സൂര്യകാന്തി ~ രചന: ദേവ സൂര്യ
“”കണ്ണിൽ കണ്ട ആളുകളെ ഒക്കെ കൂലിക്ക് തല്ലിയും… രാത്രിയാവും നേരം ഏതേലും ഒരുത്തിയുടെ വീട്ടില് കേറുന്ന നിങ്ങൾക്ക് ഒന്നും… കഷ്ടപ്പാടിന്റെയും വിയർപ്പിന്റെയും വില മനസ്സിലാവില്ല…..””
“”വല്ലാതെ ഡയലോഗ് അടിക്കാതെ നിലത്ത് കിടക്കുന്ന പച്ചക്കറി എടുത്തോണ്ട് പോകാൻ നോക്കടി…. “”
അവന്റെ പുച്ഛത്തോടെയുള്ള വാക്കുകൾ കേട്ടതും അവൾക്ക് ദേഷ്യം ഇരിച്ചു കയറി…
“”വെച്ചു വിളമ്പി തരാൻ നിങ്ങൾക്ക് ആയമ്മമാർ ഒത്തിരി ഉണ്ടാവും… എന്നാൽ എന്റെ കാര്യം അങ്ങനല്ല…ആരാന്റെ വിഴുപ്പ് അലക്കിയും…പാത്രം കഴുകിയും കിട്ടുന്ന കാശ് നുള്ളിപ്പെറുക്കി വാങ്ങിക്കുന്നതാ… ഇതൊക്കെ മര്യാദക്ക് എടുത്ത് തന്നിട്ട് പൊക്കോ…. “”
അവളുടെ വീറോടെയുള്ള വാക്കുകൾ കേൾക്കെ പിന്തിരിഞ്ഞു പോവാൻ നിന്ന അവൻ ഒരു നിമിഷം നിന്ന് തിരിഞ്ഞു നോക്കി…കണ്ണുകൾ കൊണ്ട് അവളെ ആകമാനം ഒന്നുഴിഞ്ഞു നോക്കി…. മീശ ഇടംകൈയ്യാൽ പിരിച്ചു വച്ച് പുരികം ചുളിച്ചൊന്ന് നോക്കി….
“”പെയ്യാൻ വെമ്പുന്നുവെങ്കിലും….തീക്ഷണതയുള്ള കണ്ണുകൾ…നരച്ചു മങ്ങിയ ഒരു ചുരിദാർ ആണ് വേഷം…മുടി പിന്നിക്കെട്ടി വച്ചിരിക്കുന്നു…മുഖത്ത് അലങ്കാരം എന്ന് പറയാനായി…നെറ്റിയിലെ ചന്ദനകുറി മാത്രം….””
“”ആരോടാ നീയീ കയർക്കുന്നത് എന്നറിയോ കാന്തി…മതി വന്നേ നീ ഇങ്ങോട്ട്…””
കൂടെയുണ്ടായിരുന്നു സുമതി ചേച്ചി ആദിയോടെ പറഞ്ഞ് നിലത്ത് കിടക്കുന്ന പച്ചക്കറിയും… പച്ചമീനും കയ്യിൽ കിട്ടിയ കവറിൽ ആക്കി…. അവളെയും വലിച്ചു നടന്നകന്നു…..
അവനെ തിരിഞ്ഞു നോക്കി എന്തൊക്കെയോ പിറുപിറുക്കുന്നവളെ കണ്ടതും… അവൻ മുഖം ചുളിച്ചു കൊണ്ട് നോക്കി…””പോടീ കാന്താരി “”… അവൻ ചുണ്ട് കൂർപ്പിച്ചു… പതിയെ വിളിച്ചു… അത് കണ്ടതും ചുണ്ട് കോട്ടി അവൾ തിരിഞ്ഞു നടന്നു….
