രചന: ദിവ്യ കശ്യപ്
ഇരുപത്തഞ്ചാം വയസ്സിലെ അച്ഛനായതിന്റെ എല്ലാ ചളിപ്പും എനിക്കുണ്ടായിരുന്നു…അവളെയും കുഞ്ഞിനെയും ലേബർ റൂമിൽ നിന്നും റൂമിലേക്ക് മാറ്റിയപ്പോൾ കാണാൻ കൂട്ടം കൂടി നിന്ന ബന്ധുക്കളുടെ ഏറ്റവും പുറകിൽ നിന്നു ഞാൻ അങ്ങോട്ട് എത്തിനോക്കി…
അവളുടെ കണ്ണുകൾ എല്ലാ മുഖങ്ങളിലും ആരെയോ പരതി പരതി ഒടുവിൽ എന്റെ മുഖത്ത് തറഞ്ഞു നിന്നു… അവളുടെ കണ്ണുകൾ നിറയുന്ന പോലെ…
റൂമിനെ തിരിച്ചു കെട്ടിയിരിക്കുന്ന കർട്ടന്റെ പുറകിൽ നിന്നും ആരോ എന്നെ തോണ്ടി..
“എന്റമ്മ. “….. അമ്മയുടെ കണ്ണും നിറഞ്ഞിരിക്കുന്നു…
“എന്താ അമ്മേ… എന്താ കണ്ണ് നിറഞ്ഞിരിക്കുന്നെ… “
“സന്തോഷം കൊണ്ടാ… “
“അമ്മൂമ്മ ആയതിന്റെയോ.. “
“അല്ല എന്റെ കണ്ണൻ ഒരച്ഛനായതിന്റെ “…
ബന്ധുക്കളൊക്കെ ഓരോരുത്തരായി പുറത്തേക്കിറങ്ങി പോയിരുന്നു…അവളുടെ അമ്മ മാത്രം അവിടെയിരുപ്പുണ്ട്…
“ചെല്ല്… നീ ചെന്നു അവളുടെ അടുത്തിരിക്ക്… അവൾക്കതൊരു ആശ്വാസമാകും…. “അതും പറഞ്ഞു കൊണ്ട് അമ്മ അവളുടെ അമ്മയേം വിളിച്ചു കൊണ്ട് പുറത്തേക്കിറങ്ങി…
ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു… ഇരുപത്തഞ്ചുകാരന്റെ ഇരുപതുകാരിയായ ഭാര്യ… വാടി തളർന്നു വീണു കിടക്കുന്നു… പാറിപറന്നു കിടക്കുന്ന മുടിയും ക്ഷീണിച്ച കണ്ണുകളും എനിക്ക് അവളോട് അലിവ് തോന്നിപ്പിച്ചു…
“വേദനയുണ്ടോ… “എന്റെ ചോദ്യം കേട്ട് അവൾ എന്നെ അത്ഭുതത്തോടെ നോക്കി.. ആദ്യമായാണ് എന്നിൽ നിന്നും കരുതലോടെ ഒരു വാക്ക് ആ പാവം കേൾക്കുന്നത് എന്ന് എനിക്കും ഉറപ്പുണ്ടായിരുന്നു…
“ഇല്ല “എന്ന സന്തോഷത്തോടെയുള്ള മറുപടി… എന്നെ മറ്റൊരു ഓർമയിലേക്ക് എത്തിച്ചു…
മൂന്ന് വർഷങ്ങൾക്ക് മുൻപ് യൂട്രസ് റിമൂവ് ചെയ്ത ഓപ്പറേഷൻ കഴിഞ്ഞു റൂമിലേക്ക് കൊണ്ടു വന്ന അമ്മയോട് അച്ഛനും ചോദിച്ചിരുന്നു അന്ന്..”വേദനയുണ്ടോ “എന്ന്…
അന്ന് അമ്മയും പറഞ്ഞത് ഇതേ മറുപടിയാണ്… “ഇല്ല “എന്ന്….
….അതെന്താ ഈ പെണ്ണുങ്ങൾക്കൊന്നും വേദനയില്ലേ….
വീണ്ടും ഞാൻ അവളുടെ മുഖത്തേക്ക് നോക്കി… ഒപ്പം അടുത്ത് കിടത്തിയിരിക്കുന്ന പഞ്ഞിക്കുഞ്ഞിനേയും… അതിനെ കണ്ടപ്പോൾ തൊട്ട് എനിക്ക് ഇവളോട് സ്നേഹം കൂടി കൂടി വരുന്നത് ഞാനറിയുന്നുണ്ടായിരുന്നു….
ഞാനവളുടെ നെറുകിൽ മെല്ലെ തലോടിയിരുന്നു… എന്റെ ഒരു വെളുത്ത ഷർട്ട് ആണ് അവളിട്ടിരിക്കുന്നത്… അതിന്റെ താഴത്തെ ബട്ടൻസിനിടയിലൂടെ അവളുടെ വയറിന്റെ ഭാഗം കാണാം… പണ്ടത്തെ പോലെ സ്വർണ രോമങ്ങൾ ഉള്ള ആലില വയറല്ല… പൊ ക്കിൾചുഴിക്കും താഴെ കറുത്ത കരിനീല വരകൾ വീണ വയറ്…
ഞാൻ ആ ഷർട്ട് അല്പം നീക്കി അവിടേക്ക് നോക്കി… എന്തോ എനിക്ക് വല്ലാതെ വിഷമം തോന്നി അത് കണ്ടപ്പോൾ… എനിക്ക് വേണ്ടിയല്ലേ അവളീ പാടൊക്കെ വീഴ്ത്തേണ്ടി വന്നതെന്നൊരു തോന്നൽ… ഞാനാ പാടുകളിൽ മെല്ലെ തടവി… ഇപ്പോഴും അവൾ അമ്പരന്ന് എന്നെ നോക്കുന്നുണ്ടായിരുന്നു… ആദ്യാമായിട്ട് കിട്ടുന്ന ഒരു കരുതൽ സ്പർശമായിരുന്നു അവൾക്കത്…
ഇടക്കിടക്ക് കാൽ മാറ്റി വെക്കുമ്പോഴൊക്കെ അവളുടെ മുഖം ചുളിയുന്നത് കണ്ടു എനിക്ക് പേടിയായി..
