ഡപ്പാൻ കൂത്ത് (പ്രണയകഥ )
രചന: ഷിജു കല്ലുങ്കൻ
“നിന്റെ പേരെന്താ?”
ക്ലാസ്സ് റൂമിനുള്ളിൽ നിന്ന് ബിജുമോന്റെ ഉച്ചത്തിലുള്ള ചോദ്യം കേട്ട് വെറുതെ ജനലിൽക്കൂടി ഒന്നു പാളി നോക്കി.
ചോദ്യത്തിന് ഉത്തരം പറയാതെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ പെൺകുട്ടി പതിയെപ്പതിയെ മുഖമുയർത്തി.
പെൺകുട്ടിയുടെ മുഖം കണ്ട ക്ഷണം എന്റെ വായിൽക്കിടന്നു തിരുവാതിര കളിച്ചു കൊണ്ടിരുന്ന ച്യുയിങ്ങ്ഗം പൂച്ചയെക്കണ്ട് മാളത്തിലേക്ക് വലിയുന്ന എലിയെപ്പോലെ വയറിനുള്ളിലേക്ക് ഇറങ്ങിപ്പോയി.
“ഹെന്റമ്മോ….. ഇവനിതെന്നാ ഭാവിച്ചാ…”
“എന്താ അളിയാ പ്രശ്നം? ” എന്റെ തോളിൽ പിടിച്ചു കൊണ്ട് ടിനു ക്ലാസ്സിലേക്ക് എത്തി വലിഞ്ഞു നോക്കി.
“എടാ ടിനു ആ പെണ്ണ് എന്റെ നാട്ടുകാരിയാ… “
“അപ്പൊ കാര്യങ്ങൾ എളുപ്പമായില്ലേ…? നീ വാ… മ്മടെ ബിജുമോൻ ഇതു സെറ്റാക്കും..” ടിനു എന്റെ കയ്യിൽപ്പിടിച്ചു വലിച്ചു.
“എന്നാതാടീ നിന്നു കുണുങ്ങുന്നേ..? ഞാൻ പേരല്ലേ ചോദിച്ചൊള്ളൂ…..” ബിജുമോൻ കത്തിക്കയറുകയാണ്.
“ശകുന്തള…..” പെൺകുട്ടി നാണം കുണുങ്ങിക്കൊണ്ടുതന്നെ പറഞ്ഞു.
ഫസ്റ്റ് ഇയർ ഡിഗ്രി ക്ലാസ്സിൽ പുതുതായി വന്ന കുട്ടികളെ പരിചയപ്പെടാനും, അത്യാവശ്യം ചിലതൊക്കെ പരിചയപ്പെടുത്താനും പിന്നെ അല്ലറ ചില്ലറ ബുക്കിങ് നടത്താനും കിട്ടുന്ന സുവർണ്ണാവസരം. ആദ്യമായി കോളേജ് കാണുന്ന കുട്ടികളെ കയ്യിലെടുക്കാനുള്ള പെടാപ്പാടിൽ ആണ് ബിജുക്കുട്ടനും ആസ്മാദികളും.
“അല്ലയോ ശകുന്തളേ….ഇതാ നീ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്ന നിന്റെ ദുഷ്യന്തേട്ടൻ…… വരൂ നമുക്ക് വാനമ്പാടികളെപ്പോലെ പാറിപ്പറന്ന് ഈ കലാലയം ഒരു കാനനാശ്രമമാക്കാം……” താളത്തിൽ നാടകത്തിലെ ഡയലോഗ് പറയുംപോലെ പറഞ്ഞൊപ്പിച്ച് അവൻ കൈകൾ വിരിച്ചു നിൽക്കുന്നു.
“പൊന്നളിയാ…. അവനോട് വേണ്ടെന്നു പറയടാ……”
“നിനക്കിതെന്നേത്തിന്റെ കേടാ…. ആ പെണ്ണു നിന്റെ പെങ്ങളൊന്നും അല്ലല്ലോ… ” ടിനുവിനു കാര്യം മനസ്സിലായില്ല.
