ഈ സാറിന്റെ കൂടെ ഒരു ആത്മാവ് ഉണ്ട്. എനിക്ക് അതിനെ കാണാൻ സാധിക്കും…

ഓഫീസിനുള്ളിൽ കയറിയ അപരിചിതനായ വ്യക്തിയെ നോക്കി എഡ്വിൻ ചിരിച്ചു…

ഒത്ത ശരീരപ്രകൃതം.. സൗന്തര്യമുള്ള മുഖം..

അയാൾ എഡ്വിന് എതിരെ ഉള്ള ചെയറിൽ ഇരുന്നു…

“എഡ്വിൻ.. !നിങ്ങൾ എന്നെ സഹായിക്കണം.  !”

അയാൾ പറഞ്ഞു…

“നിങ്ങൾ ആരാണ്..? “

“എന്റെ പേര് കിഷോർ.. !”

“കേസ് എന്താണെന്ന് പറയു.. !”

“കഴിഞ്ഞ കുറെ ദിവസങ്ങളായി ഒരാൾ എന്നെ പിന്തുടരുന്നു… !”

“ആരാണ്..? “

“അറിയില്ല.. !ചിലപ്പോൾ ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ… ഞാൻ ഷട്ടിൽ കളിക്കാൻ പോകുന്നിടത്ത്… ജിമ്മിൽ അങ്ങനെ പല സ്ഥലത്തും വെച്ച് ഞാൻ അവനെ കണ്ടു.. ഞാൻ നോക്കുമ്പോൾ അവൻ വളരെ ക്രൂവൽ ആയിട്ടാണ് എന്നെ നോക്കുന്നത്.

എനിക്ക് അവനോടു സംസാരിക്കണമെന്ന് തോന്നി.. പല തവണ അവന്റെ അടുത്തേക്ക് നടന്നു.. പക്ഷെ ! ഞാൻ അവന്റെ അടുത്ത് എത്തുന്നതിന് മുൻപ് തന്നെ അവൻ അവിടെ നിന്ന് കടന്നു കളയും…

പിന്നെ എനിക്ക് ഉള്ളിൽ ഒരു ഭയം ഉണ്ട്..

എന്താണ് അവന്റെ ഉദ്ദേശം എന്ന് അറിയില്ലല്ലോ.. !അത് കൊണ്ട് പലപ്പോഴും കാണാത്ത രീതിയിൽ കടന്നു പോയിട്ടുണ്ട്..

പോലീസ് സ്റ്റേഷനിൽ പോകുന്നതിനോട്‌ എനിക്ക് താല്പര്യം ഇല്ല എഡ്വിൻ.. അത് കൊണ്ടാണ് ഞാൻ താങ്കളുടെ അടുത്ത് വന്നതു..

പിന്നെ അവനെ പിടിച്ചു പൊട്ടിക്കാൻ ചങ്കൂറ്റം ഇല്ലാഞ്ഞിട്ടല്ല ..വേണ്ടാന്ന് വെച്ചിട്ടാ… അവൻ എന്തിനാണ് എന്നെ ഇത്ര രൂക്ഷമായി നോക്കുന്നത് എന്നൊന്ന് അറിഞ്ഞാൽ മാത്രം മതി…

“കിഷോർ ആരോടെങ്കിലും എന്തെങ്കിലും പ്രശ്നം വല്ലതും ഉണ്ടാക്കിയിരുന്നോ.. !”

“ഇല്ല എഡ്വിൻ.. ! എനിക്ക് ഓർമ ഇല്ല.. !”

“ആരെങ്കിലും ശത്രുക്കൾ ഉണ്ടോ..? “

“ആരും ഇല്ല.. !”

“എങ്ങനെ ഇരിക്കും അവനെ  കാണാൻ.. !”

“നല്ല പൊക്കം ഉണ്ട്.. ഇരു നിറം.. വലിയ വണ്ണം ഇല്ല.. ചുരുണ്ട മുടി.. !”