“”അത് ആരാ എന്നറിയുവോ കാന്തി മോളെ നിനക്ക്??…”” സുമതി ചേച്ചിയുടെ ചോദ്യത്തിന് അവൾ അവരെ നോക്കിയില്ല…
“”പേര് കേട്ട ഗുണ്ടയാണ്…കൂലിക്ക് ആളെ തല്ലുന്നവൻ…അവനെ ഒന്ന് നോക്കാൻ വരെ ആളുകൾക്ക് പേടിയാണ്…”സൂര്യനാരായണൻ” എന്നോ മറ്റോ ആണ് പേര്….ആ അവനോടാണ് നീ ഇന്ന് അത്രയും പറഞ്ഞത്..ഇനി എന്തൊക്കെ ഉണ്ടാവുമോ എന്തോ…””
സുമതി ചേച്ചിയുടെ വാക്കുകൾക്ക് അവളൊന്ന് പുച്ഛിച്ചു ചിരിച്ചു….
“”സൂര്യനായാലും ശരി ചന്ദ്രൻ ആയാലും ശരി ചോര നീരാക്കി ഉണ്ടാകണത ഇതൊക്കെ…അതങ്ങനെ കണ്ണിൽ കണ്ടവൻമാർക്ക് നിലത്ത് തട്ടി മറിക്കാൻ ഉള്ളതല്ല…ചേച്ചിക്ക് അറിയുവോ മാസം ഒന്നായി വീട്ടിൽ മീൻ മണം അറിഞ്ഞിട്ട്…കിട്ടുന്ന കാശ് ലോൺ അടക്കാൻ തന്നെ തികയുന്നില്ല…ഇനിയും ലോൺ വൈകിയാൽ അടുത്ത മാസം ജപ്തിയാണ്…ഇതിനെല്ലാം ഇടയിൽ നെട്ടോട്ടം ഓടുകയാ ഞാൻ അതറിയുവോ ചേച്ചിക്ക്…ആഗ്രഹിച്ചു വാങ്ങിയതാ ഇത്തിരി ചാള…കേൾക്കുന്നവർക്ക് തമാശ ആയിരിക്കാം…പക്ഷെ അത് ഇന്ന് നിലത്തേക്ക് തട്ടി മറിച്ചിട്ട് ഒന്നുമില്ലാതാക്കിയില്ലേ…””
അവളുടെ സ്വരം ഇടറുന്നതറിഞ്ഞതും…പിന്നെ അതിനെ പറ്റി ഒന്നും ചോദിക്കാൻ പോയില്ല സുമതി….
“”എങ്കിൽ ശെരി മോളെ…നാളെ കാണാം…പിള്ളേരുടെ അച്ഛൻ വന്നിട്ടുണ്ടാകും….””
അവളെ നോക്കി യാത്രപറഞ്ഞു പോകുമ്പോളും അവളുടെ കണ്ണുകൾ ഓർമകളുടെ തീച്ചൂളയിൽ നിന്ന് മോചിച്ചിരുന്നില്ല….
ദൂരെ പാടത്തിനപ്പുറത്തുള്ള വീട്ടിലേക്ക് ലക്ഷ്യം വച്ച് പോകുമ്പോളും…പോയ നാളുകൾ മനസ്സിലേക്ക് ഓടിയെത്തി….
