നിന്നരികിൽ ~ രചന: ദേവ സൂര്യ
“”തന്റെ പ്രശ്നം എന്താ… എത്ര പറഞ്ഞിട്ടുണ്ട് ഞാൻ ഇങ്ങനെ വരല്ലേ എന്ന്… രാവിലെ കണികാണുന്നതേ തന്നെയാണ്…എന്നും ഈ സ്ഥിരചോദ്യവും…. “”
കണ്ണുരുട്ടി മുഖം ചുവപ്പിച്ചു പറയുമ്പോളും ആ കണ്ണുകളിലെ ശാന്തത തന്നെ തളർത്തുന്ന പോലെ…ആ ചുണ്ടിൽ ആരും കാണാതെ തനിക്കായി മാത്രം പുഞ്ചിരി തെളിഞ്ഞ പോലെ….
നാളെ വരുമ്പോൾ എങ്കിലും…ഈ മുടിയിൽ ഈ പൂവുകൾ വച്ച് വരുമോ??…
വീണ്ടും അതെ ചോദ്യം ആവർത്തിക്കുന്നത് കേട്ടപ്പോൾ വീണ്ടും അവളുടെ മുഖം ദേഷ്യത്താൽ ചുവന്നു തുടുത്തു…
“”എന്റെ പൊന്ന് മാഷേ…എന്നെ വിട്ടേരെ..നിങ്ങളെ പോലുള്ള ഊരുതെണ്ടികൾക്ക് ഇതൊക്കെ വെറും തമാശയാണ്…ഇന്ന് നിങ്ങൾ ആണേൽ…നാളെ മറ്റൊരുവൻ…കുടജാദ്രിയിൽ വരുന്ന ഒരുപാട് സഞ്ചാരികളെ കാണുന്നവളാണ് ഞാൻ…ഓരോരുത്തരുടെ തമാശകൾ കേട്ടിട്ടും ഉണ്ട്..പക്ഷെ…ഇത് വല്ലാത്ത വട്ടാണ്…””
“”ഈ മഞ്ഞപ്പൂക്കൾ ഇടതൂർന്ന ഈ മുടിഴകളിൽ എന്ന് കാണുന്നുവോ…അത് വരെ ഇയാൾ എന്നെ കണികാണേണ്ടി വരും…””
എന്നെത്തെയും പോലുള്ള ആ ശാന്തമായ സ്വരത്തിൽ പറഞ്ഞു നടന്നകലുമ്പോൾ..മുൻപെങ്ങും തോന്നാത്ത ഒരിളം പുഞ്ചിരി ഉള്ളിൽ എവിടെയോ ഉണ്ടായിരുന്നു….
എന്ന് മുതലാണ് അയാളെ താൻ ശ്രദ്ധിച്ച് തുടങ്ങിയത് എന്നറിയില്ല…ഒരു ദിവസം എത്രയെത്ര ആളുകൾ ഈ കുടജാദ്രിയിലെ തണുപ്പിൽ പൂവുകൾ വാങ്ങുവാൻ വരാറുണ്ട്. ഒരു പൂക്കാരി പെണ്ണായ തന്നോട് വരുന്ന ചെറുപ്പക്കാരിൽ പലരും അർഥം വച്ച് പലതും പറയാറും ഉണ്ട്…മറുപടികളെല്ലാം ഒരിളം പുഞ്ചിരിയിൽ ഒതുക്കുന്ന താൻ ആദ്യമായാണ് ഒരുവനോടെ കണ്ണിൽ നോക്കി സംസാരിക്കുന്നത്…
ഒരു തിരക്കുള്ള ദിവസം…കറുത്ത തണുപ്പിനുള്ള ജാക്കറ്റ് അണിഞ്ഞായിരുന്നു ആദ്യമായി അയാൾ തന്റെ കടയിലേക്ക് വന്നിരുന്നത്….
