രചന: നിഹാരിക നീനു
“ടാ എവിടന്നു കിട്ടിയെടാ ഇതിനെ?”
“നമിച്ചു മോനേ….! ഇതിനെയും കെട്ടിയെഴുന്നള്ളിച്ച് നീ നടക്കുന്നുണ്ടല്ലോ….?”
” ഇതിലും ഭേദം വല്ല വാഴത്തോപ്പിലെയും കണ്ണേറുകോലത്തെ കൊണ്ട് നടക്കുന്നതാ…”
പുതു പെണ്ണിനെയും കൊണ്ട് ഫ്രണ്ട്സിന്റെ അടുക്കൽ ചെന്നപ്പോൾ കിട്ടിയ പ്രതികരണമാണ്…. ദീപക് ആകെ വിഷമിച്ചു…
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ജാതകവും പൊക്കിപ്പിടിച്ച് നടക്കുന്ന അച്ഛൻ കാരണം നിർദാക്ഷിണ്യം തഴയേണ്ടി വന്നത് എത്ര പെൺകുട്ടികളെയണ്….
അവരൊക്കെയാണെങ്കിൽ തന്റെ സങ്കല്പത്തിനൊത്തവർ….
പോയി പെണ്ണ് കണ്ട് ചായയും മിക്ചറും ചിപ്സും കഴിച്ചത് മിച്ചം..
ഒന്നും ശരിയായില്ല..
അവസാനം ലീവ് തീർന്ന് താൻ തിരിച്ച് മസ്ക്കറ്റിൽ എത്തിയപ്പഴാണ്
ജാതകം ചേർന്നെന്നും പറഞ്ഞ് വീട്ടുകാർ വിളിച്ചത്…
ക്ലിയറില്ലാത്ത ഫോണിൽ നിത്യയുടെ ഒരു വീഡിയോ കോൾ…
അയച്ച് തന്ന അവളുടെ രണ്ട് ഫോട്ടോ…
ഇതൊക്കെയാണ് ദീപക് വിവാഹത്തിന് മുമ്പ് കണ്ട ഭാവി വധു.
ഈ പറയുന്നവൻ മാരുടെ അടുത്തേക്കെല്ലാം താൻ നിത്യയുടെ ഫോട്ടോ അയച്ച് കൊടുത്തതാ….
അപ്പോ അവൻമാര് തന്നെയാ പറഞ്ഞെ ഫോട്ടോ കണ്ടിട്ട് ശാലീന സുന്ദരിയാ… പാവം കുട്ടിയാ… എന്തൊക്കെ തരം വർണ്ണനകളായിരുന്നു… എന്നിട്ടിപ്പോ ആളെ ഒരുമാതിരി…
അവൻമാരെ എന്തിനാ പറയുന്നെ ഏതോ ചേട്ടൻ ഫോട്ടോഷോപ്പിലിട്ട് തന്റെ കഴിവ് മുഴുവൻ പുറത്തെടുത്തപ്പോൾ ആളെ തന്നെ മാറ്റിക്കളഞ്ഞു.
ഫോട്ടോ കണ്ട് താനൊരു പാതി മൂളൽ കൊടുത്തപ്പോഴേക്ക് നിശ്ചയം നടന്നു…
അമ്മ നെക്ലേസും പെങ്ങൾ വളയും ഒക്കെ ഇട്ട് കച്ചവടം അങ്ങ് ഉറപ്പിച്ചു…
ഫോൺ നമ്പറും തന്ന് വിളി തുടങ്ങി..
അവൾടെ സാദാ ഫോണിൽ വീഡിയോ കോളും ചെയ്യാൻ പറ്റില്ല…
എന്നാലും ശബ്ദം മാത്രം കേട്ട് ആറുമാസം കടന്ന് പോയി കല്യാണം അടുത്തു.
തനിക്ക് ലീവ് കിട്ടാനുള്ള ഭഗീരഥ ശ്രമത്തിനൊടുവിൽ കല്യാണത്തിന്റെ രണ്ട് ദിവസം മുന്നെ എത്താൻ പറ്റി…..
അപ്പൊ ഒരാഗ്രഹം ഒന്നു പെണ്ണിനെ കാണണം എന്ന് …
കല്യാണതലേന്ന് രാവിലെ അമ്പലത്തിലേക്കാണെന്ന് പറഞ്ഞ് ഒരു മുങ്ങൽ… അവളും എത്തി അമ്പലത്തിൽ….
സെറ്റ് സാരിയും ഉടുത്തോണ്ട് ചാള മേരി പോലെ ഒരൈറ്റം തന്നെ നോക്കി ചിരിക്കുന്നുണ്ട്…
ഫോണെടുത്ത് വിളിച്ചപ്പോ ആ സാധനം മുന്നിലേക്ക് വന്നു.
