രചന: നന്ദു അച്ചു കൃഷ്ണ
മുന്നിലേക്ക് മാത്രം നോക്കിക്കൊണ്ട് നടക്കുന്നതുകൊണ്ടാകും ഇരുവശങ്ങളിലെ കാര്യമായ മാറ്റങ്ങളിലൊന്നും അയാളുടെ കണ്ണുകൾ ഉടക്കിയില്ല … ഒരുപക്ഷെ കണ്ണിൽ മറഞ്ഞിരിക്കുന്ന ദേഷ്യത്തിന്റേയോ അഹങ്കാരത്തിന്റെയോ കറുപ്പിന്റെ അംശം കൂടുതലായിരുന്നതുകൊണ്ടുമാകാം അയാളുടെ ദൃഷ്ടിയിൽ ഒന്നും പെടാതിരിക്കുന്നത് ….
കാളിംഗ് ബെല്ലടിച്ചപ്പോൾ തുറന്ന വാതിലിൽ കണ്ട രൂപം നിറക്കൂട്ടുകളാൽ സമ്പുഷ്ടവുമായതുകൊണ്ടും, മനസ്സിന്റെ അളവ് കോലിൽ കൃത്യമായി പാകപ്പെടുന്നതുകൊണ്ടും തന്നെ നീതിദേവതയുടെ മുന്നിലെ കറുപ്പ്തുണി ഭൂവിനെ പെട്ടെന്ന് ചെന്ന് തലോടി…..
“ഞാൻ എത്ര നേരമായി കാത്തിരിക്കുന്നു…. തേജസ് ഒരുപാട് താമസിച്ചു……” അയാളിലേക്കമർന്നുകൊണ്ട് ചെഞ്ചുവപ്പിൽ പൊതിഞ്ഞ ചുണ്ടുകൾ മുത്തു പൊഴിച്ചു….
“ഇപ്പോൾ പഴയപോലല്ല…. കമ്പിനിയിൽ നല്ല തിരക്കുണ്ട്…” കയ്യിലിരുന്ന blazer സെറ്റിയിലേക്കിട്ട് അവളെയും ചേർത്തുപിടിച്ചയാൾ അകത്തേക്ക് നടന്നു…..
“കുടിക്കാൻ ഞാൻ ചായ എടുക്കാം…”അവൾ സോഫയിൽ നിന്നും ചാടി എഴുന്നേറ്റു…..
“വേണ്ടാ …. നീ ഇടേണ്ട, നീ ഇവിടെയൊന്നു അടങ്ങിയിരുന്നാൽ മതി … ഇങ്ങനെ പെട്ടെന്നൊക്കെ ചാടിയെഴുന്നേറ്റാൽ അത് കുഞ്ഞിനാണ് കേട് സെലിൻ .” അയാൾ അവളെ ശാസിച്ചു….
“ഓ…. അപ്പൊ കുഞ്ഞിന് കേടായതുകൊണ്ടാ, അല്ലാതെ ഭാര്യക്കു ജോലി ഭാരം കുറഞ്ഞോട്ടെന്ന് കരുതിയല്ല അല്ലേ….” അവൾ കെറുവിച്ചുകൊണ്ട് തിരിഞ്ഞിരുന്നു….
“ശ്ശോ…. എന്റെ സെലിൻ… ഇനി അതിനായി മുഖം വീർപ്പിക്കല്ലേ.. ഞാൻ അങ്ങനൊന്നും ഉദ്ദേശിച്ചില്ലെടോ…സത്യം… . താനിങ്ങനെ കാട് കയറി ചിന്ദിക്കല്ലേ…. ഇപ്പൊ താൻ എപ്പോഴും സന്തോഷമായിരിക്കേണ്ട സമയമാണ്…മനസ്സിന് സങ്കടമാകുന്നത് എന്തേലും ഉണ്ടായാൽ അത് നമ്മുടെ കുഞ്ഞിന് ഹേമദണ്ഡമാ….” അവനവളുടെ വയറ്റിലേക്ക് കൈ തൊട്ടൊണ്ട് പറഞ്ഞു ……
“എപ്പോ നോക്കിയാലും കുഞ്ഞു… കുഞ്ഞു…. ഞാനപ്പോ ആരുമല്ലേ .” അവളുടെ ദേഷ്യം അണപൊട്ടി പുറത്തേക്ക് വന്നതും അവൻ ചാടിയെഴുന്നേറ്റു ….
“നിന്നോടല്ലെടി ഞാൻ പറഞ്ഞെ ഇങ്ങനെ ചാടിയെഴുന്നേൽക്കരുതെന്നു….” അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചവൻ ഒരു നിമിഷം നിന്നു…..
ഉള്ളിലെ ദേഷ്യം അവളെ കൊന്നേക്കും എന്ന പേടിയിൽ അവൾ കണ്ണുരുട്ടി… വയറിൽ പിടിച്ചു….
അതുകണ്ടതും തേജസ് ഏതു കൈകൊണ്ടാണോ അവളെ കുത്തിപിടിച്ചത്, ആ കൈകളിൽ താങ്ങി തന്നെ അവളെ മുറിയിൽ കൊണ്ടുപോയി കിടത്തി….
“മോളെ അത് ഞാൻ പെട്ടെന്ന് … നിനക്ക് കൊഴപ്പമൊന്നുമില്ലലോ അല്ലേ ….ഡോക്ടർനെ വിളിക്കണോ…. ” പേടിയും പരിഭ്രമവും കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….
“തേജസ്…. എനിക്കൊന്നുമില്ല…. അയാം ഓക്കേ….. “
“സത്യം…..”
“സത്യം….. “
“താൻ റസ്റ്റ് എടുക്ക്… ഞാൻ കുടിക്കാൻ എന്തെങ്കിലും കൊണ്ടുവരാം…. ” അവൻ തിരിച്ചുവന്നത് കയ്യിൽ ഒരുഗ്ലാസ് ജ്യുസുമായാണ് ,
വാടിയ മുഖവുമായി കയ്യിലെ ഫോണിൽ നോക്കിയിരിക്കുന്ന അവളുടെ മുഖം അവൻ പിടിച്ചുയർത്തി…
“എന്താ പ്രശ്നം… ആരാ വിളിച്ചേ…. “
“അത് പിന്നെ ഒന്നുമില്ല… ഞാൻ എന്തോ ആലോചിച്ചിരുന്നതാ…. “
“സത്യം പറ സെലിൻ എന്താ പ്രശ്നം…” അവൾ മറുപടി പറയുന്നില്ലെന്ന് കണ്ടവൻ ആ ഫോൺ പിടിച്ചുവാങ്ങി അവസാനം വന്ന നമ്പറിൽ ഡയൽ ചെയ്തു…..
മറുവശത്തു കെട്ട പുരുഷ ശബ്ദം തിരിച്ചറിഞ്ഞതുകൊണ്ട് തേജസ് അയാളോട് സംസാരിച്ചു…..
“ഇത്രയും ചെറിയൊരു കാര്യത്തിനാണോ താൻ ഇങ്ങനെ സങ്കടപ്പെട്ടത്… “തിരിച്ചു ഫോണ്വൾക്ക് നീട്ടികൊണ്ടവൻ ചോദിച്ചു….
“ചെറിയ കാര്യമോ…… അഞ്ചു ലക്ഷമാണോ തേജസ്സിന് അത്രക്ക് ചെറിയ കാര്യം…. ” അവളുടെ സ്വരം ഉയർന്നു…..