“”കുറച്ച് മഞ്ഞപൂക്കൾ വേണമായിരുന്നു…””
അന്ന് ഒരുനോക്കിൽ തന്നെ ആ കണ്ണിലെ ശാന്തത താൻ ശ്രദ്ധിച്ചിരുന്നു. പുഞ്ചിരിയോടെ ഒരു കെട്ട് പൂക്കൾ ആ കൈകളിലേക്ക് കൊടുക്കുമ്പോൾ..അവയിൽ നിന്നും ഒരു പൂവ് തനിക്കായി നീട്ടുന്നത് കണ്ടപ്പോൾ പുരികം ഒന്ന് ചുളിഞ്ഞു….
“”ഈ നേർത്ത കാടുകാപ്പി മുടിയിഴകളിലേക്ക് ഈ മഞ്ഞപ്പൂവ് നന്നായി ഇണങ്ങും….””
തന്നെ നോക്കി കണ്ണിറുക്കി പറഞ്ഞകലുന്നവനെ ഒന്നും മനസ്സിലാവാതെ നോക്കി നിന്നിരുന്നു…അന്നായിരുന്നു ആ കണ്ണുകളെ ആദ്യമായി കാണുന്നത്…പിന്നീട് ആ കണ്ണുകൾ തന്റെ കടയിലെ സ്ഥിരസന്ദർശകനായി….
എന്നും ഒരു കെട്ട് മഞ്ഞപ്പൂക്കൾ വാങ്ങി…അതിൽ നിന്നൊരു പൂവ് മാത്രം തനിക്കായി നൽകുന്നവൻ…വാങ്ങില്ല എന്ന് ശാട്ട്യം പിടിക്കുന്ന ദിവസങ്ങളിൽ….ചെറുപുഞ്ചിരിയോടെ തന്റെ കടയിലെ വെള്ള മുല്ലപ്പൂവിന്റെ മുകളിലായി വക്കും…ഒന്നും പ്രതീക്ഷയക്കാതെ നടന്നകലും…
“”നാളെ ഈ മുടിയൊന്ന് വൃത്തിയായി ചീകി..പിന്നിക്കെട്ടാതെ വരാമോ??…. “”
അഴിഞ്ഞുലഞ്ഞിരുന്ന മുടി വാരികെട്ടി വച്ചിരിക്കുന്ന തന്നെ നോക്കി കുസൃതിയോടെ പറയുമ്പോൾ…ദേഷ്യത്തെക്കാൾ…രാവിലെ എഴുന്നേറ്റ് മുടി പോലും ചീകാൻ നേരമില്ലാത്ത തന്നോട് തന്നെ ഒരുതരം ജാള്യത തോന്നിപോയി….
ചെറുപ്പത്തിലേ അമ്മ മരിച്ച തനിക്കായി കൂട്ടിന് ഒരാളെ തന്റെ അഞ്ചാം വയസ്സിലെ പിറന്നാൾ സമ്മാനമായി കൊണ്ട് വന്നതായിരുന്നു അച്ഛൻ….കേട്ട് പഴകിയ രണ്ടാനമ്മമാരിൽ നിന്നും വ്യത്യസ്തമായിരുന്നില്ല തനിക്കായി അച്ഛൻ നൽകിയ പിറന്നാൾ സമ്മാനവും….
കുടജാദ്രിയിലെ ഒരു ലോറി ഡ്രൈവർ ആയിരുന്ന അച്ഛൻ പിന്നീട് ഓർമ വെക്കുന്നതിന് മുൻപേ ഒരു അപകടത്തിൽ മരണപെട്ടു…അതിന് ശേഷം രണ്ടാനമ്മയുടെ വിവാഹവും അവരുടെ മക്കളും….പിന്നീട് ഇന്നോളം വീട്ടിൽ ഒരു വേലക്കാരി തന്നെയാണ് താൻ….
വീട്ടിലെ പണികൾ കഴിഞ്ഞാണ് ഇവിടേക്ക് പൂവ് വിൽക്കുവാൻ വരുന്നത്…അതിനിടക്ക് മുടി കെട്ടാനൊ…മുഖം നോക്കാനൊ സമയം കിട്ടാറില്ല….ചിന്തകൾക്കൊടുവിൽ അറിയാതെ ചുണ്ടിൽ ആർക്കോ വേണ്ടിയൊരു പുഞ്ചിരി വിരിഞ്ഞു….