” അവൻ പൂച്ചയാണെന്നു കരുതി കയറിപ്പിടിച്ചിരിക്കുന്നത് ദിനോസറിനെയാടാ ടിനു…”
“തെളിച്ചു പറയടാ….”
“അവൾക്ക് ആങ്ങളമാർ നാല് …. കൂപ്പിൽ തടിപ്പണിയും കൂലിക്ക് തല്ലാൻ പോക്കും പണി ….. ഇപ്പൊ മനസ്സിലായോ…”
“ഹെന്റമ്മോ…..” ടിനുവിന്റെ കണ്ണുകളിൽ സുനാമിയുടെ തിരയിളക്കം കണ്ടു.
“ഞാൻ ഈ കോളേജിൽ പഠിച്ചിട്ടേയില്ല, ബിജുമോൻ എന്നൊരുത്തനെ എനിക്ക് അറിയുവേം ഇല്ല…. ഞാൻ പോണളിയാ…” അവൻ സ്ഥലം കാലിയാക്കി.
എനിക്കെന്തോ പാവം ബിജുമോനെ അങ്ങനെ ഉപേക്ഷിച്ച് പോകാൻ തോന്നിയില്ല.
പതിയെ അവനെ ക്ലാസ്സിൽ നിന്ന് വിളിച്ചിറക്കി കാര്യം പറഞ്ഞാൽ ഒരു ക്ഷമപറച്ചിൽ കൊണ്ട് സംഭവം തീർന്നേക്കും എന്നൊരു തോന്നൽ.
ഞാൻ വാതിൽക്കലേക്കു നടന്നു!
ബിജുമോന്റെ തകർപ്പൻ പ്രകടനം കണ്ട് കുട്ടികൾ ചിരിച്ചു. നാണിച്ചു കുണുങ്ങി തല താഴ്ത്തി നിന്ന ശകുന്തളെയെ തോണ്ടിയിട്ട് അടുത്തിരുന്ന പെൺകുട്ടി അല്പം ഉയർന്നു പൊങ്ങി അവളുടെ ചെവിയിൽ എന്തോ പറഞ്ഞു.
ചാഞ്ഞു നിൽക്കുന്ന തെങ്ങിൽ തളപ്പില്ലാതെ വലിഞ്ഞു കേറും പോലെ കിട്ടിയ ചാൻസിന് ബിജുമോൻ അവളെയും പൊക്കി.
“എന്താണ് തോഴി അനസൂയേ…. ഒരു രഹസ്യം…?”
അവൾ ഒന്നും മിണ്ടാതെ ഇരുന്നതേയുള്ളു.
“ദേ……ക്ലാസിലുള്ള അനസൂയയും പ്രിയവദയും മറ്റു തോഴിമാരും പിന്നെ അങ്ങേപ്രത്തിരുന്നു ഉണ്ടക്കണ്ണു മിഴിച്ചു നോക്കുന്ന എല്ലാ ദുർവ്വാസാവുമാരും കേൾക്കാൻ വേണ്ടി പറയുവാ….. ഈ കോളേജിൽ ഒരുത്തന്റേം കണ്ണ് ഈ ശകുന്തളയുടെ മേൽ വീഴരുത്…..ഇവൾ ഇനി ഈ ചേട്ടന് സ്വന്തം…!!! “
അവന്റെ ഒടുക്കത്തെ ഡയലോഗിൽ കണ്ണുംതള്ളി, ക്ലാസ്സിലേക്ക് കയറണോ വേണ്ടയോ എന്നാലോചിച്ച്, ഒരു കാൽ അന്തരീക്ഷത്തിലേക്ക് ഉയർത്തി പട്ടി മുള്ളാൻ നിൽക്കുംപോലെ നിന്നു പോയ എന്റെ തോളത്തേക്ക് എവിടെ നിന്നോ ഓടിവന്ന ടിനുവിന്റെ കൈകൾ മിസൈൽ പോലെ വന്നു വീണത് അതേ നിമിഷം!!
