വർണ്ണം ~ രചന: സീതാ കൃഷ്ണ
കടലിൽ അലിഞ്ഞു ചേരാൻ കൊതിക്കുന്ന സൂര്യൻ്റെ ഭംഗി ആസ്വദിച്ചു നില്ക്കുമ്പോഴും മനസ്സ് തിരയടങ്ങാത്ത കടൽ പോലെയായിരുന്നു… കാമുകൻ്റെ നെഞ്ചോട് ചേരാൻ കൊതിക്കുന്ന കാമുകിയുടെ ചുവന്ന് തുടുക്കുന്ന കവിളുകൾ പോലെ ആകാശം അന്തിചുവപ്പണിഞ്ഞിരുന്നു …കടലിനേയും സൂര്യനേയും ആകാശത്തേയും ആ ഒത്തുചേരൽ ഒരു പോലെ സുന്ദരമാക്കിയിരുന്നു….
ശരിയാണ് ഭൂമിയിലെ സർവ്വ സൃഷ്ടിയിലും സൗന്ദര്യം നിറഞ്ഞ് നിൽക്കുന്നു…കടലിനും ഭൂമിക്കും ആകാശത്തിനും ചുറ്റുമുള്ള പ്രകൃതി പോലും സൗന്ദര്യത്തിൽ മുങ്ങി കുളിച്ചാണ് നിൽക്കുന്നത്….
എല്ലാം കണ്ട് നില്ക്കുമ്പോഴും ചുണ്ടിൽ ഒരു ചിരിയായിരുന്നു.. വേദനയുടെ.,അപകർഷതയുടെ…. തിരസ്ക്കാരത്തിൻ്റെ… ഒറ്റപ്പെടലിൻ്റെ…..അവജ്ഞയുടെ….. എന്തായിരുന്നു ആ ചിരിക്ക് പിന്നിലെന്ന് തനിക്ക് തന്നെ വേർതിരിച്ചെടുക്കാൻ പ്രയാസം തോന്നി….
പുച്ഛത്തോടെ സ്വന്തം ശരീരത്തിലേക്ക് നോക്കി….. കറുപ്പാണോ…ഇരുനിറമാണോ…. അറിയില്ല… പക്ഷെ വെളുപ്പിൻ്റെ അരികിൽ നില്ക്കുമ്പോൾ തൻ്റെ കറുപ്പിൻ്റെ തീവ്രത കൂടുതലാണ് ..അത് വെളുപ്പിനെ ഒന്നു കൂടി ജ്വലിപ്പിച്ചിരുന്നു…. കാലിൽ വന്ന് തട്ടിപ്പോകുന്ന തിരകൾക്ക് പോലും തന്നോട് അവജ്ഞയാണെന്ന് തോന്നിപ്പോകുന്നു…..
എന്നു മുതലാണ് തന്നിൽ ഈ അപകർഷത വന്ന് നിറഞ്ഞ് തുടങ്ങിയത്….
ചെറുപ്പത്തിൽ സ്കൂളിൽ എന്നും ക്ലാസിൽ ഒറ്റയ്ക്കായിരുന്നു… കറുത്ത് എല്ലുന്തിയ ശരീരവും ചെറിയ ഇടുങ്ങിയ കണ്ണുകളും വലിയ.. ആകൃതിയില്ലാത്ത മൂക്കും…. പൊന്തി പുറത്തേക്ക് നില്ക്കുന്ന പല്ലുകളും കറുത്തിരുണ്ട മോണകളും ജാനി എന്ന ഭംഗിയില്ലാത്ത കുട്ടിയിൽ നിന്ന് അകന്ന് നില്ക്കാൻ സഹപാഠികളെ പ്രേരിപ്പിച്ചു….. ഭംഗിയില്ലാത്ത കൂട്ടുകാരിയെ ആരും കൂടെ കൂട്ടിയില്ല ….ചിരിക്കാൻ വരെ പേടിയായിരുന്നു.. ചിരിക്കുമ്പോൾ മുഖം ഒന്നുകൂടി വികൃതമാണെന്ന തോന്നൽ ഉള്ളിൽ ശക്തമായിരുന്നു…
