അനുപമയുടെ പുതിയ പ്രഭാതങ്ങൾ
രചന: സൗമ്യ മുഹമ്മദ്
പരസ്യത്തിലെ വീട്ടമ്മ ഒരൊറ്റ സ്ക്രാച്ചിൽ പള പള വെട്ടി തിളങ്ങുന്ന പിഞ്ഞാണം ഉയർത്തി കാട്ടുന്ന ആ മായാജാലത്തെ ഓർത്ത് ചിറി കോട്ടി തലേന്നത്തെ കോഴിക്കറിയുടെ എണ്ണയും മസാലയും പുരണ്ട പാത്രങ്ങൾ അവൾ മടുപ്പോടെ ,തട്ടു പൊളിപ്പൻ ശബ്ദത്തോടെ യാതൊരു ഉത്സാഹവുമില്ലാതെ കഴുകി തീർത്തു കൊണ്ടിരുന്നു.
ഇനിയുമുണ്ട് ഒരു പറ്റം പണികൾ.
ചില ദിവസങ്ങളിൽ അങ്ങനെയാണ്. എത്രയെടുത്താലും തീരില്ല. ആകെ ഒരു മടുപ്പോടെയാണ് അന്നേ ദിവസങ്ങളിൽ ഉണർന്നെഴുന്നേൽക്കുന്നത് തന്നെ.
വാസ്തവത്തിൽ ഇവിടെ ഇത്രയധികം പണിയുണ്ടോ?
ഇല്ല! പക്ഷേ എങ്കിലും ഈയിടെയായി വല്ലാത്തൊരു മടുപ്പാണ്. പത്തു പതിനെട്ടു വർഷമായി ഒരേ പണികൾ, ഒരേ ദിനചര്യകൾ ചെയ്തു പോരുന്ന ഒരു പെണ്ണുടലിനുള്ളിലെ മനസ്സിന്റെ മരവിപ്പ് പടർന്ന മടുപ്പ്.
ചിലപ്പോൾ കൗമാരത്തിലെ പോലെ നാൽപതുകളിലും മനസ്സ് ചില നേരം വല്ലാതെ തളിർക്കുന്നത് പോലെയും, പിന്നെ ചില നേരം മടുപ്പിന്റെ വിഷവായു ചുറ്റും പടരുന്നത് പോലെയും, പിന്നെയും ചിലനേരം വിഷാദത്തിന്റെ കാർമേഘങ്ങൾ പൊതിഞ്ഞ ഉള്ളകം ചുട്ടുപൊള്ളി ആരും കാണാതെ, ഒന്നിനും വേണ്ടിയല്ലാതെ ഉറക്കെ കരയാനും തോന്നും.
ഇനി ഇതിനൊന്നും പറ്റിയില്ലെങ്കിൽ “എന്റെ അതെങ്ങാനും കണ്ടോ?”എന്ന് ചോദിച്ചു വരുന്ന കെട്ട്യോനോടും,മക്കളോടും നേരം വെളുക്കുമ്പോൾ മുതൽ ചെയ്യുന്ന കണക്കില്ലാത്ത ജോലിയെ കുറച്ച് നേരോം കാലോം നോക്കാതെ പൊട്ടിത്തെറിക്കും.
ഒടുവിൽ “നിനക്കിവിടെ എന്തോന്ന് ആണിത്ര പണി, അടുക്കും ചിട്ടയോടും കൂടി ചെയ്താൽ വെറും രണ്ടു മണിക്കൂർ നേരത്തെ പണിയല്ലേ ഇവിടുളളൂ. .”എന്ന് അങ്ങേരെ കൊണ്ട് ചോദിപ്പിക്കും.
അവിടെ തന്റെ ആത്മാഭിമാനം തല പൊക്കുകയും “ഹും!അല്ലെങ്കിലും ഞാനിവിടെ ശമ്പളം ഇല്ലാത്ത വേലക്കാരി അല്ലേ എന്നുള്ള പതിവ് ആക്രോശത്തിൽ തുടങ്ങി ഒടുവിൽ കണ്ണും ചുവപ്പിച്ച് മൂക്കും പിഴിഞ്ഞ് ഒന്ന് രണ്ടു സെന്റി ഡയലോഗും കൂടി അടിക്കുമ്പോഴേക്കും സീൻ കയ്യീന് പോയിട്ടുണ്ടാകും.