പിന്നീടുള്ള ദിവസങ്ങളും അയാളെ താൻ കാണാറുണ്ട്…ആദ്യമാദ്യം എപ്പോളെങ്കിലുമൊക്കെ വന്നിരുന്നയാൾ പിന്നീട് എന്നും ആദ്യം തന്നെ കാണാറുണ്ട്…ചുണ്ട് കോടും തണുപ്പിൽ…കുടജാദ്രി ഉണരും മുൻപേ….ഇയാൾ എന്തിനാണ് ഈ മലമുകളിൽ വന്നു നിൽക്കുന്നത് എന്ന് പലവട്ടം ചിന്തിക്കാറുണ്ട്..പൂവ് വാങ്ങി പോകുന്നതിനു മുൻപായി പ്രതീക്ഷിക്കുന്ന ആ ചോദ്യം ചോദിക്കുമ്പോൾ രൂക്ഷമായി ഒന്ന് നോക്കും….
പക്ഷെ എന്നത്തേതിൽ നിന്നും വിപരീതമായി…ഇന്നലെ അയാൾക്കൊപ്പം മറ്റൊരാൾ കൂടെ ഉണ്ടായിരുന്നു…നാട്ടിലെ റൗഡിയായ പെരിയസ്വാമി….
കടതുറന്ന പാടെ തന്റെ അരികിലായി വന്നു പൂവുകൾ ചോദിക്കുന്നവനെയും തന്നെയും മാറി നിന്ന് നോക്കി നിൽക്കുന്ന അയാളെ കണ്ടതും കണ്ണുകൾ ഭയത്തോടെ വിറച്ചു….
എന്നെത്തെയും പോലെ…ശാന്തമായ ആ ചോദ്യം കേൾക്കെ…കണ്ണുകൾ ഭയത്തോടൊപ്പം ദേഷ്യത്തോടെ ചുവന്നു…
“”ഒന്ന് പോയി തരുവോ നിങ്ങള്…മനുഷ്യന് ഇത്തിരി മനസ്സമാധാനം തരുവോ…””
കൈകൂപ്പി പറയുന്ന തന്നോട് മറുത്തൊന്നും പറയാതെ പോയെങ്കിലും…അയാൾക്ക് ശേഷം തനിക്കരികിലായി വന്ന് വായിൽ തോന്നിയ അറക്കുന്ന വാക്കുകൾ പറയുന്ന പെരിയസ്വാമിയുടെ കവിളിൽ അയാളുടെ കൈകൾ പതിഞ്ഞിരുന്നു…പേടിയോടെ നോക്കുമ്പോൾ…അയാൾ തന്നെ ഒറ്റക്കാക്കി പോയിരുന്നില്ല…പെരിയസ്വാമി എന്താണ് ചെയ്യുന്നത് എന്നറിയാൻ മാറിനിന്നതാണ് എന്ന് മനസിലായി….
അന്ന് ആദ്യമായി അയാളുടെ കണ്ണുകളിൽ താൻ ശാന്തതക്ക് പകരം എറിയുന്ന കനൽചോപ്പ് കണ്ടു…കുസൃതിയോടെ പുഞ്ചിരിക്കുന്ന ആ കവിളുകൾ വലിഞ്ഞു മുറുകുന്നത് കണ്ടു….
അന്ന് വൈകിട്ട്…മൂവന്തി ചുവന്ന മഷിയാൽ കുടജാദ്രിയെ ചുവപ്പിച്ചപ്പോൾ അയാൾ വീണ്ടും തന്നെ തേടി വന്നു….
“”ഒന്ന് സംസാരിക്കണം എന്നുണ്ട് തന്നോട്…ഒരഞ്ചു മിനിറ്റ് എന്നോടൊപ്പം വരാമോ??…””
ആ ശാന്തമായ വാക്കുകൾ കേൾക്കെ പുരികം ചുളിക്കാൻ തോന്നിയില്ല….കണ്ണുരുട്ടാൻ തോന്നിയില്ല….
