ശ്രീ ബാല ~ രചന: ദേവ സൂര്യ
“”കുട്ടേട്ടാ….നിക്ക് ആ ഡയറി ഒന്ന് വായിക്കാൻ തരുവോ…??””
തന്നോട് ചേർന്ന് കിടന്ന് കൊഞ്ചി പറയുന്നവളെ അവൻ ആ വലിയ വട്ടകണ്ണടക്ക് ഉള്ളിലൂടെ ഇടംകണ്ണിട്ട് നോക്കി..
“”വായിച്ചാൽ മാത്രം പോരാ…എന്താ അതിനകത്ത് എഴുതി വച്ചേക്കുന്നേ എന്നും കൂടി പറഞ്ഞു തരേണ്ടി വരും എന്റെ കെട്ടിയോള്…””
വായിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കി വച്ച്… കുസൃതിയോടെ കൈ എത്തിച്ച് കട്ടിലിനരികിലായി ഉള്ള മേശമേലിൽ നിന്ന് അവന്റെ ഡയറി അവൾക്കായി നൽകി…
“”എൻ അക്ഷരലിപികൾ അത്രെയും…മഷിത്തണ്ടിനോട് പ്രണയം കൈമാറിയത്…നിനക്ക് വേണ്ടി ആയിരുന്നുവല്ലോ….പടർന്ന മഷിതുള്ളികൾക്കിടയിൽ എൻ തൂലിക നിൻ ഹൃദയം കണ്ടു….അറിയാതെ ഞാനതിൽ…അലിഞ്ഞു ചേർന്നു…..””
❤️ ശ്രീയുടെ കുട്ടേട്ടൻ ❤️
“”കുട്ടേട്ടാ….കുട്ടേട്ടാ…ദേ ഇങ്ങട് നോക്കിയേ….””
“”എന്താ ശ്രീ….?? “”
വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ നിന്നും കണ്ണെടുക്കാതെ അവൻ തിരക്കി….
ഇതെന്തൊക്കെയാ ഈ ഡയറിയിൽ എഴുതി വച്ചിരിക്കണേ…വായിച്ചിട്ട് നിക്കൊന്നും മനസ്സിലാവണില്ലാ ട്ടോ….
“”ഓഹ്…ഇത് വായിക്കാൻ തന്ന എന്നെ പറഞ്ഞാൽ മതില്ലോ….മതി വായിച്ചത്…തന്നെ ഇങ്ങട്….””
ഓ…നിങ്ങടെ ഒരു ബുക്ക്…നിക്കൊന്നും വേണ്ടാ….ചുണ്ട് കോട്ടി.. അവന്റെ മടിയിലേക്ക് ഡയറി ഇട്ട് കൊടുത്തു കൊണ്ട്…തിരിഞ്ഞു കിടക്കുന്നവളെ കാൺകെ ആ വട്ടക്കണ്ണടക്ക് ഉള്ളിലെ വെള്ളാരം കണ്ണുകൾ കുസൃതിയോടെ നോക്കി…..
പതിവ് വായനയും കഴിഞ്ഞ്….പിണങ്ങി കിടക്കുന്നവളിലേക്ക് കുസൃതിയോടവൻ ചേർന്ന് കിടന്നു….
“”എന്താണ് ന്റെ പ്രിയതമയുടെ പിണക്കം ഇത് വരെ തീർന്നില്ലേ?? … ഞാൻ ചുമ്മാ പറഞ്ഞതല്ലേ ന്റെ ശ്രീകുട്ട്യേ….കൈകൾ കൊണ്ട് വലിഞ്ഞു മുറുകി…അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തുമ്പോൾ….ചെറു ഏങ്ങലടികൾ പുറത്ത് വന്നു….
ഏങ്ങലടിച്ചു കരയുന്ന അവളെ ഇരുട്ടിൽ കാൺകെ അവൻ ഞെട്ടിയെണീറ്റ് കൈ എത്തിച്ചു ലൈറ്റ് ഇട്ടു….
“”ന്താ…ന്താ…ശ്രീ ഇത് എന്തിനാ ഇങ്ങനെ കരയിണെ ഏഹ്ഹ്??…. “”
വേവലാതിയോടെ ആ മുഖം കൈവെള്ളക്കുള്ളിൽ ആക്കി ചോദിക്കുന്നവനെ അവൾ ഇറുകെ പുണർന്നു….
