അനാഥത്വം കുറേ നാളായി അനുഭവിച്ച അവൾക്ക് അതൊരു അത്താണിയായി തോന്നി..

രചന: നിഹാരിക നീനു

“വെൽക്കം മിസ് തനൂജ”

“താങ്ക്യൂ മാഡം.”

“ഇവിടെ ഇപ്പോ ഇങ്ങനെ ഒരു വാക്കൻസി ഉണ്ടായിട്ടല്ല കേട്ടോ. പണിക്കര് സാർ പറഞ്ഞാ പിന്നെ അപ്പീലില്ല. ആ സാറിനെ തനിക്കെങ്ങനാടോ പരിചയം”

“ഡിഗ്രിക്ക് സാറായിരുന്നു ഞങ്ങടെ ഇംഗ്ലിഷിന്റെ എച്ച് ഒ.ഡി”

“ഓ സാറിന്റെ ശിഷ്യയാണപ്പോൾ? ഒക്കെ ഗുഡ്. ദാ ഇതു കൂടി ഒന്നു ഫില്ലപ്പ് ചെയ്തോളൂ”

“ഓക്കെ മാഡം.”

“അപ്പോ തനൂജക്ക് നമ്മുടെ ഹോസ്റ്റലിൽ മറ്റു ടീച്ചേഴ്സിന്റെ കൂടെ നിൽക്കാം.. ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്.. എടുക്കേണ്ട ക്ലാസുകളും ടൈം ടേബിളും അറേഞ്ച് ചെയ്ത് അറിയിക്കാം.”

“താങ്ക്യൂ മാഡം.. പിന്നെ എന്റെ കൂടെ എന്റെ മോളു കൂടിയുണ്ട്.. അവളെ കെ.ജി യിൽ ചേർത്തണം.. അതിനു കൂടി മാഡം ഒന്നു സഹായിക്കണം..”

‘”ഓ താൻ മാരീഡ് ആണോ? ഒക്കെ അതിനെന്താ നമുക്ക് ഇപ്പോ തന്നെ ചേർത്തിക്കളയാം. ബർത്ത് സർട്ടിഫിക്കറ്റ് എടുത്തിട്ടുണ്ടോ?”

“ഉണ്ട് മാഡം ഇതാ..”

ദേവിക ജയദേവൻ ഊട്ടിയിലെ പ്രശസ്തമായ ഒരു സ്കൂളിന്റെ എംഡി ഇത്രയും സിംപിളാണെന്ന് തനൂജ കരുതിയിരുന്നില്ല. പ്രതിഷ്ഠയേക്കാൾ വലിയ പൂജാരിയുള്ള നമ്മുടെ നാട്ടിൽ ഇവരെ പോലുള്ളവരും ഉണ്ടല്ലോ എന്നവൾ ഓർത്തു. പ്യൂണിനെക്കൊണ്ട് അപ്പോ തന്നെ അഡ്മിഷൻ ഫോം വരുത്തി ഫിൽ ചെയ്യാൻ കൊടുത്തു..

ഫോം ഫിൽ ചെയ്ത് തിരിച്ച് നടന്നപ്പഴാ ദേവികമാഡം തിരിച്ച് വിളിച്ചത്.

“ഡോ ഇതിൽ ഒരു കറക്ഷനുണ്ട്, താൻ മിസ് എന്നാ എഴുതിയിരിക്കുന്നേ. പിന്നെ കുഞ്ഞിന്റെ അച്ഛന്റെ കോളം ഫിൽ ചെയ്തിട്ടും ഇല്ല”

“അത്, തെറ്റിയതൊന്നുമല്ല മാഡം. ഞാൻ മാരീഡല്ല.. കുഞ്ഞുണ്ടായാലും കല്യാണം കഴിയാത്തവർ മിസ് തന്നെയല്ലേ? പിന്നെ എന്റെ കുഞ്ഞിന് അച്ഛനില്ല.”

ഇതും പറഞ്ഞ് വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയ തനൂജയെ ദേവിക ഇമവെട്ടാതെ നോക്കിയിരുന്നു. എന്തൊക്കെയോ അനുഭവ കടൽ അവളുടെ കണ്ണിൽ ആർത്തിരമ്പുന്നത് അവർ കണ്ടു.. പണിക്കര് സാറ് പറഞ്ഞിരുന്നത് ദേവിക ഓർത്തു എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ള കുട്ടിയാ ഒരു പാട് അനുഭവിച്ചു, ദേവിക ഒരു ജോലി നൽകിയാൽ അതൊരു പുണ്യ പ്രവൃത്തിയാവും എന്ന്.

