കൊടിമരങ്ങളുടെ ശിരസ്സിൽ പാറുന്ന ചുവന്ന പാതകകൾ കണ്ടു. ചുവന്ന ചിന്തകൾ, ആശയങ്ങൾ…

രക്തസാക്ഷിക്കുന്ന് ~ രചന: Jithin udayakumar

It is the cause, not the death

that makes the martyr.

       – Napoleon Bonaparte

ഒന്ന്

ഗർഭാവസ്ഥയുടെ നീണ്ട ഉറക്കത്തിൽ നിന്നും പിറവിയിലേക്ക് ഉണരുമ്പോൾ അയാൾ തൊണ്ടപൊട്ടുമാറ് നിലവിളിച്ചിരുന്നു. പക്ഷെ മരണത്തിലൂടെ മറ്റൊരു ജന്മത്തിലേക്ക് ഉറങ്ങിയുണരുമ്പോൾ അയാൾ തീർത്തും മൗനിയായിരുന്നു.

താഴ`വാരത്തിലൂടെ കുന്ന് ലക്ഷ്യമാക്കി നടക്കുമ്പോൾ അയാൾ മരണത്തെക്കുറിച്ചാണ് ചിന്തിച്ചത്… 

മരണം…

ജലം ശരീരത്തെ ശുദ്ധീകരിക്കുന്നു.

അഗ്നി ആത്മാവിനേയും.

ചാരം മണ്ണിലലിഞ്ഞു ചേരും,

നിശ്വാസങ്ങൾ വായുവിലും.

പിന്നെ യാത്രയാണ്…

പ്രകാശവർഷങ്ങക്കകലെ തന്റെ ബീജം ദാനം നൽകിയ വിണ്ണിലെ തമോഗർത്തങ്ങളിലേക്ക്.

പഞ്ചഭൂതങ്ങളിലേക്കുള്ള മടക്കം!

 ഓരോ മരണവും ഓരോ പുനർജന്മങ്ങളാണ്…

എത്ര മനോഹരമായാണ് ഓരോ മരണവും മഹത്വവത്കരിക്കപ്പെടുന്നത്! 

 എത്ര മനോഹരമായാണ് ഓരോ പാപിയും വിശുദ്ധനാക്കപ്പെടുന്നത്! 

അയാൾ മരണത്തെക്കുറിച്ച് മാത്രമാണ് ചിന്തിച്ചത്.പുനർജനി തേടിയുള്ള യാത്രയാണ് എന്നിട്ടും.

പുല്ലുകൾ വകഞ്ഞുമാറ്റി അയാൾ കുന്ന് കയറി. സന്ധ്യയാണ്. 

     ബാല്യത്തിൽ അയാൾ കല്ലെടുപ്പിച്ചും ചിറകുകളടർത്തിയും കൊന്നുകളഞ്ഞ തുമ്പികളും ശലഭങ്ങളും താഴ`വാരങ്ങളിൽ പാറി നടന്നിരുന്നു. അയാളുടെ ബാല്യം സുന്ദരമാക്കാനായി രക്തസാക്ഷിത്വം വരിച്ചവർ. പ്രണയദിനങ്ങളിൽ ബലികഴിക്കപ്പെട്ട പനിനീർ പൂക്കളിൽ അവ തേടിയിരുന്നത് പുനർമരണങ്ങളുടെ നീറ്റലിൽ  പുരട്ടാനുള്ള തേനായിരിക്കണം. 

  കുന്നിൻ ചെരുവും താഴ`വാരവും സന്ധ്യയിലെ ചുവന്ന നിഴലിൽ മുങ്ങി കിടന്നു. അയാൾ നിറങ്ങളെ കുറിച്ചോർത്തു. ചുവപ്പിനെക്കുറിച്ചോർത്തു…

 ചുവപ്പിനോട് പിറന്നു വീണപ്പോഴെ ഇഷ്ടമായിരുന്നു.(ചുവന്ന പാടയുടെ കവചത്തിൽ പൊതിഞ്ഞാണല്ലോ മണ്ണിൽ തൊട്ടത്). ആ ഇഷ്ടം കൊണ്ടാണ് മുട്ടിലിഴയുന്ന പ്രായത്തിൽ വിളക്കിന്റെ നാളത്തെ കൈയിലൊതുക്കിയത്. ജീവിതത്തിലെ ആദ്യത്തെ ‘പൊള്ളുന്ന അനുഭവം’. 

പിന്നെയും വളർന്നു…

 ബാല്യത്തിലെ സന്ധ്യകളെ ഇഷ്ടമായിരുന്നു. 

ചുവപ്പ്, 

 സൂര്യരശ്മികൾക്കു നേരെ കണ്ണുചിമ്മി പിടിക്കുമ്പോൾ കണ്ണിൽ തെളിയുന്ന ചുവപ്പിനോടിഷ്ടമായിരുന്നു. പൂരപ്പറമ്പുകളിൽ നിന്നും അച്ഛൻ വാങ്ങിത്തന്ന ചുണ്ടും നാവും ചുവപ്പിച്ച ചോക്ലേറ്റ് മിഠായിയോട്.

 കൗമാരത്തിൽ മൈലാഞ്ചിയിട്ട് ചുവപ്പിച്ച കൈകളോട്, ചുവന്ന ചുണ്ടുകളോട്… 

പിന്നെയും വളർന്നു…

പൊള്ളയും പൊള്ളലും തിരിച്ചറിഞ്ഞു. ഗുൽമോഹർ പൂക്കൾ പോലെ ഓർമ്മകൾ വീണടിഞ്ഞ് ഹൃത്തടം ചുവന്നു. ഓർമകളോടും ഇഷ്ടം. ഓർമ്മകൾക്കെന്നും ചുവപ്പു നിറമായിരുന്നു.