ഞാൻ തന്നെ കണ്ണാടിയിൽ കാണുന്ന തൻ്റെ രൂപത്തെ വെറുത്ത് തുടങ്ങിയിരുന്നു… എല്ലായിടത്തും ഒറ്റപ്പെട്ടു തുടങ്ങിയിരുന്നു… അനിയന് പോലും താൻ അവൻ്റെ ചേച്ചിയാണെന്ന് പറയുന്നതിൽ നാണക്കേട് ഉള്ള പോലെ…..ആരും ശ്രദ്ധിക്കാതെ ക്ലാസിലെ മൂലയിൽ ഒതുങ്ങി കൂടിയിരുന്ന ബാല്യം….. പിന്നെ പിന്നെ മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ എല്ലാവരോടും അങ്ങോട്ട് കയറി സംസാരിച്ചു തുടങ്ങി…. ഒരു വായാടിയായി…. കുറച്ച് സൗഹൃദങ്ങൾ അതിനൊപ്പം വന്നു ചേർന്നെങ്കിലും അപ്പോഴും അവയൊന്നും ആത്മാവിൽ തട്ടിയ സൗഹൃദങ്ങൾ ആയിരുന്നില്ല… കൗമാരത്തിൽ എല്ലാ പെൺകുട്ടികളെ പോലെയും എന്നിലും ചെറിയ മാറ്റങ്ങൾ സംഭവിച്ചെങ്കിലും അതു കാര്യമായ മാറ്റങ്ങൾ ഒന്നും ശരീരത്തിൽ ഉണ്ടാക്കിയില്ല….
കൂടെ പഠിക്കുന്നവരെല്ലാം പ്രണയത്തെക്കുറിച്ചു സംസാരിച്ചു…. പരസ്പരമുള്ള പ്രണയം നിറഞ്ഞ നോട്ടങ്ങളും കണ്ടറിയുന്നുണ്ടായിരുന്നു… തൻ്റെ മനവും അറിയാതെ ആഗ്രഹിച്ചിരുന്നു സ്നേഹത്തോടെ പ്രണയത്തോടെ ആരെങ്കിലും തന്നെ നോക്കിയിരുന്നെങ്കിലെന്ന് ….അതിനായി കണ്ണുകൾ പരതി നടന്നിരുന്നെങ്കിലും നിരാശയായിരുന്നു ഫലം…. എന്തിന് കാ മത്തോടെ പെൺ ശരീരത്തെ കൊത്തി വലിക്കുന്ന കഴുകൻ കണ്ണുകൾ പോലും അവജ്ഞയോടെ തന്നെ നോക്കുന്നത് ആത്മനിന്ദയോടെ കണ്ടു….
എല്ലാം ഉള്ളിലൊതുക്കി രാത്രിയിൽ തൻ്റെ സങ്കടങ്ങൾ തലയിണയോട് പരിഭവത്തോടെ പറഞ്ഞ് ഒഴുക്കി കളഞ്ഞിരുന്നു….കാലം തന്നെയൊരു യുവതിയാക്കിയപ്പോഴും മാറ്റങ്ങൾ മാറാതെ നിന്നു,….
ജീവിതം കെട്ടിപ്പടുക്കാനുള്ള തത്രപ്പാടിൽ അച്ഛനും അമ്മയും തൻ്റെ ദുഃഖങ്ങൾ അറിഞ്ഞില്ല… കൂട്ടുകൂടലുകൾ അനിയനേയും തിരക്കുള്ളവനാക്കി…. ഞാനായി എനിക്ക് തന്നെ ഒരു ഒറ്റ തുരുത്തൊരുക്കി…. മറ്റുള്ളവരോട് ചിരിച്ച് കളിക്കുമ്പോഴും എന്നിലെ എന്നെ ഞാൻ എനിക്കുള്ളിൽ ചങ്ങലക്കിട്ടു…. ആ ചങ്ങലക്കെട്ടിൽ കിടന്ന് എൻ്റെ ഉള്ളം വ്രണപ്പെട്ടു… അതിൽ നിന്ന് രക്തവും ചലവും ഒഴുകി…. എന്നിട്ടും അത് പുറത്തേക്കൊഴുകാനാകാതെ ഞാൻ എൻ്റെ ഉള്ളിൽ തടയണ കെട്ടി നിർത്തി…..
