പവിത്രയുടെ മാഷ് ~ രചന: അബ്ദുൾ റഹീം, പുത്തൻചിറ
ആ വരാന്തയിൽ നിന്നും അവൾ പോകുന്നതും നോക്കി ഞാൻ നിന്നു .. അവളൊന്നു തിരിഞ്ഞു നോക്കിയെങ്കിലൊന്നു വെറുതെ ആഗ്രഹിച്ചു.. ഇല്ല… ചിലപ്പോൾ അവൾ കരയുന്നുണ്ടാകാം… കണ്ണിൽ നിന്നും അവൾ മറഞ്ഞു…
കുറച്ചു മുൻപുവരെ ആരവങ്ങളും ആർപ്പ് വിളികളും, കളിയും തമാശയും നിറഞ്ഞ ഒരു ക്യാമ്പസായിരുന്നു ഇത്… പക്ഷെ ഇപ്പോൾ… ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പ് പോലെ ആരുമില്ലാതെ ഒരു മൂകത അനുഭവപ്പെടുന്നു…. ഇന്ന് കോളേജിലെ അവസാന വർഷം വിദ്യാർത്ഥികളുടെ യാത്ര പറയലായിരുന്നു… കൂടെ എന്റെ അദ്ധ്യാപക ജീവിതത്തിന് തീരശീലയും..
ഒരു വർഷം മുൻപാണ് ഈ ക്യാമ്പസിൽ ഗസ്റ്റ് ലക്ചറായി വരുന്നത്…ഇന്നത്തോടെ കൂടി ഈ ജോലിയോടും വിട പറയുന്നു…. രണ്ടു മാസം കഴിഞ്ഞാൽ പുതിയ ജോലിയിൽ…പക്ഷെ ജീവിതത്തിൽ മറക്കാത്ത ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട് ഈ കലാലയം…
പവിത്ര…. അതായിരുന്നു…അല്ല.. അവളായിരുന്നു എന്റെ നല്ല ഓർമ്മകൾ…എന്നു മുതലാണ് അവൾ തന്നെ പ്രണയിച്ചതെന്നു ഓർമ്മയില്ല… പക്ഷ അവളുടെ കണ്ണിലുണ്ടായിരുന്നു എന്നോടുള്ള പ്രണയം…. പറയാതെ അവൾ പറയുന്നുണ്ടായിരുന്നു.. ക്ലാസ്സെടുക്കുമ്പോൾ അവളുടെ നോട്ടത്തെ നേരിടാനാവാതെ അവളുടെ മുഖമൊഴിച്ചു എല്ലാ മുഖങ്ങളിലും എന്റെ നോട്ടമെത്തിയിരുന്നു..ആദ്യമൊക്കെ ഒരു നേരം പോക്ക് മാത്രമായിരിക്കും അവൾക്ക് തന്നോടെന്നു ചിന്തിച്ചിരുന്നു. അങ്ങനെയല്ലന്നറിഞ്ഞപ്പോൾ ഒരു വട്ടം ഞാൻ താക്കീത് നൽകി..
“ഒരു കുട്ടിക്ക് അദ്ധ്യാപകനോട് തോന്നാൻ പാടില്ലാത്തതാണ് ഇപ്പോൾ തന്റെ മനസ്സിലുള്ളത്… അതു തെറ്റാണ് “
എന്റെ വാക്കുകൾക്ക് ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു അവൾ നടന്നകന്നു… വീണ്ടും അവളുടെ നിഴൽ എന്റെ പിന്നാലെ തന്നെയുണ്ടായിരുന്നു… എന്നിലെ അദ്ധ്യാപകൻ അവളുടെ പ്രണയത്തെ എതിർത്തു… ഒരു അദ്ധ്യാപകൻ ഒരിക്കലും ഒരു വിദ്യാർത്ഥിയെ പ്രണയിച്ചു കൂടാ… ഞാൻ എന്റെ മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു..