“നല്ല പൊക്കം എന്ന് പറയുമ്പോൾ തന്റെ അത്രയും വരുമോ.. !”

“അതെ.. ഏകദേശം.. !”

“കിഷോർ  ഇവിടേക്ക് വരുന്ന വഴി അയാളെ കണ്ടിരുന്നുവോ… !”

“ശ്രദ്ധിച്ചില്ല.. ! “

“അരുൺ… !”

എഡ്വിൻ അരുണിനെ കണ്ണ് കാണിച്ചു..

അരുൺ ജനൽ വഴി റോഡിലേക്ക് നോക്കി…

“ആരും ഇല്ല എഡ്വിൻ.. !”

“ഹ്മ്മ്… തന്റെ നാളത്തെ പരിപാടികൾ എന്തൊക്കെ ആണ്.. i mean….. daily routine? “

“രാവിലെ ക്ലാസ്സ്‌ എടുക്കുന്നുണ്ട് കുട്ടികൾക്ക്.. കനകക്കുന്ന് കൊട്ടാരത്തിന്റെ ഗാർഡനിൽ.. നാളെ ശനിയാഴ്ച ആണല്ലോ.. !”

“എന്തിന്റെ ക്ലാസ്സ്‌..? “

“റസിലിംഗ് l !ഞാൻ നാഷണൽ പ്ലയെർ ആണ്.. കുറച്ചു കുട്ടികളെ ട്രെയിൻ ചെയ്യുന്നുണ്ട്. ഇക്കഴിഞ്ഞ നാഷണൽ ഗെയിoസിൽ ഞാൻ പാർട്ടിസിപ്പേറ്റ് ചെയ്തിരുന്നു.. “

“ആഹ്.. !  വളരെ നല്ല കാര്യം. ! വീട്ടിൽ നിന്ന് എപ്പോളാണ് ഇറങ്ങാറ്..? “

“രാവിലെ 7 മണി ഒക്കെ കഴിയും.. !”

“എവിടെ ആണ് വീട്.. !”

“അമ്പലമുക്കിൽ ഉള്ള ഫ്ലാറ്റിൽ ആണ് താമസം.. !”

“വീട്ടിൽ ആരൊക്കെ ഉണ്ട്.. !”

“അച്ഛൻ.. അമ്മ.. ഞാൻ.. ചേച്ചിയുടെ കല്യാണം കഴിഞ്ഞു.. അവൾ വിദേശത്ത് ആണ്.. !”

“മ്മ്… ! നാളെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എന്നെ ഒന്ന് വിളിച്ചിട്ട് ഇറങ്ങു.. !”

“ശരി.. !”

“ഉം.. അപ്പോൾ നാളെ കാണാം.. !”

അയാൾ ഓഫീസിൽ നിന്ന് വെളിയിലേക്ക് ഇറങ്ങി…

“എന്തിനാവും എഡ്വിൻ അയാൾ നോക്കുന്നത്..? “

“കിഷോർ ആരോടെങ്കിലും എന്തെങ്കിലും കന്നന്തിരിവ്‌ കാണിച്ചു കാണും..
അയാൾ അത് നമ്മളോട് തുറന്നു പറഞ്ഞില്ല…എനിക്ക് അങ്ങനെ ആണ് തോന്നുന്നത്.. !

നാളെ നമ്മൾ കിഷോറിനെ ഫോളോ ചെയ്യുന്നു…

കിഷോറിനെ രൂക്ഷമായി ആരെങ്കിലും നോക്കുന്നുണ്ടെങ്കിൽ കയ്യോടെ പിടിക്കാം..!”

“മ്മ്… !”

പിറ്റേന്ന്…

8:am

കനകക്കുന്ന് പാലസ്..

