അവൾ…
രചന: റിൻസി പ്രിൻസ്
“പൂർണിമേ….അവൻ മറ്റൊരു പെണ്ണിനെ തേടി പോയെങ്കിൽ അത് നിൻറെ കഴിവുകേട് കൊണ്ട് തന്നെ ആണെന്ന് ഞാൻ പറയും…..ഇനിയും ഇവിടെ ഇങ്ങനെ നില്കാൻ ബുദ്ധിമുട്ട് ആണ്….
സ്വന്തം അമ്മയുടെ വായിൽ നിന്ന് തന്നെ അങ്ങനെ ഒരു വാക്ക് കേട്ടപ്പോൾ അവൾ തളർന്നു പോയിരുന്നു…..
ഒന്നും മറുപടി പറയാതെ നേരെ മുറിയിലേക്ക് പോയി….അമ്മ പറഞ്ഞ വാക്കുകൾ തീപൊള്ളൽ പോലെ തന്നെ ശരീരത്തിൽ പടരുകയാണ്….കണ്ണുനീർ ഒഴുകി വന്ന് കവിളിനെ മറച്ചുകൊണ്ട് ഇരുന്നു….അവൾ ഓർമ്മകളിലേക്ക് ഊളിയിട്ടു…..
അമ്മ പറഞ്ഞതുപോലെ എവിടെയായിരുന്നു തനിക്ക് പിഴച്ചത്…..?
എന്തായിരുന്നു ഹരിയേട്ടൻ തന്നിൽ കണ്ട കുറ്റം….?ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോഴായിരുന്നു പഠിക്കാൻ അല്പം മണ്ടി ആയിരുന്ന തന്നെ ട്യൂഷൻ സെൻററിലേക്ക് വീട്ടുകാർ പറഞ്ഞയക്കുന്നത്…..അവിടെ പാർടൈം ട്യൂഷൻ എടുക്കാൻ വന്ന ഒരു ചെറുപ്പക്കാരൻ…..കണ്ടാൽ സുമുഖൻ….,ആരെയും ആകർഷിക്കുന്ന വ്യക്തിത്വം….പെട്ടെന്ന് തന്നെ തന്റെ മനസ്സിൽ ഇടം നേടാൻ അയാൾക്ക് കഴിഞ്ഞു….പക്ഷേ അധ്യാപകൻ ആയതുകൊണ്ടും മറ്റുള്ളവർ അറിഞ്ഞാൽ തന്നെ കളിയാക്കും എന്നുള്ളതു കൊണ്ടു തന്നെ ഇഷ്ടം മനസ്സിൽ തന്നെ ഒതുക്കുക ആയിരുന്നു….പക്ഷേ പിന്നീടുള്ള തന്നോടുള്ള നോട്ടങ്ങളും സമീപനങ്ങളിലും അയാൾക്കും തന്നോട് താല്പര്യമുണ്ട് എന്ന് തോന്നി തുടങ്ങിയപ്പോഴാണ് ചെറിയ പുഞ്ചിരി പോലും അയാൾക്ക് പകരം നൽകാൻ തുടങ്ങിയത്…..ഒരിക്കൽ ഒരു സായാഹ്നത്തിൽ ആരും കാണാതെ അദ്ദേഹത്തിൻറെ മനസ്സിലുള്ള ഇഷ്ടവും എന്നോട് തുറന്നു പറഞ്ഞപ്പോൾ സ്വർഗ്ഗം പിടിച്ചടക്കിയ സന്തോഷമായിരുന്നു തനിക്ക്…ഹൃദയം അവിടുന്ന് പുതിയ സ്വപ്നങ്ങൾ കാണാൻ തുടങ്ങുകയായിരുന്നു….
ജാതകദോഷത്തിന്റെ പേരിൽ വിവാഹാലോചനകൾ വീട്ടിൽ തകൃതിയായി നടക്കാൻ തുടങ്ങിയപ്പോൾ വീട്ടിൽ ആദ്യം ഏട്ടനോട് ആയിരുന്നു തന്റെ മനസ്സിലുള്ള ഇഷ്ടം തുറന്നു പറഞ്ഞത്….