ഒരുനാൾ അവൾ വരാതിരുന്ന ദിവസം… അന്നാണ് ഞാൻ അറിഞ്ഞത്…അവളെനിക്ക് ആരൊക്കെയോ ആയി തീർന്നിരുന്നെന്ന്… അവളില്ലാത്ത ആ ക്ലാസ്സിൽ എനിക്കൊരു ഏകാന്ത അനുഭവപ്പെട്ടു…. ഒരു തരം വീർപ്പു മുട്ടൽ…അവളുടെ സാമീപ്യം ഞാൻ ആഗ്രഹിക്കുന്നുണ്ടോ ഞാൻ എന്നോട് തന്നെ ചോദിച്ചു…പാടില്ല… മനസ്സ് അതു തന്നെ ആവർത്തിച്ചു..
അവസാന ദിവസം…. അവൾ വന്നു… ദാവണിയിൽ അവൾ അതീവ സുന്ദരിയായി തോന്നി…തനി നാടൻ ഗ്രാമീണ ഭംഗി.. ഒരു നിമിഷം കണ്ണെടുക്കാതെ അവളെ തന്നെ നോക്കി…. ആദ്യമായി അവൾ തന്നോട് പറഞ്ഞു…
“ഇഷ്ട്ടമാണ്… കൂടെ ജീവിക്കണം..”
ഈ രണ്ടുവരി മതിയായിരുന്നു അവളെ എന്നോട് ചേർത്തു പിടിക്കാൻ… പക്ഷെ എന്നിലെ അദ്ധ്യാപകൻ അതിനു സമ്മതിക്കുമായിരുന്നില്ല… എന്റെ മൗനം അവളുടെ കണ്ണുനീർ തുള്ളികളെ നിറച്ചു.. നിറഞ്ഞ കണ്ണുകൾ തുടക്കാതെ അവൾ എന്നെ തന്നെ നോക്കി… ആ നോട്ടത്തെ അവഗണിച്ചുകൊണ്ട് ഞാൻ എവിടെയൊക്കെയോ എന്റെ നോട്ടത്തെ പരതി… കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒന്നും മിണ്ടാതെ അവൾ നടന്നകന്നു .അതുകണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി..ചങ്കിൽ ഒരു പിടച്ചിൽ…. പിടിച്ചു നിർത്തി ഇഷ്ടമാണെന്നു പറയാൻ മനസ്സ് പറഞ്ഞു… പക്ഷെ….
റൂമിൽ വന്നു സാധങ്ങൾ പാക്ക് ചെയ്തു ബസ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു…നാട്ടിലേക്കുള്ള അവസാന ബസ്സിൽ ഇടം പിടിക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ… എന്തോ നഷ്ടപ്പെട്ടപോലെ….എന്തോ മറന്നു വെച്ചപോലെ… ബസ്സിലെ സൈഡ് സീറ്റിൽ ഇരുന്നുകൊണ്ട് ആ മുഖം ഒരു നോക്കു കാണുവാൻ എന്റെ കണ്ണുകൾ അവളെ തിരഞ്ഞുകൊണ്ടിരുന്നു… ഒരു വട്ടം കാണാൻ കഴിഞ്ഞിരുന്നെങ്കിലെന്നു വെറുതെ ആഗ്രഹിച്ചു…ഇല്ല… ഇനി കാണില്ല…. ഒരു നഷ്ട്ടബോധം മനസ്സിനെ വലിഞ്ഞു മുറുക്കി….
വിളക്ക് കത്തിക്കുന്ന നേരം അമ്മ ഉമ്മറത്തു തന്നെയുണ്ട്…വീട്ടിലെത്തിയാൽഒരുപാട് വിശേഷങ്ങൾ പറഞ്ഞിരുന്ന ഞാൻ മുറിയിൽ തന്നെ കഴിച്ചു കൂട്ടി..
“ഭക്ഷണം കഴിക്കാം ” അമ്മ വന്നു വിളിച്ചപ്പോഴാണ് മുറിയിൽ നിന്നും പുറത്തിറങ്ങിയത്..
