അയാൾ – രചന: വിശോഭ്
വീട്ടില്‍ വന്ന് വാതില്‍ തുറന്ന് അകത്ത് കയറിയതും അയാള്‍ റെഫ്രിജെറേറ്റര്‍ തുറന്നു. വെള്ളം പോയിട്ട് ഫ്രീസറില്‍ കാണാറുള്ള ഐസുതരികള്‍ പോലും ഇല്ല. എപ്പോഴോ അത് ഓഫാക്കിയിരിക്കുന്നു. ഓര്‍മ്മയില്ല…
അല്ലെങ്കിലും അമ്മയില്ലാത്ത വീടുകളൊക്കെ ഇങ്ങനെ തന്നെ ആയിരിക്കും എന്ന് മനോഗതം പറഞ്ഞ് അയാള്‍ അടുക്കളയിലെ സ്റ്റീല്‍ പാത്രത്തില്‍ നിന്ന് വെള്ളം മുക്കി കുടിച്ചു.
നാശം ഈ മുടിഞ്ഞ ചൂടില്‍ ഈ തിളപ്പിച്ചാറിയ വെള്ളം എന്തിന് കൊള്ളാം..? രാമച്ചം ഇട്ടു തണുപ്പിച്ച മണ്‍കൂജയിലെ വെള്ളത്തിന്‍റെ സുഖദമായ അനുഭൂതി ഒരു നിമിഷത്തേക്ക് മനസ്സിലൂടെ കടന്നുപോയെങ്കിലും, അടുത്ത നിമിഷം അത് തണുത്തു പതഞ്ഞ ബിയറിന് വഴി മാറി.
ഫോണെടുത്തയാള്‍ വിളിച്ചു…റിങ്ങ് ഉണ്ട് എടുക്കുന്നില്ലല്ലോ ? മക്കുണന്‍ കൊച്ചിനെ മേക്കുകയായിരിക്കും, ഇല്ലെങ്കില്‍ പെണ്ണുമ്പിള്ളക്ക് അടുക്കള സഹായം. രണ്ടാമതും റിങ്ങ് ചെയ്തു നിലച്ചപ്പോള്‍ പല്ലിറുമ്മിക്കൊണ്ടയാള്‍ പുറത്തേക്കിറങ്ങി.
അയല്‍വീട്ടില്‍ വെളിച്ചം മേലെ മുറിയില്‍ കാണാം…ആ കൊച്ചിനെ പഠിപ്പിക്കുന്നതാവും…
കുളിക്കണോ..? ആവാം…കാലത്ത് ബക്കറ്റില്‍ നിറച്ചിട്ട വെള്ളം തണുത്തുകാണും. അതുകഴിഞ്ഞിട്ടാവാം യാത്ര…അതിനിടക്ക് ആ കഴു**റി മിസ്ഡ് കോള്‍ കണ്ട് തിരികെ വിളിക്കാനും മതി.
ബാത്റൂമില്‍ കയറി വെള്ളം കോരി ഒഴിച്ചിട്ട് സോപ്പെടുത്ത് തേക്കുമ്പോള്‍ അയാളോര്‍ത്തു ചന്ദ്രിക അമ്മക്ക് ഇഷടമായിരുന്നില്ലല്ലോ ? അമ്മക്ക് ഇഷ്ടമില്ലാത്ത പലതും ഇപ്പോഴാണല്ലോ താന്‍ ചെയ്യുന്നത് എന്ന് ചെറിയൊരു കുറ്റബോധത്തോടെ അയാള്‍ ഓര്‍ത്തു. അത് എന്തായിരുന്നു…?
അമ്മയോടുള്ള സ്നേഹം ആയിരുന്നോ അതോ വേണ്ടെന്ന് വച്ചതിലുള്ള നിരാശയോ…? ഒരു ഹാഫ്ട്രൗസറും ടീഷര്‍ടും ഇട്ട് അയാള്‍ ഇറങ്ങി…ഫോണ്‍ എടുത്ത് ഒന്നുകൂടി നോക്കി…ഇല്ല ആ അലവലാതി വിളിച്ചിട്ടില്ല…വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് അയാള്‍ ഓടിച്ചുപോയി.