ഏട്ടൻ തന്നെ ഹരിയേട്ടന്റെ വീട്ടിൽ പോയി അന്വേഷിച്ചു….തിരികെ വന്ന ഏട്ടൻറെ മുഖത്തെ പ്രസാദം മതിയായിരുന്നു അദ്ദേഹത്തെപ്പറ്റി ആ മനസ്സ് നിറഞ്ഞു എന്ന് മനസ്സിലാക്കാൻ….പ്രത്യക്ഷത്തിൽ ആർക്കും ഒരു കുഴപ്പവുമില്ലാതെ അഭിപ്രായം തന്നെയായിരുന്നു ഏട്ടൻ വീട്ടിൽ അദ്ദേഹത്തെപ്പറ്റി പറഞ്ഞിരുന്നത്…..ഞങ്ങളെക്കാൾ ഉയർന്ന സാമ്പത്തികനില തന്നെയായിരുന്നു അവർക്ക്…..അത് വീട്ടിലെ എല്ലാവരെയും ആകർഷിക്കുന്ന മറ്റൊരു ഘടകം കൂടി ആയിരുന്നു….പിന്നീട് സ്വന്തമായി ഇത്രയും സാമ്പത്തികശേഷി ഉണ്ടായ കുടുംബമായിരിന്നിട്ട് പോലും സ്വന്തം കാലിൽ നിൽക്കണമെന്ന് തീരുമാനത്തിൽ ഒരു ട്യൂട്ടോറിയലിൽ ജോലിചെയ്യാൻ അദ്ദേഹം കാണിച്ച മനസ്സിന് എല്ലാവരും ആവോളം പുകഴ്ത്തി…..
പിന്നീട് ഹരിയേട്ടൻ തന്നെ വീട്ടുകാരെയും കൂട്ടി വന്ന് വിവാഹം ആലോചിച്ചു….
ജാതകങ്ങൾ തമ്മിലും ചേരും എന്ന് ഉള്ളത് കൊണ്ട് വളരെ പെട്ടെന്ന് തന്നെ വിവാഹം നടന്നു….ഇരട്ടി മധുരം പോലെ ഹരിയേട്ടന് അടുത്തുള്ള കോളേജിൽ അധ്യാപകൻ ആയി ജോലിയും കിട്ടി….എല്ലാം തന്റെ ഐശ്വര്യം എന്ന് ഹരിയേട്ടനും വീട്ടുകാരും പറഞ്ഞു…
പിന്നീടങ്ങോട്ട് പ്രണയമായിരുന്നു….
പ്രണയം പൂത്തുലഞ്ഞു നിൽക്കുകയായിരുന്നു….പ്രണയം അതിന്റെ എല്ലാ അതിർവരമ്പുകളും ഭേദിച്ചു….ഹരിയേട്ടന്റെ പ്രണയം തന്നിൽ പെയ്യുകയായിരുന്നു….കോരിത്തരിപ്പിക്കുന്ന രാത്രികളിൽ ആ നെഞ്ചിലെ ചൂട് ചേർന്ന് കിടക്കുമ്പോൾ ഹരിയേട്ടൻ പറയാറുണ്ടായിരുന്നു….
നിനക്ക് ഡിഗ്രി പൂർത്തിയാക്കേണ്ട പൂർണ്ണി…
ഒന്നും വേണ്ട…..എനിക്ക് ഹരിയേട്ടന്റെ ഭാര്യയായി ഹരിയേട്ടന്റെ കുഞ്ഞുങ്ങളുടെ അമ്മയായി ഇങ്ങനെ ജീവിച്ചാൽ മതി….
ആ പ്രണയ നിമിഷങ്ങൾക്ക് ഇടയിൽ പറയുമായിരുന്നു…
ഒരു കുഞ്ഞ് എന്ന സ്വപ്നം കൂടി ജീവിതത്തിലേക്ക് ഇരട്ടിമധുരമായി കടന്നു വരാൻ തുടങ്ങിയപ്പോൾ ജീവിതം വീണ്ടും ഭാഗ്യം കൊണ്ടുവന്നത് വരികയാണ് എന്ന് എനിക്ക് തോന്നിയിരുന്നു…..