പിന്നെ താൻ വളർന്നില്ല, 

കാലം മാത്രം വളർന്നു.

കൊടിമരങ്ങളുടെ ശിരസ്സിൽ പാറുന്ന ചുവന്ന പാതകകൾ കണ്ടു. ചുവന്ന ചിന്തകൾ, ആശയങ്ങൾ…

ചുവപ്പ് ആവേശത്തിന്റെ നിറമാണെന്ന തിരിച്ചറിവ്. ബലഹീനർ അണിചേരുമ്പോൾ കൈവരുന്ന ശക്തിയുടെ നിറം. 

ചുവപ്പ്,

പിന്നെ മനസ്സിന്റെയും ശരീരത്തിന്റെയും സിരകളിലോടിയിരുന്നത് ഒരേ നിറമായിരുന്നു.

കാലം പിന്നെയും വളർന്നു…,

നിണം നുണയുന്ന വാൾത്തലപ്പുകൾ കണ്ടു, ചുവന്ന തെരുവുകൾ കണ്ടു, ഭയം, അറപ്പ്, ചുവപ്പിന് പിന്നെയും നിറഭേദങ്ങൾ! 

കാലം പിന്നെ വളർന്നില്ല. മുരടിച്ചു.

മനസ്സിലെ ചുവപ്പും. പക്ഷെ ചുവപ്പിനോടിന്നും ഇഷ്ടമാണ്. കാരണം ഓർമ്മകൾക്ക് ചുവപ്പ് നിറമാണല്ലോ! 

കുന്നിനു മുകളിലെത്താറായി. പൂർവ്വികരായെന്നോ ഇറങ്ങിപ്പോയ കാടുകളിലേക്കാണ് യാത്ര…

കാടിറങ്ങിയ മനുഷ്യൻ നാടുകേറിയപ്പോൾ അവൻ മൃഗമോ മനുഷ്യനോ എന്ന് തിരിച്ചറിയാത്തവനായി. അവൻ ഭൂമിയിലെ മറ്റനേകം മൃഗങ്ങളിൽ ഒന്നുമാത്രമായിരുന്നു. ഒരു കാര്യമാണവനെ വ്യത്യസ്തനാക്കിയത്, വെട്ടിപ്പിടിക്കാനും, വീണ്ടെടുപ്പിനും, കീഴ്പ്പെടുത്തലിനും വേണ്ടി അവൻ ആശയങ്ങൾ രൂപപ്പെടുത്തി; കണ്ടെത്തലുകൾ നടത്തി. അവയ്ക്ക് മതമെന്നും, രാഷ്ട്രീയമെന്നും, ശാസ്ത്രമെന്നും, നന്മയെന്നും, തിന്മയെന്നും പേരുകൾ നൽകി.

 കുന്നിന്റെ നിശ്വാസം പോലെ പതിഞ്ഞു വീശിയ കാറ്റ് പുൽനാമ്പുകൾക്കിടയിലൂടെ അയാളുടെ മുറിവുകളെ സ്പർശിച്ച് കടന്നുപോയി. മുറിവ് പിന്നെയും നീറി. വേദനകളിൽ നിന്നും മുക്തമാകേണ്ട നേരം കഴിഞ്ഞു. എന്നിട്ടും മുറിവ് നീറി. അയാൾ കുന്നിന്റെ നെറുകയിലേക്ക് നടന്നു കയറി. ‘രക്തസാക്ഷിക്കുന്ന് ‘ അയാൾ പതിയെ മന്ത്രിച്ചു. ‘ രക്തസാക്ഷി’  എന്ന പദം ഉച്ചരിച്ചതും അയാളുടെ ഇടത് നെഞ്ചിലെ മുറിവിലൂടെ പിന്നെയും രക്തം പൊടിഞ്ഞു. നെഞ്ചിൽ ചേർത്തു പുതച്ചിരുന്ന ചുവന്ന തുണി രക്തം നനഞ്ഞ് പിന്നെയും ചുവന്നിരുന്നു. തുണി ഊരിമാറ്റാൻ അയാൾ തുനിഞ്ഞതാണ്, പക്ഷെ രക്തത്തിൽ കുതിർന്ന് അത് നെഞ്ചോട് ഒട്ടിച്ചേർന്നിരുന്നു. തന്റെ മുറിവുകളെ മറക്കാനെന്നോണം അയാൾ തുണി വീണ്ടും ചേർത്ത് പുതച്ചു.

സന്ധ്യയിനിയും അസ്തമിട്ടില്ല. ആ കുന്നും, മരങ്ങളും, പുൽനാമ്പുകളും, പാറകളും, നീരുറവയും താൻ തന്നെയും രക്തത്തിൽ കുളിച്ചു കിടക്കുന്ന പോലെ അയാൾക്ക് തോന്നി. സന്ധ്യ ചുവന്നതല്ല. ചുവപ്പിച്ചതാണ്. തന്റേതടക്കം എത്രയോ രക്തസാക്ഷികളുടെ ചോരവാർന്ന് ചുവന്നതാണ് രക്തസാക്ഷിക്കുന്നിലെ സന്ധ്യ! 