എന്തായിരിക്കും അവളുടെ കഥ?

മറ്റുള്ളവരുടെ സ്വകാര്യതയിൽ എത്തി നോക്കുന്ന ശീലം മർത്യന് ജന്മസിദ്ധമാണല്ലോ എന്ന് ദേവിക ഓർത്തു ചിരിച്ചു.

ഒരു പ്രണയത്തിന്റെ ശേഷിപ്പാവാം, അല്ലെങ്കിൽ ബലമായി അവളെ ആരെങ്കിലും പ്രാപിച്ചതാവാം. അതിന്റെ ഒക്കെ അവസാനം സ്ത്രീ മാത്രം ആണല്ലോ പരിണിത ഫലം അനുഭവിക്കേണ്ടത്..

തനിക്കിപ്പോൾ തനൂജയോട് തോന്നുന്ന വികാരം എന്താണ്….?

സഹതാപമോ….?

അതോ ഇത്തരത്തിൽ ഒരു അവസ്ഥയിലേക്ക് അവൾ പോയതിൽ ഉള്ള അവജ്ഞയോ….?

ഒന്നറിയാം അവളിപ്പോൾ ഒരു കരുത്തുറ്റ സ്ത്രീയായിട്ടുണ്ട്, അതവളുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു..

ദേവിക ഫോമിൽ നോക്കി മകളുടെ പേര് നിഹാരിക.

അമ്മ മാത്രം ഉള്ള നിഹാരിക.

ഡോട്ടർ ഓഫ് തനൂജ..,,

മിസ്. തനൂജ ഒൺലി.

ദിവസങ്ങൾ കടന്നു പോകും തോറും തനൂജയുമായി ദേവിക കൂടുതൽ അടുത്തു.

തന്നെ ചേച്ചി എന്ന് വിളിക്കുവാൻ അവർ തന്നെ അനുവാദം കൊടുത്തു..

അനാഥത്വം കുറേ നാളായി അനുഭവിച്ച അവൾക്ക് അതൊരു അത്താണിയായി തോന്നി..

ദേവികക്ക് തനൂജയോട് സ്നേഹവും മതിപ്പും കൂടി വന്നു.

ജോലിയിൽ അവൾ കാണിക്കുന്ന ആത്മാർത്ഥതയും, കുഞ്ഞുങ്ങൾ അവൾക്ക് തിരിച്ചു നൽകുന്ന സ്നേഹവും, എല്ലാം അവർ കാണുന്നുണ്ടായിരുന്നു. തന്നെയുമല്ല ജീവിത്തെ പറ്റി വ്യക്തമായ ധാരണ ഉള്ള കുട്ടിയായിരുന്നു അവൾ. എന്നിട്ടും അവൾക്കെന്തേ ഇങ്ങനെ എന്ന് ദേവിക ചിന്തിക്കാറുണ്ട്. പക്ഷെ അവൾ സ്വയം തോന്നി പറയട്ടെ എന്നു കരുതി കാത്തു.

അവർക്കിടയിലെ അമിത സ്വാതന്ത്ര്യം മറ്റു ടീച്ചർമാർക്കിടിയിൽ അസൂയ സൃഷ്ടിച്ചു.. ദേവികയോട് പറഞ്ഞ് കൊടുത്താൽ ഉണ്ടാകുന്ന ഭവിഷത്തിനെ കുറിച്ചുള്ള ഭയമാകാം അവർ ആരും പക്ഷെ വല്ലാതെ അനിഷ്ട പ്രകടനത്തിന് മുതിർന്നില്ല.

“തനിക്ക് ഈ തനൂജയെ കുറിച്ചല്ലാണ്ട് വേറൊന്നും പറയാനില്ലേടോ?”, ജയദേവൻ ചിരിച്ചു കൊണ്ട് ദേവികയോട് ചോദിച്ചു..

