മൈലാഞ്ചി മണമുള്ള കാറ്റ്
രചന: സൗമ്യ മുഹമ്മദ്
പള്ളിയിൽ നിന്ന് ഖബറിടത്തിലേക്കുള്ള ചെങ്കൽ പടവുകൾ, വളരെ ശ്രമപ്പെട്ട് കയറുമ്പോൾ വാർദ്ധക്യം തന്നെ വല്ലാതെ കീഴ്പ്പെടുത്തിയിരിക്കുന്നതായി അന്നാദ്യമായി അയാൾക്ക് തോന്നി.
തലേന്നത്തെ പുത്തൻ ഖബറിനു മുകളിലെ മണ്ണ് അപ്പോഴും നനവാർന്നു കിടന്നിരുന്നു. കയ്യിലിരുന്ന മൈലാഞ്ചി കൊമ്പ് സുഹറയുടെ ഖബറിനോടു ചേർത്ത് കുഴിച്ചിടുമ്പോൾ താൻ അകപ്പെട്ടിരിക്കുന്ന ശൂന്യതയുടെ ശ്വാസം മുട്ടലിനുമേൽ അയാൾ വീണ്ടും നിസ്സഹായനായി.
ഇന്നലെ നട്ടുച്ചയോടെയാണ് അടുക്കളയിൽ തല കറങ്ങി വീണ അവളുടെ മരണം ഡോക്ടർ സ്ഥിരീകരിച്ചത്. ഒന്നും പറയാതെ അവൾ പോയി.അല്ലെങ്കിലും പറച്ചിലും പരാതിയും എന്നും കുറവായിരുന്നല്ലോ!!? സ്നേഹമായിരുന്നു മുഴുവനും!!!. പലപ്പോഴും തോന്നിയിട്ടുണ്ട് കടപ്പാടിന്റെ പേരിലാണോ അർഹിക്കാത്ത സ്നേഹം മുഴുവൻ ഇവൾ തനിക്കായി വച്ചുനീട്ടുന്നത് എന്ന്.
കാരണം കണ്ണിലെ കിനാക്കളെല്ലാം നിറം മങ്ങി, പ്രതീക്ഷകൾ ഒന്നുമില്ലാതെ, മൗനത്തിന്റെ വലിയൊരു കരിമ്പടം പുതച്ച് യതീം ഖാനയിലെ ഇരുണ്ട ഇടനാഴിയിൽ നിന്നും മൈലാഞ്ചി മണം നിറഞ്ഞ ഈ വീട്ടു മുറ്റത്തേക്ക് തന്നെ എത്തിച്ചതിന്റെ നന്ദി ഈ നാൽപതു വർഷ ജീവിതത്തിലെ ഓരോ കുഞ്ഞു സന്തോഷങ്ങളിലും അവൾ കണ്ണുകളിൽ ചെറിയൊരു നീർ തിളക്കത്തോടെ ആവർത്തിക്കാറുണ്ട്.
അപ്പോൾ വീശിയ ചെറുകാറ്റിൽ മൈലാഞ്ചി ഇലകൾ ഒന്നനങ്ങി.
ബന്ധുക്കൾ കൂടുതൽ പേരും ഇന്നലെ രാത്രിയോടെ പോയിരുന്നു. രണ്ട് മക്കളിൽ മകൾ കുവൈറ്റിൽ ഡോക്ടർ ആണ്. ജോലി തിരക്ക് കാരണം അവൾക്ക് എത്താൻ സാധിച്ചില്ല. മകൻ ബാംഗ്ലൂരിൽ ഐ ടി ഫീൽഡിൽ. “മക്കൾക്ക് പരീക്ഷയാണ് നാളെ തന്നെ പോകണം, ഉപ്പാക്ക് സഹായത്തിനു പണിക്കാരുണ്ടല്ലോ” എന്ന് മരുമകൾ അവനോടു പറയുന്നത് കഴിഞ്ഞ രാത്രിയിൽ കേട്ടെങ്കിലും കാര്യമാക്കിയില്ല… കാരണം ആ സമയം താൻ ഒരു വശം ശൂന്യമായ തന്റെ മെത്തക്കരികിൽ പകച്ചു നിൽക്കുകയായിരുന്നു.
രാവിലെ പെട്ടിയും തൂക്കി അവർ യാത്ര പറഞ്ഞപ്പോൾ അറിഞ്ഞു വീടും തൊടിയും എല്ലാമെല്ലാം നോവിന്റെ വല്ലാത്തൊരു ആഴങ്ങളിലേക്ക് ഒലിച്ചിറങ്ങി അലിഞ്ഞു ചേരുന്നതായി.
