മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
അയാൾ ലൈറ്റർ കത്തിച്ചും അണച്ചും കാട്ടി..
“അലോഷി… ! വാതിൽ തുറക്ക്.. !”
അത് കേട്ട് അയാൾ നിശ്ചലനായി…
“അലോഷി നിന്നോടാണ് പറഞ്ഞത് വാതിൽ തുറക്കാൻ.. !”
“ഓഹ്.. ! അപ്പോൾ നിങ്ങൾ എന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു.. അല്ലെ എഡ്വിൻ.. !”
ഇത്രയും പറഞ്ഞു അയാൾ മുഖത്ത് നിന്ന് മാസ്ക്ക് അഴിച്ചു മാറ്റി..
“എന്തിനായിരുന്നു അലോഷി ഈ നാടകം.. !”
എഡ്വിൻ അലോഷിയുടെ നേർക്ക് ഗൺ ചൂണ്ടി..
“നീ മരിക്കാൻ പോവല്ലേ എഡ്വിൻ.. ! അത് കൊണ്ട് പറയാം… !
നീ തെറ്റ് ചെയ്തു എഡ്വിൻ.. !
നീ രക്ഷിക്കാൻ വന്നത് ഒരു കുറ്റവാളിയെ ആണ്.. “
“പോലീസ് റെക്കോർഡ്സിൽ കിഷോർ കുറ്റക്കാരൻ അല്ല..അയാൾ എന്ത് തെറ്റാണ് ചെയ്തത്.. !”
“കുറച്ചു നാളുകൾക്ക് മുൻപ് വരെ കിഷോറിനെ പോലെ ഞാനും ദുഷിച്ച സ്വാഭാവം ഉള്ള ഒരു മനുഷ്യൻ ആയിരുന്നു..
ടെലഗ്രാമിൽ mallu incest factory എന്നൊരു ഗ്രൂപ്പിൽ ഞാൻ അംഗം ആയി.. incest sex നോട് താല്പര്യം എനിക്ക് ഇല്ലായിരുന്നു.. പക്ഷെ ഞാൻ ഒരു ആസ്വാദകൻ ആയിരുന്നു… സ്വന്തം അമ്മ, പെങ്ങൾ, ഭാര്യ, ബന്ധുക്കൾ തുടങ്ങിയവരുടെ ഉറങ്ങുന്നതും വസ്ത്രം മാറുന്നതും, പാത്രം കഴുകുന്നതും തുണി അലക്കുന്നതുമായ ചിത്രങ്ങളും വീഡിയോകളും അവർ അറിയാതെ തന്നെ പകർത്തി ഗ്രൂപ്പിൽ ഉള്ളവർ ഈ ഗ്രൂപ്പിൽ ഇടുന്നു.. എന്നെ സംബന്ധിച്ച് അവരൊക്കെ എനിക്ക് സ്ത്രീകൾ മാത്രം ആയിരുന്നു..
ഇത്തരത്തിൽ ഉള്ള മാനസിക വൈകൃതങ്ങൾ പിടിച്ച ചെറുപ്പക്കാർ നിരവധി ആണ്.. അവർ പല പേരുകളിൽ ആണ് അറിയപ്പെടുന്നത്.. മേൽ വിലാസമില്ല, മുഖമില്ല, യാതൊന്നും ഇല്ല.. എന്നാൽ തനിക്ക് സുഖം നൽകാൻ കഴിവുള്ള പങ്കാളിയെ ഈ ഗ്രൂപ്പിൽ അവർ മെസ്സേജ് അയച്ച് കണ്ടെത്തുന്നു..
കാര്യങ്ങൾ കൈ വിട്ട് പോയത് കുറച്ചു നാളുകൾക്ക് മുൻപ് ആണ്.. mallu incest factory ഇൽ എന്റെ ബുദ്ധി മാന്ദ്യം ഉള്ള മകളുടെ നഗ്ന വീഡിയോകളും ഫോട്ടോകളും നിറഞ്ഞ് ആടിയപ്പോൾ… ആ വ്യക്തി ആ ഫോട്ടോകൾ ഗ്രൂപ്പിൽ ഇട്ടപ്പോൾ പറഞ്ഞത് നെയ്‌ബർ എന്നാണ്..
എന്റെ മകളുടെ ശരീരം കണ്ട് വന്ന അശ്ലീല കമന്റുകൾ എന്നെ ഭ്രാന്തനാക്കി…അവളെ ഞങ്ങൾ എവിടെയും കൊണ്ട് പോകാറില്ല.. ആകെ ഞങ്ങൾ ഒരു ദിവസം നോക്കാൻ ഏൽപ്പിച്ചത് ഇവന്റെ വീട്ടിൽ ആണ്..
അത് കൊണ്ട് തന്നെ എനിക്ക് ഉറപ്പായി ഇവൻ തന്നെ ആവും ആ ക്രൂരത ചെയ്തത് എന്ന്..
ഞാൻ ഇത് പോലീസിൽ പറഞ്ഞാൽ അവൻ എങ്ങനെ എങ്കിലും ഊരിപ്പോരും.. അതല്ലെങ്കിൽ തിന്ന് കൊഴുത്ത് ജയിലിൽ കിടക്കും..
പക്ഷെ ! അതിന് ഞാൻ ഇവനെ വിട്ട് കൊടുക്കില്ല.. ഇവൻ ഇവിടെ കിടന്ന് നരകിച്ചു ചാവണം എന്ന് എനിക്ക് തോന്നി.. ! പക്ഷെ.. നിങ്ങൾ തെറ്റ് ചെയ്തു എഡ്വിൻ.. ഇനി നിങ്ങളും അവനോടൊപ്പം ഒടുങ്ങു.. “
“നിങ്ങൾക്ക് ഉറപ്പുണ്ടോ കിഷോർ തന്നെ ആണ് അത് ചെയ്തത് എന്ന് … !”
“അതെ.. അവൻ തന്നെ ആണ്.. എനിക്ക് ഉറപ്പുണ്ട്.. !”
“എന്ത് തെളിവാണ് നിങ്ങളുടെ പക്കൽ ഉള്ളത്..? “
“അവന്റെ പക്കൽ സ്മാർട്ട് ഫോൺ ഉണ്ട്.. !”
“നിങ്ങൾ ഇങ്ങനെ ഒരു കടും കൈ ചെയ്യുന്നതിന് മുൻപ് എന്ത് കൊണ്ട് നിങ്ങളുടെ ഭാര്യയോട് ചോദിച്ചില്ല.. അന്ന് ആ വീട്ടിൽ ആരൊക്കെ ഉണ്ടായിരുന്നു എന്ന് . !”
അലോഷി ആകെ ആശയക്കുഴപ്പത്തിൽ ആയി..
എഡ്വിൻ തന്റെ മൊബൈൽ ജനൽ വഴി പുറത്തേക്ക് എറിഞ്ഞു…
വിളിച്ചു ചോദിക്ക് അലോഷി..