“ജയേട്ടൻ കണ്ടിട്ടില്ലല്ലോ…? എ പ്രെറ്റി ബോൾഡ് ഗേൾ. ഈ വർഷത്തെ സ്കൂൾ ആന്നിവേഴ്സറിക്കെങ്കിലും സാറിന് ഒന്നു വരാമോ…?”

“ഉറപ്പ് പറയണില്ല നോക്കാം ട്ടോ.”

രണ്ടു ബിസിനസ് കുടുംബങ്ങൾ ഒന്നാവുകയായിരുന്നു ജയദേവന്റെയും ദേവികയുടെയും വിവാഹത്തോടെ. പണത്തിന്റെ ഹുങ്ക് ലവലേശമില്ലാത്തവർ. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർ. അവർ ഒന്നിച്ചപ്പോൾ എല്ലാ സൗഭാഗ്യങ്ങളും കൂട്ട് വന്നു. ഒരു കുഞ്ഞിക്കാലൊഴിച്ച്.. അതൊരു നോവായി വല്ലാണ്ട് വേദനിപ്പിച്ചപ്പോൾ ദേവിക ജീവിതത്തിന്റെ വീഥികളിൽ ഇടറിപ്പോയി. അതിനുള്ള പരിഹാരമായാണ് സ്കൂൾ ആരംഭിച്ചത്.. ഒരു കുഞ്ഞിനു പകരം ഒരു പാട് കുഞ്ഞുങ്ങൾ എന്നേ അവർ കരുതിയുള്ളൂ. അവരുടെ ആത്മാർത്ഥത ആ സ്കൂളിനെ ഏറ്റവും മികച്ചതാക്കി.

ഒരു ദിവസം ദേവിക ഓഫീസിൽ ഇരിക്കുമ്പോൾ തനൂജ കയറി വന്നു.,

“ഹാ തനൂജ താൻ ഇരിക്ക്, ഇപ്പോ ഫ്രീയാണല്ലേ?”

“ഹാ അതെ. ചേച്ചീ നാളെയും മറ്റന്നാളും ലീവ് വേണം ചേച്ചീ.”

“എന്തു പറ്റി തനൂജ ? മോൾക്ക് എന്തെങ്കിലും?”

“ഇല്ല ചേച്ചീ. അവൾ സുഖായിട്ടിരിക്കുന്നു. ഇത്.. ഞാൻ എന്റെ മോളെ പറ്റി കൂടുതലൊന്നും ചേച്ചിയോട് പറഞ്ഞില്ലല്ലോ.? ഇപ്പോ അതിന് സമയമായെന്ന് തോന്നുന്നു.”

ദേവിക അവളെ തന്നെ നോക്കിയിരുന്നു.

തനൂജയുടെ കുഞ്ഞിന്റെ അച്ഛനെ അവിചാരിതമായി കണ്ടുമുട്ടുന്നതും, അയാൾക്ക് തെറ്റു പറ്റിയതാണെങ്കിലും ഇപ്പോ സ്വയം തിരുത്തി വന്നതും അവളെ കൂട്ടികൊണ്ട് പോകുന്നതും പലപ്പോഴായി ദേവിക വെറുതേ ചിന്തിച്ചു കൂട്ടിയിരുന്നു. തന്നോട് അതുപോലൊരു കഥ ഇപ്പോൾ പറയുമെന്ന് പ്രതീക്ഷിച്ച് ദേവിക അവളെ ഉറ്റുന്നോക്കിക്കൊണ്ടിരുന്നു.

“അച്ഛൻ മരിച്ച് വയ്യാത്ത ഒരമ്മയും പഠിക്കാൻ മിടുക്കിയായ ഒരു മകളും ഡിഗ്രി വരെ തള്ളി നീക്കി. ഇതിനിടയിൽ സഹായകരങ്ങളുമായി വന്നവർ നിരവധിയാണ്. പണിക്കർ സാറിനെ പോലെ ഉള്ളവർ, ഒടുവിൽ അമ്മയും ഒരു ദിവസം പറയാതെ പോയി. കല്യാണപ്രായമായ പെൺകുട്ടിയെ മാത്രം ആരും ബാധ്യതയാവും എന്നു കരുതി ഏറ്റെടുത്തില്ല. ഒടുവിൽ അച്ഛന്റെ അകന്ന ബന്ധുക്കൾ, അമേരിക്കയിൽ സ്ഥിരതാമസമാക്കിയവർ വന്ന് അവർ കൂടെ കൊണ്ട് പോകാം.. പഠിപ്പിക്കാം. എന്നൊക്കെ പറഞ്ഞ് അവരുടെ കൂടെ കൂട്ടികൊണ്ട് പോയി.. പി ജിയും ടീച്ചേഴ്സ് ട്രൈനിംഗും എല്ലാം നേടി. ഭൂമിയിൽ ഇത്രയും നല്ല ആളുകൾ ഉണ്ടെന്ന് അപ്പഴാണ് അറിഞ്ഞത്., പക്ഷെ..!!”