“”പോവാണ് തിരിച്ചു നാട്ടിലേക്ക്….ഓർമിക്കുവാൻ എന്തെങ്കിലും ഉണ്ടോ എന്ന് ഓർത്ത് നോക്കിയപ്പോൾ തന്റെ ഈ കാടുകാപ്പി മുടിയിഴകളും….പിന്നെ ആ മഞ്ഞപ്പൂക്കളും ഓർമയിൽ വന്നു….””
ആ വാക്കുകൾ കേട്ടപ്പോൾ ചെറുതായി മനസ്സ് നൊന്തു….എന്നെങ്കിലും ഈ വാക്കുകൾ പ്രതീക്ഷിച്ചതാണ്….എന്നൊട്ടുമെന്തോ…എന്തിനോ വേണ്ടി…മനസ്സ് വല്ലാതാവുന്നു….
“”ഊരുതെണ്ടിയാണ്….എന്നിരുന്നാലും കുടജാദ്രി എന്തോ മനസ്സിനെ പിടിച്ചു നിർത്തുന്ന പോലെ….ഒരു ആഗ്രഹം ബാക്കിയാക്കി പോകുന്ന പോലെ….””
മനസ്സിലായെങ്കിലും വെറുതെ അറിയാത്ത പോലെ ആ കണ്ണുകളിലേക്ക് നോക്കി….
പോക്കറ്റിൽ നിന്ന് മഞ്ഞപ്പൂക്കൾ തനിക്കായി നീട്ടുമ്പോൾ ചുണ്ടിൽ അയാൾക്കായി ചെറുപുഞ്ചിരി വിരിഞ്ഞു…കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞു….
ഒന്നും മിണ്ടാതെ ആ പൂക്കൾ വാങ്ങി ആ മഞ്ഞിൻ താഴ്വരയിൽ നിന്നും നടന്നകലുമ്പോൾ….ഒരു പിൻവിളി ഒരു പൊട്ടിപെണ്ണിനെ പോലെ ആഗ്രഹിച്ചിരുന്നു…””ഊരുതെണ്ടിക്ക് ഓർമിക്കുവാനും എന്തെങ്കിലും വേണ്ടേ….”” കുടജാദ്രിയെ ത്രസിപ്പിക്കുന്ന ഒരിളം കാറ്റ് താൻ കേൾക്കാൻ എന്നപോലെ അലങ്കോലമായ തന്റെ മുടിയിഴകളോട് കളിയാക്കി പറയുന്നപോലെ….
“”നിന്റെ രണ്ടാനച്ഛൻ നിന്നെ വെറും 20000 രൂപക്ക് എനിക്ക് വിറ്റു. …””
അന്ന് രാത്രി മുറിയിലേക്ക് ഉറങ്ങാനായി ചെന്നപ്പോൾ…കട്ടിലിൽ ഇരിക്കുന്ന പെരിയസ്വാമിയെ പേടിയോടെ നോക്കിയപ്പോൾ…അവന്റെ വായിൽ നിന്ന് വിജഭാവത്തോടെ ചവച്ചു തുപ്പിയ വാക്കുകൾ…
കയ്യിൽ കിട്ടിയത് വച്ച് അയാളുടെ തലക്ക് അടിച്ചു…രക്‌തം വാർന്ന് കിടക്കുന്ന അയാളെ നോക്കാതെ ആ വീട്ടിൽ നിന്നിറങ്ങി ഓടുമ്പോൾ….മനസ്സ് ആർത്തലച്ചു പെയ്യുന്ന പേമാരിപോലെ നിലവിളിക്കുന്നുണ്ടായിരുന്നു….
റോഡിൽ…മുന്നിലായി കണ്ട കാറിനു കുറുകെ ചാടുമ്പോൾ ജീവൻ തിരിച്ചു എടുത്തെങ്കിലും തന്നോട് കരുണ കാട്ടണം എന്നെ പ്രാർത്ഥിച്ചിരുന്നുള്ളു….
