പ്രണയത്തിനൊടുവിൽ…
രചന: സീതാ കൃഷ്ണ
‘ഞാൻ ഉറങ്ങുകയാണ് എന്റെ പ്രണയത്തോടൊപ്പം….’
മുന്നിൽ ഉള്ള കല്ലറകളിലേക്ക് അത്ഭുതത്തോടെ അതിലുപരി അവിശ്വസനീയതയോടെ നോക്കി നിൽക്കുകയായിരുന്നു ജോ….
അമ്മച്ചിയുടെ കല്ലറയുടെ തൊട്ടരുകിൽ .. അതുപോലെ തന്നെ മറ്റൊരു കല്ലറ… ഒപ്പം പൂക്കൾ കൊണ്ട് മൂടിയിരിക്കുന്നു… അതേ പൂവുകൾ കൊണ്ട് തന്നെ അമ്മച്ചിയുടെ കല്ലറയും….. താനോ വീട്ടിലുള്ള മറ്റാരും തന്നെ അത് ചെയ്തിട്ടില്ല…. പിന്നെ ആരാണ്… ചുറ്റും നോക്കിയെങ്കിലും ആരെയും കാണാൻ കഴിഞ്ഞില്ലേ…
അമ്മച്ചിയുടെ അടുത്ത് മുട്ടുകുത്തി പ്രാർത്ഥിക്കുമ്പോഴും കണ്ണുകൾ ഇടയ്ക്ക് തൊട്ടപ്പുറത്തെ കല്ലറയുടെ മുകളിലേക്കു പാറി വീണു കൊണ്ടിരുന്നു
‘ഞാൻ ഉറങ്ങുകയാണ് എന്റെ പ്രണയത്തോടൊപ്പം….
John joseph, kalathinkal, Born : 18/11/1965, Died : o6/11/2020
കണ്ണുകൾ നിറച്ചു avan അമ്മച്ചിയെ നോക്കി
Theresa varghese, maliyekkal, Born : 06/04/1972, Died : 05/11/2020
രണ്ട് കല്ലറയിലേക്കും മാറി മാറി നോക്കി അവൻ പിന്തിരിഞ്ഞു നടന്നു.. എന്തൊ മനസ്സാകെ അസ്വസ്ഥമാകുന്ന പോലെ…. വീട്ടിലെത്തിയിട്ടും അപ്പച്ചനോടും അനിയത്തിയോടും അതെക്കുറിച്ചൊന്നും സംസാരിച്ചില്ല… പക്ഷെ ഒരേ പൂക്കൾ കൊണ്ട് മൂടിയിരുന്ന ആ കല്ലറകൾ അവന്റെ മനസ്സിൽ വീണ്ടും വീണ്ടും തെളിഞ്ഞു വന്നു…..പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും ജോലി തിരക്കിനിടയിൽ അതിനെ കുറിച്ചോർക്കാൻ കഴിയാതായി … പക്ഷെ പിറ്റേ ഞായറാഴ്ച്ചയും അതിൻ്റെ പിന്നത്തെ ഞായറും ഇത് തന്നെ ആവർത്തിച്ചപ്പോൾ അവന് ഭ്രാന്ത് പിടിക്കാൻ തുടങ്ങിയിരുന്നു…അപ്പയും താനും ജീന മോളും അല്ലാതെ വേറെ ആർക്കാണ് തൻ്റെ അമ്മച്ചിയോട് ഇത്രയും സ്നേഹം….
സങ്കടവും ദേഷ്യവും മൂർദ്ധന്യത്തിൽ എത്തിയപ്പോൾ അതിന് പുറകെ പോകാൻ തന്നെ അവൻ തീരുമാനിച്ചു…അടുത്ത ഞായറാഴ്ച്ച നേരത്തെ തന്നെ സെമിത്തേരിയിലെത്തി ….അല്പം അകലെ മാറി നിന്ന് അവൻ അങ്ങോട്ട് ശ്രദ്ധിച്ചു….