വാകമരങ്ങളുടെ നിഴലിന് താഴെ അയാളിരുന്നു. അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു. ആരായിരുന്നു അവർ? ഒന്നും ഓർത്തെടുക്കാനാകുന്നില്ല. കുറേയേറെ നിഴലുകൾ, തന്റെ രക്തത്തിനായി നാവു നീട്ടിയ വാൾത്തലപ്പുകൾ അവ മാത്രമാണ് ഓർമയിൽ. അയാൾ ചുറ്റിനും കണ്ണ് പായിച്ചു. തനിച്ചാണ്. തനിച്ചായപ്പോഴാണ് അയാൾ വീടിനെക്കുറിച്ചോർത്തത്. വീട് വിട്ടിറങ്ങിയപ്പോഴാണ് ആ നാൽചുവരുകൾ തന്നിലെത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നു എന്ന് മനസ്സിലായത്. അയാൾക്ക് വല്ലാതെ ദാഹിച്ചു. സന്ധ്യയുടെ ചോരവാർന്ന് വീണ അരുവിയിലെ ജലം പോലും രക്തമാണെന്ന് തോന്നിപ്പോയി. കാറ്റ് ചിലപ്പോഴെല്ലാം പതിഞ്ഞു വീശി. മറ്റു ചിലപ്പോൾ കടവാവലിന്റെ ചിറകടി പോലെ തോന്നിച്ചു. അയാൾ തന്റെ ജനിയിലെ സന്ധ്യകളെക്കുറിച്ചോർത്തു. പാർട്ടി ഓഫീസും പ്രവർത്തനങ്ങളും വീടും പ്രാരാബ്ധവുമായി ജീവിതം വിരസമായി തോന്നിത്തുടങ്ങുമ്പോൾ ചില സന്ധ്യകളിൽ അയാൾ അവയിൽ നിന്നെല്ലാം സ്വയം വിടുതൽ വാങ്ങി കടപ്പുറത്ത് ബീഡിയുടെ പുക ശ്വസിച്ച് ഗസലുകൾക്ക് കാതോർത്ത്, സന്ധ്യ അസ്തമിക്കും വരെ തനിച്ച് ചെന്നിരിക്കാറുണ്ട്. അമ്മയുടെ മടിയിലേക്ക് കരഞ്ഞുകൊണ്ട് ഓടി വരുന്ന കുട്ടിയെ പോലെ തിരകൾ കരഞ്ഞലച്ചുകൊണ്ട് കരയുടെ അരികിലേക്ക് ഓടിയെത്തും. കൈകൾ വിരിച്ച് കരയെ പുൽകാനായി മാറിലേക്ക് ചായും. പക്ഷെ അപ്പോഴേക്കും തിരകൾക്ക് സ്വന്തം ആകാരം നഷ്ടമാകും. അവ തടശിലകളിൽ തട്ടി ആയിരം നുറുങ്ങുകളായി ചിതറി വീഴും. പക്ഷെ തിരയടിച്ചുകൊണ്ടേയിരുന്നു. അവിരാമമായി. ചില തിരകൾ അയാളെയും കൈകൾ നീട്ടി തൊടും. പശ്ചാത്തലത്തിൽ തിരകളുടെ താരാട്ടും ഇരുട്ടിന്റെ മയക്കവും ബാക്കിയാകുമ്പോൾ അയാൾ എണീറ്റ് തിരികെ നടക്കും. അന്നൊക്കെ സന്ധ്യകളിലെ ആ ഏകാന്തതയോട് അടങ്ങാത്ത പ്രണയമായിരുന്നു. അന്നൊക്കെയും ഏകാന്തത ഒരു കിട്ടാക്കനി ആയിരുന്നതിനാലായിരിക്കണം. പക്ഷെ മൃതിക്കിപ്പുറം ആ കുന്നിലെ തനിച്ചുള്ള ഓരോ നിമിഷവും അയാളെ ഭ്രാന്ത് പിടിപ്പിച്ചു. തനിക്ക് കൂട്ടിരിക്കാനായി ആരെങ്കിലുമൊരാൾ ആ കുന്ന് കയറിവന്നെങ്കിലെന്ന് അയാൾ മോഹിച്ചു. ഉടനെതന്നെ തന്റെ സ്വാർത്ഥമായ ക്രൂരതയോർത്ത് ആ മോഹം ഉപേക്ഷിക്കയും ചെയ്തു.

കുന്നിലെ കാറ്റിന് വിപ്ലവ ഗാനങ്ങളുടേയും പടപ്പാട്ടുകളുടേയും ഈണമാണെന്ന്  അയാൾക്ക് തോന്നി. കാറ്റ് പിന്നെയും വാൾത്തലപ്പ് വീശി. വാകമരച്ചില്ലയിലെ പൂക്കൾ നിലത്ത് വീണ് പിടഞ്ഞു. അയാൾ അനേകം രക്തസാക്ഷികളെക്കുറിച്ചോർത്തു. തനിക്ക് മുൻപേ ആ കുന്ന് കയറിയവർ. ഭഗത് സിംഗ്, ചെഗുവേര, മാർട്ടിൻ ലൂഥർ കിംഗ്, ആൻഫ്രാങ്ക്, സോക്രട്ടീസ്, ഗാന്ധി, യേശു, ബുവാസിസി…

ഓർമകളിൽ നിന്നും വിപ്ലവഗാനങ്ങൾ ഉയർന്നു. മതവും, രാഷ്ട്രീയവും, യുദ്ധവും, കാമവും മാത്രമല്ല പ്രശസ്തി പോലും രക്തസാക്ഷികളെ സൃഷ്ടിക്കുമെന്ന് വിപ്ലവഗാനങ്ങൾക്കിടയിൽ വേറിട്ടുകേട്ട ജോൺ ലെനന്റെ ഈണങ്ങൾ അയാളെ ഓർമിപ്പിച്ചു. 