ബിജുമോന്റെ ഡയലോഗിന്റെ അവസാനഭാഗത്തെ ‘ചേട്ടൻ’ പ്രയോഗത്തിനൊപ്പം ആരോ എടുത്തെറിഞ്ഞപോലെ ഈ ചേട്ടൻ ക്ലാസ്സ് മുറിയിൽ ഹാജർ!
പിറകിലത്തെ ടേബിളുകളിൽ ഇരുന്നിരുന്ന കുട്ടികൾ ചേട്ടനെക്കാണാൻ ചാടി എഴുന്നേറ്റു.
‘ഞാനല്ല ആ ചേട്ടൻ…… ഞാൻ അത്തരക്കാരനെയല്ല…’ എന്ന് വിളിച്ചു പറയണം എന്നുണ്ടായിരുന്നു. അതെങ്ങനെ,കണ്ടകശ്ശനി വന്നാൽ കൊണ്ടേ പോകൂ എന്നു പറയുംപോലെ നല്ല നേരത്ത് നമ്മുടെ നാവ് അണ്ണാക്കിൽ ഒട്ടിക്കിടക്കും, അനങ്ങത്തേയില്ല.
ക്ലാസ്സിലെ കുട്ടികൾ ആർത്തുവിളിച്ചു. ഞാൻ ദയനീയമായി ശകുന്തളയെ നോക്കി, അവളുടെ കത്തുന്ന കണ്ണിൽ നിന്ന് നീർതുള്ളികൾ ഒഴുകിയിറങ്ങുന്നു.
ഇത്രയും നേരത്തെ അഭ്യാസപ്രകടനങ്ങൾ ഒരു നിമിഷം കൊണ്ട് ആവിയാക്കിക്കളഞ്ഞ എന്നെ കടുപ്പിച്ചൊന്നു നോക്കിയിട്ട് കേൾക്കാൻ കൊള്ളാത്ത ഒരു തെറി എന്റെ ചെവിയിലേക്ക് ചവച്ചുതുപ്പി ബിജുമോനും ആസ്മാദികളും ക്‌ളാസ്‌റൂം വിട്ടു.
‘ഇനിയെന്തോ ചെയ്യും? ‘ഞാൻ ടിനുവിന്റെ മുഖത്തേക്ക് നോക്കി.
“അടിപൊളി…. വാ പോകാം…” അവൻ എന്റെ കയ്യിൽ പിടിച്ചു.
തിരിച്ചു നടക്കുന്നതിനിടയിൽ ഒന്നുകൂടി തിരിഞ്ഞു നോക്കി. ചുറ്റും കുട്ടികൾ കൂടി നിൽക്കുന്നതു കൊണ്ട് ശകുന്തളയെ കാണാൻ പറ്റുന്നില്ല.
“നീ വിഷമിക്കേണ്ട, ഇന്റർവെൽ ടൈമിൽ നേരിട്ട് കണ്ട് ആ ദുഷ്യന്തൻ നീയല്ല എന്ന് അവളെ ബോധ്യപ്പെടുത്താം….” ടിനുസമാധാനിപ്പിച്ചു.
“ഹേയ്…..വെറുതെയാടാ… രണ്ടാംവട്ടവും അവൾ ക്ഷമിക്കുമെന്ന് എനിക്കു തോന്നുന്നില്ല..”
“രണ്ടാം വട്ടമോ?…. അതെപ്പോ…?”
ഒന്ന് പണ്ട് പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം.
സ്കൂൾ തുറന്നു ക്‌ളാസുകൾ ഒക്കെ റെഗുലർ ആയി വരുന്നതേയുള്ളൂ. ഉച്ചയൂണ് അഞ്ചു മിനിറ്റുകൊണ്ട് വീട്ടിവിഴുങ്ങിയിട്ട് കൈ പോലും തുടയ്ക്കാൻ സമയം പാഴാക്കാതെ സ്കൂളിന്റെ മൂന്നാം നിലയിലേക്ക് ഒരോട്ടം ഉണ്ട്. അവിടെയാണ് എട്ടാം ക്ലാസ്സ്.
