ഡാ മോനെ, നീയിങ്ങനെ കണ്ട പെണ്ണുങ്ങളുടെ പിന്നാലെ നടന്ന് അവരെ ശല്യപ്പെടുത്തി സമയം കളയല്ലേ…

രചന: Thozhuthuparambil Ratheesh Trivis

കൂടെയുള്ളവന്മാർക്ക് മിക്കവർക്കും കൂടെ നടക്കാനും ഒപ്പം നടക്കാനും പിന്നാലെ നടക്കാനും ഒക്കെ ഏതെങ്കിലും പെണ്ണ് കൂടെയുണ്ടായിരുന്ന എന്റെ പോളിടെക്‌നിക് കാലഘട്ടം …..

മറ്റുള്ളവന്മാർ ഓരോ കൂട്ടുമായി ഇമ്മടെ കണ്ണിന്റെ മുന്നിലൂടെ വിലസുന്നത് കാണുമ്പോൾ മനസ്സ് ആരും കാണാതെ അസൂയകൊണ്ട് മുക്രയിടുന്നത് പതിവായിരുന്നു …

മിക്കവാറും ദിവസങ്ങളിൽ മനസ്സ് ഇമ്മളെ ഓർമിപ്പിക്കും ,,,നീയിങ്ങനെ അമ്പലക്കാളയുടെ പോലെ നടന്നോ ,,കണ്ടില്ലേ ,,കൂടെയുള്ളവന്മാർക്കൊക്കെ ഒരു പെണ്ണ് കൂട്ടുണ്ട് ,,എടാ മരമണ്ടാ ഇയ്യ്‌ കോളേജിൽ പഠിക്കാൻ വന്നിട്ട് ഒരു പ്രേമം സെറ്റാക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ അന്നേക്കൊണ്ടൊക്കെ എന്താ കാര്യം???

ഇടയ്ക്ക് ആരും കാണാതെ ആത്മഗദ്ഗദം നടത്തും

എല്ലാവർക്കും നടക്കുന്നുണ്ട് !!! ഇമ്മക്ക് മാത്രം ഒന്നുമില്ല !!!

ആദ്യം കോളേജിൽ തന്നെ കുറച്ച് ശ്രമങ്ങൾ നടത്തി ,,,പക്ഷേങ്കില് ,,പലയിടത്ത് നിന്നും പുച്ഛം ,,പരിഹാസം മാത്രം മറുപടിയായി കിട്ടി ,,ഉപദേശികളായ ചങ്കുകൾ പലരും പറഞ്ഞു ,,,

ഡാ ആദ്യമൊക്ക കുറെ നാണം കെടേണ്ടി വരും ,,പക്ഷേ തളരരുത് ,,ഇങ്ങനെയൊക്കെ തന്നെയാണ് എല്ലാരും സെറ്റാക്കുന്നത് !!!

പക്ഷേങ്കില് ആരൊക്കെ എന്തൊക്കെ മോട്ടിവേഷൻ തന്ന് തീ ആളിക്കാൻ നോക്കിയിട്ടും ഇമ്മടെ മനസ്സ് പച്ചചാണകത്തിന് തീ പിടിച്ച പോലെ ചുമ്മാ നിന്ന് പുകഞ്ഞുകൊണ്ടേയിരുന്നു !!!

ഒപ്പം മനസ്സിൽ ഒരുപാട് അപകർഷത വേറെ !!!