അലോഷി തറയിൽ നിന്ന് ഫോൺ എടുത്തു.. ശേഷം അതിൽ നമ്പർ ഡയൽ ചെയ്തു…
ഈ സമയം അരുൺ വീട്ടിൽ നിന്ന് പുറത്ത് കടക്കാനുള്ള വഴി തേടി..
വീടിന്റെ പിന്നാമ്പുറത്തുള്ള വാതിൽ ദുർബലം ആണെന്ന് അരുൺ തിരിച്ചറിഞ്ഞു…
“എന്താണ് അലോഷി.. നിങ്ങളുടെ ഭാര്യ എന്താണ് പറഞ്ഞത്.. !”
“മോഹൻ സാറിനെ ആണ് ഏൽപ്പിച്ചത് എന്ന്.. !”
“അന്ന് ആ വീട്ടിൽ കിഷോർ ഉണ്ടായിരുന്നുവോ എന്ന് നിങ്ങൾ എന്ത് കൊണ്ട് അന്വേഷിച്ചില്ല.. ഈ പറയുന്ന മോഹൻ സാറും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നില്ലേ.. !”
“പക്ഷെ.. ! അയാൾ മാന്യനാണ്.. ! അയാൾ അങ്ങനെ ചെയ്യില്ല.. നിങ്ങൾ രക്ഷപെടാൻ വേണ്ടി ഓരോന്ന് പറയുക ആണ്.. !”
“മാന്യരെന്ന് തോന്നുന്നവരാണ് മിക്കപ്പോഴും ക്രിമിനലുകളായി നമ്മെ അത്ഭുതപ്പെടുത്തിയിട്ടുള്ളത് അലോഷി.. കിഷോറിനെ കുടുക്കാൻ വേണ്ടി നിങ്ങൾ പാവം ഒരു പെൺകുട്ടിയെ കൊന്നു..
ഇപ്പോൾ കിഷോറിനെ കൊല്ലാൻ വേണ്ടി നിരപരാധികൾ ആയ എന്നെയും അരുണിനെയും കൊല്ലാൻ നിങ്ങൾ മുൻ കൈ എടുക്കുന്നു.. സത്യത്തിൽ നിങ്ങൾ അല്ലെ അലോഷി തെറ്റ് ചെയ്യുന്നത്.. !”
അലോഷി നിശബ്ദനായി..
നിങ്ങളുടെ മകളോട് ക്രൂരത കാട്ടിയത് ആരായാലും അവരെ കണ്ടെത്തി ഞാൻ ശിക്ഷ വാങ്ങിക്കൊടുക്കും അലോഷി.. എന്നെ വിശ്വസിക്ക്…
അലോഷി ഒരു അലർച്ചയോട് കൂടി എഡ്വിന്റെ മൊബൈൽ നിലത്തേക്ക് എറിഞ്ഞു.. അത് പല ഭാഗങ്ങൾ ആയി ചിന്നിച്ചിതറി..
യഥാർത്ഥ കുറ്റവാളി മറഞ്ഞിരിക്കുമ്പോൾ ഇനിയും നിരപരാധികളെ കൊല്ലാതിരിക്കു അലോഷി.. നിനക്ക് തൂക്ക് കയർ കിട്ടിയാൽ നിന്റെ ഭാര്യയും കുഞ്ഞും കാമവെറിയരുടെ ലോകത്ത് തനിച്ചായിപ്പോകും..
അലോഷി ഒരു നിമിഷം എഡ്വിന്റെ മുഖത്തേക്ക് നോക്കി…
അയാളുടെ മസ്തിഷ്കത്തിൽ പല ചിന്തകൾ സഞ്ചരിക്കുന്നതായി എഡ്വിന് തോന്നി.. കണ്ണുകളിൽ ഉതിർന്ന അശ്രു തുടച്ചു മാറ്റി അയാൾ തിരികെ ഇരുട്ടിലേക്ക് നടന്നകന്നു..
വീടിന്റെ പിന്നാമ്പുറത്തുള്ള വാതിൽ ചവിട്ടിത്തുറന്ന് അവർ മൂവരും വെളിയിൽ ഇറങ്ങി…
“അരുൺ ഷാനവാസിനെ ഇൻഫോം ചെയ്യു..അയാൾ രക്ഷപെടരുത്.. !”
അരുൺ ഷാനവാസിന് കാൾ ചെയ്തു.. ശേഷം കിഷോറിനെ താങ്ങി എടുത്ത് അലോഷി പോയ വഴിയേ മുൻപോട്ട് നടന്നു…
പെട്ടന്ന് ഒരു കാലൂക്കോടെ അരുണിന്റെ പുറത്ത് പതിച്ചു… കിഷോർ ഒരു ഭാഗത്തേക്ക് മറിഞ്ഞു വീണു.. എഡ്വിൻ തിരിഞ്ഞു നോക്കി.. മുഖം മൂടി ധാരിയായ മറ്റൊരു മനുഷ്യൻ കയ്യിൽ ഇരുമ്പ് വടിയുമായി അവരുടെ മുൻപിൽ പ്രത്യക്ഷനായി…
“ആരാണ് നീ..? “
“അലോഷിയെ പറ്റിച്ചു നീ പുറത്തിറങ്ങി.. പക്ഷെ ! നീ രക്ഷപെട്ടാൽ ഞാൻ ഉൾപ്പെടെ കുടുങ്ങും.. അവന് ബുദ്ധിമാന്ത്യം സംഭവിച്ചെന്നാണ് തോന്നുന്നത്.. അല്ലെങ്കിൽ അവനെ സഹായിച്ചവരെ ഇത്ര വേഗം മറക്കുമോ.. !പക്ഷെ എന്റെ കയ്യിൽ നിന്ന് നിങ്ങൾ മൂന്ന് പേരും രക്ഷപെടില്ല … ! രക്ഷപെടാൻ ഞാൻ അനുവദിക്കില്ല.. !”
ചുറ്റും കരിയീലകൾ ഞെരിഞ്ഞമരുന്ന ശബ്ദം എഡ്വിന്റെ കാതുകളിൽ അലയടിച്ചു.. തനിക്ക് ചുറ്റും ശത്രുക്കൾ ഒന്നിൽ കൂടുതൽ ഉണ്ടെന്ന സത്യം എഡ്വിൻ തിരിച്ചറിഞ്ഞു…
എഡ്വിൻ ഗൺ കയ്യിൽ എടുത്ത് അയാൾക്ക് നേരെ നീട്ടി…
“ഡോണ്ട് വേസ്റ്റ് മൈ ബുള്ളറ്റ്.. ടെൽ മി ഹൂ ആർ യൂ..? “
അയാൾ ഇരുമ്പ് വടിയുമായി എഡ്വിന്റെ നേരെ പാഞ്ഞടുത്തു.. ഇരുമ്പ് വടി എഡ്വിന്റെ നേരെ പാഞ്ഞതും എഡ്വിന്റെ കൈ അത് തടുത്ത് നിർത്തിയതും ഒരുമിച്ച് ആയിരുന്നു.. സമർഥമായി ഒഴിഞ്ഞു മാറി അവന്റെ താടിയെല്ലിന് നേരെ മുഷ്ടി പായിച്ചു.. അയാളുടെ കീഴ്ത്താടി തകർത്തു കൊണ്ടാ കൈ പാഞ്ഞു.. അയാൾ ഒന്ന് കറങ്ങി നിലത്ത് വീണു.. മുഖത്തെ മാസ്ക്ക് ദൂരേക്ക് തെറിച്ചു വീണു..
