ഹൃദയം പൊടിയുമാറ് വീണ കണ്ണുനീർ തുള്ളികളായതുകൊണ്ടാകും അതിനു ചുവപ്പ് നിറമായിരുന്നു…

ചില ചിന്തകളുടെ രൂപക്കൂടുകൾ

രചന: നന്ദു അച്ചു കൃഷ്ണ

ഹൃദയം പൊടിയുമാറ് വീണ കണ്ണുനീർ തുള്ളികളായതുകൊണ്ടാകും അതിനു ചുവപ്പ് നിറമായിരുന്നു…..

അല്ലെങ്കിൽ ദേഷ്യം അന്ധവുമാക്കിയ മിഴികളുടെ നിറം ചുവപ്പായിരുന്നതുകൊണ്ടാകും അതിൽ നിന്നും അടർന്നുവീണ അശ്രുക്കൾ,  തന്റെ നിറം എല്ലാരിലും വ്യക്തമാക്കിയത്……

പക്ഷെ ഈ കണ്ണുനീരിനലിയിക്കാൻ പറ്റാത്ത ഒരു കരിങ്കൽ ഹൃദയം ആണെല്ലോ തങ്ങളുടെ  മുന്പിലെന്നു ചിന്തിച്ചപ്പോൾ അറിയാതെയാണെലും ഉള്ളിൽ ഒരു ധൈര്യം വന്നു നിറഞ്ഞു… ഒരുപക്ഷെ അമിതമായ സ്നേഹവും വിശ്വാസവും നശിക്കുന്നിടത്തുനിന്നും ഉണ്ടാകുന്ന ഒരുതരം നിർവികാരത….

അവർ  കണ്ണുകൾ കൊട്ടിയടച്ചു… അവസാന തുള്ളിയും താഴേക്ക് വീണപ്പോൾ അറിയാതെ എവിടെ നിന്നോ ഒരു ധൈര്യം… മരിക്കാൻ പേടിയില്ലാത്ത ഒരവസ്ഥ.. വല്ലാത്തൊരു നിർവികാരത….

“അപ്പൊ ഒരിക്കൽ കൂടി ഞാൻ ചോദിക്കുകയാണ് നിന്നോട് … “

” ദയ ,  ദാക്ഷിണ്യം, സത്സ്വഭാവം പരോപകാര ചിന്ത… ഇതൊക്കെ എന്തെന്ന് പോലും അറിയാത്ത,  ചതിയും വഞ്ചനയും കുതികാൽവെട്ടും രക്തത്തിൽ അലിയിച്ച് ചേർത്ത,  വാത്സല്യം എന്ന വികാരത്തെ പോലും പ്രണയവും കാ മവും ആയി മാറ്റി കുഴയ്ക്കാൻ അറപ്പു കാണിക്കാത്ത മനുഷ്യൻ എന്ന ഈ ജീവിക്ക് വേണ്ടിയാണോ  … “

“ജീവി അതുവേണ്ട… സത്വം  അതുമതി… അതിനു വേണ്ടിയാണോ നീ നിന്റെ ജനിച്ച കുഞ്ഞുങ്ങളെയും നിന്നെയും  എനിക്കായി തരുന്നത്… “

മുന്നിൽ നിൽക്കുന്ന അമ്മ മുയൽനോട് ഇത് ചോദിക്കുമ്പോൾ, കാടിന്റെ അധിപന് ഒരേസമയം അൽഭുതവും  വാക്കുകളിൽ പുച്ഛമായിരുന്നു…

” അതെ മൃഗ രാജൻ, അവിടുന്ന് ആഹാരത്തിനായി  കണ്ടെത്തിയ ഈ മനുഷ്യ കുഞ്ഞിനെ തിരിച്ചു കൊടുത്തു കൊണ്ട് എന്നെയും എന്റെ കുഞ്ഞുങ്ങളെയും സ്വീകരിച്ച് അവിടുത്തെ വിശപ്പടക്കിയാലും….” കണ്ണിമകൾ അല്പം പോലും വെട്ടാതെ അമ്മ മുയൽ കാനന രാജാവിനോട് അഭ്യർത്ഥിച്ചു…

മുന്നിൽനിൽക്കുന്ന സ്ത്രീയിലും  പുരുഷനിലും സിംഹത്തിന്റെ  കണ്ണുകൾ പതിഞ്ഞു..

