ചേച്ചിയമ്മ ❤️
രചന: Krishna Meera
പത്തു വയസ്സിൽ അമ്മയായ് മാറിയ ഒരു പെൺകുട്ടി…ശരീരം കൊണ്ടല്ലെങ്കിലും മനസ്സു കൊണ്ടു അവൾ അമ്മയായി അവൾക്ക് താഴെ ഒരു കുഞ്ഞ് രാജകുമാരൻ വന്നപ്പോൾ…. അമ്മ അവനെ ഉദരത്തിൽ വഹിച്ചപ്പോൾ അവൾ അവനെ ഹൃദയത്തിൽ പേറി….
സ്കൂൾ വിട്ട് ഓടി അമ്മയുടെ അടുത്ത് എത്തുമ്പോൾ കൈയിൽ അമ്മക്ക് കൊടുക്കാൻ കടലമിഠായി കരുതും… അച്ഛൻ പറഞ്ഞിരുന്നു അമ്മ കഴിച്ചാലേ കുഞ്ഞിവാവക് കിട്ടുള്ളു എന്നു….ഏറെ പ്രിയപ്പെട്ട മസാലദോശ അച്ഛൻ വാങ്ങി വരുമ്പോൾ പകുതി കഴിച്ചു മതി എന്നു പറഞ്ഞു അമ്മക് കൊടുക്കും…കുഞ്ഞുവാവ വേഗം വളരാൻ….ഓരോ തവണ അമ്മ ഡോക്ടറുടെ അടുത്ത് പോയി വരുമ്പോളും ക്ഷമകെട്ട് കാത്തിരിക്കും… അമ്മയുടെ കയ്യിലെ കുഞ്ഞുവാവയുടെ പടം കാണാൻ… സ്കാനിംഗ് റിപ്പോർട്ടിലെ ആ കറുത്ത പടത്തിൽ ഒന്നും മനസ്സിലായില്ലെങ്കിലും തന്റെ കുഞ്ഞാവ ഉണ്ട് എന്നു അമ്മ കാണിച്ചു തരുമ്പോൾ സന്തോഷംകൊണ്ട് മനസ്സു നിറയുമായിരുന്നു.. എന്നും അതെടുത്തു നോക്കുമായിരുന്നു അടുത്ത തവണത്തെ പടം കിട്ടും വരെ….
അമ്മയുടെ വയറു വീർത്തു വരുമ്പോൾ കൗതുകത്തോടെ നോക്കി അതിൽ എന്നും ഉമ്മവെച്ചു വിശേഷങ്ങൾ പറയുമായിരുന്നു…..വേദനയിൽ അമ്മ കരയുമ്പോൾ കണ്ണീർ തുടച്ചു കൊടുത്തു കരയല്ലേ അമ്മേ നമ്മുടെ വാവക്ക് വേണ്ടി അല്ലെ എന്നു പറഞ്ഞു കൂടെ നിന്നു…ആദ്യമായി വാവയെ അച്ഛൻ കയ്യിലേക്ക് വെച്ചു തന്നപ്പോൾ ലോകം കീഴടക്കിയ സന്തോഷം തോന്നി… എന്റെ അനിയൻ… അല്ല… ന്റെയും മകൻ….വളർച്ച എത്താതെ ജനിച്ചതിനാൽ 20 ദിവസം ഹോസ്പിറ്റലിൽ NICU വിലേക്ക് അവനെ മാറ്റിയപ്പോൾ എന്നും കരഞ്ഞു അവനു വേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചു.. എത്രെയും വേഗം അവൻ തിരിച്ചു വരാൻ….
