോടെ നോക്കുന്നത് ഞാൻ ഒന്നു ചിരിക്കാൻ ശ്രമിച്ചു.
മദ്യത്തിന്റെ മണമില്ലാതെ എന്നെ കണ്ടിട്ടാവണം.കളിയാക്കാനാണോ അതോ. ഡേറ്റ് മാറിപ്പോയോ എന്നു അറിയാനാണെന്നു തോന്നണു. മോളെ ഇന്നു ഒന്നാം തിയ്യതിയാണോ എന്നു മോളോട് വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു.
സാധാരണ ചെല്ലുമ്പോൾ എല്ലാവരും കിടന്നിട്ടുണ്ടാകും. ഡെയിനിങ് ടേബിളിൽ വിളമ്പിവെച്ചിട്ടുണ്ടാകും. വിശപ്പുണ്ടേൽ എടുത്തുകഴിക്കും അല്ലേൽ ഹാളിലെ സെറ്റിയിൽ തന്നെ കിടന്നുറങ്ങും.
കുറച്ചുകാലങ്ങളായിട്ടുള്ള ഞാനിങ്ങനെയാണ്. ഓഫീസിൽ നിന്നിറങ്ങിയാൽ ഏതേലും ഒരു ബാർ. അല്ലെങ്കിൽ എണ്ണിയാലൊടുങ്ങാത്ത കൂട്ടുകാരുണ്ടലോ അവരുടെ കൂടെ. ആഘോഷങ്ങൾക്കുള്ള കുടി പിന്നെ പിന്നെ കുടിക്കാൻ വേണ്ടി ആഘോഷങ്ങൾ ഉണ്ടാക്കുകയായിരുന്നു.
പിന്നെ ബിസിനസിന്റെ തകർച്ചതന്നെയാണ്. എല്ലാത്തിന്റെയും തുടക്കം. വീണിടത്തു നിന്നു എണീക്കാതെ പോയതിനെ പറ്റി വിഷമിക്കുന്നവൻ ഒരിക്കലും ഒരു ബിസിനസ്കാരനല്ല. എഴുനേൽക്കാൻ കഴിയും പക്ഷെ. മടുപ്പ്. ഉള്ളതൊക്കെ മതി. എന്നൊരു തോന്നൽ.
നിരന്തരമുള്ള ഉപദേശങ്ങളും. കുറ്റപ്പെടുത്തലുകളും. അതാണ് അവളുമായുള്ള അകൽച്ചക്ക് പോലും കാരണം . എന്റെ ഇഷ്ടങ്ങൾക്കു ഞാൻ ജീവിക്കും എന്ന ഈഗോ എന്നും പറയാം അതിനെ. അല്ല അങ്ങിനെതന്നെയാണ് പറയേണ്ടത്.
ഇത്രമാത്രം സ്നേഹിച്ചിരുന്നവർ എങ്ങിനെ ഇങ്ങനെയായി.
——————–
ആരാടോ ഇതു ചെയ്തത് എന്നു ചോദിക്കുമ്പോൾ.. അഭിമാനത്തോട്കൂടെ എണീറ്റു നിന്ന എനിക്കു ഒരു ബ്ലേഡ് തന്നിട്ട് ടീച്ചർ പറഞ്ഞു. പോയി മാച്ചിട്ടുവായോ എന്ന്.
ഐ ലവ് യു.. അമ്പിളി എന്ന് അവളുടെ ഡസ്കിൽ കോമ്പസ്സിനാൽ കുത്തി വരച്ചത് ബ്ലേഡ് കൊണ്ടു ചുരണ്ടി മായ്ക്കുമ്പോൾ ദേഷ്യം കൊണ്ടോ സങ്കടംകൊണ്ടോ അവളുടെ കണ്ണുകൾ ചുവന്നിരുന്നു.
ഉയർത്തിപിടിച്ച എന്റെ തല ക്ലാസ്സിലെ പരിഹാസചിരികൾക്കിടയിൽ പതിയെ താണ്പോയിരുന്നു.
