രചന: ലിസ് ലോന
“ഇന്നമ്മേ ഒന്ന് ഓടി വന്ന് നോക്കോ എന്റെ പാവട മുഴുവൻ ചോ രയാ..എനിക്ക് പേടിയായിട്ട് വയ്യ എനിക്കെന്തെങ്കിലും പറ്റുമോ..”
ഇട്ടിരുന്ന ഇളം നീല നിറമുള്ള പാവാടയുടെ പിൻഭാഗം മറച്ചുപിടിച്ച് പേടിയോടെയും ആകാംഷയോടെയും ഞാൻ അമ്മമ്മയോട് ചോദിച്ച ചോദ്യം ഇപ്പോഴുമെനിക്ക് ഓർമയുണ്ട്..
അമ്മയും അമ്മായിമാരും ഒന്നോ രണ്ടോ കൂട്ടുകാരികളും മാസത്തിലൊരിക്കൽ അടക്കിപ്പിടിച്ച് സംസാരിക്കുന്ന ആ “ദിവസങ്ങളാണോ” എന്ന് സംശയം തോന്നിയ നിമിഷം.
എന്റെ ഉടുപ്പിന്റെ പുറക് വശത്തെ ര ക്തക്കറ കണ്ട് അമ്മാമ എന്നെയും കൂട്ടി അമ്മയുടെ അടുത്തേക്ക് ചെന്ന് ലിസികുട്ടി വല്ല്യേ ആളായിട്ടാ റോസീ.. നീ അവനോട് കൂടി ഒന്ന് പറഞ്ഞോ” എന്ന് സന്തോഷത്തോടെ അറിയിച്ചതാണ് ഞാൻ ഋ തുമതിയായതിന്റെ ഓർമകൾ.
എന്നിട്ടും ഭയന്നരണ്ട എനിക്ക് തന്ന വിശദീകരണം ഇതൊക്കെ പെൺകുട്ടികൾക്ക് മാസാമാസം ഉണ്ടാകുന്നതാണ് മോളെ ഇനി കുറച്ച് അടങ്ങി ഒതുങ്ങി ഇരിക്കണം മരം കേറാനും ആൺപിള്ളേരോട് അടിയുണ്ടാക്കാനും പോകരുതെന്ന് മാത്രമാണ്.
ഇതെന്തിന് വരുന്നു? ഇതുകൊണ്ടെന്തെങ്കിലും ഉപയോഗമുണ്ടോ ? മാസാമാസം എന്തുകൊണ്ടാണ് സംഭവിക്കുന്നത് ഒരിക്കൽ മാത്രം വലിയ കുട്ടി ആയെന്ന് അറിയിച്ചാൽ മതിയല്ലോ..ഇത് വന്നില്ലെങ്കിൽ എന്താണ് കുഴപ്പം? ഈ രക്തമെല്ലാം നഷ്ടപ്പെട്ടാൽ നമ്മൾ മരിക്കാനുള്ള സാധ്യത കൂടുതലല്ലേ ? എന്തുകൊണ്ടാണ് എനിക്കിങ്ങനെ ഈ സമയത്ത് ദേഷ്യം വരുന്നത് ? ചോദ്യങ്ങൾ ഒരുപാടുണ്ടായിരുന്നു..
സാധിക്കും വിധമെല്ലാം ഉത്തരങ്ങൾക്കായി അമ്മയെയും അമ്മാമയെയും ശല്യം ചെയ്തപ്പോഴെല്ലാം അതൊക്കെ വലുതാകുമ്പോൾ അറിഞ്ഞോളുമെന്ന ഒറ്റവാക്കിലുള്ള മറുപടി തന്ന് അവർ ഒഴിഞ്ഞുമാറും.