വീഴാതിരിക്കാൻ ക്ഷേത്ര മതിൽ കടന്നുപിടിക്കേണ്ടി വന്നു.
” ഒത്തിരി നേരായോ ദീപുവേട്ടാ വന്നിട്ട്… ഞാൻ അർച്ചന കഴിക്കാൻ ഉള്ള ക്യൂവിലായിരുന്നു.”
”ഹാ ഒത്തിരി നേരായി എനിക്ക് പോവാൻ ധൃതിയുണ്ട്.. “
എന്ന് പറഞ്ഞ് തിരിഞ്ഞ് നോക്കാതെ ഓടുകയായിരുന്നു…
പ്രതീക്ഷ മുഴുവൻ അസ്തമിച്ചു….
ചത്താലോ എന്ന് വരെ തോന്നിപ്പോയി…
കൈയ്യും കാലും കെട്ടിയിട്ട് ശ്വാസം മുട്ടിക്കുന്ന പോലത്തെ ഒരവസ്ഥ ….
പെങ്ങളോടും അമ്മ യോടും ചെന്ന് ചൂടായി..
” ഇതിലും ഭേദം എന്നെ അങ്ങ് കൊല്ലായിരുന്നില്ലേ അമ്മേ…?
നിനക്കെങ്കിലും ചേച്ചീ….?”
” ശ് ശ് ശ് …. പതുക്കെ കല്യാണവീടാ ചുമരിനു പോലും ചെവിയാ…. ” ന്ന് പറഞ്ഞ് അമ്മ വായടപ്പിച്ചു
“ഇച്ചിരി നിറക്കുറവല്ലേ ഉള്ളൂ എടാ മോനെ കല്യാണം കഴിഞ്ഞാ വെളുത്തോളും ” എന്നുകൂടി പറഞ്ഞ് കൈയ്യൊഴിഞ്ഞു..
“ദീപു എനിക്കാദ്യമേ ഇഷ്ടായില്ലാരുന്നു…. പറഞ്ഞപ്പോ എല്ലാരും കൂടെ എന്നെ തിന്നാൻ വന്നു. പിന്നെ ഞാനൊന്നും മിണ്ടീല.. “
ചേച്ചിയുടെ ഭാഗം ചേച്ചിയും ക്ലിയറാക്കി ….
മധുരസ്വപ്നം കാണേണ്ട സമയത്ത് ജീവിതം അവസാനിപ്പിക്കുന്നതിനെ പറ്റി ആയിരുന്നു ദീപക്കിന്റെ ചിന്ത മുഴുവൻ ….
വിവാഹത്തിന് നാണത്താൽ തല കുനിച്ച് ഇരിക്കേണ്ട വധുവിന് പകരം..നൈരാശ്യം തല താഴ്ത്തി ഇരുത്തിയ വരനെ എല്ലാവരും കണ്ടു…
പല തരത്തിലുള്ള കുശുകുശുപ്പും…
“നല്ലോര് ചെക്കന് കിട്ടിയ പെണ്ണിനെ കണ്ടോ?”
“ചെക്കന്റെ വീട്ടുകാർക്ക് എന്താ കണ്ണ് കണ്ടില്ലേ…?”
“നെലവിളക്കും കരിവിളക്കുo ഒറ്റത്തളികേൽ വച്ചപോലുണ്ട്”
ഇങ്ങനെ നീണ്ടു അതെല്ലാം..
പാതി ചത്തവനെ മുഴുവനായി ദഹിപ്പിക്കാൻ അതു മതിയായിരുന്നു.
ഇപ്പോ തന്റെ കൂട്ടുകാരും….
അമ്മയാണ് രാവിലെ അവളെ തന്റെ കൂടെ “അമ്പലത്തിൽ പോയി വാ ” എന്നു പറഞ്ഞ് ഉന്തിത്തള്ളിവിട്ടത്…
പാലുമായി വന്ന നവവധു തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഉറക്കം നടിക്കുന്ന ഭർത്താവിനെ കണ്ട് ചിലതെല്ലാം ഊഹിച്ച് കാണണം…. അതായിരിക്കും മുറിയിലെ കസാരയിൽ ഇരുന്നു ടേബിളിൽ തല വച്ച് ഉറങ്ങാൻ അവളെ പ്രേരിപ്പിച്ചത് …
എപ്പഴോ താൻ നോക്കിയപ്പോൾ അവൾ അങ്ങിനെ ഉറങ്ങണതാണ് കണ്ടത്….