24 ദിവസം ഹോസ്പിറ്റൽവാസം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ സ്വർഗം കിട്ടിയപോലെ തോന്നി.. ഇനിയും അവനെ എന്റെ അടുത്തു നിന്നും മാറ്റില്ലാലോ…രാത്രിയിൽ അവൻ കരയുമ്പോൾ അമ്മ കിടന്നോളു വയ്യാത്തതല്ലേ എന്നു പറഞ്ഞു അവനെ എടുത്തു നടക്കുമ്പോൾ അത്ര നേരം കൂടെ അവൻ തന്റെ കയ്യിൽ ഉണ്ടല്ലോ എന്ന സന്തോഷം ആയിരുന്നു….പിന്നീട് അങ്ങോട്ട് വാവയുടെ തുണികൾ കഴുകുന്നതും വാവയെ ഒരുക്കുന്നതും എല്ലാം തന്റെ അവകാശം ആയി സ്വയം ഏറ്റെടുത്തു….അവന്റെ വളർച്ചയുടെ ഓരോ ചുവടിലും ഒരുപാട് സന്തോഷം തോന്നി… ആദ്യമായി തന്നെ അവൻ “മീ ” എന്നു വിളിച്ചപ്പോൾ കോരി എടുത്തു ഉമ്മകൾ കൊണ്ടു മൂടി…
അവൾ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അവനും തന്റെ ഒപ്പം സ്കൂളിൽ വരാൻ തുടങ്ങിയപ്പോൾ അത്ര നേരം കൂടെ അവൻ തന്റെ കണ്മുന്നിൽ ഉണ്ടാവുമല്ലോ എന്നോർത്ത് ഒരുപാട് സന്തോഷം തോന്നി…സ്കൂൾബസിൽ കോഴി കുഞ്ഞിനെ ചിറകിൻകീഴിൽ ഒതുക്കുംപോലെ മടിയിൽ ഇരുത്തി ചേർത്ത് പിടിക്കുമായിരുന്നു…സ്കൂളിൽ ഓരോ ഒഴിവു സമയത്തും മൂന്നാം നിലയിലെ അവളുടെ ക്ലാസ്സിന്റെ വരാന്തയിൽ നിന്നും എത്തിവലിഞ്ഞു താഴെ അവന്റെ ക്ലാസ്സിലേക്കു നോക്കും…
ലഞ്ച് ബ്രേക്ക് ആവുമ്പോളേക്കും ചോറ്റുംപാത്രം എടുത്തു അവന്റെ ക്ലാസ്സിലേക്ക് ഒരു ഓട്ടപാച്ചിൽ ആയിരുന്നു.. അവനു വാരി കൊടുത്തു അവനോടൊപ്പം ഇരുന്നു ചോറുണ്ണാൻ……അവളുടെ ഓരോ വിശേഷവും.. സന്തോഷവും സങ്കടവും എല്ലാം അവനുമായി പങ്കുവെച്ചു… തിരിച്ചു അവനും ഓരോ ചെറിയ കാര്യം പോലും അവളോട് തുറന്നു പറയും…. കാലം പോകെ പോകെ അവൾ അവന്റെ ചേച്ചിയിൽ നിന്നും കൂട്ടുകാരിയും അമ്മയും എല്ലാമായിമാറി…
എത്ര വലിയ പിണക്കങ്ങളുടെയും ആയുസ്സ് വെറും 5 നിമിഷം മാത്രം ആയിരുന്നു… എത്ര വലിയ ദേഷ്യവും അവൻ വന്നു കെട്ടിപിടിച്ചു ഉമ്മ വെക്കുമ്പോൾ അലിഞ്ഞു ഇല്ലാതെ ആകും….
അവൻ ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു അച്ഛന്റെ പെട്ടന്നുള്ള മരണം…അന്ന് അമ്മ തളർന്നു വീണപ്പോളും അവനു വേണ്ടി അവൾ തളരാതെ അവനെ ചേർത്ത് പിടിച്ചിരുന്നു….അവൾ തളർന്നു പോയാൽ അവനും തളരും എന്നത് കൊണ്ടുമാത്രം അവനു വേണ്ടി അവൾ കരുത്താർജിച്ചു…എവിടെയും നിഴലുപോലെ അവൻ അവൾക്കൊപ്പമായിരുന്നു…അനിയനാണോ എന്നു ചോദിക്കുന്നവരോട്.. ചിരിച്ചു കൊണ്ടു മകൻ ആണെന്ന് പറഞ്ഞു…..അതേ അവൾ അവനു അമ്മയായിരുന്നു… അവന്റെ മാത്രം ചേച്ചിയമ്മ…..