ഇന്നലകളിലൂടെ……
രചന: സീതാ കൃഷ്ണ
വാതില് തുറക്ക് വിനുവേട്ടാ പ്ലീസ് … ഞാനെൻ്റെ മോളെയൊന്ന് കണ്ടോട്ടെ.. ഇല്ലേൽ ഞാനിപ്പോൾ മരിച്ചു പോകും…. സത്യായിട്ടും എനിക്ക് ഭ്രാന്തില്ല … വെറുതെ പറയുവ… എല്ലാരും കൂടെ വെറുതെ പറയുന്നതാ വിനുവേട്ടാ വാതില് തുറക്ക്….
വാതിലിൽ തലയിട്ടിടിച്ച് പ്രിയ പറയുന്നതെല്ലാം കേട്ട് തളർന്നിരിക്കാനേ വിനുവിനും കഴിഞ്ഞുള്ളൂ…. അമ്മയുടെ കൈയിലിരുന്ന കരയുന്ന മകളെ കണ്ട് നെഞ്ച് പൊട്ടി പോകുമെന്ന് തോന്നി അവന്…. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് അമ്മയില്ലാതെ കഴിയില്ലെന്ന് എല്ലാവരെപോലെ അവനും അറിയാമായിരുന്നു…..
കണ്ണീരോടെ അമ്മ കുഞ്ഞിനെ നെഞ്ചിലേക്കൊതുക്കി പിടിച്ച് അവനരികിൽ എത്തി…
മോനെ… ഇനി ഇനിയെന്ത് ചെയ്യും മോനെ … കുഞ്ഞ്…. വിശക്കുന്നുണ്ട് മോൾക്ക്… അതാ കരച്ചിൽ നിർത്താതെ…
കരച്ചിലിനിടയിൽ വാക്കുകൾ പലതും മുറിഞ്ഞ് പോയിരുന്നു….
ഞാനെന്ത് ചെയ്യണം അമ്മേ ഒന്ന് പറഞ്ഞ് താ….
കൈകളൾ കൊണ്ട് മുഖം പൊത്തി അയാൾ വിതുമ്പി…..
മോനെ രാജീവ് ഇല്ലേ നിൻ്റെ ഒപ്പം പഠിച്ചത് അവൻ… അവനെ ഒന്ന് വിളിച്ച് നോക്കെടാ… അവൻ്റെ ഭാര്യ മായ സൈക്യാട്രിസ്റ്റ് അല്ലേ….
വിനു ഞെട്ടലോടെ അമ്മയെ നോക്കി…
അമ്മേ..!
അതല്ല മോനെ പ്രിയ.. അവളുടെ അവസ്ഥയ്ക്ക് കാരണം അറിയണ്ടേ…. ഒന്നും ഉണ്ടായിട്ടല്ല… എന്തോ മനസ്സിൽ പേടി തട്ടിയിട്ടാണ് മോൾക്ക് …അതെന്താണെന്നറിയണ്ടേ …. അതിനിപ്പോൾ ഈ വഴിയാണ് നല്ലതെന്ന് അമ്മയ്ക്ക് തോന്നുന്നു…. വൈകും തോറും കൈവിട്ട് പോയാലോ….
വിനു ചിന്താഭാരത്തോടെ തലയാട്ടി സമ്മതമറിയിച്ചു
************************
സോഫയിലേക്ക് കണ്ണുകൾ അടച്ച് ചാഞ്ഞിരിക്കുന്ന വിനുവിനെ രാജീവൊന്ന് തട്ടി വിളിച്ചു…
എന്താടാ… കുറേ നേരമായല്ലോ ഈ ഇരുപ്പ്… എന്താണെങ്കിലും പറ നന്മുക്കൊരു പരിഹാരം കാണാം… നീയിങ്ങനെ സങ്കടപ്പെടാതെ….
വിനു നേരെയിരുന്ന് കൈകൾ കൊണ്ട് മുഖം അമർത്തി തുടച്ചു….
വേണം പരിഹരിക്കണം രാജീവേ… ഇല്ലേൽ എൻ്റെ പ്രിയയും കുഞ്ഞും…..
എന്താടാ….
പ്രിയ.. അവൾ… അവളുടെ കാര്യമാണെടാ….
എന്താ … പ്രിയക്കെന്തുപറ്റി…..
അറിയില്ലെടാ….. പ്രസവം കഴിഞ്ഞ് അവളുടെ വീട്ടിലായിരുന്നു .. മൂന്നാല് ദിവസമായതേ ഉള്ളൂ കുട്ടി കൊണ്ട് വന്നിട്ട്… പക്ഷെ….
വിനുവൊന്ന് നിർത്തി രാജീവിനെ നോക്കി….. രാജീവ് അവനെ കേൾക്കുകയായിരുന്നു…..