എത്ര സന്തോഷകരമായ നാളുകൾ ആയിരുന്നു തങ്ങളുടെ…അമ്മയും അച്ഛനും താനും അനിയത്തിയും അടങ്ങുന്ന കുഞ്ഞു കുടുംബം…കുഞ്ഞു പരിഭവങ്ങളും കളിയും ചിരിയും അടങ്ങിയ കൊച്ചു കുടുംബം…എത്ര പെട്ടെന്നാണ് വിധി തങ്ങളുടെ സന്തോഷം പുഞ്ചിരിയോടെ തിരികെ എടുത്തത്…അച്ഛന്റെയും അമ്മയുടെയും ഗുരുവായൂർ യാത്ര…ഏറെ നാളുകളായി അമ്മയുടെ ആഗ്രഹമായിരുന്നു…തനിക്കും അനിയത്തി അമ്മുവിനും കൊല്ലപരീക്ഷ ആയത് കൊണ്ട് പോയില്ല….അന്ന് വൈകിട്ട് പരീക്ഷ കഴിഞ്ഞു അവർ കൊണ്ട് വരുന്ന ഗുരുവായൂർ പപ്പടവും പ്രതീക്ഷിച്ചു വീട്ടിലെത്തിയ തങ്ങൾ കാണുന്നത്…വെള്ള പുതച്ച അമ്മയുടെ ശരീരമാണ്….ബസ് മറിഞ്ഞതാണത്രേ….അച്ഛൻ ഏതോ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ…
പിന്നീട് അങ്ങോട്ട് താനും അറിയുകയായിരുന്നു…വെറും പൊട്ടിപെണ്ണായിരുന്ന തന്നിൽ വന്ന മാറ്റം…അമ്മയുടെ വേർപാടും അച്ഛന്റ്റെ ചികിത്സയും…അതിൽ നിന്ന് പേരാൻ…അതിൽ നിന്ന് തരണം ചെയ്യാൻ മുട്ടാത്ത വാതിലുകൾ ഇല്ലായിരുന്നു…അങ്ങനെ ടൗണിലെ ഒരു തുണികടയിൽ ജോലി കിട്ടി…വൈകിട്ട് വക്കീൽ സാറിന്റെ വീട്ടിൽ പോയ് രാത്രിക്കുള്ള ഭക്ഷണവും തയാറാക്കണം…അതിൽ നിന്നുമൊക്കെ കിട്ടുന്നത് അച്ഛന്റെ ചികിത്സക്കായി ബാങ്കിൽ നിന്ന് ലോൺ എടുത്തത് അടക്കാൻ പോലും തികയില്ല…
അമ്മു ഇന്നലെ ആഗ്രഹം പറഞ്ഞപ്പോൾ കയ്യിലെ കാശ് നുള്ളിപ്പെറുക്കി വാങ്ങിയതായിരുന്നു അര കിലോ പച്ചമീൻ…അത് ഇന്ന് അയാൾ തട്ടി മറിച്ചിട്ടപ്പോൾ…നുരഞ്ഞു പൊന്തിയ ദേഷ്യത്തിൽ എന്തൊക്കെയോ വിളിച്ചു പറഞ്ഞു….
നാട്ടിലെ പേര് കേട്ട ഗുണ്ടയാണ്….കൂലിക്ക് ആരെയും തല്ലുന്നവൻ…കണ്ടാൽ പോലും പേടിയാകും…ആ കൂട്ട് പുരികനും…കട്ട താടിയും….കുറ്റുറപ്പുള്ള ശരീരവും…ചുവന്ന് കലങ്ങിയ കണ്ണുകൾ കൊണ്ടുള്ള തീക്ഷണതയാർന്ന നോട്ടം പോലും പേടിപെടുത്തും…അങ്ങനെ ഒരുവനോട് നേർക്ക് നേർ അങ്ങനൊക്കെ പറയാൻ മാത്രം ധൈര്യം എവിടുന്ന് വന്നു എന്ന് തനിക്കിപ്പോളും മനസ്സിലാവുന്നില്ല….
ആരെയോ ഓടിച്ചിട്ട് തല്ലുന്നതിടയിൽ തന്റെ കയ്യിലെ കവറുകൾ അയാൾ കൈ തട്ടി നിലത്തിട്ടത്…അറിയാതെ പറ്റിയതാണ് എന്ന് അറിയാമെങ്കിലും…റോട്ടിൽ ചിതറി കിടക്കുന്ന പച്ചക്കറികളും…മീനും കണ്ടപ്പൊൾ ദേഷ്യം അടക്കാൻ കഴിഞ്ഞില്ല…ആ ദേഷ്യത്തിൽ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു….
