അതുവരെ ബയോളജി ടീച്ചർ ആരാണെന്ന് പോലും അറിഞ്ഞുകൂടാത്ത വിരുതന്മാർ അന്ന് ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കുന്നതും സംശയം ചോദിക്കുന്നതും…

രചന: ദേവാർദ്ര. ആർ

“അമ്മേ 6 മണിയായി.. വിളക്ക്‌ കത്തിക്കണ്ടേ?”

“വേണ്ട..ഇന്ന് മാളുന് തൊടക്കാ..എനിക്കും വിളക്ക് കത്തിചൂടാ..”

“തൊടക്കോ?അതെന്താ?” അമ്മ എന്നെ രൂക്ഷമായി ഒന്ന് നോക്കിയതിന് ശേഷം പറഞ്ഞു…

“ചെറിയ വായിൽ വലിയ സംസാരം ഒന്നും വേണ്ട..അതൊക്കെ അറിയേണ്ട പ്രായത്തിൽ അറിഞ്ഞോളും..കേറിപ്പോടി അകത്ത്”

എന്നിലെ പത്തു വയസുകാരിയ്ക്ക് അതെന്താണെന്ന് അറിയില്ലായിരുന്നു.അമ്മ വഴക്ക് പറയണമെങ്കിൽ അത് വല്ല ചീത്ത വാക്കുമായിരിക്കും.പക്ഷെ ചേച്ചിമാർ അമ്മയോട് പറയാറുണ്ടല്ലോ. അമ്മ അപ്പോൾ അവരെ ഒന്നും പറയാറില്ല.അവർ ഇങ്ങനെ പറയാറുള്ള ദിവസം ചിലപ്പോൾ സ്കൂളിലും പോകാറില്ല.വയറുവേദന ആണെന്നും പറഞ്ഞ് കിടക്കും.എല്ലാ മാസവും ഇത് തന്നെ.എനിക്ക് അവസാനമായി വയറുവേദന വന്നത് തന്നെ സ്കൂൾ തുറന്ന സമയത്ത്‌ മഴ നനഞ്ഞു പനി പിടിച്ചപ്പോഴാണ്.അന്ന് ഛർദ്ദിലും വയറുവേദനയും വന്നപ്പോൾ അമ്മ എന്നെ ആശുപത്രിയിൽ കൊണ്ടുപോയി മരുന്നും ഗുളികയും വാങ്ങിയായിരുന്നു. പക്ഷെ ചേച്ചിമാർ എത്ര വേദന എടുത്ത് കിടന്നാലും ഈ ദിവസങ്ങളിൽ ആശുപത്രിയിൽ കൊണ്ടുപോകുന്നത് കണ്ടിട്ടില്ല.

അതെന്തായിരിക്കും?അന്ന് അതൊരു സംശയമായി തന്നെ എന്റെ ഉള്ളിൽ കിടന്നു.ആരോടെങ്കിലും ചോദിക്കണം എന്ന് ഉണ്ടായിരുന്നു. വഴക്ക് പറയുമോ എന്ന ഭയത്താൽ ആ സംശയം ഞാൻ എന്റെ ഉള്ളിൽ തന്നെ കുഴിച്ച് മൂടി.പിന്നീട് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കൂട്ടുകാരി ഒരാഴ്ച്ചയോളം വരാതിരുന്നതിന്റെ കാരണം തിരക്കിയപ്പോൾ അവൾ തന്ന മറുപടി വീണ്ടും എന്നിൽ സംശയം ഉണർത്തി.”പ്രായം”ആയതിനാലാണ് വരാത്തതെന്ന്.അതിന് ഞാനും അവളും ഒരേ പ്രായമല്ലേ..ഇതെന്ത് സാധനമാ?? അവൾ ഒന്ന് സുന്ദരിയും ആയിട്ടുണ്ട്. നിറവും കനവും ലേശം കൂടിയിരിക്കുന്നു.മുഖമൊക്കെ മഞ്ഞിച്ചിരിക്കുന്നു. ചോദിച്ചപ്പോൾ മഞ്ഞൾ ഇട്ടതുകൊണ്ടാണെന്ന് പറഞ്ഞു.ഞാൻ അടുത്ത ചോദ്യം എറിഞ്ഞു.. “ഈ പ്രായമാകുക എന്നാൽ എന്താ?” “അതൊക്കെ നീ ഉടനെ മനസിലാക്കിക്കൊള്ളും “എന്ന് പറഞ്ഞ് എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് എന്റെ ചോദ്യത്തെ തള്ളി കളഞ്ഞുകൊണ്ട് അവൾ നടന്നപോയി.എന്നിലെ പന്ത്രണ്ടുകാരിക്ക് അതിന്റെ അർത്ഥം കണ്ടെത്താതെ സമാധാനം ഇല്ലായിരുന്നു. സ്കൂളിൽ നിന്ന് വീട്ടിൽ ചെന്നയുടനെ അമ്മയോട് ചോദിച്ചു