ആ മുഖം കണ്ട് എഡ്വിനും അരുണും അന്തിച്ചു നിന്നു.
“മാത്യൂസ്.. നിങ്ങളോ..? “
അരുണിന്റെ വായിൽ നിന്ന് അറിയാതെ വീണു..
അത് കണ്ട് അവന്റെ ഒപ്പമുള്ള ഗുണ്ടകൾ ഓടി അടുത്തതും താഴെ വീണ ഇരുമ്പ് വടി കൈക്കലാക്കിക്കൊണ്ട് എഡ്വിൻ അവർക്ക് നേരെ പാഞ്ഞു.. അത് കൊണ്ട് പ്രഹരിക്കാൻ തുടങ്ങി..
ഇതേ സമയം താഴെ വീണ അയാൾ എഴുന്നേറ്റ് അരുണിന്റെ നേരെ തിരിഞ്ഞു.. അരുണിന്റെ നേരെ ഉയർന്ന അവന്റെ കയ്യുടെ ജോയിന്റിൽ അവൻ ആഞ്ഞു പ്രഹരിച്ച ശേഷം ആ കൈ പിടിച്ചു തിരിച്ചു കൊണ്ട് ഇരു ചെവിയും അടച്ച് ആഞ്ഞു ഇടിച്ചു.. അയാളുടെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം ചീറ്റി..
ഇരുമ്പ് വടി കൊണ്ട് തലങ്ങും വിലങ്ങും ഉള്ള പ്രഹരത്തിൽ നിമിഷങ്ങൾക്കകം ഗുണ്ടകൾ നിലം പതിച്ചു…
നിലത്ത് കിടന്ന് ഉരുളുന്നവരുടെ മുൻപിൽ എഡ്വിൻ ഗണ്ണുമായി ഇരുന്നു..
“തറയിൽ നിന്ന് എഴുന്നേറ്റ് ഓടാൻ നോക്കിയാൽ ഞാൻ ഷൂട്ട് ചെയ്യും.. !”
“എഡ്വിൻ നിങ്ങൾ ചെയ്യുന്നത് തെറ്റാണ്.. കിഷോറിനെ പോലെ ഉള്ളവനെ നിങ്ങൾ എന്തിനാണ് രക്ഷിക്കുന്നത്.. ! എന്റെ ക്ലാര മോളോട് അവൻ ചെയ്തത് ക്രൂരത അല്ലേ..? “
“നിയമം കയ്യിൽ എടുക്കാൻ ആർക്കും അവകാശം ഇല്ല.. കിഷോർ തെറ്റ് ചെയ്തെങ്കിൽ നിയമം അവനെ ശിക്ഷിക്കും.. !”
“നിയമം… ! ത്ഫൂ.. എന്തിനാണ് എഡ്വിൻ ഇവനെ പോലെ ഉള്ളവരെ ജയിലിൽ ഇട്ട് തീറ്റിപ്പോറ്റുന്നത്.. കൊന്ന് കളയണം.. !”
“എന്തിനാണ് കുക്കുനെ കൊന്നത്. അവൾ നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്.. !”
അയാൾ നിശബ്ദനായി..
“ഇതിന്റെ എല്ലാം പിന്നിലുള്ള സൂത്രധാരൻ അലോഷി ആണെന്ന് മനസ്സിലായി.. പക്ഷെ ! ഒരു സംശയം.. ! നിങ്ങൾ അഞ്ചു പേരിൽ ആരാണ് കുക്കുന്റെ തലക്ക് അടിച്ചത്..? “
അതാരാണോ അയാൾ ആണ് ഞാൻ അന്വേഷിക്കുന്ന പ്രതി..
“അവളെ കൊല്ലാൻ യാതൊരു പദ്ധതിയും ഇല്ലായിരുന്നു.. പക്ഷെ ബഹളം വെച്ച് ആകെ നാശം ആക്കി.. പെട്ടെന്നുള്ള പ്രകോപനത്തിന്റെ പുറത്ത് അടിച്ചു പോയി…!”
“ആര്..? “
“എഡ്വിൻ.. നിങ്ങൾ സുരക്ഷിതൻ അല്ലെ..? “
ഷാനവാസിന്റെ ശബ്ദം കേട്ട് എഡ്വിൻ തിരിഞ്ഞു നോക്കി..
“അതെ.. ഞാൻ ഓക്കേ ആണ്.. !”
അധികം വൈകാതെ തന്നെ പ്രദേശം പോലീസ് വളഞ്ഞു… പ്രതികളെ അറസ്റ്റ് ചെയ്തു നീക്കി…
“എന്നാലും എഡ്വിൻ നിങ്ങൾക്ക് എങ്ങനെ മനസ്സിലായി അലോഷി ആണ് ഇതിന്റെ പിന്നിൽ ഉള്ള സൂത്രധാരൻ എന്ന്..? “
ഷാനവാസ് അത്ഭുതത്തോടെ ചോദിച്ചു…
എഡ്വിൻ തുടർന്നു…
അന്ന് ലൈവ് പ്രോഗ്രാം വന്നപ്പോൾ ഡേവിസ് ആണ് മെഴുകുതിരി കത്തിച്ചതെങ്കിലും അയാൾ അത് കത്തിച്ചു തറയിൽ വെക്കുന്നതിനിടെ അലോഷിയെ നോക്കുന്നുണ്ടായിരുന്നു.. മെഴുകുതിരി ശരിയായ രീതിയിൽ ആണോ വെക്കുന്നത് എന്നൊരു സംശയം അയാൾക്ക് ഉള്ളത് പോലെ എനിക്ക് തോന്നി.. കൈക്ക് ഒരല്പം വിറയലോടെ ആണ് ഡേവിസ് അന്ന് മെഴുകുതിരി കത്തിച്ചു വെച്ചത്..
അത് കണ്ടപ്പോൾ കുക്കു കൊല്ലപ്പെട്ട സ്ഥലത്ത് കാണപ്പെട്ട അതെ മെഴുകുതിരികൾ പോലെ എനിക്ക് തോന്നി.. അത് കൊണ്ട് ജോണോ അല്ലെങ്കിൽ ഡേവിസോ അതുമല്ലെങ്കിൽ അലോഷിയോ കിഷോറിനൊപ്പം കാട്ടിൽ കടന്നിരുന്നു എന്ന് എനിക്ക് തോന്നി..