ഏഴാം മാസത്തെ ചടങ്ങിന് പോലും ഹരിയേട്ടൻ തന്നെ വീട്ടിലേക്ക് വിടാൻ തയ്യാറായിരുന്നില്ല…..അത്രമേൽ ഹരിയേട്ടൻ തന്റെ സാന്നിദ്ധ്യം ആഗ്രഹിക്കുന്നുണ്ടായിരുന്നു….എട്ടാം മാസത്തിലാണ് ഹരിയേട്ടൻ തമാശയായി ഒരു കാര്യം പറയുന്നത്
കോളേജിൽ പഠിക്കുന്ന ഒരു പെൺകുട്ടിക്ക് ഏട്ടനെ ഇഷ്ടമാണെന്ന് പറഞ്ഞു അത്രേ….വിവാഹം കഴിച്ചതാണെന്ന് പറഞ്ഞിട്ടും ആ പെൺകുട്ടി പിന്മാറാൻ തയ്യാറായില്ല എന്ന്….
ഇതൊക്കെ കോളേജ് കുട്ടികളുടെ തമാശയാണ് എന്ന് പറഞ്ഞ് ഹരിയേട്ടൻ തന്നെ കളിയാക്കി…..
ഹൃദയത്തിൽ എവിടെയോ ഒരു നോവ് കിടക്കുന്നുണ്ടായിരുന്നു….
അവസാനം അവളെ ഹരിയേട്ടനെ കൊണ്ടു പോകുമോ എന്ന് തമാശയായി ഹരി ഏട്ടനോട് ചോദിക്കുമ്പോഴും അന്ന് ഹരിയുടെ മരണം ആയിരിക്കുമെന്ന ഹരിയേട്ടന്റെ മറുപടി മാത്രം മതി ആയിരുന്നു സന്തോഷം കണ്ടെത്താൻ…..
അധികം വൈകാതെ മോൻ ജീവിതത്തിലേക്ക് കടന്നുവന്ന കഴിഞ്ഞപ്പോഴേക്കും താനൊരു അമ്മ മാത്രമായി മാറിയിരുന്നു…..
അവൻറെ കാര്യങ്ങളിൽ ഉത്തരവാദിത്വം കാണിക്കുന്ന ഒരു അമ്മ…..അതിനിടയിൽ ഹരിയേട്ടനിൽ സ്നേഹങ്ങൾ ചൊരിയൻ കഴിഞ്ഞില്ല…അമ്മ ആകുമ്പോള് അവളിലെ ഉത്തരവാദിത്തങ്ങൾ കൂടുമല്ലോ…. ഹരിയേട്ടന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും തനിക്ക് കഴിയാതെപോയി….അപ്പോഴെല്ലാം ഹരിയേട്ടൻ തന്നിൽ നിന്നും അകന്നു പോവുകയാണെന്ന് അറിയുന്നുണ്ടായിരുന്നില്ല….
ഒളിഞ്ഞും തെളിഞ്ഞും പലരും പലതും പറഞ്ഞു….
ഞാൻ ഒന്നും കേട്ടില്ല …..ഹരിയേട്ടനെ മാത്രമായിരുന്നു തനിക്ക് വിശ്വാസം….ഒരിക്കൽ മോനെ ആശുപത്രിയിൽ കൊണ്ടു പോകാൻ ഒപ്പം വരാൻ പറഞ്ഞപ്പോൾ അത്യാവശ്യമായി ക്ലാസ്സ് ഉണ്ട് എന്ന് പറഞ്ഞു പോയ ഹരിയേട്ടനെ ഓർത്തപ്പോൾ ജോലി തിരക്ക് അല്ലെന്ന് ഓർത്തു സമാധാനിച്ചു..കൊടും വെയിലത്ത് മോനുമായി നടന്നു വരുമ്പോൾ തന്റെ കണ്മുൻപിൽ താൻ കണ്ടു കാറിലിരുന്ന് പരസ്പരം പുണരുന്ന രണ്ടുപേരെ…..അതിലെ പുരുഷന് ഹരിയേട്ടന്റെ മുഖമായിരുന്നു എന്ന ആ നിമിഷം അറിഞ്ഞപ്പോൾ അവിടെ വച്ച് തന്നെ മരിച്ചു പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിരുന്നു താൻ…..പ്രാണനായി കണ്ടവൻ…..ഒരിക്കൽ അടിമുടി കോരിത്തരിപ്പിച്ചവൻ അവനാണ് മറ്റൊരു പെണ്ണിനൊപ്പം കാറിലിരുന്ന്….