എല്ലാംകൂടി മണ്ടയിൽ കേറി പ്രാന്തായപ്പോൾ ഇമ്മള് ട്രാക്ക് ഒന്ന് മാറ്റിപ്പിടിച്ചു ,,എന്നെപ്പോലെ ഒന്നും നടക്കാത്തവരും അല്ലാത്ത കുറച്ചെണ്ണവും കൂടി ഒരു ഗാങ് ,,,

പുറമെ നിൽക്കുന്നവർ കാൺകെ ഞങ്ങൾ ,,സിംഗിൾ പസങ്കെ. പ്രേമത്തെക്കാൾ ഞങ്ങൾക്ക് മുഖ്യം ഫ്രണ്ട്ഷിപ് ആണെന്നൊക്കെ തള്ളിയിരുന്നെങ്കിലും ഉള്ളിന്റെയുള്ളിൽ ഈ കോളേജ് ലൈഫ് അവസാനിക്കുന്നതിന് മുൻപെങ്കിലും ഒരു പെണ്ണ് ഇമ്മടെ കൂടെ നടക്കാനും വരണമേ എന്ന് മുട്ടിപ്പായി ആഗ്രഹിച്ചിരുന്നു…..

ക്ലാസ്സിൽ കയറിയതിനേക്കാൾ കൂടുതൽ സമയം ചിലവാക്കിയിട്ടുള്ളത് ആ സമയത്ത് തീയേറ്ററുകളിൽ അയിരുന്നു ,,,ഷൊർണ്ണൂരും വടക്കാഞ്ചേരിയുമുള്ള തീയേറ്ററുകളിൽ നിന്ന് മാറിമാറി വരുന്ന എല്ലാ സിനിമകളും കാണും ,,,കോളേജ് ടീമിനെ ഹരം കൊള്ളിച്ച അല്ലു അർജുന്റെ ആര്യ ഇറങ്ങിയതൊക്കെ ഏതാണ്ട് ആ സമയത്തായിരുന്നു ,,,

അതിലെ അല്ലു അർജുന്റെ റോൾ കണ്ടിട്ട് അതുപോലൊരു നന്മമരമാകാൻ കൊതിച്ചു !!!നല്ല രീതിയിൽ പ്രേമം മുന്നോട്ട്കൊണ്ട് പോകുന്ന ക മിതാക്കളുടെ ഇടയിൽ കയറി അവർക്ക് ഒരാവശ്യവും ഇല്ലെങ്കിലും നിങ്ങളുടെ എന്ത് പ്രശ്നത്തിനും ഞാനുണ്ടാകും എന്ന് തള്ളി !!!

പുറമേക്ക് നന്മമരം ലൈൻ ആയിരുന്നെങ്കിലും ഉള്ളിൽ അസ്സല് “മഴവില്ല് വിനീത്” “ആയിരുന്നു ,,പ്രേമത്തിന് ചുക്കാൻ പിടിക്കാൻ നിങ്ങളുടെ കൂടെ ഞാനുണ്ട് എന്ന് പറയുമ്പോളും ഉള്ളിന്റെയുള്ളിൽ അതിലെ പെണ്ണിനെ നോക്കി ആകെ ഒരു ചിന്തയെ ഉണ്ടായിരുന്നുള്ളൂ ,,,

എന്റെ മനസ്സിന്റെ നന്മ കണ്ട് ഇവള് ഇപ്പൊ പ്രേമിക്കുന്നവനെ കളഞ്ഞിട്ട് എന്റെ കൂടെ വരണമേ എന്ന് !!!!

കാലം കടന്ന് പോകവേ ,,,

ഞാൻ ഫൈനൽ ഇയർ ആയി ,,കോളേജിൽ ഒരു വഹയും അതുവരെയും നടക്കാത്ത സ്ഥിതിക്ക് കോളേജിന് പുറത്ത് നിന്ന് ഏതെങ്കിലും ഒരാളെ സങ്കടിപ്പിക്കാൻ കച്ചകെട്ടിയിറങ്ങി ….

രണ്ടും കല്പിച്ചുകൊണ്ട് ഞാൻ ചേലക്കര ബസ്റ്റാന്റ്ലേക്ക് രാവിലെയും വൈകീട്ടും ഇറങ്ങി ,,മറ്റുള്ള കോളേജിലെയും സ്കൂളിലെയും പിള്ളേർ ബസ്റ്റാന്റ്ൽ വരുന്ന സമയത്ത് മുഴുവനും ഞാൻ അങ്ങേയറ്റം ഉത്തരവാദിത്തത്തോടെ ,,കൃത്യനിഷ്ഠയോടെ ബസ്റ്റാന്റ്ൽ എത്തി !!!