അല്പം കഴിഞ്ഞ് വെളുത്ത ചുരിദാർ ധരിച്ച് ഒരു പെൺകുട്ടി അവിടേക്ക് വന്നു…രണ്ട് കല്ലറയ്ക്ക് മുകളിലും ഉണ്ടായിരുന്ന വാടിയ പൂക്കൾ എടുത്ത് മാറ്റി. കൊണ്ടു വന്നിരുന്ന പൂക്കൾ ഒരു പോലെ രണ്ട് കല്ലറയിലും വിരിച്ചു…രണ്ടാൾക്കും ഇടയിലായി മുട്ടുകുത്തി നിന്ന് പ്രാർത്ഥിച്ചു…
പിന്നീട് രണ്ട് കല്ലറയിലും മുത്തിയിട്ട് എഴുന്നേറ്റു….. അത് കണ്ടതും ജോ പെട്ടെന്ന് അവളുടെ അരികിലേക്ക് ചെന്നു…. പിൻതിരിഞ്ഞ് നടക്കൻ തുടങ്ങിയ അവളുടെ മുന്നിൽ വഴി തടഞ്ഞ് നിന്നു…
അവനെ കണ്ടതും അവളുടെ മുഖത്തൊരു ഞെട്ടലുണ്ടായി…. അത് അവൻ കൃത്യമായി ശ്രദ്ധിക്കുകയും ചെയ്തു…. അവൻ്റെ മുഖത്തേക്ക് നോക്കാനാകാതെ അവൾ തിരിഞ്ഞ് പപ്പയെ നോക്കി…. കണ്ണുകൾ നിറഞ്ഞ് വന്നത് അവൻ കാണാതെ വഴി മാറി പോകാൻ തുടങ്ങി…കൈകൾ നീട്ടി അവൻ തടസം നിന്നു….
പോകാൻ വരട്ടെ….. എൻ്റെ ചോദ്യത്തിന് ഉത്തരം തന്നിട്ട് പോയാൽ മതി….
ചോദ്യമെന്താണെന്നറിയാവുന്നത് കൊണ്ട് അവൾ അവനെ നോക്കി പുഞ്ചിരിച്ചു….
ജോച്ചായന് എന്താ അറിയണ്ടേ… ചോദിച്ചോ….
ജോ അത്ഭുതത്തോടെ അവളെ നോക്കി…
നിനക്ക്… നിനക്കെങ്ങനെ എൻ്റെ പേരറിയാം….
എനിക്ക് ജോച്ചായനേയും..ജീനയേയും… അപ്പച്ചനേയും എല്ലാരേം അറിയാം…
എങ്ങനെ…..
അതിനുത്തരമായി അവളുടെ കണ്ണുകൾ നീണ്ടത് അമ്മച്ചിയിലേക്കായിരുന്നു….
നിനക്കെങ്ങനെ അമ്മച്ചിയെ അറിയാം…..
പളളിയിൽ വച്ച് കണ്ടുള്ള പരിചയമാണ് …
മ്ഹ്… നീ നുണ പറയുന്നു…. വെറുതെ ഉള്ള ഒരു പരിചയം വെച്ച് നീയെന്തിനാ എൻ്റെ അമ്മച്ചിക്ക് പൂക്കൾ വയ്ക്കുന്നത്….
പരിചയം എന്ന് പറഞ്ഞത് അമ്മച്ചിക്കാണ് ജോച്ചായ…എനിക്കല്ല…. എനിക്ക് അമ്മച്ചിയെ എൻ്റെ ഓർമ വച്ച കാലം മുതൽ അറിയാം….
എങ്ങനെ….
നെറ്റി ചുളിച്ച് കൊണ്ട് ജോ അവളുടെ മറുപടിക്കായി കാതോർത്തു….
ഇച്ചായൻ്റെ അമ്മച്ചിയാകും മുന്നേ … അപ്പച്ചൻ്റെ മണവാട്ടിയാകും മുന്നേ….തെരേസ എന്ന പെൺകുട്ടി ജോ എന്ന ജോൺ ജോസഫ് കളത്തിങ്കലിന്റെ ത്രേസ്യകുട്ടി ആയിരുന്നു….
എന്നു വച്ചാൽ….
എന്ന് വച്ചാൽ എൻ്റെ പപ്പയുടെ പ്രണയം അത് ഇച്ചായൻ്റെ അമ്മച്ചിയായിരുന്നു…..