മായ്ച്ചു കഴിഞ്ഞെങ്കിൽ ഇങ്ങുവാ എന്നും പറഞ്ഞു എല്ലാവരുടെയും മുൻപിൽ വെച്ചു. ക്ലാസ്സ് ടീച്ചറുടെ മോളെയേ കിട്ടിയുള്ളൂ പ്രേമിക്കാൻ എന്നുംപറഞ്ഞു പൊതിരെതല്ലുമ്പോൾ ശരീരവും മനസും ഒരുപോലെ നീറുന്നുണ്ടായിരുന്നു.
ക്ഷമപറഞ്ഞിട്ടും. ടീച്ചറുടെ ദേഷ്യത്തിന് ഒരു കുറവും ഇല്ലായിരുന്നു. ചോദ്യം ചോദിക്കലുകളും പുറത്തു നിർത്തലും. സ്കൂളുവിട്ടു ഓടിപ്പോവാൻ തോന്നിയിരുന്നു.
ഒരു ദിവസം ഞാനതു അവൾടെ അടുത്തുപറയുകയും ചെയ്തു.
ഒരിഷ്ടം തോന്നി അതു സത്യം തന്നെയാണ്.അതിപ്പോഴും ഉണ്ട്. നാണംകെട്ടു മൂക്കു മണ്ണിൽകുത്തി എന്നിട്ടും തന്റെ അമ്മക്ക് എന്നോടുള്ള വിരോധം മാറിയില്ലല്ലോ? ഞാൻ പോവാ. വേറെ ഏതേലും സ്കൂളിലേക്ക്. മടുത്തു എനിക്കു. തിരിച്ചുനടക്കുമ്പോൾ നിറഞ്ഞകണ്ണുകളാവാം കാഴ്ചമറച്ചത്
പിറ്റേദിവസം ക്ലാസ്സിൽ ചെന്നപ്പോൾ അവളു പറഞ്ഞു. നാണം കെടാതിരിക്കാൻ നന്നായിപടിച്ചൂടെ ശ്രീ നിനക്കു. അമ്മേടെ ചോദ്യങ്ങൾക്കുള്ള ഉത്തരം ശ്രീക്കു അറിയാമെങ്കിൽ തലകുനിച്ചു വരാന്തയിൽ നിൽക്കണ്ടല്ലോ. പിന്നേ എനിക്കും അതുകാണുമ്പോൾ സങ്കടാണ്. ഒരുപിടി ചെമ്പകപൂക്കളുടെ സുഗന്ധം മനസാകെ നിറഞ്ഞു.
വാക്കുകൾക്ക് ശക്തിയുണ്ട് ചോദ്യങ്ങൾക്കെല്ലാം ഉത്തരമായി. നന്നാവാൻ ഒരുപാടു അടിയും ഉപദേശങ്ങളൊന്നും വേണ്ടാന്ന് അന്നാണ് മനസിലായത്. ചിലപ്പോഴൊക്കെ സ്നേഹം കൊണ്ടൊരു വാക്ക്മതി
ഒളിച്ചുവെച്ചു ഒളിച്ചു വെച്ചു. ഒരു ദിവസം എല്ലാം അറിഞ്ഞപ്പോൾ. ഒരു സന്ധ്യക്ക് കൈപിടിച്ചു കൂടെപോന്നവൾ.
——————-
അമ്പിളി….മോളു ഉറങ്ങിയോ?
ബാഗിൽ അവൾക്കായി വാങ്ങി വെച്ച ചിലങ്കയെടുത്തു അവളുടെ കയ്യിൽ വെച്ചുകൊടുത്തു.
നിന്റെ ഇഷ്ടങ്ങളിൽ ഭ്രമം കൂടിയപ്പോൾ എനിക്കുള്ള സ്നേഹം കുറയുമെന്ന് തോന്നി.
വീട്ടിലുവന്നു കേറുമ്പോൾ നിന്നെ കാണണം എനിക്കു.
അതുകൊണ്ട് തന്നെയാണ് ഇനി മുതൽ ഈ ഡാൻസ് കൂത്ത് എന്നും പറഞ്ഞു ഈ പടിക്കുപുറത്തിറങ്ങിപോകരുത് എന്ന് ഞാൻ പറഞ്ഞത്.
