അതോടൊപ്പം കൊടുത്ത ഫോട്ടോയിലേക്ക് വർദ്ധിച്ച ഹൃദയമിടിപ്പോടെ അവൾ ഒന്നു നോക്കി…

രചന: നിഹാരിക നീനു

രാവിലെ ബാങ്കിലേക്ക് പോവുന്നതിന് മുമ്പ് വെറുതേ ഒന്ന് പേപ്പറിൽ കണ്ണോടിച്ചതായിരുന്നു സന്ധ്യ…..

ഇന്നലെ മരിച്ച ബാങ്ക് മാനേജറുടെ അമ്മയുടെ ഫോട്ടോയുണ്ടോ…?

ചരമ കോളത്തിൽ പരതി നോക്കി….

സരോജിനി അമ്മ എന്നോ മറ്റോ ആണ് പേര്….

ഹാ ഇതാ ഒരു ചെറിയ ഫോട്ടോയും വാർത്തയും …

ഇത്രേം വലിയ ഉദ്യോഗസ്ഥരുടെ അമ്മക്ക് കുറച്ചു കൂടി വലിയ ഫോട്ടോ കൊടുക്കാരുന്നു…

ബാലകൃഷ്ണൻ സാറിന്റെ പിശുക്ക് ഇതിലും കാട്ടിയല്ലോ… സന്ധ്യ ഓർത്തു…

അപ്പഴാണ് താഴെ ഉള്ള ഒരു ഫോട്ടോയും വാർത്തയും കണ്ണിൽ ഉടക്കിയത്…

റെയിൽവേ ട്രാക്കിൽ നാൽപ്പത് വയസ് തോന്നിക്കുന്ന പുരുഷന്റെ അജ്ഞാത ജഡം ..

കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം..

അതോടൊപ്പം കൊടുത്ത ഫോട്ടോയിലേക്ക് വർദ്ധിച്ച ഹൃദയമിടിപ്പോടെ അവൾ ഒന്നു നോക്കി…

ഒരിക്കലും താൻ ഇനി കാണരുതേ എന്ന് ആഗ്രഹിച്ച അയാളുടെ മുഖവുമായി സാമ്യമുണ്ടോ ഇതിന്…

“എന്താ മോളെ പോയില്ലേ നീ….? സമയായില്ലേ….?”

സോമശേഖരനാണ് സസ്യയുടെ അച്ഛൻ’ ..

“അച്ഛാ പേപ്പർ നോക്കിയിരുന്നോ….? ഇതാ… ഇതൊന്ന് വായിച്ചു നോക്കൂ…. “

“എന്താ…? എന്താ മോളെ…?”

“ദാ ”….

“ഹാ! ഇതാണോ ഇത് ഞാൻ കണ്ടിരുന്നു ഇത് വേറേ ആരോ…. നീ പോവാൻ നോക്ക്…”

അപ്പോഴും സന്ധ്യയുടെ കണ്ണുകൾ ആ വാർത്തയിൽ ഉടക്കി…

തിരിച്ചറിയാൻ വേണ്ടി കൊടുത്ത അടയാളങ്ങൾ അവൾ ഒന്നുകൂടി വായിച്ചു…

“നെഞ്ചിൽ കറുത്ത വലിയ മറുക് ….., ‘

” ദേ അനുകുട്ടിക്ക് നേരം വൈകും ട്ടോ…. “

അനുകുട്ടി അഞ്ചാം ക്ലാസിലാണ് സന്ധ്യ പോകുമ്പോൾ അവളെ സ്കൂളിൽ വിടും വൈകീട്ട് സോമശേഖരൻ കൂട്ടിക്കൊണ്ടുവരും അതാണ് പതിവ്..

സ്കൂട്ടി സ്റ്റാർട്ട് ചെയ്തതും പോയതും എല്ലാം ഒരു തരം യാന്ത്രികമായിരുന്നു.

ആ ഐഡൻറിഫിക്കേഷൻ മാർക്ക്,

നെഞ്ചിൽ കറുത്ത വലിയ മറുക്…

ഒരു കാലത്ത് താൻ താലോലിച്ച മുഖം ചേർത്തുറങ്ങിയതായിരിക്കുമോ?

