മായാ ലോകം ~ ഒരുകൊച്ചു നർമ്മകഥ
സസ്നേഹം ഹഫി ഹഫ്സൽ
” മായേ ചോറെടുത്ത് വെക്കൂ .. വിശന്നിട്ട് കൊടല് മുദ്രാവാക്യം വിളി തുടങ്ങി ”
കുളി കഴിഞ്ഞു പ്രകാശൻ തീൻ മേശക്കരികിലെത്തി അകത്തേക്ക് വിളിച്ചു പറഞ്ഞു . ഇത്തവണ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രതി പക്ഷ പാർട്ടിയുടെ ശക്തനായ സ്ഥാനാർതിഥിയാണ് പ്രകാശൻ . ഭരണ പക്ഷത്തിന്റെ കുറ്റവും കുറവുകളും തന്റെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും എല്ലാം ഉയർത്തി കാണിച്ചു ഊണും ഉറക്കവും കളഞ്ഞു പ്രചാരണത്തിൽ മുഴുകിയിരിക്കുകയാണ് പ്രകാശനും അനുഭാവികളും . ഒരു അട്ടിമറി ഇപ്പോഴില്ലെങ്കിൽ ഒരിക്കലുമില്ല എന്ന തിരിച്ചറിവിലാണ് പ്രകാശ സംഘം .
അകത്ത് നിന്നും മായയുടെ മറുപടിയൊന്നുമില്ലാത്ത കൊണ്ട് പ്രകാശൻ
അല്പം ദേഷ്യത്തോടെ ശബ്ദമുയർത്തിയതും വാതിൽ മറവിൽ നിന്നും മായയുടെ നിഴൽ തെളിഞ്ഞു വന്നു, തിരഞ്ഞെടുപ്പ് കാലത്ത് പ്രതികൂലമായേക്കാവുന്ന ഭാഷാ ശൈലി സ്വയം നിയന്ത്രിച്ചതായിരുന്നു . അതോർത്താകണം വീട്ടിലായാലും പ്രകാശൻ സ്വരം അല്പം മയപ്പെടുത്തി .
” എടീ … ഞാൻ പറഞ്ഞില്ലേ … വിശക്കുന്നെന്ന് ..നീ എന്താന്നു വെച്ചാ വേഗം എടുത്ത് വെക്കൂ … നമ്മുടെ പിള്ളേരൊക്കെ ഉള്ളപ്പോൾ ഒറ്റക്ക് ഒരു കടയിൽ ചെന്നൊന്നും കുടിക്കാനും പറ്റില്ല. അല്ലെങ്കിലേ പോക്കറ്റ് കാലിയായി. പാർട്ടി ഫണ്ടിലാണെങ്കിൽ വിവാദങ്ങൾ കൊണ്ട് മാത്രം നിറഞ്ഞിരിക്കാ…. കൊറോണ കാലമായത് കൊണ്ട് ഒരു വീട്ടിൽ നിന്നും പച്ച വെള്ളം പോലും തരുന്നുമില്ല ..സംസാരിച്ചു നിൽക്കാൻ സമയമില്ല .. പതിനൊന്നു മണിക്ക് ഓൺലൈൻ മീറ്റിംഗ് ഉണ്ട് .ബ്ലോക്ക് പ്രസിഡന്റ് വിളിച്ച് ചേർക്കുന്ന മീറ്റിംഗ് ആണ് .. കാര്യമായ എന്തോ ഉണ്ടെന്നു തോന്നുന്നു ..ഞാൻ അതിന്റെയും ടെൻഷനിലാണ് .. നീ വേഗം കഴിക്കാൻ എടുക്ക് .. ”
” ചോറ് വേണേൽ അവളുമാരോട് ചോദിക്ക് … ഞാനൊന്നും ഉണ്ടാക്കീട്ടില്ല ”
മായയുടെ ശബ്ദത്തിനു പതിവില്ലാത്ത കനം . കലാശ കൊട്ടിന് എതിർ സ്ഥാനാർത്ഥിയെ കണ്ട ഭാവമാണ് അവളുടെ മുഖത്ത് . ദൈവമേ കുടുംബത്തിൽ നിന്ന് തന്നെ ചാക്കിട്ട് പിടുത്തം ആരംഭിച്ചോ ….. പ്രകാശന്റെ മനസ്സിൽ ഞൊടിയിടയിൽ നൂറു ചോദ്യങ്ങൾ മിന്നി മറഞ്ഞു . ഒന്നും മനസ്സിലാകാതെ പകച്ചു നിന്ന പ്രകാശൻ കൂടുതൽ വ്യകതതക്ക് വേണ്ടി മായയുടെ അരികിലെത്തി .