“അമ്മ….ഈ പ്രായം ആകുക എന്നുവെച്ചാൽ എന്താ ?” ചായ ഇട്ടുകൊണ്ടിരുന്ന അമ്മ പെട്ടന്ന് തിരിഞ്ഞു നോക്കി എന്നോട് ആക്രോശിച്ചു..

“പോയി കുളിക്കടി..ഓരോ ദിവസം ഓരോന്നും ചോദിച്ചോണ്ട് വരും..ഇതൊക്കെ എവിടന്ന് കേട്ടോണ്ട് വരുന്നോ..”

പിന്നെ ഞാൻ ഒരു നിമിഷം പോലും അവിടെ നിന്നില്ല…കുളിക്കാനായി ഓടുകയായിരുന്നു. ഇനി ഈ സംശയം ആരോടും ചോദിക്കാനുള്ള ധൈര്യമില്ല. ആരും പറഞ്ഞ് തരില്ല എന്നുറപ്പായിരുന്നു. വീണ്ടും ഞാൻ ഈ ചോദ്യം കേട്ടത് ചില ബന്ധുക്കളായ സ്ത്രീകളിൽ നിന്നായിരുന്നു.അവർ അമ്മയോട് ഇടക്ക് കാണുമ്പോഴൊക്കെ ചോദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്

“മോള് വലുതായോ?പ്രായമായോ? എന്നൊക്കെ..”

അമ്മയുടെ “ഇല്ല “എന്ന മറുപടിയും കേട്ടു.അപ്പോഴും എനിക്ക്‌ അമ്മയോട് ചോദിക്കണം എന്നുണ്ടായിരുന്നു.പക്ഷെ ഇതിന് മുൻപ് ചോദിച്ചപ്പോഴുള്ള മറുപടിയുടെ ഓർമ്മയിൽ ഞാൻ ആ സംശയം വിഴുങ്ങി. ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഒരു ദിവസം കൂട്ടുകാരി എന്നോട് പറഞ്ഞത്.

“എടി ഇന്ന് ബയോളജി ടീച്ചർ ആർ ത്തവത്തെ പറ്റിയ പഠിപ്പിക്കാൻ പോകുന്നേ..”

“ആ ർത്തവമോ അതെന്താ”?

“പ്രായം ആകുന്നേപറ്റി..”ഈ ആണ്പിള്ളേർടെ മുൻപിൽ വെച്ച് ടീച്ചർ പഠിപ്പിക്കുന്നത്.. ഹോ എനിക്ക് ഓർക്കാൻ കൂടി വയ്യാ.. നാണക്കേട്‌”