പുഴയുടെ തീരത്താണ് ആ ബാര്‍. അപ്പുറത്തേക്കുള്ള പാലം കയറുമ്പോള്‍ അവിടെയുള്ള നാടന്‍ കടകളില്‍ നിന്ന് ഭക്ഷണത്തിന്‍റെ കൊതിപ്പിക്കുന്ന മണം തുറന്നിട്ട ഡോര്‍ ഗ്ലാസിലൂടെ വന്നത് അയാള്‍ മനസ്സാലെ ഓര്‍ത്തു…അത് കൊണ്ടുതന്നെ ഓഡറെടുത്ത വെയ്റ്ററോട് പറഞ്ഞത് മാട്ടിറച്ചിയായിരുന്നു…അമ്മയുടെ അടുത്ത ഇഷ്ടക്കേട്…ആര് കാണാന്‍…ആര് കേള്‍ക്കാന്‍…
തെല്ല് അസ്വസ്ഥനായെങ്കിലും നാളെ ഞായറാഴ്ച്ച ആണെന്നും…ഉച്ചവരെ ഉറങ്ങിയാലും ആരും തന്നെ ഉണര്‍ത്താന്‍ വരില്ലെന്നും ഉള്ള ചിന്ത അയാളെ തണുപ്പിച്ചു. വെയ്റ്റര്‍ ഗ്ലാസും ബിയറും കൊണ്ടുവന്നുവച്ചു ബിയര്‍ പൊട്ടിച്ച് ഭവ്യതയോടെ പറഞ്ഞു…’സര്‍ ബീഫല്‍പ്പം താമസം ഉണ്ട് ‘.
ബിയറിനൊപ്പം വന്ന നിലക്കടല ഒന്നെടുത്ത് കൊറിച്ച് കണ്‍ചിമ്മിക്കൊണ്ടയാള്‍ പറഞ്ഞു… ‘ധൃതിയില്ലെടോ ആരു കാത്തിരിക്കുന്നു ?’ പോയി…
ആ പറഞ്ഞതിലെ ‘ആരു കാത്തിരിക്കുന്നു ‘ എന്നത് വെയ്റ്ററെ ചെറുതായെങ്കിലും ആശയക്കുഴപ്പത്തിലാക്കിയോ എന്നത് പോകുന്നതിനിടക്ക് അയാള്‍ തിരിഞ്ഞ് നോക്കിയതില്‍ നിന്ന് അയാള്‍ സംശയിച്ചു.
അയാള്‍ ഒരു മുപ്പത്തേഴുകാരനായ അവിവാഹിതനാണ്. രണ്ടുമക്കളില്‍ മൂത്തവന്‍. നേരത്തെ മരിച്ച അച്ഛന്‍റെയും…അവനെ ഇരുപത്തൊന്നാം വയസ്സില്‍ ആലംബമാക്കിയ അമ്മയുടെയും മകന്‍. അഞ്ചു വയസിനിളയ പെങ്ങളുടെ ആങ്ങള…
ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് അവന്‍ ഇരുപത്തിരണ്ടാം വയസ്സില്‍ കടല്‍കടന്നു…സുഖത്തിലും ദുഖത്തിലും അവര്‍ക്ക് ബന്ധുകളുണ്ടായിരുന്നില്ല. ഉണ്ടായിരുന്നു കഷ്ടകാലത്ത് സഹായിക്കേണ്ടിവരുമോ എന്ന പേടികൊണ്ടും നന്നായപ്പോള്‍ ഗതിപിടിച്ചല്ലോ എന്ന അസൂയകൊണ്ടും തിരിഞ്ഞുനോക്കാത്ത…വഴിവക്കില്‍ കണ്ടാല്‍ തേനൊലിപ്പിക്കുന്ന ചിലര്‍.
ഒരു വ്യാഴവട്ടം അയാള്‍ അവിടെ ജീവിച്ചു. കടങ്ങള്‍ വീട്ടി, വീട് പൊളിച്ചു പണിതു, പെങ്ങളുടെ വിവാഹം ആര്‍ഭാടമായി തന്നെ നടത്തി. അവളുടെ എല്ലാം ഭംഗിയാവണമെന്ന് അമ്മയ്ക്ക് നിര്‍ബ്ബന്ധം ആയിരുന്നു. അയാളുടെ ഇഷ്ടം ആരും ചോദിച്ചില്ല അയാള്‍ പറഞ്ഞും ഇല്ല.