അന്ന് അമ്മ സൂക്ഷിച്ചുവച്ചിരുന്ന വെളുത്ത മൽമലിന്റെ തുണി കീറി ഉടുപ്പിച്ചത് ഓർത്താൽ ഇന്നും എനിക്ക് അസ്വസ്ഥതയുണ്ടാക്കും. നടക്കുമ്പോൾ തുണിയുരഞ്ഞ് തു ടകൾ ഉരഞ്ഞുപൊട്ടിയ നീറ്റലുണ്ടാകും. കട്ട പിടിച്ച രക്തം ഒട്ടിപിടിച്ചിരിക്കുന്നതിനാൽ ഓരോ നിമിഷവും ആ തുണികളെന്നെ അസഹ്യതയുടെ വിളുമ്പിൽ നിർത്തുമായിരുന്നു..
വയറ് വേദനയിൽ ചൂളിപ്പിടിച്ച നിൽപ്പും ഉടുപ്പിന്റെ പുറകിലായോ എന്ന് പേടിച്ചു പേടിച്ചുള്ള നടത്തവും ഓർമ വരും..
അന്നത്തെ കാലം അതാണ് ! സാനിറ്റേറിപാഡ് ഇന്നത്തെ പോലെ എല്ലായിടത്തും എത്തിയിട്ടില്ല..ഉണ്ടെങ്കിൽ തന്നെ വാങ്ങാനുള്ള സാമ്പത്തികവുമില്ല.
മാസാമാസം ഈ തുണി കഴുകലും ഉണക്കലുമായി വരുന്ന ആ ചുവന്ന ദിനങ്ങളെ ഞാൻ വെറുത്തുപോയിരുന്നു പിന്നീട് പാ ഡ് ഉപയോഗിക്കാൻ തുടങ്ങിയപ്പോഴാണ് അല്പമെങ്കിലും സമാധാനം കിട്ടിയത്.
മകളുണ്ടായപ്പോഴേ മനസ്സിൽ കരുതിയത് അവൾ മുതിർന്നുവരുമ്പോൾ എനിക്ക് ലഭിച്ച ‘വലുതായിട്ട് അറിഞ്ഞാൽ മതിയെന്ന’ ഉത്തരമല്ല അവൾക്ക് കൊടുക്കേണ്ടതെന്നാണ്..
ഞാൻ അനുഭവിച്ച ചമ്മലും വേദനയും അസ്വസ്ഥതകളും അവൾ അനുഭവിക്കരുതെന്നായിരുന്നു.
പീ രീഡ്‌സിനെക്കുറിച്ച് എന്റെ മനസ്സിൽ തോന്നിയ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾക്കായി അവൾ വേറൊരാളെ ആശ്രയിക്കരുതെന്നായിരുന്നു.
വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും പലപ്പോഴായി അവൾക്ക് പീ രിഡ്സ് ആകുന്നതിനെക്കുറിച്ചും..അത് എന്താണെന്നും..എപ്പോഴാണ് വരുന്നതെന്നും..എന്താണ് അതിന്റെ ആവശ്യമെന്നും വിശദീകരിച്ചു കൊടുക്കാൻ മറന്നില്ല.
ശരീരത്തിലെ മാറ്റങ്ങളെകുറിച്ചും ശരീര സംരക്ഷണത്തെക്കുറിച്ചും എപ്പോഴും വൃത്തിയോടെ ഇരിക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും പറഞ്ഞുകൊടുക്കാൻ ഒരു മടിയും കാണിച്ചില്ല.
പത്തുവയസ്സ് കഴിഞ്ഞപ്പോൾ സ്കൂൾബാഗിലും അവളുടെ വാഷ്‌റൂമിലും പാ ഡുകൾ അത്യാവശ്യമായി വന്നാൽ ഉപയോഗിക്കാനായി ഞാൻ കരുതിവച്ചു..ഉപയോഗിക്കേണ്ട വിധവും ഡിസ്പോസലും വ്യക്തമാക്കികൊടുത്തു..
രക്തം കണ്ടാൽ പതറേണ്ട ആവശ്യമില്ലെന്നും വളർച്ചയുടെ പടവുകളാണെന്നും പെണ്മയുടെ അടയാളമാണെന്നും അറിയിച്ചു.
