അല്ലേ ഞാൻ ഇത് ആരോടാ പറയുന്നേ..ഇങ്ങനെ വീട്ടിൽ രണ്ടു ജന്മങ്ങൾ ഉണ്ടെന്നു ഓർമ്മയുള്ളവരോടല്ലെ പറഞ്ഞിട്ട് കാര്യമുള്ളൂ..

പുതുപുലരികൾ…

രചന: ഉണ്ണി കെ പാർത്ഥൻ

“ക്രിസ്മസും ന്യൂയറും നിങ്ങൾ ആണുങ്ങൾക്ക് മാത്രണോ ആഘോഷിക്കാൻ പാടുള്ളൂ..ന്തേ എനിക്കും കുഞ്ഞിനും ഇതൊന്നും ബാധകമല്ലേ…” ബീനയുടെ ചോദ്യം കേട്ട് കമ്പിളി ഒന്നുടെ തലയിലൂടെ മൂടി ചുരുണ്ടു കൂടി കിടന്നു വിജേഷ്..

“അല്ലേ ഞാൻ ഇത് ആരോടാ പറയുന്നേ..ഇങ്ങനെ വീട്ടിൽ രണ്ടു ജന്മങ്ങൾ ഉണ്ടെന്നു ഓർമ്മയുള്ളവരോടല്ലെ പറഞ്ഞിട്ട് കാര്യമുള്ളൂ..അതിന് അതൊക്കെ ഓർക്കാൻ എവിടാ നേരം…ഒന്ന് വീട്ടിലോട്ട് പോയി വരട്ടെ ന്ന് ചോദിച്ചിട്ട് മാസം രണ്ടായി..എന്ന നീ ഒന്ന് പോയി അച്ഛനേം അമ്മേനേം കണ്ടച്ചും വാ ന്ന് പറയില്ലേ ഏതൊരു കെട്ടിയോൻ ആണേലും…

ങ്ങേ… ഹേ..ഇവിടെ അങ്ങനെ ഒരു ചിന്തയേ ഇല്ല..രാവിലെ എഴുന്നേൽക്കുന്നത് തന്നെ..ഇന്ന് ഇങ്ങനെ കുടിച്ചു തല കുത്തി മറയാം ന്ന് ആലോചിച്ചു കൊണ്ടാണ്..എന്റെ ഒരു വിധി..പ്രേമം..മണ്ണാംങ്കട്ടാ..ഏത് നേരത്താണോ ന്തോ..ഈ മനുഷ്യനെ കാണാൻ തോന്നിയത്..” ചായ പാത്രം എടുത്തു വാഷ് ബേസിനിലേക്ക് ഇട്ട് കൊണ്ട് ബീന ആരോടെന്നില്ലാതെ പിറു പിറുത്തു…

“ക്രിസ്മസിന് കേക്കും വാങ്ങി വരാം..പോ ർക്ക് വാങ്ങി വരാം ന്ന് പറഞ്ഞു പോയ ആള്..രാത്രി നാലു കാലിലാ കേറി വന്നത്..കുഞ്ഞി മോളാണ്….ന്തിനാ പറഞ്ഞു ആശ കൊടുക്കുന്നത്..കേക്കും കൊണ്ട് വരുന്നതും കാത്ത് അത്…ഉമ്മറത്തേക്ക് നോക്കിയിരുന്നു എപ്പോളോ ഉറങ്ങി പോയി..

രാവിലെ എണിറ്റു കൊച്ചു ഓടി വന്നു കുലുക്കി വിളിച്ചു ചോദിച്ചപ്പോൾ പറയാ..കേക്ക് കിട്ടിയില്ല മോളേ…എല്ലാം തീർന്നു പോയി..അച്ഛൻ ന്യൂയറിന് വാങ്ങി തരാം ന്ന്…എന്നിട്ട് ഇന്നലെ വന്നു കേറിയതോ…എന്നേ കൊണ്ടൊന്നും പറയിക്കേണ്ട..അല്ല..ഞാൻ ഇത് ആരോടാ പറയുന്നേ…കേട്ടാൽ വല്ല ഉളുപ്പും ഉള്ളവരോട് വേണ്ടേ ഇതൊക്കെ പറയാൻ…” പാത്രം ഒന്നുടെ എടുത്തു കുത്തി ബീന ഒഴുകി വന്ന കണ്ണുനീർ സാരി തലപ്പ് കൊണ്ട് തുടച്ചു..

ഈ നിമിഷം വിജേഷിന്റെ മൈബൈൽ റിംഗ് ചെയ്തു..കമ്പിളി പതിയെ എടുത്തു മാറ്റി വിജേഷ് കാൾ അറ്റൻഡ് ചെയ്തു…

“അളിയാ..ഹാപ്പി ന്യൂ ഇയർ…”

“എണീറ്റില്ലേ നീ…”അപ്പുറത്ത് നിന്നു ആരോ ചോദിച്ചു..

“ഇല്ലളിയാ…തല പൊന്തുന്നില്ല..ഇന്നലേ അമ്മാതിരിയാടിയല്ലേ അടിച്ചത്….”

“അതിനു വഴി ഉണ്ടാക്കാം..നീ എഴുന്നേറ്റു കടവിലേക്ക് വാ..കുളിയും കഴിഞ്ഞു രണ്ടെണ്ണം വിട്ടിട്ട് പോകാം..”

“സാധനം ഉണ്ടോ..”

“മ്മ്… ണ്ട്..മിലിട്ടറി ഒരെണ്ണം കിട്ടിയിട്ടുണ്ട്…”

“ന്റെ അളിയോ…നിന്നെ നമിച്ചു..നീ എവിടന്ന് ഒപ്പിച്ചു ഇതൊക്കെ..ഞാൻ ദാ എത്തി..” ചാടിയെഴുന്നേറ്റ് മുണ്ട് തപ്പിയെടുത്തു…അഴയിൽ നിന്നും തോർത്ത്‌ മുണ്ടുമെടുത്തു വിജേഷ് മുറ്റത്തേക്ക് ഇറങ്ങി..

“ന്റെ മനുഷ്യാ…നിങ്ങള് ഇങ്ങനെ കുടിച്ചു നശിക്കല്ലേ..മോൾക്ക് ആ കേക്ക് ഒന്ന് വാങ്ങി കൊടുത്തിട്ട് പോ…കൊച്ചു എഴുന്നേൽക്കുമ്പോൾ അതിന്റെ മുഖം കണ്ടാൽ സഹിക്കില്ല മനുഷ്യാ…”പിന്നിൽ നിന്നും ബീന വിളിച്ചു പറഞ്ഞു..

“ന്റെല് കാശ് ഇല്ല..നിന്റെൽ ണ്ടേൽ വാങ്ങി കൊടുക്ക്‌..കോപ്പിലെ ഒരു കേക്ക്…” അതും പറഞ്ഞു വിജേഷ് നടത്തതിന്റെ വേഗത കൂട്ടി..

നെഞ്ച് വിങ്ങി ബീന അടുക്കളയിലേ അരി കലത്തിൽ ഒളിപ്പിച്ചു വെച്ച മൂന്ന് നൂറിന്റെ നോട്ടുമെടുത്തു ദേവസി ചേട്ടന്റെ കട ലക്ഷ്യമാക്കി നടുന്നു..

“മോള് ഉണരും മുൻപ് വരണേ ന്റെ ദേവി…” മുന്നോട്ടു വേഗത്തിൽ നടക്കുമ്പോൾ ബീനയുടെ ചങ്ക് പൊട്ടുന്നുണ്ടായിരുന്നു…

ശുഭം….