ദേവർഷി ~ രചന: നിരഞ്ജന RN
“” ഇച്ചാ…ഇനിയും നിക്ക് പറ്റില്ല്യ,,,……
മാളുട്ടി ……ഡീ നീ എന്താ ഈ പറയണേ,, ദേ പറ്റിക്കാൻ നോക്കല്ലേ…..
പരിഭ്രമം നിറഞ്ഞ കണ്ണാലെ അവനവളെ നോക്കി….
നിക്ക് പറ്റില്ല്യ ഇച്ചാ…., ഇനിയും എനിക്കെന്റെ വീട്ടുകാരെ പറ്റിക്കാൻ കഴിയില്ല്യ…………….
മാളൂട്ടി……
ദയനീയതയോടെ അവന്റെ വിരലുകൾ അവളുടെ കൈകളിൽ പിടിത്തമിട്ടു…….
ജസ്റ്റ് ബ്രേക്ക് അപ് ആൽബിച്ചായാ… അല്ലെങ്കിൽ തന്നെ നമ്മൾ രണ്ടും രണ്ട് കാസ്റ്റ് ആണ്, നാളെ ഒരുകാലത്ത് നമുക്കിടയിൽ അതൊക്കെ വല്യ പ്രശ്നമാകും…… അതിനേക്കാൾ ഭേദം ഇപ്പോഴേ പിരിയുന്നതാ……
വാക്കുകളാൽ ആ ഹൃദ്യത്തെ കീറിമുറിച്ചുകൊണ്ട് അവൾ അവന്റെ കൈകൾ തന്നിൽ നിന്നും അടർത്തി മാറ്റി
ഇതെല്ലാം അറിഞ്ഞുകൊണ്ടല്ലേ മാളൂട്ടി നമ്മൾ ഈ റിലേഷൻ തുടങ്ങിയത്….നിന്നോട് ഈ കാര്യമൊക്കെ ഞാൻ പറഞ്ഞപ്പോൾ നീ തന്നെയല്ലേ പറഞ്ഞെ ആരൊക്കെ എതിർത്താലും നിന്റെ ഇച്ച ഇല്ലാതെ നിനക്ക് പറ്റില്ലെന്ന്…എന്നിട്ടിപ്പോ….
ഇടറിതുടങ്ങിയ അവന്റെ ശബ്ദം പോലും അവളിൽ ഒരു തരി മാറ്റമുണ്ടാക്കിയില്ല….
അതൊക്കെ അപ്പോഴല്ലേ എനിക്കിപ്പോ പറ്റില്ല ഇച്ചേ.. നിങ്ങളുടെ ദേഷ്യവും വാശിയും ഒന്നും എനിക്ക് സഹിക്കാൻ പറ്റില്ല.. എന്നെ മനസ്സിലാക്കാതെ ഒരു തരം സൈക്കോ പോലെയാ നിങ്ങൾ പെരുമാറുന്നെ……
മാളൂട്ടി, ടി…… ഇതല്ലെടി ഞാൻ… എന്റെ ഈ കലിപ്പ് അല്ലായിരുന്നോ നിനക്കൊത്തിരി ഇഷ്ടം????? എന്നിട്ടിപ്പോ… മോളെ, ഇങ്ങെനെ ഒന്നും പറയാതെടി.. ഞാൻ ഈ സ്വഭാവം മാറ്റിക്കൊള്ളാമെടി… നീ നീ എന്റെ കൂടെ ഉണ്ടായാൽ മതി.. ഈ ദേഷ്യമൊക്കെ മാറും….
തന്റെ നെഞ്ചോട് ചേർത്ത് അവളുടെ കൈകൾ കൂട്ടിപിടിച്ച് ഒരു പിഞ്ചുകുഞ്ഞെന്നപോലെ അവൻ കരയുകയായിരുന്നു………… പാർക്കിന്റെ അങ്ങുമിങ്ങുമുള്ള കുറച്ചാളുകൾ അവരെ ശ്രദ്ധിക്കുന്നുണ്ട്, അതൊന്നും അവന്റെ കണ്ണിൽ പെട്ടില്ല… ആ മിഴികൾക്ക് മുന്നിൽ തന്റെ പ്രണയം മാത്രമായിരുന്നു……
ഇല്ല ഇച്ചാ… ഞാൻ തീരുമാനിച്ചതാ… നിങ്ങൾക്ക് മാറാൻ കഴിയില്ല.. ഇനി മാറിയാലും എന്റെ തീരുമാനത്തിന് ഒരു മാറ്റവും ഇല്ല… എനിക്കിനി ഈ റിലേഷൻ മുന്നോട്ട് കൊണ്ട് പോകാൻ പറ്റില്ല…..”””