രക്തം കട്ടപിടിച്ച പോലെ സന്ധ്യയപ്പോഴും ഉറഞ്ഞുകൂടി നിന്നു. രക്തസാക്ഷിക്കുന്നിലെ സന്ധ്യ ഒരിക്കലും അസ്തമിക്കാറില്ല. കാലം ഭൂതത്തിനും ഭാവിക്കുമിടയിൽ ഉറഞ്ഞുപോയ പോലെ. ഓർമകളുടെ കരിമ്പടം പുതച്ച് അയാൾ മരവിച്ചു പോയ മനസ്സിനെ ആശ്വസിപ്പിച്ചു. ആരെയോ പ്രതീക്ഷിച്ചെന്ന പോലെ അയാൾ കുന്നിൻ ചെരുവിലേക്ക് തന്നെ ദൃഷ്ടി പായിച്ചു. നെഞ്ചിലെ മുറിവിൽ നിന്നും ഉയർന്ന രക്തത്തിന്റെ മണം അയാളുടെ മനം മടുപ്പിച്ചിരുന്നു. ശ്രദ്ധ വ്യതിചലിപ്പിക്കാൻ അയാൾ കാറ്റിന്റെ താളത്തിന് ചെവിയോർത്തു. അതിൽ വിപ്ലവഗാനങ്ങളുടെ താളങ്ങൾ കണ്ടെത്തി. പാട്ടിന്റെ മനോഹരമായ ഒരു ആരോഹണത്തോടൊപ്പം ദൂരെ നിന്നും തന്റെ ഏകാന്തതയിലേക്ക് ആരോ കുന്ന് കയറി  വരുന്നത് അയാൾ കണ്ടു. ദു:ഖവും സന്തോഷവും സമ്മിശ്രമായൊരു വികാരം അയാളിൽ തിരയിളക്കമുണ്ടാക്കി. 

രണ്ട്

അതൊരു ഹർത്താൽ ദിനമായിരുന്നു. വാൾത്തലപ്പിന് ചുണ്ടിലെ രക്തം ഉണങ്ങിയിട്ടില്ല. അതിനിയും നാവ് നീട്ടുകയാണ്. വീണ്ടും രക്തം വീണേക്കാം…

ആ നാൽക്കവലയിൽ മറ്റൊരു സ്മൃതിമണ്ഡപം കൂടി ഉയർന്നു. അതിന് നെറ്റിയിൽ രക്തം പൊടിഞ്ഞപോലെ ചുവന്ന ലിപിയിൽ മറ്റൊരു പേര് കൂടി ആലേഖനം ചെയ്യപ്പെട്ടു. ആളുകൾ അവിടെ തടിച്ചു കൂടിയിട്ടുണ്ട്. നേതാവിന്റെ വരവിനായി ജനം കാത്ത് നിന്നു. ഒടുവിൽ ഒരു കാറ് വന്നു നിന്നു. ആരോ ഡോറ് തുറന്നു കൊടുത്തപ്പോൾ നേതാവ് കാറിൽ നിന്നിറങ്ങി, ആളുകളെ വകഞ്ഞ് മാറ്റി സ്മൃതിമണ്ഡപത്തിന് മുന്നിൽ വന്നു നിന്നു. പനിനീർ പൂക്കൾ അതിന്റെ നെറുകയിലേക്ക് വിതറിയിട്ടുകൊണ്ട് അയാൾ മുദ്രാവാക്യം ചൊല്ലും പോലെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. 

‘ആ ശോണനക്ഷത്രങ്ങൾ നിന്നെയോർക്കുമ്പോൾ സ്വയമഭിമാനം കൊള്ളും കാരണം അവയുടെ പരമാണുവിൽ നിന്നാണ് നീ ജന്മം കൊണ്ടത്.’ 

 മുദ്രാവാക്യങ്ങൾ ഉയർന്നു താണു. നേതാവ് തന്റെ വിശ്വാസ്തരിൽ ഒരുവനെ അടുത്തുവിളിച്ചു. 

‘തിരഞ്ഞെടുപ്പ് അടുക്കാറായി. രക്തസാക്ഷിയുടെ ഫോട്ടോ പതിച്ച ബാനറുകൾ കവലതോറും തൂങ്ങണം. സഹതാപവും രോഷവും വോട്ടുകളാക്കാൻ കെൽപ്പുള്ള ശക്തമായ അടിക്കുറിപ്പുകൾ വേണം ഓരോന്നിലും’ 

കൂട്ടാളികൾക്ക് നിർദ്ദേശങ്ങൾ നൽകി അയാൾ കാറിൽ കയറി. കാറ് അടുത്ത സമ്മേളനസ്ഥലം ലക്ഷ്യമാക്കി പാഞ്ഞുപോയി. ആളുകളൊഴിഞ്ഞ് പോയപ്പോൾ ആ ഹർത്താൽ ദിനത്തിൽ വിജനമായ തെരുവിൽ ആ സ്മൃതിമണ്ഡപം സ്മൃതികളിൽ തനിച്ചായി. അന്ന് വൈകുന്നേരം തെരുവ് വീണ്ടും സജീവമായി. ജനം തടിച്ച് കൂടിയിരുന്നു. അണികളെ അഭിസംബോധന ചെയ്ത് നേതാവ് നടത്തിയ പ്രസംഗം ഇനിയും നൂറ് രക്തസാക്ഷികളെയും ചാവേറുകളെയും സൃഷ്ടിക്കാൻ പോന്നതായിരുന്നു. ലഘുലേഖകൾ കൂടുതൽ ശേഖരിക്കാൻ വഴിയിൽ കുട്ടികൾ തമ്മിൽ മൽസരിച്ചു. ചിലർ അനൗൺസ്മെന്റ് ജീപ്പിന് പിറകെ തളരും വരെ ഓടി. കവലയോട് ചേർന്ന് കാടു പിടിച്ചു കിടന്ന പുറമ്പോക്ക് ഭൂമിയിൽ രക്തസാക്ഷിയുടെ പേരിൽ ഒരു പാർട്ടി ഓഫീസ് തുറക്കാനുള്ള മൂലധനത്തിന്റെ സമാഹരണത്തിനായി ബക്കറ്റ് പിരിവ് നാടൊട്ടുക്കും തകൃതിയായി നടന്നു. പ്രത്യേകിച്ച് പേരുകളൊന്നും ഇല്ലാതിരുന്ന ആ തെരുവിന് അന്നു മുതൽ അയാളുടെ പേര് ചാർത്തപ്പെട്ടു. കൊടിപിടിച്ചു നടന്ന അണികളിൽ ചിലരെങ്കിലും രക്തസാക്ഷിയാകലാണ് സമൂഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സംഭാവനയെന്ന് ഉള്ളിൽ പറഞ്ഞു. രഹസ്യമായി രക്തസാക്ഷിത്വം ആഗ്രഹിക്കയും ചെയ്തു. ചിതയെരിഞ്ഞ് തീർന്ന രക്തസാക്ഷിയുടെ വീട്ടിലപ്പോൾ നെഞ്ചിലെ കനലടങ്ങാതെ വൃദ്ധയായ അയാളുടെ അമ്മയും ഭാര്യയും കണ്ണീർവറ്റി നിഴൽ പായയിൽ പ്രതീക്ഷകളറ്റ് കിടന്നു. അപരാഹ്നത്തിലെ സൂര്യവെളിച്ചം ദു:ഖസൂചകമായി ജനലിലൂടെ അരിച്ചിറങ്ങി അവരുടെ നിഴലിനെ തൊട്ടു.