കൊട്ടാര വളപ്പിലൂടെ അവൻ ജീവനും കൊണ്ട് പാഞ്ഞു.. തൊട്ട് പിന്നാലെ എഡ്വിനും അരുണും..തിരിഞ്ഞു നോക്കുന്നതിനിടെ അവൻ നിലം പതിച്ചു…

അപ്പോഴേക്കും അവൻ എഡ്വിന്റെ കൈക്കുള്ളിൽ ആയി…

“എന്തിനാ മോനെ നീ കിഷോറിനെ ഫോളോ ചെയ്യുന്നത്.. !”

അവന്റെ ദേഹത്ത് പറ്റിയ പൊടി തുടച്ചു മാറ്റിക്കൊണ്ട് എഡ്വിൻ ചോദിച്ചു…

“അ… അത് ഞാൻ അയാളോട് പറഞ്ഞോളാം.. !”

“ഓ… ! “

അപ്പോഴേക്കും കിഷോർ അവിടെ എത്തി..

“പറയെടാ… ! നീ എന്തിനാണ് എന്നെ നോക്കുന്നത്.. !”

“ഞാൻ ഒരു പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർ ആണ്…ഈ സാറിന്റെ കൂടെ ഒരു ആത്മാവ് ഉണ്ട്.. എനിക്ക് അതിനെ കാണാൻ സാധിക്കും… !”

അത് കേട്ട് മൂന്ന് പേരും പരസ്പരം മുഖത്തോട് മുഖം നോക്കി.. ശേഷം അവർ പൊട്ടിച്ചിരിച്ചു..

“എന്റെ കൂടെയോ … ! അപ്പോൾ നീ എന്നെ അല്ല ആത്മാവിനെ ആണ് നോക്കിയത്.. അല്ലെ.. !”

“ഞാൻ പറഞ്ഞത് സത്യം ആണ്.. he wants to communicate you.. ഇപ്പോൾ അവൻ നിങ്ങളുടെ തൊട്ട് പുറകിൽ തന്നെ ഉണ്ട് സർ.. !”

ഭീതി ജനിപ്പിക്കുന്ന അവന്റെ നോട്ടം കണ്ട് ഇത്തവണ കിഷോർ ശരിക്കും ഒന്ന് ഭയന്നു..

“നിന്റെ പേരെന്തുവാ..? “

“ജോൺ… !”

“മ്മ്… എവിടെയാണ് താമസം.. !”

“പൂജപ്പുര.. !”

“പ്രേതത്തെ പിടിച്ചു കൊടുക്കാൻ ആരും സമീപിച്ചു കാണില്ല..അപ്പോൾ അത്യാവശ്യം സാമ്പത്തിക സ്ഥിതി ഉള്ള ആളുകളെ നോക്കി പറ്റിക്കാൻ ഇറങ്ങി ഇരിക്കുക ആണല്ലേ.. !”

അരുൺ പറഞ്ഞു.

“ഒരിക്കലും അല്ല സർ.. ! എനിക്ക് അതിന്റെ ആവശ്യം ഇല്ല.. മൂന്നാലു ദിവസങ്ങൾക്കു മുൻപ് വളരെ യാദ്രശ്ചികമായി ആണ് ഞാൻ സാറിനെ കണ്ടത്.. സൂപ്പർ മാർക്കറ്റിൽ വെച്ച്..

സാറിന് തോളിനു വേദന ഇല്ലേ..? “

കിഷോറിന്റെ കൈ വേഗത്തിൽ ഇടതു തോളിലേക്ക് അറിയാതെ ചലിച്ചു… ! ശേഷം എഡ്വിനെ നോക്കി.. !”

“എനിക്ക് അറിയാം സർ.. സാറിന് തോള് വേദന ഉണ്ടെന്ന്… അന്ന് ഞാൻ സാറിന്റെ തോളിൽ അദൃശ്യമായ ഒരു രൂപത്തെ കണ്ടു…എനിക്കത് സാറിനോട് പറയണം എന്ന് തോന്നി…പക്ഷെ ! സർ എന്റെ അടുത്തോട്ടു വരുമ്പോൾ എനിക്ക് അത് പറയാനുള്ള ധൈര്യം ചോർന്നു പോയി.. അത് കൊണ്ടാണ് പല തവണ പറയാൻ വന്നിട്ടും പറയാൻ സാധിക്കാതെ പോയത്… !”

