ഡിസംബറിലെ മഞ്ഞുതുള്ളി
രചന: ഷിജു കല്ലുങ്കൻ
‘ഹായ് സിദ്ധാർഥ്!’
ഡ്യൂട്ടി കഴിഞ്ഞിറങ്ങുമ്പോൾ ആണ് ശ്രദ്ധിച്ചത് വാട്സാപ്പ് കൗണ്ടറിൽ വളരെ അപ്രതീക്ഷിതമായി വന്ന മെസ്സേജ്.
‘ഞാൻ ഉത്തരയാണ്, ഓർക്കുന്നുണ്ടോ എന്നെ?’
‘തിരക്കൊഴിയുമ്പോൾ ഒന്നു വിളിക്കുമോ?’
അങ്ങനങ്ങു മറന്നു കളയാൻ പറ്റുന്ന മുഖം അല്ലാത്തതുകൊണ്ട് നന്നായി ഓർക്കുന്നു ഉത്തരയെ!
ഒരു വർഷം മുൻപ് നാട്ടിലേക്കു പോകാൻ അവധി ഏറക്കുറെ ശരിയായി നിൽക്കുന്ന സമയം. വിവാഹത്തിനു ശേഷം ആദ്യമായി നാട്ടിലേക്ക് പോകുന്നതായതുകൊണ്ടാണ് ഒരു ദിവസം അവധിയെടുത്ത് ഷോപ്പിംഗിന് ഇറങ്ങിയത്.
ഷോപ്പിംഗ് ഏറെക്കുറെ കഴിഞ്ഞ സമയത്താണ് മീനേച്ചിയുടെ കാൾ വന്നത്.
“എടാ സിദ്ധു, നിന്റെ ഷോപ്പിംഗ് കഴിഞ്ഞോ?
“ഹാ… ഏറെക്കുറെ, എന്താ മീനേച്ചീ..?”
“എടാ നീ എയർപോർട്ട് വരെയൊന്നു പോകുമോ? നാട്ടിൽ നിന്ന് ഒരു കുട്ടി വരുന്നുണ്ട്, എനിക്ക് സമയത്ത് ഇറങ്ങാൻ പറ്റിയെന്നു വരില്ല, നീ ഒന്നു ഒന്നു പിക് ചെയ്യുമോ?”
മീനേച്ചി പറഞ്ഞാൽപ്പിന്നെ വയ്യ എന്നു പറയാൻ പറ്റില്ല, ഈ അന്യനാട്ടിൽ വല്ലപ്പോഴും നാടൻ ഭക്ഷണം കഴിക്കുന്നത് അവരുണ്ടാക്കിത്തരുമ്പോഴാണ്.
എയർപോർട്ടിൽ എത്തുമ്പോഴേക്കും ഫ്ലൈറ്റ് വന്ന് കുറച്ചധികം സമയം കഴിഞ്ഞിട്ടുണ്ടായിരുന്നു. തനിക്കു വേണ്ടി കാത്തുനിൽക്കുന്ന പെൺകുട്ടിയെ കണ്ടപ്പോൾ അതിശയം തോന്നി. ഇത്രയൊക്കെ സൗന്ദര്യം ഉള്ള പെൺകുട്ടികൾ നമ്മുടെ നാട്ടിലും ഉണ്ടല്ലോ എന്നോർത്തപ്പോൾ ലേശം അഹങ്കാരവും.
അന്ന് മീനേച്ചിയുടെ വീട്ടിൽ അവളെ ഡ്രോപ്പ് ചെയ്തു മടങ്ങിയ ശേഷം ഒരിക്കൽക്കൂടി അവളെ കണ്ടിരുന്നു.
നാലു മാസങ്ങൾക്കു മുൻപ് മീനേച്ചി പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുമ്പോൾ യാത്ര പറയാൻ റൂമിൽ എത്തുമ്പോൾ.
കണ്ടപ്പോൾ ഒന്നു പുഞ്ചിരിച്ചു. ഒരു ഹായ് പറഞ്ഞു. പിന്നെ എന്നോടൊന്നും സംസാരിക്കാൻ മുതിരാതെ മീനേച്ചിയോട് യാത്ര പറഞ്ഞ് അവൾ പോയിക്കഴിഞ്ഞപ്പോൾ ചേച്ചി ചോദിച്ചു.
“സിദ്ധു നീ അറിയില്ലേ ഉത്തരയെ?”
“ഉം…. അന്നു പിക് ചെയ്ത കുട്ടിയല്ലേ?”
“ആഹ്… പിന്നെന്താ ഒന്നും മിണ്ടാത്തത്?”