“”അല്ലെങ്കിലും ജീവിതം രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പാട് പെടുന്ന തനിക്ക് ഇന്ന് മേൽ കീഴ് നോക്കേണ്ടതില്ല….ആ പഴയ പൊട്ടിപെണ്ണിൽ നിന്ന് താൻ ആകെ മാറിയിരിക്കുന്നു എന്ന് സ്വയം പഠിപ്പിക്കാൻ ശ്രമിക്കുന്നു….””
“”ഇന്നെന്താ ഇച്ചേച്ചി വൈകിയേ?? “”…
അമ്മുവിന്റെ ചോദ്യമാണ് ചിന്തകളിൽ നിന്നുമുണർത്തിയത്….
“”ഒന്നുമില്ല മോളെ..ദാ ഇത് കൊണ്ട് പോയ് അടുക്കളയിൽ വക്ക്…ചേച്ചി കുളിച്ചിട്ട്
വരാം..””
കൂടുതൽ ഒന്നും പറയാതെ ഉള്ളിലേക്ക് കയറുമ്പോൾ ഉണ്ട്…തന്നെ പ്രതീക്ഷിച്ചു എന്ന പോലെ കിടക്കയിൽ ഒന്നനങ്ങാൻ പോലുമാവാതെ അച്ഛൻ കിടക്കുന്നു…
“”എന്താണ് കാന്തിമോൾടെ അച്ഛവാവ ഒന്നും മിണ്ടാതെ കിടക്കുന്നെ ഏഹ്ഹ്…??…””
കൊഞ്ചലോടെ അരികിലായി പോയിരിക്കുമ്പോൾ ആ കണ്ണുകൾ ഈറനണിയുന്നത് താനറിഞ്ഞിരുന്നു…
“”കരയല്ലേ അച്ഛേ…കാന്തി മോൾക്ക് വിഷമം ആവൂലെ…””
ആ നെറ്റിതടത്തിൽ ചുംബിച്ചു കൊണ്ട് പറയുമ്പോൾ…ആ പതിഞ്ഞ സ്വരം കേൾക്കെ നെഞ്ച് പൊടിയുന്ന പോലെ…
“”ഇങ്ങനെ ന്റെ കുട്ടിയെ നരകിപ്പിക്കാതെ പെട്ടെന്ന് വിളിച്ചാൽ മതിയായിരുന്നു ന്നെ…””
നിഷേധാർത്ഥത്തിൽ ആ ചുണ്ടുകൾ മൂടി…തലയാട്ടി…പതിയെ എഴുന്നേറ്റ് പോകുമ്പോളും…ഭിത്തിയിൽ മാലയിട്ട് വച്ചിരിക്കുന്ന അമ്മയുടെ മുഖത്തേക്ക് നിറകണ്ണുകളോടെ ഒന്ന് നോക്കി….
“””അച്ഛേ…എണീക്ക് അച്ഛേ…അമ്മുട്ടിയല്ലേ വിളിക്കുന്നത്….ചേച്യേ..ഓടി വായോ….””
രാവിലെ അമ്മുവിന്റെ അലർച്ച കേട്ടാണ്…പിടഞ്ഞെണീറ്റത്….തണുത്തുറഞ്ഞ ചുളിവ് വീണ ആ കൈകളിൽ ഞെട്ടലോടെ തൊട്ടു നോക്കുമ്പോൾ…തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയുന്നില്ല…നിമിഷനേരം കൊണ്ട് അനാഥർ എന്ന പട്ടം വിധി തങ്ങൾക്കായി കോർത്തിണക്കിയിരിക്കുന്നു..
“”രാമായണ പാരായണവും….ചന്ദനത്തിരിയുടെ ഗന്ധവും വീട്ടിൽ നുരഞ്ഞു പൊന്തുമ്പോളും….അവയോട് വാചാലമാവാൻ തങ്ങളുടെ കണ്ണുനീർ മാത്രം ഉത്സാഹം കാട്ടി….””