പുത്തൻ യൂണിഫോമിൽ ആദ്യമായി ഹൈസ്കൂളിൽ എത്തിയതിന്റെ അമ്പരപ്പും ആഹ്ലാദവും പങ്കിട്ട് പുതുമഴ പെയ്യുമ്പോൾ പുതുവെള്ളം തേടിപ്പോകുന്ന മീനുകളെപ്പോലെ ലക്കും ലഗാനുമില്ലാതെ വരാന്തയിലൂടെ നടക്കുന്ന എട്ടാം ക്ലാസ്സുകാരുടെ ഇടയിലൂടെ പൂണ്ടുവിളയാടി അൽപനേരം നടക്കുമ്പോൾ കിട്ടുന്ന ഒരു സുഖം……..!!!! …….ആ കറക്കം കഴിഞ്ഞ് അന്നത്തെ തട്ടലും മുട്ടലും അല്പം പൊടിപ്പും തൊങ്ങലും വച്ചു കൂട്ടുകാരോടു വിവരിക്കുമ്പോൾ കിട്ടുന്ന ആനന്ദം…..!!!
അതിന്റെയൊക്കെ ലഹരി അനുഭവിച്ചവർക്കു മാത്രമേ അറിയൂ മോനേ….!!!
അപ്രതീക്ഷിതമായി അന്നത്തെ കറക്കത്തിനിടക്ക് എനിക്കൊരു കൂട്ടുകിട്ടി.
മൂത്താപ്പ ജോബി!
തോറ്റു തോറ്റ് ഒൻപതിൽ ഇനിയും എത്രവട്ടം തോൽക്കാൻ സാധിക്കുമെന്നറിയാൻ പരീക്ഷണം നടത്തുന്നതിനിടയിൽ, സ്കൂളിലെ ടീച്ചർമാർ ഗൂഢാലോചന നടത്തി പത്തിലേക്കു തത്തിച്ചു വിട്ടതിന്റെ അഹംഭാവം ആ മുഖത്തുണ്ട്! പക്ഷേ പിണക്കാൻ വയ്യ. പൊടിമീശക്കാരൻ ജോബിയുടെ മുന്നിൽ നമ്മൾ വെറും അശു!
“എന്തുവാടാ കളക്ഷൻ എടുക്കാൻ ഇറങ്ങിയതാണോ?” ഒരു കൈ എന്റെ തോളത്തിട്ടുകൊണ്ട് ഒരു ലോഹ്യാന്വേഷണം.
“ഏയ്……എന്റെ അയല്പക്കത്തുള്ള ഒരു ചെക്കൻ പുതുതായി എട്ടിൽ ചേർന്നിട്ടൊണ്ട്…. ഉച്ചക്ക് അവനെ ഒന്നു നോക്കണം എന്ന് അവന്റെ അമ്മ പറഞ്ഞു…. നോക്കാൻ പോകുവാ….” നിഷ്കളങ്കമായ ഒരു ഒരു സ്ഥിരം കള്ളം പറഞ്ഞിട്ട് ജോബിയെ നോക്കി.
അങ്ങേര് അതൊന്നും ശ്രദ്ധിച്ച മട്ടില്ല. എതിർ വശത്തുനിന്ന് നടന്നു വരുന്ന രണ്ടു പെൺകുട്ടികളിൽ ആണ് നോട്ടം.
നല്ല സുന്ദരിക്കുട്ടികൾ!
ഉടയാത്ത പുത്തൻ സ്കൂൾ യൂണിഫോമിൽ, പിന്നിക്കെട്ടിയ മുടിയിൽ റിബ്ബൻ ഉയർത്തിക്കെട്ടി ചിരിച്ചു കൊണ്ട് ചിത്രശലഭങ്ങൾ പോലെ വരുന്ന അവരെ കണ്ടപ്പോൾ മനസ്സിൽ ഓർത്തു, ഇവരുടെ പേര് ഒന്ന് ചോദിക്കണം. പക്ഷേ ഇപ്പൊ വേണ്ട, ജോബി കേൾക്കും.