“ഹെന്റമ്മോ…. എന്നാ ജാഡയാ ചേച്ചി, ഇതുപോലെ ഒടുക്കത്തെ സൗന്ദര്യം ഉള്ള പെണ്ണുങ്ങൾക്ക് കൂടപ്പിറപ്പായിക്കിട്ടുന്നതാ ഈ ജാഡ…. നമുക്ക് മിണ്ടണ്ടായേ…”
“ഹേയ്…. ഈ കുട്ടി ഒരു പാവമാടാ….. നീ പറഞ്ഞ ഈ സൗന്ദര്യം ഉണ്ടല്ലോ അതാണ് അവളുടെ ഭയം…. ആണുങ്ങളുടെ നോട്ടം പോലും ഭയമാണ് അവൾക്ക്…..മാളത്തിൽ ഒളിച്ചപോലെയുള്ള ജീവിതം.”
“അപ്പോ ആണുങ്ങളെ കണ്ടിട്ടില്ലാത്ത ജാതിയാ? ” ഞാൻ ചിരിച്ചു കൊണ്ടു ചോദിച്ചു.
“ഒന്നു പോടാ…… ഒരു കണക്കിനു നീയും അവളും തുല്യദു:ഖിതരാ….. കല്യാണം കഴിഞ്ഞു രണ്ടു മാസം തികയും മുൻപേ ഫ്ലൈറ്റ് കയറിയതാ ആ കൊച്ചും….”
“ആഹാ…. കല്യാണം കഴിഞ്ഞതാണോ?”
“പിന്നെ നീയെന്താ ഓർത്തേ….. കൊച്ചു പെങ്കൊച്ചാ ഒലിപ്പിച്ചോണ്ട് പിറകേ നടക്കാം എന്നാണോ..?”
“അയ്യോ ഞാനില്ലേ….” ചിരിച്ചു കൊണ്ട് തന്നെ കൈകൂപ്പി ഞാൻ.
ചേച്ചി പോയതോടെ ഉത്തരയെ ഏറെക്കുറെ മറന്നു പോയിരുന്നു. വാട്സാപ്പിൽ മെസ്സേജ് വന്ന നമ്പറിലേക്ക് പെട്ടെന്നു തന്നെ തിരിച്ചു വിളിച്ചു.
“ഹലോ… ഉത്തരാ… ഇത് സിദ്ധാർഥ് ആണ്..”
“ഹലോ സിദ്ധാർഥ് സുഖമാണോ?”
“ഉം…. എന്റെ നമ്പർ എവിടുന്നു കിട്ടി?”
“മീനേച്ചി പോയപ്പോൾ തന്നിട്ടു പോയതാണ്, എന്തെങ്കിലും സഹായം വേണമെങ്കിൽ വിളിച്ചാൽ മതി എന്നു പറഞ്ഞു.”
“എന്താണാവോ സഹായം വേണ്ടത്?”
“അത്…..”
“പറഞ്ഞോളൂ….”
“എന്റെ വിസ പുതുക്കാൻ കൊടുത്തിരുന്നു, പക്ഷേ എന്തോ ടെക്നിക്കൽ പ്രോബ്ലം ഉണ്ട് നേരിട്ടു ഹാജരാകണം എന്നു മെസ്സേജ് വന്നു.”
“ഉം….”
“എനിക്ക് ഇവിടെ ആരെയും പരിചയം ഇല്ല…. ഇവരുടെ ഭാഷ ശരിക്കും കൈകാര്യം ചെയ്യാനും അറിയില്ല…..”
“അതുകൊണ്ട്….?”
“സിദ്ധാർഥ് ഒന്നു വരുമോ എന്റൊപ്പം…. എംബസി ഓഫീസ് സിദ്ധാർഥ് ജോലി ചെയ്യുന്ന ടൗണിൽ അല്ലേ..?”
“അതേ എന്റെ അടുത്താണ് …. എപ്പോ ചെല്ലാനാ പറഞ്ഞത്?”
“ടൈം അവരു തന്നിട്ടില്ല അഞ്ചു ദിവസത്തിനുള്ളിൽ എന്നാണ് പറഞ്ഞത്.”
“ഒരു കാര്യം ചെയ്യൂ….. നാളെ രണ്ടു മണിക്ക് വരാൻ പറ്റുമോ എന്നു നോക്കു, പറ്റുമെങ്കിൽ ഞാൻ അപ്പോയ്ന്റ്മെന്റ് എടുക്കാം.”