എന്റെ ഓർമ്മ ശരിയാണെങ്കിൽ ബസ്റ്റാന്റ്ലെ കച്ചവടക്കാരും ബസ്സ്കാരും മറ്റ് ടാക്സി ഡ്രൈവർമാരും കഴിഞ്ഞാൽ പിന്നെ ഇങ്ങനെ കറക്റ്റ് ആയി. കൃത്യനിഷ്ഠയോടെ ബസ്റ്റാന്റ്ൽ എത്തുന്നവർ ,,ഒന്ന് സ്റ്റാൻഡിൽ ഭിക്ഷയെടുക്കുന്ന നാരായണേട്ടനും ലോട്ടറി വിൽക്കുന്ന മോഹനേട്ടനും പിന്നെ ഈ ഞാനും മാത്രമായിരുന്നു !!!

ഇതൊക്കെ പറയുന്നത് എന്റെ കൃത്യനിഷ്ഠയെ പറ്റി തള്ളാൻ മാത്രമല്ല ,,,

പല പ്രണയസിനിമകളിലെയും നായകൻമാരുടെ പോലെ ഞാനൊക്കെ എടുത്ത എഫേർട്ന്റെ ചെറിയ ഒരംശം ഇവിടെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രം !!!

കോളേജിനപ്പുറത്തേക്ക് സൗന്ദര്യം ആസ്വദിക്കാൻ തീരുമാനിച്ച ആ നിമിഷം മുതൽ പിന്നെ ആ ബസ്റ്റാന്റ് ആകുന്ന കടലിൽ ഞാൻ കണ്ടത് അതുവരെ എന്റെ കണ്ണിൽപ്പെടാത്ത മുത്തും പവിഴവുമൊക്കെയായിരുന്നു !!!

ആദ്യത്തെ ഘട്ടം

കണ്ണിനെ മഞ്ഞളിപ്പിച്ച എല്ലാ മുഖങ്ങളുടെയും പിന്നാലെ ആർത്തിയോടെ ഓടി !!!

“ഏതെങ്കിലും ഒന്നിൽ ഒതുങ്ങട ഊളെ “എന്ന് മനസ്സ് പറഞ്ഞെങ്കിലും ഉള്ളിലെ കൗതുകം അതിന് മുതിർന്നില്ല !!! കന്നിമാസത്തിലെ നായയുടെ പോലെ പലപ്പോഴും പരിസരം മറന്നോടി !!!

ആ ഘട്ടത്തിലെ പരാജയം ഏറ്റുവാങ്ങിയ ശേഷം അടുത്ത ഘട്ടം സ്റ്റാർട്ട്‌ ,,

കണ്ണിനെ കുളിരണിയിച്ച ആയിരങ്ങൾക്കിടയിൽ നിന്നും ഏതെങ്കിലും ഒരാളെ മാത്രം തിരഞ്ഞെടുക്കുക !!!

ഇമ്മടെ നല്ല സമയംകൊണ്ട് ഞാൻ തിരഞ്ഞെടുത്ത എല്ലാവർക്കും ഓരോ സെറ്റപ്പ് വേറെ ഉണ്ടായിരുന്നു ,,അതോണ്ട് ഞാൻ പെട്ടന്ന് അടുത്ത ഘട്ടം പ്ലാൻ ചെയ്തു ,,,