മരിച്ചു പോയ അമ്മച്ചിയെക്കുറിച്ച് ഇല്ലാത്തത് പറയല്ലേ കൊച്ചേ….
ജോയ്ക്ക് ദേഷ്യം വന്ന് തുടങ്ങിയെന്ന് അവൾക്ക് മനസിലായി…
ഇല്ലാത്തതല്ല ജോച്ചായ സത്യമാണ്…. കല്യാണത്തിന് മുൻപ് അമ്മച്ചി പ്രണയിച്ചിരുന്നത് എൻ്റെ പപ്പയെ ആണ്…. ഒന്നും രണ്ടുമല്ല ഏഴു വർഷം…
പക്ഷെ അമ്മച്ചിടെ അപ്പനും ഇച്ചായനും സമ്മതിച്ചില്ല… ജോലിയും കൂലിയും ഇല്ലാത്തൊരുത്തന് മകളെ കൊടുക്കില്ലെന്ന്…. പ്രമാണികളല്ലാത്ത കളത്തിങ്കൽ കുടുംബത്തിലേക്ക് പെങ്ങളെ കൊടുക്കില്ലെന്ന് അമ്മച്ചിടെ ഇച്ചായനും…. ആ വാശികൾക്ക് പകരം കൊടുക്കേണ്ടി വന്നത് അവരുടെ പ്രണയവും…
എല്ലാം കേട്ട് തരിച്ചിരിക്കുകയായിരുന്നു ജോ… ബാക്കി അറിയാനുള്ള ആവേശത്തോടെ അവൻ അവളെ നോക്കി…
പിന്നെന്താ സാധാ പ്രണയകഥകളിലെ പോലെ അമ്മച്ചിയെ ജോച്ചായൻ്റെ അപ്പച്ചൻ കെട്ടി… പപ്പ നാട് വിട്ടു… എവിടെയൊക്കെയോ അലഞ്ഞു. എന്തൊക്കെയോ ജോലികൾ … അത്യാവശ്യം സമ്പാദ്യം ആയപ്പോൾ നാട്ടിലേക്ക് വന്നു… ബിസിനസ്സ് ചെയ്തു…. ഒറ്റയ്ക്ക് ജീവിച്ച് മടുത്തപ്പോൾ ഒരു ഓർഫനേജിൽ നിന്ന് എന്നെ ദത്തെടുത്തു… അഞ്ചാം വയസ്സിലാണ് ഞാൻ പപ്പയുടെ മകളായത്…പിന്നീട് എനിക്ക് പപ്പയും പപ്പയ്ക്ക് ഞാനും… അന്ന് മുതൽ കേൾക്കുന്ന പേരാണ് ജോയുടെ ത്രേസ്യക്കുട്ടിയുടെ….
ഞാനാണ് പറഞ്ഞത് പപ്പയുടെ ത്രേസ്യ കുട്ടിയെ കാണണമെന്ന്… അങ്ങനെ തിരഞ്ഞ് കണ്ടു പിടിച്ചു…. താമസം ഈ നാട്ടിലേക്ക് മാറ്റി…
എല്ലാം കേട്ടിട്ടും എന്ത് പറയണമെന്നറിയാതെ ഇരുന്ന് പോയിരുന്നു ജോ…
പക്ഷെ അമ്മച്ചിയുടെ ഉള്ളിൽ നിങ്ങൾ മൂന്നാളുമേ ഉണ്ടായിരുന്നുള്ളുട്ടോ… ഞാൻ ഇടിച്ചു കയറി പരിചയ പെട്ടതാണ് അമ്മച്ചിയെ…പക്ഷെ എനിക്കറിയാം ആരും അറിയാതെ അമ്മച്ചിയുടെ ഉള്ളിലെവിടെയോ ആ പ്രണയം ഒളിപ്പിച്ച് വച്ചിരുന്നു…..
പപ്പയ്ക്ക് എന്താ സംഭവിച്ചേ….