“സെലിൻ പതുക്കെ…. നിന്റെ ബിപി ചേഞ്ച് ചെയ്‌താൽ അതിന്റെ ബുദ്ധിമുട്ട് നമ്മുടെ കുഞ്ഞിനാ… കല്യാണം കഴിഞ്ഞു ഏഴു വർഷത്തിന് ശേഷം എനിക്ക് കിട്ടുന്ന നിധിയാണിത് …. പ്ലീസ് സെലിൻ…. നീ സമാധാനത്തോടെ ഇരിക്ക്…. ഞാനില്ലേ… എല്ലാം ഞാൻ നോക്കിക്കോളാം…. “
“ഇതിപ്പോ എത്രമത്തെ തവണയാണ് തേജസ്… ഇതിനു മുന്നത്തെ സമയവും നമ്മൾ അവനെ ഹെല്പ് ചെയ്തതല്ലേ….. “
“ഒക്കെ ശരിയാണ്…. പക്ഷേ അതൊന്നും അവന്റെ തെറ്റല്ലെല്ലോ.. കഴിഞ്ഞ രണ്ടു തവണയും ഏജന്റ് പറ്റിച്ചതല്ലേ… ഈ തവണ ഒക്കെ ഞാൻ നേരിട്ട് നോക്കിയേ കൊടുക്കൂ…. പോരെ…. “
“ഞാൻ ഭാഗ്യവതിയാണ് തേജസ് നിങ്ങളെ കിട്ടിയത്തിൽ, അതുപോലെ നമ്മുടെ മകനും ഭാഗ്യവാനാണ് കണ്ടില്ലേ നമ്മുടെ മോൻ ഭൂമിയിലേക്ക് വരവറിയിച്ചപ്പൊൾ തന്നെ അവന്റെ അമ്മാവൻ അമേരിക്കക്കാരൻ ആയത് ” …
“സത്യം… എന്റെ മകൻ ഭാഗ്യവാൻ ആണ്…. ” അയാൾ അവളെ നെഞ്ചോട് ചേർത്തുപിടിച്ചു….
“പോകണോ തേജസ്…. എനിക്ക് നിങ്ങളില്ലാതെ പറ്റില്ല….. “
“മ്മ്… ഇപ്പൊ പോണം.. കുറച്ചു നാൾ കൂടി മാത്രമേ ഈ അകൽച്ച ഉണ്ടാകൂ…അമ്മയെ പറഞ്ഞു മനസിലാക്കുന്ന ഒരു സമയം …. അതുകഴിഞ്ഞാൽ പിന്നെ നീ എന്നും എന്റെകൂടെ തന്നെ ആയിരിക്കും…..” അവളുടെ നെറുകയിൽ മുത്തി അവനിറങ്ങി…..
🥀🥀🥀🥀🥀🥀🥀🥀🥀
ആരുടെ മുന്നിൽ പെടരുതെന്നാലോചിച്ചോ അയാളുടെ മുന്നിൽ തന്നെ കൃത്യമായി പിടിക്കപ്പെട്ടതിന്റെ സകല പരിഭ്രമവും മറച്ചു പിടിച്ചു തേജസ് ചിരിച്ചു…..
“അമ്മ കിടന്നില്ലേ….. “
“നിന്നെപ്പോലുള്ള നല്ല മക്കൾ ഉണ്ടെങ്കിൽ ആ മാതാപിതാക്കൾക്ക് ആഹാരവും ഉറക്കവും ഒക്കെ കണക്കാണ്..”.. അവന് വഴി മാറിക്കൊടുത്തുകൊണ്ട് അമ്മ പറഞ്ഞു……
“ഉച്ചക്ക് കമ്പിനിയിൽ നിന്നുമിറങ്ങിയ നീ എവിടായിരുന്നു…. ഫോൺ വിളിച്ചപ്പോ ഒക്കെ സ്വിച്ച് ഓഫും… രാവിലെ ഞാൻ പറഞ്ഞല്ലേ വിട്ടതല്ലേ പിറന്നാളിന്റെ കാര്യം… എന്നിട്ടും… “
“എന്റമ്മേ ഒരു പിറന്നാൾ അല്ലേ.. അല്ലാതെ ആരുടേയും അടിയന്തരമൊന്നുമല്ലാരുന്നെല്ലോ ….” അവൻ മുഷിവോടെ അമ്മയോട് കയർത്തു…
“അതേടാ പിറന്നാൾ തന്നെയാണ്.. നിനക്കത് വലിയ കാര്യമൊന്നുമല്ലായിരിക്കാം… പക്ഷേ അവൾക്കങ്ങനല്ല… പാവം ഒരുപാട് പ്രതീക്ഷിച്ചിരുന്നു നിന്നോടൊത്തിരുന്നു ഒരു നേരം ആഹാരം കഴിക്കാൻ… “
“ഇതുപോലെ ആഗ്രഹങ്ങളും മോഹങ്ങളും ഒക്കെ എനിക്കുമുണ്ടായിരുന്നല്ലോ … അതൊന്നും സാധിച്ച് തരാത്ത ഒരുത്തിയുടെ ആഗ്രഹത്തിന് ഇപ്പോൾ എനിക്കും വലിയ വിലയൊന്നും ഇല്ല…” പുച്ഛത്തോടെ അത് പറഞ്ഞ് നോക്കുന്നത് ലക്ഷ്മിയുടെ മുഖത്തേക്കാണ്..
എല്ലാം അവൾ കേട്ടെന്ന് ആമുഖം വ്യക്തമാക്കി… പക്ഷേ ഇപ്പോൾ പഴയപോലെ അവളുടെ മുഖത്ത് ഉണ്ടാവുന്ന ഭാവ വ്യത്യാസങ്ങൾ അവനിൽ വലിയ ചലനമൊന്നും സൃഷ്ടിക്കറില്ല…
ഉള്ളിലെ സങ്കടം നീർച്ചോലകളായി പരിണമിക്കും മുന്നേ സന്തോഷത്തിന്റെ മേലങ്കി തന്നിലേക്കണിഞ്ഞവൾ അവനെ നോക്കി പുഞ്ചിരിച്ചു…
“തേജേട്ടൻ കൈകഴുകി ഇരുന്നോളൂ… ഞാനിപ്പോൾ ആഹാരം എടുക്കാം…”
പക്ഷേ മറുപടി ഒന്നും തന്നെ അവൾക്ക് നൽകാതെ അവൻ സ്റ്റെപ്പ് കയറി മുകളിലേക്ക് പോയി….
“മോളെ…. “
“എനിക്ക് സങ്കടമൊന്നുമില്ലമ്മേ….” ടേബിളിൽ ഇരിക്കുന്നതൊക്കെ അകത്തേക്ക് കൊണ്ടുപോകും വഴിയവൾ പറഞ്ഞു..
“മോളൊന്നും കഴിച്ചില്ലല്ലോ….. “
“വേണ്ടമ്മേ…. വിശപ്പില്ല…… “
“മോള്‌ച്ചക്കും ഒന്നും കഴിച്ചില്ലല്ലോ….” മറുപടി ഉണ്ടാകില്ലെന്നറിഞ്ഞു കൊണ്ട് തന്നെ അവർ ചോദിച്ചു…
ലക്ഷ്മി മുറിയിലെത്തും മുന്നേ തേജസ് കിടന്നിരുന്നു… ഇതിപ്പോ ശീലമാണ്…കട്ടിലിന്റെ സൈഡിൽ കിടക്കാൻ തുടങ്ങുമ്പോഴേക്കും തേജസ് എഴുന്നേറ്റിരുന്നു…..