പക്ഷെ ഇവിടെ വന്നപ്പോൾ തൊട്ട് ആകെ ഒരു ബുദ്ധിമുട്ട് പോലെയായിരുന്നു അവൾക്ക്…. അമ്മയും ഞാനും ഒഴികെ കുഞ്ഞിനെ ആരെടുത്താലും അവരോട് വഴക്ക് കൂടും… അവരിൽ നിന്നും കുഞ്ഞിനെ പിടിച്ചു വാങ്ങും…..കുഞ്ഞിനോടുള്ള അമിത സ്നേഹം ആണെന്ന് കരുതി…ഇന്നലെ വൈകിട്ട് അപ്പച്ചിടെ മോൻ കുഞ്ഞിനെ കാണാൻ വന്നിരുന്നു….ഞാൻ അവനേയും കൂട്ടി അകത്തേക്ക് ചെന്നപ്പോൾ കുഞ്ഞിനെ കണ്ടില്ല… അവൾ പേടിച്ച് ഒരു മൂലയിലേക്ക് ചുരുണ്ട് കൂടി ഇരുപ്പുണ്ട്… നോക്കിയപ്പോൾ അടുത്തൊരു കടലാസ് പെട്ടിയും…അതിൽ നിന്ന് കുഞ്ഞിൻ്റെ കരച്ചിൽ കേട്ടതും ഞങ്ങൾ ഓടി ചെന്നു…. പക്ഷെ പ്രിയ അവനെ അവിടെ കിടന്ന കസേരയെടുത്ത് തല്ലി… ഭ്രാന്തിയെ പോലെ എന്തൊക്കെയോ പറഞ്ഞു…. എനിക്ക്… എനിക്കറിയില്ലെടാ എൻ്റെ പ്രിയ…
ഒരു പൊട്ടിക്കരച്ചിലോടെ വിനു അയാളെ കെട്ടിപ്പിടിച്ചു….
എല്ലാം കേട്ട് പുറകിൽ നിന്നിരുന്ന മായ വന്ന് അവന് എതിരായി ഇരുന്നു…
എന്നിട്ട് പ്രിയ ഇപ്പോൾ എവിടാണ് വിനുവേട്ടാ….
വീട്ടിൽ… മുറിയിൽ… പൂട്ടി…ഇട്ടിരിക്കുവാ… മോള് അമ്മയുടെ അടുത്താണ് പ്രിയയുടെ അമ്മയും അനിയത്തിയും വന്നിട്ടുണ്ട്….
ഇവിടെ വന്നതിന് ശേഷമാണോ അവൾക്ക് ഈ മാറ്റം….
മം….
അവിടെ വച്ച് പ്രശ്നം ഒന്നുമുണ്ടായിരുന്നില്ലേ….
ഇല്ല….
പ്രിയയുടെ വീട്ടിൽ ആരൊക്കെയുണ്ട്..
അമ്മയും അനിയത്തിയും മാത്രം അച്ഛൻ രണ്ട് വർഷം മുൻപ് മരിച്ചു….
വേറെ അടുത്ത ബന്ധുക്കൾ…..
പ്രത്യേകിച്ച് ആരും ഇല്ല…. ഉള്ളവർ തന്നെ വരുന്നത് അപൂർവ്വം ആണ്….
കുഞ്ഞിനെ കാണാൻ ആരും ചെന്നിട്ടില്ലെന്നാണോ….
ഉണ്ട്….
അവരിൽ ആണുങ്ങൾ ഉണ്ടായിരുന്നോ….
ഇല്ലെന്നാണ് എൻ്റെ അറിവ്….
വിനുവേട്ടന് പ്രിയയെ കൂട്ടി ഇങ്ങോട്ടൊന്ന് വരാൻ പറ്റുമോ….
അത് മായ…. അവൾ…
ഒന്നുല്ല വിനുവേട്ട…. അവൾക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നും ഇല്ല…. വിനുവേട്ടൻ സ്നേഹത്തോടെ സംസാരിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ… പിന്നെ കുഞ്ഞിനെ അവളിൽ നിന്നും അകറ്റുന്നത് ദോഷമേ വരുത്തു…. അവൾക്ക് മേൽ ഒരു ശ്രദ്ധ എപ്പോഴും വേണം… വൈകിക്കണ്ട പറ്റുമെങ്കിൽ നാളെ തന്നെ കൊണ്ട് വരാൻ ശ്രമിക്കൂ…. ക്ലിനിക്കിൽ വരണ്ട ഇങ്ങോട്ട് വന്നാൽ മതി….അവരോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ പ്രതീക്ഷയുടെ നാമ്പ് മൊട്ടിട്ട് തുടങ്ങുകയായിരുന്നു അവൻ്റെ ഉള്ളിൽ…
വീട്ടിലേക്ക് കയറി ചെന്നപ്പോൾ കണ്ടു പ്രതീക്ഷയോടെ വഴിക്കണ്ണുമായി ഇരിക്കുന്ന അമ്മയെ കണ്ടപ്പോൾ നെഞ്ചിലൊരു കല്ലെടുത്ത് വച്ച പോലെ തോന്നി…. അമ്മയെ ഒന്ന് നോക്കി നേരെ പ്രിയയെ അടച്ചിട്ടിരുന്ന മുറിക്ക് മുന്നിലെത്തി…. വാതിൽ തുറക്കാനാഞ്ഞതും ആധിയോടെയുള്ള അമ്മയുടെ വിളി കേട്ടു…
ഒന്നുല്ലമ്മേ….