എന്റെ മനസ്സിന് ഇഷ്ടപ്പെടുന്ന,,എന്നാൽ മറ്റുള്ളവർ പിന്നാലെ അധികം നടക്കാൻ ചാൻസ് ഇല്ലാത്ത കുറച്ച് പേരുടെ റഫറൻസ് എടുക്കുക ,,അതിൽ ഏതെങ്കിലും അഞ്ച് പേരെ ഫൈനൽ ലിസ്റ്റിൽ ഉൾപെടുത്തുക ,,,ആ അഞ്ച് പേരുടെയും പിന്നാലെ കാലത്ത് കോളേജിലോ ,,സ്കൂളിലോ പോകുമ്പോഴോ ,,വരുമ്പോഴോ ഒക്കെ നടക്കുക !!!ഏതെങ്കിലും ഒരു ദിക്കിൽ നിന്നും പച്ചലൈറ്റ് തെളിയും എന്നുറപ്പായാൽ പിന്നെ അവിടെ അട്ട ഒട്ടുന്ന പോലെ ഒട്ടുക ,,,പിന്നെ അവള് ആട്ടിപ്പുറത്താക്കുന്ന വരെ അവടെ കൂടുക ,,,ബാക്കിയുള്ള നാല് പേരുടെയും പിന്നാലെ നടക്കുന്നതിൽ നിന്നും തത്കാലം ഒരു ഗ്യാപ് എടുക്കുക !!!!

ഇതൊക്കെ അയിരുന്നു ഈ ഘട്ടത്തിലെ പ്ലാനുകൾ ,,പക്ഷേങ്കില് ഇമ്മടെ കടുവാമാഷ് പറഞ്ഞ മാത്തമാറ്റിക്സിൽ ഇമ്മള് വീക്ക്‌ ആയതുകൊണ്ട് മൊത്തം പ്ലാനുകളും മാലപ്പടക്കം പോലെ പൊട്ടി !!!

വൈകിട്ട് 4.30 ന് ക്ലാസ്സ്‌ വിടുന്ന പെണ്ണിന്റെ കൂടെ നടക്കുന്ന വിവരം 5.30 ന് ട്യൂഷൻ കഴിഞ്ഞ് വരുന്നവൾ അറിഞ്ഞു ,,കാലത്തും ഇതേ പോലെ എല്ലാ പ്ലാനിങ്ങും തെറ്റി !!!കോളേജിന്റെ പരിസരത്തെ ഒട്ടുമിക്ക മറ്റ് സ്കൂളുകളിലും കോളേജുകളിലും ചില പെൺകുട്ടികളുടെ ഇടയിൽ ഒരു പ്രത്ത്യേകപേരിൽ സ്ഥാനം പിടിക്കാൻ കഴിഞ്ഞു എന്നല്ലാതെ മറ്റൊരു നേട്ടവും ഈ ഘട്ടത്തിൽ നിന്നും ഉണ്ടായില്ല !!!!

പിന്നെ പ്ലാൻ കുറച്ച്കൂടി ഷാർപ് ആക്കാൻ പ്ലാൻ തുടങ്ങി ,,,”7ജി റെയിൻബോ കോളനി “യിലെ പോലെ ഒരുത്തിയെ മാത്രം ഭ്രാന്തമായി സ്നേഹിക്കാൻ വേണ്ടി അങ്കം കുറിച്ച് ഇമ്മള് വീണ്ടും കളത്തിൽ ഇറങ്ങി ,,,

തടസ്സങ്ങൾ ഒരുപാടുണ്ടായിരുന്നു മുന്നിൽ , ഇതിന് മുൻപ് വീണ് കിട്ടിയ “കോഴിപ്പട്ടം “ഇമ്മടെ എല്ലാ ശ്രമങ്ങൾക്കും മേലെ കേറി ഡാൻസ് കളിച്ചു ,,പക്ഷേങ്കില് തോൽക്കാൻ സുബൈദാർ അബൂബക്കറിന് മനസ്സുണ്ടായിരുന്നില്ല!!!

