ഇവിടെ നിനക്ക് ഒരു കുറവും ഉണ്ടാകില്ല, ഞാൻ പൊന്ന് പോലെ നോക്കും എന്റെ മൊഞ്ചത്തിയെ…അവൻ പറഞ്ഞു.

മൊഞ്ചുള്ള പെണ്ണ് ~ രചന: സൗമ്യ മുഹമ്മദ് 

“നല്ല മൊഞ്ചുള്ള പെണ്ണായതോണ്ട് ആന്ധ്രൂക്കാക്കും കുഞ്ഞാമിനത്താക്കും എളുപ്പായി. നല്ല ഒന്നാന്തരം ആലോചനയല്ലേ വന്നേക്കുന്നത്. പെൺപിള്ളേരായാൽ ഭാഗ്യം വേണം.”

“അതെയതെ…ഒരു അഞ്ച് പവൻ മതിപ്പുണ്ട് അവരിട്ടേച്ചു പോയ കാപ്പിന്.”

“പെണ്ണിന്റെ ഭാഗ്യം പെരുവഴീൽ ആണെന്നുള്ളത് നേരാ! എങ്ങനെ ജീവിച്ചോണ്ടിരുന്ന കുടുംബാണ്…”

ആയിഷയുടെ വളയിടൽ ചടങ്ങും കഴിഞ്ഞ് പല്ലിന്റെ ഇടയിൽ കയറിയ ഇറച്ചിയും കുത്തി അയൽക്കാർ പെണ്ണുങ്ങൾ സൊറ പറഞ്ഞിരിപ്പാണ്.

മുറ്റത്തെ വാകചോട്ടിൽ പാർക്ക്‌ ചെയ്തിരുന്ന ചെക്കൻകൂട്ടരുടെ  വണ്ടി കൺവെട്ടത്ത് നിന്നും മറഞ്ഞതും ആയിഷ മുറിയിലേക്ക് കയറി വാതിൽ ചാരി. മനസ്സിന്  വല്ലാത്ത ഭാരം. മുടിയിൽ കൊരുത്തിരുന്ന മുല്ലപ്പൂമാല അവൾ മേശപ്പുറത്തേക്ക് അഴിച്ചു വച്ച്, വസ്ത്രം മാറ്റി, മുഖം കഴുകി പുറത്തേക്ക്  ഇറങ്ങി. ബാക്കി വന്ന ഭക്ഷണം പൊതിഞ്ഞു പാർസൽ ആക്കി വീതം വക്കുന്ന തിരക്കിൽ ആണ് ഉമ്മ. എന്തൊരു ഉത്സാഹമാണ് എടുപ്പിലും, നടപ്പിലും. സ്വതവേയുള്ള ആ കാലുവേദനയെ കുറിച്ച് ഇന്ന് ഓർക്കുന്നു പോലുമില്ല എന്ന് തോന്നുന്നു. ഉപ്പ എവിടെ? അവൾ ഉപ്പയെ നോക്കി മുറ്റത്തേക്കിറങ്ങി.

ഉപ്പ പന്തലുകാരോട് സംസാരിച്ചു നിൽക്കുന്നു. ആ മുഖം അല്പം വാടിയിട്ടുണ്ടോ. എട്ട് ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞ് കഴിഞ്ഞ ആഴ്ചയാണ്  വന്നത്. എപ്പോഴും അസുഖമാണ്…ശ്വാസം മുട്ടൽ. അതിങ്ങനെ വിടാതെ കൂടെ കൂടിയിട്ട് കുറച്ചേറെ നാളായി.

പെട്ടെന്ന് വന്ന ഈ ചടങ്ങിന് വേണ്ടി കാശൊപ്പിക്കാനും ഉപ്പ കഷ്ടപ്പെട്ടിട്ടുണ്ടാകും.
ആയിഷ മുറ്റത്തേക്ക് ചെന്നു ചെമ്പ് കഴുകാനും, വാടക കസേരകൾ  ഒതുക്കി വക്കാനും ഉപ്പയുടെ കൂടെ കൂടി.

“ആയിഷ ദാ നിന്റെ ഫോൺ…ആരോ വിളിക്കുന്നു. “ഇത്താത്തയുടെ കയ്യിൽ നിന്നും അവൾ ഫോൺ വാങ്ങി നോക്കിയപ്പോൾ സേവ് ചെയ്യാത്ത നമ്പർ ആണ്.

“ഹലോ.. ഞാൻ സമീർ ആണ്.”