“തീർന്നോ തന്റെ പ്രസംഗം..?  വെറുതെ മനുഷ്യന്റെ മനസമാധാനം കളയാനായി ഓരോന്ന് ഇറങ്ങിക്കോളും.. !”

“ഞാൻ പറയാനുള്ളത് പറഞ്ഞു.. ഇനി സാറിന്റെ ഇഷ്ടം.. ഞാൻ പോകുന്നു…

സർ ഒരു കാര്യം ഓർത്തോ… ! ആ ബാധ തന്നേം കൊണ്ടേ പോകു.. !”

അയാൾ തിരികെ നടന്നു…

കിഷോർ ദയനീയമായി എഡ്വിന്റെ മുഖത്തേക്ക് നോക്കി…

“താൻ പേടിക്കണ്ടടോ.. പ്രേതം ഒക്കെ നമ്മുടെ തോന്നലുകൾ മാത്രം ആണ്..ഇതിന്റെ പേരിൽ ഇനി ജ്യോൽസ്യനെ ഒന്നും കാണാൻ നിൽക്കണ്ട…

എഡ്വിൻ ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഒരു കാർഡ് എടുത്ത് കിഷോറിന് നേരെ നീട്ടി…

“ഇത് എന്റെ കാർഡ് ആണ്.. എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ വിളിക്ക്.. ഞാൻ കൂടെ കാണും.. !”

“ശരി എഡ്വിൻ… !”

എഡ്വിൻ അവിടെ നിന്ന് മടങ്ങി…

കിഷോറിന്റെ മനസ്സിൽ ഭയത്തിന്റെ വിത്തുകൾ പൊട്ടി മുളച്ചു.. മുഖത്ത് ഉതിർന്ന വിയർപ്പ് കണികകൾ അയാൾ ഒപ്പി എടുത്തു.. കുട്ടികളെ പഠിപ്പിക്കുന്നത് പകുതിയിൽ ഉപേക്ഷിച്ചു അയാൾ കാറിൽ കയറി…

വാഹനം പത്മനാഭ സ്വാമി ക്ഷേത്രത്തിന് അരികിൽ ഒതുക്കിയ ശേഷം കിഷോർ കണ്ണടച്ച് സീറ്റിൽ ചാരി ഇരുന്നു…

പെട്ടന്ന് ആരോ ഗ്ലാസ്സിൽ തട്ടി..

കിഷോർ ഒരു ഞെട്ടലോടെ കണ്ണു തുറന്നു..

വൃദ്ധയായ ഒരു സ്ത്രീ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു നിൽക്കുന്നു…

കിഷോർ വേഗം ഗ്ലാസ്സ് താഴ്ത്തി..

“എന്താ… എന്തു വേണം.. !”

“മോന്റെ ഭാവി പറയാം.. എന്തെങ്കിലും ദക്ഷിണ തരണം.. !”

“എനിക്ക് കേൾക്കണ്ട…! നിങ്ങൾ പോയെ.. !”

“ഉം… രാജാവിനെ പോലെ വാഴുന്നു.. പക്ഷെ ! അപകടം പിന്നാലെ ഉണ്ട്.. !”

അവർ പുലമ്പിക്കൊണ്ട് കുറച്ചു മുൻപിലേക്ക് നടന്നു…

കിഷോറിന്റെ ഉള്ളിൽ കനൽ എരിഞ്ഞു..

അവൻ കാറിൽ നിന്ന് വേഗത്തിൽ ചാടി ഇറങ്ങി..

“അതെ അമ്മച്ചി.. ഒന്ന് നിന്നെ.. !”

അവർ തിരിഞ്ഞു നോക്കി…

“എന്ത്‌ അപകടം ആണ് എനിക്ക് വരാൻ ഇരിക്കുന്നത്..? “

“ദക്ഷിണ തന്നാൽ പറയാം.. !”