ഒരുവേള വെളിയിലേക്ക് നോക്കിയപ്പോൾ ഹരിയേട്ടൻ തന്നെ കണ്ടു എന്ന് മനസ്സിലായി….
ആ മുഖം വിളറി വെളുത്തു പോയിരുന്നു….അപ്പോഴും തൻറെ ശ്രെദ്ധ കയ്യിൽ ഇരുന്നുറങ്ങുന്ന പിഞ്ചുകുഞ്ഞിന്റെ തലയിൽ വെയിൽ അടിക്കുന്നുണ്ടോ എന്നാരുന്നു….ഹരിയേട്ടൻ തന്നെ കണ്ടു എന്ന് മനസ്സിലാക്കിയിട്ടും താൻ ഒരു പ്രതികരണവും ഇല്ലാതെ മുൻപോട്ടു നടന്നു…..അടുത്ത് കണ്ട ഓട്ടോയിൽ കയറി വീട്ടിൽ ചെന്നു……അപ്പോഴേക്കും കാറ്റുപോലെ ഹരിയേട്ടൻ പാഞ്ഞു വന്നിരുന്നു….
ഒന്നും സംസാരിച്ചില്ല……കുറച്ചു നേരം മൗനം രണ്ടുപേർക്കുമിടയിൽ വിരാമമിട്ടു…..
പൂർണ്ണി……അറിഞ്ഞുകൊണ്ടല്ല….നിൻറെതിരക്കുകളിൽ നീ എന്നിൽ നിന്നും അകന്നു പോയ നിമിഷങ്ങളിൽ എപ്പോഴോ അറിയാതെ മനസ്സ് കൈവിട്ടുപോയി……പലവട്ടം ഞാൻ തെറ്റാണ് ചെയ്യുന്നത് എന്ന് പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടും സാധിച്ചില്ല…..ഒന്നിനും ഞാനായിട്ട് മുൻകൈ എടുത്തിട്ടില്ല…..നിന്നെ മറന്ന് ഒരിക്കലും ഒരു ജീവിതം ഉണ്ടാകില്ല എന്ന് അവളോട് ഞാൻ പറഞ്ഞിട്ടുണ്ട്……
വലിയൊരു ന്യായീകരണം പോലെ തന്റെ മുഖത്തേക്ക് നോക്കാതെ ഹരിയേട്ടൻ പറയുമ്പോൾ പുച്ഛമാണ് തോന്നിയത്….
തന്റെ തിരക്കുകളിൽ താൻ അകന്നുപോയി അത്രേ….താൻ എവിടേക്കായിരുന്നു അകന്ന് പോയത്….?എന്തായിരുന്നു തന്റെ തിരക്ക്….?അയാളുടെ ജീവൻറെ അംശത്തിനെ ഈ ഭൂമിയിലേക്ക് കൊണ്ടുവരാൻ വേണ്ടി അല്ലായിരുന്നു താൻ അകന്നു പോയത്…..സ്വന്തം മകനെ നോക്കാൻ വേണ്ടി ആയിരുന്നില്ലേ താൻ തിരക്ക് പിടിച്ചത്….,അപ്പോൾ അവന് പുതിയ അമ്മയെ തേടുകയായിരുന്നു അയാൾ….പുച്ഛമാണ് ആ വാക്കുകളിൽ തോന്നിയത്….