“വക്കീൽ പറഞ്ഞു മ്യൂച്വൽ ഡിവോഴ്സ് ആയതുകൊണ്ട് അധിക മൊന്നും നീണ്ടുപോകില്ലന്നു….. കൂടിയാൽ ഒരു വർഷം…. ആറുമാസം കൊണ്ട് തന്നെ തീർക്കാൻ നോക്കാം.. പിന്നെ കോടതി കാര്യമല്ലേ … അപ്പോ ഞാൻ പറഞ്ഞുവരുന്നത്, നീ ഇവിടുന്ന് പോകുന്നതിനു മുന്നേ അമ്മയെ കൊണ്ട് നിന്നെ എത്രത്തോളം വെറുപ്പിക്കാമോ അത്രത്തോളം വെറുപ്പിച്ചോണം…അങ്ങനെയാകുമ്പോ അമ്മയ്ക്ക് സെലിനെ സ്വീകരിക്കാൻ എളുപ്പമായിരിക്കും…. പതിയെ പതിയെ ആണേലും അമ്മയവളെ അംഗീകരിച്ചോളും… പിന്നെന്റെ കുഞ്ഞൂടെ വന്നാൽ പിന്നെ എല്ലാം കൊണ്ടും സന്തോഷം മാത്രമായിരിക്കും ഈ വീട്ടിൽ ….. “
“ഇങ്ങനെ എന്നെ തന്നെ നോക്കി നീ കണ്ണുനീർ നാടകം ആടണ്ടാ…. മച്ചിയായ നിന്നെ ഒന്നുമല്ലേലും ഇത്രയും കാലം നോക്കിയതല്ലേ, അതിന്റെ കൂലിയായി കണ്ടാൽ മതി ഇതിനെ …. “അതും പറഞ്ഞു സൈഡ് ടേബിൾ ലാംപ് ഓഫാക്കി അയാൾ കിടന്നു…
എ സി യുടെ തണുപ്പിലും അവൾക്ക് വല്ലാത്ത ഉഷ്ണം തോന്നി…..
ഏതോ മരുഭൂവിലകപ്പെട്ടു, ചുറ്റും പറക്കുന്ന കാറ്റിലെ പൊടിപടലങ്ങളിൽ ദിശയറിയാതെ നട്ടം തിരിയും പോലെ അവൾ പുറത്തെ തണുപ്പിലും ഉള്ളിലെ കത്തുന്ന വേനലിൽ പിടഞ്ഞു തുടങ്ങി….
“മച്ചി…… ഹും” അറിയാതെയാണെങ്കിലും ചുണ്ടിൽ വിരിഞ്ഞ പുച്ഛത്തിൽ അവൾ സന്തോഷിച്ചു….
ആദ്യമായി ഈ വാക്ക് കേൾക്കുന്നത് കല്യാണം കഴിഞ്ഞ് ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ തേജ് ന്റെ തന്നെ ഒരമ്മായിയുടെ അടുത്തു നിന്നാണ്…. പിന്നെ ഒന്ന് ഒമ്പതായി, തൊണ്ണൂറായി തൊള്ളായിരമായി… പിന്നെ പിന്നെ താൻ എണ്ണുന്നത് തന്നെ നിർത്തി..
വർഷങ്ങൾ ശരവേഗത്തിൽ കടന്നുപോയി… ആദ്യമൊക്കെ തന്നെ മറ്റുള്ളവരിൽ നിന്നും പൊതിഞ്ഞു പിടിച്ച കൈകൾ തന്നെ, ആൾക്കാർക്ക് മുന്നിലേക്ക് തന്നെ എറിഞ്ഞു കൊടുക്കാൻ തുടങ്ങിയപ്പോൾ സങ്കടം നിർവികാരതയിലേക്ക് വഴിമാറുകയായിരുന്നു…
ഇടയ്ക്കെപ്പോഴോ ജീവിതം മൊത്തത്തിൽ കൈവിട്ടു പോകും എന്ന് തോന്നിയപ്പോൾ ഒരു കുഞ്ഞിനെ ദത്തെടുക്കാനായി താൻ ആവശ്യപ്പെട്ടു….
” നിനക്ക് അമ്മയാവാൻ കഴിവില്ലാത്തതിനു വല്ലവന്റെയും ചോരയിലുണ്ടായ ഒരു കുഞ്ഞിന്റെ തന്തയാവാൻ തന്നെക്കൊണ്ട് പറ്റില്ലന്ന് പറഞ്ഞു ഒറ്റവാക്കിൽ തേജസ് തന്റെയാ ആവശ്യം അവസാനിപ്പിച്ചു….”
എത്രയൊക്കെ തന്നെ മച്ചിയായി ആൾക്കാർ കാണുമ്പോഴും അറിയാതെ ചില കണ്ണുകളെങ്കിലും തന്നിലേക്ക് നീളുന്നത് കാണാൻ തുടങ്ങിയപ്പോൾ അവന് താൻ മറ്റുള്ളവരുടെ മുൻപിൽ കഴിവുകെട്ടനായി എന്നൊരു തോന്നൽ ഉള്ളിന്റെയുള്ളിൽ ഉടലെടുത്തു…
അതിൽ നിന്നും ഉണ്ടായ ബന്ധമാണ് സെലിൻ…. അവളിൽ തനിക്ക് ഒരു കുഞ്ഞ് ജനിക്കുന്നു എന്നുകൂടി അറിഞ്ഞപ്പോൾ എല്ലാംകൊണ്ടും താൻ തേജിന് അധികപ്പറ്റായി… പിന്നീടവന്റെ കണ്ണിൽ അവളായിരുന്നു ഭാര്യ… അത് ചെന്നവസാനിച്ചതോ നിയമത്തിന്റെ കടലാസുകളിലും ..
പിറ്റേദിവസം അമ്മയുടെ ചെക്കപ്പിനായി കൂടെ പോയ തേജസ് ഏതോ ഫയൽ മറന്നുവെച്ചതെടുക്കാൻ വേണ്ടി വീട്ടിലേക്ക് മടങ്ങിയെത്തി…. അകത്തു നിന്നും കേട്ട സംഭാഷണം അവന്റെ കാലിനെ ചങ്ങലകൊണ്ട് ബന്ധിച്ചു….
“മിടുക്കി…. നീയാണടീ ഉത്തമയായ ഭാര്യ….. ഭർത്താവ് പറഞ്ഞതുകേട്ട് ഡൈവോഴ്സ് ഒപ്പിട്ടിട്ട് വന്നുനിന്നു മോങ്ങുന്നു…… നിന്നെ ഉണ്ടല്ലോ…”
ശബ്ദത്തിൽ നിന്ന് തന്നെ അത് തന്റെ പെങ്ങളാണെന്ന് അയാൾ തിരിച്ചറിഞ്ഞു…
“അത് ചേച്ചി…… “
“എന്ത് ചേച്ചി….. “
അല്ലേലും തന്റെ അമ്മയ്ക്കും പെങ്ങൾക്കും അവൾ മതി…അയാളിൽ അരിശം കുമിഞ്ഞു പൊങ്ങി..
“എന്റെ അമ്മയെയും പെങ്ങളെയും എന്ത് കാണിച്ചാണടി നീ ഇങ്ങനെ കൈവെള്ളയിൽ ഒതുക്കി വെച്ചിരിക്കുന്നത്.. ” അയാളുടെ ഒച്ച കേട്ട് രേഖ തിരിഞ്ഞു നോക്കി….
“ആഹാ… എത്തിയോ എന്റെ സർവ്വഗുണ സമ്പന്നനായ ആങ്ങള… അറിയാൻ വയ്യാത്തത് കൊണ്ട് ചോദിക്കുകയാണ് നാണമില്ലേടാ നിനക്ക് ….”
“എടീ….”
