രചന: SHAHINA SHAHI
മൂത്തതിന് കല്യാണം ഒന്നും ശരിയാകുന്നില്ലെന്നു കരുതി, ഇളയതിനെയും ഇങ്ങനെ വച്ചോണ്ടിരിക്കാണോ…
പുറത്ത് നിന്ന് അങ്കിൾ അച്ഛനോട് പറയുമ്പോൾ പതുക്കെ പറയ്,അവൾ കേൾക്കുമെന്ന് അച്ഛൻ അങ്കിളിനെ ഓർമ്മപ്പെടുത്തുന്നത് അവളും കേട്ടിരുന്നു…
എനിക്ക് ഇങ്ങനെ ജോലിക്ക് പോയി കൊണ്ടിരിക്കാനൊന്നും കയ്യില്ല,ചേച്ചിയുടെ ആ കാലും വെച്ച് ഒരു കല്യാണം ഉണ്ടാവുമെന്ന് കരുതി എത്ര കാലംന്ന് വെച്ചാ ഞാൻ ഇങ്ങനെ…അനിയത്തി കുട്ടി അവരുടെ കൂടെ കൂടിയത് പറഞ്ഞപ്പോൾ മനസ്സിനെന്തോ വല്ലാത്ത പോലെ…
തന്റെ തോളിൽ ഇരുന്ന് വളർന്ന,തന്റെ കൈ പിടിച്ച് നടന്ന,ഞാൻ വാക്കു ചൊല്ലി പഠിപ്പിച്ച അമ്മു കുട്ടിയൊക്കെ ഇപ്പൊ തന്നെ വല്ലാതെ വേദനിപ്പിക്കുന്ന വാക്കുകളൊക്കെ പറയാൻ പഠിച്ചിരിക്കുന്നു… എന്നാലും അവൾക്ക് എന്നെ വല്യ ഇഷ്ട്ടം തന്നെ അവൾ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.
അന്ന് രാത്രി അച്ഛൻ ഏറെ ഇഷ്ടത്തോടെ തലയിൽ തലോടി കൊണ്ട് അമ്മു കുട്ടിക്ക് ഒരു നല്ല ആലോചന വന്നിട്ടുണ്ടെന്ന് പറഞ്ഞ് മോൾക്ക് വിരോധം ഇല്ലെങ്കിൽ… എന്ന് കൂടി കൂട്ടി ചേർക്കുമ്പോഴേക്ക് അമ്മുക്കുട്ടിക്ക് ഇഷ്ട്ടായിട്ടുണ്ടേൽ എനിക്കും ഇഷ്ട്ടാവും ഉറപ്പാ… പിന്നെ എന്തിനാ അച്ഛാ വൈകിക്കുന്നത് എന്ന് ചിരിച്ചു കൊണ്ട് അച്ഛനോട് തിരിച്ചു ചോദിക്കുമ്പോൾ ആ കണ്ണിൽ കണ്ട സങ്കടകടൽ കണ്ടിട്ടായിരുന്നു അമ്മയാ രാവു പുലരും വരെ ചേർത്ത് പിടിച്ച് പൊട്ടിക്കരഞ്ഞത്.
അമ്മയെന്തിനാ കരയണെ,ന്റെ കാൽ ഇങ്ങനെ ആക്കിയത് ദൈവാണെൽ…ദൈവം എന്നെ കൊണ്ട് എന്തെങ്കിലും ഒക്കെ കരുതിയിട്ടുണ്ടാവും…ഉറപ്പാ,പിന്നെ അമ്മയെന്തിനാ സങ്കടപ്പെടുന്നെ…നീളം കുറഞ്ഞ വലതു കാലിൽ തടവി കൊണ്ടവൾ പറയുമ്പോൾ ആ കണ്ണിലും നനവ് പടരുന്നുണ്ടായിരുന്നു.