കേസിലെ വിചാരണ കഴിഞ്ഞപ്പോൾ കൊലയാളികൾക്ക് ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടു. പോലീസ് വാഹനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് പ്രതിഭാഗം വക്കീൽ തന്റെ കക്ഷികളുടെ അടുത്തെത്തി അവരോട് രഹസ്യമായി പറഞ്ഞു. ‘അകത്താണ് നല്ലത് പുറത്ത് സേഫ് അല്ല. രാഷ്ട്രീയ കൊലപാതകങ്ങൾ ഒരസാധാരണ സംഭവമല്ലാത്തത് കൊണ്ട് വധശിക്ഷ കിട്ടില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഇനി ജയിലിലെ നല്ല നടപ്പ് പോലെ ഇരിക്കും. ശിക്ഷ നമ്മുക്ക് ഇളവ് വാങ്ങാം’ 

കോടതിക്ക് മുമ്പിൽ തടിച്ച് കൂടിയിരുന്ന ജനാവലിക്ക് നടിവിലൂടെ പോലീസുകാർ കവചം തീർത്ത് പ്രതികളെ തങ്ങളുടെ വാഹനം വരെ എത്തിച്ചു. മുദ്രാവാക്യങ്ങൾ ഉയർന്നു താണു. പിന്നെ ജനം പതിയെ ഒഴിഞ്ഞു പോയി. അയാളുടെ പേര് ചാർത്തപ്പെട്ട തെരുവിൽ അയാളുടെ പേരിൽ തന്നെയുള്ള പുതിയ പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യപ്പെട്ടു. കവലയിലെ ചായക്കടയിൽ ഇരുന്ന് സംസാരിക്കാൻ ആളുകൾക്ക് പുതിയ വിഷയങ്ങൾ കിട്ടിക്കഴിഞ്ഞിരുന്നു. തെരുവ് വീണ്ടും ശാന്തമായി. പുലരികളും സന്ധ്യകളും രാവുകളും കടന്നു പോയി. വീണ്ടും സൂര്യനുദിച്ചു. അസ്തമിച്ചു. ഒരാണ്ട് തികയും വരെ അയാളുടെ പേരിലുള്ള സ്മൃതിമണ്ഡപം പുഷ്പവൃഷ്ടിക്കായി കാത്തു കിടന്നു.

മൂന്ന്

അയാൾ കണ്ണുകളടച്ച് തന്റെ മരണശേഷമുള്ള നാടിനെ മനസ്സിൽ കാണുകയായിരുന്നു. കണ്ണടച്ചിരുന്നാൽ കാതങ്ങൾക്കപ്പുറമുള്ള ആ ലോകം തന്റെ തൊട്ടരികിലാണെന്ന് തോന്നും. തനിക്കു ശേഷം കുന്നുകയറി വന്ന വൃദ്ധനെ അയാൾ നോക്കി.  മുഖത്തോടു മുഖം നോക്കി അവർ പരസ്പരം ചിരിച്ചെന്നു വരുത്തി. നരച്ചു നിറം കെട്ട വൃദ്ധന്റെ കണ്ണുകളിൽ ആ ചിരി കൃത്രിമമായ ഒരു തിളക്കം സൃഷ്ടിച്ച പോലെ അയാൾക്ക് തോന്നി. പതിഞ്ഞു വീശിയ കാറ്റിൽ മൈലാഞ്ചിയിട്ടു ചുവപ്പിച്ച അയാളുടെ താടി തീപിടിച്ച കുറ്റിക്കാട് പോലെ തോന്നിച്ചു. വൃദ്ധൻ കരം നീട്ടി തൊട്ടപ്പോൾ മരവിപ്പിക്കുന്ന ആ തണുപ്പ് അയാളിൽ അവളുടെ ഓർമകളുണർത്തി. അവളുടെ കൈകൾക്കും ഇതേ തണുപ്പായിരുന്നു. അവളെ ചേർത്തുപിടിക്കുമ്പോഴെല്ലാം ഉള്ളവും ഉടലും ഒന്നാകെ കുളിര് തോന്നുമായിരുന്നു. കോളേജിലെ ചോരചാറുന്ന ആ ഗുൽമോഹറിന്റെ ചുവട്ടിൽ വെച്ചാണ് അവളെ ആദ്യം കാണുന്നത്. പിന്നെ ചുവന്ന മഷിപ്പേന കൊണ്ട് അവൾക്കെഴുതി അയച്ച പ്രണയം നാറുന്ന എത്രയോ കവിതകൾ, പിന്നെ പിന്നെ അവ പ്രണയലേഖനങ്ങളായി പരിണമിച്ചുപോയത്… ഒടുവിൽ പാർട്ടി ഓഫീസ് വെച്ച് ഒരു രക്തഹാരമണിയിച്ച് അവളുടെ വലതുകരം പിടിക്കുമ്പോൾ അവളുടെ കൈകൾക്ക് ഇതിലും തണുപ്പ് തോന്നി. 