“”ഒരു കുഞ്ഞാവയെ തരാൻ പറ്റാത്ത എന്നെ എന്തിനാ കുട്ടേട്ടാ ഇങ്ങനെ സ്നേഹിക്കുന്നെ??… വല്യ പഠിപ്പും വിവരോം ഇല്ലേലും ആ പുസ്തകത്തിൽ എഴുതി വച്ചിരിക്കണത് ന്നെ പറ്റിയാ ന്ന് മനസ്സിലായി…എന്തിനാ..എന്തിനാ..ന്നെ ഇങ്ങനെ സ്നേഹിക്കണേ….””
ഏങ്ങലടിയോടെ പറയുന്നത് കേട്ടപ്പോൾ അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…
“”ഓഹ് അതായിരുന്നു ശ്രീക്കുട്ടി…ഞാൻ ആകെ പേടിച്ചു പോയി ട്ടോ…നമ്മക്ക് സമയം ആയിട്ടില്ല ടി…ഇങ്ങനെ കരയാൻ അതിന് നമ്മടെ കല്യാണം കഴിഞ്ഞിട്ട് അധികം ആയില്ലല്ലോ…5 വർഷം അല്ലേ ആയുള്ളൂ ശ്രീക്കുട്ട്യേ……ഇനിയിപ്പോ ഉണ്ടായില്ലേൽ തന്നെ നീയല്ലേടി ന്റെ വാവ…കുഞ്ഞാവ ഇല്ലാ ന്ന് കരുതി നിന്നെ തൊടിയിൽ കൊണ്ടോയി കളയാൻ പറ്റുവോ എനിക്ക്….അതിനാണോ പലിശക്കാരൻ കണക്കപിള്ളയുടെ വീട്ടിൽന്ന് പാതിരാത്രി നിന്നേം പൊക്കി കൊണ്ട് പോന്നത്…ഏഹ്ഹ്?? “”
“”ദേ മനുഷ്യാ…ന്റെ അച്ഛനെ പറഞ്ഞാൽ ഉണ്ടല്ലോ…ആ പൊട്ടക്കണ്ണട ഞാൻ കുത്തിപൊട്ടിക്കും….””
ചുണ്ട് കൂർപ്പിച്ചു പറയുന്നത് കേൾക്കെ അവന്റെ നുണകുഴികൾ വിടർന്നു വന്നു…
അവളെ ചേർത്ത് പിടിച്ചു കിടക്കുമ്പോളും അവന്റെ ഉള്ളിൽ…””ഒരച്ഛൻ ആവുക”” എന്ന മോഹം വിതുമ്പുന്നുണ്ടായിരുന്നു….
“”ദേ കുട്ടേട്ടാ…ഒന്ന് പതുക്കെ പോ..നിക്ക് വയ്യാതെ ആയി ട്ടോ…””
കൂട്ടുകാരന്റെ കല്യാണം കൂടി…തിരികെ പാടവരമ്പത്തൂടെ വരുമ്പോൾ…ദ്രിതിയിൽ മുന്നിൽ കയറി നടക്കുന്നവനെ നോക്കി പരിഭവിക്കുന്ന അവളെ അവനൊന്ന് പിന്തിരിഞ്ഞു നോക്കി…..
പരിഭവിച്ചു പറയുന്നവളെ കണ്ടതും അവന്റെ കണ്ണുകൾ കുസൃതിയോടെ തിളങ്ങി….പിന്നിലേക്ക് നടന്ന് അവളെ ചേർത്ത് പിടിക്കുമ്പോളേക്കും അവൾ കുഴഞ്ഞു വീണിരുന്നു….
“”കൺഗ്രാറ്റ്സ്സ് അർജുൻ….ശ്രീബാല പ്രെഗ്നന്റ് ആണ്…””
ഡോക്ടറുടെ വാക്കുകൾ കേൾക്കെ ആ കണ്ണുകൾ ഹോസ്പിറ്റൽ ബെഡിൽ കിടക്കുന്ന തന്നിലേക്ക് നീളുന്നത് കണ്ടു…സന്തോഷത്തോടെ ആ കണ്ണുകൾ നിറയുന്നതറിഞ്ഞു….
“”ദേ… ശ്രീക്കുട്ട്യേ…ഇത് മുഴുവനും തിന്നാതെ എണീച്ചാൽ…കുട്ട്യോളെ തല്ലുന്ന നല്ല എണ്ണയിലിട്ട് ചൂടാക്കിയ ചൂരൽ അകത്തിരിപ്പുണ്ട്…കണക്ക് മാഷായ അച്ഛൻ കെട്ട്യോളെ തല്ലി ന്ന്..ന്റെ വാവയെ കൊണ്ട് പറയിപ്പിക്കണ്ട നീയ്…അല്ലേടാ വാവേ…””
വീർത്ത വയറിൽ തലോടി പറയുന്നത് കേൾക്കെ കുസൃതിക്കിടയിലും ചുണ്ടുകൾ കൂർത്തു…
“”ഓഹ്…ഒരു കണക്ക് മാഷും വാവയും വന്നേക്കുന്നു….””