“വരാം സിദ്ധാർഥ്…”
നന്ദി പറഞ്ഞ് അവൾ ഫോൺ വയ്ക്കുമ്പോൾ മനസ്സിൽ ചെറിയൊരു സന്തോഷം തോന്നി.
കുറേ നാളുകളായി വല്ലാത്തൊരു മടുപ്പ്! എല്ലാം പ്ലാൻ ചെയ്തിട്ടു നാട്ടിൽ പോകാൻ പറ്റാത്തതിന്റെ നിരാശ. മോളുണ്ടായിട്ട് ആ മുഖം ഇതുവരെ ഒന്നു നേരിൽക്കാണാൻ കഴിഞ്ഞിട്ടില്ല.
വെറും യാന്ത്രികമായി മാറിയിരിക്കുന്നു ജീവിതം. ജോലിക്കു പോകുന്നു, വരുന്നു, കിടന്നുറങ്ങുന്നു, വീണ്ടും അതേ ആവർത്തനങ്ങൾ ഭക്ഷണം പോലും രുചിയോടെ കഴിക്കാൻ കഴിയുന്നില്ല.
ഈ മഹാമാരിയുടെ കാലം പെട്ടെന്നു കടന്നു പോകും, ഉടനേ തന്നെ നാട്ടിൽ പോയി ഭാര്യയെയും കുഞ്ഞിനേയും മറ്റു ബന്ധുക്കളെയും കാണാൻ കഴിയും എന്ന് ഓരോ ദിവസവും മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.
ഉത്തരയുമായുള്ള ഇന്നത്തെ സംസാരത്തിനു ശേഷം ശാന്തമായൊഴുകുന്ന പുഴയിൽ പെട്ടെന്ന് ഒരു കുഞ്ഞോളം ഉണ്ടായപോലൊരു തോന്നൽ. അത് മനസ്സിനും ശരീരത്തിനും വല്ലാത്തൊരു ഉണർവ്വ് നൽകി.
പിറ്റേന്ന് ഡ്യൂട്ടി കഴിഞ്ഞ് എംബസി ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിനു മുന്നിൽ എത്തുമ്പോൾ ഉത്തര കാത്തു നിൽക്കുകയായിരുന്നു. ആഭരണങ്ങൾ ഒന്നും തന്നെയില്ലാതെ നീല ജീൻസും വെള്ള ടോപ്പും ധരിച്ചു നിൽക്കുന്ന അവളുടെ സൗന്ദര്യം ആരെയും ഒന്നിളക്കാൻ പോന്നതായിരുന്നു.
‘അടങ്ങി നിൽക്ക് ‘ എന്ന വിലക്ക് മനസ്സ് അംഗീകരിച്ചാലും എപ്പോ വേണമെങ്കിലും കൈവിട്ടു പോകാൻ തയ്യാറായി നിൽക്കുകയാണ് ശരീരമെന്ന് എനിക്കു തോന്നി. വിവാഹം കഴിഞ്ഞിട്ടു രണ്ടു വർഷങ്ങൾ പിന്നിടുമ്പോഴും രണ്ടു മാസങ്ങൾ മാത്രം ഭാര്യയോടൊപ്പം കഴിഞ്ഞതിന്റെ ബുദ്ധിമുട്ട് ശരീരം നന്നായി അനുഭവിക്കുന്നുണ്ട്.
വിസയിൽ വന്ന പിശക് പരിഹരിച്ചെടുക്കുക അത്ര നിസാരമായ കാര്യമല്ല എന്നത് ഓഫീസിനുള്ളിൽ കടന്ന് അല്പ സമയത്തിനുള്ളിൽ മനസ്സിലായി. എത്ര ഓടിനടന്നു പരിശ്രമിച്ചിട്ടും നാളെ വരിക എന്ന മറുപടി ആയിരുന്നു അവസാനം കാത്തിരുന്നത്.
ഓഫീസിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഉത്തരയുടെ മുഖഭാവം നിരാശയും ഭയവും കലർന്നതായിരുന്നു.
“സാരമില്ലടോ….. നാളെ രാവിലെ 9 മണിക്കല്ലേ അപ്പോയ്ന്റ്മെന്റ്, നാളെ പരമാവധി ഒരു മണിക്കൂർ അതിൽക്കൂടുതൽ നീളില്ല. താൻ പോയിട്ട് രാവിലെ വന്നാൽ മതി.”
“അതു നടക്കില്ല സിദ്ധാർഥ്….. ഇന്ന് ഇവിടെ തങ്ങിയേ പറ്റൂ…. “
“പോയി വരാനുള്ള ദൂരമല്ലേ ഉള്ളൂ ഉത്തരാ…. ഇത് നമ്മുടെ നാടൊന്നും അല്ലല്ലോ, രാത്രിയായാലും ഒന്നും ഭയപ്പെടാനില്ല.”