‘നിങ്ങളെന്നാണ് ഈ കുന്നു കയറിയത്?’

വൃദ്ധന്റെ ചോദ്യം അയാളെ ഓർമകളിൽ നിന്നും ഉണർത്തി.

‘ഇവിടെ കാലം സന്ധ്യയിൽ കുരുങ്ങിപ്പോയതിനാൽ ദിവസത്തിന്റെ കണക്ക് പറയാനാകുന്നില്ല.’ അയാൾ മറുപടി നൽകി. 

വൃദ്ധന്റെ ശരീരത്തിലെ മുറിവുകൾ അയാൾ കണ്ടു. 

‘ആരായിരുന്നു അവർ?’ 

വൃദ്ധൻ തന്റെ തന്നെ ചോദ്യം ആവർത്തിക്കുന്നത് പോലെ അയാൾക്ക് തോന്നി. 

‘മുഖങ്ങൾ ഓർമയില്ല. കുറേയേറെ നിഴലുകൾ. അതിലൊരു നിഴൽ എന്റേതുതന്നെയായിരുന്നു.’ അയാൾ നെടുവീർപ്പിട്ടു.

വൃദ്ധൻ പറഞ്ഞു-

‘ഇരുട്ടും ഗസലും ഇണചേർന്നൊരു രാവായിരുന്നു അത്. ഞാനും ഗസൽ കേൾക്കാൻ പോയതാണ്. ഖലീബുള്ള സ്ട്രീറ്റിൽ ഗസൽ പെയ്യുന്ന രാവായിരുന്നു. പക്ഷെ എന്റെ പൈജാമയിൽ രക്തക്കറ പറ്റി. ഞാനന്ന് വയറ് നിറയെ മാട്ടിറച്ചി കഴിച്ചിരുന്നു. അവരെന്റെ പേര് ചോദിച്ചിരിക്കണം. പേര് പറയാതെ തന്നെ എന്റെ രൂപം അത് വിളിച്ചു പറഞ്ഞിട്ടുണ്ടാകും.’ 

കാറ്റിൽ പിന്നെയും വൃദ്ധന്റെ മൈലാഞ്ചിയിട്ട് ചുവപ്പിച്ച താടിക്ക് തീ പിടിച്ചു. വൃദ്ധൻ ഗുലാം അലിയുടെ ഗസലിന്റെ വരികൾ മൂളി. 

‘സർഫ് ഏക് സാർ

മുലാഖാത് കാ മോഖാ

ദേ ദേ…

മേം തേരീ ഷഹർ മേം 

ആയീഹേ മുസാഫർ കി 

തർഹം…’

  പിന്നെ ഭ്രാന്തമായി ചിരിച്ചു. കാറ്റിൽ വാകപ്പൂക്കൾ പിന്നെയും പൊഴിഞ്ഞു വീണു. പൊയ്കയിൽ നിന്നും അവരൊന്നിച്ച് വെള്ളം കുടിച്ചു. തങ്ങളുടെ തന്നെ രക്തം മോന്തുന്നപോലെ അവർക്കു തോന്നി. പൂർവ്വജന്മത്തിലെ പേരും, നാടും, ജീവിതത്തിലെ പ്രിയപ്പെട്ട മറ്റു പലതും ഓർമകളിൽ നിന്നും നഷ്ടമായ അവർക്ക് ഹൃദയത്തിൻ ചാപ്പകുത്തിയപോലെ മാഞ്ഞുപോകാത്ത ചില ഓർമ്മകൾ മാത്രമാണ് കൂട്ട്. പിരിയും വരെയുള്ള നിമിഷങ്ങളിലെ വിരസത മാറ്റാൻ അവർ ആ ഓർമ്മകൾ പരസ്പരം പങ്കുവെച്ച് നേരം പോക്കി.

‘ഇത് മരണത്തിന് മുമ്പുള്ള ഇടവേളയായിരിക്കണം. ജീവിച്ചിരിക്കെ കണ്ടുമുട്ടാത്ത നമ്മൾ മരണത്തിനിപ്പുറം കണ്ടുമുട്ടിയിരിക്കുന്നു. അല്ലെങ്കിൽ തന്നെ കഴിഞ്ഞു പോയതാണ് ജീവിതമെന്ന് എങ്ങനെയാണ് പറയാനാകുക! ജീവിതം വിരസമായി നീളുകയാണ്. മരണത്തിന് ശേഷവും! ഈ രംഗത്തിനും തിരശീല വീഴും നമ്മളും പിരിയും.  മരണവും ഒരുതരത്തിൽ വഴിയമ്പലം തന്നെ!’ വൃദ്ധൻ പറഞ്ഞു നിർത്തി.

   അയാൾ മൗനമായി മൂളി. അവർക്കിടയിൽ പിന്നെ മൗനം തുടർന്നു. മൗനത്തിനിടയിലെ ദീർഘനിശ്വാസം പോലെ പതിഞ്ഞ കാറ്റ് വീശി. മറ്റാരുടേയോ വരവറിയിച്ചെന്ന പോലെ കാറ്റിലപ്പോൾ രക്തത്തിന്റെ മണം നിറഞ്ഞിരുന്നു. 