മടിച്ചു മടിച്ച് ജോ അവളോട് ചോദിച്ചു…
അമ്മച്ചിടെ അടക്ക് കഴിഞ്ഞ് വീട്ടിൽ ചെന്ന് കിടന്നതാണ് കുറേ കഴിഞ്ഞ് എന്നെ വിളിച്ചു…. ഞാൻ ചെന്നപ്പോൾ അരികിലേക്ക് പിടിച്ചിരുത്തി എന്തൊക്കെയോ പറഞ്ഞു…. പിന്നെ പറഞ്ഞു മരിച്ചു കഴിഞ്ഞാൽ പപ്പയെ ത്രേസ്യ കുട്ടിയുടെ അരികിൽ അടക്കണമെന്ന്….മരണത്തിലെങ്കിലും ത്രേസ്യക്കുട്ടിക്കൊപ്പം കൂടണമെന്നും… അതും പറഞ്ഞ് പപ്പ….
മുഴുവനാക്കാൻ വയ്യാതെ അവൾ വിതുമ്പി പോയിരുന്നു. …
ടോ….അവളോട് എന്ത് പറയണമെന്നറിയാതെ ജോ അവളുടെ ചുമലിൽ കൈവച്ചു…
എന്നെ ഒറ്റയ്ക്കാക്കി പോയതിൽ പരിഭവമുണ്ട് ജോച്ചായ… പക്ഷെ അതിനേക്കാളേറെ സമാധാനമുണ്ട് പപ്പ പപ്പയുടെ ത്രേസ്യകുട്ടിക്കൊപ്പം ആണല്ലോ എന്ന്….. മരണത്തിനപ്പുറവും അവര് പ്രണയിക്കുവാണല്ലോന്ന് …പപ്പ എപ്പോഴും പറയും ഒരു പക്ഷെ അവളെനിക്ക് സ്വന്തമായിരുന്നെങ്കിൽ ഇപ്പോൾ ഞാനവളെ പ്രണയിക്കുന്ന തീവ്രതയോടെ അവളെ പ്രണയിക്കാൻ കഴിയുമായിരുന്നോ എന്ന്….
അവളൊരു പുഞ്ചിരിയോടെ അവനെ നോക്കി….
എനിക്കും തോന്നാറുണ്ട് ത്രേസ്യക്കുട്ടിയോടുള്ള പ്രണയം പപ്പയ്ക്ക് ഭ്രാന്തമായിരുന്നു….
അവളുടെ ഓരോ വാക്കുകൾക്കും കാതോർത്ത് നല്ലൊരു കേൾവിക്കാരനാവുകയായിരുന്നു ജോ…
പിരിയാൻ നേരം ജോ അവളെ നോക്കി…
തൻ്റെ പേരെന്താ…..
നിറഞ്ഞ പുഞ്ചിരിയോടെ അവൾ അമ്മച്ചിയുടെ കല്ലറയ്ക്ക് മുകളിലേക്ക് കൈ ചൂണ്ടി….
തെരേസ…. തെരേസ ജോൺ കളത്തിങ്കൽ…. പപ്പയുടെ ത്രേസ്യക്കുട്ടി……
അവനതൊരു അത്ഭുതമായി തോന്നിയില്ല…. നിറഞ്ഞ ചിരി പകരം നൽകി അവനും തിരിഞ്ഞ് നടന്നു….
പിന്നീടതൊരു തുടർസംഗമം ആയിരുന്നു.. ആത്മാക്കളുടെ പ്രണയത്തിന് സാക്ഷിയാകാൻ ….
ഒരിക്കൽ അവൾ ആ ആത്മാക്കളെ സാക്ഷി നിർത്തി അവനോട് ചോദിച്ചു’…
ഇച്ചായനെന്നെ പ്രണയിക്കാവോ….
അത്ഭുതത്തോടെ അവൻ അവളെ നോക്കി…
ജോ എന്ന ജോൺ ജോസഫ് കളത്തിങ്കൽ തെരേസ എന്ന ത്രേസ്യക്കുട്ടിയെ പ്രണയിച്ച പോലെ…. ഒരു തുള്ളി പോലും കുറയാതെ…
നിറഞ്ഞ ചിരിയോടെ ജോ അവളെ ചേർത്ത് പിടിക്കുമ്പോൾ അവരിലേക്കൊരു ചാറ്റൽ മഴ പെയ്തിറങ്ങിയിരുന്നു…. ആത്മാക്കളുടെ സന്തോഷം പോലെ….