പതിനെട്ട് കഴിഞ്ഞപ്പോൾ മുതൽ കല്യാണാലോചനകൾ തുടങ്ങി… എത്രയും പെട്ടെന്ന് ഞാനെന്ന ബാധ്യതയെ ഇറക്കി വയ്ക്കാൻ വീട്ടുകാരുടെ തിടുക്കം….അത് മറ്റൊരു പ്രഹസനമായി എന്നെ തന്നെ നോക്കി പരിഹസിക്കാൻ തുടങ്ങിയിരുന്നു….
ജാതകമെന്ന കണക്ക് പട്ടികയിൽ കുരുങ്ങിയൊരു ഭാവി ….. തന്നെ കാണാൻ വരുന്നവർക്കുള്ള ഒരേ ഒരു പിടിവള്ളി അതായിരുന്നു….അതിനിടയിൽ പഠിച്ചു ഒരു ചെറിയ ജോലി നേടി… അതായിരുന്നു ഏക ആശ്വാസം എൻ്റെ സമയം കൊല്ലി…
അങ്ങനെ വർഷങ്ങൾ മാറി മറിഞ്ഞു കൊണ്ടിരുന്നു…. അപ്പോഴും വിവാഹ കമ്പോളത്തിൽ ഞാനെന്ന ഉരുവിന് വിലയില്ലാതായി….
അല്ലെങ്കിലും വിവാഹം എന്ന് പറയുന്നത് ഒരു കച്ചവടമാണല്ലോ… ഒന്നുകിൽ പെണ്ണിന് നല്ല നിറവും സൗന്ദര്യവും വേണം അല്ലെങ്കിൽ സ്ത്രീധനം എന്ന പേരിൽ എണ്ണി തിട്ടപ്പെടുത്തുന്ന സ്വർണ്ണത്തിൻ്റെ തൂക്കത്തിൽ തുലനം ചെയ്യപ്പെടണം….ഇതിന് രണ്ടിനും കഴിയാത്തത് കൊണ്ട് ഈ മുപ്പതാം വയസ്സിലും ഒരു എടുക്കാ ചരക്കായി തഴയപ്പെട്ടുകിടക്കുന്നു….
അനിയൻ്റെ ജീവിതത്തിന് ഒരു തടസ്സമാകുമെന്ന് കണ്ട് താൻ തന്നെ നിർബന്ധിച്ചു അവൻ്റെ വിവാഹത്തിന് വഴിയൊരുക്കി കൊടുത്തു….
വന്ന് കയറിയവളുടെ സൗന്ദര്യം കൊണ്ടോ പണത്തൂക്കം കൊണ്ടോ താൻ ആ വീട്ടിൽ ഒരധികപറ്റാണെന്ന് തോന്നി തുടങ്ങി…. ഒളിഞ്ഞും തെളിഞ്ഞും എല്ലാവരും അത് പറയാതെ പറഞ്ഞിരുന്നു….പക്ഷെ ഇന്ന് അവൾ അത് മുഖത്ത് നോക്കി പറഞ്ഞു… താനവർക്ക് ഒരു ബാധ്യത ആണെന്ന്… അച്ഛനും അമ്മയും അനിയനും അവൾക്കെതിരെ ഒരു നോക്ക് കൊണ്ട് പോലും എതിര് പറഞ്ഞില്ല…. ക്ഷമിക്കാൻ പിന്നെയും കഴിയുമായിരുന്നില്ല….ഒന്നാർത്തലച്ചു കരയാൻ എങ്ങോട്ടെങ്കിലും ഓടി പോകണമെന്ന് തോന്നി… ലക്ഷ്യമില്ലാതെ വന്ന് നിന്നത് ഈ കടൽ കരയിലാണ്…. എപ്പോഴും ആർത്തലച്ച് കരയുന്ന കടലമ്മയുടെ മാറിലേക്ക് വീണ് തനിക്കും കരയണമെന്ന് തോന്നി…
ആളില്ലാത്ത തീരം നോക്കി കാലുകൾ അറിയാതെ മുന്നോട്ട് നീങ്ങി …. അവസാനം അപകടം എന്ന ബോർഡ് കണ്ട് ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു ഒരു വിജയിയുടെ വിരി….