     കാൽപ്പെരുമാറ്റം കേൾപ്പിക്കാതെ, മണ്ണിൽ കാലടികൾ പതിപ്പിക്കാതെ ഒരു ചോരവാർന്ന രൂപം അവർക്കിടയിലേക്ക് കടന്നുവന്നു. യുവാവാണ്. അയാൾ പുതച്ചിരുന്ന തുണിയുടെ കാവി നിറം തുണിയിലേക്ക് വാർന്നു വീണ രക്തത്താൽ മുക്കാൽ ഭാഗവും ചുവന്നിരുന്നു. അയാളുടെ അറ്റുപോകാറായ വലതു കൈ ആ തുണികൊണ്ടയാൾ മറച്ചു പിടിച്ചിരുന്നു. സ്വയം പരിചയപ്പെടുത്താൻ കഴിയാത്തതിൽ അവർ ഖിന്നരായിരുന്നു. അവർ തങ്ങളുടെ തന്നെ ഓർമകളിലേക്ക് അന്യരെ പോലെ കടന്നുചെന്നു. നുറുങ്ങ് ഓർമ്മകൾ കൊണ്ട് ചങ്ങാടങ്ങൾ കെട്ടി മറവിയുടെ ആഴിയിൽ നക്ഷത്രങ്ങളെ നോക്കി തുഴഞ്ഞു. കണ്ടുകിട്ടിയ ഓർമ്മകളെക്കുറിച്ച് കൂടയുള്ളവരോട് വാചാലരായി. ചിലപ്പോൾ മൗനമായി ആ ചങ്ങാടത്തിൽ ഒഴുകി നടന്നു. യുവാവ് ദീർഘമായി നിശ്വസിച്ചു.  

‘പനിനീർ പൂക്കളുടെ ഗന്ധം അറിയാൻ കഴിയുന്നുണ്ടോ? അവരെന്റെ സ്മൃതിമണ്ഡപത്തിൽ പനിനീർ പൂക്കൾ അർപ്പിക്കുകയാണ്.’

‘രക്തത്തിന്റെ മണമല്ലാതെ മറ്റൊരു  ഗന്ധവും എനിക്കിപ്പോൾ തിരിച്ചറിയാനാകുന്നില്ല.’ 

വൃദ്ധൻ നിരാശയോടെ മറുപടി നൽകി. 

‘എനിക്ക് അറിയാൻ കഴിയുന്നു.’

യുവാവ് വീണ്ടും സുഗന്ധം ശ്വസിച്ചു. അയാൾ മനസ്സിൽ ചിത്രങ്ങൾ മെനഞ്ഞെടുത്തു, തന്റെ നാട്ടിലെ നാൽക്കവല, അവിടെ പുതുതായി ഉയർന്നു വന്ന സ്മൃതിമണ്ഡപം, കൊടിമരം, പൂക്കൾ, മുദ്രാവാക്യങ്ങൾ…

തന്റെ ശവശരീരത്തിന് തലയ്ക്കലിരുന്ന് കരഞ്ഞുതീർക്കുന്ന ഉറ്റവരെ  അയാൾ ഓർത്തു. അവരാണ് യഥാർത്ഥ രക്തസാക്ഷികൾ. പ്രിയപ്പെട്ടവരുടെ രക്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവന്നവർ. 

മുറിവുകളുടെ നീറ്റലകറ്റാൻ വൃദ്ധൻ പിന്നെയും ഗസലുകൾ പാടി. കാറ്റിൽ മരങ്ങൾ സൂഫി നർത്തകരെ പോലെ തലയാട്ടി ഭ്രമണം ചെയ്തു. കാറ്റിൽ മരങ്ങൾ പൂക്കൾ പൊഴിച്ചു. യുവാവ് പിന്നെയും നഷ്ടങ്ങളെ ശ്വസിച്ചു. പനിനീർ പൂക്കളുടെ ഗന്ധം പിന്നെ പിന്നെ രക്തത്തിന്റെ രൂക്ഷഗന്ധമായി പരിണമിക്കുന്നത് അയാളറിഞ്ഞു. രാഷ്ട്രീയ ചാവേറുകളുടെ രക്തത്തിന്റെ രൂക്ഷമായ ഗന്ധം. തനിക്ക് വേണ്ടിയോ അന്യനു വേണ്ടിയോ അല്ലാതെ വ്യർഥമായി ജീവിൻ ബലി നൽകിയവർ. തുടർകൊലപാതകങ്ങൾ, നാൾക്കുനാൾ ഉയർന്നുവന്ന രക്തസാക്ഷി മണ്ഡപങ്ങൾ, നിരാലംബരായ സ്ത്രീകളും കുഞ്ഞുങ്ങളും. തന്റേതടക്കമുള്ള രക്തസാക്ഷിത്വങ്ങൾ ബാക്കിയാക്കിയത് ഇതൊക്കെയാണ്…

