അകലെ വീട്ടിലേക്കുള്ള ഇട വഴിയിൽ തെളിഞ്ഞു തുടങ്ങുമ്പോഴേക്കും നിറഞ്ഞ പുഞ്ചിരിയോടെ അവർ മുറ്റത്തേക്ക് ഇറങ്ങിയിട്ടുണ്ടാവും…

രചന: Shahina Shahi

ഒന്നിലേറെ പെണ്കുട്ടികളെ കെട്ടിച്ചു വിട്ട വീടിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ…അവര് അധികവും ഒന്നിച്ചായിരിക്കും സ്വന്തം വീട്ടിൽ ഒത്തു കൂടുക…

ഒന്ന് രണ്ടു മാസത്തിനു ശേഷം ഒന്നിലേറെ തവണ ഫോൺ ചെയ്ത് ഒന്നിച്ച് വരാനായി കണ്ടെത്തിയ ദിവസത്തിലായിരിക്കുമത്.

മുഖം കനപ്പിച്ചു നിൽക്കുന്ന അമ്മായിയമ്മയെ പ്രീതിപ്പെടുത്തി,സിറ്റോട്ടിൽ കാൽ കേറ്റി വച്ചിരിക്കുന്ന അമ്മായപ്പനെ സന്തോഷിപ്പിച്ച് ഒരു വിധം സമ്മതം വാങ്ങി എടുക്കുമ്പോഴായിരിക്കും ഭർത്താവിന് ജോലിത്തിരക്ക്.

പിന്നെ ഭർത്തതാവിനെ സോപ്പിട്ട് മയക്കി ഒരു വിധം സമ്മതം വാങ്ങിച്ചെടുത്തു വീട്ടിലേക്ക് എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെ ഉമ്മറത്ത് കാത്തിരിക്കുന്ന രണ്ട് മുഖങ്ങൾ ഉണ്ടാവും അവിടെ.

അകലെ വീട്ടിലേക്കുള്ള ഇട വഴിയിൽ തെളിഞ്ഞു തുടങ്ങുമ്പോഴേക്കും നിറഞ്ഞ പുഞ്ചിരിയോടെ അവർ മുറ്റത്തേക്ക് ഇറങ്ങിയിട്ടുണ്ടാവും.

ആ രണ്ടു മുഖം കണ്ടു തുടങ്ങുമ്പോഴേക്കും പത്തിരുപത്തഞ്ച് വയസ്സുള്ള,നാലു വയസ്സുകാരിയുടെ ഉമ്മ വെറും മുറ്റത്ത് മണ്ണപ്പം ചുടുന്ന പഴയ അഞ്ചാം ക്ലാസ്സുകാരിയായി ചുരുങ്ങും…

കയ്യിലെ ഭാണ്ഡക്കെട്ട് വാങ്ങി എത്ര തടിച്ചാലും നീ വല്ലാതെ മെലിഞ്ഞു പോയല്ലോ മോളെ അവിടുന്ന് നിനക്ക് ഒന്നും കഴിക്കാൻ കിട്ടാറില്ലേ എന്ന ഉമ്മയുടെ പതിവ് ചോദ്യം ഉയരുമ്പോൾ ഉപ്പ ചേർത്ത് പിടിച്ച് ഉമ്മ വെക്കുകയായിരിക്കും.എല്ലാം കണ്ട് നേർത്ത ഒരു ചിരിയോടെ അനിയൻ ചെക്കൻ ഉമ്മറത്ത് തന്നെ നിൽപ്പുണ്ടാവും…

പിന്നെ ഏറെ വൈകാതെ ഇത്ത കൂടി വന്നാൽ എല്ലാം ഒക്കെ…

വന്നകാലിൽ നിന്ന് ഇത്ത അന്വേഷണം ചോദിക്കുമ്പോഴേക്കും മക്കൾ വരുന്നത് അറിഞ്ഞ് അച്ഛൻ പാടത്ത് നിന്ന് വെട്ടി പുക വെച്ച് പഴുപ്പിച്ച നേന്ത്ര പഴവും പിന്നെ ഉമ്മയുടെ കൈകൊണ്ട് ഉണ്ടാക്കിയ പലഹാരങ്ങളും ചയയോടൊപ്പം ഡൈനിങ് ടേബിളിൽ നിരന്നിട്ടുണ്ടാവും.

പിന്നെ അത്യാവശ്യം സമ്പന്നനായ ഇക്കയെ കുറിച്ച് ഇത്ത വമ്പു പറയുമ്പോൾ ഇത്തിരി കഷ്ടപ്പാടിൽ ഒക്കെ ആണെങ്കിലും ഒട്ടും വിട്ട് കൊടുക്കാതെ ഇക്കയെ പുകയ്ത്തുമ്പോൾ ഉള്ളിലൊരു സുഖമാണ്.എല്ലാം അറിയുന്ന ഉമ്മയപ്പോൾ വെറുതെ ചിരിക്കും…

മുമ്പൊക്കെ ഇടക്ക് വന്ന് വഴക്കടിക്കുന്ന അനിയൻ കുട്ടൻ എന്ത് പറഞ്ഞാലും സമ്മതം മൂളുമ്പോൾ അവനെ ചോദിപ്പിക്കാനായി പണ്ടൊക്കെ ചെയ്ത പോലെ വെറുതെ അവന്റെ മുടിയിൽ ചെന്ന് വലിക്കും…

ദേഷ്യം പിടിച്ച് പിന്നാലെ വരുമ്പോൾ ഓടി ഉമ്മയുടെ പിന്നിൽ ഒളിക്കുമ്പോൾ അതിനെ ഇങ്ങനെ വേദനിപ്പിക്കുന്നത് എന്തിനാ,നിന്റെ ഇളയത് അല്ലെയത് എന്ന് ചോദിച്ച് പണ്ടൊക്കെ ദേഷ്യപ്പെട്ടിരുന്ന ഉമ്മ എന്നോട് വഴക്ക് പറയുന്നതിന് പകരം അവിടെ പോയാൽ അതിന് പടിപ്പത് പണിയായിരിക്കും ഇവിടെയെങ്കിലും സ്വസ്ഥത കൊടുത്തുടെ നിനക്ക് എന്ന് അവനെ നോക്കി ഉമ്മ പറയുമ്പോൾ
പല്ല് കടിച്ചു പോകുന്നവനെ വെറുതെ നോക്കി നിൽക്കുമ്പോൾ എന്തോ വല്ലാത്ത ഒരിതാണ്…അതിന് അവൻ എങ്ങനെ എങ്കിലുമൊക്കെ പകരം വീട്ടുകയും ചെയ്യും…

പിന്നെ ചെമ്പരത്തി ഇലകൊണ്ടു താളി അരച്ചെടുത്ത് ഇത്ത തലയിൽ പിടിപ്പിച്ചു തരുമ്പോൾ പണ്ട് താളി തേച്ച് പഞ്ചായത്ത് കുളത്തിൽ ഉപ്പയുടെ കൂടെ പോയി ചാടി കുളിച്ച ഓർമ്മകൾ വെറുതെ പങ്കു വെക്കാറുണ്ട്…. അത് കേട്ടിരുന്ന് ഉപ്പ അങ്ങനെ ചിരിക്കും…അങ്ങനെ അങ്ങനെ ദിവസങ്ങൾ എത്ര വേഗമാണ് കൊഴിഞ്ഞു പോകാറ്…

പിന്നെ ഞാൻ മടങ്ങും മുന്നേ ഇത്ത മടങ്ങാൻ ഒരുങ്ങുമ്പോൾ ഉപ്പയുടെ തെളിഞ്ഞ മുഖം വാടി തുടങ്ങാറുണ്ട്…വാതിലിന് അപ്പുറത്ത് നിന്ന് നിറഞ്ഞ കണ്ണ് ഉമ്മ തട്ടം കൊണ്ട് തുടക്കാറുണ്ട്…ഈ നാൽ ദിവസം എന്ത് രാസായിരുന്നല്ലേ എന്നനിയൻ പങ്കു വെക്കാറുണ്ട്…

എത്ര ദിവസം നിന്നാലും ഒടുക്കം ഞാൻ ഇറങ്ങാൻ നേരത്ത് രണ്ട് ദിവസം കൂടി ഇവിടെ നിന്നിട്ട് പോയാൽ പോരെ എന്ന് ഉപ്പ പതിവായി ചോദിക്കാറുണ്ട്…ഉമ്മയൊന്നു ചേർത്ത് പിടിക്കാറുണ്ട്…ഉമ്മ വെക്കാറുണ്ട്…നീയും കൂടെ പോയാൽ ഇവിടെയാകെ ശൂന്യമായ പോലെയാകുമെന്നവര് സങ്കടത്തോടെ പറയും…

യാത്ര പറഞ്ഞിറങ്ങുമ്പോൾ കണ്ണിൽ നിന്ന് മായും വരെ അവരങ്ങനെ നോക്കി നിൽക്കാറുണ്ട്… സിറ്റോട്ടിലെ തൂണിൽ ചാരി നിന്ന് പെയ്യാൻ ഒരുങ്ങി നിൽക്കുന്ന മുഖവുമായി അനിയൻ കുട്ടനുമങ്ങനെ നിൽക്കും…

ശുഭം

എന്റെ ശ്രമങ്ങൾ…😊