അത് കൊണ്ട് ഞാൻ ജോണിന്റെ വീഡിയോകൾ എല്ലാം ഒന്ന് കൂടി പരിശോധിച്ചു.. ഒന്ന് രണ്ട് വീഡിയോയിൽ ഒഴിച്ച് ബാക്കി എല്ലാറ്റിലും അലോഷി ആണ് മെഴുകുതിരികൾ കത്തിച്ച് നിലത്ത് ഒരു കൈ അകലത്തിൽ കുരിശിന്റെ ആകൃതിയിൽ വെക്കുന്നത് എന്ന് എനിക്ക് മനസ്സിലായി… അത് മാത്രം അല്ല ഡേവിസ് എപ്പോഴൊക്കെ ആ പ്രവർത്തി ചെയ്തുവോ അപ്പോഴെല്ലാം ഡേവിസിന്റെ കൈ വിറക്കുന്നുണ്ടായിരുന്നു…
ഡേവിസ് എന്ത് കൊണ്ടാണ് നെഗറ്റീവ് എനർജി ഫീൽ ചെയ്യുന്നിടത്ത് മെഴുകുതിരി കത്തിക്കാൻ ഭയക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു…
എന്റെ മനസ്സിലൂടെ പല ചിന്തകൾ കടന്നു പോയി..
അതിൽ പ്രധാനപ്പെട്ട വസ്തുത ഇതാണ്… പ്രേതവേട്ടക്കാരെ രണ്ടായി തരം തിരിക്കാം..
ഒന്ന് പ്രേതത്തെ ഒഴിപ്പിക്കാൻ വരുന്നവരും..
രണ്ട്
പ്രേതത്തെ മനസ്സിലാക്കാൻ.. അവരെപ്പറ്റി പഠിക്കാൻ വരുന്നവരും..
ജോണിനെ പോലുള്ള ഗോസ്റ്റ് ഹണ്ടേഴ്സിനെ നമുക്ക് രണ്ടാമത്തെ കൂട്ടത്തിൽ കൂട്ടാം..
ഈ വിഭാഗത്തിൽ തന്നെ രണ്ട് പേരുണ്ട്..
ഒന്ന് പ്രേതത്തിൽ വിശ്വസിക്കുന്നവരും..
രണ്ട് പ്രേതത്തിൽ വിശ്വസിക്കാത്തവരും..
പ്രേതത്തിൽ വിശ്വസിക്കുന്നവരുടെ കൺസപ്റ്റ് മരണ ശേഷം പ്രതികാര ദാഹിയായ് വരുന്ന ആത്മാവ് എന്നാണ്..
പ്രേതത്തിൽ വിശ്വാസം ഇല്ലാത്തവർ കരുതുന്നത് ജീവിച്ചിരിക്കുന്നവരുടെ ഓർമകളുടെയും ചിന്തകളുടെയും ഒരു തുടർച്ച ആണ് പ്രേതം എന്ന്..
സംഭവ ദിവസം ഞാൻ ജോണിനൊപ്പം ഉണ്ടായിരുന്നത് കൊണ്ട് ജോണിനെ ഞാൻ ഒഴിവാക്കി.. അലോഷിയും ഡേവിസും ഒരേ ഫീൽഡിൽ ആണെങ്കിലും വിശ്വാസത്തിന്റെ കാര്യത്തിൽ രണ്ട് കാറ്റഗറി ആണെന്ന് എനിക്ക് തോന്നി… അത് കൊണ്ട് തന്നെ ഹോണ്ടഡ് ആയുള്ള സ്ഥലത്ത് ജോണിനെ പോലെ പ്രഗത്ഭൻ ആയ ഒരാളുടെ അകമ്പടി ഇല്ലാതെ ഡേവിസിനെ പോലെ ഉള്ള ഒരാൾക്ക് വരാനുള്ള ധൈര്യം ഉണ്ടാവില്ല എന്ന് എനിക്ക് തോന്നി.. എന്റെ സംശയം അലോഷിയിലേക്ക് തിരിഞ്ഞു…എന്റെ സംശയങ്ങൾക്ക് ഒന്ന് കൂടി ബലമേകാൻ ഞാൻ തീരുമാനിച്ചു…
പ്രേതത്തിൽ വിശ്വസിക്കുന്ന ഡേവിസ് ഉറപ്പായും ദൈവത്തിലും വിശ്വസിക്കും..
എന്നാൽ പ്രേതത്തിൽ വിശ്വാസം ഇല്ലാത്ത അലോഷിക്ക് എത്ര മാത്രം ദൈവ വിശ്വാസം കാണും എന്ന് എനിക്ക് തോന്നി..
അത് അറിയാൻ വേണ്ടി കിരണിന്റെ അച്ഛൻ മോഹനെ ഞാൻ മെഴുകുതിരി വാങ്ങാനായി ആദ്യം ഡേവിസിന്റെ അടുത്ത് വിട്ടു..
അവിടെ നിന്ന് കർത്താവിൽ വിശ്വസിക്കുന്ന കുടുംബം ആണ് ഡേവിസിന്റെത് എന്ന് ബോധ്യമായി..മോഹൻ അവിടെ നിന്ന് കൊണ്ട് വന്ന മെഴുകുതിരി കണ്ടപ്പോൾ അതെ രൂപവും വലിപ്പവും ഉള്ള മെഴുകുതിരി തന്നെ ആണ് കുക്കു മരിച്ച സ്ഥലത്ത് നിന്ന് ലഭിച്ചത് എന്ന് എനിക്ക് തോന്നി..
രണ്ടാമതായി ഞങ്ങൾ എത്തിയത് അലോഷിയുടെ വീട്ടിൽ ആയിരുന്നു.. !
അലോഷിയുടെ കുട്ടിക്ക് വൈകല്യം സംഭവിച്ചത് കൊണ്ട് അയാൾ ദൈവ വിശ്വാസി അല്ലാതായെന്ന് എനിക്ക് ബോധ്യമായി..
തിരികെ ഇറങ്ങിയ ശേഷം മോഹൻ ഞങ്ങളോട് ഒരു കാര്യം പറഞ്ഞു
“ആ കൊച്ചിന്റെ കൂടെ എപ്പോളും ഒരാൾ വേണം.. അത് കൊണ്ട് ആ സ്ത്രീക്ക് ഒരിടത്തും പോകാൻ സാധിക്കില്ല..
എഡ്വിൻ നിങ്ങൾക്ക് കേൾക്കണോ..? ഒരു ദിവസം അലോഷിയുടെ ഭാര്യയുടെ അമ്മക്ക് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആയി.. അലോഷി അന്ന് തമിഴ്നാട്ടിൽ എവിടെയോ ആയിരുന്നു .. അവർക്ക് കുറച്ചു പണം എത്തിക്കാൻ ബാങ്ക് വരെ പോകാൻ വേണ്ടി ആ പെണ്ണ് ഞങ്ങളുടെ വീട്ടിൽ വന്നു കരഞ്ഞു പറഞ്ഞു.. കുറച്ചു നേരം കൊച്ചിനെ ഒന്ന് നോക്കണം എന്ന്..