പിറുപിറുത്തു കൊണ്ട് പോകുന്നവളെ അടക്കി ചിരിയോടെ അവനും നോക്കിയിരുന്നു….
ഓർമ്മകളിലൂടെ ചിന്തകൾ പോയതും അതിന്റെ പ്രതിഫലനം എന്നപോലെ കഴിച്ചു കൊണ്ടിരുന്ന പാത്രത്തിലേക്ക് രണ്ടിറ്റ് കണ്ണുനീർ പതിച്ചു…..
“”വേഗം കഴിച്ചിട്ട് എഴുന്നേറ്റ് പോടീ….മൊതല കണ്ണീർ ഒലിപ്പിച്ചിട്ട് ഒരു കാര്യവും ഇല്ല…നിന്നെ പോലുള്ള പെണ്ണുങ്ങളാ നാട്ടിലെ പെമ്പിള്ളേർക്ക് ചീത്ത പേര് വരുത്തുന്നേ….””
പോലീസ് വാർഡന്റെ ശബ്‌ദം കേൾക്കെ ചുവന്നു കലങ്ങിയ കണ്ണുകളാൽ ഒരു നോക്ക് അവരെ നോക്കി…
ചുറ്റിമുള്ളവരുടെ കണ്ണിൽ തെളിഞ്ഞു കാണുന്നത് തന്നോടുള്ള അവജ്ഞത മാത്രം..
“”ശരീരസുഖത്തിന് വേണ്ടി ഭർത്താവിനെയും മകനെയും കൊന്നവൾക്ക് സമൂഹം പിന്നെ എന്താണ് നൽകുക??…. “”
നാടായ നാട്ടിൽ മുഴുവൻ താൻ അറിയപ്പെടുന്നത് ഒരു കൊലപാതകി ആയിട്ട്…അതും കാമുകന് വേണ്ടി…സ്വന്തം ഭർത്താവിനെയും മകനെയും കൊന്നവൾ…
“”ഇവളെ പോലെ ഉള്ളവളുമാരെയൊക്കെ പച്ചക്ക് കത്തിക്കണം….””
കഴിച്ചു കൊണ്ട് ഇരുന്നത് മതിയാക്കി എഴുന്നേൽക്കുമ്പോളും കേൾക്കുന്നുണ്ടായിരുന്നു…വന്ന നാൾ മുതൽക്കേ തനിക്കു നേരെ നീളുന്ന ശാപവാക്കുകൾ….
കേൾക്കാൻ താൻ ബാധ്യസ്ഥയാണ്….ഓരോ നിമിഷവും കഴിയുന്നതും…””നാളെ എന്ന ദിനത്തിന് വേണ്ടി മാത്രമാണ്….””
നാളെയാണ്….തന്നെ കഴുമരത്തിൽ ഏറ്റുന്നത്.. രണ്ട് പേരെ കൊന്നവൾക്ക് നിയമം അനുശാസിച്ച ശിക്ഷ…അതെ നാളെയാണ് ഞാൻ ന്റെ കുട്ടേട്ടന്റെയും
അപ്പുന്റെയും അടുത്തെത്തുന്നത്….
ചിന്തകൾക്കൊടുവിൽ ചുണ്ടിൽ വിജയച്ചിരി വിരിഞ്ഞു….തിരികെ ഇരുമ്പഴിക്കുള്ളിൽ വന്നിരുന്ന് ആ തുരമ്പ് പിടിച്ച ഇരുമ്പിൻ മേൽ കൈകൾ പിടിച്ചു കൊണ്ട് വിദൂരത്തെക്ക് നോക്കുമ്പോൾ വീണ്ടും ഓർമ്മകൾ മനസ്സിനെ കാർന്ന് തിന്നു….
“”കുട്ടേട്ടാ….””
ആശുപത്രികിടക്കയിൽ കിടന്നു കൊണ്ട് തളർച്ചയോടെ വിളിക്കുമ്പോളും ആ വട്ടകണ്ണടക്കുള്ളിലെ കണ്ണുകൾ നോക്കിയത് തന്റെ ഇപ്പുറമായി ചിണുങ്ങി കിടക്കുന്ന വാവയെ ആണ്…
“”ഒരുപാട് നൊന്തോ ശ്രീക്കുട്ടി നിനക്ക്?? “”…
നിറകണ്ണുകളോടെ പറയുന്നവന്റെ സ്വരത്തിൽ ഒരച്ഛൻ ആയി എന്നുള്ള സന്തോഷം അലയടിച്ചിരുന്നു….
