ഭ്രാന്തി ~ രചന: അശ്വതി ശേഖർ
സൈക്കാഡ്രിസ്റ്റിന്റെ മുറിക്കുപുറത്ത് ടോക്കൺ നമ്പർ എത്താൻ കത്തിരിക്കുന്ന അവളുടെ കൈകൾ അവന്റെ കൈകളെ മുറുകെ പിടിച്ചിരുന്നു. സെക്കന്റുകൾ കഴിയും തോറും ആ മുറുക്കം കൂടികൂടി വന്നു.
“ടോക്കൺ നമ്പർ ഇരുപതിയൊന്ന്” നേഴ്സിന്റെ വിളി കത്തിലെത്തിയപ്പോൾ മനസ്സും ശരീരവും ഒരുപോലെ തളരുന്നതായി അവൾക്ക് തോന്നി.
“പറയൂ നിതാ എന്താ പ്രശ്നം” ഡോക്ടർ ആലീസ് സ്നേഹപൂർവ്വം അവളോട് ചോദിച്ചു. മറുപടിപറയാൻ മടിച്ച് അവൾ അവനെ നോക്കി.
“ഡോക്ടർ ഞാൻ നിതയുടെ ഭർത്താവാണ് അഖിൽ, നിതയിപ്പോൾരണ്ടാമത് ഗർഭിണിയാണ്. അവൾക്കിപ്പോ ഭയങ്കര വൃത്തിയാണ്, എപ്പോഴും തറയിലിരിക്കുന്ന അവളിപ്പോൾ ചെരുപ്പിടാതെ വെറും തറയിൽ ചവിട്ടിയാൽ, ചുവരിൽ തൊട്ടാൽ, മുറ്റത്തിറങ്ങുമ്പോൾ കാക്കയോമറ്റോ അടുത്തുകൂടി പറന്നാൽ,തുണിയിൽ കാക്കയിരുന്നാൽ, ബാത്‌റൂമിൽ പോയാൽ, പുറത്തു പോയാളൊക്കെ ഉടനെ കുളിക്കണം. കൊണ്ടുപോയ എല്ലാ സാധനങ്ങളും കഴുകണം. ഇതെല്ലാം ഒരു സോപ്പല്ല ഒരുപാട് സോപ്പിട്ടു കഴുകണം. ഒരിക്കൽ ളുപയോഗിക്കുന്ന സോപ്പ് കളഞ്ഞിട്ടാണ് അടുത്തത് എടുക്കുന്നത്. ഇതിന്റെ പേരിൽ ഞാൻ പ്രശ്നമുണ്ടാക്കിയപ്പോൾ സോപ്പ് മുറിച്ചെടുക്കാൻ തുടങ്ങി, എന്നാലും ഒരുദിവസം നാലഞ്ചു സോപ്പ് വേണം. ഇനി ഇങ്ങനെ കുളിക്കണ്ടാന്ന് പറഞ്ഞാൽ ആ സമയത്ത് നെഞ്ചിനാകം വെപ്രാളവും തലകറക്കം പോലെയും തോന്നും. പിന്നെ അവൾ മാത്രമല്ല കുളിക്കുന്നത് എന്നെയും മൂത്തമകളെയും കൂടി ഇതു പോലെ കുളിക്കാൻ പറയും. ഈ കാരണങ്ങൾ കൊണ്ട് പുറത്തുനിന്നാരും വരാതിരിക്കാൻ ഗേറ്റ് അകത്തുനിന്നു പൂട്ടിയാണ് നിൽക്കുന്നത്. അഥവാ വേണ്ടപ്പെട്ട ആരെങ്കിലും വന്നാൽ അവർ പോകുമ്പോൾ തന്നെ അവരിരുന്ന കസേര കഴുകിയും ഗേറ്റ് കഴുകിയും ഉടനെ കുളിക്കും”. അവൻ പറഞ്ഞു.
ഡോക്ടർ ശ്രദ്ധിച്ചത് ഒരു കുറ്റവാളിയെപ്പോലെ തല കുമ്പിട്ടിരിക്കുന്ന നിതയെയാണ്.
“ഇതൊരു മാനസിക പ്രശ്നം തന്നെയാണ്”. ഡോക്ടർ അതു പറഞ്ഞതും അതുവരെ അടക്കിപിടിച്ചിരുന്ന കണ്ണീർ പുറത്തേയ്ക്കൊഴുകാൻ തുടങ്ങി. ഒരു പുഞ്ചിരിയോടെ ഡോക്ടർ ആലീസ് നിതയെ നോക്കി.