ചെറിയ വരാന്തയിലൂടെ എന്റെ അരികിലൂടെ എതിർവശത്തേക്കു നടന്നുപോയ പെൺകുട്ടികളിൽ ഒരാൾ പെട്ടന്ന് ഉറക്കെ കരഞ്ഞുകൊണ്ട് നിലത്തേക്കിരുന്നു.
“അയ്യോ……അമ്മേ “
ഞാൻ ഞെട്ടിത്തിരിഞ്ഞു നിന്നു! എനിക്കൊന്നും മനസ്സിലായില്ല.
“പറയും ചെറക്കാ…. ഞാൻ അച്ചാച്ചന്മാരോടു പറഞ്ഞു കൊടുക്കും ചെറക്കാ……എന്തിനാ എന്നെ പിച്ചിപ്പറിച്ചേ…… ” എന്റെ മുഖത്തേക്ക് നോക്കി കരഞ്ഞുകൊണ്ടുള്ള ആക്രോശം!
“എന്താ….. എന്നാ പറ്റി? ” എന്റെ പിന്നാലെ നടന്നുവന്നിരുന്ന എന്റെ സഹപാഠി റംല ആ പെൺകുട്ടിയുടെ അടുത്തേക്കിരുന്നു.
“ഈ ചെറക്കൻ എന്റെ ഇവിടെ പിച്ചിപ്പറിച്ചു ചേച്ചി…. ” പെൺകുട്ടി മാറത്തു കൈ അമർത്തിപ്പിടിച്ചു വീണ്ടും കരഞ്ഞു.
“ത്ഫൂ!!…. നാണം കെട്ടവനേ!!…” റംല ഒരാട്ട്.
തല കുമ്പിട്ട് തിരികെ ക്ലാസ്സിലേക്കു നടക്കുമ്പോൾ ഞാൻ ആ സംഭവം ഒന്നു സ്ലോമോഷനിൽ റീവൈൻഡ് ചെയ്തു നോക്കി.
എതിരെ വരുന്ന പെൺകുട്ടികൾ…. അവർ എന്റെ അടുത്തെത്തിയതും എന്റെ വലതു തോളിൽ ഇരുന്ന മൂത്താപ്പ ജോബിയുടെ വലതു കൈ മെല്ലെ ഊർന്ന് താഴേക്ക്…… എന്നോടു ചേർന്ന് എതിരെ വന്ന പെൺകുട്ടിയുടെ മാറത്ത് ഒന്നു പിടിമുറുക്കി കൈകൾ വലിച്ചു അവൻ മുന്നോട്ടു നടന്നുപോകുന്നു …. കരഞ്ഞു കൊണ്ട് പെൺകുട്ടി നിലത്തേക്കിരിക്കുന്നു…..
ഓർത്തപ്പോൾ തന്നെ ശരീരമാസകലം ഒരു വിറയൽ! ഡ്രിൽ മാസ്റ്റരുടെ ചൂരൽക്കഷായം പ്രതീക്ഷിച്ചു വൈകുന്നേരം വരെ ക്ലാസ്സിൽ വീർപ്പുമുട്ടി ഇരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല.
പിറ്റേന്ന് സ്കൂളിലേക്ക് എത്തുമ്പോൾ ദൂരെ നിന്നേ കണ്ടു, സ്കൂൾ ഗേറ്റിനരുകിൽ ഇന്നലെ കണ്ട പെൺകുട്ടി! അരികിൽ കടാമുട്ടൻമാരായ നാലുപേർ!
സ്കൂളിലേക്കു വരുന്ന ഓരോ ആൺകുട്ടിയേയും ചൂണ്ടി അവർ എന്തോ ചോദിക്കുന്നു.