“ദേ,ഇവളേ ഭരിക്കുന്നത് പോലെ എന്റെ നേരെയെങ്ങാനും വന്നാലുണ്ടല്ലോ നിന്നെക്കാളും തണ്ടും തടിയും ഉള്ള ഒരു ഭർത്താവ് എനിക്കുമുണ്ട്…” തന്റെ നേരെ കയ്യോന്നി വരുന്ന തേജസിന് അവൾ ചൂണ്ടുവിരലിൽ നിർത്തി…
“ആങ്ങളയും പെങ്ങളേയും തെറ്റിച്ചപ്പോൾ നിനക്ക് സമാധാനമായി കാണുമല്ലോ അല്ലേ.. വെറുതെയല്ലഡീ നീയൊരു മച്ചിയായിപ്പോയത്…” അവനത് പറഞ്ഞ് തീരുകയും രേഖയുടെ കൈവിരലുകൾ അവന്റെ കവിളിൽ പതിച്ചു…
“നീയൊരക്ഷരം മിണ്ടിപ്പോകരുത്… ആരാണെടാ മച്ചി… ഇവളോ… ഇവളാണോ നിനക്ക് മച്ചി… അപ്പോൾ നീ… നീ എല്ലാംകൊണ്ടും പൂർണ്ണൻ, അല്ലേ………കഷ്ടം.”
“ചേച്ചി….. “
“മിണ്ടിപ്പോകരുത്… ആദ്യമേ ഞാനും അമ്മയും നിന്നോട് പറഞ്ഞതല്ലേ, ഇവനോട് സത്യം എല്ലാം പറയാൻ, അപ്പോൾ നീ സാവിത്രി ആയി, അതുകൊണ്ടെന്താ നീയിത് കേൾക്കണം…. ഇതെല്ലാം കേൾക്കാൻ നീ ബാധ്യസ്ഥയാണെടി …. രേഖ ദേഷ്യത്തിൽ ഉറഞ്ഞുതുള്ളി “
“സത്യമോ എന്ത് സത്യം…” തേജസ് രണ്ടുപേരെയും നോക്കി….
“അറിയണോ നിനക്ക്…. “രേഖയിൽ നിന്നും കേട്ട കാര്യങ്ങൾ തേജസിന്റെ സമനില തെറ്റിച്ചു…. അതിലെ സത്യമറിയാൻ അവനവിടുന്ന് നേരെ പോയത് കുറച്ചുനാൾ താൻ ചികിത്സയിലായിരുന്ന ഡോക്ടറുടെയടുക്കലേക്കായിരുന്നു….
അദ്ദേഹത്തിന്റെ മുൻപിൽ ഏറെനേരം മുഖംപൊത്തി കരഞ്ഞ തേജസിന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് ലക്ഷ്മിയുടെ മുഖമായിരുന്നു…. അതിന് അകമ്പടി എന്ന പോലെ പുറകെ എത്തിയ മുഖം അവനെ ദേഷ്യത്തിൻ കയങ്ങളിലേക്ക് തള്ളിയിട്ടു…
താൻ എല്ലാ അർത്ഥത്തിലും പൂർണ്ണനാണെന്നുള്ള മിഥ്യാ ധാരണ തൻ ചില്ലുകൊട്ടാരത്തിൽ ജീവിച്ചുകൊണ്ടിരിക്കുകയും അതിൽ നിന്നുള്ള അഹങ്കാരത്തിൽ ജീവിതത്തെ തള്ളിനീക്കുകയും ചെയ്യുന്നൊരാൾക്ക് അത് എന്നോ താഴെവീണുടഞ്ഞ വെറും സ്ഫടികപാത്രമാണെന്നുള്ള തിരിച്ചറിവുണ്ടാക്കുന്ന ആ ഒരു നിമിഷം, അപ്പോഴത്തെ മാനസികാവസ്ഥ…..അതൊരുപക്ഷെ മരണത്തേക്കാൾ ഭീകരമായിരിക്കുംന്നറിയാവുന്നത് കൊണ്ടാണ് ലക്ഷ്മി ഇത്രയും കാലം ഇതൊക്കെ മറച്ചുവെച്ചിരുതെന്നുള്ള അറിവ് അവനേ വീണ്ടും വീണ്ടും കുറ്റബോധത്തിന്റെ ആഴിയിലേക്ക് തള്ളിയിടുന്നതുപോലെയായിരുന്നു ….
അവിടുനിറങ്ങിയ അവൻ നേരെ പോയത് സെലിന്റെ വീട്ടിലേക്കായിരുന്നു…. അവിടെ ചെന്നപ്പോൾ കാണുന്നത് ഇത്രയും കാലം ആങ്ങളയെന്നു പറഞ്ഞു പരിചയപ്പെടുത്തിയവന്റെ മാറിൽകിടന്നു തന്നെ പറ്റിച്ചതിന്റെ കണക്ക് പറഞ്ഞു ചിരിക്കുന്ന സെലിനെയാണ്….
ഒരുവാക്ക് പോലും മിണ്ടാതെ അവൻ തിരിഞ്ഞു നടന്നു…. ചുറ്റിലും വന്നു പടരുന്ന അന്ധകാരത്തിൽ അവൻ നട്ടം തിരിഞ്ഞു….
വെച്ചുപോകുന്ന കാലുകളെ വീഴാതെ പിടിച്ചു നിർത്തി തിരിച്ചു വണ്ടിയോടിക്കുമ്പോഴെല്ലാം ലക്ഷ്മിയുടെ മുഖം മാത്രമായിരുന്നു അവന് മുൻപിൽ… അതുകൊണ്ടു തന്നെ മുന്നിലേകൊടിയേത്തിയ ലോറിയെ അവൻ കണ്ടില്ല….
രക്തത്തിൽ കുളിച്ചുകിടന്ന അവനെ ആരൊക്കെയോ താങ്ങിയെടുക്കുമ്പോഴും അവന്റെ കണ്ണുകൾ അവളുടെ കാൽപാദങ്ങളിൽ അശ്രുപൂജ നടത്തുകയായിരുന്നു…. ചെയ്ത്തുപോയ ഓരോ തെറ്റിനും മാപ്പപേക്ഷിക്കുകയായിരുന്നു… അതിനു സാക്ഷിയെന്ന പോൽ പലരുടെയും കാലിനടിയിൽ കിടന്നു തന്റെ പ്രിയപ്പെട്ട ഗുൽമോഹർ ചതഞ്ഞരഞ്ഞു….
തന്റെ മുന്നിൽ തെളിയുന്ന ലക്ഷ്മിയുടെ മിഴിവുറ്റ മുഖത്തേക്ക് നോക്കും തോറും അവന്റെ ചുണ്ടിൽ പുഞ്ചിരി തിരിച്ചെത്തി…..
മരണമെന്ന മാന്ത്രികൻ നമ്മെ കൂട്ടാനായി എത്തുമ്പോൾ, അവൻ കാട്ടുന്ന ആദ്യത്തെ ഇന്ദ്രജാലം ഒരുപക്ഷെ നമ്മുക്കു എറ്റവും പ്രിയപ്പെട്ടയാളുടെ മുഖം ഒരു നിമിഷതെക്കെങ്കിലും നമ്മുടെ കണ്മുന്നിലെത്തിക്കുകയായിരിക്കും അല്ലേ….ആവും… അതാകും തന്റെ മഹാലക്ഷ്മിയുടെ മുഖം ഇപ്പോൾ തന്നോടിത്രയുമടുത്തു…….
ഒരുപക്ഷെ അതാകാം അവസാനത്തെ മനോഹര ദൃശ്യവും…. …
തേജസ്….. തേജസ്….