ഇമ്മടെ മനസ്സിന് ഇഷ്ടപ്പെട്ട പോലെ ഒരാളെ തീവ്രമായ അന്വേഷണത്തിന് ശേഷം കണ്ട് പിടിച്ചു ,,ഞങ്ങടെ കോളേജിന്റെ അടുത്ത് ഒരു കോൺവെന്റിൽ പഠിക്കുന്ന ഒരു പെൺകുട്ടി ,,,

ആദ്യം അവളുടെ ശ്രദ്ദ പിടിച്ച് പറ്റാൻ നായ അലയുന്ന പോലെ അലഞ്ഞു ,,,പരമാവധി സ്റ്റൈലിൽ തന്നെ ,,,തോളിന്റെ ഒരു സൈഡിൽ കൂടി ഞാത്തിയിടുന്ന ബാഗൊക്കെ ട്രെൻഡ് ആയിരുന്ന കാലത്ത് ,,,

ആര്യയിലെ അല്ലുവിനെപ്പോലെ ,,സച്ചിനിലെ വിജയ് യെ പോലെ ഒക്കെയാണ് ഞാനും എന്ന് കരുതി അങ്ങട്ട് നടന്നു !!!

അവളുടെ ശ്രദ്ധയിൽ ഇമ്മടെ മുഖം പതിഞ്ഞു എന്നായപ്പോൾ എങ്ങനെയെങ്കിലും ഇഷ്ടം പറയാൻ ശ്രമം തുടങ്ങി ,,,കാലത്ത് ക്ലാസ്സ്‌ തുടങ്ങുന്നതിന് മുൻപ് അവൾ ട്യൂഷന് പോകുന്ന സ്ഥലത്തെ വഴിയിൽ അവൾ വരുന്നതും കാത്ത് വികാരഭരിതനായ ഉമ്മറിക്കാനെ പോലെ കാത്ത് നിന്നു ,,,

എങ്ങനെയാണ് ഒരുപെണ്കുട്ടിയുടെ അടുത്ത് സമാധാനപരമായി ഇഷ്ടം പറയേണ്ടത് എന്ന് ഇമ്മടെ നാട്ടിലെ ഒരു തലമൂത്ത” ലവ് ഡോക്ടർ “നോട് മുന്നേകൂട്ടി ചോദിച്ചു മനസ്സിലാക്കി ,,,

പക്ഷേങ്കില് ,,അവളെ കാത്ത് നിന്ന മിക്ക ദിവസങ്ങളിലും ഉത്രാളി വെടിക്കെട്ട്‌ നടക്കുമ്പോൾ അതിനിടക്ക് പെട്ട നായയുടെ അവസ്ഥയായിരുന്നു ഇമ്മക്ക് ,,,അവള് മിക്കവാറും രണ്ടോ മൂന്നോ കൂട്ടുകാരികളുടെ കൂടെയെ വരൂ ,,,അതും പോരാതെ അവൾ വരുന്ന വഴി കംപ്ലീറ്റ് തിക്കും തിരക്കും വേറെ !!!

സമാധാനപരമായി ഇഷ്ടം പറയാൻ സാധിക്കണമെങ്കിൽ അതിന് സമാധാനപരമായ ഒരന്തരീക്ഷം വേണമല്ലോ ??? ഭാഗ്യം കടാക്ഷിച് ഇമ്മക്ക് അതുണ്ടായില്ല !!!

ഒടുവിൽ ഒരുനാൾ ,,,രണ്ടും കല്പിച്ചുകൊണ്ട് ഞാൻ അവളെ തടഞ്ഞുനിർത്തിയിട്ട് പറഞ്ഞു ,,,

എനിക്ക് നിന്നെ ഇഷ്ടമാണ് ,,നിനക്ക് എന്നെ ഇഷ്ടമാണെങ്കിൽ നാളെ പറയണം !!!

