അവൾക്ക് വേണ്ടത് സമയത്ത് കഴിക്കും തന്റെ കാര്യത്തിൽ പണ്ടത്തെ ശ്രദ്ധയുണ്ടോ ഇവൾക്ക്…ഇല്ല

അയൽക്കാരൻ്റെ ഭാര്യ

രചന: നിഹാരിക നീനു

“ഞാനങ്ങോട്ട് ചെല്ലട്ടെ രാജീവേ…ചെന്നിട്ടേ അവള് കഴിക്കൂ!”

“ഓ.കെ ടാ, നീ ചെല്ല്”

ഉണ്ണാതെ കാത്തിരിക്കുന്ന സ്നേഹമയിയായ ഭാര്യയുള്ളപ്പോൾ പിന്നെയും വർത്തമാനം പറഞ്ഞ് ശ്രീജിത്തിനെ പിടിച്ചിരുത്താൻ രാജീവിന് തോന്നിയില്ല.

തൊട്ടടുത്തുള്ള അവന്റെ വീട്ടിലേക്കവൻ കയറുന്നതും…അക്ഷമയായി തന്റെ സ്നേഹം കൂടി വിളമ്പാൻ വെമ്പി അവന്റെ പ്രിയ കാത്തിരിക്കുന്നതും വെറുതേ രാജീവ് ഒന്ന് ഭാവനയിൽ കണ്ടു.

“ആമീ…അഭിരാമി!”

“എന്താ ഏട്ടാ? ഒച്ച വക്കണ്ട ട്ടോ, എനിക്ക് ചെവി കേൾക്കാം.”

“എടീ ഉണ്ണണ്ടേ?”

“ഒരു മണി മുതൽ ഒക്കെ എടുത്ത് വച്ചിട്ട് വിളിക്കണതാ ഉണ്ണാൻ…ന്നട്ട് രണ്ട് മണി ആയി ഇപ്പോ ചോദിക്കണത് കേട്ടില്ലേ? വരൂ ഞാൻ വിളമ്പിത്തരാം.”

“നീ വാ, നമുക്ക് ഒരുമിച്ചിരിക്കാം.”

“അതേ, രാജീവേട്ടാ ഞാൻ കഴിച്ചു. എത്ര നേരാ ന്ന് വച്ചാ കാത്തിരിക്കാ? പിന്നെ…”

“മതി…ഞാൻ വിളമ്പി കഴിച്ചോളാം. ഒരു ഞായറാഴ്ച എങ്കിലും ഒരുമിച്ചിരിക്കാം എന്ന് കരുതീതാ…”

ചവിട്ടി കുലുക്കി നടന്നു പോകുന്ന രാജീവിനെ അഭിരാമി ചിരിയോടെ നോക്കി. വീർത്ത് വരുന്ന തന്റെ വയർ മെല്ലെ തഴുകി.

“കേട്ടോ ടാ വാവേ, അച്ഛനെ കാത്തിരുന്നില്ല എന്ന്! അമ്മ കഴിച്ചില്ലേ വാവക്കല്ലേ വെശക്കുന്നേ? ഈ അച്ഛന് ഒന്നും അറിഞ്ഞൂടെന്നേ!”

ഒറ്റക്ക് ചോറ് വിളമ്പിയെടുത്തപ്പോൾ ശ്രീജിത്തിന്റെ മഹാഭാഗ്യമോർത്ത് വിശപ്പ് കെട്ടിരുന്നു.

പിന്നെയും കേട്ടു ശ്രീജിത്തിന്റെ ഭാര്യ പുരാണം…

രാവിലെ എണീറ്റാൽ അവന്റെ കാല് തൊട്ട് വന്ദിക്കാറുണ്ടത്രേ!

വൈകീട്ട് വരുമ്പോൾ ഇഷ്ടപ്പെട്ടതൊക്കെ ഒരുക്കി കാത്തിരിക്കും ആ പാവം…അവൻ വന്നിട്ടേ ഉണ്ണൂ…ഉറങ്ങൂ…

തല വരെ ഒറ്റക്ക് തോർത്താൻ വിടില്ല!

ഷർട്ടിന്റെ ബട്ടൻസ് അവൾക്ക് തന്നെ ഇട്ട് കൊടുക്കണം.

ഇവിടെയോ രാവിലെ എണീറ്റാൽ അപ്പോ മസിലുപിടുത്താ…എന്നിട്ട് ഞാൻ തടവി കൊടുക്കണം.

ഗർഭിണികൾ ആയാൽ ഇങ്ങനെയാ എന്നൊരു കമന്റും.