ഏതോ ഗുഹക്കുള്ളിൽ നിന്നും വരുന്ന ശബ്ദം പോലെ തോന്നിയവന്… തല വെട്ടിപ്പൊളീയുന്നു… അവൻ തന്റെ കണ്ണുകൾ പതിയെ തുറക്കാൻ ശ്രെമിച്ചു….
അപ്പോൾ താൻ മരിച്ചില്ലേ….. അവൻ പഴയതൊക്കെയോന്നോർത്തെടുക്കാൻ ശ്രെമിച്ചു……
ആദ്യം കണ്ണെത്തിയത് മുകളിൽ കറങ്ങുന്ന ഫാനിൽ ആണ്… പോളകൾ ചിമ്മിയടയുന്നു…. എങ്കിലും നോട്ടം ചുറ്റിലും എത്തി….
അമ്മ… പെങ്ങൾ അങ്ങനെ ആരൊക്കെയോ…….
കാണാൻ ആഗ്രഹിച്ച മുഖമില്ലെന്നു കണ്ടതും കണ്ണടച്ചു….തന്റെ ലക്ഷ്മി…. കൺകോണിലൂടെ ഒഴുകിയത് കണ്ണുനീരല്ലായിരുന്നു, അവന്റെ ഹൃദയരക്തം ആയിരുന്നു…..
ആക്‌സിഡന്റ് കഴിഞ്ഞു രണ്ടുമാസങ്ങൾക്ക് ശേഷമാണ് തനിക്ക് ബോധം വരുന്നതെന്ന് ഡോക്ടറിന്റെയും അമ്മയുടെയുമൊക്കെ സംസാരത്തിൽ നിന്നും മനസ്സിലായി…
ലക്ഷ്മിയേ പറ്റി ആരുമൊന്നും പറഞ്ഞുകെട്ടില്ല… ചോദിക്കാനുള്ള അർഹത ഇല്ലാത്തതുകൊണ്ട് തന്നെ അവനും മനസ്സിൽ തേങ്ങി….
ഉള്ളിലൂടെ ഒഴുകിതുടങ്ങിയ മരുന്നിന്റെ വേലിയേറ്റം ബോധത്തെ മറക്കാൻ തുടങ്ങിയപ്പോൾ പതിയെ കണ്ണടഞ്ഞുതുടങ്ങി…ഇടയിലെപ്പോഴോ കൺപീലികൾ തമ്മിൽ പിണങ്ങിയെന്നു തോന്നുന്നു, അറിയാതെ ഇമകൾ ഒന്ന് ചിമ്മി…അപ്പോൾ കണ്ടു,ഡോർ തുറന്നു അകത്തേക്ക് വരുന്ന തന്റെ ലക്ഷ്മിയേ… സ്വപ്നമാണോ സത്യമാണോന്നുള്ള ആശങ്കയിൽ കണ്ണുകൾ വീണ്ടും വീണ്ടും വലിച്ചു തുറക്കാൻ ശ്രെമിച്ചെങ്കിലും ഒരിക്കൽ കൂടെ പരാജയത്തിന്റെ രുചിയറിഞ്ഞവൻ മയക്കത്തിലേക്ക് വീണു … പക്ഷെ അപ്പോഴും നെറുകയിൽ വീണ തണുപ്പവന്റെ മനസ്സ് തൊട്ടറിയുന്നുണ്ടായിരുന്നു….
മയക്കം വിട്ടുണർന്നപ്പോൾ ആദ്യം കണ്ടത് അവളെയാണ്… ആളറിയാൻ പറ്റാത്ത വിധം മാറിപ്പോയിരിക്കുന്നു…. കണ്ണിലെ തിളക്കം ഒഴിച്ചാൽ എല്ലും തോലുമായ ഒരു രൂപം….. ഈ പോയ രണ്ടുമാസം തന്നേക്കാളും കൂടുതൽ അവളാണ് എല്ലാം അനുഭവിച്ചതെന്നു ഉറക്കെയാ രൂപം തന്നോട് വിളിച്ചുപറയുന്നപോലെ തോന്നിയവന് ..
തന്നെ കണ്ണിമ ചിമ്മാതെ നോക്കിനിൽക്കുന്നവനെ അവളും സ്നേഹത്തോടെ നോക്കിനിന്നു… പതിയെ നെറ്റിയിലൂടെ ആ കൈവിരലുകളോടി…
വേദന ഉണ്ടോ എട്ടാ…
ഇല്ലെന്ന് തലയാട്ടുമ്പോൾ ആ കണ്ണിൽ കണ്ട സന്തോഷം അവന്റെ ഉള്ള് പൊള്ളിക്കുന്നുണ്ടായിരുന്നു….
പിന്നീടുള്ള നാല് മാസമവൾ അവനെ തന്റെ കുഞിനെപോലെ നോക്കി. വാരികൊടുത്തും തരാട്ടുപാടിയും ഇടയ്ക്കിടെ കുഞ്ഞു കുഞ്ഞു വഴക്കുമൊക്കെ പറഞ്ഞുമവൾ അവനിൽ തന്റെ വാത്സല്യം ചൊരിഞ്ഞുകൊണ്ടിരുന്നു ….
ഇടയ്ക്കിടെ പാളി വീഴുന്ന ചില നോട്ടങ്ങളിൽ, അവനറിയാതെ ഒളിപ്പിക്കുന്ന പുഞ്ചിരിയിൽ, നെഞ്ചിലേക്ക് ചേർത്തു കിടത്തിയുറക്കുമ്പോൾ ഉയരുന്ന ഹൃദയമിടിപ്പിൽ അങ്ങനെ ഒരോ നിമിഷവും അവളുടെ പ്രണയം മൗനമായി തന്നെ അവനിലേക്കൊഴുകി.അതറിഞ്ഞിട്ടും ചെയ്തുപോയ തെറ്റിന്റെ വലുപ്പം കാരണം തേജസിന്റെ മനസ്സ് അവനെ അവളിലേക്കടുക്കന്നതിൽ നിന്നും വിലക്കിക്കൊണ്ടിരുന്നു …..
നാല് മാസങ്ങൾക്കു ശേഷം ഇന്നാണ് അവന്റെ കയ്യിലെ പ്ലാസ്റ്റർ എടുക്കുന്നത്….ഇപ്പോൾ ഒരാളുടെ സഹായം ഇല്ലേലുമവൻ അത്യാവശ്യം നടക്കാമെന്നായി….അങ്ങനെ ലക്ഷ്മി യുടെ സഹായം ഇല്ലേലും സ്വന്തം കാര്യം നോക്കാം എന്നൊരാവസ്‌ഥയായപ്പോൾ അവൻ മെല്ലെയവളെ അവനില്ണുന്നുമാകറ്റാൻ തുടങ്ങി …
ഹോസ്പിറ്റലിൽ പോയി തിരിച്ചുവന്നതിനുശേഷം അവൻ എല്ലാകാര്യങ്ങളും സ്വയം ചെയ്യാൻ ശ്രെമിക്കുന്നത് ലക്ഷ്മി വേദനയോടെ നോക്കിനിന്നു… ഇത്രയും ദിവസം അധികമൊന്നും അവളോട് മിണ്ടിയിരുന്നില്ലെങ്കിലും നിഴൽപോലെ അവനോടാപ്പമുള്ള ഒരോ നിമിഷവും അവള് ആസ്വദിക്കുകയായിരുന്നു…. പക്ഷെ ഇപ്പോൾ…. എന്തേലും ചെയ്തുകൊടുക്കാൻ ചെന്നാലും അവൻ ഒരു നോട്ടംകൊണ്ടവളെ തടഞ്ഞുകൊണ്ടിരുന്നു…..