അവൾ ഒരു തറപ്പിച്ച നോട്ടം മാത്രം നോക്കി നടന്നു പോയി ,,,ആ നോട്ടത്തിൽ ഒരു അപാകത തോന്നിയത്കൊണ്ട് പിന്നീടുള്ള രണ്ട് ദിവസം ഞാൻ അവളുടെ അടുത്തേക്ക് പോയില്ല ,,,ശേഷം മൂന്നാമത്തെ ദിവസം വീണ്ടും ,,,ഞാൻ ചോദിച്ചു ,,,

എന്തായി ഞാൻ പറഞ്ഞ കാര്യം ???

അവൾ പറഞ്ഞു ,,,

തനിക്ക് തല്ല് കൊള്ളാറായിട്ടുണ്ട് !!!

അതെനിക്ക് ഇഷ്ടമായില്ല ,,,ഉടനെ അവളോട്‌ ,,

നീ അത്ര വലിയ ഐശ്വര്യ റായ് ഒന്നുമല്ല ,,,എന്തോ ഇഷ്ടമായി ,,അത്ര തന്നെ,,,എന്നും വിചാരിച്ച് കൂടുതൽ അഹങ്കരിക്കണ്ട !!!

വീണ്ടും തറപ്പിച്ച നോട്ടം !!!അവൾ പോയി !!!

ശേഷമുള്ള ദിവസങ്ങളിലും ഒരകലം പാലിച്ചു ,,ആയിടയ്ക്ക് ഞാൻ ഒരുകാര്യം അറിഞ്ഞു ,,അവളുടെ അച്ഛൻ സുഖമില്ലാതെ ആശുപത്രിയിൽ അഡ്മിറ്റ് ആണ് !!!

ആ അവസരം നോക്കി ഞാൻ ഒരു സെന്റിമെന്റൽ അപ്രോച് നടത്താൻ വീണ്ടും ഇറങ്ങി ,,,

ഇത്തവണ ഞാൻ പറഞ്ഞു ,,,

അച്ഛന് സുഖമില്ല എന്നറിഞ്ഞു ,,,ഞാനും കൂടി പ്രാർത്ഥിക്കാം !!!

ഇത്തവണ അവളുടെ മുഖത്ത് ഒരു പുച്ഛത്തിന്റെ കൂടി ചിരി ഞാൻ കണ്ടു ,,,പിന്നെയും നിരവധി ശ്രമങ്ങൾ ,,,ഞാൻ വലിയ ക്രിക്കറ്റ്‌കളിക്കാരൻ ആണെന്ന് കാണിക്കാൻ ഒരിടയ്ക്ക് സ്ഥിരം അവളുടെ മുന്നിലൂടെ ബാറ്റ് തൂക്കിനടന്നു ….

കോളേജ് ടൈം തീരുന്ന വരെ ബാഗും തൂക്കി പിന്നാലെ നടന്നതുകൊണ്ട് ആകെയുണ്ടായ ഗുണം എന്താണെന്ന് വച്ചാൽ അവളും കൂട്ടുകാരൊക്ക കൂടി ഇമ്മക്ക് “പച്ചക്കുതിര”എന്ന അസ്സലൊരു പേര് അങ്ങട്ട് ഇട്ടു ,,,

ദിലീപിന്റെ പച്ചക്കുതിര ഇറങ്ങിയ സമയത്ത്,,ഇന്നത്തെ പോലെ കുറച്ചുകൂടി വിശാലമായി ചിന്തിക്കാൻ കഴിയാത്ത ആ സമയത്ത് അങ്ങനെയും കൂടി ഒരു പേരായപ്പോൾ എന്റെയുള്ളിലെ ആത്മാർഥകാമുകൻ വീണ്ടും തകർന്നു ,,,

ആയിടയ്ക്ക് എന്തോ കുരുത്തം പോലെ ഇമ്മടെ ഉലകനായകന്റെ “വേട്ടയാട് വിളയാട് “പടമിറങ്ങി ,അതില് മൂപ്പരുടെ ആ പക്വതയുള്ള പ്രകടനം കണ്ട് ഹരം കേറി ഞാൻ സ്വയം മനസ്സിനോട് പറഞ്ഞുകൊണ്ടേയിരുന്നു ,,,

ഡാ മോനെ ,,നീയിങ്ങനെ കണ്ട പെണ്ണുങ്ങളുടെ പിന്നാലെ നടന്ന് അവരെ ശല്യപ്പെടുത്തി സമയം കളയല്ലേ ,,,നീ കുറച്ചു സീരിയസ് ആക് ,,,നീയൊക്കെ കമൽ സാറിനെ പോലെ വേറെ ലെവൽ ആകേണ്ട ചങ്ങായിയാണ് !!!!