“”അച്ഛേടെ വാവക്ക് മാമു വേണ്ടേ…””
ഏറെ നേരം കൊഞ്ചിക്കുന്ന അച്ഛനെയും മോണ കാട്ടി ചിരിക്കുന്ന അപ്പുവിനെയും അടുക്കള പുറത്ത് നിന്ന് കാൺകെ തന്റെ കണ്ണുകളും ഈറനണിഞ്ഞിരുന്നു…
അവന്റെ ഓരോ വളർച്ചയും ഏറെ സൂക്ഷിച്ചു നോക്കിയിരുന്ന തങ്ങൾക്ക് എപ്പോളാണ് പിഴച്ചത്…അറിയില്ല….ഒരുപക്ഷെ വിശ്വാസം എന്ന ചീട്ട് കൊട്ടാരം അവനായി പതിൻമടങ്ങായി ഊട്ടി ഉറപ്പിച്ചപ്പോളാവാം…
കൗമാരത്തിൽ എത്തി നിൽക്കെ വന്ന മാറ്റങ്ങൾ ആവാം ഈ മൗനം എന്ന് വെറുതെ നിനച്ചു…അതിനെ ചൊല്ലി ഒന്നും തിരക്കാഞ്ഞത് ആയിരുന്നു താൻ ചെയ്ത ആദ്യ തെറ്റ്…..
“””അപ്പു !!”””…..
ഒരിക്കെ മുറിയിലേക്ക് കയറിയപ്പോൾ രൂക്ഷമായ പുകമണം വന്നപ്പോൾ സംശയത്തോടെ പോയി നോക്കി….കണ്ട കാഴ്ച…പുക വലിച്ചു വിടുന്ന അവനെ അന്ന് ഒരുപാട് ശാസിച്ചു….””അച്ചയോട് പറയല്ലേ അമ്മാ “”എന്ന അപേക്ഷ കേട്ട് കുട്ടേട്ടനോട് പറയാതിരുന്നത് രണ്ടാമത്തെ തെറ്റ്…..
പിന്നീട് പല തവണകളായി ഒരുപാട് കാണാൻ പാടില്ലാത്ത കാഴ്ചകൾ കണ്ടിട്ടും…രാത്രി ഏറെ വൈകി കുടിച്ചു ലക്ക് കേട്ട് വന്നപ്പോളും….കുട്ടേട്ടൻ തല്ലാൻ ഓങ്ങിയപ്പോൾ കൈ തടഞ്ഞതും എല്ലാം തന്റെ തെറ്റ്…..ഒറ്റ മോൻ എന്ന വാത്സല്യം മറ്റൊന്നിനും ഈ എട്ടാം ക്ലാസുകാരിയെ അനുവദിച്ചിരുന്നില്ല…..
അന്നൊരു കാലൻകോഴി കൂവിയ രാത്രിയായിരുന്നു…ഏറെ നേരം കഴിഞ്ഞിട്ടും അപ്പുവിനെ കാണാതായപ്പോൾ താൻ തന്നെയാണ് കുട്ടേട്ടനെ ഉറങ്ങാനായി പറഞ്ഞയച്ചത്… പാതിരാത്രി നാല് കാലിൽ വന്നവൻ തന്നെ ചുവന്ന കണ്ണോടെ നോക്കുമ്പോൾ താനറിഞ്ഞില്ല….അമ്മയെന്ന വാക്കിന് “”വെറും മാംസമായ പെണ്ണ് “” എന്നവൻ തിരുത്തിയത്….
കുഞ്ഞിലേ വിശപ്പടക്കിയ മാറിടത്തിലേക്കവൻ…ദുഷിച്ച കണ്ണുകളോടെ ആണ് നോക്കുന്നതെന്ന് അറിയാഞ്ഞത് താൻ എന്ന അമ്മയുടെ തെറ്റ്…..കടന്ന് പിടിക്കുമ്പോളും ദേഷ്യത്തിനേക്കാൾ…വെറുപ്പിനേക്കാൾ ഞെട്ടലോടെ ഉള്ള് ഉലഞ്ഞു….