സങ്കടം സഹിക്കാൻ വയ്യാന്നു തോന്നിയ നിമിഷങ്ങളിൽ അമ്മയുടെ മടിയിലേക്കവൾ തന്റെ ദുഃഖം പെയ്തിറക്കി…ഏകദേശം ഒരാഴ്ച ഈ അവസ്ഥ തന്നയപ്പോൾ അമ്മ അവനോട് സംസാരിക്കാൻ തീരുമാനിച്ചു…
തേജ്….
മ്മ്…..
തേജു…..
പറഞ്ഞോ അമ്മേ…..
അമ്മക്ക് മോനോട്….
ലക്ഷ്മിയെപ്പറ്റി സംസാരിക്കാനാവും അമ്മ വിളിപ്പിച്ചതല്ലേ …
അല്ലാതെ എനിക്കൊന്നും പറയാനില്ലെന്നു നിനക്കറിയാലോ…
അറിയാമമ്മേ….
ഇനിയും അതിനെ ഇങ്ങനെ സങ്കടപ്പെടുത്താണോ മോനെ….അതൊരു പാവം കുട്ടിയാ, നീ ഇത്രയൊക്കെ ദ്രോഹം ചെയ്തിട്ടും ഇപ്പോഴും അവളുടെ ലോകം നീ തന്നെയാണ് …നിന്റെയീ അകൽച്ച, അവളെ കൊല്ലാതെ കൊന്നോണ്ടിരിക്കുവാ മോനെ…
അതാണ്.. അതാണമ്മേ എന്നെയിങ്ങനെ ഒരോ നിമിഷവും പൊള്ളിക്കുന്നത്….അവളെന്നോടൊന്നു പിണങ്ങിയിരുന്നേൽ അല്ലെലോന്നു ദേഷ്യപ്പെട്ടിരുന്നേൽ എന്റെയീ കുറ്റബോധം അല്പമെങ്കിലുമൊന്നു കുറഞ്ഞേനെ…പക്ഷെങ്കി ഇവിടെ ആ പെണ്ണ്, ആ പെണ്ണെന്നെ വീണ്ടും സ്നേഹിച്ചുകൊല്ലുവാണമ്മെ… എന്നെപ്പോലൊരു ദുഷ്ടനെ എങ്ങനാമ്മേ ഒരാൾക്കിങ്ങനെ സ്നേഹിക്കാൻ പറ്റുന്നെ…. ഞാൻ, ഞാൻ അവളോട് ചെയ്തതൊക്കെ ആലോചിക്കുമ്പോൾ…..ഒരു കുഞ്ഞെന്നപോലെ അവനാ മടിയിലേക്ക് ചാഞ്ഞു വിതുമ്പി…
ഈ ലോകത്ത് സ്ത്രീകൾക്ക് മാത്രം ഭഗവാൻ അനുഗ്രഹിച്ചു കൊടുത്തൊരു കഴിവുണ്ട്.. എന്താന്നറിയോ മോനുവിന്….
അവൻ തലയുയർത്തി അവരെ നോക്കി…..
തന്നെ വേദനിപ്പിച്ചവനെയും തന്നിൽ ദ്രോഹം ചെയ്തവനേയും പിന്നെയും രാമാനായി കണ്ടു പ്രണയിക്കാനവൾക്ക് സാധിക്കും…അവൾക്കിപ്പോഴും നിന്നോട് പരാതിയൊന്നുമില്ല മോനെ…. മറിച്ചു നിന്നോടൊപ്പമൊരു ജീവിതമാണ് അവളിപ്പോൾ ആഗ്രഹിക്കുന്നത്… ഇനിയും എന്റെ മോന്നത് അവൾക്കു നിഷേധിക്കല്ലേ… അങ്ങനെ നീ ചെയ്‌താൽ അതാകും നീ ഇന്നുവരെ അവളോട് ചെയ്തതിൽ വെച്ചു എറ്റവും വലിയ ദ്രോഹം….
പിന്നെയും ആ രാത്രിയെ പകലക്കി അമ്മ മകനോടൊരുപാട് കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു…. എപ്പോഴോ ഉറക്കമവനെ തേടിയെത്തുമ്പോൾ നാളെയെ പറ്റി ഉറച്ചൊരു തീരുമാനമവൻ എടുത്തു കഴിഞ്ഞിരുന്നു….
അവനിഷ്ടമല്ലെന്നു കരുതി ലക്ഷ്മിയിപ്പോൾ അവൻ വീട്ടിലുണ്ടെങ്കിൽ കഴിവതും മുനിലേക്ക് പോലും പോകാറില്ല… അതുകൊണ്ട് തന്നെ പിറ്റേന്ന് അമ്മയുടെ നിർബന്ധപ്രകാരമാണ് ലക്ഷ്മി തേജിനൊപ്പം ക്ഷേത്രത്തിലേക്ക് തിരിച്ചത് ക്ഷേത്രത്തിൽ എത്തും വരെ രണ്ടുപേരും ഒന്നും മിണ്ടിയില്ല….
അമ്മ പറഞ്ഞുകൊടുത്ത പൂജയും വഴിപാടുമൊക്കെ എഴുതി തിരുമേനിയെ ഏൽപ്പിക്കുമ്പോൾ കണ്ടു നടയിൽ കണ്ണീരോടെ നിൽക്കുന്ന ലക്ഷ്മിയേ…
ചേർത്തുപിടിക്കാൻ തുടങ്ങും മുന്നേ അവളുടെ നോട്ടം തന്നിലേക്കെത്തിയിരുന്നു… ഇനിയും പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോൾ അവനാ നടയിൽ വെച്ചു അവളുടെ കാലിലേക്ക് വീണു… ചുറ്റും നിന്നവരൊക്കെ അമ്പര പ്പോടെ പരസ്പരം നോക്കി… ലക്ഷ്മി ക്ക് ഒരുനിമിഷം എന്താ നടക്കുന്നെന്നു മനസ്സിലായില്ല… ആൾക്കാരുടെ നോട്ടവും അടക്കം പറച്ചിലുമാണ് അവളെ ബോധത്തിലേക്ക് കൊണ്ടുവന്നത്….
അവള് ചുറ്റുപാടുമോന്നു നോക്കി പെട്ടെന്നവനെ പിടിച്ചുയർത്താൻ ശ്രെമിച്ചു .. പക്ഷേങ്കിലവൻ എഴുന്നേൽക്കാതെ കൈകൂപ്പിയവൾക്ക് മുന്നിലിരുന്നു …
ചെയ്തുപോയ തെറ്റിനൊക്കെ എന്നോട് പൊറുക്കുമോ ലക്ഷ്മി…. ഇനി നീയില്ലാതെനിക്ക് പറ്റില്ലെടാ… അവന്റെ കണ്ണുനീരവളുടെ പാദം തൊട്ടു…
പൊള്ളിപ്പിടഞ്ഞോണ്ട് മറുപടി ഒന്നും പറയാതെ തന്നെ അവളവനെ കെട്ടിപ്പിടിച്ചു കരഞ്ഞു…
ഒരിക്കൽ അഹങ്കാരം കൊണ്ടു വലിച്ചുപൊട്ടിച്ച താലി, ഇന്നവൻ ഭഗവാനെ സാക്ഷിയാക്കി സ്നേഹം കൊണ്ടു കൂട്ടിക്കെട്ടി…
തിരിച്ചു പോരും വഴി ലക്ഷ്മി ഒരുപാടു സന്തോഷത്തിലായിരുന്നു… എന്നോ നഷ്ടപ്പെട്ടുന്നു കരുതിയ സ്നേഹം പതിഞ്മടങ്ങായി തന്നിലേക്ക് തിരിച്ചെത്തിയിരിക്കുന്നു… വീട്ടിലെത്തിയപ്പോൾ എല്ലാരും അവരെ കാത്തന്നപ്പോൽ മുൻവശത്തു തന്നെയുണ്ടായിരുന്നു..