” അവളുമാരോ …. ?… അതാരാ എനിക്ക് ചോറ് തരാൻ നിൽക്കുന്ന അവളുമാർ … നീ എന്തൊക്കെയാ ഈ പറയുന്നത് ?… എനിക്കെതിരെ ഒരു സർജിക്കൽ സ്‌ട്രൈക്കിനു കച്ച കെട്ടി നിൽക്കുകയാണ് ഭരണ കക്ഷി …. നീ ചുമ്മാതെ ഓരോന്ന് പറഞ്ഞു ഉണ്ടാക്കാതെ … ”
” മനുഷ്യാ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത് …. ഞാൻ കണ്ടല്ലോ നിങ്ങടെ ഫോണിൽ യൂട്യൂബ് കുറേ പെണ്ണുങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തതായിട്ടൊക്കെ … എന്റെ ”മായാ ലോകം” എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞിട്ട് എത്ര ദിവസം പിന്നാലെ നടന്നു ഞാൻ .. ”
” ഹാ .. അതാണോ കാര്യം …. എന്റെ പൊന്നു മായേ …. പണ്ടത്തെ കാലമല്ല .. വോട്ട് ചോദിച്ചു ഒരു വീട്ടിൽ കയറിയാൽ ആ കുടുംബത്തിലെ എൽ കെ ജി കുട്ടി മുതൽ അപ്പൂപ്പനും അമ്മൂമ്മക്കും വരെ ചാനൽ ഉണ്ടാകും . എന്റെ മാത്രമല്ല കൂടെയുള്ള അണികളുടെ വരെ സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങിയിട്ടേ അവർ വോട്ട് ചെയ്യാമെന്ന് സമ്മതിക്കാറുള്ളു .ചാനലിൽ കാണിക്കാൻ ഉണ്ടാക്കുന്ന കേക്കും മന്തിയും ഒക്കെ തന്നിട്ട് സബ് ചെയ്യാൻ പറയാണെങ്കിൽ പ്രശ്നമില്ലായിരുന്നു .സബ് കൊടുക്കേണ്ടി വരുമെന്ന പേടിയും മടിയും കാരണം കൂടെ പ്രചാരണത്തിന് ആള് കുറഞ്ഞ അവസ്ഥയാണ് . ഒരു സ്ഥാനാർത്ഥിയുടെ വിഷമം ആരറിയാൻ. ഇതിലും തോറ്റാൽ ഞാനും തുടങ്ങും ഒരു ചാനൽ ”
” കണക്കായി പോയി ….. ഇലക്ഷനും പിരിവിനും മാത്രല്ലേ നിങ്ങളും അനുയായികളും ഇങ്ങനെ വീടുകൾ സന്ദർശിക്കാറുള്ളു .. ”
മായയുടെ മുഖത്തെ പേശികൾ അല്പമൊന്നയഞ്ഞു . അവൾ അടുക്കളയിൽ ചെന്ന് പ്രകാശാണ് കഴിക്കാനായി ഒളിപ്പിച്ചു വെച്ച ഭക്ഷണം കൊണ്ട് വന്നു സ്നേഹത്തോടെ വിളമ്പി കൊടുത്തു .
സമയം പതിനൊന്നു മണിയായി . ഓൺലൈൻ മീറ്റിങ് ആരംഭിച്ചു .സമയമൊന്നും പാഴാക്കാതെ പാർട്ടി ബ്ലോക്ക് പ്രസിഡന്റ് ചർച്ച ആരംഭിച്ചു . ചർച്ചക്കൊടുവിൽ പ്രസിഡന്റ് പ്രവർത്തകരോടും സ്ഥാനാര്ഥികളോടുമായി പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്ന് പറഞ്ഞു . എല്ലാവരും പ്രസിഡന്റിന്റെ വാക്കുകൾക്കായി കാതുകൾ കൂർപ്പിച്ചു .
” എനിക്ക് പറയാനുള്ള കാര്യം മറ്റൊന്നും അല്ല .. നമ്മുടെ പാർട്ടിയുടെ പ്രകടനം ജനങ്ങളിൽ എത്തിക്കാൻ ഏറ്റവും ലേറ്റസ്റ്റ് ആയ മാർഗം നമ്മൾ സ്വീകരിക്കേണ്ടതുണ്ട് . അത് കൊണ്ട് ഞാൻ ഇപ്പോൾ അയക്കുന്ന ലിങ്ക് നിങ്ങൾ എല്ലാ പ്രവർത്തകരിലും നാട്ടുകാരിലും എത്തിക്കണം . നമ്മുടെ കർമ്മ പരിപാടിയുടെ പൂർണ്ണ വിവരങ്ങൾ അതിനകത്തുണ്ട് . എല്ലാവരും ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൺ അടിച്ചാൽ ബാക്കിയുള്ള അപ്ഡേറ്റ് അപ്പപ്പോൾ എത്തും . ഹാ ലൈകും കമന്റും മറക്കണ്ട .. നന്ദി …. നമസ്കാരം …. ”
ഓണത്തിനിടക്ക് പ്രസിഡന്റിന്റെ പുട്ടു കച്ചവട ഓൺലൈൻ ബിസിനസ് കണ്ടു അന്തം വിട്ട പ്രകാശനരികിൽ, ഭാര്യ മായ തന്റെ ”മായ ലോകം ” ചാനൽ സബ് ചെയ്യിക്കാനായി പ്രകാശനരികിൽ നില്പുണ്ടായിരുന്നു .