വെള്ളത്തുണിയിൽ പൊതിഞ്ഞ പിഞ്ചുടൽ കയ്യിലേക്ക് വങ്ങുമ്പോൾ ഉമ്മ ആരോടെന്നില്ലാതെ പറഞ്ഞത് കേട്ട് അയാൾ ആ നിധിയെ വാങ്ങി തന്റെ നെഞ്ചോടു ചേർത്തു…

പാഴ്ക്കിനാവ് ~ രചന: സൗമ്യ മുഹമ്മദ്

വളരെ നേരത്തേ സൂര്യൻ വിരലാഴ്ത്തിയ കുംഭമാസത്തിലെ ഒരു പതിനൊന്നു മണി ഉച്ചയായിരുന്നു അത്.  അതിനു മുൻപ് വരെ സംഭവിക്കാൻ പോകുന്നതിനെ കുറിച്ച് അയാൾ തികച്ചും അജ്ഞാതനായിരുന്നു അല്ലെങ്കിൽ അങ്ങനൊന്ന് സംഭവിക്കില്ലെന്നു തന്നെ അയാൾ വിശ്വസിച്ചിരുന്നു. 

“ഇവൾക്ക് ഇവനോടൊപ്പം പോയാൽ മതിയെന്ന്..നിങ്ങൾ എന്ത് പറയുന്നു? ” പോലീസുകാരൻ… കാക്കികുപ്പായക്കാരൻ.. കുംഭച്ചൂടിനോടെന്നപോൽ ദയവില്ലാതെ ചോദിച്ചു.  വടിവില്ലാത്ത ജനൽ പാളിയിൽകൂടി ഒരു വെളിച്ചക്കീറ് തന്നെ നോക്കി കളിയാക്കി ചിരിച്ച് മങ്ങിയതായി അയാൾക്ക്‌ തോന്നി, ഒപ്പം പൊന്നും മിന്നും തിളങ്ങിയ മൈലാഞ്ചി മണമുള്ള ഒരു മണവാട്ടി പെണ്ണും.  ഇതിനോടകം തന്നെ അയാൾ തീർത്തും ക്ഷീണിതനായി കഴിഞ്ഞിരുന്നു. 
എങ്കിലും ജനലിനപ്പുറത്തെ വെയിൽ പരന്ന മുറ്റത്തേക്ക് നോക്കുമ്പോൾ അയാളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു… ഓർമ്മകളുടെ നട്ടുച്ച തിളക്കം പോലെ… 

ഉള്ളതിൽ വച്ച് ഏറ്റവും നല്ല വെള്ളത്തുണിയാണ് സിസ്റ്റർ ചോദിച്ചപ്പോൾ അകത്തേക്ക് കൊടുത്തേക്കുന്നത്. ആ വെള്ളത്തുണിയിൽ പൊതിഞ്ഞു കിട്ടാൻ പോകുന്നത് അഞ്ചു വർഷത്തെ പ്രാർഥനയാണ്, ഒരിക്കലും ചിതറി പോകാതെ ഒരുക്കൂട്ടി വച്ച സ്വപ്നങ്ങളാണ്. 

“ഓ, അവളീ രാത്രി മൊത്തം വേദന സഹിച്ച്, ഈ കാലമത്രയും കാത്തിരുന്നിട്ടും ഒരാണ്കുഞ്ഞിനെ കിട്ടീല്ലല്ലോ” 

വെള്ളത്തുണിയിൽ പൊതിഞ്ഞ പിഞ്ചുടൽ കയ്യിലേക്ക് വങ്ങുമ്പോൾ ഉമ്മ ആരോടെന്നില്ലാതെ പറഞ്ഞത് കേട്ട് അയാൾ ആ  നിധിയെ  വാങ്ങി തന്റെ നെഞ്ചോടു ചേർത്തു. 

കുരുന്നിളം ചുണ്ടും, കുഞ്ഞികണ്ണും, കുറുമ്പി  മുഖവും ആയിരുന്നു അവൾക്ക് അപ്പോൾ. വീണ്ടും വീണ്ടും ആ തിരിച്ചറിയാത്ത വാസനകൾ എല്ലാം തന്റെ  നെഞ്ചിലേക്ക് ഏറ്റുവാങ്ങാൻ അവളെ ചേർത്ത് പിടിച്ചുകൊണ്ടെയിരുന്നു. 