നിന്നെക്കാലുപരി നീ നൃത്തത്തെ സ്നേഹിക്കുന്നുണ്ട് എന്നെനിക്കറിയാം. പിന്നെ മോശം സമയത്തു വരുന്ന വാക്കുകളും മോശമായിരിക്കും. പക്ഷേ ഇനിയും താൻ പഴയപോലാകണം. എത്ര കാലായിടോ നമ്മളിങ്ങനെ ആര് തോറ്റു ആര് ജയിച്ചുന്നു കരുതി ഇങ്ങനെ.
കണ്ണുകളിൽ നിന്നൊഴുന്ന നീർച്ചാലുകൾ അടക്കിപ്പിടിച്ചതൊക്കെ ഒഴുകി തീരുന്നതാണ് എന്നറിയാം. അതിലൂടെ തീരട്ടെ മാഷേ എല്ലാം. മറക്കാൻ പറ്റുന്നതാണെങ്കിൽ എന്നോടുള്ള വിദ്വേഷവും.
എനിക്കും മാറണം നിന്റെ പഴയ ശ്രീയായി. മ്മടെ മോൾടെ കളിച്ചു ചിരിച്ചു തമാശ പറയുന്ന അച്ഛനായി. വേണ്ടേ?
എന്നും ചോദിച്ചു കൈ വിടർത്തിപിടിച്ചപ്പോൾ. നെഞ്ചിലേക്കൊതുങ്ങി ചേർന്നുനിന്നു പെയ്തത് സ്നേഹത്തിന്റെ കാത്തിരിപ്പിന്റെ മഴയായിരുന്നു.
വീണ്ടും ധ്വനി എന്ന ഞങ്ങളുടെ വീട്ടിൽ അതിർവരമ്പുകൾ ഇല്ലാത്ത സ്നേഹത്തിന്റെ താളത്തോടെ ചിലങ്കകൾ കിലുങ്ങി.
വീണ്ടും വേദികളിൽ നിറ സാന്നിധ്യമായി അവൾ മാറാൻ അധികനാളുകളെടുത്തില്ല. ഈശ്വരൻ നൽകിയ കഴിവും പ്രയത്നവും അല്ലെങ്കിലും അങ്ങിനൊന്നും പോയ്പോവില്ലല്ലോ. അതിനും ഓരോ കാരണങ്ങൾ ഉണ്ടാകും. എന്റെ ഉള്ളിലും ഉണ്ടൊരു കാരണം അവളെറിയാതെ കൊണ്ടു നടക്കുന്ന ഒന്ന്. ജീവനോളം വിലയുള്ള ഒന്ന്
——————-
ശ്രീ. തുടക്കമാണ്. പക്ഷേ നമുക്കു മാറ്റിയെടുക്കാൻ കഴിയണം. അതിനു ഞങ്ങളുഡോക്ടർമാർ മാത്രം വിചാരിച്ചാൽ പോരാ. താനും പോസിറ്റീവ് ആയി എടുക്കണം ജീവിതത്തെ. ബാക്കി പകുതിയൊക്കെ ദൈവത്തിന്റെ കയ്യിൽ അല്ലെടോ.
ശരിയാണ് പ്രതീക്ഷയാണ്. എല്ലാംകൊണ്ടും. ഇനിയും ഒരുപാടുനാൾ ചിലപ്പോൾ ചിരിച്ചു കളിച്ചു സ്വപനംകണ്ടു ഉയർന്നുപൊങ്ങിയേക്കാം. ചിലപ്പോൾ പാതിക്കുവെച്ചു വീണുപോയേക്കാം. അവളും മകളും തനിച്ചായേക്കാം. പക്ഷേ മുന്പോട്ടുള്ള ജീവിതത്തിൽ അവൾക്കൊരു പ്രതീക്ഷവേണം. നൃത്തത്തിലൂടെ അവൾ ഉയരങ്ങളിലെത്തട്ടെ.
അവൾക്കായി ബാക്കിവെക്കുന്നത് അവളുടെ ഇഷ്ടങ്ങളെ മാത്രം. അതാണ് സ്വാതന്ത്ര്യം. അതായിരിക്കും അല്ലേ സ്നേഹമെന്നു വിളിക്കുന്നത്?