ഈ അമ്മയെന്തിനാ ഇങ്ങനെ കരയണെ…ആ കുഞ്ഞു മനസ്സിൽ ഒരായിരം ചോദ്യങ്ങൾ മുള പൊട്ടിക്കൊണ്ടിരുന്നു.

അപ്പുട്ടന്റെ അച്ഛൻ

രചന: Uma S Narayanan

ദിനു വേഗമൊരുങ്ങി വാച്ചിൽ നോക്കി,, സമയം പുലർച്ചെ മൂന്നു മണി

ഇന്ന് നാട്ടിലേക്കു പോകുകയാണ്,

മാളൂട്ടിടെ പിറന്നാളിന് എത്താമെന്ന് നന്ദുവിന് വാക്ക് കൊടുത്തിരുന്നു,,

വരാൻ പറ്റില്ലയെന്ന് വിളിച്ചു പറഞ്ഞു കഴിഞ്ഞാണ് വെയ്റ്റിംഗ് ലിസ്റ്റിലുണ്ടായിരുന്ന തനിക്ക് ടിക്കറ്റ് റെഡിയാണെന്ന മെസ്സേജ് ലഭിച്ചത്,,

പിന്നെ വീട്ടിലേക്ക്‌ മനപ്പൂർവം വിളിച്ചില്ല,,

ഉച്ചക്ക് സദ്യ തുടങ്ങും മുന്നേ അവിടെയെത്താം അവൾക്കൊരു സർപ്രൈസ് ആവട്ടെ തന്നെ കാണുമ്പോൾ,,

രണ്ടു ദിവസം കഴിഞ്ഞു വിഷുവാണ്,,

സാധാരണ എല്ലാ വർഷവും വിഷുവിനാണ് നാട്ടിൽ പോകുക.,

നാട്ടിലെത്തി വിഷുവേല കൂടി നന്ദുവിനെയും അപ്പൂട്ടനേയും കൂട്ടി ഒരു ടൂർ,,അതാണ് എപ്പോഴും പതിവുള്ളത്,,

ഈ പ്രാവശ്യം ഡൽഹിയിലേക്ക് പോവാനാണ് പ്ലാൻ, പോരാത്തതിന് തങ്ങളുടെ രണ്ടാമത്തെ കുഞ്ഞ് മാളൂട്ടിയുടെ ആദ്യത്തെ ടൂർ കൂടിയാണ്,,

നന്ദുന്റെ ചേച്ചിയുണ്ട് ഡൽഹിയിൽ,, അളിയൻ മിലട്ടറിയായോണ്ട് ക്വാട്ടയുണ്ടാകും,, നന്നായൊന്നടിച്ചു പൊളിക്കണം..

എല്ലാം മറക്കതെ പാക്ക് ചെയ്തോയെന്ന് ഒന്നു കൂടി നോക്കി.

അപ്പുട്ടൻ പ്രത്യേകം പറഞ്ഞിട്ടുണ്ട് ഡാൻസ് കളിക്കുന്ന ഓട്ടോമാറ്റിക് പാവക്കുട്ടി വേണമെന്ന്…,

അവനെയും മാളൂട്ടിയെയും കാണാൻ ധൃതിയായി,,

മാളൂന് കുസൃതി കുറച്ചു കൂടുതലാണെന്ന് നന്ദന കൂടെ കൂടെ പറയാറുണ്ട്,,

അച്ഛയെയാണ് അവൾക്കിഷ്ട്ടം,,

അപ്പൂട്ടൻ അങ്ങനെയല്ല,,അവനു ചില സമയം പ്രായത്തിൽ കവിഞ്ഞ പക്വത ആയിരിക്കുന്നു..,

കൂട്ടുകാരോട് യാത്ര പറഞ്ഞു . ടാക്സിയിൽ കയറി..,നേരെ എയർപോർട്ടിലേക്ക്,,

***************

രാവിലെ തന്നെ നന്ദന ഫോണെടുത്തു ദിനുവിനെ വിളിച്ചു.,,

ദിനുവിന്റ് ഫോൺ സ്വിച്ച് ഓഫാണ്..,

ഈ ദിനുവേട്ടൻ എവിടെ പോയി,,

ഇന്നു മോളുടെ ഒന്നാമത്തെ പിറന്നാളാണെന്നറിയുന്നോണ്ട് രാവിലെ തന്നെ വിളിക്കും പറഞ്ഞതാ ഇതുവരെ വിളിച്ചില്ല,,,