ഞാൻ ഭാര്യയും അവൾ വെ പ്പാട്ടിയും ആയി ഇരിക്കാം എന്ന് ആണോ നിങ്ങൾ പറയുന്നത്…
പൂർണ്ണി അങ്ങനെ അല്ല ഞാൻ……
ഒന്നും പറയണ്ട….. ന്യായികരിച്ചാൽ നിങ്ങൾ തോറ്റുപോകും…..എങ്കിലും ഞാൻ ക്ഷമിച്ചേനെ ഹരിയേട്ടാ ഒരിക്കലെങ്കിലും എന്നോട് നിങ്ങൾ തന്നെ തുറന്നു പറഞ്ഞിരുന്നെങ്കിൽ…..അറിയാതെ സംഭവിച്ചു പൂർണ്ണി എന്ന് പറഞ്ഞു അത് തിരുത്താൻ നോക്കിയെങ്കിൽ…..
അത്രമാത്രം പറഞ്ഞ് മോനെയും കൂട്ടി ബാഗുമെടുത്ത് ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പിന്നാലെ ഹരിയേട്ടന് വന്നു….
പൂർണ്ണി എന്നെ വിട്ട് നീ പോകരുത്….നീയില്ലാതെ എനിക്ക് പറ്റില്ല…..
മറുപടി പറയാതെ ഇറങ്ങി …….എങ്ങോട്ട് പോകണമെന്ന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല കുഞ്ഞിനെയും കൂട്ടി സ്വന്തം വീട്ടിലേക്കാണ് വന്നു കയറിയത്….ഏട്ടൻറെ ഭാര്യയുടെ പിണക്കവും സ്വന്തം അച്ഛനമ്മമാരുടെ ദുർമുഖം വരെ കാണേണ്ടി വന്നിട്ടും എല്ലാം സഹിച്ച് അവിടെ നിന്നു….പലവട്ടം ഹരിയേട്ടന് വന്നു വിളിച്ചിട്ടും തിരികെ പോകാൻ മനസ്സ് അനുവദിച്ചില്ല….അച്ഛനും അമ്മയും എല്ലാം ഉപദേശിച്ചു….മോനേ ഓർത്തു എല്ലാം സഹിക്കാൻ പറഞ്ഞു….അനുസരിക്കാതെ വന്നപ്പോൾ പലപ്പോഴും അമ്മയും നാത്തൂനും പിണക്കം കാണിച്ചത് വൈകിട്ട് ബാക്കിവന്ന ചോറിൽ വെള്ളമൊഴിച്ച് ആയിരുന്നു……പട്ടിണി കിടന്നിട്ട് കുഞ്ഞിനു വേണ്ടി എല്ലാം സഹിച്ചു…..
ഇപ്പോൾ അമ്മ പറഞ്ഞ വാക്കുകൾ കാരിരുമ്പ് പോലെ ഹൃദയത്തിൽ കുത്തി നോക്കുകയാണ്…..ഈ കൈക്കുഞ്ഞിനെയും കൊണ്ട് തനിക്ക് ജോലിക്ക് പോകാൻ സാധിക്കില്ല…..അല്ലെങ്കിൽ തന്നെ ഒരു ഡിഗ്രി പോലും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല….ജീവിതം ഇനി എങ്ങനെ മുന്നോട്ടു പോകും എന്ന് യാതൊരു നിശ്ചയവുമില്ല……പക്ഷേ തോറ്റു കൊടുക്കാൻ തയ്യാറല്ല…അപമാനിതയായി ഇനി അയാൾക്ക് ഒപ്പം ജീവിക്കാനും തനിക്ക് കഴിയില്ല…..ഇതിനോടകം പലവട്ടം ആയാൽ മാപ്പ് പറഞ്ഞു കുഞ്ഞിനെയും തന്നെയും തിരിച്ചുകൊണ്ടുപോകാൻ വേണ്ടിവന്നു പക്ഷേ ഒരിക്കലും ഇനി തനിക്ക് ആത്മാർത്ഥമായി അയാളെ സ്നേഹിക്കാൻ കഴിയില്ല…..അങ്ങനെ അഭിനയിക്കാൻ മാത്രമേ കഴിയൂ…..മകനുവേണ്ടി വേണമെങ്കിൽ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാം…..പക്ഷേ സ്വയം തോറ്റു അങ്ങനെ ഒരു നിലപാടിൽ കൂടി പൂർണിമ തോൽക്കാൻ ആഗ്രഹിക്കുന്നില്ല…..