അറുത്തുമുറിച്ച് അത്രയും പറഞ്ഞ് എന്നുന്നേക്കുമായി അവൾ തന്റെ ജീവിതത്തിൽനിന്ന് പോയിട്ട് ഇന്നേക്ക് മൂന്നുവർഷം…….
ഓർമകൾ പൊടിതട്ടിയെടുക്കുകയായിരുന്നു അവൻ,
ജീവനായിരുന്നു തനിക്കവൾ, അവൾക്ക് താനും… മഹാരാജാസിന്റെ കോളേജ് വരാന്തയിൽ ആരോടോ സംസാരിച്ച് ശ്രദ്ധിക്കാതെ നടന്ന് കൂട്ടിയിടിച്ചപ്പോഴാണ് ആ കരിമിഴികൾ ആദ്യമായി തന്റെ കണ്ണോട് ഉടക്കിയത്………
കഴുത്തിലിട്ടിരുന്ന ഐഡന്റിറ്റികാർഡിന്റെ നിറം കണ്ട് ജൂനിയർ ആണെന്നറിഞ്ഞപ്പോ ഇര ച്ചുകയറിയ ദേഷ്യം കണ്ണ് പൊട്ടുന്ന ചീത്തയായി അവളോട് പറഞ്ഞു… എല്ലാം കേട്ട് നിന്നതേയുള്ളൂ അവൾ………. കൂട്ടുകാർ ആരൊക്കെയോ പിടിച്ചുകൊണ്ട് പോകുമ്പോഴും പിന്തിരിഞ്ഞു നോക്കികൊണ്ടിരുന്നു അവൻ…!ഇല്ല, അവിടെനിന്നും ഒരടി പോലും മാറാതെ തന്നെ നോക്കിനിൽക്കുകയാണവൾ മിഴിനീരോടെ…….
പിന്നെയും പലതവണ കണ്ടു, താൻ കണ്ടെന്ന് അറിയുമ്പോൾ പിടയലോടെ മറ്റെവിടെക്കെങ്കിലും കണ്ണ് പായിക്കുന്ന പെണ്ണിനെ പിന്നീടെപ്പോഴോ താനും ശ്രദ്ധിക്കാൻ തുടങ്ങി….. മാഗസിനായി അവൾ എഴുതിയ കവിതയിൽ നിറഞ്ഞുനിന്ന പുരുഷന് എവിടെയൊക്കെയോ തന്റെ ഛായ ഉണ്ടെന്ന് കൂട്ടുകാർ പറഞ്ഞപ്പോൾ ഉള്ളിലെവിടെയോരു തണുപ്പ് പടർന്നു………. വാലെന്റെയിൻസ് ഡേയുടേ അന്ന് അവൾക്ക് നേരെ നീണ്ട സകല പൂക്കളും തിരസ്കരിച്ച് താൻ പോകാറുള്ള അമ്മൂമ്മമരത്തിന് ചുവട്ടിൽ തന്നെ കാത്തിരുന്നവളുടെ കൈയിൽ തനിക്കായി വിടർന്നൊരു പനിനീർ പൂവുണ്ടായിരിന്നു… ഇതളു കൊഴിയാതെ തന്റെ സ്പർശനം കാത്തെന്നപോലെ ഒരു പൂവ്………
അന്നുമുതൽ അവളായിരുന്നു തന്റെ ലോകം, തന്റെ ദേഷ്യത്തെ ഒരു ചിണുങ്ങലോടെ നേരിട്ടവൾ, രണ്ടെണ്ണം അടിച്ച് പാതിമറഞ്ഞ ബോധത്തിൽ ചെല്ലുമ്പോൾ, പിണങ്ങി കൂർപ്പിച്ച മുഖം കാട്ടി മുന്നേ പോയവൾ…. അലതല്ലുന്ന തിരകളെ നോക്കി നിൽകുമ്പോൾ ഇച്ചാ ഐ ലവ് യൂ ന്ന് ഉറക്കെ പറയുന്നവൾ…. മാസംതോറും എത്തുന്ന വേദനനിറഞ്ഞ ദിവസങ്ങളിൽ ഒരു കുഞ്ഞിനെന്നപോലെ എന്റെ ശബ്ദം കേൾക്കാൻ വാശിപ്പിടിച്ചവൾ…. അവളാണ് തന്നെ സഹിക്കാനാവില്ല എന്ന് പറഞ്ഞ് പോയിമറഞ്ഞത്……….