പാ ഡ് മാറേണ്ട ആവശ്യമില്ലെങ്കിൽ പോലും ആറുമണിക്കൂറിൽ കൂടുതലായെങ്കിൽ ഉപയോഗിച്ചത് മാറ്റേണ്ടതിനെക്കുറിച്ച് മനസിലാക്കിച്ചു.
ആ ദിവസങ്ങളിൽ ധാരാളം വെള്ളം കുടിക്കണമെന്നും കൃത്യമായ ഇടവേളകളിൽ മൂ ത്രമൊഴിക്കാൻ ശീലിക്കണമെന്നും ഞാൻ ആവശ്യപ്പെട്ടു
ആ ദിവസങ്ങൾ ഒളിഞ്ഞിരിക്കേണ്ടതാണെന്നോ മറ്റുള്ളവരോട് അറിയിക്കാൻ പോലും മടിച്ച് മാറിയിരിക്കേണ്ട ഒന്നാണെന്നോ അല്ല അഭിമാനത്തോടെ തലയുയർത്തിപിടിച്ചു എനിക്ക് ഈ സമയമാണെന്ന് ആരെ അറിയിച്ചാലും ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് പറയാൻ എനിക്കൊരു ബുദ്ധിമുട്ടും തോന്നിയില്ല..
ശാരീരിക അസ്വസ്ഥതകളോ ബുദ്ധിമുട്ടുകളോ ഉണ്ടായേക്കാം ഉണ്ടെങ്കിൽ വിശ്രമം എടുക്കേണ്ട സമയമാണെന്നും അല്ലെങ്കിൽ ഒരു മനോഹരമായ ഒരു ദിവസം പോലെ സന്തോഷിക്കാനുള്ളതാണെന്നും അവളെയറിയിച്ചു..
ഇഷ്ടമില്ലാത്ത ഗന്ധങ്ങളും രുചികളും സാഹചര്യങ്ങളും ഒഴിവാക്കി ഇഷ്ടമുള്ളതിനോടൊത്തിരിക്കാനുള്ള ദിവസങ്ങളാണ് അതെന്നും വിശ്രമവും വായനയുമൊക്കെയായി ആസ്വദിക്കാനും പറഞ്ഞു.
ആ ർത്തവം മാതൃത്വത്തിലേക്കുള്ള ആദ്യപടിയാണെന്നും ആ ദിവസങ്ങളിൽ മാത്രമായി മകളെ മാറ്റിനിർത്തുകയില്ല എന്നത്തേയുംകാൾ കൂടുതൽ സ്നേഹത്തോടെ ചേർത്തുനിർത്തുകയും കരുതലെടുക്കുകയും ചെയ്യുകയാണെന്ന് പറയാൻ എന്തിന് മടിക്കണമെന്നായിരുന്നു എന്റെ മനസ്സിൽ.
അടുത്ത് ഞാനില്ലെങ്കിലും അവൾ ഭയക്കരുതെന്നും പതറരുതെന്നും കരുതി ഞാനവൾക്ക് വിവരിച്ചുകൊടുത്ത കാര്യത്തിൽ അഭിമാനം തോന്നിയത് സ്കൂൾ വിട്ട് വന്ന ഒരു ദിവസം “മമ്മി യു നോ ഇറ്റ്സ് മൈ പീ രീഡ്സ് ഞാൻ ബാഗിലുണ്ടായിരുന്ന പാ ഡ് എടുത്ത് ഉപയോഗിച്ചിട്ടുണ്ടെന്ന്” നാണിക്കാതെയും ഭയക്കാതെയും ചിരിയോടെ എന്റെ മുഖത്ത് നോക്കി പറഞ്ഞപ്പോഴാണ്..