ഓഫീസിൽ എത്തിയിട്ടും അവൾ ഇത് തന്നെ ചിന്തിക്കുകയയിരുന്നു.

…………….

“ഹേമേ….” സോമശേഖരൻ  ഭാര്യയെ വിളിച്ചു.

” വിളിച്ചോ”

” ആ ഇതൊന്ന് നോക്ക്…. “

“ഇത്…? സോമേട്ടാ…? അവനല്ലേ…?”

ദേഷ്യമോ സങ്കടമോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു തരം വികാരം ആ സ്ത്രീയുടെ മുഖത്ത് ദൃശ്യമായി..

” എനിക്കും സംശയം ഉണ്ട് ഹേമേ… നീയാ ഫോൺ നമ്പർ എഴുതിയ ഡയറി ഇങ്ങെടുക്ക്.. “

………….

ബാങ്കിൽ സന്ധ്യയുടെ ശരീരം മാത്രമേ ഉണ്ടായിരുന്നുള്ളു..

ആരോടാ ഒന്ന് ചോദിച്ചറിയാൻ പറ്റുന്നത് ….? അവൾ ആലോചിച്ചു.

അല്ലെങ്കിൽ വേണ്ട എന്തിന് താനറിയണം ഇത്രയും വലിയ ചതി തന്നോട് കാണിച്ചവനെ പറ്റി .. എല്ലാം അറിഞ്ഞിട്ടും മനസ് എന്തേ തന്റെ കൈവിട്ട് പോകുന്നു….?

സന്ധ്യ പന്ത്രണ്ട് വർഷം പുറകിലേക്ക് സഞ്ചരിച്ച് അന്നത്തെ ആ പാവാടക്കാരിയായി…

……………..

ഡിഗ്രി ഫസ്റ്റ് ഇയറല്ലേ ആയുളളൂ ഇപ്പഴേ ഞങ്ങൾ കല്യാണം നോക്കുന്നില്ല എന്ന് അമ്മ അന്ന് പറഞ്ഞതാ, അപ്പോ അച്ഛനാ പറഞ്ഞത്

“നീയെന്തിനാ ഹേമേ അങ്ങിനെ പറയാൻ പോയത്….? എന്റെ അമ്മ പറയും പെൺകുട്ട്യോൾടെ ഭാഗ്യം പെരുവഴിയിലാന്ന് അതെപ്പഴാ വരുന്നേന്ന് പറയാൻ പറ്റില്ല…, സന്ധ്യമോൾടെ കഴിഞ്ഞ് ശ്രുതിക്കുട്ടിയും ഇല്ലേ…? സന്ധ്യ മോൾടെ നേരത്തെ കഴിഞ്ഞാൽ ശ്രുതിക്കുട്ടിയുടെ കല്യാണമാവുമ്പോഴേക്ക് എനിക്കിത്തിരി സാവകാശം കിട്ടില്ലേ ടീ … “

ഒരു കൂട്ടർ അന്വേഷിച്ച് വന്നപ്പോ അച്ഛന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു.

അച്ഛന്റെ തീരുമാനങ്ങൾ അന്തിമമായിരുന്നു അവിടെ…. പക്ഷെ ആരേയും വിഷമിപ്പിച്ച് ഒരു തീരുമാനവും അച്ഛൻ എടുക്കാറില്ല…

ബ്രോക്കർ വഴിയല്ലാതെ അമ്മയുടെ ഒരകന്ന ബന്ധു വഴിയാണ് ആ ആലോചന വന്നത്..

സൂരജ്

സുന്ദരൻ.. ഗൾഫില് ഗവൺമെന്റിലാ…. അറബി ടെ വലം കയ്യാ…

അമ്മയുടെ ബന്ധു പറഞ്ഞത് കേട്ട് അച്ഛനുo സന്തോഷിച്ചു….

ശുദ്ധഗതിക്കാരനായ ഒരു പാവം ബാങ്കുദ്യോഗസ്ഥനായ അച്ഛൻ തന്നെ പോലെ നിഷ്കളങ്കരാണ് മറ്റുള്ളവർ എന്ന് കരുതി….

എല്ലാം വിശ്വസിച്ചു….