ഒരുനിമിഷം കൊണ്ട് ധനികനിൽ നിന്ന് ദാരിദ്രനിലേക്കുള്ള കൂപ്പുകുത്തൽ..! തളർന്നുപോയിരുന്നു… ഒരിക്കലുംതിരികെ പിടിക്കാനാകാത്ത വിധം തകർന്നുപോയി…. കാണുന്ന എന്തിലും മാളവിക എന്ന കുറുമ്പിയുടെ മുഖം മാത്രം കണ്ടപ്പോൾ ആളുകൾ തന്നെ ഭ്രാന്തനാക്കി…. മറ്റൊരുവന്റെ കൈകൾ ചേർത്ത് ഞാൻ ചുമപ്പിക്കാൻ മോഹിച്ച സിന്ദൂരരേഖയിൽ മറ്റാരുടെയോ സിന്ദൂരം ചാർത്തി കണ്മുന്നിലൂടെ കടന്നുപോയ അവളെ നിശ്ചലനായി നോക്കിനിൽകുമ്പോൾ മനസ്സ് വീണ്ടും തന്റെ കൈവിട്ടു പോയി………
നാളുകളോ കാലങ്ങളോ പോയത് അറിയാതെ ഏതോ ഒരു ആശുപത്രിയിലെ നാല് ചുവരിനുള്ളിൽ കഴിഞ്ഞുകൂടി രണ്ട് വർഷത്തോളം…. ഒടുവിൽ മാളവിക എന്നത് കഴിഞ്ഞൊരു അധ്യായം ആണെന്ന് മനസ്സിലായി അവിടുന്നിറങ്ങുമ്പോൾ കോമാളികണക്കെ ജീവിതം എന്ന മൂന്നക്ഷരം തനിക്ക് മുന്നിൽ വീണ്ടും മായാലോകം തീർത്തിരുന്നു…..
ആരെയും ഒന്നിനെയും നോക്കാതെയുള്ള ജീവിതമായിരുന്നു പിന്നീടങ്ങോട്ട്, കൂട്ടുകാരെയോ കൂടെപ്പിറപ്പിനെയോ കാണാൻ ആഗ്രഹിച്ചില്ല.. പെറ്റമ്മയുടെ കണ്ണുനീർ പോലും മനസ്സിനെ ആർദ്രമാക്കാതെ ആയിരിക്കുന്നു…… തീർത്തും വിരക്തപൂർവ്വം…………
ദിവസങ്ങൾ വീണ്ടും കോഴിഞുവീണു, ഇനിയും നാട്ടിൽ നിന്നാൽ ശെരിയാവില്ല എന്ന് കരുതിയത് കൊണ്ടാകണം ബാംഗ്ലൂർ ബേസ് ആയ ഒരു കമ്പനിയിൽ ഇന്റർവ്യൂവിന് പോയതും ജോലി കിട്ടിയപ്പോൾ അധികം താമസിക്കാതെ അങ്ങോട്ടേക്ക് താമസം മാറ്റിയതും…….തിരക്കുകൾ നിറഞ്ഞ ആ നഗരവുമായി അത്ര പെട്ടെന്നല്ലെങ്കിലും ചേർന്നിണങ്ങി, ചീറിപ്പായുന്ന വാഹനങ്ങളും തിരക്കിൽ നിന്ന് തിരക്കിലേക്ക് ചേക്കേറുന്ന മനുഷ്യരുടെയും ഇടയിൽ ജീവിക്കാൻ തുടങ്ങിയിട്ട് മൂന്ന് മാസം കഴിഞ്ഞ ആ ദിവസം, കൂടെ ജോലിചെയ്യുന്ന ആളുടെ ബർത്ത്ഡേ സെലിബ്രഷന് അവന്റെ നിർബന്ധപ്രകാരം അവിടെയുള്ള ഒരു പബ്ബിൽ പോയപ്പോഴാണ് അവളെ ആദ്യമായി കാണുന്നത്……..