തിരകളെ വകഞ്ഞു മാറ്റി കാലുകൾ മുന്നോട്ട് കുതിച്ചു…. പെട്ടെന്നാണ് മുന്നിൽ ഒരു മനുഷ്യൻ പ്രാണന് വേണ്ടി പിടയുന്നത് കണ്ടത്… എൻ്റെ ലക്ഷ്യം മറന്ന് എങ്ങനെയൊക്കെയോ വലിച്ചിഴച്ച് അയാളെ കരയിലേക്ക് വലിച്ചു കയറ്റി….വായിലും മൂക്കിലും കയറിയ ഉപ്പുവെള്ളം ചുമച്ചും ശർദിച്ചും പുറത്തേക്ക് കളയുന്നുണ്ടായിരുന്നു… ഞാനും ചുമയ്ക്കുന്നുണ്ടായിരുന്നു….
ഒട്ടൊരു ആശ്വാസം തോന്നിയതും തല ചെരിച്ച് അയാളെ നോക്കി….. ഒരു കൊച്ചു കുഞ്ഞിനെ പോലെ അയാൾ ഏങ്ങലടിച്ച് കരയുന്നുണ്ടായിരുന്നു…. എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്നു…. പിന്നെ അയാളുടെ അരികിൽ ചെന്ന് നിന്നു…. അപ്പോഴും അതൊന്നുമറിയാതെ അയാൾ ഏങ്ങലടിച്ചു… അയാളുടെ തോളിലേക്ക് കൈവച്ചു പതിയെ വിളിച്ചു….
സാർ…..
ആ വിളി അയാളെ ഭ്രാന്തനാക്കിയെന്ന് തോന്നി… എൻ്റെ കൈകൾ തട്ടിയെറിഞ്ഞ് ഭ്രാന്തനെ പോലെ അയാൾ അലറി വിളിച്ചു കരഞ്ഞു…. ഞാനും ആഗ്രഹിച്ചിരുന്നു അയാളെ പോലെ ഒന്ന് അലറി കരയാൻ….
സമയം ഒരു പാട് കടന്ന് പോയി ഇരുട്ട് പരന്ന് തുടങ്ങി… അയാളുടെ മനസ്സൊന്നു ശാന്തമായെന്ന് തോന്നി… വീണ്ടും പതിയെ വിളിച്ചു….
സാർ….
അയാൾ എന്നെ തല ചെരിച്ചൊന്ന് നോക്കി… സുന്ദരമായ ആരും കൊതിച്ചു പോകുന്ന ഒരു മുഖം… നാല്പതിനോടടുത്ത് പ്രായം കാണും… കൈയ്യിലും കഴുത്തിലും കിടന്നിരുന്ന കട്ടിയുള്ള സ്വർണ്ണാഭരണങ്ങൾ അയാളൊരു ധനികനാണെന്ന് വിളിച്ചു പറഞ്ഞു…..
സൗന്ദര്യവും പണവും ഉണ്ടായിട്ടും ഇയാളെന്തിനാണ് മരിക്കാൻ തുനിഞ്ഞത്…മനസ്സിൽ ഉയർന്നത് ആ ചോദ്യം ആയിരുന്നു… എൻ്റെ മനസ്സിലെ ചോദ്യം കേട്ട പോലെ അയാൾ അയാളുടെ കഥ പറഞ്ഞ് തുടങ്ങി….