വാതിൽ തുറന്നപ്പോൾ കണ്ടു താഴെ വാടി തളർന്ന് കിടക്കുന്ന പ്രിയയെ കണ്ട് വാരിയെടുത്ത് നെഞ്ചോട് ചേർത്തു….
വേദനയോടെ അവളുടെ ചുണ്ടുകൾ പിറുപിറുക്കുന്നുണ്ടായിരുന്നു….
എനിക്ക്…. എനിക്ക് ഭ്രാന്തില്ല വിനുവേട്ട…. ഭ്രാന്തില്ല… സത്യാ… പേടിയായിട്ടാ … എനിക്ക് പേടിയായിട്ടാ….
അവൻ്റെ നെഞ്ചിലേക്കൊതുങ്ങി അവൾ പറഞ്ഞു കൊണ്ടേ ഇരുന്നു….
*********************
പ്രിയയോട് സംസാരിച്ചു കഴിഞ്ഞ് പുറത്തേക്കിറങ്ങി വന്ന മായയെ ഉത്കണ്ഠയോടെ ആണ് വിനു നോക്കിയത്….
ഒരു പുഞ്ചിരിയോടെ മായ അവനെതിരെ സോഫയിലിരുന്നു…..
പ്രിയ….
ഒന്നുമില്ല വിനുവേട്ടാ… ഞാനൊരു ഇൻജെക്ഷൻ കൊടുത്തു അവൾ മയങ്ങുവാണ്….
പ്രിയക്ക്….
പറയാം … അതിന് മുൻപ് എനിക്ക് കുറച്ച് കാര്യങ്ങൾ അറിയാനുണ്ട്…..
മം…
പ്രിയയുടെ ഇഷ്ടത്തോടെ അല്ലേ വിവാഹം….
അങ്ങനെ ചോദിച്ചാൽ വീട്ടുകാരുടെ നിർബന്ധം കൊണ്ടാണെന്ന് തോന്നിയിട്ടുണ്ട്… ആദ്യമൊക്കെ ഒരു ഇഷ്ടമില്ലായ്ക ഉണ്ടായിരുന്നു….
ശാരീരികമായിട്ടോ…
അവൾക്ക് നല്ല പേടിയായിരുന്നു… അതെല്ലാ പെൺകുട്ടികൾക്കും ഉണ്ടാകുമെന്നും സ്നേഹം കൊണ്ട് പതുക്കെ മാറ്റാമെന്നും
ഫ്രണ്ട്സ് പറഞ്ഞപ്പോൾ …..
വിനു രാജീവിനെ നോക്കി….
മം… അവൻ എന്നോട് പറഞ്ഞിരുന്നു….
മായ വിനുവിനെ നോക്കി….
പിന്നെ പിന്നെ അവളും ഇഷ്ടം കാണിച്ചു തുടങ്ങി….
പിന്നെ എപ്പോഴെങ്കിലും പ്രിയ അസ്വസ്ഥത കാണിച്ചിട്ടുണ്ടോ….
എനിക്ക് തോന്നിയിട്ടില്ല…. എന്താ മായേ എൻ്റെ പ്രിയക്ക്….