മൂക്കത്ത് വിരൽ വച്ച് സഹതാപത്തോടെ നോക്കുന്നവരിൽ ഇടക്കെപ്പോളോ ആ ചുവന്ന കണ്ണുകളും കണ്ടിരുന്നു….ഒഴിഞ്ഞ മരണവീട്ടിലേക്ക്….പിന്നീട് രണ്ടു ജീവനുകൾ ബാക്കിയുണ്ടോ എന്നറിയാൻ പോലും ആരും വരാത്തത് പ്രതീക്ഷിച്ചതാണെങ്കിലും..ചെറിയ വേദന നൽകിയിരുന്നു….
“”ന്നാ ഇത് കഴിച്ചോ…രണ്ടു ദിവസമായി ഒന്നും കഴിക്കാത്തതല്ലേ….””
ഉമ്മറത്തേക്ക് മുണ്ടും മടക്കി കുത്തി വന്ന്…ഒരു കവർ തങ്ങൾക്കായി നീട്ടി പറയുന്നവനെ ഒന്നും മനസ്സിലാവാതെ നോക്കി നിന്നു…
“”തല്ല് പിടിക്കാൻ പോയ് കിട്ടിയ കാശ് കൊണ്ട് വാങ്ങിച്ചതാ…അല്ലാതെ കണ്ട ആയമ്മമാർ ഉണ്ടാക്കി തന്നതൊന്നുമല്ല…ദേഷ്യം എന്നോട് മതി…ഭക്ഷണത്തോട് വേണ്ട…””
തന്നിൽ നിന്ന് മറുപടി ഒന്നുമില്ല എന്ന് കണ്ടതും…ഉമ്മറത്തിണ്ണയിലേക്ക് എടുത്ത് വച്ച് എവിടെയോ നോക്കി പറഞ്ഞു കൊണ്ട് നടന്നകന്നു….
പിന്നീട് പലപ്പോഴായി…ഉമ്മറത്തിണ്ണയിൽ കണ്ടിരുന്ന കവർ കാൺകെ വെറുതെ ചുറ്റുമോന്ന് നോക്കും…ആ ചുവന്ന കണ്ണുകളെ വെറുതെ കണ്ണുകൾ തേടിയിരുന്നു….വിശന്നു തളർന്ന നേരം നീട്ടിയ ഭക്ഷണത്തോടുള്ള കടപ്പാടായോ…അതോ ആ ചുവന്ന കണ്ണുകളോട് മറ്റെന്തോ ആകർഷണം തോന്നുന്നതാണോ….
പലപ്പോഴും തന്നോട് തന്നെ ചോദിക്കുന്നു…
ഒരിക്കൽ ഇരുട്ടിൽ…വാതിലിനു നേർക്ക് വന്ന മുട്ടലിനെ…കയ്യിൽ കിട്ടിയ വെട്ട്കത്തി കൊണ്ട് നേരിടാനായി വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച കണ്ട് കണ്ണുകൾ കുറുകി…
ചുണ്ടിൽ ചോര പൊട്ടി ഏതോ ഒരുത്തൻ…അയാളുടെ കോളറിൽ കുത്തിപിടിച്ചു സൂര്യനും….
“”ആണുങ്ങൾ ഇല്ലാത്ത വീടുകളിൽ കയറുന്ന ഇവന്മാരെയൊന്നും ഒരു ആയമ്മമാരുടെ പേരിലും പുറത്തറിയാറില്ല…ഇനി ഇങ്ങോട്ട് വന്നാൽ ചുണ്ടല്ല….കൊത്തി അരിയും ഈ സൂര്യൻ…കേട്ടോടാ….””
അവനെ പുറത്തേക്ക് തള്ളിയിട്ട് തങ്ങൾക്ക് നേരെ നീളുന്ന നോട്ടത്തിൽ വെന്തിരുകുന്ന പോലെ….