തിരിച്ചോടിയാലോ എന്ന് ആലോചിച്ചു. പക്ഷേ ഇനി പറ്റില്ല, അവർ കണ്ടു കഴിഞ്ഞു.
വിറയ്ക്കുന്ന കാലുകളുമായി പുറത്തു തൂക്കിയ ബാഗിന്റെ വള്ളിയിൽ മുറുകെപ്പിടിച്ച് റോഡിലെ ടാറിങ് ഇളകിയിട്ടുണ്ടോ എന്ന് മാത്രം നോക്കിക്കൊണ്ട് മുന്നോട്ടു നടക്കുമ്പോൾ ഒരു തടിയന്റെ ചോദ്യം കേട്ടു.
“ഇവനാണോ ശകൂ നിന്നെ ഉപദ്രവിച്ചത്?”
അടി ഉറപ്പായി……
ദയനീയമായി അവളുടെ കണ്ണുകളിലേക്ക് തലയുയർത്തി നോക്കി. അവൾ ഒരു നിമിഷം ഒന്നും മിണ്ടാതെ എന്റെ കണ്ണിലേക്കു നോക്കി നിന്നു, പിന്നെ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു.
“അല്ലച്ചാച്ചാ……”
കേട്ടത് വിശ്വസിക്കാൻ കഴിയാതെ അവിടെത്തന്നെ തറഞ്ഞു നിന്നപ്പോൾ ഒരു തടിയന്റെ വക ഡയലോഗ്.
“ഡാ ഡാ…… എന്താടാ ഞങ്ങടെ പെങ്ങളെ നോക്കി വെള്ളമിറക്കുന്നത്…..പോടാ.. വിട്ടുപോടാ…”
അഞ്ചു വർഷങ്ങൾ…..
ആ പെണ്ണിനെ എന്നല്ല ഒരു പെണ്ണിനേയും നോക്കി നിൽക്കാനോ വെള്ളമിറക്കാനോ പോയിട്ടില്ല!!
എന്തിന്…… കൂട്ടുകാർ ആരെങ്കിലും തോളത്തു കൈ വച്ചാൽ പോലും ചങ്കിന്റെ പെടപ്പ് കൂടും!
“ടാ ടിനു…..അഞ്ചുകൊല്ലങ്ങൾക്ക് ശേഷം….. അതേ പെണ്ണ്….. അതേ കണ്ണുനീർ….തോളത്തു വീണ കൈ അന്ന് ജോബിയുടേതാണെങ്കിൽ ഇന്ന് നിന്റെ….. ദൈവമേ എന്നേം കൊണ്ട് പോകാൻ നീ സൃഷ്ടിച്ചതാണോ ഈ സാധനത്തിനെ…?”
“സാരമില്ലളിയാ…… കണ്ണേൽ കൊള്ളാനുള്ളത് പുരികത്തേൽ കൊണ്ടതാന്ന് വിചാരിച്ചാ മതി.”
“അതേടാ…. ബിജുമോന്റെ കണ്ണേൽ കൊള്ളാനുള്ളത് എന്റെ പുരികത്തേൽ അല്ലേ….?”
“ടാ…. നീ വിഷമിക്കാതെ…. ഇന്റർവെൽ ടൈമിൽ നമുക്ക് ഒന്ന് മുട്ടി നോക്കാം…”
ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു ഫസ്റ്റ് ഇയർ ബ്ലോക്കിലേക്ക് നടക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ ടിനുവിന്റെ കൈ എന്റെ തോളത്തു തന്നെ വീണു.
കൈ എടുത്തു മാറ്റിയിട്ട് മുറ്റത്തരുകിലെ ബദാം മരത്തിന്റെ ചോട്ടിൽ നിലയുറപ്പിച്ച് മൊത്തത്തിൽ ഒരു വിഹകവീക്ഷണം നടത്തി.
അതാ കോളേജിന്റെ നീളൻ വരാന്തയിലൂടെ നടന്നു പോകുന്നു ശകുന്തളയും കൂട്ടുകാരിയും.