പടം കണ്ടിറങ്ങിയ പാടെ ഞാൻ ഷർട്ട്‌ ഇൻ ചെയ്തു ,,,നടത്തത്തിലൊക്കെ ഒരു” വേട്ടയാട് വിളയാട് “കമൽ ഭാവം കൊണ്ട് വന്നു ,,,

“ഇനി മുതൽ ഞാൻ സീരിയസ് ആണ് മോളെ ,,ഇനി നിന്റെ പുറകെ നടക്കാനൊന്നും എന്നെ കിട്ടില്ല” എന്ന് അവളുടെ മുന്നിൽ കാണിക്കാൻ വേണ്ടി വൈകുന്നേരം അവൾ ബസ് കയറാൻ വരുന്ന സമയത്ത് അങ്ങോട്ടേക്ക് വണ്ടി കയറി ,,,

സത്യം പറഞ്ഞാൽ തിയേറ്ററിൽ നിന്ന് ചേലക്കര സ്റ്റാൻഡിൽ പോകുന്ന വഴിക്ക് തന്നെ ആയിരുന്നു എന്റെ വീട്ടിലേക്കുള്ള ബസ്റ്റോപ്പ് ,,സ്റ്റാൻഡിൽ പോകേണ്ട ആവശ്യം തന്നെ ഇല്ലായിരുന്നു ,,പക്ഷെ എന്നിട്ടും എന്റെ വീടിന്റെ അവിടുന്നും അഞ്ച് കിലോമീറ്റർ അകലെയുള്ള സ്റ്റാൻഡിലേക്ക് ഞാൻ വണ്ടി കയറി !!!!

ലക്ഷ്യം ഒന്ന് മാത്രം ,,,പടം കണ്ടിറങ്ങിയ ആ മൂഡിൽ എന്റെയുള്ളിൽ ഉറഞ്ഞുതുള്ളികയറിയ ആ സീരിയസ് കമൽഭാവം അവളെ കാണിക്കണം !!!

അങ്ങനെ സ്റ്റാൻഡിൽ എത്തി ,,,പക്ഷെ ദൈവാധീനംകൊണ്ട് അന്ന് അവള് നേരത്തെ പോയി !!!ഇനിയിപ്പോ എന്റെ കമൽ ഭാവം ആരെ കാണിക്കും ???ഏതായാലും സ്റ്റാൻഡ് വരെ വന്നതല്ലേ എന്ന് കരുതി ബസ്റ്റാന്റ് മുഴുവനും രണ്ട് റൗണ്ട് അങ്ങട്ട് നടന്നു ,,,വേട്ടയാട് വിളയാട് കമൽ കണക്കെ ഇടയ്ക്ക് മൂക്കൊക്കെ ഒന്ന് വിരലുകൾ കൊണ്ട് തടവി പരമാവധി ഞാൻ തന്നെയാണ് രാഘവൻ ഐ പി എസ് എന്നുള്ള മട്ടിൽ !!!!