“നിനക്ക് വയറ് വേദനിക്കുന്നോ… “
“ഇല്ല… സ്റ്റിച് വലിയുന്നതാ കുഴപ്പമില്ല.. മാറും” എന്നവളും..
…..അതും കുഴപ്പമില്ലേ…. ഞാൻ ചിന്തിച്ചു…
ഏറെ നേരം വിശേഷം പറഞ്ഞിരുന്നു അവളോട്… അതിനിടയിൽ കുഞ്ഞുവാവക്ക് എന്താ പേരിടേണ്ടത് എന്ന് ഞാൻ ചോദിച്ചപ്പോഴും അവൾ എന്നെ അമ്പരന്ന് നോക്കുന്നത് കണ്ടു… അതിനു കാരണവും എനിക്കറിയാമായിരുന്നു… മൂന്നാം മാസം മുതൽ അവൾ ഓരോ പേരും പറഞ്ഞോണ്ട് എന്റെ അടുത്ത് വരുമായിരുന്നു.. അന്നൊക്കെ അത് ഗൗനിക്കാതെ അതൊക്കെ സമയമാകുമ്പോൾ ഞാൻ തീരുമാനിച്ചോളാം എന്ന മറുപടി പാവത്തെ വേദനിപ്പിച്ചിട്ടുണ്ടാവാം…
അവിടിരുന്നു അപ്പോൾ തന്നെ വാവക്ക് അവൾക്ക് കൂടുതൽ ഇഷ്ടമുള്ള ഒരു പേര് തീരുമാനിച്ചപ്പോൾ ആ കണ്ണ് തിളങ്ങുന്നത് ഞാൻ കണ്ടു…
ഇതിനിടയിൽ അവൾ മാറിൽ അമർത്തിപ്പിടിച്ച് വേദനിക്കുന്ന പോലെ ഭാവിച്ചപ്പോൾ പേടിയോടെ ഞാൻ പുറത്തേക്കിറങ്ങി നഴ്സിനെ കൂട്ടി വന്നു…
ഒരുപാട് നേരം പാൽ കൊടുക്കാതെ ഇരിക്കരുത്.. പാല് കെട്ടും എന്ന് പറഞ്ഞു കൊണ്ട് നേഴ്‌സ് കുഞ്ഞുവാവയെ എടുത്ത് അവളുടെ മടിയിലേക്ക് വെച്ചിട്ട് എന്നോട് പുറത്തു നിൽക്കാൻ പറഞ്ഞു…
തിരിച്ചകത്തു കയറുമ്പോൾ അമ്മയും അവളുടെ അമ്മയും കൂടി വാവയെ കളിപ്പിക്കുന്നു…
“വേദന മാറിയോ “എന്ന് അവർ കേൾക്കാതെ ഞാനവളോട് ചോദിച്ചപ്പോൾ അവൾ പുഞ്ചിരിയോടെ തലയാട്ടി…
പിന്നെയും അവളുടെ അടുത്തിരുന്നു പുറത്തു വെച്ചൊരു നേഴ്സിൽ നിന്നും അറിഞ്ഞ എന്റെ വലിയൊരു അറിവ് അവൾക്കു ഞാൻ പറഞ്ഞു കൊടുത്തു..
“സ്റ്റിച്ചിന്റെ വലിവ് മാറാൻ നല്ല ചൂട് വെള്ളം മാത്രമേ കുറെ ദിവസത്തേക്ക് ഉപയോഗിക്കാവൂ “…..
ഡിസ്ചാർജ് ചെയ്തു പോകും മുൻപ് ഞാനൊരു തീരുമാനം എടുത്തിരുന്നു…
“എന്റെ കുഞ്ഞിനേം ഭാര്യയെം എന്റെ വീട്ടിൽ നിർത്തി ഞാൻ നോക്കിക്കോളാം “
ആദ്യം സമ്മതിച്ചില്ലെങ്കിലും എന്റെ നിർബന്ധത്തിന് വഴങ്ങി അവളുടെ അമ്മ കൂടി ഞങ്ങളുടെ വീട്ടിൽ കുറച്ചു ദിവസം നിൽക്കാം എന്ന കരാറിന്മേൽ എന്റെ ആ തീരുമാനം അംഗീകരിക്കപ്പെട്ടു…
********************
NB.ഒരു പനി വന്നാൽ വീട്ടിൽ പോയി നിന്നു മാറീട്ട് വന്നാൽ മതി എന്ന് മരുമക്കളോട് /ഭാര്യയോട് പറയുന്ന ചില വീട്ടുകാരെ നേരിട്ട് അറിയാം. ആരോഗ്യമുള്ള സമയത്ത് ചെറുക്കന്റെ വീട്ടിലും അല്ലാത്ത സമയത്ത് സ്വന്തം വീട്ടിലും…. അതെന്ത് ന്യായം…
ഒരു നേർക്കാഴ്ചയിൽ നിന്ന്….