പെൺകുട്ടികൾ ഉള്ള അച്ഛൻമാർ വിത്തും വേരും ചികഞ്ഞേ ഒരോ അടി പോലും വക്കാവൂ എന്ന വലിയ പാഠം പിന്നീട് മാത്രമാണ് പാവം അച്ഛൻ പഠിച്ചത്…..

ചെക്കനും കൂട്ടരും എത്തി.. ചെക്കന്റെ ഭംഗിയും ആർഭാടവും കണ്ട് അന്തം വിട്ടു…

കഴുത്തിൽ പൊങ്ങാത്ത സ്വർണ്ണമാല.. കയ്യിൽ ബ്രേസ്ലെറ്റ്… മോതിരങ്ങൾ..

കാണാൻ അതിസുന്ദരൻ…

സ്വതവേ നിറം കുറവുള്ള തന്നെ ഇഷ്ടാവുമോ എന്നായി പിന്നെ….

ഇഷ്ടമായി എന്നത് കേട്ട് എല്ലാവരും ഏറെ സന്തോഷിച്ചു.

ഗൾഫിൽ ഗവൺമെന്റ് ജോലി കാണുന്ന പത്രാസ് ഇതിലുപരി അയാളെ പറ്റി ആർക്കും ഒന്നും അറിയില്ല..

വീട് ഞങ്ങളുടെ വീട്ടിൽ നിന്നും അയാളുടെ നാട്ടിലേക്ക് ഒരു പാട് ദൂരം ആറേഴ് മണിക്കൂർ യാത്ര…

നാട്ടിൽ അറിയാവുന്നവരോടെല്ലാം അന്വേഷിച്ചപ്പോൾ ആർക്കും അവരെ പറ്റി പ്രത്യേകിച്ച് ഒന്നും അറിയില്ലായിരുന്നു…

വിവാഹം നടന്നു…

ആദ്യമൊക്കെ അയാൾ കാണിച്ച സ്നേഹം കണ്ട് എന്നെ പോലൊരു ഭാഗ്യവതി ഇനിയില്ലെന്ന് കരുതി..

രണ്ട് ചേട്ടൻമാർ, അമ്മ. അച്ഛൻ..

ഇതായിരുന്നു അയാളുടെ കുടുംബം….

മൊത്തത്തിൽ ഒരു പൊരുത്തക്കേട് ആദ്യമേ തോന്നിയതാ….

പരസ്പരം  എന്തോ ഒളിക്കുന്ന പോലെ… ഇയാളുടെ കാര്യത്തിൽ അവരാരും ഇടപെടില്ല … ഒരു പരിചയവും ഇല്ലാത്തവരെ പോലെ ആയിരുന്നു അവർ…

അയാളുടെ സ്നേഹത്തിൽ മതിമറന്നു അതൊന്നും കാര്യമാക്കിയില്ല….

ക്രമേണ അയാളുടെ സ്വഭാവമാറ്റം തന്നെ ആകെ ഭയപ്പെടുത്തി…

അച്ഛൻ തന്ന സ്വർണ്ണം ക്രമേണ അപ്രത്യക്ഷമായിത്തുടങ്ങി …

അയാൾടെ സുഹൃത്തിന് സ്റ്റുഡിയോ ഉണ്ടായിരുന്നു എന്നറിയാമായിരുന്നു..

അന്ന് മിക്കവാറും  ക്യാമറ തൂക്കി പോകുന്ന സ്വഭാവം ഉണ്ടായിരുന്നു…

അതിലെ ഫോട്ടോസ് ഒരിക്കൽ താൻ കാണാൻ ഇടയായി…

ഏതൊക്കെയോ സ്ത്രീകളുടെ പൂർണ്ണമായോ ഭാഗികമായോ ഉള്ള നഗ്ന ചിത്രങ്ങൾ..

അവരറിയാതെ എടുത്തതെന്ന് വ്യക്തം…

ആകെ ഭ്രാന്തെടുത്ത പോലെ ഞാൻ അലറിക്കരഞ്ഞു… അയാളുടെ പെട്ടികളിലൊക്കെ തിരഞ്ഞു…

അപ്പഴാണ് അവിടെ കുറേ എഴുത്തുകൾ കണ്ടത്, ഏതൊക്കെയോ കല്യാണ ബ്യൂറോകൾക്ക് കൊടുക്കാൻ അയാളുടെ ഫോട്ടോയും ബയോഡാറ്റയും കൂടി എടുത്തു വച്ചിക്കുന്നു….