മേനി കാണിക്കുന്ന തിളക്കമുള്ള വസ്ത്രങ്ങളണിഞ്ഞ് ചായം വാരിപൂശി ചുണ്ട് ചുവപ്പിച്ച് കേൾക്കുന്ന ഐറ്റം ഡാൻസിനൊപ്പം കൈകാലുകൾ താളത്തിൽ ചലിപ്പിക്കുകയായിരുന്നു അവൾ…………….. ലഹരിയോടെ ആർമാദിക്കുന്ന ഒരു കൂട്ടരുടെ നടുവിൽ നൃത്തം ചെയ്യുന്നവളെ അവജ്ഞയോടെ നോക്കി……….ആരൊക്കെയോ അവളെ തൊടുന്നുണ്ട്, ചിലർ ചുംബിക്കാനെന്നപോലെ അടുത്തേക്ക് ചെല്ലുന്നു…. എല്ലാം കണ്ടപ്പോൾ വെറുപ്പാണ് തോന്നിയത്…. പെണ്ണ്,. ഇത്രത്തോളം അധംപതിച്ച മറ്റൊരു വാക്കില്ലെന്ന് ചിന്തിച്ചുപോയി.. ആ നിമിഷം അവന് ജന്മം നൽകിയവരോ കൂടെപ്പിറന്നവളോ ആ മനസ്സിൽ ഉണ്ടായിരിന്നില്ല………കൂട്ടുകാരൻ പറഞ്ഞറിഞ്ഞു അവളുടെ പേര്, ദേവർഷി…!
ദേഷ്യത്തോടെ അവിടുന്ന് ഇറങ്ങി നടന്നു…. ആ പെണ്ണിനെ ഓർക്കും തോറും തന്നെ വിട്ട് പോയവളെ ആണ് ഓർമ വന്നത്, എവിടെയൊക്കെയോ തന്റെ മാളൂട്ടിയുടെ സാദൃശ്യമുള്ളതുപോലെ… ആ ചുണ്ടുകൾ…. പുരികക്കൊടി, മേൽചുണ്ടിന് മുകളിലെ കറുത്തമറുക്…. അതൊക്കെ….. തന്റെ മാളുവിന്റെത് പോലെ…………..
ആകാശം മുട്ടെ നിൽക്കുന്ന മാളുകളും ടവറുകളും വിവിധ പ്രകാശത്താൽ ശോഭിതമായി തിളങ്ങിനിൽക്കുന്നത് കണ്ട്, രാത്രിയുടെ ഈ സൗന്ദര്യത്തെ ആവോളം നുണഞ്ഞുകൊണ്ട് അവൻ നടന്നു………….
കൊഴിഞ്ഞുവീണ ദിവസങ്ങളിൽ പലപ്പോഴും അവളെ കണ്ടു, അപ്പോഴൊക്കെ ചായം പൂശിയ അവളുടെ മുഖം അവനിൽ അറപ്പ് കൂട്ടി………. അപ്പോഴും വിഷാദം നിഴലിച്ച ആ മിഴികൾ അവന്റെ കണ്ണുകളിലുടക്കി……
പതിയെ പതിയെ ആ കൂടിക്കാഴ്ചകൾ ദിനചര്യയായി മാറി, ഓഫീസിൽ പോകുന്നവഴി മാർക്കറ്റിൽ ആരോടൊക്കെയോ വഴക്കുണ്ടാക്കുന്നത് കേട്ട് നോക്കിയപ്പോഴാണ്, താൻ താമസിക്കുന്നതിനപ്പുറത്തെ കെട്ടിടത്തിന്റെ മുന്നിൽ പച്ചക്കറി വിൽക്കുന്ന അണ്ണാച്ചിയോട് കയർത്ത് സംസാരിക്കുന്നവളെ കാണുന്നത്…. അന്നുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി ചായമില്ലാത്ത ആ മുഖം വല്ലാത്ത അപരിചിതത്വമാണ് അവനേകിയത്………….