“”വാതില് അടച്ചു കുറ്റി ഇട്ടേക്ക്…ഞാൻ പുറത്ത് ഉണ്ടാവും…ഇന്നിനി ആയമ്മയുടെ അടുത്തേക്കില്ല….ഇവിടെ കൂടാം…””
കുസൃതിയോടെ പറയുന്നവനെ മിഴികൾ ഉയർത്തി നോക്കാൻ തോന്നിയില്ല…അയാളെ നോക്കി പുഞ്ചിരിക്കുന്ന അമ്മുവിനെയും പിടിച്ചു കൊണ്ട് ഉള്ളിലേക്ക് പോയി വാതിലടക്കുമ്പോൾ തന്റെ ചുണ്ടിലും ചെറിയ പുഞ്ചിരി മിന്നമാഞ്ഞു….
“”ഇവിടെ നിൽക്കുന്നതിലും നല്ലത് എന്റെ കൂടെ പോരുന്നതല്ലേ…നിന്റെയും ഇവളുടെയും മടിക്കുത്തഴിക്കാൻ വരുവാണേൽ…എന്റെ മോന്തക്കിട്ട് നാലെണ്ണം തന്ന് ഇങ്ങോട്ട് തന്നെ പൊന്നോ ടി…നാട്ടിൽ അമ്മ മാത്രേ ഉള്ളൂ…ഒറ്റക്കാക്കി പോവാൻ മനസ്സ് വരുന്നില്ല….””
കയ്യിൽ ഒരു പെട്ടിയുമായി വന്ന് നിന്ന് പറയുമ്പോൾ…കണ്ണുകൾ എന്തിനോ വേണ്ടി പിടച്ചു…അമ്മുവിനെ നോക്കുമ്പോൾ…”പോവാം ചേച്ചി”…എന്നർത്ഥത്തിൽ കണ്ണുകൾ കുറുക്കുന്നുണ്ട്….
“”അമ്മക്ക് കൂട്ടിന് രണ്ടാളെ കൊണ്ട് വരുന്നുണ്ട് ന്ന്പറഞ്ഞിരുന്നില്ലേ….അവരാണ് അമ്മേ….””
തന്നെയും അമ്മുവിനെയും മാറി മാറി സംശയത്തോടെ നോക്കുന്ന അമ്മയോട് പുഞ്ചിരിയോടെ പറയുന്നുണ്ട്….
വലിയൊരു നാല്കെട്ട് തറവാട്ടിൽ….ഐശ്വര്യം തുളുമ്പുന്ന ഒരമ്മ….അമ്മയുടെ മകൻ തന്നെയാണോ…കൂലിക്ക് ആളെ തല്ലുന്നത് എന്ന് പലപ്പോഴായി അത്ഭുതത്തോടെ നോക്കിയിട്ടുണ്ട്…
അമ്മയുടെ മടിയിലായി കിടക്കുന്ന കൊച്ചു കുട്ടിയായും…ഇഷ്ട്ടപെട്ടതെല്ലാം വാങ്ങി കൊടുക്കുന്ന…അമ്മുവിന്റെ കൂടെ കളിക്കുന്ന ഒരു ഏട്ടനായും അയാൾ മാറുന്നത് കൗതുകത്തോടെ നോക്കുകയായിരുന്നു….വീട്ടിൽ തന്നോട് മാത്രം കാണിക്കുന്ന അകൽച്ചക്ക് ചെറിയൊരു പരിഭവവും തന്റെ മനസ്സിൽ മുളപൊട്ടിയതും കൗതുകത്തോടെ താനറിയുകയായിരുന്നു….