ജാതകവും സഥിതിയും നോക്കി അവളിറങ്ങിപ്പോവാന്‍ വയസ് ഇരുപത്തെട്ടായിരുന്നു എങ്കിലും ഉള്ളാലെ അയാള്‍ സന്തോഷിച്ചു. അക്കാലമത്രയും അമ്മയുടെ നാവില്‍ നിന്ന് നിന്‍റെ കാര്യം എന്തുവേണം മോനേ എന്നൊരു വാക്ക് അബദ്ധത്തില്‍ പോലും വന്നിരുന്നില്ല…അയാള്‍ അത് ആഗ്രഹിച്ചിരുന്നെങ്കിലും…
വര്‍ഷത്തിലൊരു മാസം എന്ന കണക്കിന് നാട്ടില്‍ വന്ന് വിവാഹദല്ലാളന്‍മാര്‍ക്ക് കാശുകൊടുത്തതുകൊണ്ട് കാര്യമില്ലെന്ന് ബോധ്യമായതിനാലും..ഇനി നാട്ടില്‍ വന്ന് പെണ്ണുകെട്ടി ഇവിടെ ജീവിക്കെടാ എന്ന ഉപദേശം കൂട്ടുകാരനില്‍ നിന്ന് കിട്ടിയതിനാലും മുപ്പത്തിനാലാം വയസ്സിലയാള്‍ ആ മുറിയോടും, അവിടുത്തെ ചൂടിനോടും വിട പറഞ്ഞു…
സര്‍ …വെയ്റ്ററുടെ വിളി അയാളെ ഉണര്‍ത്തി. ഓര്‍ഡര്‍ എത്തിയിരിക്കുന്നു…പെരുംജീരകത്തിന്‍റെയും കറുവപ്പട്ടയുടെയും എരിവുള്ള മണം ബിയറിന്‍റെ പിന്‍ബലത്തോടെ അയാളുടെ വയറിനെ നീറ്റി. സ്പൂണ്‍ കൊണ്ട് കോരി ചൂടുള്ള രണ്ടു വലിയ കഷണം മാംസം അയാള്‍ വായിലിട്ടു.
ചൂടല്‍പ്പം കൂടുതലാണെങ്കിലും സുഖദവും പുതുമയാര്‍ന്നതുമായ അതിന്‍റെ രുചി അറിയാതെ ഒരു ചിരി അയാളില്‍ വിടര്‍ത്തി. ഗ്ലാസിലെ ശേഷിച്ച ബിയര്‍ കൂടി വലിച്ച് കുടിച്ച അയാള്‍ അടുത്ത ഒരു ബിയര്‍ കൂടി പറഞ്ഞ് ഒരു സിഗരറ്റിന് തീ കൊളുത്തി. പെങ്ങളുടെ കോള്‍ അയാള്‍ ഓര്‍ത്തു.
വീടുപണിക്ക് അഞ്ചുലക്ഷത്തോളംരൂപ കൂടി വേണം. അമ്മ മരിച്ച ശേഷം പോയിട്ട് ഓണത്തിനും വിഷുവിനും വന്ന് മുഖം കാണിച്ച് പോയവളാണ്…കുഞ്ഞ് ചെറുതാണല്ലോ അവിടെ ആണെങ്കില്‍ ആളുണ്ടല്ലോ അവനെ നോക്കാന്‍…ഇവിടെ വന്നിട്ടാരാ..?
പണ്ട് വാട്സാപ്പ് മെസ്സേജ് അയക്കാറുള്ള അളിയന്‍ ഇപ്പോള്‍ അതും ഇല്ല…വൈകാതെ മാര്‍ദ്ദവമേറിയ ആ ശബ്ദം കേള്‍ക്കാം…കാശിന് ആവശ്യം ഉണ്ടല്ലോ ? അയാള്‍ ഓര്‍ത്തു. മൂന്നു സിഗരററും രണ്ട് ബിയറും ആയി. സമയം പത്ത് ഒരു മണിക്കൂര്‍ കൂടിയുണ്ട്.