ഓടിപ്പോയി അമ്മയോട് ചേരുമ്പോൾ അവരുടെ കണ്ണുകൾ പോയത് നെറുകയിലെ ചുവപ്പിലും കഴുത്തിലെ താലിയിലുമായിരുന്നു…
സന്തോഷത്തോടെ സദ്യ കഴിക്കുമ്പോഴും അവളുടെ ഒരു കൈ വിടാതെയവൻ പിടിച്ചുവെച്ചിരുന്നു …. കുഞ്ഞു കുഞ്ഞു കുരുത്തക്കേടുമായി അവളുടെ പുറകെ നടക്കുന്ന അനിയനെ രേഖ ആവുന്നപോലൊക്കെ കളിയാക്കി… ചിരിച്ചും കൊണ്ടു മറുപടി കൊടുക്കുമ്പോളെപ്പോഴോ കണ്ടു കണ്ണുനിറഞ്ഞു നിൽക്കുന്ന പെങ്ങളെ ….
കരയാതെടി ചേച്ചി… നിനക്കീ look ചെരില്ല… ഒന്നുമില്ലേലും നീ എന്റെ ആംഗ്രി ബേബി അല്ലേടി …
ഞാനോ… നീ പോടാ മരപ്പട്ടി…..
ടീ ചേച്ചി…നിക്കടി അവിടെ… നിന്നോടാ നിക്കാൻ പറഞ്ഞെ…. നീ എന്താടി എന്നെ വിളിച്ചേ മരപ്പട്ടിന്നോ… അതു നിന്റെ കെട്ട്യോൻ ആ കണ്ണാടി ഹരി നന്ദൻ …ടീ……
അന്നദ്യമായി ആങ്ങളയുടെയും പെങ്ങളുടെയും വഴക്കുകളിൽ ആ അമ്മ മനസ്സ് തുറന്നു സന്തോഷിച്ചു… ഒപ്പം ലക്ഷ്മിയും…
ടീ ഭാര്യേ.. എന്താടി നിനക്കിത്ര ജാഡ….അടുക്കളയിൽ നിൽക്കുന്ന ലക്ഷ്മിയേ ഇടുപ്പിലൂടെ കയ്യിട്ട് തന്നോട് ചേർത്തു തോളിൽ താടി മുട്ടിച്ചുകൊണ്ടവൻ ചോദിച്ചു…
ദൈവമേ… ആരേലും കാണും… വിടെട്ടാ …
അങ്ങനാണോ…. എങ്കിലേ ആരും കാണേണ്ടങ്കിൽ എട്ടന്റെ പോന്നു മോള് പെട്ടെന്ന് തന്നെ മുറിയിലേക്ക് വന്നേ… എട്ടന് പൊന്നുമോളോട് കുറച്ചധികം സംസാരിക്കാൻ ഉണ്ട്… അതുകൊണ്ട് വേഗം വായോ….അവളുടെ കവിളിൽ തട്ടിയവൻ പറഞ്ഞു….
അമ്മയും ചേച്ചിയും ഉച്ചമയക്കത്തിന് പോയപ്പോൾ ലക്ഷ്മി മുറിയിലേക്ക് ചെന്നു… നോക്കിയപ്പോൾ ഹെഡ് റെസ്റ്റിൽ തലവെച്ചു കണ്ണുമടച്ചു തേജ് ഇരിക്കുന്നു….
എന്തെ എട്ടാ… വയ്യേ… അവന്റെ നെറ്റിയിൽ വെപ്രാളംത്തോടെ കൈചേർത്തവൾ ചോദിച്ചു….
ഒന്നൂല്ലേടോ… താൻ ഇങ്ങനെ പേടിക്കല്ലേ… എനിക്കൊന്നുമില്ല… താൻ ഇവിടെന്നോടൊപ്പം ഇരുന്നേ …..അവനവളെ പിടിച്ചടുത്തിരുത്തി ആ മടിയിൽ കിടന്നു ….
തനിക്കെന്നോട് അല്പം പോലും ദേഷ്യം ഇല്ലെടോ…..
ഇല്ലേട്ടാ…. കാരണം എവിടൊക്കെയോ ഞാനും തെറ്റുകാരിയായിരുന്നു.. ഒരുപക്ഷെ ഞാൻ എല്ലാം അന്നുതന്നെ തുറന്നുപറഞ്ഞിരുന്നെങ്കിൽ നമ്മുയുടെ ജീവിതം ഇങ്ങനൊന്നുമാകില്ലായിരിക്കാം… ആദ്യം മറച്ചുപിടിച്ചത് എട്ടന് സങ്കടം ആകാതിരിക്കണമായിരുന്നെങ്കിൽ പിന്നീട് എട്ടന് എന്നോടുള്ള ഇഷ്ടം പോയി പുതിയൊരിഷ്ടം കണ്ടെത്തിനുള്ള അറിവിലായിരുന്നു….അവളുടെ കണ്ണു നിറഞ്ഞു….
ക്ഷമിക്കേടോ എന്നോട്… അവന്റെ കണ്ണും നിറഞ്ഞു….
കുറെ നേരം അവര് ഒന്നുമിണ്ടാതെയിരുന്നു…
അവസാനം അവനവളുടെ മടിയിൽ നിന്നുമെഴുന്നേറ്റ് അവളെ പിടിച്ചു നെഞ്ചിലേക്കിട്ടു…. അതേ… നീ ഞാൻ വിചാരിച്ചത്ര പാവമൊന്നുമല്ല….രണ്ടു ദിവസം മുന്നേ നീ പറഞ്ഞതൊക്കെ ഞാൻ കേട്ടിരുന്നു….
അവളവനെ കൂർപ്പിച്ചു നോക്കി…
എന്താരുന്നു… എന്റെ കയ്യിലെ പ്ലാസ്റ്റർ മാറ്റരുത്..എനിക്കു നടക്കാൻ പറ്റരുത്… ഇങ്ങനാന്നോടി നല്ല ഭാര്യമാരൊക്കെ… ആന്നോടി…..
അവളൊന്നും മിണ്ടുന്നില്ലന്ന് കണ്ടവൻ അവളുടെ താടി പിടിച്ചുയർത്തി…
അയ്യേ… നീ എന്തിനാ ഇങ്ങനെ കരയുന്നെ… ടീ നിന്നോടാ ചോയിച്ചേ… ദേ പെണ്ണെ എനിക്കു ദേഷ്യം വരുന്നുണ്ട്… നിന്നോടാ കരച്ചിൽ നിർത്താൻ പറഞ്ഞെ….ടീ…..