അമ്മയുടെ വാക്കിൽ നിന്നു താൻ ഇവിടെ നിൽക്കുന്നത് നീരസം നന്നായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്…..
എന്ത് ചെയ്യുമെന്ന് ആലോചിച്ച് ഇരിക്കുന്ന സമയത്താണ് ഒരു നിമിത്തം പോലെ പഴയ കൂട്ടുകാരിയെ കാണുന്നത്….അവൾ ഇപ്പോൾ ചെറിയൊരു ബിസിനസ് നടത്തുകയാണ്….കാറ്ററിങ്…..ചെറിയ വിലക്ക് വീട്ടിൽ ഉണ്ടാകുന്ന ഭക്ഷണം…..അതിൽ ചേരാൻ താൽപര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഒന്നും നോക്കാൻ ഉണ്ടായിരുന്നില്ല…..വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലി ആണ്….എല്ലാം അവർ തന്നെ എത്തിച്ചു തരും പാചകം അറിയാവുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല….പിന്നീട് എണ്ണ കാച്ചാൻ അറിയാമെങ്കിൽ അതും ചെയ്യാൻ പറഞ്ഞു….അവൾ ഹെർബൽ കമ്പനിയും നടത്തുന്നുണ്ട്….
അറിഞ്ഞതെ അച്ഛനും അമ്മയും എതിർത്തു….അടുക്കളയിൽ ഒന്നും ഉണ്ടാകാൻ അനുവദിക്കില്ല എന്ന് നാത്തൂൻ….തന്റെ വേദന കണ്ടിട്ടാകും പാചകത്തിനു വേണ്ടി ഏട്ടൻ ചെറിയൊരു ഷെഡ് കെട്ടി തന്നു…..കുറച്ച് സാധനങ്ങൾ ഏട്ടൻ തന്നെ വാങ്ങിത്തന്നു…. പത്രങ്ങളും മറ്റും….പെട്ടെന്നുതന്നെ അവൾ തന്ന ഓർഡറുകളിൽ എല്ലാം പാചകം ചെയ്തു കൊടുക്കാനും എണ്ണ കാച്ചാനും തുടങ്ങി…..ചെറിയ വരുമാനം അവൾ നൽകാൻ തുടങ്ങി…..കിട്ടുന്നതിൽ നിന്ന് മിച്ചം പിടിച്ചു ചിട്ടി ചേർന്നു ഏട്ടൻറെ കടം തീർത്തു…..ആദ്യ വേണ്ടന്ന് പറഞ്ഞെങ്കിലും ഏടത്തിയുടെ മുഖം ഓർത്തു ഏട്ടൻ വാങ്ങി…..കുറച്ചുനാൾ അങ്ങനെ പോയി….വീട്ടിൽ ചിലവിനുള്ള കുറച്ചു കാശ് താനും കൂടി കൊടുക്കാൻ തുടങ്ങിയതോടെ അമ്മയുടെയും ഏട്ടത്തിയും ചെറിയ നീരസം ഒക്കെ മാറി തുടങ്ങി….
കിട്ടുന്നതിൽ നിന്ന് മിച്ചം പിടിച്ച് ഡിസ്റ്റൻസ് ആയിട്ട് ഡിഗ്രി ചെയ്യാൻ തുടങ്ങി…..
ഓരോ പി എസ് സി ടെസ്റ്റും എഴുതാൻ തുടങ്ങി….പഠിക്കാൻ മണ്ടി ആയിരുന്ന താൻ കുഞ്ഞിന്റെ മുഖം ഓർക്കുമ്പോൾ വാശിയോടെ പഠിക്കും…..എല്ലാ അർത്ഥത്തിലും ദൈവം കൈവിട്ടിട്ടു ഇല്ലാത്തതുകൊണ്ട് എഴുതിയതിൽ ഒരു ടെസ്റ്റ് പാസായി…..റവന്യൂ ഡിപ്പാർട്ട്മെൻറ് ചെറിയൊരു ക്ലർക്ക് ജോലിയും തരപ്പെട്ടു….അപ്പോഴേക്കും മോന് 5 വയസ്സായിരുന്നു…..