മാര്‍ദ്ദവമേറിയ ആ ചെയറില്‍ പിന്നോട്ട് ചാഞ്ഞിരുന്ന് അയാള്‍ ആലോചിച്ചു. ആ പറഞ്ഞ പണം കൊടുത്തേക്കാം. അക്കൗണ്ട് വെടിപ്പാക്കാന്‍ പിന്നെ അധികം അധ്വാനം വേണ്ടല്ലോ…ആര്‍ക്കാണ്…ശമ്പളം ഉണ്ട് ,ആരോഗ്യം (ഉണ്ടോ ) ഉണ്ട്…ഒരു ചോക്ലേറ്റിനോ, സാരിക്കോ വേണ്ടി ചിണുങ്ങാന്‍ തനിക്ക് ആരും ഇല്ലല്ലോ ?കൊടുത്തേക്കാം…
ബില്‍ വന്നു. നൂറില്‍ കുറയാത്ത ടിപ്പ് കിട്ടിയ സന്തോഷം വെയ്റ്ററുടെ മുഖത്ത് കാണാം. അത് ഒരു പൊതി പലഹാരം ആയി അയാളുടെ വീട്ടിലെ ഏതെങ്കിലും ഒരു കുഞ്ഞു കയ്യിലെത്തുന്നത് അയാള്‍ ഉള്‍പ്പുളകത്തോടെ ഓര്‍ത്തു.
കാറില്‍കയറിയ നേരം ഫോണെടുത്തപ്പോള്‍ അയാള്‍ ഒന്നുകൂടി ഓര്‍ത്തു…ഈ പന്ന…ന്‍ ഏത് കാട്ടില്‍ പോയി കിടക്കുന്നു…ഇന്നവന്‍റെ വീട്ടില്‍ ചെന്ന് നാല് പറയണം…വാടക വീടാണ് ഒച്ചയടക്കെടാ എന്നവന്‍ പറയുമായിരിക്കും…സാരമില്ല ഇറക്കിവിട്ടാല്‍ പോരേ എന്‍റെ വീട്ടിലോട്ടെന്ന് പറയാം…
ലക്ഷ്മി മോള്‍ക്ക് ചോക്ലേറ്റ് വാങ്ങണം…രണ്ടാഴ്ച്ചമുന്‍പ് അവനെയും ലക്ഷിയെയും അവളെയും കൂട്ടി പെണ്ണു കാണാന്‍ പോയപ്പോള്‍ അവള്‍ വേണമെന്നുപറഞ്ഞ് വാങ്ങികൊടുത്ത ചോക്ലറ്റ് അയാള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു…
വീട്ടുകാരെ വെറുപ്പിച്ച് വന്ന അവളുടെയും അവന്‍റെയും കല്യാണം അവധിക്കാലത്ത് നടത്തിയതും അടുത്തവര്‍ഷം അവധിക്കാലത്ത് ലക്ഷമിമോളുടെ ഇരുപത്തെട്ടിന് അവളുടെ കുഞ്ഞിക്കയ്യില്‍ അവള്‍ക്ക് ആകെ കിട്ടിയ പൊന്നിന്‍വള ഇടീച്ചതും അയാള്‍ ഓര്‍ത്തു.