നടത്തമൊക്കെ കഴിഞ്ഞ് വീട്ടിൽ പോകാൻ നേരമാണ് മറ്റൊരു കാര്യം ശ്രദ്ധയിൽ പെട്ടത് ,,,ഇനി എനിക്ക് വീടിന്റെ അവിടേക്ക് ബസ് കയറാൻ വണ്ടിക്കൂലി ഇല്ല !!!ചോദിക്കാൻ പരിചയക്കാർ ആരുമില്ല !!! സമയം 6.30 കഴിഞ്ഞത്കൊണ്ട് ഇനി സ്റ്റുഡന്റ് ലേബലിൽ കൺസഷൻ കൊടുത് കയറിയാൽ കണ്ടക്ടർ വക തെറി മണത്തു ,,,പോരാത്തതിന് ഇനിയിപ്പോ കൺസഷൻ കൊടുക്കാൻ ആണെങ്കിൽ കൂടി ഇമ്മടേല് പൈസയും ഇല്ല !!!

കമൽഭാവവും ചീറ്റി !!! തിരിച്ചുപോക്കും അവതാളത്തിൽ !!!എന്തായാലും രണ്ട് കാലുണ്ടല്ലോ ,,,ഇനിയും നാണംകെടാൻ വയ്യ ,,,അതോണ്ട് രാഘവൻ ഐ പി എസ് തത്കാലം വീടിന്റെ അടുത്തേക്ക് വലിഞ് നടക്കാൻ തന്നെ തീരുമാനിച്ചു !!!അന്ന് വൈകുന്നേരം വായിൽ നിന്ന് മഞ്ഞപ്പത ചാടി വീട്ടിലെത്തിയ രാഘവൻ ഐ പി എസ് ഒരു കാര്യം തീരുമാനിച്ചു ,,,

നാളെ കാലത്ത് അവൾ ട്യൂഷന് വരുന്നത് വരെയെങ്കിലും എന്റെ മുഖത്ത് ഐ പി എസ് രാഘവൻ ഭാവം പിടിച്ച് നിർത്തണം !!!!

“ഇഷ്ടം “എന്ന സിനിമയിൽ ഇമ്മടെ ഇന്നസെന്റ് ചെയ്ത നാരായണൻ എന്ന കഥാപാത്രം ഒരു റോസാപ്പൂവും പിടിച്ച് ആത്മാർത്ഥപ്രണയം തേടി ഒരു ബീച് മൊത്തം അലയുന്നത് കണ്ടപ്പോൾ കണ്ടിരുന്നവരൊക്കെ അയാളെ ഒരു തല മൂത്ത കോഴിയായി കണ്ട് ചിരിച്ചു തള്ളി !!!

പക്ഷെ സത്യത്തിൽ നാരായണേട്ടൻ എന്ന മനുഷ്യൻ ഞങ്ങളെപ്പോലെ ആത്മാർത്ഥപ്രണയം ആഗ്രഹിച് നിർഭാഗ്യം കൊണ്ട് കോഴിപ്പട്ടം ചാർത്തിക്കിട്ടിയ ലക്ഷങ്ങളിൽ ഒരുവനാണ് !!!

ആര് വേണമെങ്കിലും ചിരിച്ചോട്ടെ നാരായണേട്ടാ…പക്ഷെ ,,ഇടനെഞ്ചു പൊട്ടിയ വേദനയിൽ നിൽക്കുന്ന നിങ്ങടെ കൂടെ നിക്കാൻ ഇവിടെ ഞങ്ങളെപ്പോലെ ലക്ഷങ്ങളുണ്ട് !!!!

ആത്മാർഥമായി ഒരാളെ പ്രേമിച് നടക്കാൻ ആഗ്രഹിച് പ്ലാനുകൾ എല്ലാം ചീറ്റി അടക്കി നിർത്താൻ പറ്റാത്ത മനസ്സ് പറയുന്ന പോലെ പാഞ്ഞത് കാരണം കോഴിപ്പട്ടം വീണ് കിട്ടിയ അനേകായിരം ജന്റിൽമാൻമാർക്ക് വേണ്ടി !!!!

ചില സിനിമകളിൽ നമ്മള് ചിരിച്ചുതള്ളിയ ,,,കോഴിപ്പട്ടം ചാർത്തിക്കൊടുത്ത ചില കാമുകന്മാർക്ക് വേണ്ടി ………