“”ഈ കുട്ടി എങ്ങനെ ഉണ്ട് സൂര്യാ…””
അടുക്കളയിലേക്ക് ചെല്ലുമ്പോൾ ഏതോ കുട്ടിയുടെ ഫോട്ടോ കാണിച്ചു അമ്മ ചോദിക്കുമ്പോൾ…അറിയാതെ കണ്ണുകൾ അവർക്കിടയിലേക്ക് പാറി വീണു…..
“”എവിടെ നോക്കട്ടെ…കൊള്ളാം നല്ല സുന്ദരി കുട്ടി…അല്ലേ അമ്മൂസ്സേ…””
അമ്മുവിനും കൂടി കാണിച്ചു പറയുമ്പോൾ ഒന്നും മിണ്ടാതെ മെല്ലെ അവിടെ നിന്ന് നടന്നകന്നു….
“”എന്ത് വിശ്വസിച്ചാടോ അന്ന് എന്റെ കൂടെ ഇറങ്ങി പോന്നത്??..ദാ ഇപ്പൊ ഇങ്ങനെ പാതിരാത്രി പുറത്തിറങ്ങി നടക്കുന്നത്??..””
മനസ്സ് ശാന്തമല്ലാതായപ്പോൾ കുളപ്പടവിലേക്ക് വന്നതായിരുന്നു…പിന്തുടർന്ന് വരുമെന്ന് കരുതിയിരുന്നില്ല…പടവിൽ ഇരുന്ന്…ഓളങ്ങൾ തല്ലും വെള്ളത്തിലേക്ക് വെറുതെ നോക്കിയിരിക്കുമ്പോൾ ആയിരുന്നു പിന്നിൽ നിന്ന് ഗൗരവത്തോടുള്ള ശബ്‌ദം കേട്ടത്….
“”അമ്മൂന് ഒരേട്ടൻ ആവും ന്ന് അറിയാമായിരുന്നു…പിന്നെ ഇയാൾ ഇല്ലേൽ ഞങ്ങൾക്ക് അവിടെ നിക്കാൻ പേടി ആയിരുന്നു….””
“”അപ്പൊ…ആയമ്മമാരുടെ കൂടെ നടക്കണ എന്നെ പേടിയില്ലേ…””
ആ സ്വരത്തിലെ കുസൃതി അറിഞ്ഞതും…ഒന്നും മിണ്ടാതെ കുളത്തിലേക്ക് മിഴികൾ നട്ടു….
“”ഈ സൂര്യൻ മറ്റുള്ള പൂക്കളോട് കൊഞ്ചുന്നത് കാണുമ്പോൾ ഈ സൂര്യകാന്തി പൂവിന് ഒരിക്കലും പരിഭവം തോന്നാറില്ലേ….??””
അവന്റെ ചോദ്യത്തിന് പതിയെ ഒന്ന് പുഞ്ചിരിച്ചു….
“”അവൾക്ക് അറിയാലോ മാഷേ….സൂര്യൻ ആരോടൊക്കെ കൊഞ്ചിയാലും…അവന്റെ ആദ്യപ്രണയം അവന്റെ സൂര്യകാന്തി പൂവിന് വേണ്ടിയാണ് എന്ന്…..””
“”എന്നിട്ടാണോ രാവിലെ അമ്മ ആ കുട്ടിയുടെ കാര്യം പറഞ്ഞപ്പോ…മുഖം വീർപ്പിച്ചു പെട്ടന്ന് പോയത്….””
അവന്റെ വാക്കുകൾ കേട്ടതും…പതർച്ചയോടെ അവൾ മുഖം കുനിച്ചു….
“”ആമ്പൽ പൂവ് ചന്ദ്രനെ പ്രണയിക്കുന്ന പോലെ…സൂര്യകാന്തി പൂവിന് സൂര്യനെ പ്രണയിക്കാൻ പേടിയാണ് മാഷേ….അവനെ നഷ്ടപ്പെടാൻ അവൾക്കിഷ്ടമല്ല….അതാണ് അവരുടെ പ്രണയത്തിനെന്നും മൗനത്തിന്റെ ചവർപ്പുള്ളത്….””