പീരിയഡ്‌സ് എന്നത് വളർച്ചയുടെ ഘട്ടത്തിൽ സാധാരണയായി വരുന്ന സംഭവമാണെന്ന് അറിഞ്ഞ് അവളതിനെ മനോഹരമായി കൈകാര്യം ചെയ്തിരുന്നു..
വയറുവേദനയുണ്ടെങ്കിൽ റസ്റ്റ് എടുത്തോളൂ ശരീരവേദനയും അസ്വസ്ഥതയും ചിലപ്പോൾ കണ്ടേക്കാമെന്ന് പറഞ്ഞതിന് അവളെനിക്ക് അന്ന് മറുപടി തന്നത് “അയാം പെര്ഫെക്റ്റ്ലി ആൾറൈറ് ” എന്നാണ്..
മാസം തോറും കൃത്യമായി അമ്മക്ക് വേണ്ടി സാ നിറ്ററി പാഡുകൾ വാങ്ങികൊണ്ടുവരുന്ന പപ്പയോട് ഇനിമുതൽ എക്സ്ട്രാ വാങ്ങണെ പപ്പാ ഞാനും ട്രാക്കിലുണ്ടെന്ന് തുറന്ന് പറഞ്ഞ് ആ ർത്തവത്തെ ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ലെന്ന മട്ടിലവൾ നിസ്സാരമാക്കി.
അസ്വസ്ഥതകളെ കൈകാര്യം ചെയ്യാനും മൂഡ് സ്വിങ്സ് ൽ നിന്നും പുറത്തുകടക്കാനും അവൾ പഠിച്ചിരിക്കുന്നുവെന്നത് കുറച്ചൊന്നുമല്ല എന്നെ ആശ്വസിപ്പിച്ചത്.
നാട്ടിൽ നിന്നും കുറച്ചുദിവസങ്ങൾക്കായി മകളോടും കുടുംബത്തോടുമൊപ്പം താമസിക്കാൻ വന്ന അവരുടെ അമ്മമ്മയോടൊത്ത് ഷോപ്പിങ്ങിന് പോയപ്പോൾ സാ നിറ്ററി പാഡിന്റെ രണ്ട് പാക്കറ്റുകൾ എടുത്ത് ട്രോളിയിൽ ഇട്ട എന്റെ രണ്ടാമത്തെ മകളോട് അമ്മ അരുതെന്ന് ചമ്മലോടെ കണ്ണുരുട്ടി..
അത് അമ്മക്കും ചേച്ചിക്കും വേണ്ടതാണെന്നും പപ്പ അവർക്ക് വാങ്ങാറുള്ള സ്നഗ്ഗിയാണ് അതെന്നും എനിക്കും വലുതാകുമ്പോൾ വേണ്ടിവരുമെന്ന് ചേച്ചി പറഞ്ഞെന്നും കൂസലില്ലാതെ കുഞ്ചിപെണ്ണിന്റെ മറുപടി.
അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ മറന്നുപോകാതിരിക്കാൻ ചേച്ചി അനിയത്തിയോട് പറഞ്ഞൊരു വാക്ക് ഓർത്തുവച്ചു എടുത്തതാണ് അനിയത്തിയത് .
ആ ർത്തവത്തെക്കുറിച്ചും സാനിറ്ററി പാ ഡിനെക്കുറിച്ചും ഞാൻ പകർന്നുകൊടുത്ത അറിവുകൾ അല്പമായി അനിയത്തിമാർക്കും കൊടുക്കാനായി അവൾ ശ്രമിക്കുന്നുണ്ടെന്നത് എനിക്ക് അഭിമാനമായപ്പോൾ ഒരിക്കൽ പോലും ഇത്തരം കാര്യങ്ങൾ മകളോട് മനസ്സ് തുറന്ന് സംസാരിച്ചിട്ടില്ലല്ലോ എന്നോർത്താവാം കുറ്റബോധം നിഴലിക്കുന്ന കണ്ണുകളോടെ അമ്മയെന്റെ നേർക്ക് നോക്കിയത് ..