“എനിക്ക് പേടിയാ….. ഇങ്ങോട്ടു പോരുമ്പോൾ പോലിസ് ചെക്കിങ്… വിസ കാലാവധി തീർന്ന പാസ്പോർട്ട് കാണിച്ച് എംബസിയിൽ പോകുകയാണ് എന്നു പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല. ഞാൻ പറഞ്ഞത് അവർക്കു മനസ്സിലായി പോലുമില്ല. ഒരു വിധത്തിൽ ആരുടെയൊക്കെയോ സഹായം കൊണ്ടാണ് രക്ഷപെട്ടത്…..”
ഉത്തര പറഞ്ഞത് നൂറു ശതമാനം ശരിയാണ്. കാലാവധി തീർന്ന വിസയുമായി പിടിക്കപ്പെട്ടാൽ ശിക്ഷ ഉറപ്പ്.
“പക്ഷേ ഉത്തര….. വിസയില്ലാത്ത തനിക്ക് തങ്ങാൻ ഒരു റൂം എടുക്കുന്നത് എങ്ങനെ?”
“ഇന്നൊരു ദിവസത്തേക്ക് തങ്ങാൻ എനിക്ക് സിദ്ധാർഥിന്റെ റൂമിൽ ഇത്തിരി ഇടം തന്നൂടെ?”
“അയ്യോ….. ഞാൻ ഒറ്റക്കെയുള്ളൂ….. അതും ഒരൊറ്റ റൂം മാത്രം….”
“പ്ലീസ്…. എനിക്ക് പോകാൻ വേറെ മാർഗം ഇല്ല സിദ്ധാർഥ്…”
“അയ്യോ ഉത്തര…… അങ്ങനെയല്ല ഞാൻ ഉദ്ദേശിച്ചത് ….താൻ എന്നോടൊപ്പം ഒരു മുറിയിൽ ഒരു രാത്രി….”
“സിദ്ധാർഥ്….. എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഇന്നത്തെ രാത്രി എനിക്ക് വിശ്വസിച്ചു തങ്ങാൻ പറ്റിയ ഒരിടം ഉണ്ടെങ്കിൽ അതു നിങ്ങളോടൊപ്പം മാത്രമാണ്..”
എനിക്ക് മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല.
സമയം അഞ്ചു മണി ആകുന്നതേയുള്ളൂ. ഡിസംബർ മാസത്തിലെ ശൈത്യം സഹിക്കാൻ നിൽക്കാതെ സൂര്യൻ നേരത്തേ ചക്രവാളത്തിലേക്ക് പോയി മറഞ്ഞിരിക്കുന്നു. അരിച്ചിറങ്ങുന്ന ഇരുളിനോടൊപ്പം നേർത്ത മഞ്ഞും ഇടകലർന്ന് ശരീരത്തെ പൊതിഞ്ഞു നിൽക്കുന്ന തണുപ്പിലും ഉത്തരയുടെ നെറ്റിയിലൂടെ വിയർപ്പു തുള്ളികൾ ചാലിട്ടൊഴുകുന്നത് ഞാൻ കണ്ടു.
രാത്രി എന്റെ കൊച്ചുമുറിയിലെ ഒറ്റക്കട്ടിലിൽ ഒരേ കമ്പിളിപ്പുതപ്പിനുള്ളിൽ അടുത്തടുത്തു കിടക്കുമ്പോൾ ഞാൻ ഉത്തരയോട് ചോദിച്ചു.
“ഉത്തരാ … ശരത്തിന് അറിയുമോ താൻ ഇന്ന് ഇങ്ങോട്ടു വന്നതും ഇവിടെ തങ്ങേണ്ടി വന്നതും?”
“ഇല്ല സിദ്ധാർഥ്…. ഞങ്ങളുടെ വിവാഹം കഴിഞ്ഞ അന്നുമുതൽ ശരത് ആണ് എന്റെ ഏറ്റവും നല്ല ഫ്രണ്ട്….. ഓരോ ചെറിയ കാര്യങ്ങൾ പോലും ഞങ്ങൾ തമ്മിൽ പങ്കുവയ്ക്കും പക്ഷേ ഇന്ന്……”
“പറയാതിരിക്കുന്നതാണ് നല്ലത് ഉത്തര….. എത്ര നന്നായി മനസ്സിലാക്കുന്ന ഒരു പുരുഷൻ ആണെങ്കിലും ഇതുപോലൊരു സാഹചര്യം മനസ്സുകൊണ്ട് അംഗീകരിച്ചു എന്നു വരില്ല…”
ഞാൻ വർഷയെക്കുറിച്ച് ആലോചിച്ചു. പാവം മോളെയും അടുത്തു കിടത്തി സുഖമായി കിടന്നുറങ്ങുന്നുണ്ടാവും. അവളോടൊത്തുറങ്ങിയ രണ്ടു മാസങ്ങൾ ഓർമ്മയിലേക്ക് വസന്തം പോലെ വിരുന്നു വന്നു.