പിന്നെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാതെ ചാടി തുള്ളി പുറത്തേക്കു പോകുന്ന കെട്ടിയൊന്റെയും, ഈ അമ്മക്കിതിന്റെയൊക്കെ വല്ല കാര്യവും ഉണ്ടായിരുന്നോ എന്നുള്ള മക്കളുടെയും ചോദ്യത്തിന് മുന്നിൽ ആയുധം വച്ച് കീഴടങ്ങി, പിന്നുള്ള പകൽ മുഴുവൻ മുഷിഞ്ഞ മനസ്സോടെ അങ്ങ് ചടഞ്ഞുകൂടും
കഴുകി വെളുപ്പിച്ച പാത്രത്തിൽ ഒന്നിൽ നെറ്റിത്തടത്തിലെ മുടിയിഴകളിൽ വെള്ള വരകൾ വീണു തുടങ്ങിയത് കണ്ട് നെഞ്ചിലൊരു കനവും, ഉള്ളിലൊരു മടുപ്പും വീണ്ടും വന്നുറഞ്ഞുകൂടി.
മുറിയിലേക്ക് ചെന്ന് കണ്ണാടിയിൽ നോക്കുമ്പോൾ കണ്ടു വെള്ളി വരകൾക്ക് പുറമേ കൺതടത്തിൽ ചുളിവിന്റെയും , കരുവാളിപ്പിന്റെയും പുതിയ തുടക്കങ്ങൾ.
കണ്ണാടിയിൽനിന്നും കണ്ണുകൾ മാറ്റിയത് ഭിത്തിയിൽ ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന ഇരുപതുകാരി ചിരിക്കുന്ന നവവധുവിന്റെ കാന്തം പോലുള്ളj കണ്ണുകളിലേക്കാണ്
എത്ര ഊർജം നിറഞ്ഞതായിരുന്നു അന്നത്തെ പകലുകൾ. കിട്ടിയ ജോലി വേണ്ടെന്ന് വച്ച് ആരും നിർബന്ധിക്കാതെ തന്നെ മുഴുവൻ സമയ വീട്ടമ്മയായി.
പിന്നീടങ്ങോട്ട് ഏറ്റവും നല്ല വീട്ടമ്മ പട്ടത്തിനായുള്ള പെടാപാട് ആയിരുന്നു.
പിന്നെ പിന്നെ സൗകര്യങ്ങൾ കൂടി വന്നു. ജീവിതം കൂടുതൽ എളുപ്പമായി.
അതോടൊപ്പം ഇതൊക്കെ എന്ത് എന്നൊരു തോന്നലും.
ആവർത്തിച്ചുള്ള ദിനചര്യകളിൽ നിന്നും ഒരു ഉയർത്തെഴുന്നേൽപ്പിനു വേണ്ടി ഓരോ പുതുവർഷത്തിലും കണ്ട സ്വപ്നങ്ങളുടെ ഫലമായി മുട്ടോളം കാട് പിടിച്ച ഒരു പച്ചക്കറി തോട്ടവും, പായൽ പിടിച്ച ചെടി ചട്ടികളും, മുകളിലെ മുറിയിൽ പൊടി പിടിച്ച ഒരു തയ്യൽ മെഷ്യനും അങ്ങനെ പലതും ഒരു സ്മാരകമായി ഈ വീടിനു ചുറ്റും നില കൊള്ളുന്നുണ്ട്.
കണ്ണാടിയിലേക്ക് നോക്കി മാറിയേ പറ്റൂ എന്നൊരു തീരുമാനം എടുക്കുമ്പോൾ “എങ്ങനെ?”എന്നൊരു ചോദ്യം ഉള്ളിൽ കുടുങ്ങി.
ഫോൺ റിംഗ് ചെയ്യുന്നത് നോക്കിയപ്പോൾ ഹരിയേട്ടൻ ആണ്.
കൗസല്യമ്മായി ആശുപത്രിയിൽ ആണെന്നും, നീ ഇങ്ങോട്ട് വാ ഞാനിവിടെ വെയിറ്റ് ചെയ്യാമെന്നും ഹരിയേട്ടൻ പറഞ്ഞപ്പോൾ അവൾ ചോദിച്ചത് ഇന്ന് വേണമോ എന്നാണ്. ഒരുങ്ങി ഇറങ്ങാൻ വല്ലാത്തൊരു മടി.