“”അപ്പു !!!…. “”
തന്നെ കടന്ന് പിടിക്കാൻ വരുന്നത് കണ്ടു വന്ന കുട്ടേട്ടനെ പോലും മയക്ക് മരുന്നും മദ്യവും…. അച്ഛൻ ആണെന്ന് പരിഗണന ഇല്ലാതെ ഉപദ്രവിച്ചു….കുട്ടേട്ടനെ ഒരു ഭ്രാന്തനെ പോലെ കല്ല് കൊണ്ട് ആഞ്ഞടിക്കുന്നത് കാൺകെ….തന്റെ നിയന്ത്രണവും നഷ്ടപെട്ടിരുന്നു….
കയ്യിൽ കിട്ടിയത് കൊണ്ട്…താനും സ്വന്തം ചോരക്ക് നേരെ വീശിയിരുന്നു…..
പിറ്റേന്ന് പ്രഭാതം മുതൽക്കേ താൻ രണ്ട് പേരെ ശരീര സുഖത്തിന് വേണ്ടി കൊന്നവൾ ആയി മാറി….ഇല്ലാത്ത കാമുകനെ സമൂഹം തനിക്കായി ചാർത്തി തന്നിരുന്നു…
ഓർമയിൽ നിന്നെവിടെന്നോ….രണ്ടിറ്റ് കണ്ണുനീർ വെള്ള വസ്ത്രത്തെ നനച്ചു….
“”തോറ്റു പോയ ഒരമ്മ…..””അപ്പോളും മനസ്സ് തന്നെ നോക്കി പരിഹസിക്കുന്നു….
“”അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ടോ നിനക്ക്…””
കാക്കി അണിഞ്ഞവരുടെ ചോദ്യത്തിന് പതിയെ ചുണ്ടുകൾ വിടർന്നു…””ഇല്ലാ “”എന്ന് പതിയെ തലയാട്ടി….
“”ആ എരണംകെട്ടവളെ ദാ കൊണ്ട് പോകുന്നു തൂക്കികൊല്ലാൻ….””
കയ്യിൽ വിലങ്ങണിഞ്ഞു കൊണ്ട് പോകുമ്പോളും പിറുപിറുക്കുന്നവരെ നോക്കി പതിയെ പുഞ്ചിരിച്ചു…””ആശിച്ച ദിവസം വന്നെത്തിയ സംതൃപ്തിയുടെ പുഞ്ചിരി..””
ഇരുൾ വീണ തുണികിടയിലൂടെ പതിയെ കണ്ണുകൾ തുറന്നപ്പോൾ…വിദൂരത്തായി വട്ടകണ്ണട വച്ച് മുണ്ട് മടക്കി കുത്തി തന്നെ നോക്കി കുസൃതിയോടെ പുഞ്ചിരിക്കുന്ന കുട്ടേട്ടൻ….കുറച്ചകലെയായി മിഴിനീർ വാർത്തു നിൽക്കുന്ന അപ്പുട്ടൻ….
“”കുട്ടേട്ടാ…നമ്മുടെ വാവ…വലുതായാൽ നമ്മളെ നല്ലോണം നോക്കുവാരിക്കും ല്ലേ…അവന്റെ നെഞ്ചിൽ വിരലോടിച്ചു പറഞ്ഞ ആ തോറ്റു പോയവളുടെ മുഖം മനസ്സിലേക്ക് തെളിഞ്ഞു വന്നു…..ചുണ്ടിൽ മായാതെ ചിരി വിരിഞ്ഞു…..””തോറ്റു പോയവളുടെ പുഞ്ചിരി “”!!…..
കഴുത്തിൽ തെളിഞ്ഞ നീലവരയെ മുറിച്ചു കടന്ന കയർ അപ്പോളും അവളെ നോക്കി പരിഹസിക്കുന്നു….. തോറ്റു പോയ ഒരമ്മയുടെ കഥ ആരാച്ചാറോട് പറയുന്നു….
അപ്പോളും ജയിൽ ഇടനാഴിയിലെ ഓഫീസിൽ കഴുമരത്തിൽ എറ്റിയവരുടെ കൂട്ടത്തിൽ “”ശ്രീ ബാല “” എന്ന് എഴുതിയ പുതിയ ഫയൽ കൂടി അടുക്കപ്പെട്ടിരുന്നു ….
ഒരു പത്രവാർത്ത കണ്ടപ്പോൾ എഴുതാൻ തോന്നിയ വിഷയം മാത്രം….ഒരുപക്ഷെ നാം അറിയാത്ത ഒരുപാട് ശ്രീ ബാല മാർ ഇന്നത്തെ സമൂഹത്തിൽ ഉണ്ടാവാം….വെറും കഥ മാത്രം…ഇഷ്ട്ടമായാലും വിമർശനം ആണെങ്കിലും…അഭിപ്രായം പറയാൻ മടിക്കല്ലേ…..😊