എനിക്ക് അവൾ വെറും വർഷയായിരുന്നില്ല… ഒരു വർഷകാലം തന്നെയായിരുന്നു.
എന്റെ ചൂടു പിടിച്ച കൗമാരത്തിനും കത്തിജ്വലിച്ചു നിന്ന യൗവ്വനത്തിനും മേൽ കുത്തിയൊലിച്ചു പെയ്തിറങ്ങിയ ഒരു വർഷകാലം…… ആ ഓർമ്മകൾ പോലും എന്റെ ഞരമ്പുകൾക്കു തീ പിടിപ്പിച്ചു.
രണ്ടു വർഷങ്ങൾ കടിഞ്ഞാണിട്ടു നിർത്തിയ മനസ്സ് ഒരിക്കലുമില്ലാത്ത വണ്ണം തുടിക്കുന്നു.
കൈവിരലുകളുടെ മാത്രം ദൂരത്തിൽ ഉത്തര! നാട്ടിൽ പോകുമ്പോൾ വർഷയ്ക്ക് കൊടുക്കാൻ വേണ്ടി വാങ്ങി വച്ച പുത്തൻ വസ്ത്രങ്ങളുടെ ഗന്ധമാണ് അവൾക്ക്!
അവൾ വെറുമൊരു പെണ്ണല്ല, ഏതൊരു പുരുഷന്റെയും മനസ്സിളക്കാൻ തക്ക അംഗലാവണ്യം ഉള്ള സുന്ദരിയായ പെണ്ണ്!
പതിയെ തല തിരിച്ചു നോക്കി. ഭിത്തിയിലെ സ്വിച്ച് ബോർഡിൽ ഉള്ള ചെറിയ എൽ ഇ ഡി ലാമ്പിന്റെ വെട്ടത്തിൽ അവളുടെ മുഖത്തിന്റെ ഒരു വശം മാത്രം കാണാം. ഉറങ്ങിയിട്ടില്ലെന്നു വ്യക്തം.
അല്ലെങ്കിലും ഇങ്ങനെയൊരു സാഹചര്യത്തിൽക്കിടന്നു പെട്ടെന്ന് സുഖമായി ഉറങ്ങാൻ ആർക്കാണ് കഴിയുക.
ഹൃദയത്തിന്റെ ചലനവേഗത്തിൽ സിരകൾക്കുള്ളിലൂടെ വിസ്‌ഫോടനം തീർത്തുകൊണ്ട് പ്രവഹിക്കുന്ന രക്തം എന്റെയുള്ളിൽ വികാരത്തിന്റെ വേലിയേറ്റം നടത്തി!
ഞാൻ പതിയെ ഒന്നുമറിയാത്തവനെപ്പോലെ അവൾക്കഭിമുഖമായി തിരിഞ്ഞു കിടന്നു. അറിഞ്ഞോ അറിയാതെയോ എന്റെ കാലുകൾ ഉത്തരയുടെ കാലുകളെ തൊട്ടുരുമ്മി.
അവളിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല!
ഉറങ്ങിപ്പോയോ…..? ഏയ്.. അങ്ങനെ വരാൻ വഴിയില്ല,….
ശ്വാസം പിടിച്ചു ശ്രദ്ധിച്ചു…. പെരുമ്പറ പോലെ മുഴങ്ങുന്ന അവളുടെ ഹൃദയതാളം വ്യക്തമായി കേട്ടു. കാലുകൾ തമ്മിലുള്ള സ്പർശനത്തിൽ പടരുന്ന തീയിൽ അവളുടെ നെഞ്ചും തുടിച്ചു തുള്ളുന്നത് ഞാൻ അറിഞ്ഞു.
സൃഷ്ടിയുടെ സ്വാതന്ത്രത്തിനുമേൽ സമൂഹം തീർത്ത സദാചാരത്തിന്റെ ചങ്ങലകൾ പതിയെപ്പതിയെ എന്റെ മനസ്സിൽ നിന്ന് അഴിഞ്ഞു വീഴാൻ തുടങ്ങി!