അമ്മച്ചിയ്ക്ക് വയ്യെന്ന് കേട്ടാണ് നാട്ടിലേക്ക് പോകാൻ തീരുമാനിച്ചത്, എയർപോർട്ടിലേക്ക് പോകും വഴിയാണ് ആർക്കോ വായുഗുളിക വാങ്ങാൻ പോകുന്ന ഒരു ചെറുപ്പക്കാരന് സൈഡ് കൊടുക്കുന്നതിനിടയിൽ ഒരു കാറുമായി താൻപോയ ഓട്ടോ കൂട്ടിയിടിക്കുന്നത്…. തലകീഴായ് മറിഞ്ഞ വണ്ടിയിൽ നിന്നും ഓടിവന്ന ആരൊക്കെയോ ആണ് തന്നെ പുറത്തേത്തിച്ചത്, ഇടയ്ക്ക് എപ്പഴോ പാതി മറഞ്ഞ ബോധത്തിൽ കണ്ടു തന്റെ മുഖം ഒപ്പുന്ന ആ കരിമിഴിയെ…..!!!!
ആശുപത്രിവാസം തുടങ്ങിയിട്ട് മൂന്നാംനാളാണ് അവന് ബോധം വന്നത്,..ശരീരത്തിൽ കൂടി ഘടിപ്പിച്ച ട്യൂബുകളും യന്ത്രങ്ങളും തന്റെ അപകടം എത്രത്തോളം ആഴത്തിൽ ഉള്ളതാണെന്നവനെ ബോധ്യപ്പെടുത്തി, ഒരിറ്റ് വെള്ളത്തിനായി തൊണ്ട വരണ്ടുണങ്ങുന്നത് പോലെ, ഞരമ്പുകൾ എല്ലാം വരിഞ്ഞുമുറുകുന്നു…, തലച്ചോറ് മരവിച്ചതുപോലെ, എവിടെയൊക്കെ കുത്തിവലിക്കുന്ന വേദന… വലിച്ചുതുറന്ന കണ്ണുകൾ താനെ അടയുമ്പോൾ കാഴ്ചയിലെവിടെയോ വീണ്ടും ആ മുഖം……………
പിന്നീട് ബോധം വീണപ്പോൾ എന്റെ അരികിൽ അവളുണ്ടായിരുന്നു…. ഒരു പഴഞ്ചൻ സാരി ഉടുത്ത് പാറിപറക്കുന്ന മുടിഇഴകളുമായി ഞാൻ കണ്ണ് തുറക്കുന്നത് നോക്കിനിൽക്കുന്ന ആ പെണ്ണിനെ അന്നാദ്യമായി അറപ്പോടെ അല്ലാതെ നോക്കി,,
എന്താ നോക്കുന്നെ? ഇപ്പോ കുഴപ്പമൊന്നുമില്ല, പേടിക്കേണ്ട………
എന്റെ നോട്ടം കണ്ട് ഭാവഭേദമില്ലാതെ കന്നഡചുവ നിറഞ്ഞ മലയാളം പറഞ്ഞു അവൾ…..
താൻ…. ഇവിടെ……
മുറിഞ്ഞുപോകുന്ന വാക്കുകളിലെ ചോദ്യം ഊഹിച്ചെടുത്തെന്നപോലെ അവൾ പുഞ്ചിരിച്ചു…..
അപകടത്തിൽ പെട്ട് ഇയാളെ ഇവിടെ കൊണ്ട് വന്നകൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു.. ഇയാളെ പലയിടത്തും വെച്ച് കണ്ടിട്ടുണ്ട് ന്ന് പറഞ്ഞപ്പോൾ കൂടെ വന്നവർ എന്റെ പേര് ഇവിടെ എഴുതികൊടുത്തിട്ട് മുങ്ങി……
നിസ്സംഗതനിറഞ്ഞ ആ മറുപടിയിൽ അവന് സ്വയം അവജ്ഞതോന്നി.. താൻ കാരണം ഒരു പെണ്ണ്…………….!!
സോറി…..
ഏയ് അതൊന്നും കുഴപ്പമില്ലഡോ, നമ്മളൊക്കെ മനുഷ്യർ അല്ലെ??….എന്തായാലും ബോധം വന്നല്ലോ അതുമതി………
ആശ്വാസത്തോടെ അവളത് പറയുമ്പോൾ മിഴികൾ എന്റെ ഇടനെഞ്ചിലെ heart ഷേപ്പിൽ പച്ചകുത്തിയ റ്റാറ്റുവിലായിരുന്നു……….
എന്താ പേര്?
ആൽബി, ആൽബർട്ട് ജോൺ!