അതു ഞാൻ ഇഷ്ടം കൊണ്ടല്ലേ…. കൈ വയ്യാതിരുന്നപ്പോ ഞാൻ, ഞാനല്ലേ വാരിത്തന്നോണ്ടിരുന്നേ… നടക്കാൻ പാടില്ലാഞ്ഞപ്പോ എന്നെ, എന്നെയിങ്ങനെ ചേർത്തുപിടിച്ചല്ലേ കൊണ്ടുനടന്നേ… എന്നിട്ട്, എന്നിട്ട് ഒക്കെ നേരെയായപ്പോ ഞാൻ, ഞാൻ മേണ്ടാ….ന്നേ മാറ്റി നിർത്തി..ന്നേ നോക്കിയ പോലും ഇല്ല… എല്ലാം ഒറ്റക്ക്… ഒറ്റക്ക് ചെയ്തിലെ.. ഞാൻ എടുത്തുവെച്ച ആഹാരം കഴിക്കാതിരുന്നില്ലേ… ഷർട്ട് മാറ്റിവെച്ചില്ലേ… അതുകൊണ്ടല്ലേ… അതുകൊണ്ടല്ലേ ഞാൻ.. ഞാൻ അങ്ങനൊക്കെ പറഞ്ഞെ… അല്ലാതെ ഇഷ്ടം അല്ലാഞ്ഞിട്ടല്ലല്ലോ… ഇഷ്ടം നിറെ കൂടിയൊണ്ടല്ലേ… എങ്ങലടിച്ചു ഓരോന്നും എണ്ണിപ്പറയുന്നവളെ അവൻ കണ്ണീരോടെ ചുണ്ടുകൾ കൊണ്ടു ബന്ധിച്ചു….അത്രയും കാലം എവിടെയോക്കെയോ നഷ്ടപ്പെട്ടുപോയ അവന്റെ പ്രണയം ഒരു മഴപോലെ അവളെത്തേടിയെത്തി…
ഒരിക്കൽ നഷ്ടപ്പെട്ടുന്നു കരുതിയ തന്റെ പ്രണയം, തന്റെ ജീവൻ, ഇന്ന് തന്നോടൊപ്പം ഓരേ പുതപ്പിനുള്ളിൽ ഓരേ ഹൃദയതാളത്തിൽ, ഓരേ ശരീരമായി …സന്തോഷം കൊണ്ടവളുടെ കണ്ണു നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു … അവള് പതിയെ അവന്റെ കൈക്കുള്ളിലേക്ക് ഒന്നൂടെ ചേർന്നുകിടന്നു…ഉറക്കിത്തിലായിട്ടും അവനവളെ പിന്നെയും പൊതിഞ്ഞു പിടിച്ചു….
പിന്നീടുള്ള ഒരോ ദിവസവും അവൻ തന്റെ സ്നേഹം കൊണ്ടു ലക്ഷ്മിയേ വീർപ്പുമുട്ടിച്ചു… അവരുടെ സന്തോഷത്തിൽ എല്ലാരും സന്തോഷിച്ചു…
അങ്ങനെ ഒരു ദിവസം…
മോനെ നാളത്തെ ദിവസം ഓർമ്മ ഉണ്ടെല്ലോ അല്ലേ….
ഞാൻ മറക്കുമോ അമ്മേ…
അതില്ലെന്നറിയാം…അതേ നാളെ എന്താ നീ അവൾക്കു കൊടുക്കുന്നെ…
അതൊക്കെയുണ്ട്… നാളെ ഞാൻ എന്റെ പെണ്ണിന് കൊടുക്കുന്ന ഗിഫ്റ്റ് അവളുടെ ലൈഫിലെ തന്നെ എറ്റവും വലിയ ഗിഫ്റ്റ് ആകും, അമ്മ നോക്കിക്കോ…അവന്റെ പുഞ്ചിരിയുടെ അർത്ഥം മനസ്സിലായപോലെ അവരും ചിരിച്ചു….
ഇത്രയും കാലം മറന്ന എല്ലാ പിറന്നളുകൾക്കും പരിഹരമായി അവനാ പിറന്നാളിന്റെ ഒരോ നിമിഷവും വളരെ സ്പെഷ്യൽ ആക്കി… അതിപ്പോൾ പന്ത്രണ്ടുമണിക്ക് cut ചെയ്ത കേക്ക് ആണേലും, മുറ്റത്തു നിന്നും ഇറുത്ത മുല്ലമൊട്ടിൽ അവൻ കെട്ടിയ മാല ആണേലും…
ഹാപ്പി ആണോടി ഭാര്യേ…. സാരിയുടെ ഞൊറി നേരെയാക്കുന്ന ലക്ഷ്മിയേ തന്നോട് ചേർത്തു നിർത്തി തോളിൽ താടി മുട്ടിച്ചവൻ ചോയിച്ചു…
മ്മ്…. നിറെ നിറെ നിറെ ഹാപ്പി… അവനെ കെട്ടിപ്പിടിച്ചോണ്ടവൾ പറഞ്ഞു…
ഇതൊന്നും ഒന്നുമല്ല.. ശരിക്കുള്ള ഗിഫ്റ്റ് ഇനിയാണ്…
ഇനിയുമൊ…എന്താ എട്ടാ…
സർപ്രൈസ് ചെല്ലം.. അതും പറഞ്ഞവൻ തിരിഞ്ഞു…
പ്ലീസ് എട്ടാ…. പറ….
അതു സർപ്രൈസ് താൻ പൊണ്ടാട്ടി…
ഹും…ഒരു സർപ്രൈസ്.. അവള് മുഖം വീർപ്പിച്ചു….
ഇങ്ങനെ വീർപ്പിക്കണ്ട.. പറയൂല്ല മോളേ…. ടീ നീ വേഗം ഒരുങ്ങി വാ …
ആ പിന്നെ… ഇങ്ങുവന്നെ… വാടി ഇവിടെ… പിണങ്ങി നിൽക്കുന്നവളെ അവൻ ചേർത്തുപിടിച്ചു…
ഇന്നു ഞാൻ തരുന്ന ഗിഫ്റ്റ് നിനക്ക് ഒരുപാടിഷ്ടമായാൽ എനിക്കെന്താ മെച്ചം… അവനവളുടെ ചുണ്ടിലൂടെ തഴുകി ചോദിച്ചു…
ഇതാ മെച്ചം… പറഞ്ഞതുമവന്റെ കവിളിൽ കടിച്ചവൾ അവിടുന്നോടി…
യ്യോ…എന്റെ കവിൾ ..നിനക്കുള്ളത് ഞാൻ വെച്ചിട്ടുണ്ടെടി… അവൻ കവിളിൽ തടവിക്കൊണ്ട് വിളിച്ചു കൂവി…
വെച്ചേരെ… ഞാൻ സമയം പോലെ വാങ്ങിക്കോളാം….
അന്നത്തെ അവരുടെ യാത്ര ചെന്നവസാനിച്ചത് സ്നേഹാലയത്തിൽ ആണ്…
എട്ടാ.. ഇവിടെ… അവളവന്റെ കയ്യിൽ മുറുകെ പിടിച്ചു….
വാടോ… അവനവളെ തോളോട് ചേർത്തു പിടിച്ചു….
തിരിച്ചിറങ്ങുമ്പോൾ അവരോടൊപ്പം ഒരു മാലാഖ കുഞ്ഞും ഉണ്ടായിരുന്നു…
നീ ഹാപ്പി അല്ലേ ലക്ഷ്മി…
എനിക്കിനി ഈ ജീവിതത്തിൽ വേറൊന്നും വേണ്ടെട്ടാ… മോളെയും ചേർത്തവൾ അവനോട് ചേർന്നു നിന്നു… അവരെ രണ്ടുപേരെയും മാറോടു ചേർത്തവൻ ഒരിക്കൽ കൂടെ ദൈവത്തോട് നന്ദി പറഞ്ഞു…
അവരുടെ ജീവിതം പൂർണ്ണതയിലെത്തിക്കാനായി ദൈവം കരുതിയ നിധിയോടൊപ്പം അവരവിടുന്നു തിരിച്ചു……..
ശുഭം…
ഇഷ്ടായാൽ ഒരുവരി എനിക്കായി…😍