“നിതാ എന്നെ നോക്കു, ഇതൊരു മാനസിക പ്രശ്നമാണെന്ന് പറഞ്ഞത് സത്യമാണ് എന്നാൽ തനിക്ക് മാനസിക രോഗമെന്ന് ഞാൻ പറഞ്ഞില്ല”. സംശയത്തോടെ അവൾ ഡോക്ടറെ നോക്കി.
“എടൊ ഇതൊരു രോഗമല്ല ഇതൊരവസ്ഥയാണ്, ഒ.സി.ഡി സിൻഡ്രം എന്നാണ് ഇംഗ്ലീഷിൽ പറയുന്നത് ഒബ്സസീവ് കമ്പൾസറി ഡിസ്സോഡർ ഒരു കാര്യം തുടർച്ചയായി വീണ്ടും വീണ്ടും ചെയ്യുന്നത്. ചെയ്യുന്നത് കാര്യമില്ലാ കാര്യമാണെന്ന് മനസിലായാലും വെപ്രാളവും ഉത്കണ്ഠയും കാരണം ഇതു ആവർത്തിച്ചുകൊണ്ടിരിക്കും. സാധാരണ ഡിപ്രഷൻ ഉള്ളവരിലും കുഞ്ഞുനാളിൽ ഉണ്ടായ ദുരനുഭവങ്ങളും ഹോർമോൺ വ്യത്യാസം കൊണ്ടും ഇങ്ങനൊരവസ്‌ഥ വരാം.തനിപ്പോൾ ഗർഭിണിയല്ലേ ഹോർമോൺ വ്യത്യാസം കൊണ്ടായിരിക്കും ഇപ്പോൾ ഇങ്ങനെ വന്നത്. ഗുളികകൾ ഇതിനൊരു പരിഹരമാണ് പക്ഷെ താനിപ്പോൾ ഗർഭിണിയല്ലേ അതു കാരണം ഗുളിക പറ്റില്ല.”
അതു കേട്ടപ്പോൾ പ്രതീക്ഷ നഷ്‌ടപ്പെട്ടവളെ പോലെയായി അവളുടെ മുഖം.
“താനിങ്ങനെ വിഷമിക്കണ്ട കൗൺസിലിംഗ് വഴിയും ഇതിനൊരു പരിധി വരെ പരിഹാരമാണ്.”അതു പറഞ്ഞു കൊണ്ട് ഡോക്ടർ ഒരു വിസിറ്റിംഗ് കാർഡ് നീട്ടിയ ശേഷം പറഞ്ഞു.”ഇതെന്റെ ഫ്രണ്ട് സുധാദേവി, സൈക്കോളജിസ്‌റ്റാണ്. അവരെ പോയി കണ്ടോളൂ.പിന്നെ ഗർഭിണിയാണെന്ന ചിന്ത വേണം അമ്മയുടെ മാനസിക നിലയെ ആശ്രയിച്ചിരിക്കും കുഞ്ഞിന്റെ വളർച്ചയും നല്ല ബുക്കുകൾ വായിക്കുകയോ പാട്ടുകൾ കേൾക്കുകയോ ഒക്കെ ചെയ്യാൻ ശ്രമിക്കൂ…”
ഡോക്ടർക്ക് ഒരു പുഞ്ചിരി നൽകിയശേഷം അവരിരുവരും വീട്ടിലേക്ക് തിരിച്ചു. സാധാരണ എവിടേക്കെങ്കിലും കൊണ്ട് പോകുമ്പോൾ പുറത്തു നിന്ന് ഭക്ഷണം കഴിക്കാൻ അവൾക്ക് ഒരുപാട് ഇഷ്ടമാണ്, പക്ഷെ ഇപ്പോൾ eduthiവൃത്തിയുണ്ടോ എന്ന സംശയം കാരണം ഒന്നും വാങ്ങാറില്ല. വീട്ടിലെത്തിയ പാടെ പുറത്തുള്ള കുളിമുറിയിലേക്കാണ് പോയത്. പതിവ് കുളിയെല്ലാം കഴിഞ്ഞു പുറത്തുനിന്നും കൊണ്ട് വന്ന സാധനങ്ങൾ കഴുകി, ഡെറ്റോൾ കൈയിൽ തുടച്ചശേഷം ഫോണിന്റെ ഇരുവശവും തുടച്ച് പുറകുവശത്തെ വാതിൽ തുറന്നു അകത്തു കയറി അകത്തെ ബാത്‌റൂമിൽ നിന്നും ഒരിക്കൽ കൂടി കുളിച്ചു. പൊടിയോ മറ്റോ ഉണ്ടോന്നു നോക്കി തുണിയെല്ലാം എടുത്തിട്ടു.