അവനെ സ്കൂളിൽ വിടാൻ തുടങ്ങി…..പിന്നീട് പതുക്കെ ഒരു കുഞ്ഞു വീട് വാടകയ്ക്കെടുത്ത് അവിടേക്ക് മാറാൻ തുടങ്ങി…..വിവാഹമോചിത ആയതുകൊണ്ട് തന്റെ ശരീരത്തിലേക്ക് നോക്കുന്ന പലരുടെയും നോട്ടങ്ങളെ പാടെ അവഗണിച്ചു അവർക്ക് തീ പാറുന്ന നോട്ടം നൽകി…..ഹരിയേട്ടൻ പലപ്പോഴും വന്നു തിരികെ വിളിച്ചു….മദ്യത്തിൽ മുങ്ങി കഴിഞ്ഞിരുന്നു ആ ജീവിതം…..മോനെ കാണുന്നതിലോ അവനെ താലോലിക്കുന്നതിലോ താൻ തടസ്സം നിന്നില്ല…..ഇനി ഒരിക്കലും താൻ മാറില്ല എന്ന് മനസിലാക്കിയാകാം പതുക്കെ ഹരിയേട്ടൻ ശ്രേമം ഉപേക്ഷിച്ചു….ആ പെൺകുട്ടി ഒരു ദൈവ ശിക്ഷ പോലെ ബസ് ആക്സിഡന്റിൽ തളർന്നു പോയി എന്ന് അറിഞ്ഞു….ഹരിയേട്ടനും കാലം കൊടുത്ത ശിക്ഷ ചെറുത് ആയിരുന്നില്ല…..ബ്രെയിൻ കാൻസർ ആണ് എന്ന് അറിഞ്ഞപ്പോൾ ഒന്ന് പോയി കണ്ടു….ആത്മാർത്ഥമായി ഹരിയേട്ടന് വേണ്ടി പ്രാർത്ഥിച്ചു…..പക്ഷെ ഒരിക്കലും തന്നോട് ചെയ്ത തെറ്റ് മറന്ന് കൂടെ പോകാൻ കഴിയില്ല…..
ജീവിതം ഇപ്പോൾ സുരക്ഷിതമാണ്…..
ഒരു പുരുഷൻറെ തണലില്ല എങ്കിലും സ്ത്രീക്ക് ജീവിക്കാൻ പറ്റും…..ഭർത്താവിനെ പങ്കുവയ്ക്കുന്നത് ഒരു സ്ത്രീയും ആഗ്രഹിക്കാത്ത കാര്യമാണ്…..എന്തും അവൾ സഹിക്കും….കഷ്ടപ്പാടും വേദനയും ദുഃഖവും ദുരിതവും ഒരു മടിയും ഇല്ലാതെ….പക്ഷേ സ്വന്തം പുരുഷൻ മറ്റൊരാളാൽ പങ്കുവയ്ക്കപ്പെടുന്നത് ഒരു പെണ്ണിനും സഹിക്കാൻ പറ്റുന്നതല്ല…..
എല്ലാം സഹിച്ച് മക്കൾക്ക് വേണ്ടി ജീവിക്കുന്നവർ ഉണ്ടായിരിക്കാം നൂറിൽ 90 ശതമാനം ആളുകളും അങ്ങനെയുള്ളവർ ആയിരിക്കാം… ബാക്കി 10 ശതമാനത്തിൽ പെട്ട ഒരാളായിരുന്നു പൂർണിമ….അതുകൊണ്ട് ആരും പൊങ്കാല കലവുമായി വരണ്ട ….സ്വന്തം കണ്മുന്നിൽ വച്ചു മറ്റൊരുത്തിയെ സ്നേഹിക്കുന്ന ഭർത്താവിനെ സ്നേഹിക്കാൻ എത്ര ക്ഷമിക്കുന്ന പെണ്ണിനും കഴിയില്ല. അയാളോട് പിന്നെ ആത്മാർത്ഥ സ്നേഹം കാണിക്കാൻ ആർക്കേലും തോന്നുമോ….?എനിക്കാണെങ്കിൽ കഴിയില്ല….. ആർക്കും കഴിയില്ല…. കഴിയും എന്ന് പറയുന്നത് വെറും അഭിനയം ആണ്…..