കടയെല്ലാം അടച്ചല്ലോ ചോക്ലേറ്റിനെന്തുചെയ്യും? കുഞ്ഞുറങ്ങിയിരിക്കും, നാളെ വാങ്ങി കൊടുക്കാം. ഇന്നലെ ഒത്തില്ല ഇനി ഇന്ന് കൊണ്ടുപോയി കുടിപ്പിക്കാനായിരിക്കും എന്ന അവളുടെ ചോദ്യവും മനസ്സിലെത്തി. അയാള്‍ ഊറിച്ചിരിച്ചുകൊണ്ട് വണ്ടി വളവ് തിരിച്ചു അരകിലോമീറ്റര്‍ കൂടി മതി അവിടെ എത്താന്‍…
അത്ര നല്ല ഒരു സ്ഥലമല്ല…വീട് വേറെങ്ങോട്ടെങ്കിലും മാറാന്‍ പറയുമ്പോള്‍ വാടക നീ കൊടുക്കണം എന്നാണ് പറയാറ്…കഴിഞ്ഞ പ്രാവശ്യം ലക്ഷ്മി സ്കൂളില്‍ ചേരാറാവുമ്പോളാവാം എന്നായിരുന്നു….മനസ്സില്‍ അവനെ പറയാനുള്ള തെറിയെല്ലാം സ്വരുക്കൂട്ടി അയാള്‍ വണ്ടി ബ്രേക്കിടുമ്പോഴാണ് മുറ്റത്ത് ആള്‍ക്കൂട്ടവും വെളിച്ചവും…
ഇതെന്താണെന്നു മനസ്സിലോര്‍ത്ത് അയാള്‍ ഇറങ്ങി…അയല്‍വാസികളെ എല്ലാവരെയും അയാള്‍ക്കറിയില്ല അപ്പോഴാണ് അവന്‍റെ കൂടെ ജോലി ചെയ്യുന്ന ആ കഷണ്ടി അക്കൗണ്ടന്‍റ് അടുത്ത് വന്നത്…അയാളെ ഒരിക്കല്‍ ബാറില്‍ വെച്ചുകണ്ടത് അയാള്‍ ഓര്‍ത്തു…അയാള്‍ വന്ന് കയ്യില്‍ പിടിച്ച് പറഞ്ഞു…ഞാന്‍ ഇപ്പഴാണ് വന്നത് നമ്പര്‍ എന്‍റെ കയ്യിലില്ലായിരുന്നു. അതാണ് അറിയിക്കാഞ്ഞത്.
വീകെന്‍റല്ലേ ജോലി കഴിഞ്ഞ് ഇറങ്ങാനവന്‍ വൈകി…രണ്ടുമണിക്കൂര്‍ മുന്‍പ് ടൗണില്‍ വച്ച് ഒരു ബസ്സ് ഓപ്പൊസിറ്റ് വന്നതാ…അവന്‍…അയാള്‍ നിര്‍ജ്ജീവമായി ചോദിച്ചു…എവിടെയാണ്…മെഡിക്കല്‍കോളേജില്‍ കൊണ്ടുപോയി, അവിടെ എത്തി അധികം കഴിഞ്ഞില്ല. അയാള്‍ ഒന്നും മിണ്ടാതെ കാറില്‍ പോയി ഇരുന്നു.
മരവിപ്പല്ല…അയാള്‍ക്കെന്താണെന്ന് അയാള്‍ക്കുതന്നെ അറിയുമായിരുന്നില്ല. ആളുകള്‍ കൂടിത്തുടങ്ങി…അവന്‍റെ വീട്ടുകാരും വന്നു. അമ്മ കരഞ്ഞുകൊണ്ട് അകത്തോട്ടു പോകുന്നത് കണ്ടു. അവന്‍റെ അനിയന്‍ പകയോടെ അയാളെ നോക്കിക്കൊണ്ട് മുറ്റത്തേക്ക് കയറിപ്പോയി…
അവര്‍ക്കിഷ്ടമില്ലാത്ത ആ വിവാഹം നടന്നതു മുതല്‍ അയാള്‍ അവര്‍ക്ക് ശത്രു ആയിരുന്നല്ലോ..? സ്വന്തം കുടുംബം പോലെ ആയിരുന്നു, അത് അന്യമായി. അന്യമതസ്ഥയെങ്കിലും അവനിഷ്ടപ്പെട്ട ഒരുവളെ അവനോടൊപ്പം ചേര്‍ത്തതായിരുന്നു അയാള്‍ ചെയ്ത തെറ്റ്…
സ്വന്തം ഏട്ടനെ വെറുത്ത് വിവാഹം പോലും വിളിക്കാഞ്ഞ ഒരുവന്‍ തന്നോടങ്ങനെ പെരുമാറിയില്ലെങ്കിലെ അത്ഭുതം ഉള്ളു എന്നയാള്‍ക്ക് തോന്നി…
അവളെയും ലക്ഷമിമോളെയും കാണാനില്ല…അകത്തുണ്ടായിരിക്കും…അങ്ങോട്ട് പോകാന്‍ വയ്യ…
മൂന്നാം ക്ലാസ്സില്‍ കോങ്കണ്ണന്‍ മാസ്റ്ററുടെ ക്ലാസ്സില്‍ ചെന്ന ആദ്യത്തെ ദിവസം അവസാനത്തെ ബെഞ്ചില്‍ അടുത്ത് വന്ന് ഇരുന്നപ്പോള്‍ തുടങ്ങിയ ബന്ധം…ഒരാഴ്ച്ച കഴിഞ്ഞ് ‘നിങ്ങളെ ഇരട്ടപെറ്റതാണോടാ’ എന്ന് ചോദിച്ച് മാറ്റിയിരുത്തിയിട്ടും ഇന്നലെ വിളിച്ച് വയ്ക്കുന്നതുവരെ അവന്‍ അയാളുടെ ഇരട്ടയായിരുന്നു.