എന്റെ ഒരു നേരിയ ചലനം രണ്ടു ശരീരങ്ങൾക്കിടയിലുള്ള അകലം വീണ്ടും ഇല്ലാതാക്കി. അവളുടെ ശരീരത്തിന്റെ നേർത്ത വിറയൽ ഒരു തരംഗം പോലെ എന്നിൽ പ്രവഹിച്ചു.
ആരുമറിയാതെ കടന്നു പോകുന്ന ഒരു രാത്രി! ശരീരത്തിന്റെ മോഹങ്ങളെ യഥേഷ്ടം മേയാൻ വിട്ട് നാളെ ഒന്നുമറിയാത്തവരെപ്പോലെ രണ്ടു വഴിക്കു പോകുക.
പഠിച്ചും പറഞ്ഞും മനസ്സിൽ ഉറപ്പിച്ച പാപപുണ്യങ്ങളുടെ പാഠങ്ങളൊന്നും ശരീരത്തിന്റെ തൃഷ്ണക്കു മുന്നിൽ വിലപ്പോകുന്നില്ല!
ഞാൻ കിടന്ന കിടപ്പിൽ പതിയെ തല ഉയർത്തിയിട്ട് മുഖം പതിയെ ഉത്തരയുടെ പിൻകഴുത്തിനരുകിലേക്ക് ചേർത്തു………
കുനുകുനെ നനുത്ത സ്വർണ്ണരോമങ്ങൾ നിശ്വാസതാളത്തിനൊപ്പം ഇളകിക്കളിക്കുന്ന അവളുടെ പിൻകഴുത്തിൽ ഒരു ചുംബനം…..!!!!!….. അതു സംഭവിച്ചേനെ….ആ നിമിഷത്തിൽ ഫോൺ റിങ്ങു ചെയ്തില്ലായിരുന്നു എങ്കിൽ…..
നടുങ്ങി വിറച്ചു പോയി!
ഉത്തരയും നടുങ്ങിക്കൊണ്ട് ചാടി എഴുന്നേറ്റു!
“ആരാ….? ” അവളുടെ ശബ്ദത്തിൽ ഒരു വിറയൽ.
മറുപടി പറയാതെ കയ്യെത്തിച്ചു ഫോൺ എടുത്തു. സ്‌ക്രീനിൽ വർഷയും മോളും ഉള്ള ചിത്രം തെളിഞ്ഞു!!
ഫോണിലെ ക്ലോക്കിലേക്ക് നോക്കി, നാട്ടിൽ രാത്രി 2 മണി കഴിഞ്ഞു. വർഷ ഒരിക്കലും ഈ സമയത്തു വിളിക്കാറില്ല!
ആകെ ഒരങ്കലാപ്പ്….. എന്തു പറ്റി അവൾക്ക്…? കുഞ്ഞിന് എന്തെങ്കിലും….?
കട്ടിലിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടയിൽ ഉത്തരയോടു പറഞ്ഞു.
“വർഷയാണ്….. കിടന്നോളൂ…. ഞാൻ നോക്കട്ടെ….”
“ഹലോ…. എന്താ മോളെ ഈ നേരത്ത്….?”
എന്റെ സ്വരത്തിലെ അങ്കലാപ്പ് തിരിച്ചറിഞ്ഞിട്ടാവണം വർഷ പെട്ടെന്നു തന്നെ പ്രതികരിച്ചു.
“ഒന്നുമില്ലേട്ടാ … ഉറക്കത്തിൽ പെട്ടെന്ന് ഞെട്ടിയുണർന്നു. ഏതോ ഒരു ദുസ്വപ്നം കണ്ടപോലെ…..നിങ്ങളെ ആരോ എന്നിൽ നിന്ന് പിടിച്ചു പറിച്ചു കൊണ്ടു പോകുന്നു എന്നൊരു തോന്നൽ….”
വല്ലാതൊന്നു പിടഞ്ഞു പോയി ഞാൻ!!
“മോൾ ഉറക്കമാണോ?”
“ഇല്ലേട്ടാ….. അവളും ഉറക്കമുണർന്നു കിടക്കുന്നു..”
“നിങ്ങൾക്കു രണ്ടാൾക്കും രാത്രി ഉറക്കമൊന്നുമില്ലേ..?”
“മോളുണ്ടായതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ പോലും രാത്രി സുഖമായുറങ്ങിയവളല്ലേ ഏട്ടാ ഞാൻ…. പക്ഷേ ഇന്നെന്തോ….ഞെട്ടിയുണർന്നതേ എനിക്ക് നിങ്ങളുടെ സ്വരം കേൾക്കണമെന്നു തോന്നി!!”