ദുബായ് നിന്ന് വരാനുള്ള ടിക്കറ്റ് ഇത് വരെ ഓക്കേ ആയില്ലാന്ന് ഇന്നലെ രാവിലെ വിളിച്ചു ചോദിച്ചപ്പോൾ പറഞ്ഞിരുന്നു,,,

അല്ലായിരുന്നുവെങ്കിൽ ദിനുവേട്ടൻ പറന്നു വരുമായിരുന്നു .

ഒന്നുകൂടി വിളിച്ചു നോക്കി പിന്നെയും സ്വിച്ച് ഓഫാണ്,,

“മോളെ നന്ദു ഇതുവരെ റെഡി ആയില്ലേ എല്ലാവരുമെത്തി കേക്ക് മുറിക്കാൻ റെഡിയായി നിന്നെയും കാത്തു നിൽക്കുന്നു,,

ദിനുവിന്റെ അമ്മ മാലതി, മാളുവിനെയും കൊണ്ട് അങ്ങോട്ട് വന്നു

“അമ്മേ ദിനുവേട്ടനെ വിളിച്ചിട്ട് കിട്ടുന്നില്ല. “

“അവൻ ഉറക്കമാ കും മോളെ,,നീ വാ സമയം പോകുന്നു “

ഈ ദിനുവേട്ടൻ എവിടെ പോയി,,

ഒന്നുകൂടി വിളിച്ചു നോക്കി പിന്നെയും സ്വിച്ച് ഓഫാണ്,,

ഹാളിൽ കത്തിച്ചു വെച്ച മെഴുകുതിരിക്ക് മുന്നിൽ കേക്ക് വച്ചിരിക്കുന്നു,,

നന്ദന മാളൂട്ടിയെയുമെടുത്തു അടുത്ത് തന്നെ ഏട്ടൻ അപ്പൂട്ടനെ നിർത്തി കേക്ക് മുറിക്കാൻ ആരംഭിച്ചു,,

ഹാപ്പി ബെർത്ഡേ മാളൂട്ടി”

അപ്പൂട്ടൻ കൈകൊട്ടി കൊണ്ട് പറഞ്ഞു,,

കൂടെ എല്ലാവരും ഏറ്റുപറഞ്ഞു,,

*************

അപ്പുട്ടൻ രാവിലെ ഉണർന്നു നോക്കുമ്പോൾ വീട് നിറയെ ആളുകൾ എന്താ ഇത്ര ആളുകൾ അച്ഛൻ വരുമെന്നു പറഞ്ഞിരുന്നു ഇന്നലെ അച്ഛൻ വന്നുവോ….

അവൻ എണിറ്റു അമ്മയെ തിരഞ്ഞു..അമ്മ അപ്പുറത്തെ റൂമിൽ കിടന്നു കരയുന്നു..

അച്ഛൻ വന്നിട്ട് ചീത്ത പറഞ്ഞോ അമ്മയെ,,

അവൻ അച്ഛനെ തിരഞ്ഞു വീട് മൊത്തം നടന്നു,

അച്ഛൻ എവിടെ,, വന്നില്ലേ.. ..

അപ്പൊ, എവിടെ നിന്നൊക്കെയോ പടക്കം പൊട്ടുന്ന ശബ്ദമവൻ കേട്ടു, ഇന്ന് വിഷുവല്ലേ എന്താ ഇവിടെ കണി വയ്ക്കാതെ..,,

അമ്മയോട് ചോദിച്ചു നോക്കാം,,

“”അമ്മേ അപ്പുറത്തെ വീട്ടിലൊക്കെ പടക്കം പൊട്ടിക്കുന്നു,,

നമ്മളെന്താ പടക്കം വാങ്ങാത്തെ,,?

എന്താ അമ്മേ കണി വയ്ക്കാത്തെ,,?

അച്ഛൻ എന്താ ഇതുവരെ വരാത്തെ,,?