ആശുപത്രിയില്‍ നിന്ന് ആമ്പുലന്‍സ് വന്നുനിന്നു…അതിനുമുന്‍പെ അവന്‍റെ അനിയനും കുടുംബക്കാരും ശരീരം വീട്ടില്‍ കൊണ്ടുപോവാന്‍ തീരുമാനിച്ചിരുന്നു. കരയുന്ന ലക്ഷമിമോളെയും കൊണ്ട് അവന്‍റെ അനിയന്‍ കാറില്‍ കയറുമ്പോള്‍ അയാള്‍ കണ്ടത് അലമുറയിടുന്ന അവളെയാണ്…
താടിയെല്ലുകള്‍ തീക്ഷ്ണം ആയി ഞെരിച്ചു മുറുക്കിയ അയാള്‍ വീടിനകത്തു കയറി അവളെ താങ്ങിയെണീപ്പിച്ചു. അവളെ പിന്‍സീറ്റില്‍ കയറ്റുമ്പോള്‍ അയാള്‍ അറിയാതെ കരഞ്ഞുപോയി…അവിടെ കൂടിനിന്നവരും…ആമ്പുലന്‍സ് അപ്പോഴെക്കും വിട്ടു പോയിരുന്നു…
അയാള്‍ അവന്‍റെ വീടിനെ ലക്‌ഷ്യമാക്കി വണ്ടി പറത്തി. അവിടെയെത്തുമ്പോഴേക്കും അവര്‍ ആ ശരീരം കര്‍മ്മങ്ങള്‍ക്ക് എടുത്തിരുന്നു. വണ്ടിയില്‍ നിന്ന് ഇറങ്ങിയ അയാള്‍ ഒന്നേ പറഞ്ഞുള്ളൂ
‘ഈ കിടക്കുന്നത് അവന്‍റെ ഭാര്യയാണ്, അകത്തുള്ളത് അവന്‍റെ മകളും…സംശയം ഉണ്ടോ ? ഇവള്‍ അകത്തു കയറും അതിനുള്ള അവകാശം അവള്‍ക്കുണ്ട് ‘.
ആരും ഒന്നും പറഞ്ഞില്ല…അയാള്‍ അവളെയും താങ്ങി മുറ്റത്തെ പന്തലില്‍ കയറി. അവളെ അവനടുത്ത് ഇരുത്തി…എവിടെ നിന്നോ വന്ന ഊര്‍ജ്ജം എടുത്ത് അവള്‍ അലമുറയിട്ടു. അകത്തുനിന്ന് ഓടിവന്ന ലക്ഷമി മോള്‍ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു.
എല്ലാവരും സ്തബ്ധരായി നില്‍പ്പാണ്. ഇനി എന്താണെന്ന ചിന്ത അവരെയും ഉലച്ചിരുന്നു. അയാള്‍ ആ കുഞ്ഞിനെ എടൂത്ത് അവന്‍റെ അനിയന്‍റെ അടുത്ത് ചെന്ന് പറഞ്ഞു. കര്‍മ്മങ്ങള്‍ എന്താണെന്നുവച്ചാ തുടങ്ങ് ഉണ്ണീ. മുളചീന്തും പോലെ ഒരു കരച്ചിലോടെ അവന്‍ അയാളെ കെട്ടിപ്പിടിച്ചു. അന്ത്യകര്‍മ്മങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഉച്ചയായിരുന്നു.