മറുപടി പറയാൻ വയ്യാതെ വാക്കുകൾ നെഞ്ചിൽ ഉടക്കി നിന്നു. മനസ്സുകൊണ്ട് വർഷയുടെ കാലിൽ തൊട്ടു മാപ്പു പറയുമ്പോൾ രണ്ടു മിഴിനീർക്കണങ്ങൾ ഒഴുകിയിറങ്ങി എന്റെ കാഴ്ചയെ മറച്ചു.
പതിയെ കയ്യെത്തിച്ച് ഹാങ്കറിൽ കിടന്ന സ്വെറ്റർ വലിച്ചെടുത്തുകൊണ്ട് മുറിയുടെ വാതിൽ തുറന്നു പുറത്തിറങ്ങി. വാതിൽ പുറത്തു നിന്ന് വലിച്ചടച്ചു കൊണ്ട് വെളിയിലേക്കിറങ്ങുമ്പോൾ ഡിസംബർ മാസത്തിലെ മുഴുവൻ മഞ്ഞുകണങ്ങളും മനസ്സിലേക്ക് കിനിഞ്ഞിറങ്ങുകയായിരുന്നു.
മഞ്ഞു പെയ്യുന്ന വെളുപ്പാൻ കാലത്ത് എന്റെ കൊച്ചു വീടിന്റെ വരാന്തയിലേക്കു പൂക്കളുതിർത്തു നിൽക്കുന്ന ഷൂ ഓഫ് സിൻഡ്രെല്ലയെ നോക്കിയിരിക്കുന്ന ഉത്തര വെളുത്ത ഗൗണിൽ മാലാഖയെപ്പോലെ തോന്നിച്ചു. ചൂടുള്ള കട്ടൻകാപ്പിയുമായിച്ചെന്ന എന്നെ അവൾ മിഴികളുയർത്തി നോക്കി.
“സിദ്ധാർഥ്…… നിന്റെ വർഷയ്ക്ക് ആറാം ഇന്ദ്രിയം ഉണ്ടെന്നു തോന്നുന്നു….”
എന്റെ തല അറിയാതെ താണുപോയി. ഉത്തര എല്ലാം അറിഞ്ഞിട്ടുണ്ടാകുമോ?
“അത്….. ഉത്തര….” ഞാൻ എന്തു പറയണം എന്നറിയാതെ വിക്കി.
“അങ്ങനെയല്ല സിദ്ധാർഥ്….. ഇന്നലെ രാത്രി മുഴുവൻ ഞാൻ ഉറങ്ങാതെ കിടന്ന് വർഷയോടു നന്ദി പറയുകയായിരുന്നു ആ ഒരൊറ്റ ഫോൺ കോളിന്!”
ഞാൻ സംശയത്തോടെ മുഖമുയർത്തി.
“ഒരു പക്ഷേ സാഹചര്യം കൊണ്ടാവാം…… നിന്റെ സാമീപ്യം എന്നിലെ പെണ്ണിനെയും ഇക്കിളിയിട്ടണർത്തിയിരുന്നു. നിന്റെ ഒരു സ്പർശത്തിൽ ഇനിയും, ഇനിയും…… എന്ന് എന്റെ മനസ്സ് ആർത്തലയ്ക്കുകയായിരുന്നു……ഒരു പക്ഷേ നിന്റെ ആലസ്യം എന്നെ ദേഷ്യം പിടിപ്പിച്ചു എന്നു പോലും പറയാം…”
“ഉത്തരാ…. നീയും….”
“ഇന്നലെ ആ സമയം വരെ ശരത്തേട്ടൻ അല്ലാതെ മറ്റൊരു മുഖം പോലും എനിക്ക് സങ്കല്പിക്കുവാൻ കഴിയുമായിരുന്നില്ല…… പക്ഷേ നിന്റെ ചുടുനിശ്വാസം എന്റെ പിൻകഴുത്തിൽ പതിച്ച നിമിഷം……”
അവളുടെ കണ്ണുകൾ മെല്ലെ കൂമ്പിയടഞ്ഞു. കയ്യിലിരുന്ന കട്ടൻ കാപ്പിയുടെ ഗ്ലാസ് വിറകൊണ്ടു.
“ഒരു നിമിഷം കൂടി നീ അങ്ങനെ നിന്നിരുന്നെങ്കിൽ ഞാൻ നിന്നെ വാരിപ്പുണർന്നു ചുംബിച്ചേനെ സിദ്ധാർഥ്…..”