ഒരു നിമിഷം ഞാൻ ആലോചിച്ചു.. അതിനെന്തിനാ നാണക്കേട്. ടീച്ചർ ഒന്ന് വേഗം വന്നാൽ മതിയാരുന്നു. എന്നിട്ട് വേണം അതെന്താണെന്ന് അറിയാൻ എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട് ഞാൻ എന്റെ കൂട്ടുകാരിടെ മുഖത്തേക്ക് നോക്കി.അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി.ഇവൾ എന്തിനാ ഇങ്ങനെ ടെൻഷൻ അടിച്ച് ഇരിക്കുന്നെ. ഞാൻ ടീച്ചർ വരാനുള്ള എന്റെ കാത്തിരുപ്പ് തുടർന്നു.അങ്ങനെ ഒമ്പതാം ക്ലാസ്സിൽ എന്റെ ബയോളജി ടീച്ചറിലൂടെ ഞാൻ ആർ ത്തവം അല്ലെങ്കിൽ പ്രായമാകുക തൊടക്കാകുക വലുതാവുക മാ സമുറ എന്നിവയുടെ അർത്ഥം മനസ്സിലാക്കി. അതുവരെ ബയോളജി ടീച്ചർ ആരാണെന്ന് പോലും അറിഞ്ഞുകൂടാത്ത വിരുതന്മാർ അന്ന് ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കുന്നതും സംശയം ചോദിക്കുന്നതും കണ്ട് ഞാൻ തന്നെ ഞെട്ടി പോയി.ടീച്ചറും ഏതാണ്ട് ഈ അവസ്ഥയിൽ തന്നെ.ഗർ ഭപാത്രത്തിന്റെ ഉൾപാളി അടർന്ന് ര ക്തത്തോടൊപ്പം യോ നിയിലൂടെപുറത്തുപോകുന്ന പ്രക്രിയയാണ് ആർ ത്തവം അല്ലെങ്കിൽ മാ സമുറ. ഗർഭധാരണമോ ബീ ജസംയോഗമോ നടക്കാത്തതിന്റെ ഒരു ലക്ഷണം കൂടിയാണ് ആ ർത്തവമെന്നും ഇരുപത്തിയെട്ടു ദിവസത്തിന്റെ ഇടവേളയിൽ ഇത് സംഭവിക്കുമെന്നും അന്ന് ഞാൻ മനസ്സിലാക്കി. ഒരു പെണ്കുട്ടിക്ക് ഗർഭം ധരിക്കാനുള്ള അവൾടെ കഴിവ്‌ തെളിയുക്കുന്നവയാണ് അതെന്ന് ഞാൻ മനസ്സിലാക്കി .ടീച്ചർ പഠിപ്പിച്ചത്‌ കേട്ടപ്പോൾ എനിക്ക് പ്രേത്യകിച്ച് ഒന്നും തോന്നിയില്ല.പക്ഷെ ഇതിനപ്പുറം വേദനയുടെയും അന്ധവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും വിലക്കുകളുടെയും ഒരു പരിവേഷം കൂടി ഇതിനുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്‌ പതിനഞ്ചാം വയസ്സിൽ ഞാൻ ഋ തുമതി ആയപ്പോഴാണ്. അന്നുവരെ റൂമിലെ കട്ടിലിൽ കിടന്ന എന്നോട് പെട്ടെന്നാണ് അടുക്കളയിൽ പായ വിരിച്ച കിടക്കാൻ അമ്മയും മുത്തശ്ശിയും കൂടി പറഞ്ഞത്.അങ്ങനെ വീടിന് പുറത്ത് ഇറങ്ങി കൂടാത്ത സ്കൂളിൽ പോകേണ്ടാത്ത ഏഴു ദിനങ്ങൾ എന്റെ പതിനഞ്ചാം വയസ്സിൽ എന്നെ തേടിയെത്തി.അന്ന് അമ്മയും മുത്തശ്ശിയും കൂടി ഞാൻ കിടക്കുന്ന തലയണെടെ അടിയിൽ ഒരു കത്തി വെച്ചിട്ട് പറഞ്ഞു “ശല്യം ഉണ്ടാകാതിരിക്കാനാണെന്ന്.” അതൊക്കെ എന്തിനാണെന്ന് എനിക്ക് ഇന്നും മനസ്സിലായിട്ടില്ല. അന്നുവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും കഠിനമായ വയറുവേദനയും നടുവേദനയും ദേഹാസ്വാസ്ത്യവും ഞാൻ അനുഭവിച്ചത് അന്നായിരുന്നു.രാവിലെ പുറത്തെ കുളിമുറിയിൽ കുളിക്കാൻ പോകുമ്പോൾ പോലും കയ്യിൽ ഒരു കത്തിയും തലവഴി തോർത്തും ഇട്ടുതരുമായിരുന്ന മുത്തശ്ശിയെ ഇന്നും എനിക്ക് ഓർമ്മയുണ്ട്. അങ്ങനെ അന്ധവിശ്വാസങ്ങളുടെ ഒരു കൂമ്പാരം കണ്ട ദിനങ്ങളായിരുന്നു അത്.അന്ന് എനിക്ക് ആഹാരം കഴിക്കാൻ പോലും ഒരു ഗ്ലാസ്സും പാത്രവും പ്രത്യേകം മാറ്റിവെച്ചു.ആ ഏഴുദിനങ്ങളിൽ ഞാൻ ഒരിക്കലും മറക്കാത്ത ഒന്ന് പച്ചമുട്ടയും നല്ലെണ്ണയും ചേർത്ത ദിവസവും രാവിലെ തരുന്നതായിരുന്നു. എത്ര തവണ ചർദിച്ചാലും വീണ്ടും അത് കുടിക്കേണ്ടിവന്ന ദിവസങ്ങൾ. പലതരം അരിഷ്ടങ്ങളുടെയും എന്തൊക്കെയോ ചേർത്ത് അരച്ച മരുന്നിന്റെയും കഷായത്തിന്റെയും ദിനങ്ങൾ.സാനി റ്ററി നാപ്കി ൻ എന്തിനാണെന്ന് മനസ്സിലാക്കിയ ദിനങ്ങൾ.അച്ഛനും ചേട്ടനും സംസാരിക്കാതെ ജാളിത്യം കൊണ്ട് ഒഴിഞ്ഞമാറിപോയത് കണ്ട ഞാൻ തന്നെ ഒരുനിമിഷം അതിശയിച്ചുപോയി . ആ ഏഴു ദിവസങ്ങളിലും എന്നെ കാണാൻ ഓരോ അതിഥികൾ എത്തുമായിരുന്നു. പക്ഷെ എല്ലാവരും കൊണ്ട് വന്നിരുന്നത് ഒരേ ആഹാര സാധനം.ഏത്തപ്പഴവും മുട്ടയും …ഏഴാം ദിവസം ബന്ധുക്കളെയും അയൽകാരെയും വിളിക്കുകയും അവർ സ്വർണവും പൈസയും വസ്ത്രങ്ങളും കൊണ്ടവരുന്നതും അവർക്ക് ഇലയിട്ട് സദ്യ വിളമ്പുന്നത് കണ്ടപ്പോഴും പകച്ചുപോയി.അമ്മയോട് ആർത്തവത്തെപറ്റി ചോദിച്ചപ്പോഴെല്ലാം എന്ത്കൊണ്ടാണ് പറഞ്ഞ തരാതിരുന്നത് എന്ന് എനിക്ക് ഇന്നും മനസിലായിട്ടില്ല.