കട്ടിലിൽ കിടന്നു കരയുന്ന നന്ദയുടെ കവിളിൽ തോണ്ടി അപ്പൂട്ടൻ ചോദിച്ചു.കൊണ്ടിരിക്കുന്നു,,

ഈ അമ്മയെന്തിനാ ഇങ്ങനെ കരയണെ..,,ആ കുഞ്ഞു മനസ്സിൽ ഒരായിരം ചോദ്യങ്ങൾ മുള പൊട്ടിക്കൊണ്ടിരുന്നു.

.അവൻ പിന്നെയും ചോദിച്ചു

“”അമ്മേ,, അമ്മേ, അച്ഛൻ എന്താ വരത്തെ.””

അതു കേട്ടതും അമ്മയടക്കം എല്ലാവരും കൂടി ഉറക്കെ കരച്ചിൽ തുടങ്ങി.

“”മോനിങ്ങു വാ ചേച്ചി ഒരു കാര്യം പറയട്ടെ “”

അവനെ അപ്പുറത്തെ അഞ്ജുചേച്ചി എടുത്തു കൊണ്ട് പുറത്തു വന്നു,,

സിറ്റൗട്ടിൽ ഇരിക്കുന്ന അടുത്ത വീട്ടിലെ കിച്ചുവിന്റെ അടുത്ത് കൊണ്ടിരുത്തി..

“വാ, കിച്ചുവേട്ട നമുക്ക് സൈക്കിളോടിച്ചു കളിക്കാൻ പോവാ..

എന്നോട് ഇവിടാരും മിണ്ടുന്നില്ല “”

വാ,,അവൻ കിച്ചുവിന്റെ കൈയിൽ പിടിച്ചു വലിച്ചു,,

കിച്ചു അവനെയെടുത്തു മടിയിൽ വച്ചു..,

“”അപ്പുട്ടാ ഇപ്പൊ കളിക്കാൻ പോണ്ട നിന്റച്ഛൻ ഇപ്പൊ വരും “”

“”ഹായ് അച്ഛൻ വരുവോ,,

അച്ഛൻ വന്നിട്ടു നമ്മക്ക് പടക്കം വാങ്ങണം “”

“”കിച്ചുവേട്ടാ അച്ഛൻ എപ്പോഴാ വരുവാ “”

“”അപ്പുമോനെ,, അത്, അത്,,മോന്റച്ഛൻ പോയില്ലേ ,,

“”അച്ഛൻ പോകുവെ,,, എങ്ങോട്ട്,,

“ഇങ്ങോട്ട് വരാം ന്ന് പറഞ്ഞല്ലോഅച്ഛൻ മിനിഞ്ഞാന്ന് ഫോണിൽ,,മിട്ടായി,,പാവക്കുട്ടി,, പുതിയ ഷർട്ട്,, ഓക്കേ അച്ഛൻ വാങ്ങിന്നു പറഞ്ഞല്ലോ,,

“ഈ കിച്ചുവേട്ടന് കുശുമ്പാണ്…അച്ഛൻ എനിക്ക് ഇതൊക്കെ വാങ്ങിയതിന്,

“ഞാൻ ഏട്ടനോട് മിണ്ടൂല””

“”അപ്പുട്ട നിന്റച്ഛൻ നമ്മളെയൊക്കെ വിട്ടു പോയി””

ആ പത്തു വയസുകാരന്റെ വാക്കുകൾ അപ്പുവെന്ന അഞ്ചു വയസുകാരന്റെ കുഞ്ഞു ബുദ്ധിക്ക് മനസിലായില്ല…

കുറച്ചു കഴിഞ്ഞു പടിക്കൽ ഒരു വണ്ടി വന്നുനിന്നു,,

അപ്പുട്ടൻ ഓടി ചെന്ന് നോക്കി,, കൂടെ കിച്ചുവും ചെന്നു,,

“” കിച്ചുവേട്ട ഈ വന്നത് അച്ഛൻ ആയിരിക്കുമോ””

അതൊരു ആംബുലൻസ് ആയിരുന്നു,,

“”കിച്ചുവേട്ട അച്ഛൻ ആംബുലൻസിലാണോ വന്നേ”