രണ്ടു നിമിഷങ്ങൾ മൗനമായി കടന്നു പോയി
“ഉത്തരാ….. ഒരുപക്ഷേ ഞാൻ വർഷയോടു സംസാരിച്ചു തിരിച്ചു വന്നിരുന്നെങ്കിലോ…?”
“ആഹ്… ഹാ…. എങ്കിൽ നീ ഹാങ്കറിൽ നിന്നെടുത്ത സ്വെറ്റർ പോലുമില്ലാതെ വെളിയിലൂടെ നടന്ന് ഈ ഡിസംബറിന്റെ ഒരു രാത്രിയുടെ തണുപ്പ് ഞാൻ അറിഞ്ഞേനെ….. ” അവൾ ചിരിച്ചു
“തെറ്റിനും ശരിക്കുമിടയിലുള്ള നൂൽപ്പാലത്തിൽ വച്ച് നമ്മൾ പിന്തിരിഞ്ഞു നോക്കാൻ വർഷയെക്കൊണ്ട് ആരോ വിളിപ്പിച്ചതാണ് അല്ലേ?”
“ശാരീരികമായ ചില അനിവാര്യതകളിൽ നമ്മൾ അറിയാതെ തെറ്റിലേക്ക് നടന്നു പോയെന്നു വന്നേക്കാം…….. പക്ഷേ നമ്മെ ഉണർത്താൻ മനസ്സാക്ഷിയുടെ ഒരു വിളി…, അത് എവിടെ നിന്നും ആയിക്കൊള്ളട്ടെ, അതിനെ അവഗണിച്ചാൽ നമ്മൾ പിന്നെമനുഷ്യരല്ല സിദ്ധാർഥ്…. വെറും മൃഗങ്ങൾക്കു തുല്യം.”
എംബസിയിൽ നിന്ന് തിരുത്തിയെടുത്ത വിസയുമായി ബസ് കാത്തു നിൽക്കുമ്പോൾ ഉത്തരയുടെ മുഖത്ത് വിളറിയ ഒരു ചിരി കണ്ടു.
” എന്തേ മുഖം വാടിയത്?…നഷ്ടമായിപ്പോയ ഒരു രാത്രിയെക്കുറിച്ചുള്ള സങ്കടം ആണോ ഉത്തരാ….?”
ഞാൻ കളിയാക്കി.
അവളുടെ മുഖത്തെ ചിരി മെല്ലെ കുസൃതിയിലേക്ക് വഴിമാറി.
“എയ്…… എന്റെ ശരത്തേട്ടന്റെ കാര്യം ആലോച്ചിച്ചതാ….. അല്ല നിങ്ങൾ ആണുങ്ങൾക്ക് ഈ ആറാം ഇന്ദ്രിയം ഒന്നും ഇല്ലേ …….?”
“എന്റെ പൊന്നോ….. ഇവിടെ ഉള്ള ഇന്ദ്രിയങ്ങളെ അടക്കി വയ്ക്കാൻ പെടുന്ന പാട് ബാക്കിയൊള്ളോനെ അറിയൂ….. പോയേ… പോയേ….”
രണ്ടു പേരും പൊട്ടിച്ചിരിച്ചു പോയി.
“സിദ്ധാർഥ്…. നിന്റെ ഓർക്കിഡ് വില്ലയെന്ന കൊച്ചു വീടും വീടിനെ പൊതിഞ്ഞു നിൽക്കുന്ന ഷൂ ഓഫ് സിൻഡ്രല്ലയിലെ വിടരാൻ വെമ്പിനിൽക്കുന്ന പൂമൊട്ടുകളും അതിലേക്കിറ്റു വീഴാൻ നേരം കാത്തു നിൽക്കുന്ന ഡിസംബറിലെ മഞ്ഞുതുള്ളികളും ഒരിക്കലും പിരിയാനാവാത്ത ഒരു സൗഹൃദത്തിന്റെ ഓർമ്മകൾ പോലെ നെഞ്ചിലേറ്റിയാണ് ഞാൻ പോകുന്നത്..”
ശിശിരത്തിൽ വിടരുന്ന പൂവിതളുകൾ പോലെ അവളുടെ ചുണ്ടുകൾ ഉമ്മവച്ചു പിരിയുന്നത് സുന്ദരമായൊരു കാഴ്ചയായിരുന്നു.
ഉത്തര കയറിയ ബസ് കാഴ്ചക്കപ്പുറം മറയുമ്പോൾ ചുണ്ടിൽ ചെറിയൊരു പുഞ്ചിരിയുമായി ഞാൻ തിരിഞ്ഞു നടന്നു.