“അതേയ്…. കുട്ടി ഒന്നു നിന്നേ….സഞ്ജുവിന് തന്നോട് അല്പം സംസാരിക്കാനാ…ഒന്നു വരുമോ? ” ടിനു അവളെ തടഞ്ഞു നിർത്തിയിട്ട് മുറ്റത്തരുകിലെ ബദാം മരച്ചുവട്ടിലേക്ക് വിരൽചൂണ്ടി.
ബദാം മരത്തിന്റെ ചുവട്ടിൽ ‘നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ……ഈ നരകത്തീന്നെന്നെ കരകേറ്റീടണേ…..’ എന്ന ഭാവത്തിൽ നിൽക്കുന്ന എന്നെക്കണ്ടപ്പോൾ അവളുടെ മുഖത്ത് കോപത്തിനു പകരം ചെറിയൊരു ചിരി കണ്ടു.
പ്രതീക്ഷിച്ചതിൽ നിന്ന് വിപരീതമായി ഒരു കൂസലുമില്ലാതെ ശകുന്തള എന്റെ നേർക്ക് നടന്നു വരുന്നതു കണ്ടപ്പോൾ ചങ്കിൻ കൂടിനകത്തു കിടന്ന് എന്റെ കൊച്ചു ഹൃദയം വെള്ളത്തിൽ മുങ്ങിത്താഴാൻ പോകുന്ന കൊച്ചു കുട്ടിയെപ്പോലെ തല്ലിപ്പിടക്കാൻ തുടങ്ങി!
അവളുടെ കണ്ണിലേക്കു നോക്കാൻ ഭയം തോന്നി!
താഴേക്കു നോക്കി പതുക്കെ പറഞ്ഞു.
“അന്ന് പിച്ചിപ്പറിച്ചത് ഞാനല്ല….” ശബ്ദത്തിൽ നല്ല വിറയൽ ഉണ്ടായിരുന്നു.
പെട്ടെന്നുള്ള അമ്പരപ്പു മാറിയപ്പോൾ അടക്കിയ ഒരു ചിരി.
“അറിയാം…..ജോബി ഇപ്പൊ അച്ചാച്ചന്മാരുടെ കൂടെ കൂപ്പിൽ തടിപ്പണി ആണ്….”
“അയ്യോ അതെന്നാ….?” അന്നത്തെ സംഭവത്തിനുശേഷം മൂത്താപ്പ പഠിത്തം നിർത്തി എന്നത് ഓർക്കുന്നു.
“പത്തൊൻപതു വയസ്സു കഴിഞ്ഞവൻ പത്താം ക്ലാസ്സിൽ പോണേക്കാൾ നല്ലത് പണിക്കു പോന്നതാണ് എന്ന് അച്ചാച്ചന്മാർ ‘ഉപദേശിച്ചു’.”
‘ഉപദേശ ‘ ത്തിൽ വന്ന ഊന്നൽ എന്റെ ഹൃദയത്തിന് അത്രക്കങ്ങു പിടിച്ചില്ല. അതു ചങ്കുംകൂടു തകർത്തു വെളിയിൽ ചാടാൻ പരിശ്രമം തുടങ്ങി.
“ഇന്നു ക്ലാസ്സിൽ നടന്ന കാര്യത്തിലും എനിക്കു മനസ്സറിവില്ല….. ” അവൾ തലയുയർത്തി എന്റെ കണ്ണുകളിലേക്കു നോക്കി.
“ഓഹോ….. ഒഴിവാകാൻ നോക്കുവാണോ? അന്ന്, പിച്ചിപ്പറിച്ചതല്ല എന്നു മനസ്സിലാക്കാനുള്ള പ്രായം എനിക്കില്ലായിരുന്നു…. പക്ഷേ ഇന്ന് ചേട്ടൻ എന്നു പറഞ്ഞാൽ ആരാണെന്നു നന്നായി അറിയാം…”
“അയ്യോ സത്യമായിട്ടും അവൻ ഉദ്ദേശിച്ച ‘ചേട്ടൻ ‘ ഞാനല്ല…”
“സഞ്ജു പ്ലസ് ടു എവിടെയാ പഠിച്ചത്?”