കയ്യിലിരിക്കുന്ന തോക്കിന്റെ ബലത്തിൽ അയാളിൽ കണ്ട അഹങ്കാരമായിരുന്നില്ല, ജീവന്റെ പാതിയെ നഷ്ടപ്പെടുമോന്നുള്ള ഭയത്തിൽ കൈ കുപ്പി കണ്ണുനീർ വാർത്തു തന്റെ ദയവിനായി കാത്തുനിൽക്കുന്ന പോലത്തെ ആ സ്ത്രീയുടെ നിൽപ്പിൽ …

ഒരേ മനുഷ്യനിലെ  രണ്ടു ഭാവങ്ങൾ.. ഒന്നിൽ അഹന്തയും മറ്റൊന്നിൽ മാതൃത്വവും,,

കാടിന്റെ അധിപൻ ഒരു നിമിഷം കണ്ണടച്ച് ആലോചിച്ചു…

മുന്നിൽ നിൽക്കുന്ന മുയൽ കുഞ്ഞിലും, ഭോഗിക്കാൻ കൊണ്ടുവന്ന മനുഷ്യ കുഞ്ഞിനും, ഒരല്പം മാറിനിന്ന് പേടിയോടെ തന്നെ നോക്കുന്ന സ്വന്തം കുഞ്ഞിലും അദ്ദേഹത്തിന് ഒരേ മുഖം ദർശിക്കാൻ പറ്റി..

“നിങ്ങളുടെ കയ്യിൽ ഇരിക്കുന്ന തോക്ക് കണ്ടിട്ടല്ല… ഒരമ്മയുടെ കുഞ്ഞിനെ രക്ഷിക്കാൻ മറ്റൊരമ്മ സ്വന്തം കുഞ്ഞുങ്ങളെ നൽകാൻ തയ്യാറായി നിൽക്കുന്നു… ആ ഒരു നന്മ കണ്ടില്ലെന്ന് നടിക്കാൻ കഴിയുകയില്ലാത്തതുകൊണ്ട് മാത്രം, ഞാൻ  നിങ്ങളുടെ കുഞ്ഞിനെ  തിരിച്ചു നൽകുന്നു.. ” അത്രയും കേട്ടതും ആ അമ്മ ഓടി വന്ന് തന്റെ  കുഞ്ഞിനെ മാറോടു ചേർത്തു.. അതിന്റെ നിർവൃതി എന്നപോലെ അവളുടെ മാറു ചുരന്നു…..

വാക്കുകളിൽ അല്ലാതെ മിഴിബാഷ്പങ്ങൾ നന്ദിയായി  അർപ്പിച്ച് അവൾ ആ മുയലമ്മയെ നോക്കി..

“നമുക്ക് പോകാം.”. അവൾ ആ മനുഷ്യനെ കൈനീട്ടി വിളിച്ചു…

“നീ എന്തിനാ വെറുതേ പേടിച്ചത്… എന്റെ കയ്യിൽ തോക്ക്ണ്ടായിരുന്നല്ലോ.. ആ സിംഹത്തെ കൊന്നിട്ടയിരുന്നു എങ്കിലും ഞാൻ നമ്മുടെ മകനെ രക്ഷിച്ചേനെ.. അതിനുപകരം അതിന്റെ മുൻപിൽ കരയാനും  അപേക്ഷിക്കാനും പോയിരിക്കുന്നു… ഛെ… നിന്നെപ്പോലൊരു ഭാര്യയെ കിട്ടിയതിൽ ഞാൻ ശരിക്കും ദുഃഖിക്കുന്നു.. നീയെന്നെ ആ പീറ ജീവികളുടെ മുന്നിൽ ഒന്നുമില്ലാതാക്കി നാണം കെടുത്തി …” തിരിച്ചു നടക്കും  വഴി ആ മനുഷ്യൻ തന്റെ ഭാര്യയെ വാക്കുകളാൽ വിവസ്ത്രയാക്കി കൊണ്ടിരുന്നു….