ഞങ്ങൾ സമ്മതിച്ചു..
ഞാൻ നേരത്തെയും പറഞ്ഞിരുന്നല്ലോ എഡ്വിൻ.. ! ഈ ബിൽഡിംഗിൽ ഒരുപാട് ആളുകൾ താമസിക്കുന്നുണ്ടെങ്കിലും എന്നെപ്പോലെ എല്ലാവരുമായും സഹകരിക്കുന്നവർ ചുരുക്കം ആണ്.. എന്നെ അത്രക്ക് വിശ്വാസം ഉള്ളത് കൊണ്ടാവാം ആ കുട്ടി എന്റെ അടുത്ത് തന്നെ ഓടി എത്തിയത്..
പാവം.. ! ഓരോ മനുഷ്യന്റെ അവസ്ഥകളെ.. !”
“അതിനു ശേഷം പിന്നീട് എപ്പോളെങ്കിലും അവർ കുട്ടിയെ നിങ്ങളുടെ വീട്ടിൽ ഏൽപ്പിച്ചിട്ടുണ്ടോ..? ” ഞാൻ ചോദിച്ചു..
“ഇല്ല.. ആ ഒരു ദിവസം മാത്രം.. !”
മോഹൻ പറഞ്ഞു…
ആ ഒരു ദിവസം.. അന്ന് കിഷോർ ആ കുട്ടിയോട് അരുതാത്തത് എന്തെങ്കിലും കാട്ടിയോ എന്നതായിരുന്നു എന്റെ അടുത്ത സംശയം.. !അങ്ങനെ ചെയ്തെങ്കിൽ തന്നെ അലോഷി എങ്ങനെ അത് അറിഞ്ഞു…?
കിഷോറിനോടുള്ള പക പോക്കാൻ കുക്കുനെ എന്തിന് ഉപയോഗിച്ചു..
അപ്പോഴാണ് ആ ഏലസ് എന്റെ മുൻപിൽ തെളിഞ്ഞു വന്നത്…
ഞാൻ കുക്കുന്റെ ഫേസ്ബുക്ക് ഐ ഡി പരിശോധിച്ചു..
അവളുടെ ഫ്രണ്ട്സിൽ അലോഷി ഉണ്ടോ എന്ന് ചെക്ക് ചെയ്തു.. പക്ഷെ ! ഇല്ലായിരുന്നു..
പിന്നീട് കുക്കു ഇട്ട ഏലസിന്റെ പോസ്റ്റിനു താഴെ ലൈക്ക് ചെയ്തവരുടെ പേരുകൾ നോക്കി.. അതിൽ പലരുടെയും അക്കൗണ്ട് ഫേക്ക് ആണെന്ന് എനിക്ക് തോന്നി.. കുക്കു ഫേക്ക് അക്കൗണ്ടിൽ ഉള്ളവരെയും സുഹൃത്തുക്കൾ ആക്കിയിരുന്നു എന്ന് എനിക്ക് അപ്പോൾ തോന്നി..
കുക്കുന്റെ കയ്യിൽ ഉള്ള ഏലസുമായി ബന്ധപ്പെടുത്തി ജോണിനെ കരുവാക്കി അലോഷി വിരിച്ച ഒരു കെണി ആണോ ഇതെന്ന് എനിക്ക് സംശയം ആയി..
എന്റെ സംശയം ഒന്ന് കൂടി ബലപ്പെടുത്താൻ വേണ്ടി മെഴുകുതിരികൾ കിടന്നിരുന്ന സ്ഥലത്തിന്റെയും സമീപമുള്ള പ്രദേശത്തിന്റെ ചിത്രങ്ങൾ ഒന്ന് കൂടി പരിശോധിച്ച് അതിൽ എവിടെ എങ്കിലും മെഴുക് വീണ അടയാളങ്ങൾ ഉണ്ടെങ്കിൽ അത് കുരിശ് രൂപത്തിൽ ആണോ എന്ന് ചെക്ക് ചെയ്യാൻ ഞാൻ തന്നോട് പറഞ്ഞത്..
ഫോറൻസിക് അത് പരിശോധിച്ചു.. ഏകദേശം ഒരു കുരിശിന്റെ ആകൃതി പോലെ ആണ് അടയാളങ്ങൾ അവർ പറഞ്ഞതായി താൻ പറഞ്ഞു..
അതിനു ശേഷം ആണ് നമ്മൾ ഫ്ലാറ്റിലെ സി സി ടി വി പരിശോധിച്ചത്..
എന്നിട്ട് എന്തായി ഷാനവാസ്..? “
“വെള്ളയമ്പലത്തുള്ള വിഷ്വൽസ് പരിശോധിച്ചു.. അലോഷിയുടെ വാഹനത്തിലും ചെക്ക് ചെയ്തിരുന്നു.. പക്ഷെ പോലീസ് വാഹനം കടത്തി വിട്ടു.. !”
“അന്ന് അലോഷി തന്നെ ആവണം കാർ ഡ്രൈവ് ചെയ്തിരുന്നത്.. അഥവാ ഫ്ലാറ്റിലെ സി സി ടി വി പരിശോധിക്കുമ്പോൾ പോലീസിന് സംശയം തോന്നാതിരിക്കാൻ വേണ്ടി ആവണം ഇടയ്ക്ക് കാർ ഡേവിസിന് കൈമാറി ഫ്ലാറ്റിൽ എത്തിയത്..
രണ്ട് പേരും അന്ന് മദ്യപിച്ചിരുന്നെന്ന് വരുത്തി തീർക്കാൻ അലോഷി കളിച്ച നാടകം ആയിരുന്നു നമ്മൾക്ക് ഫ്ലാറ്റിൽ നിന്നുള്ള വിഷ്വൽസിൽ നിന്ന് ലഭിച്ചത്..
“അതെ എഡ്വിൻ.. ! ഡേവിസിനെയും ചോദ്യം ചെയ്യണം.. ഒപ്പം ജോണിനെയും.. !”
ജോണിനെ പോലീസ് ചോദ്യം ചെയ്യാനായി വിളിച്ചപ്പോൾ എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു.. അലോഷി ഉറപ്പായും ഡേവിസിനെ കാണാൻ അയാളുടെ ഓഫീസിൽ വരും എന്നുള്ള കാര്യം.. പോലീസ് എന്തൊക്കെ ആണ് ജോണിനോടു ചോദിച്ചത് എന്നത് അറിയാനുള്ള തിടുക്കത്തിൽ അയാൾ വരും എന്ന് തന്നെ എന്റെ മനസ് പറഞ്ഞു.. അത് കൊണ്ടാണ് ജോണിന്റെ ഓഫീസിനോട് ചേർന്നുള്ള പാർക്കിങ് സെക്ഷനിൽ ഞാൻ കാത്തു കിടന്നത്..