“എത്ര.. !”

“50 രൂപാ.. !”

കിഷോർ വേഗത്തിൽ തന്റെ പേഴ്സിൽ നിന്ന് 50 രൂപാ എടുത്തു അവർക്ക് നേരെ നീട്ടി.. !

“ഇനി പറ.. !”

“എല്ലാ സുഖങ്ങളും നിനക്ക് ഉണ്ട്.. പക്ഷെ ! ഇപ്പോൾ നിനക്ക് കഷ്ടകാലം ആണ്..നീ മരിച്ചു ജീവിക്കും… നിന്നിൽ അടങ്ങിയ കറുപ്പ് നിന്നെ നാശത്തിലേക്ക് നയിക്കും.. “

“എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.. പരിഹാരം ഒന്നും ഇല്ലേ..? “

“ഉണ്ട്… പത്മനാഭനെ സേവിക്കു.. ഈശ്വര വിശ്വാസം നിന്നെ എല്ലാ അപകടങ്ങളിൽ നിന്നും രക്ഷിക്കും.. !” ആ സ്ത്രീ തിരികെ നടന്നു…

അത് വരെ കേട്ട കാര്യങ്ങൾ ഓരോന്നായി കിഷോറിന്റെ ഉള്ളിൽ അലയടിച്ചു കൊണ്ടിരുന്നു.. അവൻ തന്റെ മൊബൈൽ കയ്യിൽ എടുത്തു…ദൃതിയിൽ നമ്പർ ഡയൽ ചെയ്തു…

“ഹലോ… എഡ്വിൻ.. ! ഞാൻ കിഷോർ ആണ്… എനിക്ക് നിങ്ങളെ കാണണം.. !”

“ഞാൻ ഓഫീസിൽ ഉണ്ട്.. !”

കിഷോർ ഫോൺ കട്ട്‌ ചെയ്തു…ശേഷം കാറിൽ കയറി.. വാഹനം വേഗത്തിൽ മുൻപോട്ട് ഡ്രൈവ് ചെയ്തു..

കുറച്ചു സമയത്തിന് ശേഷം…

“എഡ്വിൻ… ! അയാൾ പറഞ്ഞതിൽ എന്തോ കാര്യം ഉണ്ട്.. എന്റെ കൂടെ ശരിക്കും പ്രേതം ഉണ്ടോ ഇനി.. !”

അത് കേട്ട് എഡ്വിൻ ചിരിച്ചു…

“കിഷോർ… താങ്കൾ ദുർബല ഹൃദയൻ ആണ്.. അയാൾ വെറുതെ പറഞ്ഞത് ആണ്.. !”

“അതെ കിഷോർ.. ! തട്ടിപ്പാണ്.. !”

അരുൺ പറഞ്ഞു…

“എഡ്വിൻ.. എനിക്ക് അയാളെ ഒന്നു കൂടി കാണണം.. അയാൾ സത്യത്തിൽ പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർ ആണോ എന്ന് അറിയണം.. എന്നെ സഹായിക്കണം..

എത്ര പണം വേണമെങ്കിലും ഞാൻ തരാം.. !”

“അയാളെപ്പറ്റി ഞാൻ അന്വേഷിക്കാൻ ഇരിക്കുക ആണ് കിഷോർ..തട്ടിപ്പാണെങ്കിൽ കയ്യോടെ പിടിച്ചു പോലീസിൽ ഏൽപ്പിക്കാൻ ആണ് പദ്ധതി.. !”

“എന്തെങ്കിലും വിവരം ലഭിക്കുക ആണെങ്കിൽ ഉടൻ തന്നെ എന്നെ അറിയിക്കണം.. !”

“തീർച്ചയായും.. !”

കിഷോർ അവിടെ നിന്ന് ഇറങ്ങി…

“ഇത് പുലിവാലാകുമെന്നാണ് തോന്നുന്നത് എഡ്വിൻ.. ! എത്രയും വേഗം ഇവന്റെ കാര്യത്തിൽ ഒരു തീരുമാനം എടുത്തില്ലെങ്കിൽ നമുക്കും ഭ്രാന്ത് പിടിക്കും… !”