അവർ  നടന്നു തുടങ്ങിയിരുന്നെങ്കിലും, അയാളുടെ വാക്കുകൾ ശ്രവണത്തിൻ ബലത്തിൽ ജീവിക്കുന്ന , അവിടെ കൂടിയിരുന്ന പക്ഷിമൃഗാദികൾ ഒക്കെയും വ്യക്തമായി  കേട്ടു…

ഇത് കേട്ടുകൊണ്ട് മൃഗരാജൻ  അയാളെ വിളിച്ചു…., “ഹേ മനുഷ്യ ഒന്ന് നിന്നെ… .. നിങ്ങൾ പോയ കുറച്ചു ദിവസങ്ങൾകൊണ്ട് ഈ കാടിന്റെ ഗതിയെ തന്നെ മാറ്റിയിരിക്കുന്നു.. ആവശ്യത്തിനും അനാവശ്യത്തിനും കൊന്നും തിന്നും, നീ കണ്ടെത്തിയ സന്തോഷം ഇന്നത്തോടെ നിർത്തുക, ഈ കാടിന്റെ അധിപൻ ഇപ്പോഴും ഞാൻ തന്നെയാണ്, ഇനിയും എന്റെ പ്രജകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന എന്തെങ്കിലും നിങ്ങളുടെ ഭാഗത്തുനിന്നുണ്ടായാൽ , ഇനി നിങ്ങളാവും എന്റെ ഭക്ഷണത്തിന് ഇരയാവുക… പിന്നെ കയ്യിലിരിക്കുന്ന തീപാറുന്ന യന്ത്രത്തിന്റെ  ബലത്തിൽ, അധികം അഹമ്മതി വേണ്ട… കാരണം അതിൽ നിന്നുയരുന്ന തീക്ക് ഞങ്ങളിൽ കുറച്ചുപേരെ തീർക്കാൻ സാധിച്ചാലും, പിന്നെയും നീ ചിന്തിക്കാത്ത ഒരു പക്ഷം നിന്റെ മരണത്തിനായി ഇവിടെ തന്നെ ഉണ്ടാവും…. ഇത് ഓർമയിലിരിക്കട്ടെ…”

എല്ലാവരിലും അയാളോടുള്ള പകയും വിദ്വേഷവും നിറഞ്ഞു വന്നു.. ഇങ്ങനെ ഒരാൾക്ക് വേണ്ടി സ്വന്തം കുഞ്ഞിനെയും ജീവിതത്തെയും പണയംവച്ച് മുയലമ്മയോട് കാട്ടിലെ നാട്ടുകാർക്ക് അഭൗമമായ ദേഷ്യം ഉരുവായി….

“ഈ വൃത്തികെട്ട ജീവിക്കു വേണ്ടിയാണോ നീ നിന്റെ ജീവൻ കളയാൻ പോയത്..”. മുന്നിലേക്ക് നീങ്ങി വന്ന് മന്ത്രിയായ കുരങ്ങൻ ചോദിച്ചു…

അവളൊന്നു പുഞ്ചിരിച്ചു.. “നിങ്ങൾ അയാളെ മാത്രം കണ്ടതുകൊണ്ടാണ്, ഇത്രയും ദേഷ്യം മനസ്സിൽ നുരഞ്ഞു പൊങ്ങുന്നത്…. ആ അമ്മയെ ഒന്നു നോക്കൂ.. അവരിൽ കാണുന്നത് നമ്മളെ തന്നെയല്ലേ.. കുറച്ചു മുന്നേ എന്റെ കുഞ്ഞുങ്ങൾ അയാളുടെ വലയിൽ അകപ്പെട്ടപ്പോൾ രെക്ഷിക്കാനായി ഓടിവന്ന എന്നെ കണ്ടുകൊണ്ട് , ആ സ്ത്രീയാണ് സ്വന്തം ഭർത്താവിന്റെ കണ്ണുവെട്ടിച്ചു  വല കീറിമുറിച്ച് എന്റെ കുഞ്ഞുങ്ങളെ രക്ഷിച്ചത്… അങ്ങനെയുള്ള അവരിലെ  അമ്മയെ ഞാനെങ്ങനെ കാണാതിരിക്കും… നിങ്ങൾ തന്നെ പറയൂ.. ഞാൻ ഒരു മൃഗം അല്ലേ.. മനുഷ്യൻ അല്ലല്ലോ ചെയ്ത നന്മ കാണാതിരിക്കാൻ… “മുയലമ്മ തലതാഴ്ത്തി….