“നിനക്കായിരുന്നല്ലോ മക്കളെ പഠിപ്പിക്കാൻ ഏറെ വാശി… സ്നേഹവും പഠിപ്പും, വകതിരിവും ഏറെ നൽകി വളർത്തിയിട്ടും അവർക്ക് ഇപ്പോൾ ഇറ്റു സമയം ഇല്ലാതായി പോയി. അവരെ പറഞ്ഞിട്ട് എന്തു കാര്യം ഞാനും തന്നില്ലല്ലോ നിനക്ക് വേണ്ടുവോളം സമയം. “വല്ലാത്തൊരു കിതപ്പോടെ അയാൾ പിറുപിറുത്തുകൊണ്ടിരുന്നു. താൻ ഇവിടുന്ന് ചെല്ലുമ്പോൾ മുതൽ ഇനി തനിക്കയ് കരുതി വച്ചിരിക്കുന്ന ഏകാന്തതയുടെ ഓർമ്മയിൽ അയാൾക്ക് വീണ്ടും ശ്വാസം മുട്ടി തുടങ്ങി.
മറമാടിയ മണ്ണിലേക്ക് മുഖം അമർത്തി അയാൾ ഒരു കുഞ്ഞിനെ പോൽ ഏങ്ങിയേങ്ങി കരഞ്ഞു.
വെയിൽ കനത്തു തുടങ്ങി.നീണ്ട നേരം ഒരേ ഇരിപ്പ് ഇരുന്നതിനാൽ എഴുന്നേൽക്കാൻ നന്നേ പ്രയാസം.
പള്ളിയും കഴിഞ്ഞ് നാട്ടുവഴിയിലൂടെ അയാൾ നടന്നു… വണ്ടി എടുക്കാം എന്ന് ഡ്രൈവർ പറഞ്ഞതാണ്… അവളിലേക്കുള്ള ദൂരം നടന്നു തന്നെ തീർക്കണം എന്ന് വാശി ആയിരുന്നു. വീട് അടുക്കും തോറും താൻ കൂടുതൽ ദുർബലൻ ആകുന്നതായി അയാൾക്ക് തോന്നി.
അതാ… അവിടെ ഏതാണ് ഒരു വണ്ടി? അത് ഇജാസിന്റെതു അല്ലേ?
“ഉപ്പാ… എന്തിനാണ് നടന്നു പോയത്… “?? അവൻ ഓടിവന്നു കയ്യിൽ പിടിച്ചു.
അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടോ…? അവളുടെ അതേ കണ്ണുകൾ… !!!
“നീ പോയില്ലേ??? “
“ഇല്ല… അവരെ എയർപോർട്ടിൽ എത്തിച്ചു.. ഞാൻ ലീവ് വിളിച്ചു പറഞ്ഞിട്ടുണ്ട്. കുട്ടികളുടെ എക്സാം കഴിയട്ടെ അവരെ ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്യണം… ഇന്ന് വൈകിട്ട് മോളു കുവൈറ്റിൽ നിന്നും എത്തും.. ഉപ്പാനെ തനിച്ചാക്കി പോകാൻ വയ്യ ഞങ്ങൾക്ക്.. ഇക്കണ്ട കാലത്തെ സ്നേഹത്തിനു മൊത്തമായി ഉമ്മ ഞങ്ങളോട് ആവശ്യപ്പെട്ടതും ഉപ്പയെ തനിച്ചാക്കരുത് എന്ന് മാത്രമായിരുന്നു… “
സ്നേഹം കൊണ്ട് തോൽപ്പിക്കപ്പെടുമ്പോഴെല്ലാം അയാളുടെ ഇടനെഞ്ച് പിടയുകയും, തൊണ്ട മുഴ ഉയർന്നു താഴുകയും ചെയ്യും… അത് പതിവാണ്.എത്രയോ വട്ടം അവളിനാൽ അയാൾ അത് അറിഞ്ഞിട്ടുള്ളതാണ്.
മതിൽ കെട്ടും കടന്ന് ഉപ്പയും മകനും പൂമുഖത്തെത്തുമ്പോൾ സമയം തെറ്റി വീശിയ ചെറു കാറ്റിൽ മുറ്റത്തു പൂത്ത മൈലാഞ്ചിചെടിയൊന്നാകെ ഇളകുന്നുണ്ടായിരുന്നു…. കുഞ്ഞു പരിമളം പരത്തി കൊണ്ട്..