എന്റെ ഊഹം ശരിയായി..
“അലോഷി രക്ഷപെട്ടല്ലോ എഡ്വിൻ.. ! ഇനി എന്ത് ചെയ്യും.. !”
“അയാൾ രക്ഷപെടാൻ വേണ്ടി പോയത് അല്ലെന്നാണ് എനിക്ക് തോന്നുന്നത് ഷാനവാസ്.. ഒന്നുകിൽ അയാൾ ഫ്ലാറ്റിൽ കാണും…
അതും അല്ലെങ്കിൽ ഭാര്യയെയും കുഞ്ഞിനെയും സുരക്ഷിതമായ ഒരു സ്ഥലത്ത് ഏല്പിച്ചിട്ട് അലോഷി വരും എന്നാണ് എന്റെ മനസ് പറയുന്നത്… !
അലോഷിയോട് തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണം ഷാനവാസ്. അത് തന്റെ ഉത്തരവാദിത്വം ആണ്.. ! “
“അലോഷിയോട് ആര് എന്ത് തെറ്റ് ചെയ്‌തെന്നാണ് താൻ പറഞ്ഞു വരുന്നത്.. !”
“പറയാം.. !”
എഡ്വിൻ ഷാനവാസിന്റെ മുഖത്തേക്ക് നോക്കി…
പിറ്റേന്ന് സമയം 7 മണി..
എഡ്വിന്റെ മൊബൈൽ ശബ്‌ദിച്ചു..
അയാൾ അത് ഓൺ ചെയ്തു ചെവിയിൽ വെച്ചു..
“എഡ്വിൻ.. ! അലോഷി കീഴടങ്ങി.. !”
അപ്പുറത്ത് നിന്ന് ഷാനവാസ് പറഞ്ഞു..
“ഞാൻ വന്നേക്കാം.. !”
എഡ്വിൻ ഫോൺ കട്ട് ചെയ്തു..
സമയം 10:am തമ്പാനൂർ പോലീസ് സ്റ്റേഷൻ..
“അപ്പോൾ ജോൺ.. ഇനിയെങ്കിലും സത്യo പറയു..നിങ്ങൾ എന്താണ് ഞങ്ങളിൽ നിന്ന് മറച്ചു വെക്കുന്നത്? “
ഷാനവാസ് ചോദിച്ചു..
ജോൺ നിശബ്ദനായിത്തന്നെ ഇരുന്നു…
“വേണ്ട.. അലോഷി പറയട്ടെ എന്താണ് സംഭവിച്ചതെന്ന്.. ! പറ അലോഷി.. !”
അലോഷി മുഖം താഴ്ത്തി പറഞ്ഞു തുടങ്ങി…
“കേരളത്തിന്റെ പല സ്ഥലങ്ങളിലും പ്രേതത്തെപ്പറ്റി പഠിക്കാൻ പോയ ജോണിന് മികച്ചതെന്ന് പറയാൻ പറ്റുന്ന ഒരു അനുഭവങ്ങളും ഉണ്ടായില്ല.. ഈ കാരണത്താൽ ജോൺ അസ്വസ്ഥനായിരുന്നു.. അദ്ദേഹത്തിന്റെ വീഡിയോകൾക്ക് ജോൺ പ്രതീക്ഷിച്ച പോലെ ഒരു റീച്ച് കിട്ടിയതും ഇല്ല..
യഥാർത്ഥ ദൈവ വിശ്വാസികൾ ഹോണ്ടഡ് ആയുള്ള സ്ഥലത്ത് എത്തിപ്പെട്ടാൽ നെഗറ്റീവ് എനർജി പ്രകോപിതനായി പുറത്ത് വന്നേക്കാം എന്ന് ജോൺ വിശ്വസിച്ചു.. പക്ഷെ ! ജോണിന്റെ പരീക്ഷണ വസ്തു ആവാൻ ആരും തയ്യാറായി വരില്ല..അഥവാ വരണം എങ്കിൽ നല്ലൊരു തുക വാഗ്ദാനം ചെയ്യണം..
പിന്നെ ഉള്ള മാർഗം പ്രേതം അവരുടെ കൂടെ ഉണ്ടെന്ന് വിശ്വസിപ്പിച്ച ശേഷം പരിഹാര കർമം എന്ന വ്യാജേന അവരെ ഹോണ്ടഡ് പ്ലേസിലേക്ക് കടത്തി വിട്ട് അവർ അവിടെ ഒറ്റക്ക് ആവുമ്പോൾ എന്തെങ്കിലും അനുഭവം ഉണ്ടാകുമോ അല്ലെങ്കിൽ അവർ ജീവനോടെ ഒരു രാത്രി കടത്തി വിടുമോ എന്ന് നിരീക്ഷിക്കുക മാത്രം ആയിരുന്നു അടുത്ത വഴി.
അതിനു വേണ്ടി ജോൺ ഒരാളെ തേടുന്നുണ്ടായിരുന്നു…
ഞാൻ അതിനെ ഒരു അവസരം ആയി കണ്ടു.. കിഷോറിനെ ഞാൻ ജോണിന് കാട്ടിക്കൊടുത്തു. പ്ലാൻ പ്രകാരം ഞാനും ജോണും അയാളെ പിന്തുടർന്നു..അങ്ങനെ കിഷോറിനെ പിന്തുടർന്നപ്പോൾ ആണ് അവന്റെ കാമുകി എന്ന് തോന്നിയ കുക്കുനെ കണ്ടത്..
അഥവാ കിഷോർ ഞങ്ങളുടെ അടുത്ത് പരിഹാര കർമം തേടി വന്നാൽ പ്രേതം എങ്ങനെ ആണ് അയാളുടെ ശരീരത്തിൽ കടന്നതെന്ന് അയാളെ വിശ്വസിപ്പിക്കാൻ ഒരു കഥ വേണമായിരുന്നു..
അങ്ങനെ എന്തെങ്കിലും ഒരു വസ്തുവോ അല്ലെങ്കിൽ അവൻ ഹോണ്ടഡ് ആയുള്ള സ്ഥലങ്ങളിൽ സന്ദർശിച്ചിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യാൻ വേണ്ടി ജോണും ഞാനും ഫേസ്ബുക്കിൽ ഫേക്ക് ഐഡി യിൽ നിന്ന് കിഷോറിന് റിക്വസ്റ്റ് അയച്ചു. അയാൾ അത് അക്‌സെപ്റ്റ് ചെയ്തു. ശേഷം അയാളുടെ പോസ്റ്റുകൾ പരിശോധിച്ചു..