പിന്നീടുള്ള ഓരോ മാസവും ഞാൻ എന്നിലെ സ്ത്രീയെ തിരിച്ചറിയുകയായിരുന്നു. വേദനകൊണ്ട് പിടയുന്ന ദിവസങ്ങൾ…ആ ദിനങ്ങളിൽ ഒരു സ്ത്രീ അനുഭവിക്കുന്ന വേദനയുടെ കാഠിന്യം അവൾക്ക് മാത്രമേ അറിയൂ. ഒരു അഞ്ച് മിനിറ്റ് നിന്നാൽ നട്ടെല്ല് പൊട്ടുമാറുമായിരിക്കും വേദന .കുനിഞ്ഞ്‌ ഒരു ബക്കറ്റ് വെള്ളം പോയിട്ട് ഒരു ഇല എടുക്കാൻ പോലും ബുദ്ധിമുട്ടാണ്.വയറുവേദനകൊണ്ട് ഒന്ന് എഴുന്നേറ്റ് നിൽക്കാൻ പോലും ആകില്ല.വേദനകൊണ്ട് തലകറങ്ങി വീണുപോകാറുണ്ട്.മാ സമുറ വരുന്ന ദിവസങ്ങളിൽ സ്കൂളിൽ പോകുന്നത് കോളേജിൽ പോകുന്നത് ഒക്കെ വളരെയേറെ ബുദ്ധിമുട്ട് ഏറിയതാണ്. സ്കൂളിലും കോളേജിലുമൊക്കെ മണിക്കൂറുകളോളം ലാബ്‌ ചെയ്യാൻ നിക്കുമ്പോൾ,തിരക്കുള്ള ബസ്സിൽ യാത്ര ചെയ്യുമ്പോൾ… വേദനകൊണ്ട് പുളഞ്ഞു പോയിട്ടുണ്ട്.ഒന്ന് എവിടെങ്കിലും ഇരിക്കാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ട്.വീണ് പോകരുതെയെന്ന് പ്രാർത്ഥിച്ചിട്ടുണ്ട്. ശരീരത്തിലെ ഓരൊ ഭാഗവും നുറുങ്ങുന്ന വേദനയാണ്.കടിച്ചമർത്തിയാണ് പലപ്പോഴും പല സ്ഥലങ്ങളിലും നിൽക്കുന്നത്. വേദനയാൽ അന്ന് ഏത് കയ്പ്പേറിയ അരിഷ്ടവും കഷായവും നാട്ടുവൈദ്യവും കഴിച്ചുപോകും.ഇട്ടിരിക്കുന്ന വസ്ത്രങ്ങളിൽ ചുവപ്പ് തുള്ളികൾ പടരുന്നുണ്ടോ എന്ന ആശങ്കയുടെ നിമിഷങ്ങൾ. പൊതുസ്ഥലങ്ങളിൽ ഈ ദിവസങ്ങളിൽ പോകുന്നതുപോലും അത്രയേറെ മാനസിക പിരിമുറുക്കം അനുഭവിച്ചാണ്.കാത്തുകാത്തിരുന്ന് വർഷത്തിൽ ഒരിക്കൽ വരുന്ന അമ്പലത്തിലെ ഉത്സവത്തിന് മിക്കപ്പോഴും ഇത് വില്ലനായി അവതരിച്ചു മുറിക്കുള്ളിൽ തന്നെ ഒതുങ്ങി പോകേണ്ടി വന്നിട്ടുണ്ട്. അതിന്റെയെല്ലാം ഒപ്പം തന്നെ അന്ധവിശ്വാസങ്ങളുടെ അനാചാരങ്ങളുടെ അയിത്തത്തിന്റെ മുൾവേലികളും വരിഞ്ഞു മുറുകിയിട്ടുണ്ടായിരുന്നു.