“കോതമംഗലത്ത്…..അമ്മയുടെ വീട്ടിൽ നിന്ന്.”
“എന്തേ നമ്മുടെ സ്കൂളിൽ പഠിക്കാത്തത്?”
“ഹെന്റമ്മോ….. തടിപ്പണിക്കു പോണ ചേട്ടൻമാരുടെ തലവെട്ടം കാണുമ്പോ മൂത്രമൊഴിക്കാൻ മുട്ടുന്ന അസുഖം മാറിക്കിട്ടിയത് പത്തിലെ അവസാനത്തെ പരീക്ഷ കഴിഞ്ഞ അന്നാ…..”
അവൾ വാ പൊത്തിപ്പിടിച്ചു കൊണ്ട് ചിരിച്ചു.
“ഇപ്പൊ മനസ്സിലായില്ലേ… ആ ദുഷ്യന്തൻ ഞാനല്ല എന്ന്..?”
പിടിച്ചു കെട്ടിയപോലെ അവളുടെ ചിരി നിന്നു.
“അതു മോശമായിപ്പോയി സഞ്ജു….”
“എന്ത്..? ” എന്റെ കണ്ണുകൾ മിഴിഞ്ഞു.
“ആൾ എവിടെപ്പോയി എന്ന് അന്വേഷിച്ചു നാലു വർഷം നോക്കി നോക്കി നടന്നിട്ട്…….ഇന്ന് ക്ലാസ് റൂമിനുള്ളിൽ……,ശകുന്തളേ ഇതാ നിന്റെ ദുഷ്യന്തൻ എന്ന് ആരോ മുന്നിലേക്കിട്ടു തന്നു ….ഇപ്പൊ ഒറ്റയടിക്ക് അയാൾ ഞാനല്ല എന്നു പറഞ്ഞാൽ …..”
ചെവിയിൽക്കൂടി കയറിയിറങ്ങി നെഞ്ചിൽ ചേക്കേറിയ അവളുടെ വാക്കുകൾ പെരുമ്പറപോലെ അടിച്ചു കൊണ്ടിരുന്ന എന്റെ ഹൃദയത്തെ വരിഞ്ഞു മുറുക്കി! അതു നിശ്ചലമായി നിന്നു.
“അപ്പോ…..ദുഷ്യന്തൻ….?”
വല്ലാത്തൊരു നാണത്തോടെ ഒന്നു ചിരിച്ചു തല കുനിച്ചിട്ട് എന്റെ ചങ്കിന്റെ മുകളിൽ വലതു കൈ ചേർത്തു പിന്നോട്ടു തള്ളിയിട്ട് അവൾ തിരിഞ്ഞോടി.
ബദാം മരം പൊഴിച്ചിട്ട രക്തവർണ്ണമുള്ള ഇലകൾക്കു മുകളിലേക്ക് ഭാരം നഷ്ടപ്പെട്ട തൂവൽ പോലെ വീണു പോകുമ്പോൾ, നെഞ്ചിന്റെ മുകളിലെ കരസ്പർശം തീർത്ത കാന്തികവലയത്തിൽപ്പെട്ട് എന്റെ കുഞ്ഞു ഹൃദയം വല്ലാതൊന്നുലഞ്ഞു. പിന്നെ പതിയെപ്പതിയെ അതിന്റെ താളം വീണ്ടെടുത്തു.
ഞാൻ എന്റെ നെഞ്ചത്തേക്കു കൈ വച്ചു. അതിനുള്ളിൽ ഹൃദയം ആനന്ദനൃത്തം ചവിട്ടുകയായിരുന്നു!
വെറും തുള്ളിച്ചാട്ടമല്ല, പ്രണയത്തിന്റെ താളത്തിലുള്ള നല്ല അസ്സല് ഡപ്പാൻ കൂത്ത്!!