“”ആ മഞ്ഞപ്പൂക്കൾ വല്ലാതെ വാടി പോയല്ലോ പെണ്ണേ……””
ബോധം തെളിയുമ്പോൾ തന്റെ അരികിലായി ഇരിക്കുന്ന ആ ശാന്തമായ കണ്ണുകളെ പിടച്ചിലോടെ നോക്കി…ഭയപ്പാടോടെ ചുറ്റും നോക്കിയപ്പോൾ ഒരുവേള കണ്ണുകൾ വല്ലാതെ വിടർന്നു…മുറിയിൽ മുഴുവനും തന്റേത് പോലൊരു പെണ്ണിന്റെ പൂർണമാവാത്ത ഛായം പൂശിയ ചിത്രങ്ങൾ..അവളുടെ കണ്ണുകൾ തന്റേത് എന്നപോലെ വിറപൂണ്ടിരുന്നു…അവക്ക് തന്റേത് എന്നപോലെ വെള്ളാരം കല്ലിന്റെ നിറമായിരുന്നു….
“”ഇന്നും ആ മഞ്ഞപ്പൂക്കൾ ചൂടാത്ത പെൺകുട്ടി ഈ ഊരുതെണ്ടിക്ക് അപൂർണയാണ് പെണ്ണേ….””
മേശമേൽ ഇരുന്ന വർണക്കൂട്ടുകൾ ചാലിക്കുന്നതിനിടയിൽ അയാളുടെ ശാന്തമായ കണ്ണുകളിൽ കുസൃതി നിറഞ്ഞു…കണ്ണുകൾ ഈറനണിയുന്നതോടൊപ്പം..വരണ്ട തന്റെ ചുണ്ടുകളിലേക്ക് അയാൾ ഒരിളം പുഞ്ചിരി സമ്മാനിച്ചിരുന്നു….
“”മഞ്ഞപ്പൂവുകൾ ചൂടിയാലും…അവളെന്നും അനാഥയാ മാഷേ….അവൾ അപൂർണ തന്നെയാ….””
“”അവളെ പൂർണമാക്കാൻ ഒരു ഊരുതെണ്ടി ചെക്കന് കഴിയും പെണ്ണേ….കുടജാദ്രി പൂർണയായത് പോലെ….””തന്റെ അരികിലായി വന്നിരിക്കുന്ന ആ ശാന്തമായ കണ്ണുകളെ അവൾ കൗതുകത്തോടെ നോക്കി….അവന്റെ കയ്യിലെ നിറക്കൂട്ടുകളിലെ ചുവപ്പ് നിറം…ആ കവിളിണയിൽ പടർന്നിരുന്നു….അവളുടെ ചുണ്ടുകളിൽ അവന്റേത് പോലുള്ള പുഞ്ചിരി വിരിഞ്ഞിരുന്നു….
“”കുടജാദ്രി എങ്ങനെയാ പെണ്ണേ ഇത്ര സുന്ദരിയായത്??…””
ചെവിയോരം കേട്ട നിശ്വാസത്തിൽ അവളൊന്ന് പിടഞ്ഞു….
അയാളുടെ കൈകളിൽ പടർന്നിരുന്നു ഛായകൂട്ടുകൾ കുസൃതിയോടെ അവളുടെ ചുവപ്പ് പടർന്ന കവിളുകളിലേക്കും പകർന്നു അയാൾ….
“”കുടജാദ്രിയെ പ്രണയിക്കാൻ ഊരുതെണ്ടികളായ ചെക്കന്മാർ ഒരുപാടുണ്ട് മാഷേ….അവൾക്ക് നിറം പകരാൻ എന്റെ മാഷിനെ പോലുള്ള ചിത്രകാരൻമാരും….””
അവന്റെ നെഞ്ചോരം പറ്റിച്ചേർന്ന് പറയുമ്പോൾ….മുന്നിലെ ക്യാൻവാസിലെ അവളുടേത് പോലുള്ള ആ പെൺകുട്ടിയുടെ ഛായാചിത്രം പൂർണമായിരുന്നു…ആ ചിത്രത്തിലെ പെൺകുട്ടിയുടെ ചീകിയൊതുക്കിയ കാടുകാപ്പി മുടിയിഴകളിൽ ഒരു മഞ്ഞപ്പൂവ് കണ്ണ് ചിമ്മുന്നുണ്ടായിരുന്നു….ആ പെൺകുട്ടിയുടെ വെള്ളാരം കണ്ണുകൾ കുടജാദ്രിയെ പോലെ സുന്ദരിയായിരുന്നു……