അർബുദം പിടിച്ച് ദിനമെണ്ണി കഴിയുന്ന അമ്മായിയെ കാണാൻ പോലും നിനക്കിത്ര മടിയോ പെണ്ണേ എന്ന് ഉള്ളിലിരുന്ന് മറ്റൊരു അനുപമ പല്ല് ഞെരിച്ചു.
ആശുപത്രിയിലെ കാഴ്ച ദയനീയമായിരുന്നു. താൻ നശിപ്പിച്ചു കളഞ്ഞ ഓരോ പകലിന്റെയും വില തനിക്ക് മനസ്സിലാക്കാൻ ദൈവം അവിടെ കുറച്ച് കാഴ്ചകൾ കരുതിയിരിക്കുന്നത് പോലെ അവൾക്കു തോന്നി.
രണ്ടു ദിവസം കഴിഞ്ഞാൽ പുതു വർഷമാണ്.
പുറത്ത് ലോകവും,യുവത്വവും പുതു വർഷത്തെ വരവേൽക്കാൻ തയ്യാറെടുക്കയാണ്.. എന്നാൽ ഇവിടെ ഒരു പറ്റം ജീവിതങ്ങൾ കൈ വെള്ളയിലൂടെ ഒലിച്ചു പോകുന്ന ജീവനെ നോക്കി വെറുതേ നെടുവീർപ്പിടുന്നു.
പെട്ടെന്ന് അവിടെ ഒരു സ്ത്രീ ഏങ്ങി കരയുന്ന കേട്ട് അമ്മായിയിടെ കയ്യിലേക്ക് ജീവന്റെ തരിപ്പ് നിലനിർത്താനുള്ള ഔഷധം ശ്രദ്ധയോടെ ധൃതിയിൽ നിറക്കുന്ന സിസ്റ്ററോട് കാര്യം തിരക്കി.
“അവർക്ക് ഉച്ച ഭക്ഷണം കിട്ടി കാണില്ല. ഇന്ന് ആരെങ്കിലും സപ്ലൈ ചെയ്ത ഭക്ഷണം തീർന്നിട്ടുണ്ടാകും.ഇതിവിടുത്ത സ്ഥിരം കാഴ്ചയാണ്, ആരെങ്കിലുമൊക്കെ ഇങ്ങനെയുണ്ടാകും “
മടുപ്പോടെ മാറ്റി വച്ച രാവിലത്തെ ഭക്ഷണം തന്നെ നോക്കി പല്ലിളിക്കുന്നതായി അവൾക്കു തോന്നി.
അമ്മായിയെ കണ്ട് തിരിഞ്ഞു നടക്കുമ്പോൾ മരുന്നിന്റെ മണമുള്ള വാർഡിന് മുൻപിൽ “ആശുപത്രിയിലേക്ക് ഭക്ഷണം വിതരണം ചെയ്യുവാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക” എന്നൊരു അറിയിപ്പ് കണ്ടു.
അന്നു വൈകിട്ട് കയ്യിൽ കരുതിയ നമ്പറിലേക്ക് ഇരൂപത് പൊതി ഉച്ചഭക്ഷണം പുതു വർഷ ദിനം മുതൽ തരാമെന്നു വിളിച്ചേൽക്കുമ്പോൾ അവളുടെ മനസ്സിൽ ദാരിദ്ര്യത്തിന്റെ നിഴൽ രൂപം പോലെ ആ വലിയ കാൻസർ സെന്ററിന് ചുറ്റും താൻ കണ്ട കുറച്ച് ജീവിതങ്ങളായിരുന്നു.
ജാനുവരി ഒന്നിലെ പുത്തൻ പ്രഭാതത്തിൽ പൊതിച്ചോറുമായി ഹരിയോടൊപ്പം വണ്ടിയിലേക്ക് കയറിയ അനുപമ അയാളോട് പറഞ്ഞു “ആശുപത്രിയിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ആളെ വേണമെന്നറിഞ്ഞു. ഞാൻ ചിലപ്പോൾ അതിൽ ജോയിൻ ചെയ്യും കേട്ടോ “.
അപ്പോൾ അയാൾ അനുപമയുടെ പുത്തൻ പ്രഭാതത്തിലെ പുതു പുത്തൻ ചിന്തകളെക്കുറിച്ചോർത്ത് ചെറുതായി ചിരിക്കുക മാത്രം ചെയ്തു.