“മുത്തേ.. അനക്ക് ഉപ്പാനോട് എന്തോരം സ്നേഹം ണ്ട്. “

“ആകാചത്തോളം..” ഇത്തിരി പോന്ന കുഞ്ഞികൈകൾ പരമാവധി നീട്ടി മറുപടി ചൊല്ലുന്ന മുത്തിനെ താൻ ഉമ്മ വച്ചു.  വളർന്നതോടൊപ്പം അവളുടെ കുറുമ്പും കൂടി വന്നു. ആൺകുഞ്ഞിനെ കിട്ടാഞ്ഞു സങ്കടപ്പെട്ട ഉമ്മാക്ക് ഇപ്പൊ മുത്തില്ലാതെ പറ്റൂല്ല. ഞാനും ഭാര്യയും തമ്മിലുള്ള പോര് മുറുകുമ്പോൾ അവളെന്റെ ചെവിക്കു പിടിച്ച് കണ്ണുരുട്ടും.. “മര്യാദക്കല്ലെങ്കി ഞാൻ രണ്ടിനേം പുറത്താക്കൂട്ടോ… പറഞ്ഞേക്കാം”പിന്നെ പിന്നെ എല്ലാം അവളിലേക്ക്‌ ഒതു ങ്ങുകയായിരുന്നു… മുറ്റത്തെ മുല്ലപ്പൂവൊന്നു വിരിഞ്ഞാൽ അത് മുത്തി നാണെന്നും പറഞ്ഞു ഉമ്മ ഇറുത്തെടുക്കും.  തൊടിയിലെ ചീരയും, വെണ്ടയും, വാഴത്തോപ്പിലെ തേൻ തുള്ളികൾ മുഴുവനും അവൾക്കു മാത്രമായി.

കാലത്തോടൊപ്പം മുത്തും വളർന്നു വലുതായി.  എന്നാണ് സുഹൃത്ത് മീരാൻകുട്ടി ആ വാർത്ത പറഞ്ഞത്…എന്നായാലും അതോടെ മങ്ങി വീട്ടിലെ വെളിച്ചവും.  മുത്ത് ഉറപ്പിച്ചു പറഞ്ഞു… ഇനി ഉണ്ടാകില്ല.. ഉപ്പയാണെ സത്യം !!. ഓർമകളുടെ നട്ടുച്ച ചൂടിൽ അയാൾ ഉരുകി ഒലിച്ചുകൊണ്ടിരുന്നു.  ഒരിക്കൽ… ഒരിക്കൽ  മാത്രം അവൾ ഒന്നു പറഞ്ഞെങ്കിൽ എനിക്കെന്റെ ഉപ്പാനെ മതിയെന്ന്… ഒരിക്കൽ കൂടി അവളൊന്ന് കെട്ടിപിടിച്ചെങ്കിൽ…. കവലകളിൽ, പള്ളിയിൽ, കുടുംബക്കാരുടെ ഇടയിൽ… താൻ അപമാനത്താൽ നഗ്നമാകാൻ പോകുന്ന വഴിത്താരകൾ അയാളുടെ മുന്നിൽ നിവർന്നു കിടന്നു. എങ്കിലും അതൊന്നും അയാളിൽ ഒരു പരിധി വിട്ട് നടുക്കമുണ്ടാക്കിയില്ല. അതിലൊക്കെ എത്രയോ വലുതായിരുന്നു അവളുടെ ആ നിൽപ്…. യാതൊരു വകതിരിവും ഇല്ലാതെ അവൾ തിരഞ്ഞെടുത്ത അവനോടൊപ്പമുള്ള ആ നിൽപ്…

ഇതു വരെ കണ്ട തന്റെ കിനാക്കളുടെ ശവമഞ്ചത്തിൽ ചവിട്ടി അവർ നടന്നകലുമ്പോഴേക്കും നെഞ്ചിൻ കൂട്ടിൽ നിന്നുയർന്ന നോവിനാൽ അയാൾ നിലത്തേക്ക് വീണു… പുറത്തെ  സൂര്യ തിളക്കം നിമിഷനേരത്തേക്കൊന്നു മങ്ങിയകന്നു…..