യാത്രയുടെ അലച്ചിലും ക്ഷീണവും കാരണം ചെന്നു കിടന്ന ഉടനെ ഉറങ്ങി.അവളെ നോക്കികൊണ്ടിരുന്നപ്പോൾ അഖിലിന് വല്ലാത്ത കുറ്റബോധം തോന്നി. ഈ വൃത്തിയുടെ പേരിൽ എല്ലാപേരും കുറ്റപ്പെടുത്തിയപ്പോൾ ഞാൻ അവളെ ചേർത്തു പിടിക്കേണ്ടതായിരുന്നു.
രണ്ടു പെണ്മക്കളിൽ മൂത്തവളാണ് നിത. ബന്ധുക്കളെക്കാൾ ഏറ്റവും സാമ്പത്തികുറവായതിനാൽ എല്ലാ പേരുടെയും അവഗണനയും പരിഹാസവും കേട്ടണവൾ വളർന്നത്. അച്ഛന്റെ മദ്യപാനവും കർക്കശ സ്വഭാവവും ഇളയകുട്ടിക്ക് വയ്യാത്തതിനാൽ മറ്റുള്ളവർക്ക് അവളോടുള്ള അമിത വാത്സല്യവും നിതയെ ശരിക്കും മറ്റുള്ളവരിൽ നിന്നും ശരിക്കും ഒറ്റപ്പെടുത്തി. ഡിഗ്രിഫൈനലിയറിനു പഠിക്കുമ്പോഴാണ് എന്റെ ആലോചന വന്നത്. ഫോൺ വിളികളും ആരും അറിയാതെയുള്ള കൂടികാഴ്ചകളും അവളെ വല്ലാതെ മാറ്റിയിരുന്നു. ഒരുപാട് സ്നേഹവും പ്രതീക്ഷകളുമായാണ് അവളെന്റെ ജീവിതത്തിലേക്ക് വന്നത്.
മറ്റുള്ളവർ അവളെ കുറ്റപ്പെടുത്തുമ്പോഴും ഞാനായിരുന്നു അവളെ അണച്ചുപിടിക്കേണ്ടിയിരുന്നത്. എല്ലാവരും അവൾക്ക് ഭ്രാന്താണെന്നു പറഞ്ഞപ്പോൾ അവൾക്കൊരു കുഴപ്പമില്ലയെന്നു പറഞ്ഞു ഞാൻ അവളെ ആശ്വസിപ്പിക്കേണ്ടതായിരുന്നു. പക്ഷെ ചെയ്തതോ അവരോടൊപ്പം നിന്ന് ഞാനും തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റപ്പെടുത്തി.
നിറഞ്ഞു വന്ന കണ്ണുകൾ തുടക്കുമ്പോഴാണ് അവൾ ഉണർന്നത്.
“എന്താ അഖിലേട്ടാ”.
“ഒന്നുമില്ല”. എല്ലാപേരും കുറ്റപ്പെടുത്തിയപ്പോഴും ഞാൻ നിന്നെ മനസിലാക്കണ മായിരുന്നു”.
“ഏട്ടാ, ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഡോക്ടറെ കാണാമെന്നു എങ്കിൽ ഇത്രയും പരിഹാസവും വേദനയും ഉണ്ടാകില്ലായിരുന്നു”.
സോപ്പിന്റെ ഉപയോഗം കാരണം വരണ്ടുണങ്ങിയ അവളുടെ ശരീരത്തിലേക്ക് നോക്കി പറഞ്ഞു. അവളെ തന്നോട് ചേർതിരുത്തി.
“സാരമില്ല നമുക്ക് നാളെ തന്നെ സൈക്കോളജിസ്റ്റിനെ കാണാം. തീർച്ചയായും ഇതിനൊരു പരിഹാരം ഉണ്ടാകും.അവന്റെ നെഞ്ചിൽ തലചായ്ക്കവേ അവളുടെ മനസിലും ഇതിൽ നിന്നൊരു മോചനം ഉണ്ടാകുമെന്നു പ്രതീക്ഷയോടെ ചേർന്നിരുന്നു.