“പൂജപ്പുരയിൽ ഉള്ള പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർ ആയ ജോൺ.. ! അപ്പോൾ ഓഫീസും അവിടെ തന്നെ ആവും… ഒന്ന് പോയി നോക്കാം.. !”

ഇരുവരും ഓഫീസിൽ നിന്ന് ഇറങ്ങി.. കാറിൽ കയറി.. വാഹനം മുൻപോട്ട് നീങ്ങി….

റൂമിൽ എത്തിയ ഉടൻ കിഷോർ കണ്ണാടിയിൽ നോക്കി… തോളിൽ കൈ കൊണ്ട് തടവി….

കുറച്ചു നേരം എന്തോ ആലോചിച്ചു നിന്നു…

എന്തോ ഒന്ന് ഓർത്തത് പോലെ അവൻ വേഗത്തിൽ തന്റെ മൊബൈൽ കയ്യിൽ എടുത്തു…

“how to find negative energy in  home “

അവൻ യൂ ട്യൂബിൽ സെർച്ച്‌ ചെയ്തു..

ഒട്ടനവധി റിസൾട്ട്‌… അവ ഓരോന്നായി ഓപ്പൺ ചെയ്ത് അവൻ കേൾക്കാൻ തുടങ്ങി… കുറച്ചു നേരം അതിൽ മുഴുകി ഇരുന്ന ശേഷം അവൻ നേരെ കിച്ചണിലേക്ക് ഓടി…

ശേഷം അലങ്കാരങ്ങൾ ഇല്ലാത്ത ഒരു കുപ്പി ഗ്ലാസ്സ് എടുത്തു… ശേഷം അതിന്റെ മുക്കാൽ ഭാഗം ഉപ്പ് കൊണ്ട് നിറച്ചു.. അതിൽ ആപ്പിൾ സൈഡർ വിനീഗറും വെള്ളവും നിറച്ച ശേഷം മുറിയിലേക്ക് നടന്നു…ഗ്ലാസ്സ് ടേബിളിന്റെ പുറത്തു വെച്ച ശേഷം കിഷോർ വാച്ചിൽ നോക്കി..

സമയം 12 മണി…

പെട്ടന്ന് കിഷോറിന്റെ മൊബൈൽ റിങ് ചെയ്തു..അവൻ അത് ഓൺ ചെയ്തു ചെവിയിൽ വെച്ചു…

“പറ എഡ്വിൻ.. !”

“കിഷോർ ഞങ്ങൾ ഇപ്പോൾ പാരനോർമൽ ഇന്വെസ്റ്റിഗേറ്റർ ജോണിന്റെ ഓഫീസിന് മുൻപിൽ ആണ് നിൽക്കുന്നത്.. !”

“അപ്പോൾ അയാൾ പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർ തന്നെ ആണ്… അല്ലെ.. !”

“അതെ.. !”

“oh my god.. !”

“താൻ വരുന്നോ.. ! ഞങ്ങൾ അയാളെ കാണാൻ കേറിയില്ല… “

“ഇല്ല എഡ്വിൻ നിങ്ങൾ അന്വേഷിച്ചിട്ട് വിവരം പറഞ്ഞാൽ മതി.. ഞാൻ കുറച്ചു തിരക്കിൽ ആണ്.. !”

ദൃഷ്ടി ഗ്ലാസ്സിലേക്ക് പതിപ്പിച്ചു കൊണ്ട് കിഷോർ പറഞ്ഞു…

“ശരി.. അയാളെ കണ്ടിട്ട് ഞാൻ വിളിക്കാം.. !”

എഡ്വിൻ ഫോൺ കട്ട്‌ ചെയ്ത ശേഷം ജോണിന്റെ ഓഫീസിലേക്ക് കയറി…

തുടരും….