അവൾക്ക് വേണ്ടത് സമയത്ത് കഴിക്കും തന്റെ കാര്യത്തിൽ പണ്ടത്തെ ശ്രദ്ധയുണ്ടോ ഇവൾക്ക്…ഇല്ല!

പ്രണയിച്ച് കെട്ടിയതാ, വീട്ടുകാരെ കാല് പിടിച്ച് സമ്മതിപ്പിച്ചതാ…എന്നിട്ടിപ്പോ എന്തുണ്ടായി?

അവള് വെറുതേ…വെറുതേ ഒരു ഭാര്യ…

ശ്രീജിത്തിന് ജോലിക്ക് പോവുമ്പോഴേക്ക് എത്ര കൂട്ടം കറികളാ?

ഇവിടെയോ ഒരു മെഴുക്കു പെരട്ടി, എന്തേലും ഒരു പുളിച്ച കൂട്ടാൻ!

മീൻ വാങ്ങിയാൽ മനംപുരട്ടും എന്നും പറഞ്ഞ് അതും സ്വാഹ…

അതിനൊക്കെ അവൾ, ശ്രീജിത്തിന്റെ പ്രിയ.

താരതമ്യം കൂടുന്നതിനനുസരിച്ച് സ്വന്തം വീട്ടിലെ മനസമാധാനം കുറയുന്നത് രാജീവ് അറിഞ്ഞില്ല.

എപ്പോഴും അയലത്തെക്കുള്ള ജാലകം തുറന്ന് തന്നെ കിടന്നു. ഒപ്പം നീണ്ടു പോകുന്ന രണ്ട് മിഴികളും.

പ്രിയയുടെ മഹാത്മ്യം ആ കുടുംബത്തിൽ താളപ്പിഴകൾ തീർത്തു.

എന്നിട്ടും രാജീവ് പറഞ്ഞിരുന്നു ശ്രീജിത്ത് ഭാഗ്യവാനാ, പ്രിയയെ പോലെ ഒരു ഭാര്യയെ കിട്ടിയില്ലേ?

ഒരു ദിവസം ഒരു വാർത്ത കാട്ടുതീ പോലെ പടർന്നു.

കേട്ടതും ചെവി പൊള്ളിയ പോലെ രാജീവ് പിടഞ്ഞു.

ശ്രീജിത്തിന്റെ പ്രിയ ഒളിച്ചോടി എന്ന്…

വിവാഹത്തിന് മുമ്പുളള ബന്ധമായിരുന്നു പോലും!

അവനുമായി സോപ്പിട്ട് നിന്ന് അവന്റെതായുള്ള എല്ലാം സ്വന്തമാക്കി. കാമുകന്റെ കൂടെ നാട് വിട്ടു.

രാജീവ് താരതമ്യം അവസാനിപ്പിച്ചു. അയൽപക്കത്തേക്കുള്ള ജാലകം കൊട്ടിയടച്ചു.

മെല്ലെ പരാതി കൂമ്പാരത്തിൽ തള്ളിയിട്ടവളെ കൈ പിടിച്ച് കയറ്റി.

വീടിന്റെ ശ്രുതിയും താളവും തിരിച്ച് വന്നു.

“ദേ നേരത്തിന് കഴിച്ചോണേ…ഞാൻ വിളമ്പിത്തരാം. എനിക്കാവുമ്പോൾ ഞാൻ എടുത്ത് കഴിച്ചോളാം.”

എന്ന് പറഞ്ഞ് ആമിയെ നിർബന്ധിച്ച് ഊട്ടുമ്പോൾ നിറയുന്ന ആ കണ്ണിലെ സ്നേഹം അപ്പോഴാണയാൾക്ക് മനസിലായത്.

നാല് കാലിൽ…ആരും ഊട്ടാനില്ലാതെ വഴിയരികിൽ കിടന്ന തന്റെ കണ്ണിലെ ഭാഗ്യവാനായ സുഹൃത്തിനെ ഉമ്മറത്തിണ്ണയിൽ കിടത്തുമ്പോൾ, കിട്ടിയത് ആത്മാർത്ഥയുള്ളതെന്നും അലങ്കാരപ്പണികൾ ഇല്ല എങ്കിലും അതുപോലെ തന്നെ കൂടെ കാണും എന്ന വലിയൊരു തിരിച്ചറിവായിരുന്നു.

ഒപ്പം നമ്മുടെ നേട്ടങ്ങളും ഭാഗ്യങ്ങളും കാണാനും കേൾക്കാനും ഉള്ള ഒരു അതീന്ദ്രിയവും രാജീവിന് കൈ വന്നിരുന്നു.