അതു തന്നിൽ എൽപിച്ച ഷോക്ക് അത്രയേ റേ ആയിരുന്നു.

എല്ലാം നഷ്ടപ്പെട്ടവളെ പോലെ

താനന്ന് പൊട്ടിത്തെറിച്ചത് ഇന്നലത്തെ പോലെ ഓർക്കുന്നു…

വീട്ടുകാർ വന്ന് തന്നെ അവിടന്ന് കൂട്ടികൊണ്ട് പോയി.,,,

പിന്നെയായിരുന്നു അയാളുടെ വിശേഷങ്ങൾ അറിഞ്ഞത് പലയിടത്തും ഭാര്യമാർ കേസും കൂട്ടവുമായി നടക്കുന്ന ഒരാൾ ….

അതോടെ ആ അധ്യായം അടയ്ക്കാമെന്ന് കരുതിയപ്പഴാണ് എന്നോ തന്നോട് നടിച്ച സ്നേഹത്തിന്റെ അംശം വയറിൽ വളരുന്നു എന്നറിഞ്ഞത്…

അത് കളയാനുള്ള ഉപദേശം നിരവധി കേട്ടു പക്ഷെ ചെവിക്കൊണ്ടില്ല ….

തനിക്കെന്നു പറയാൻ അവളെ പ്രസവിച്ചു, ഇന്ന് അഞ്ചാം ക്ലാസുകാരിയായി..

ഇനിയൊരു കല്യാണം ചിന്തിക്കാൻ പോലും കഴിയില്ലാരുന്നു തനിക്ക്..

അച്ചന്റെ ബാങ്കിൽ തന്നെ ജോലി അച്ഛൻ ശരിയാക്കി തന്നു.,,,

അനു മുതിർന്നപ്പോൾ എപ്പഴോ അവളുടെ അച്ഛൻ മരിച്ചെന്ന് ഒരിക്കൽ അച്ഛൻ എവിടെയെന്ന ചോദ്യത്തിന് അവൾ മറുപടി കൊടുത്തതാണ്, ഇനി നുണ പറയണ്ടല്ലോ….

…………. …….

ഈ സമയം മരിച്ചത് സൂരജ് തന്നെയെന്ന് ഉറപ്പിച്ചിരുന്നു സോമശേഖരൻ … ഏതോ തമിഴനെ അറസ്റ്റ് ചെയ്തതായി അറിഞ്ഞു.

” മോളറിയണ്ട അവനാ ഇതെന്ന്.. ആരോ ഒരാളാ എന്ന് പറഞ്ഞാ മതി… ചെയ്തതിന് ദൈവം കൊടുത്തതാ ഹേമേ..”

പറഞ്ഞ് നിർത്തിയത് സന്ധ്യയുടെ മുഖത്തേക്ക് നോക്കിയാണ് ….

അയാൾ ആകെ വല്ലാതായി…..

“അച്ഛാ അനുമോളെ കൊണ്ട് അവസാന കർമ്മം എന്തേലും ഉണ്ടെങ്കിൽ ചെയ്യിക്കാമോ?”

“മോളെ”

” ഇല്ല അങ്ങനെ ആരും ഇനി ഇല്ലെന്ന് എനിക്കും അവൾക്കും മനസിൽ ഉറപ്പിക്കാനാ….”

പണത്തിനായി പറ്റിച്ചതാണെങ്കിലും അങ്ങനെ ഒരവകാശിയുടെ വിരൽത്തുമ്പിനാൽ അയാൾക്ക് മോക്ഷം കിട്ടിക്കോട്ടെ എന്ന് അവരും കരുതി….ബലിയിട്ട് തിരിക്കുമ്പോൾ ഒരു കുഞ്ഞു മനസിലും സന്ധ്യയിലും അയാളിനി ഇല്ല എന്ന തിരിച്ചറിവ് വേരൂന്നിയിരുന്നു

Scroll to Top