വിശ്വസനീയമായ ഒരു കഥ മെനയാൻ അതിൽ നിന്ന് ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല…
കിഷോറിന്റെ ഫ്രണ്ട് ലിസ്റ്റിൽ നിന്ന് ഞങ്ങൾ കുക്കുന്റെ ഫോട്ടോ വെച്ച് അവളെ തിരിച്ചറിഞ്ഞു… അവളുടെ പ്രൊഫൈൽ ലോക്ക് അല്ലാത്തത് കൊണ്ട് അവൾ ഇട്ട പോസ്റ്റുകൾ പരിശോധിച്ചു.. അപ്പോഴാണ് ആ ഏലസ് കണ്ണിൽ ഉടക്കിയത്.. !
അവളുമായി അടുത്ത് ഇടപഴകിയപ്പോൾ അവൾക്ക് ലഭിച്ച ഏലസിൽ നിന്നാണ് പ്രേതം കിഷോറിന്റെ കൂടെ കൂടിയത് എന്ന് പറഞ്ഞു വിശ്വസിപ്പിക്കാൻ പാകത്തിന് ഉള്ള ഒരു കഥ ഞങ്ങൾ മെനഞ്ഞു സൂക്ഷിച്ചു…
പക്ഷെ ! അയാൾ ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവിന്റെ സഹായം തേടുമെന്ന് ജോൺ ഒട്ടും പ്രതീക്ഷിച്ചില്ല.. ഈ ഉദ്യമത്തിൽ നിന്ന് പിന്മാറാൻ ജോൺ തീരുമാനിച്ചു.. പക്ഷെ ഞാൻ ജോണിന്റെ ആത്മവിശ്വാസത്തെ ഉണർത്തി.. അത് കൊണ്ട് എഡ്വിനെ ആദ്യം കണ്ടപ്പോൾ എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ ആയില്ല..എന്റെ പ്ലാനിങ് മുഴുവൻ തകരും എന്ന് തന്നെ തോന്നി..
പക്ഷെ ! കിഷോർ ജോണിന്റെ അരികിൽ എത്തി.. പരിഹാരo തേടി..
കുക്കുന്റെ പക്കൽ ഉള്ള ഏലസ് ചണ്ണപ്പാറ ഉള്ള വനത്തിൽ രാത്രി കൃത്യം 7:00 മണിക്ക് കുഴിച്ചിട്ട ശേഷം അതിനു മുകളിൽ കുരിശടയാളത്തിൽ മെഴുകുതിരി കത്തിച്ച് ഒരു രാത്രി അവിടെ കാവൽ ഇരിക്കണം എന്ന് ജോൺ പറഞ്ഞു.. ഈ കാര്യം ആരും അറിയരുതെന്നും ജോൺ പറഞ്ഞു..
അയാൾ അത് സമ്മതിച്ചു…
ജോൺ കിഷോറിന് മെഴുകുതിരികളും നൽകി..
സംഭവ ദിവസം ഞാനും ഡേവിസും ജോണിന് ഒപ്പം ഓഫീസിൽ ആയിരുന്നു..
കിഷോർ ഒറ്റക്ക് വരും എന്നാണ് ഞങ്ങൾ കരുതിയത്…
രാത്രി ആവുന്നത് വരെ മാത്യുവും സംഖവും കാത്തിരുന്നു.. ശേഷം വനത്തിനുള്ളിലേക്ക് കടന്നു..അവരെ കണ്ടെത്തി.. കിഷോറിന്റെ വായ പൊത്തി അവന്റെ കൈ കാലുകൾ കൂട്ടിക്കെട്ടുന്നത് കണ്ട് കുക്കു നിലവിളിച്ചു..
അവൾ മാത്യുവിന്റെ കയ്യിൽ നിന്ന് വഴുതി ഓടി.. മാത്യുസ് അത് കണ്ട് അവളുടെ മുടിക്ക് പിടിച്ചു വലിച്ച് തലയിൽ കയ്യിലിരുന്ന ഇരുമ്പ് വടി കൊണ്ട് പ്രഹരിച്ചു..
കയ്യും കാലും ബന്ധിച്ച് വായും മൂടിക്കെട്ടി മറ്റുള്ളവർ കിഷോറുമായി നടന്നു…
മെഴുകുതിരികൾ ശ്രദ്ധയിൽ പെടാതിരിക്കാൻ ഞാൻ പറഞ്ഞിരുന്നത് കൊണ്ട് അയാൾ അത് ഇളക്കി കുറച്ചു ദൂരേക്ക് മാറ്റി കൂട്ടി ഇട്ടു.. കുഴിച്ചിട്ട ഏലസ് മാത്യു കുക്കുന്റെ കയ്യിൽ വെച്ചത് അന്വേഷണം ഏലസിന്റെ പുറകെ തിരിച്ചു വിടാൻ ആയിരുന്നു..
അവൾ മരിച്ചെന്നു തോന്നിയപ്പോൾ മാത്യു ബോഡി തിരിച്ചറിയാതിരിക്കാൻ വേണ്ടി വസ്ത്രങ്ങളും ആഭരണങ്ങളും മാറ്റി.. മാത്യു അവളുടെ മുഖം കരിച്ചു..
കാട്ടു മൃഗങ്ങൾ ഭക്ഷിക്കും എന്ന് കരുതി മാത്യു അവിടെ നിന്ന് പുറത്ത് കടന്നു.. കിഷോറിനെ കൊല്ലാനുള്ള അവസരം എനിക്ക് വേണ്ടി മാത്യു മാറ്റി വെച്ചു.. ഡേവിസുമായി ഞാൻ പിന്നീട് ബാറിൽ കയറി.. രാത്രി ഏറെ സമയം ഞങ്ങൾ ബാറിൽ ഉണ്ടെന്ന് വിശ്വസിപ്പിക്കാനായി ചെക്കിങ്ങിന് ശേഷം ഞാൻ ഡേവിസിനോട് ഡ്രൈവ് ചെയ്യാൻ പറഞ്ഞു.. ഫ്ലാറ്റിലെ സി സി ടി വി ക്ക് മുൻപിൽ മദ്യപിച്ചെന്ന് അഭിനയിച്ചു..
അന്വേഷണം കിഷോറിന് നേരെ ആണ് വരുന്നതെന്ന് തോന്നിയ മാത്യു അവനെ കൊല്ലാൻ സമ്മതിച്ചില്ല.. ഇലക്ട്രിക് ഷോക്ക് കൊടുത്ത് കിഷോറിന്റെ ഓർമ നശിപ്പിച്ച ശേഷം അവനെ തുറന്നു വിടാനായിരുന്നു പദ്ധതി..
കിഷോറിന് ഓർമ കിട്ടാത്ത കാലം വരെ ഞങ്ങൾ പിടിക്കപ്പെടില്ല എന്ന് കരുതി..
ജോൺ പറഞ്ഞിട്ടാണ് കിഷോർ പോയതെന്ന് അന്വേഷണ സംഘം അറിഞ്ഞാൽ അത് ജോണിന് തന്നെ പാര ആവും. അത് കൊണ്ട് ജോൺ മൗനം പാലിച്ചു..