“ഹലോ…” ചെറിയൊരു പതർച്ചയോടെ അവൾ പറഞ്ഞു.

“വീട്ടിൽ വന്നപ്പോൾ ഒന്നും സംസാരിക്കാൻ പറ്റിയില്ലല്ലോ, അതാണ് വിളിച്ചത്.” സമീർ അത് പറഞ്ഞപ്പോൾ അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.

“ഇനിയെത്ര ദിവസം കാത്തിരിക്കണം?” പ്രണയത്തോടെ അവൻ അങ്ങനെ ചോദിക്കുമ്പോൾ തന്റെ  ഇടനെഞ്ചിൽ ഇന്നേവരെ ഒതുക്കി വച്ചിരുന്ന ഒരു വിറയൽ അനുഭവപ്പെടുന്നത് അവൾ തിരിച്ചറിഞ്ഞു.

വിളിച്ചും പറഞ്ഞും അങ്ങനെ ദിവസങ്ങൾ രണ്ട് മൂന്ന് കഴിഞ്ഞു.  ഇതിനിടയിൽ തന്റെ സൗന്ദര്യം മാത്രം കണ്ടാണ് താൻ കെട്ടുന്നതെന്ന് സമീർ പലവട്ടം ആയിഷയോട് പറഞ്ഞു.

അപ്പോഴൊക്കെ അത് യാതൊരു വിധ ഗ്യാരണ്ടിയുമില്ലാത്ത ഒരു ഘടകം അല്ലേ എന്ന് അവൾ മറുചോദ്യം ചോദിക്കുകയും ചെയ്തു കൊണ്ടിരുന്നു. എന്ത് കൊണ്ടോ വളയിടൽ കഴിഞ്ഞ് ആഴ്ചയൊന്ന് തികഞ്ഞപ്പോഴേക്കും ആയിഷക്ക് ചെറിയ ചെറിയ നീരസങ്ങൾ തോന്നി തുടങ്ങി.

“ഹലോ ആയിഷ നാളെ തന്നെ എനിക്കൊന്ന് കാണാൻ പറ്റുമോ?” സമീർ ചോദിച്ചു.

“നാളെയോ? എനിക്ക് ഡ്യൂട്ടിയുണ്ട്”

“ഓ…നിന്റൊരു ജോലി അതങ്ങ് പോട്ടെന്ന് വെക്ക്, അല്ലെങ്കിലും ഇനി ഇപ്പോൾ കല്യാണം കഴിഞ്ഞാൽ പോക്ക് ബുദ്ധിമുട്ടാകും” സമീർ ഒഴുക്കൻമട്ടിൽ പറഞ്ഞു.

“അത് ശരി…ഞാൻ ആദ്യം പറഞ്ഞതല്ലേ. എനിക്ക് ജോലിക്ക് പോണംന്ന്, നിങ്ങൾ സമ്മതിച്ചതും ആണല്ലോ?” ആയിഷ ശബ്ദം ഉയർത്തി.

“അന്ന് ഞാൻ അതൊക്കെ സമ്മതിച്ചു എന്നുള്ളത് ശരിയാ, പക്ഷേ…ഒന്നാമത് നിന്നെ കെട്ടണം എന്നുള്ളത് എന്റെ മാത്രം നിർബന്ധമാണ്. ഉമ്മാക്ക് അല്പം ഇഷ്ടക്കുറവുണ്ട്, അവർക്ക് പൊന്നും പണവും ഒക്കെയാണ് കാര്യം. അതിന്റൊപ്പം നിനക്ക്  ജോലിക്കും കൂടി പോണംന്ന് പറഞ്ഞാൽ…” സമീർ പാതിയിൽ നിറുത്തി.

“ഉം… പറഞ്ഞാൽ?” ആയിഷ മറുപടിക്കായി കാത്തു.

“ആ അത് പോട്ടെ…അത് നമുക്ക് പിന്നെ തീരുമാനിക്കാം” സമീർ പറഞ്ഞു.

“വേണ്ട…ഇത് ഇപ്പോഴെങ്കിലും തീരുമാനിക്കേണ്ട വിഷയം ആണ്” ആയിഷ.