അമ്മു കുട്ടിയുടെ കല്യാണത്തലേന്നും അവൾ ഏറെ കരഞ്ഞിരുന്നു…
കല്യാണ പന്തലിൽ മുടന്തി നടക്കുന്നവളെ നോക്കി പലരും സങ്കടം പറയുമ്പോഴും പരിഭവങ്ങൾക്ക് ഏതിനും ചെവി കൊടുക്കാതെ മായാത്ത ഒരു പുഞ്ചിരി ചുണ്ടിൽ നിറച്ച് വെച്ചവൾ അതിഥികൾക്ക് അവശ്യമുള്ളതൊക്കെ എത്തിച്ചു നല്കുന്നുണ്ടായിട്ടുന്നു.
പിന്നെ സങ്കടങ്ങൾ മാത്രം നിറഞ്ഞ അവളെപ്പോലുള്ള കൊച്ചു കുഞ്ഞുങ്ങൾക്ക് ഒരു സന്തോഷത്തിന്റെ ഇടം വേണമെന്ന് കൊതിച്ചത്, അതിൽപിന്നെയാണ് വൈകല്യമുള്ളവർക്ക് ഒരുമിക്കാനായി അവൾ ഫേസ്ബുക്കിൽ ഒരു ഗ്രൂപ്പ് തുടങ്ങിയത്… ആ ഗ്രൂപ്പിൽ അംഗങ്ങളുടെ എണ്ണം നൂർ തികഞ്ഞ അന്നാണ് അവൾ ഒരു ഒത്തു കൂടൽ പ്രഘ്യാപിച്ചത്…
അന്നാ കൊച്ചു കുഞ്ഞുങ്ങൾക്ക് ഇടയിൽ നിന്ന് അവൾ സന്തോഷം കൊണ്ട് ഏറെ കരഞ്ഞിരുന്നു…ജീവിതം ജയിക്കാനുള്ളതാണെന്നു പറഞ്ഞ് കാലു തളർന്നവരെ കൈ പിടിച്ചു നടത്തി അവരുടെ പുഞ്ചിരിയിൽ പങ്കു ചേർന്നത്… കൈ തളർന്നവരുടെ കൈ പിടിച്ച് ചിത്രം വരച്ച് അവരുടെ സന്തോഷത്തിൽ പങ്കു ചേർന്നത്….
രണ്ടാൾ നാൾ വീട്ടു മുറ്റത്ത് വന്നു നിന്ന കാറിൽ ഏറെ കൗതുകത്തോടെയായിരുന്നു അവൾ നോക്കി നിന്നത്…
ഇഷ്ട്ടാണ്… കൂടെ ജീവിക്കാൻ ആഗ്രഹമുണ്ടെന്നാ സുമുഖനായ ചെറുപ്പക്കാരൻ പറഞ്ഞപ്പോൾ ഏറെ ദുഃഖത്തോടെ അവൾ അവളുടെ കാലുകളിലേക്ക് നോക്കി…ഒരിറ്റ് കണ്ണീർ പൊഴിച്ചു…
എന്റെ അമ്മക്കും കാലിന് സുഖം ഇല്ലായിരുന്നു… പക്ഷെ അവര്…അയാൾ വിങ്ങി.
അവരോളം നിനക്കും എന്നെ സ്നേഹിക്കാൻ പറ്റും ഉറപ്പാ…നിനറെ ശരീരത്തിനെ മുടന്തുള്ളു, മനസിനില്ല… ഇന്നലെ ഞാൻ കണ്ടു…അയാൾ പിന്നേം കണ്ണ് നിറച്ചപ്പോൾ അവളാ കയ്യിൽ മുറുകെ പിടിച്ചു.
പിന്നെ അവൾ ആ കുഞ്ഞുങ്ങൾക്ക് കരുത്ത് പകരനായി പലതവണ ഒത്തു കൂടിയപ്പോൾ അയാളും ഏറെ സന്തോഷത്തോടെ അവൾക്ക് പിന്തുണ നൽകികൊണ്ടിരുന്നു…അപ്പോഴെല്ലാം ആ കുഞ്ഞുങ്ങളും അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ടിരുന്നു…
ശുഭം
ഒരു ശ്രമം