പേര് ജീവൻ….അച്ഛന്റെയും അമ്മയുടേയും ഒരേ ഒരു പുത്രൻ… സന്തോഷവും സമാധാനവും ഉള്ള കുടുംബം… ഇടയിൽ എപ്പോഴോ ജീവിതത്തിലേക്ക് കടന്ന് വന്ന സുന്ദരിയായ പ്രണയിനി… അവളെ തന്നെ ജീവിത സഖിയാക്കി…
സമ്പാദിക്കുന്നത് കുറഞ്ഞ് പോകുന്നു എന്ന തോന്നലിൽ ജീവിതം കടലുകൾക്കപ്പുറത്തേക്ക് പറിച്ചുനട്ടു … ആഗ്രഹിച്ചതൊക്കെ കൈയടക്കി പണം… വലിയ വീട്…. അങ്ങനെ എല്ലാം… അച്ഛനും അമ്മയും ഭാര്യയ്ക്ക് ഭാരമാണെന്ന് പറഞ്ഞപ്പോൾ അവരെ വൃദ്ധസദനത്തിലാക്കി…. ദാമ്പത്യ വല്ലരി പൂവിട്ടു …. മകനിലൂടെ അടുത്തതലമുറയ്ക്ക് അടിത്തറയിട്ടു… അവസാനം എല്ലാം അവസാനിപ്പിച്ചു ഭാര്യയുടേയും മകൻ്റേയും ഒപ്പം ജീവിക്കാൻ കൊതി പൂണ്ട് ഓടിയെത്തി … അപ്പോഴാണ് അറിഞ്ഞത് ഭാര്യ മറ്റൊരുവന് സ്വന്തമായെന്ന്….തൻ്റേതെന്ന് വിശ്വസിച്ച മകൻ പോലും തനിക്ക് അന്യനാണെന്ന്…വിയർപ്പൊഴുക്കി അദ്ധ്വാനിച്ചുണ്ടാക്കിയതെല്ലാം കൈവെള്ളയിലൊതുക്കിയ മണൽ തരി പോലെ ചോർന്ന് പോയിരുന്നു എന്ന്….പിന്നീട് എല്ലാം അവസാനിപ്പിക്കാൻ …. എല്ലാ ദു:ഖങ്ങളും തന്നോടൊപ്പം കടലിൽ ഒഴുക്കി കളയാൻ ഒരു ശ്രമം അതും പാഴായി….
കഥ കേട്ട് കഴിഞ്ഞതും പൊട്ടി പൊട്ടി ചിരിച്ചു… ചിരി കരച്ചിലായി….ഏങ്ങലടികളായി…. ഒരു നൊമ്പരമായി വാക്കുകളിലൂടെ അയാളിലേക്കൊഴുകി…
എല്ലാം കേട്ട് അയാളും ഒരു നിമിഷം നിശബ്ദനായി… പിന്നീട് അതൊരു പൊട്ടിച്ചിരിയായി ആ ചിരി തന്നിലേക്കും പടർന്നു….
സൗന്ദര്യം എന്ന ഒരേ ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങളിൽ നിലക്കുന്നവർ…ഒരാൾക്ക് സൗന്ദര്യമില്ലായ്മയാണ് ശാപമായി തോന്നിയതെങ്കിൽ അടുത്തയാൾക്ക് അതേ സൗന്ദര്യം തന്നെ ശാപമായ് മാറിയ വിരോധാഭാസം …
നിമിഷങ്ങൾ തങ്ങൾക്കിടയിലെ മൗനത്തെ പോലും കൊന്നുകളഞ്ഞിരുന്നു…. സൗന്ദര്യം ഓരോരുത്തരുടേയും ഉള്ളിലാണെന്ന തിരിച്ചറിവിൽ അയാളും താനും യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വന്നിരുന്നു…. ആ തിരിച്ചറിവിൻ്റെ പാത ഒന്നായി തങ്ങളുടെ മുന്നിൽ നീണ്ടു നിവർന്ന് കിടന്നിരുന്നു….
എന്റെ കറുത്തിരുണ്ട മെല്ലിച്ച കൈകളെ അവൻ്റെ വെളുത്ത കൈകൾ കൊണ്ട് ചേർത്ത് പിടിച്ചിരുന്നു…
കറുപ്പിനും വെളുപ്പിനുമല്ല തങ്ങളുടെ ഉള്ളിലുള്ള പ്രണയ ചുവപ്പിനാണ് സൗന്ദര്യം എന്ന തിരിച്ചറിവോടെ ഞാനും അവനൊപ്പം ഒന്നായ് ആ ഒറ്റയടി പാതയിലൂടെ ഒരുമിച്ചൊരു യാത്ര തുടങ്ങി….വർണഭേദങ്ങൾ ഇല്ലാത്ത പ്രണയത്തിന്റെ ലോകത്തേയ്ക്ക്…..
ശുഭം❣️❣️.