അന്ന് യാത്ര ചോദിച്ചു പോയവൾ പിന്നീടുള്ള ദിവസങ്ങളിൽ അവിടെയൊരു സന്ദർശകയായി, പരസ്പരം ഒന്നും സംസാരിച്ചില്ലെങ്കിലും കുറച്ച് നേരം അവളവിടെ വന്നിരിക്കും, തനിക്ക് വേണ്ട കാര്യങ്ങൾ ചെയ്ത് തരും, മെല്ലെ മുറിവെല്ലാം ഭേദമായി, ആശുപത്രി വിടാമെന്നായപ്പോൾ അമ്മയെയാണ് ഓർമ വന്നത്, ഇവിടെ നിന്ന് നേരെ നാട്ടിലേക്ക് എന്നുറപ്പിച്ചതോടെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു….പോകും മുൻപ് അവളോട് യാത്ര ചോദിക്കണം ന്നുണ്ടായിരുന്നു, പക്ഷെ ആ ദിവസങ്ങളിൽ അവളെ അവിടേക്ക് കണ്ടില്ല…. എന്തോ വല്ലാത്ത ശൂന്യതയാണ് തോന്നിയത് ആ നിമിഷങ്ങളിൽ… അവൾ വരാറുള്ള നേരമാകുമ്പോഴേക്കും അറിയാതെ കണ്ണുകൾ വാതിൽക്കലേക്ക് നീളും, നിരാശയോടെ പിൻവാങ്ങുമ്പോൾ ഉള്ളിൽ പറഞ്ഞറിയിക്കാനാകാത്ത എകാന്തതയായിരുന്നു… കുറച്ച് ദിവസങ്ങൾ കൊണ്ട് ആ പെണ്ണ് അത്രത്തോളം തന്നിൽ സ്വാധീനം ചെലുത്തിയോ എന്നവന് പോലും അത്ഭുതമായിരുന്നു…..
സ്ലീപ്പർക്ലാസ്സിന്റെ വിൻഡോ സീറ്റിൽ തനിക്ക് പിന്നിലേക്ക് മായുന്ന കാഴ്ചകൾ നോക്കിയിരിക്കവേ എപ്പോഴോ അവൻ മയങ്ങി, രാത്രിയിൽ തൊട്ടപ്പുറത്തെ ബോഗിയിൽ എന്തോ ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്… ഒരുപെണ്ണിന്റെ ശബ്ദമെന്ന് തോന്നിയപ്പോൾ ഉറച്ചുവെച്ച കാലുകൾ അങ്ങോട്ടേക്ക് ചലിച്ചു…………. ഒന്നിലധികം ആണുങ്ങളുടെ നടുവിൽ പേടിച്ചരണ്ട് നിലവിളിക്കുന്ന രൂപത്തിനെ ദൂരെനിന്നും കണ്ടതും ഉള്ളിൽ വെള്ളിടി വെട്ടി…….!!
ദേവർഷി…..
നാവുച്ചരിച്ച ആ പേരുകാരിയിലേക്ക് പടർന്നകയറാൻ ശ്രമിക്കുന്നവനെ തള്ളിമാറ്റികൊണ്ട് അവളുടെ അടുക്കലേക്ക് ഓടിച്ചെന്നപ്പോഴേക്കും മറ്റൊരാളുടെ ചവിട്ടിൽ അവൻ നിലംപൊത്തിയിരുന്നു………
എന്താടി, *** # *മോളെ, ഇത്രയ്ക്കങ്ങ് പൊള്ളാൻ… വല്യ പതിവ്രത വന്നിരിക്കുന്നു… തു ണിയുരിഞ്ഞ് ആണിന്റെ മുന്നിലാടുന്ന നിനക്കൊക്കെ ഇത്രയ്ക്ക് പൊള്ളുമോ?????