എല്ലാവരും ഒരു നിമിഷം ആ മാതാവിലേക്ക് ശ്രദ്ധയൂന്നി.. അയാളുടെ അവഹേളനങ്ങളിൽ അല്പംപോലും ശ്രദ്ധിക്കാതെ ആ അമ്മ വീണ്ടും വീണ്ടും തന്റെ കുഞ്ഞിനെ ചുംബിച്ചുകൊണ്ടിരുന്നു… കൂടി നിന്ന എല്ലാവർക്കും തങ്ങളെ തന്നെ അവരിൽ  കാണാൻ പറ്റി…..

കൂടുതൽ സംസാരം നീട്ടിക്കൊണ്ടുപോകാൻ ആഗ്രഹിക്കാത്ത കാനനരാജൻ ആ യോഗം പിരിച്ചുവിട്ടു..

തിരിച്ചു നടക്കുമ്പോൾ നാല് മുയൽ കുഞ്ഞുങ്ങളും അമ്മയോട് മിണ്ടിയില്ല… കുറച്ചു മുന്നേ തങ്ങളെ ദ്രോഹിച്ച ആ മനുഷ്യന്റെ കുഞ്ഞിനായി സ്വന്തം കുഞ്ഞുങ്ങളെ കൊല്ലാൻ പോലും മടിയില്ലാത്ത ഒരു അമ്മയായി അവർക്ക് ഇതിനോടകം മുയലമ്മ  മാറിക്കഴിഞ്ഞിരുന്നു….

ഒരുപാട് നേരം അനുനയിപ്പിക്കാൻ നോക്കിയെങ്കിലും, പ്രായത്തിന്റെ  ചാപല്യതിൽ അവർ അതൊന്നും കേൾക്കാൻ തയ്യാറായില്ല…

വൈകുന്നേരം അച്ഛൻ മുയൽ വന്നു.. കാര്യങ്ങൾ എല്ലാം അറിഞ്ഞു കൊണ്ടുവന്നതിനാൽ പിന്നീട് ഒരു മുഖവുരയുടെ ആവശ്യം വന്നില്ല.. അദ്ദേഹം തന്റെ കുഞ്ഞുങ്ങളെല്ലാം അടുത്തേക്ക് വിളിച്ചു..

“അമ്മയോട് പിണക്കത്തിലാണ് എല്ലാവരും അല്ലേ… “

ആരും മറുപടി പറഞ്ഞില്ല…

“അത് വേണ്ട കേട്ടോ… അമ്മ ഒരിക്കലും നിങ്ങളെ കൊല്ലാനായി അല്ല അവിടെ കൊണ്ടുപോയത്… സത്യം…. “

മറിച്ച് ഒന്നും പറയാതെ മുയൽക്കുഞ്ഞുങ്ങൾ അച്ഛനെ തന്നെ നോക്കി നിന്നു… അദ്ദേഹത്തെ കേട്ടു…

“സത്യമാണ് അച്ഛൻ പറഞ്ഞത്… കുറച്ചു മുന്നേ നിങ്ങളെ അപകടത്തിൽ നിന്നും രക്ഷിച്ച ആ മാതാവിനോടുള്ള നന്ദി ആണ് നിങ്ങളുടെ അമ്മ കാണിച്ചത്.. “

“അമ്മ അപ്പോൾ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ,  മൃഗരാജൻ ആ മനുഷ്യനോടുള്ള ദേഷ്യത്തിന്  ആ കുഞ്ഞിനെ അപകടപ്പെടുത്തിയേനെ.. അത് തടയാനായി നിങ്ങളുടെ അമ്മയുടെ മുന്നിൽ ഉണ്ടായിരുന്ന മാർഗ്ഗമാണ് അവൾ സ്വീകരിച്ചത്.. “