എന്താ മൊന് പറ്റ്യേ “
ഏയ് ഒന്നുമില്ല…
“വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു.. അമ്മയോട് പറയാൻ പറ്റാത്തതാണോ”…
“ഒന്നുല്ലമ്മേ… ഒരു ചെറിയ തലവേദന.. അത്രേയുള്ളൂ… “അതും പറഞ്ഞു വേഗം എഴുന്നേറ്റു..അല്ലങ്കിൽ ചിലപ്പോൾ അമ്മയുടെ മുൻപിൽ എല്ലാം പറഞ്ഞു പോകും…മുറിയിലെത്തി ജനൽ തുറന്നു പുറത്തേക്കു നോക്കിയിരുന്നു… മനസ്സ് ഇപ്പോഴും ആ വരാന്തയിൽ തന്നെയാണ്…ഒരു വർഷക്കാലം പറയാതെ പറഞ്ഞു അവൾ അവളുടെ പ്രണയത്തെ…. ഒരിക്കലും ശല്യമായി തോന്നീട്ടില്ല… എങ്കിലും… എന്നിലെ അദ്ധ്യാപകന് ഒരു കാമുകൻ ആകുവാൻ. കഴിയുമായിരുന്നില്ല….
“മോനെ എഴുന്നേൽക്കു.. ആരൊക്കെയോ കാണാൻ വന്നിരിക്കുന്നു”…അമ്മയുടെ വിളിയാണ് രാവിലെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്…
വീടിന്റെ മുന്നിലേക്ക് ചെന്നപ്പോൾ കണ്ടു.. കഷണ്ടിയായ ഒരു മനുഷ്യൻ.. കൂടെ അയാളുടെ ഭാര്യയെന്നു തോന്നിക്കുന്ന ഒരു സ്ത്രീയും.. എട്ടോ പത്തോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുട്ടിയും..
“മാഷ് നല്ല ഉറക്കമായിരുന്നു അല്ലെ”.. അയാൾ ചോദിച്ചു..
ഞാൻ ചിരിച്ചു..
“എന്റെ പേര് ജയരാമൻ… വില്ലേജിൽ ക്ലാർക്ക് ആണ്.. ഇതു എന്റെ ഭാര്യ പ്രിയ, ഇതെന്റെ രണ്ടാമത്തെ മകൾ വീണ. “അയാൾ സ്വയം പരിചയപ്പെടുത്തി…
“ഞങ്ങളെ മാഷിന് അറിയില്ലെങ്കിലും മാഷിനെ ഞങ്ങൾക്ക് നന്നായി അറിയാം… മാഷിന്റെ പേര് കേൾക്കാത്ത ഒരു ദിവസം പോലുമില്ല.”.. അയാൾ അതും വെളുക്കെ ചിരിച്ചു..ഞാൻ ഒന്നും മനസ്സിലാകാതെ അവരെ തന്നെ നോക്കി..
“ചിലപ്പോൾ എന്റെ മൂത്ത മകളെ മാഷിന് അറിയുമായിരിക്കും… കാരണം അവളെ മലയാളം പഠിപ്പിച്ചത് മാഷാണ്… പവിത്ര എന്നാണ് അവളുടെ പേര്”… അതും പറഞ്ഞു അയാൾ വീണ്ടും ചിരിച്ചു…ആ പേര് കേട്ടതും എന്നിൽ ഒരു ഞെട്ടലുണ്ടായി…അതു കണ്ടിട്ടാകണം അയാൾ വീണ്ടും പറഞ്ഞു തുടങ്ങി..