അവർ പിന്നെയും ഓർമകളുടെ ചങ്ങാടങ്ങളിൽ ഒഴുകി നടന്നു. മൗനമായി സമയം കടന്നുപോയി. കൈയിൽ നുറുങ്ങിയ ക്രെയോണുകളും പാതി വരഞ്ഞ മാലാഖയുടെ ചിത്രവുമായി ഒരു ബാലിക കുന്നുകയറി വന്നു. അവളുടെ കണ്ണിൽ അപ്പോഴും ഭയം നിഴലിച്ചിരുന്നു, ചുണ്ടുകളിൽ രക്തം പൊടിഞ്ഞിരുന്നു. നിലത്ത് ചടഞ്ഞിരുന്ന് അവൾ തന്റെ മാലാഖയുടെ ചിറകുകൾക്ക് ചായം നൽകി. തുമ്പികളും ശലഭങ്ങളും അവൾക്കു ചുറ്റും പാറി നടന്നു. അവൾ തുമ്പികളെയും ശലഭങ്ങളേയും പിടിച്ചു. അവയുടെ ചിറകുകൾക്ക് പുതിയ നിറക്കൂട്ടുകൾ നൽകി പിന്നെയും പറത്തി വിട്ടു. കാറ്റ് പോലും ഇലകളനക്കാതെ ശ്വാസം പിടിച്ച് അവളെ കണ്ടുനിന്നു. ദിവ്യമായൊരു വെളിച്ചം അവൾ വരഞ്ഞ മാലാഖയ്ക്ക് ജീവൻ നൽകി. മാലാഖ അവളേയും കൊണ്ട് ദൂരേയ്ക്ക് പറന്നു പോയി. അവളുടെ നുറുങ്ങിയ ക്രെയോണുകളും ചായക്കൂട്ടുകളും മാത്രം ബാക്കിയായി.

ഓരോരുത്തരും തങ്ങളുടെ മടക്കത്തിനായി ഊഴം കാത്തിരുന്നു. വൃദ്ധൻ അവസാനമായി നിസ്കരിച്ചു. അയാളുടെ നിസ്കാരത്തഴമ്പ് പിന്നെയും മണ്ണിനെ തൊട്ടു. അയാളുടെ താടിയിലെ തീ ഉടലിനെയാകെ വിഴുങ്ങുന്ന പോലെ തോന്നി. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിൽ അയാൾ അലിഞ്ഞില്ലാതെയായി. 

യുവാവും അയാളും മാത്രം ബാക്കിയായി. മരങ്ങളുടെ ശിഖിരങ്ങൾ ഉലച്ചു കൊണ്ട് പിന്നെയും കാറ്റ് വീശി.

ഓരോ രക്തസാക്ഷിയും രക്തസാക്ഷിക്കുന്നിൽ തന്റേതായ ഒരടയാളം ഉപേക്ഷിച്ചാണ് പോയിട്ടുള്ളത്.

ഗാന്ധിയുടെ കണ്ണട, ഭഗത് സിംഗിന്റെ തൊപ്പി, ചെഗുവേരയുടെ ചുരുട്ട്, സോക്രട്ടീസ് വിഷം സ്വീകരിച്ച പാനപാത്രം, ജോൺ ലെനന്റെ ഗിത്താർ, വാൻഗോഗ് കാമുകിക്കായി സ്വയം അറുത്ത് നൽകിയ ചെവി, ആൻഫ്രാങ്കിന്റെ കിറ്റി, യേശുവിന്റെ മുൾക്കിരീടം, ആ ബാലിക ബാക്കിവെച്ച നുറുങ്ങിയ ക്രെയോണുകൾ, പിന്നെയും ഒരുപാട് അവശേഷിപ്പുകൾ…

തങ്ങളുടേതായ അടയാളങ്ങളൊന്നും ബാക്കിയാക്കാനില്ലാതെ അവർ യാത്രയ്ക്ക് തയ്യാറെടുത്തു. 

‘മോക്ഷം നമ്മുക്ക് അന്യമാണ്. നമ്മൾ മരണം കൊണ്ട് മാത്രം രക്തസാക്ഷികളായവരാണ്. ജീവിതം കൊണ്ടല്ല. നമ്മൾ പിഴച്ചു പോയവരാണ്. പിഴച്ചുപോയിടത്ത് നിന്നും വീണ്ടും തുടങ്ങിയേ മതിയാകൂ.  മരണം നമ്മുക്ക് ഒരിക്കലും മോക്ഷമല്ല. രക്തസാക്ഷികൾക്ക് മരണമില്ലെന്ന് അവർ പാടുന്നു. രക്തസാക്ഷികൾക്ക് മോക്ഷവും അന്യമാണ്. സിസിഫസിന്റെ ജന്മമാണ് നമ്മുടേത്. ത്രികോണാകൃതിയിലുള്ള മലയുടെ മുകളിലേക്ക് പാറയുരുട്ടി കയറ്റി ഉച്ചിയിൽ പ്രതിഷ്ഠിക്കാൻ ശ്രമിച്ചവർ. പാറ പിന്നേയും താഴോട്ടു പതിക്കുംപോലെ തിരികെ മനുഷ്യജന്മത്തിലേക്ക് തന്നെയാണ് നമ്മുടെ മടക്കവും. തുടങ്ങിയിടത്ത് നിന്ന് വീണ്ടും തുടങ്ങണം. പക്ഷെ തെറ്റുകൾ തിരുത്തിക്കൊണ്ട്.’ അയാൾ പറഞ്ഞു നിർത്തി.

കാറ്റ് ശക്തമായി വീശി. കാറ്റിൽ അവരെ കവചം ചെയ്തിരുന്ന പതാകകൾ ഉതിർന്നു വീണു. അവരുടെ മുറിവിലൂടെ രക്തം കുടിച്ചു തീർത്ത് അവ രണ്ടും ഒരു പോലെ ചുവന്നിരുന്നു. 

അവരുടെ രൂപം പുറകോട്ട് പരിണാമം നടത്തി. അവർ രണ്ട് ബീജങ്ങളായി തവളപ്പൊട്ടുകളെ പോലെ പിറവിയിലേക്ക് നീന്തി. ആദ്യമെത്തുന്നവന് മാത്രം സാധ്യമാകുന്ന പിറവിയെന്ന ജയത്തിലേക്ക്. കൂടെ നീന്തുന്നവർ ശത്രുവാണെന്ന് മനുഷ്യൻ പഠിച്ചത് ആദ്യയാത്രയിലായിരിക്കണം!