“അതുപോലെ തന്നെ  നമ്മളുടെ രാജൻ ഒരു ധർമ്മിഷ്ഠൻ ആണ്… ആ മനുഷ്യന്റെ കയ്യിൽ തീ പായിക്കുന്ന യന്ത്രവും ഉണ്ടായിരുന്നു… അതുപയോഗിച്ച് അയാൾക്ക് അയാളുടെ കുഞ്ഞിനെ രക്ഷിക്കാമായിരുന്നു… അങ്ങനെ ഒരു അവസ്ഥ ഉണ്ടായാൽ നമുക്ക് നമ്മുടെ രാജാവിനെ തന്നെ  നഷ്ടപ്പെട്ടേനെ … “

“ഒരു രാജ്യത്തെ നന്നായി കാക്കുന്ന കാവൽക്കാരനെ നഷ്ടപ്പെടാതിരിക്കാൻ വെടിയേണ്ടത് നമ്മുടെ പ്രാണനെങ്കിൽ  അത് നഷ്ടപ്പെടാൻ ഏതൊരു പ്രജയും  എപ്പോഴും സന്നദ്ധനായിരിക്കണം…” അമ്മ ചെയ്തതിലെ ശരി കുഞ്ഞുങ്ങളെ പറഞ്ഞ് മനസ്സിലാക്കുന്നതിനൊപ്പം , നല്ലൊരു പ്രജ എങ്ങനെയായിരിക്കണമെന്നും മുയലച്ചൻ അവരെ പറഞ്ഞു മനസ്സിലാക്കികൊടുത്തു..

മനസ്സിലെ ഭയമകന്ന കുഞ്ഞുങ്ങളെ  മുയലച്ചൻ  പാടിയുറക്കി…

“എന്താടോ… നിലാവിനെ നോക്കി സങ്കടം പറയുകയാണോ…അതോ തന്റെ ചിന്തകളുടെ രൂപക്കൂട്ടിൽ നിന്നു സ്വയം വിശകലനം ചെയ്യുന്നോ… എന്താണ് ” മുയലമ്മയുടെ അടുത്ത് വന്നിരുന്നു കൊണ്ട് മുയലച്ഛൻ ചോദിച്ചു…

ഒരു പുഞ്ചിരിയിൽ മറുപടിയൊതുക്കികൊണ്ട്  മുയലാമ്മ ചോദിച്ചു….”കുഞ്ഞുങ്ങൾ ഉറങ്ങിയോ.. അവർക്ക് എന്നോട്  വല്ലാത്ത ദേഷ്യമായിരിക്കും അല്ലേ.. “

“ഏയ്…. ദേഷ്യമൊന്നുമല്ല മറിച്ചു സങ്കടമാണ്…. “

“എങ്കിലും തനിക്ക് എങ്ങനെ തോന്നിയെടോ …..നമ്മുടെ ശ്വാസത്തിൻ ഉയർച്ച താഴ്ചകളെ   ബലി കൊടുക്കാൻ… “

“ആ സമയത്ത് മൃഗരാജന്റെ ജീവിതം അപകടത്തിൽ ആയിരുന്നു.. കൂട്ടത്തിൽ ഒരമ്മയുടെ കണ്ണുനീരും… “

“പിന്നേ എനിക്കെന്തോ  പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു  , മൃഗരാജൻ  എന്റെ കുഞ്ഞുങ്ങളെ ഒന്നും ചെയ്യുകയില്ലെന്നും ..”

“അതെങ്ങനെ….”

“കാരണം ഞാൻ എന്റെ പ്രാണനാം കുഞ്ഞുങ്ങളെ  പണയം വെച്ചത്…. ഒരു മൃഗത്തിന്റെയടുത്തായിരുന്നു, മനുഷ്യന്റെ അല്ല……”അത് പറയുമ്പോൾ അവളിലെ മാതൃത്വം ആ ചന്ദ്രികയിൽ കൂടുതൽ തിളങ്ങി….