പ്രിയയുടെ മനസിൽ ഇപ്പോൾ ഇന്നലെകളുടെ പേടിപെടുത്തുന്ന ഓർമകളാണ്…
എന്നു വച്ചാൽ….,
പ്രിയ അവളുടെ പത്താമത്തെ വയസ്സിൽ ലൈംഗികപരമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട് വിനുവേട്ടാ…. അതും അടുത്ത ബന്ധുവിൽ നിന്നു തന്നെ…. ആരോടും പറയാനാകാതെ നശിച്ച പേടിപ്പെടുത്തുന്ന ഓർമ്മകളിൽ ആ പെൺകുട്ടി ശ്വാസം മുട്ടി പിടഞ്ഞിട്ടുണ്ട്… ആരും അറിയാതെ…. പിന്നീടെപ്പോഴോ അയാളുടെ മരണത്തിൽ അവൾ ആശ്വാസം കണ്ടെത്തി… പക്ഷെ അവളുടെ മനസ്സിൽ ആ പേടി ഉറഞ്ഞ് പോയിരുന്നു….സെക്ഷ്വൽ ലൈഫിനോടുള്ള പേടി വിനുവേട്ടന്റെ സ്നേഹവും കരുതലും കൊണ്ട് മാറി പോയിരിക്കാം… ഇപ്പോൾ അവൾക്കൊരു മകളുണ്ടായപ്പോൾ…. ആ അനുഭവം തൻ്റെ കുഞ്ഞിന് വരുമോന്നുള്ള ഭയം അതാണ് അവളുടെ പ്രശ്നം…. അല്ലാതെ ഭ്രാന്തോ കുഞ്ഞിനോടുള്ള ഇഷ്ടക്കുറവോ അല്ല…. കുഞ്ഞിലെ മനസ്സിൽ ഉറഞ്ഞ് പോയ ഭയം അതാണവളുടെ അവസ്ഥയ്ക്ക് കാരണം….
അപ്പോൾ പ്രിയ….
പേടിക്കണ്ട വിനുവേട്ടാ കൗൺസലിങ്ങും മരുന്നും അതിൽ മാറാവുന്ന പ്രശ്നങ്ങളെ അവൾക്കുള്ളൂ… കൂടി വന്നാൽ ഒരു മാസം വിനുവേട്ടൻ്റെ പ്രിയയെ ഞാൻ മാറ്റിയെടുക്കും പോരെ….. പേടിക്കണ്ട ഇതൊക്കെ സമൂഹത്തിൽ ഭൂരിഭാഗം സ്ത്രീകളും അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളാണ് …. ചൂഷണം ചെയ്യപ്പെട്ടിട്ടും നാണക്കേടോർത്ത് ആരോടും പറയാനാകാതെ ഇതു പോലെ ഉള്ളിലൊതുക്കും പിന്നീടാണ് അതിൻ്റെ പ്രശ്നങ്ങൾ തുടങ്ങുക… ചിലരിലത് ചെറുതാകാം…. മറ്റു ചിലരിൽ വലിയ മാനസിക പ്രശ്നങ്ങൾ തന്നെ ഉണ്ടാക്കിയേക്കും…
ഇപ്പോഴത്തെ കുട്ടികളിൽ പക്ഷെ എല്ലാം തുറന്ന് പറയാനുള്ള തൻ്റേടമുണ്ട്…കാരണം അവർക്ക് നമ്മൾ നൽകുന്ന ലൈംഗികാവബോധം തന്നെയാണ്…. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ തന്നെ അത് നൽകേണ്ടതുണ്ട്… പണ്ട് അതിനുള്ള അവസ്ഥ ഇല്ലായിരുന്നു. കാരണം ലൈം ഗികത എന്ന് പറഞ്ഞാൽ തന്നെ മോശമായ കാര്യമാണെന്നാണ് കുട്ടികളെ പഠിപ്പിച്ചു വച്ചിരുന്നത്…. ഇപ്പോഴും പണ്ടത്തെ പല ആൾക്കാരും കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുന്നതും അത് തന്നെയാണ്.. അതാണ് ഏറ്റവും വലിയ വിഡ്ഢിത്തരവും….അച്ഛനമ്മമാരോട് എല്ലാം തുറന്ന് പറയാൻ കുട്ടികൾക്ക് അവസരം കൊടുക്കണം…പ്രിയയ്ക്ക് കിട്ടാതെ പോയതും ഇങ്ങനൊരു അവസരമാണ്…..
വിനുവേട്ടൻ സമാധാനമായിട്ടിരിക്കൂ … പ്രിയയുടെ പേടിയെല്ലാം നമുക്ക് മാറ്റിയെടുക്കാം….
മായയുടെ വാക്കുകളിൽ കൂടി വിനു അറിയുകയായിരുന്നു തുറന്ന് പറയാനാകാതെ വീർപ്പുമുട്ടി ജീവിച്ച പ്രിയയിലെ പെണ്ണിനെ….കുഞ്ഞിനെയോർത്ത് ഉത്കണ്ഠപ്പെടുന്ന അവളിലെ അമ്മയെ….
പ്രിയയെയും കൂട്ടി അവിടുന്നിറങ്ങുമ്പോൾ അവൻ്റെ ഉള്ളിൽ പ്രതീക്ഷയുടെ തിരിനാളം തെളിഞ്ഞിരുന്നു…. നാളെയുടെ പ്രതീക്ഷകൾ……