രാവിലെ എണീറ്റപ്പോൾ അവളെ കണ്ടില്ല …. കുളിച്ചൊരുങ്ങി അടുക്കളയിൽ കണ്ടു…
ഉമ്മറത്ത് പോയിരുന്നപ്പോൾ വിറച്ചുകൊണ്ട് ഒരു കൈ ചായ കപ്പുമായി മുന്നിലേക്ക് നീണ്ടു …
മിണ്ടാതെ അവിടെ നിന്ന് പോയതാണ് താൻ ചെയ്തത്…
” ടാ ദീപു തറവാട്ടമ്പലത്തിൽ അവളേം കൊണ്ട് പോടാ..”
അമ്മയാണ്.. കല്യാണം പ്രമണിച്ച് എത്തിയ എല്ലാ ശൃംഗാര മൂരികളുടെയും മുന്നിൽ വച്ച് എതിർക്കണ്ട എന്ന് കരുതിയാണ് മിണ്ടാതെ അനുസരിച്ചത്..
അമ്പലത്തിൽ പോവണ്ടതിന് പകരം അവളേം വിളിച്ച് വന്നതാണ് ഒരാശ്വാസത്തിന് കൂട്ടുകാരുടെ അടുത്തേക്ക്..
എരിത്തിയിലേക്ക് എണ്ണ പകർന്ന പോലായി അതെന്ന് മാത്രം….
ദിവസങ്ങൾ കടന്ന് പോയി…
നിത്യയെന്ന മനുഷ്യജീവി അവിടെ ഉണ്ടെന്നത് കൂടി ദീപക് പരിഗണിച്ചില്ല..
” ഞാൻ ലീവ് ക്യാൻസൽ ചെയ്യാൻ പോവാ…”
ഇത് കേട്ട് വിത്തും വേരും തിരക്കി ഇറങ്ങിയവരോട് ഇത്തവണ കടുപ്പിച്ച് പറഞ്ഞു ഭാര്യ പോയിട്ട് അവളെ പെണ്ണായി പോലും താൻ കാണുന്നില്ല എന്ന്….
ഏതോ വാതിലിൻ മറവിൽ ഒളിച്ചവൾ കണ്ണീർ തൂവിക്കാണും..
പിന്നെ തീരുമാനം പെട്ടെന്നായിരുന്നു…. “ഏച്ചുകെട്ടി മുഴപ്പിക്കാതെ രണ്ടും രണ്ടിടത്തിൽ ആക്കുക തന്നെ…. “
അവളെ അവളുടെ വീട്ടിലേക്ക് കൊണ്ടാക്കി….
മൂത്ത കാരണവർ വിധിയെഴുതി…
ജോയിന്റ് ഡിവോഴ്സ് ആണെങ്കിൽ വേഗം റെഡിയാകും…
അവളുടെ ഫോണിലേക്ക് ദീപക്ക് വിളിച്ച് സംസാരിച്ചു.
“ദീപു ഏട്ടന് സമാധാനം കിട്ടുമെങ്കിൽ ….”
ബാക്കി കരച്ചിലായിരുന്നു.. ഒപ്പം ഫോണും കട്ടായത് ദീപക് അറിഞ്ഞു.
എല്ലാം ഒഴിവാക്കി താലി തിരിച്ച് നൽകും നേരം ദീപക് അവളോട് ചോദിച്ചു.
“എന്നോട് ദേഷ്യം ഉണ്ടോ…?”
ഇത്തിരി നേരത്തെ മൗനത്തിന് ശേഷം അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു..
“ഒരു സന്തോഷവും കിട്ടാത്ത ഒരു ജീവിതത്തേക്കാൾ എത്രയോ നല്ലതല്ലേ ഈ പിരിയൽ… “
പരമാർത്ഥം അതാണെങ്കിലും അവൾ നടന്ന് നീങ്ങിയപ്പോൾ ദീപക്കിന്റെ ഉള്ളിൽ എവിടെയോ ഒരു നീറ്റൽ അയാൾ അറിഞ്ഞിരുന്നു….
സൗന്ദര്യം കാണുന്നവൻ്റെ കണ്ണിലാണ്.. ഇതൊരു യഥാർത്ഥ സംഭവമാണ്, എൻ്റെ തൂലികയിൽ അതൊരു കഥയായി പരിണമിച്ചെന്നു മാത്രം, ബാഹ്യ സൗന്ദര്യത്തിലുപരി മനസിൻ്റെ സൗന്ദര്യം കാണാൻ കണ്ണുണ്ടാവട്ടെ എല്ലാർക്കും അല്ലേ?