ഈ കേസ് കുറച്ചു റീച് കിട്ടിയപ്പോൾ അന്വേഷണം തന്നിൽ നിന്ന് വ്യതിചലിപ്പിക്കാൻ വേണ്ടി ആണ് ജോൺ കുക്കുന്റെ ആത്മാവുമായി സംസാരിക്കാൻ തുനിഞ്ഞത്..
അത് കേട്ട് ജോൺ അലോഷിയെ തുറിച്ചു നോക്കി..
“താൻ ആള് കൊള്ളാമല്ലോ ജോണേ.. ! ഇത് കൊണ്ടാണ് അപ്പോൾ താൻ മിണ്ടാതിരുന്നത്.. !”
ഷാനവാസ് കളിയാക്കി..
“പക്ഷെ ! ജോണിനെ ചോദ്യം ചെയ്യാൻ പോലീസ് വിളിച്ചപ്പോൾ ഞാൻ ഭയന്നു.. അത് കൊണ്ടാണ് അയാളെ അന്വേഷിച്ചു ഞാൻ ഓഫീസിൽ വന്നത്.. രാത്രി ആയിട്ടും അയാൾ ഓഫീസിൽ എത്താഞ്ഞപ്പോൾ ഞാൻ കരുതി സംഗതി പ്രശ്നം ആണെന്ന്.. അത് കൊണ്ട് എനിക്ക് മാത്യുനോട് സംസാരിക്കണമെന്ന് തോന്നി..
മാത്യുവിന്റെ താവളത്തിൽ എത്താറായപ്പോൾ ആണ് എഡ്വിൻ എന്നെ പിന്തുടരുന്ന കാര്യം എനിക്ക് ബോധ്യമായത്.. ഞങ്ങളെ കണ്ടെത്താതിരിക്കാൻ വേണ്ടി എഡ്വിനെ തീർക്കാൻ ആയിരുന്നു വിചാരിച്ചത്.. പക്ഷെ.. !
“അലോഷി നിങ്ങൾ കരുതുന്നത് പോലെ കിഷോർ അല്ല നിങ്ങളുടെ മകളുടെ ഫോട്ടോസ് പകർത്തിയത്.. അത് കിഷോറിന്റെ ഫാദർ മോഹൻ ആണ് ചെയ്തത്. അയാളുടെ മൊബൈലിൽ നിന്ന് അത്തരത്തിലുള്ള ഫോട്ടോസ് ഞങ്ങൾ കണ്ടെടുത്തു..
അയാളെ കൊണ്ട് വാടോ.. !
മറ്റുള്ള ഓഫീസേഴ്‌സ് മോഹനുമായി അകത്തേക്ക് വന്നു.. ആരുടേയും മുഖത്ത് പോലും നോക്കാൻ കഴിയാതെ അയാൾ തല കുനിച്ചു നിന്നു…
ഷാനവാസ് എഡ്വിന്റെ അടുത്തേക്ക് വന്നു..
“ഒരു ചോദ്യത്തിനുള്ള ഉത്തരം കിട്ടുന്നില്ല എഡ്വിൻ.. എന്തിന് വേണ്ടി ആവും അവർ രണ്ടു പേരും മൊബൈൽ സ്വിച്ച് ഓഫ് ചെയ്തത്.. !”
“പരിഹാര കർമങ്ങൾക്കു ശേഷം നാട് വിടാൻ വല്ല പദ്ധതിയും കാണുമായിരിക്കും.. അവൾ വീട്ടിൽ നിന്ന് വഴക്കുണ്ടാക്കി കനകക്കുന്നു കൊട്ടാരത്തിൽ ആണ് വന്നത്.. അവിടെ അവർ രണ്ടു പേരും ഒളിച്ചോട്ടത്തെപ്പറ്റി ചർച്ച ചെയ്തിരുന്നുവോ എന്ന് അറിയില്ലല്ലോ.. പോലീസ് തിരക്കി വരാതിരിക്കാനാവും ഫോൺ സ്വിച്ച് ഓഫ് ചെയ്തത്..
കിഷോറിന് ബോധം തെളിയാത്ത പക്ഷം അങ്ങനെ തന്നെ വിശ്വസിക്കാം..
എന്നാലും നിങ്ങൾ ആ എലസിനെപ്പറ്റി തിരക്കാഞ്ഞത് മോശമായിപ്പോയി ഷാനവാസ്.. !”
“ആര് പറഞ്ഞു തിരക്കിയില്ലെന്ന്.. !
അന്വേഷിച്ചു.. നെല്ലിയാമ്പതിയിൽ ഉള്ള ഒരു വാസുദേവൻ നമ്പൂതിരി.. അയാളുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ വനത്തിനുള്ളിൽ കാണപ്പെട്ടിരുന്നു . അന്ന് അയാളുടെ ശരീരത്തിൽ നിന്ന് നഷ്ടമായ ആഭരണങ്ങളുടെ കൂട്ടത്തിൽ ഈ ഏലസും ഉണ്ടായിരുന്നു.. കേസ് ഇപ്പോൾ അൺഡിറ്റക്റ്റഡ് പട്ടികയിൽ ആണ് ഉള്ളത്..
എന്താ ഒരു കൈ നോക്കുന്നോ..?
അത് കേട്ട് എഡ്വിന്റെ മുഖത്ത് ഒരു കുസൃതിച്ചിരി വിടർന്നു…
അവസാനിച്ചു…
(ഫേസ്ബുക്കിൽ ഈ വിഷയത്തെപ്പറ്റി ഒരു പോസ്റ്റ് കണ്ടിരുന്നു.. ടെലഗ്രാം പോലുള്ള ഗ്രൂപ്പുകളിൽ ആണ് ഇത്തരം ആളുകളുടെ കാമകേളികൾ നടക്കുന്നത്..ആ പോസ്റ്റ് വായിച്ചപ്പോൾ എന്തൊരു മാനസിക അവസ്ഥ ആണ് ഇത്തരക്കാരുടെതെന്ന് തോന്നിപ്പോയി…
ചേച്ചി ഫോട്ടോ ഒന്നും വേണ്ട.വെറുതെ ഒന്ന് ചാറ്റ് ചെയ്യാം..
ചേച്ചി ബിസി ആണോ..?
ചേച്ചി മാരീഡ് ആണോ..?
ചേച്ചി.. ചേച്ചിന്ന് വിളിച്ചു സ്ത്രീകളുടെ പേര് കണ്ടാൽ അപ്പോൾ തന്നെ വളഞ്ഞിട്ട് ആക്രമിക്കാൻ സജ്ജരായി നിൽക്കുന്ന ആളുകളും കുറവല്ല..
ഇത്തരം ആപ്പുകൾ നിരോധിച്ചില്ലെങ്കിൽ അലോഷിയെ പോലുള്ള ആളുകൾ ഒരുമ്പെട്ട് ഇറങ്ങും.. പിന്നെ എഡ്വിന് പോലും 😎😜 നിങ്ങളെ രക്ഷിക്കാൻ പറ്റിയെന്ന് വരില്ല..
സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി.. )