കിച്ചു ഒന്നും മിണ്ടാതെ കരയുന്നു..,

ഇതെന്താ കിച്ചുവേട്ടനും കരയുന്നെ…

അതിൽ നിന്നു ഒരു പെട്ടി ആളുകൾ പുറത്തെടുത്തു ഉമ്മറത്തു കൊണ്ടുവന്നു വച്ചു,,

അവൻ തിരക്കിൽ കൂടെ എത്തി നോക്കി,,

അപ്പൊ അകത്തു നിന്നു അമ്മയുടെ ഉറക്കേയുള്ള നിലവിളി അപ്പുട്ടൻ കേട്ടു…

അമ്മ ഓടിവന്നു അച്ഛനെ കെട്ടിപ്പിടിച്ചു കരയുന്നു…

ആ പെട്ടിയിൽ അതാ അച്ഛൻ കിടക്കുന്നു,, അച്ഛൻ നല്ല ഉറക്കമാണ് ഇതെന്താ അപ്പുട്ടനെ എടുക്കാൻ വരത്തെ..

അപ്പു ആ പെട്ടിയുടെ അടുത്ത് വന്നു അകത്തേക്ക് ഏന്തി വലിഞ്ഞു നോക്കി,,

“അച്ഛൻ അതാ കണ്ണടച്ചുറങ്ങുന്നു…

“”അച്ഛാ,, എണീറ്റെ അപ്പുട്ടനെ എടുക്ക്,, “

“അച്ഛൻ പാവക്കുട്ടിയെ കൊണ്ടുവന്നോ, എവിടെ,, “

“നോക്കച്ഛാ,,എല്ലാരും പടക്കം വാങ്ങി,, അപ്പുട്ടനും പടക്കം വാങ്ങണം,,വാ അച്ചാ,,നമുക്ക് പോകണം,,കിച്ചുവേട്ടനെ കൊണ്ട് പോകണ്ടട്ടോ…എന്നോട് കൂടെ കളിക്കാൻ വരുന്നില്ല “”

അപ്പുട്ടന്റെ സംസാരം കേട്ടു, അവിടെ കൂടി നിന്നവരുടെ കണ്ണുകൾ ഈറനനണിഞ്ഞു….

കിച്ചു അവനെ അടുപ്പിച്ചു നിർത്തി, അപ്പോൾ ആരോ പതിയെ പറയുന്നതവൻ കേട്ടു,,

“എയർപോർട്ടിലിറങ്ങി നേരെ ഇവിടെക്കു വന്നോണ്ടിരുന്ന ടാക്സിയിൽ ട്രക്ക് വന്നിടിച്ചു,,,

സ്പോട്ടിൽ തന്നെ ആ ജീവൻ പൊലിഞ്ഞു പോയി..”

അതു കേട്ടവന്റെ കണ്ണുകൾ നിറഞ്ഞു അവൻ അപ്പുമോനെ തന്നോട് കൂടുതൽ
ചേർത്ത് പിടിച്ചു,,

അപ്പോഴും അപ്പുട്ടൻ അച്ഛനെ വിളിച്ചു കൊണ്ടിരുന്നു …

അച്ഛാ എണീക്ക്,,എന്നെ എടുക്ക് “

അവന്റെ മനസിൽ അച്ഛൻ എണിറ്റു വന്നു അവനെ എടുക്കുമെന്നായിരുന്നു

അവന്റെ വിളി കേട്ട് നന്ദു വിങ്ങി പൊട്ടി ..കരഞ്ഞു

മാളൂനെ ഒരു നോക്ക് കാണാൻ പറ്റാത്ത ദിനുവേട്ടൻ മാളൂന്റെ ഒന്നാം പിറന്നാളിന് ഓടി വന്നതായിരുന്നു പാവം തന്റെ ദിനുവേട്ടൻ”

ഒരിക്കലും തിരിച്ചു വരാത്ത ലോകത്തിലേക്ക് യാത്രയായി എന്ന സത്യം ഉൾകൊള്ളാനാവാതെ നന്ദുവിന്റെയും അപ്പൂട്ടന്റെയും ശബ്ദം ആ വീട് കണ്ണീരാൽ കുതിർന്നു…

സ്വപ്‌നങ്ങളുടെ ചിറകിലേറി പ്രവാസജീവിതങ്ങൾ എന്നും നിൽക്കാത്ത നൊമ്പരങ്ങൾ മാത്രം…