ഒരുവന്റെ വാക്കുകൾ ഒരുപോലെ അവന്റെയും അവളുടെയും കാതുകളിൽ കൂരമ്പ് പോലെ തുളഞ്ഞുകയറി….. അവരെ എതിർത്തു നിൽക്കാനുള്ള ശക്തി ഇല്ലെന്നറിഞ്ഞിട്ടും നടത്തിയ പാഴ്ശ്രമത്തിനിടയിൽ മറ്റാരൊക്കെയോ അവനെ സഹായിക്കാനെത്തി, ഒടുവിൽ റെയിൽവേപോലീസിന് ആ ദുഷ്ടന്മാരെ പിടിച്ചുകൊടുത്ത് ചോരപ്പാട് നിറഞ്ഞ കൈകാലുകൾ കുപ്പിവെള്ളത്താൽ കഴുകുമ്പോഴാണ് അത്രയും നേരം തനിക്കരുകിൽ വിറയലോടെ നിന്നിരുന്നവളെ ശ്രദ്ധിക്കുന്നത്…. ചടുലനൃത്തങ്ങളുമായി പുരുഷമനസ്സിനെ ആവേശത്തിറായിലാറാടിക്കുന്ന ആ പെണ്ണല്ല തനിക്ക് മുന്നിൽ ഈ നിമിഷമുള്ളതെന്ന് അവന് തോന്നിപോയി, ആലില പോലെ നിന്നു വിറയ്ക്കുന്ന പെണ്ണിനരികിലേക്ക് ചെന്ന് ഏതോ ഉൾപ്രേരണയിൽ അവളെ ചേർത്ത് പിടിച്ചു……………
ഞാൻ ചീത്തയല്ല…… അവര് പറയുന്നത് പോലെ ചീത്തയല്ല ഞാൻ……
പതം വന്നു തന്റെ മാറോട് ചേർന്ന് കരയുന്നവളെയും കൂട്ടി, തിരികെ തന്റെ സീറ്റിലേക്ക് അവൻ നടന്നു, കഴിക്കാനായി വാങ്ങിയ ആഹാരപൊതി അവൾക്ക് നേരെ നീട്ടി, നിരസിച്ചവളെ പിടിച്ചിരുത്തി ഊട്ടി,……… സംരക്ഷണകവചം പോലെ അവളുടെ തോളിൽ അപ്പോഴും അവന്റെ കൈകൾ ഉണ്ടായിരുന്നു……
പേടിയാ… പേടിയാ നിക്ക്.. അയാൾ അയാൾ ഇനിയും വരും, എന്നെ ഉപദ്രവിക്കും…… ഞാൻ വീണ്ടും ആരുമില്ലാത്തവളാകും………
അവന്റെ തോളിൽ ചാഞ്ഞ് കിടന്നുകൊണ്ടവൾ പറയുന്നതിനായി അവൻ കാതോർത്തു….
ഓർമയിൽ അച്ഛനെ കണ്ടിട്ടില്ല ഞാൻ,, അമ്മയുടെ രണ്ടാം ഭർത്താവായിരുന്നു എനിക്കച്ഛൻ, ഒരിക്കൽ നിലത്തുറങ്ങിക്കിടന്ന എന്റെ പാവാടയ്ക്കിടയിലൂടെ ആരുടെയോ കൈ ചലിക്കുന്നത് പോലെ തോന്നിയാണ് ഞെട്ടിയുണർന്നത്, കണ്മുന്നിൽ പല്ലിടകുത്തി നിൽക്കുന്ന അയാളെ കണ്ടപ്പോൾ ഞെട്ടി, നിലവിളിക്കാൻ പോലും അന്നത്തെ പന്ത്രണ്ട് വയസ്സുകാരിയ്ക്ക് ശക്തിയില്ലായിരുന്നു……… പക്ഷെ, അമ്മ എന്നാ സ്ത്രീ എനിക്കന്നൊരു താങ്ങായിരുന്നു…… അതുകൊണ്ട് തന്നെ തൊട്ടും തലോടിയും മാത്രം അയാൾ അയാളിലെ കാ മത്തെ എന്നിൽ തീർത്തു,…. മഞ്ഞപിത്തം ബാധിച്ച് അമ്മ മരിച്ചപ്പോൾ എന്നേയും കൂട്ടി അയാൾ ഇവിടേക്ക് വന്നു,… രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴെല്ലാം അയാളുടെ കൈതലം എന്റെ കവിളിൽ ആഞ്ഞുപതിച്ചു… ഒടുവിൽ, ഉറങ്ങിക്കിടന്ന അയാളുടെ തലയിൽ ആഞ്ഞടിച്ച് അവിടുന്നിറങ്ങി ഓടി…. ചെന്നെത്തിയത് ഒരു ദർബാർ നടത്തുന്ന സേട്ടിനരികിൽ,, അയാളുടെ ഉഴിഞ്ഞുള്ള നോട്ടത്തിൽ തന്റെ ജീവിതം അവിടെ തീർന്നു എന്നാണ് വിചാരിച്ചത് പക്ഷെ, മനുഷ്യനിൽ നല്ലക്കൂട്ടങ്ങൾ ഉണ്ടെന്ന് അന്ന് ബോധ്യമായി… നൃത്തം ചെയ്യുമോ ന്ന ചോദ്യത്തിന് മരവിച്ചുപോയ തല മെല്ലെആട്ടി…… ഇഷ്ടമില്ലാഞ്ഞിട്ട് കൂടി കൈകാലുകൾ ഗാനങ്ങൾക്കൊപ്പം ചലിച്ചു, പതിയെ പതിയെ ആ കുഞ്ഞ് ദർബാർ ഒരു പബ്ബ് ആയി മാറി.. ഞാൻ അവിടുത്തെ ഡാൻസറും…. പക്ഷെ അപ്പോഴും എന്റെ രാത്രികളിൽ ആ മനുഷ്യന്റെ മുഖമാണ്… സ്വപ്നങ്ങൾ ഏറെയുണ്ടായിരുന്ന ഒരു പെണ്ണിനെ ഇങ്ങനേ ഒരു അഴുക്കുച്ചാലിലേക്ക് തള്ളിയിട്ട അയാളുടെ മുഖം……….ഇന്ന് ഞാൻ അയാളെ കണ്ടു.. അവിടെ.. ആ പബ്ബിൽ… അതാ ഞാൻ അവിടുന്ന് പെട്ടെന്ന്, ട്രെയിനിലേക്ക് ഓടികയറിയത്… പക്ഷെ…പേടിയാ നിക്ക്… അയാൾ വരും.. എന്നെ കൊണ്ട് പോകും………..
കണ്ണുകൾക്കിടയിലൂടെ ചാലിട്ടൊഴുകിയ കണ്ണുനീർ അവന്റെ വസ്ത്രത്തെ ആയിരുന്നില്ല, ഹൃദയത്തെആയിരുന്നു സ്പർശിച്ചത്…………. ചായം പൂശിയ മേനിയ്ക്ക് പിന്നിൽ അവളനുഭവിച്ച വേദന അവന്റെ ഉള്ള് പൊള്ളിച്ചു…… ഒന്നുമുണ്ടാകില്ല ആരും വരില്ല എന്ന് സമാധാനിപ്പിച്ച് തന്റെ നെഞ്ചിലേക്ക് അവളെ അവൻ പൊതിഞ്ഞുപിടിച്ചു……….. ചൂളം വിളിച്ച് പായുന്ന തീവണ്ടിയിൽ തലോടിയെത്തുന്ന കാറ്റിലിളകിയാടുന്ന അവളുടെ മുടിഇഴകളെ മാടിയൊതുക്കി, നിദ്രയിലേക്ക് വീണ ആ പെണ്ണിന്റെ നെറുകയിൽ അവൻ ചുണ്ട് ചേർത്തു…………
എന്നിട്ടോ?????
അച്ഛന്റെ മടിയിലിരുന്ന് കഥകേൾക്കുന്ന കുഞ്ഞ് മാളൂട്ടി അവന്റെ താടിയെ താലോലിച്ചുകൊണ്ട് ചോദിച്ചു….
എന്നിട്ടെന്താ???? സിനിമയിലൊക്കെ കാണാറുള്ളത്പോലെ കഥയിലെ നായകൻ നായികയെ അങ്ങ് സ്വന്തമാക്കി…. നീണ്ട നാളത്തെ കാത്തിരിപ്പിനോടുവിൽ അവർക്കൊരു കുഞ്ഞ് കുറുമ്പിയും ഉണ്ടായി…..
കുഞ്ഞിന്റെ നെറുകയിൽ മുത്തി, നോക്കികൊണ്ടിരുന്ന കുട്ടികളുടെ ഉത്തരകടലാസ് അവൻ കൈയിലെടുത്തു….
അപ്പോൾ ആ മാളവികയോ?????
അകത്തൂന്ന് കേട്ട അവളുടെ ചോദ്യത്തിന് ഒരു പുഞ്ചിരി മാത്രം അവനേകി………
എല്ലാം പ്രണയത്തിലെത് പോലെ തന്റെ കുഞ്ഞിനും അവനിട്ട പേര് അവളുടേതായിരുന്നു, തന്നെ ഉപേക്ഷിച്ചു പോയ മാളവികയുടെ…..!!!!
അവസാനിച്ചു