തനൂജ അത്രയും പറഞ്ഞ് നിർത്തിയപ്പോൾ ദേവിക അവളെ നോക്കി അവളുടെ കണ്ണുകളിൽ ഒരു നനവ് പടർന്നിറങ്ങുന്നത് ദേവിക കണ്ടു.

“തനൂജ..”

“ഉം. ചെയ്ത് തന്ന ഉപകാരത്തിന് പകരമായി അവർ ആവശ്യപ്പെട്ടത് അവരുടെ കുഞ്ഞിനെ പത്തു മാസം ഗർഭത്തിൽ ചുമക്കുക എന്നതായിരുന്നു. മറ്റൊന്നും പ്രതീക്ഷിക്കാനില്ലാത്ത നിരാലംബയായ ഒരു പെണ്ണിന് അന്ന് മറ്റൊന്നും ചെയ്യാനില്ലായിരുന്നു.

കന്യകയായി തന്നെ ഞാൻ ഗർഭിണിയായി.. അവരുടെ ഇഷ്ടപ്രകാരം പെൺകുഞ്ഞെന്ന് മുൻകൂട്ടി അറിഞ്ഞു. പ്രസവം കഴിഞ്ഞ് ഒരു മാസം അതു കഴിഞ്ഞാൽ അവരുടെ കുഞ്ഞിനെ അവരെ ഏൽപ്പിച്ച് എന്നേന്നേക്കുമായി നാട്ടിലേക്ക്. അതായിരുന്നു കരാർ. പിരിയണം എന്ന ബോധമുള്ളത് കാരണം മനപ്പൂർവ്വം ഞാനെന്റെ ഉള്ളിലെ തുടിപ്പിനെ അവഗണിച്ചു.. ആരോ എൽപ്പിച്ച പാഥേയം പോലെ കൊണ്ടു നടന്നു.. പക്ഷെ വിധി മറ്റൊന്നായിരുന്നു. ഡെലിവറിക്ക് ഞാൻ അഡ്മിറ്റായത്  അറിഞ്ഞ് ധൃതി കൂട്ടി വന്നവരെ ഒരാക്സിഡന്റിന്റെ രൂപത്തിൽ വിധി തട്ടിയെടുത്തു. അവരുടെ കുഞ്ഞിന് ഞാൻ മാത്രമായി. ഒരു വർഷം.. കിട്ടിയ ചെറിയ ക്ലൈം തുക വച്ച് കടിച്ച് പിടിച്ച് നിന്നു. പിന്നെ നാട്ടിലേയ്ക്ക്..

പണിക്കർ സാർ അഭയം തന്നു. സാറിനും ഭാരമാവരുതെന്ന് കരുതി ജോലി നേടി. ഇനി ജീവിക്കണം ചേച്ചീ.

എന്റെ മാത്രം കുഞ്ഞായിട്ടാ ഞാൻ മോളെ വളർത്തുന്നേ മറ്റാരുടെയും അധികാരമില്ലാതെ എങ്കിലും, നാളെ അവരുടെ ആണ്ടാണ് മോളെ കൊണ്ട് തർപ്പണം ചെയ്യിക്കണം.. അവർക്ക് വേറെ ആരാ.”

ലീവ് അനുവദിച്ച് തനൂജ പുറത്തേക്ക് നടന്നപ്പോൾ ജീവിതം എത്ര വിചിത്രമാണെന്ന് ചിന്തിക്കുകയായിരുന്നു ദേവിക.

ഒപ്പം തങ്ങളുടെ കുഞ്ഞെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഉള്ള മാർഗ്ഗവും.

ജീവിതം അതിങ്ങനെ ഒക്കെയാ. ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമാകുന്ന പോലെ