ബാക്കി കാര്യങ്ങളെല്ലാം ബന്ധുക്കള്‍ കൂടി തീരുമാനിച്ചു. അതിനു ശേഷം അയാള്‍ ഉണ്ണിയോടായി ചോദിച്ചു…ഇവളുടെയും കുഞ്ഞിന്‍റെയും കാര്യം ??
പെട്ടന്നായിരുന്നു മറുപടി കുഞ്ഞിനെ ഞങ്ങള്‍ നോക്കിക്കൊള്ളാം. പക്ഷെ ആ സ്ത്രീയെ ഇനി ഇതിനകത്ത് കയറ്റാന്‍ എന്നോട് പറയരുത്. അകത്ത് ഇരുന്ന അവള്‍ അത് മനസ്സിലായെന്നവണ്ണം അയാളെ നിര്‍ജ്ജീവമായി നോക്കി.
എന്തോ നിശ്ചയിച്ചുറപ്പിച്ചപോലെ അയാള്‍ അകത്തു ചെന്ന് അവളെ താങ്ങി എണീപ്പിച്ചു അവളുടെ നൈറ്റിത്തുമ്പില്‍ തൂങ്ങി കരഞ്ഞ കുഞ്ഞിനെ അയാള്‍ വാരിയെടുത്തു.
‘അത് ഇവിടുത്തെ ചോരയാ ‘ എന്നു പറഞ്ഞ ഒരു കാരണവര്‍ ക്ഷീണിതയെങ്കിലും ദഹിപ്പിക്കാന്‍ പോന്ന അവളുടെ നോട്ടത്തില്‍ ചൂളിപ്പോയി. ഇറങ്ങുമ്പോള്‍ അയാള്‍ അവന്‍റെ അമ്മയോടായി പറഞ്ഞു…
വിധിപ്രകാരമുള്ള കര്‍മ്മങ്ങള്‍ക്ക് ഞാന്‍ ഇവരെയും കൂട്ടി ഇവിടെ വരും…ഇനിയും ആര്‍ക്കെങ്കിലും ഇവരെ കാണണമെങ്കില്‍ എന്‍റെ വീട്ടില്‍ വരാം…ആ മൂന്നു പേരും പടിയിറങ്ങി…ഒരാളും നോട്ടം കൊണ്ടുപോലും എതിര്‍ത്തില്ല…ധൈര്യപ്പെട്ടില്ല എന്ന് പറയാം.
റിയര്‍വ്യൂമിററിലൂടെ അവരെ അയാള്‍ നോക്കുമ്പോള്‍ കുഞ്ഞ് അവളുടെ മടിയിലിരുന്നുറങ്ങുകയായിരുന്നു. വഴിയില്‍ നിര്‍ത്തി അയാള്‍ ഒരു കുപ്പി തണുത്തവെള്ളം വാങ്ങി അവള്‍ക്ക് നീട്ടി. അതുവാങ്ങി കുടിക്കുമ്പോള്‍ അവളേക്കാള്‍ ആശ്വസിച്ചത് അയാളായിരുന്നു.
തൊട്ടടുത്ത വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി ഇറങ്ങുമ്പോഴാണ് അളിയന്‍റെ കോള്‍. അളിയാ…ഞാന്‍ എത്ര പ്രാവശ്യം വിളിച്ചു..?ഞാന്‍ വേറൊരു തിരക്കിലായിരുന്നു അളിയാ..കാശിന്‍റെ കാര്യത്തിനല്ലേ..?തല്‍ക്കാലം കുറച്ച് ടൈറ്റാണ്…അളിയന്‍ ലോണ്‍ വല്ലതും നോക്ക്…
ഒരു കുടുംബം ആയാലുള്ള ചെലവ് അളിയനറിയാമല്ലോ ??
അപ്പുറത്ത് നിന്ന് മറുപടി എന്തെങ്കിലും വരുന്നതിനു മുന്‍പേ അയാള്‍ ഫോണ്‍ കട്ട് ചെയ്ത് കാറില്‍ കയറിയിരുന്നു.