“നീ ഇത് എന്ത് കണ്ടിട്ടാണ് അവിടുന്ന് കെട്ടുന്നത് എന്നും ചോദിച്ച് ഇപ്പോൾ തന്നെ എനിക്ക് നല്ല സമ്മർദ്ദം ഉണ്ട്. ഉപ്പാക്ക് എന്തൊക്കെയോ പ്ലാൻ ഉണ്ടായിരുന്നതാണ്. അതിനിടയിൽ ഞാൻ എല്ലാരേം അല്പം ഒന്ന് വെറുപ്പിച്ചാണ് ഇതുവരെ ആക്കിയത്. അതിനിടയിൽ ഇനി ജോലി, കൂലി എന്നൊക്കെ പറഞ്ഞാൽ…അതും ഒരു സർക്കാർ ആശുപത്രീല്, എക്സ് റേ പടം പിടിക്കാൻ…” അവൻ വ്യക്തമാക്കി.

“അപ്പോൾ സമീറിന് അവരോടൊന്നും എതിർത്തു പറയാൻ പറ്റില്ല അല്ലേ..” ആയിഷ താഴ്ന്നതെങ്കിലും ഉറച്ച ശബ്ദത്തോടെ ചോദിച്ചു. 

“ഇല്ലെടാ…ചില കാര്യങ്ങൾ അങ്ങനല്ലേ? നീ വിഷമിക്കണ്ട, നിന്റെ വീട്ടിലെ പോലല്ല, ഇവിടെ നിനക്ക് ഒരു കുറവും ഉണ്ടാകില്ല, ഞാൻ പൊന്ന് പോലെ നോക്കും എന്റെ മൊഞ്ചത്തിയെ” അവൻ പറഞ്ഞു.

“ഓകെ…നമുക്ക് പറ്റിയാൽ നാളെ കാണാം, ഞാൻ വിളിക്കാം” ആയിഷ ഫോൺ ഓഫ് ചെയ്ത് കട്ടിലിലേക്കിരുന്നു.

———-

പിറ്റേന്ന്, കോഫി ഷോപ്പിൽ ഒരു മേശക്ക്  ഇരുവശവും  ഇരിക്കുമ്പോൾ ആയിഷ ചോദിച്ചു,

“ഉമ്മയോട് പറഞ്ഞോ എന്നെ കാണാൻ വരുന്നുണ്ടെന്ന്?”

“ഇല്ല പറഞ്ഞില്ല. ഉമ്മക്ക് അല്ലെങ്കിലേ ഇത്തിരി കലിയാണ്. ഞാൻ പറഞ്ഞില്ലേ…” സമീർ അവളെ നോക്കി പറഞ്ഞു.

“ഞാൻ എന്റെ ഉപ്പയോടും ഉമ്മയോടും പറഞ്ഞിട്ടുണ്ട് സമീറിനെ കാണാൻ വരുന്നുണ്ടെന്ന്. ഉപ്പ സമീറിനായി ഒരു സാധനം തന്ന് വിട്ടിട്ടുണ്ട്” അവൾ പറഞ്ഞു.

“ഓ…നിന്റുപ്പ എനിക്ക് ലക്ഷങ്ങളല്ലേ പൊതിഞ്ഞു കെട്ടി തന്നേക്കുന്നത്!” സമീർ പറഞ്ഞത് കേട്ട് ഒരു ചെറു ചിരിയോടെ ആയിഷ ബാഗിൽ നിന്നും ഒരു പൊതിയെടുത്ത് സമീറിന് കൊടുത്തു.

“ഇത്രേം വലിയ സ്വർണ്ണക്കാപ്പൊന്നും അണിയാനുള്ള കെല്പില്ല എനിക്ക്. പിന്നേ പൊന്നും പണവും ഒന്നും ഇല്ലാതെ ഞാൻ സമീറിന്റെ വീട്ടിലോട്ട് വന്ന് കയറിയാൽ സംഭവിക്കാൻ പോകുന്നതിനെപറ്റി എനിക്ക് നല്ല ബോധ്യമുണ്ട്. പിന്നെ സമീറിനും ലക്ഷങ്ങളോട് താല്പര്യകുറവൊന്നും ഇല്ലെന്ന് എനിക്ക് മനസ്സിലായി.

അതുകൊണ്ട് ഇതിവിടെ തീർന്നു, ഈ വള കൊണ്ടുപോയി തന്റെ ഉമ്മാടെ കയ്യിൽ കൊടുത്തേക്കൂ.” ഇത്രയും പറഞ്ഞ് ആയിഷ തിരിഞ്ഞു നടന്നു, നല്ല മൊഞ്ചുള്ള പെണ്ണായി തന്നെ.