ആർ ത്തവ സമയങ്ങളിൽ”തുളസിയിൽ”തൊടുന്നതിൽ നിന്ന് മുത്തശ്ശിയും അമ്മയും എന്നെ വിലക്കിയിരുന്നു. അതിന് അവർ പറഞ്ഞു തന്ന കാരണം തുളസി ദൈവാംശമുള്ള ചെടിയായി സങ്കല്പിച്ചു പോരുന്നതിനാൽ ആർ ത്തവസമയത്ത് തൊട്ടാൽ കരിഞ്ഞ്‌ പോകുമെന്നായിരുന്നു.കറിവേപ്പിലയുടെ അടുത്ത് പോകാനും വിലക്കുണ്ടായിരുന്നു.ഈ ദിനങ്ങളിൽ വിളക്ക് കത്തിക്കുന്ന സമയത്ത് അടുക്കളയിൽ ഇരിക്കണമെന്നും,ക്ഷേത്രത്തിൽ പോകുന്നവരുടെ അടുക്കലേക്ക് പോകരുതെന്നും,രാത്രി തറയിൽ പായ വിരിച്ച കിടക്കണമെന്നും,രാത്രി സമയങ്ങളിൽ പുറത്ത് ഇറങ്ങി നടക്കരുതെന്നും, അതിരാവിലെ എണീറ്റ് വീട്ടിലെ ഒരു വസ്തുക്കളിലും തൊടാതെ പുറത്തുപോയി നിന്ന് കുളിക്കണം എന്നൊക്കെ ശട്ടം കെട്ടിയിരുന്നു.

ഇതിലെല്ലാം അന്ധവിശ്വാസത്തിന്റെ കടുത്ത കയ്യേറ്റം ഉണ്ടായിരുന്നു. ആകാംശയോടെയും ഉത്സാഹത്തോടെയും അതിശയത്തോടെയും ഞാൻ മനസ്സിലാക്കിയ ‘ആർത്ത വം’ എന്ന പ്രതിഭാസം പലപ്പോഴും നിരാശയിലേക്ക് വഴി തിരിഞ്ഞത് ഈ നിമിഷങ്ങളിലായിരുന്നു. നമ്മൾ വഴിയിൽ കാണുന്ന ബസിൽ യാത്രചെയ്യുന്ന ,നമ്മുടെ അമ്മമാർ, കൂട്ടുകാരികൾ ,ടീച്ചർമാർ അങ്ങനെ ഭൂരിഭാഗം സ്ത്രീകളും ഈ വേദനയെല്ലാം അനുഭവിക്കുന്നവരാണ്. വല്ലപ്പോഴുമല്ല എല്ലാ മാസവും…..വരും തലമുറയെ വാർത്തെടുക്കാൻ വേണ്ടിയുള്ള അവളുടെ കഴിവ്‌ ..സഹനം… എല്ലാവരും അവളെ അശുദ്ധയായി കണക്കാക്കുമ്പോൾ യഥാർത്ഥത്തിൽ അവളുടെ ജീവിതത്തിലെ പരിശുദ്ധമായ ദിനങ്ങൾ.. ഒരുപക്ഷേ അവളുടെ ഈ വേദനയും ഓരോ തുള്ളി രക്തവും കണ്ടുനിൽക്കാൻ കഴിയാഞ്ഞിട്ടായിരിക്കും ദൈവം പോലും വിലക്കിയത്.അവൾ ചുവന്നതുകൊണ്ട് ഉണ്ടായ ജീവനുകളാണ് നാം ഓരോരുത്തരും….

ഒരു വർഷം മുൻപ് എഴുതിയ ഒരു എഴുത്താണ്.