“”ഈ സൂര്യന് എത്ര ആയമ്മമാർ വന്നാലും…ഈ കാന്തിയോട് തോന്നിയ പ്രണയം ആരോടും തോന്നിയിട്ടില്ലെങ്കിലോ??…””
“”ആയമ്മമാരുടെ കഥകളെല്ലാം പരദൂഷണമാണെന്ന് എനിക്കറിയാമായിരുന്നു….പക്ഷെ ആ കാന്താരിയോട് തോന്നിയ പ്രണയത്തിനെ പറ്റി ഈയിടെ ആണ് അറിയുന്നത്…””
അവളുടെ ചുണ്ടിലെ കുസൃതിചിരി അവനിലേക്കും പടർന്നു…
“”എന്റെ റൂമിൽ നിന്ന് ഡയറി കാണാതായപ്പോളേ ഞാൻ ഊഹിച്ചു…””
അവൻ മീശയുടെ ഒരറ്റം പിരിച്ചുകൊണ്ട് അവളെയൊന്ന് ഇടംകണ്ണിട്ട് നോക്കി….
“”അപ്പൊ പറഞ്ഞോ…കാന്താരിക്ക് കലിപ്പനോട് ഒന്നും തോന്നിയിരുന്നില്ലേ??…””
“”കൂലിക്ക് ഇനിയും ആളുകളെ തല്ലാൻ നടന്നാൽ…കലിപ്പൻ ആണെന്നോ….കാന്തിയെ പ്രണയിച്ച സൂര്യൻ ആണെന്നോ നോക്കില്ല….കാന്താരിയുടെ തനിസ്വഭാവം അറിയും….””
“”അന്നത്തെ സംഭവത്തോടെ ഒക്കെ നിർത്തി ഞാൻ….ഇവിടെ അടുത്ത് ഒരു സ്കൂളിൽ ജോലി തരപ്പെട്ടിട്ടുണ്ട്…അതാണ് പെട്ടെന്ന് ഇങ്ങോട്ട് വരാനുള്ള കാരണവും…””
“”അപ്പൊ ശെരിക്കും മാഷാണ് ല്ലേ….””
“”അതെന്താ മാഷുമ്മാരെ ഇഷ്ട്ടല്ലേ??…”” അവന്റെ ചുണ്ടിൽ കുസൃതി വിരിഞ്ഞു…
“”മ്മ്മ്….മാഷിനേം ഇഷ്ട്ടാണ്….മാഷിന്റെ കാന്താരി ആവാനും ഇഷ്ട്ടാണ്….””
നാണത്തോടെ കുളത്തിലെ ആമ്പൽ പൂവിലേക്ക് നോട്ടമെറിഞ്ഞുകൊണ്ട് പറയുന്നവളെ…നിമിഷനേരം കൊണ്ട് ചേർത്തണച്ചു….
“”സൂര്യകാന്തി പൂവിന് നാണം വരുവോ??…”” അവന്റെ ചോദ്യത്തിന് പിടപ്പോടെ അവനെയൊന്ന് നോക്കിയവൾ….
“”സൂര്യനെ കാണും നേരം അവൾ എന്നും നാണത്തോടെ മിഴികൾ അടക്കാറുണ്ട് മാഷേ….മൗനമായി അവനെ എന്നുമവൾ പ്രണയിക്കാറുണ്ട്….””
അവനിൽ നിന്ന് കുതറി മാറി…അവനെ തള്ളി മാറ്റി ഓടുമ്പോൾ കുസൃതിചിരിയോടെ അവൻ കുളപ്പടവിലേക്കായി ഇരുന്നു….അവരുടെ പ്രണയം കാൺകെ…ആകാശത്തെ താരകങ്ങൾ പരസ്പരം നോക്കി കണ്ണിറുക്കി….അവ പതിയെ പുഞ്ചിരിച്ചു……..