“മാഷ് പേടിക്കണ്ട… ഞങ്ങൾ ഈ വഴി പോയപ്പോൾ ചുമ്മാ കേറിയതാ…പിന്നെ വീട് കണ്ടുപിടിക്കാൻ ബുന്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല… കാരണം” എന്തോ പറയാൻ വന്ന അയാളെ ആ സ്ത്രീ കണ്ണടച്ചു കാണിച്ചു…
“എന്റെ മകൾ മാഷിനെ കുറിച്ചു പറയുമ്പോൾ നൂറു നാവാണ്… ആദ്യമായി മാഷ് അവളെ ഉപദേശിച്ചപ്പോഴാണ് എനിക്ക് മാഷിനോട് ഒരു ബഹുമാനം തോന്നിയത്… അതുപറയുമ്പോൾ അയാൾ ഒരു അച്ഛനായി മാറി… ഇതുവരെ സംസാരിച്ച ഒരു മനുഷ്യനായിരുന്നില്ല അയാളപ്പോൾ.
“ഇന്നലെ മാഷ് മിണ്ടാതെ ഒഴിഞ്ഞു മാറിയപ്പോൾ അവൾ ഒരുപാട് സങ്കടപ്പെട്ടു…അതുകൊണ്ടാണ് ഞാൻ ഇവിടെ വരേണ്ടി വന്നത്… മാഷും ഇന്നലെ ഒരുപാട് വിഷമിച്ചിട്ടുണ്ടന്ന് മാഷിന്റെ മുഖം കണ്ടാൽ അറിയാം… അല്ലെ”… അതും പറഞ്ഞു അയാൾ അമ്മയെ നോക്കി…
“മാഷിന് ഒരു വിദ്യാർത്ഥിയെ പ്രണയിക്കാൻ പാടില്ല.. പക്ഷെ എന്റെ മകളെ വിവാഹം കഴിച്ചുകൂടെ”അയാൾ എന്റെ കയ്യിൽ പിടിച്ചു ചോദിച്ചു…ആ വാക്കുകൾ എന്റെ ഹൃദയങ്ങളിൽ കുളിർമഴ പെയ്യിച്ചു..
ഞാൻ അമ്മയെ നോക്കി… “അമ്മയുടെ അനുവാദമൊക്കെ എന്റെ മകൾ ആദ്യമേ മേടിച്ചിട്ടുണ്ട്”.. അതുകണ്ട് അയാൾ പറഞ്ഞു..”ഇനി മാഷിന്റെ മറുപടിയാണ് ഞങ്ങൾക്ക് വേണ്ടത് ” എന്റെ മൗനം കണ്ടിട്ട് അയാൾക്ക് തോന്നിയിരിക്കണം സമ്മതമാണെന്ന്… അല്ലങ്കിൽ എന്റെ മനസ്സ് പറയുന്നത് അയാൾ കെട്ടിരിക്കണം…
“മോളെ ചേച്ചിയെ വിളിക്ക് അയാൾ ആ കുട്ടിയോടായി പറഞ്ഞു… അപ്പോഴാണ് പുറത്തു പാർക്ക് ചെയ്ത കാറിൽ നിന്നും പവിത്ര ഇറങ്ങി വന്നത്.. നല്ല ചുവന്ന സാരിയിൽ ഒരു കല്യാണ പെണ്ണ് പോലെ … അവൾ വന്നു അമ്മയുടെ അനുഗ്രഹം വാങ്ങി.. അമ്മ അവളെ ചേർത്തുപിടിച്ചു…
“മാഷ് ഇന്നും നോ പറയുകയാണെങ്കിൽ തിരിച്ചു പോകാമെന്നു കരുതിയാണ് ഇവളെ കാറിൽ തന്നെ ഇരുത്തിയത്.”അയാൾ പറഞ്ഞു.
ഞാൻ അവളെ ഇടം കണ്ണിട്ട് നോക്കി… അപ്പോഴുമുണ്ടായിരുന്നു അവളുടെ കണ്ണിൽ എന്നോടുള്ള പ്രണയത്തിന്റെ തീവ്രതയും… പിന്നെ ഒരു നാണവും…
“ചിലത് ദൈവം തീരുമാനിച്ചിരിക്കണം ആരെയൊക്കെ ജീവിതത്തിൽ ചേർത്തു നിർത്തണമെന്ന്..”
റഹീം പുത്തൻചിറ….