നീ പേടിപ്പിക്കാതെ പെണ്ണെ, വന്നു കൊണ്ടുപോകാമെന്ന് അങ്ങേരു ഒത്തിരി പറഞ്ഞതാ ഞാൻ തന്ന പറഞ്ഞത് അവളു…

ചീട്ടുകൊട്ടാരങ്ങൾക്കപ്പുറം

രചന: സുമയ്യ ബീഗം TA

ന്റെ കാക്ക പിശാചെ നിനക്ക് രാവിലെ എന്തിന്റെ സൂക്കേടാ ?ഒന്ന് പോ പണ്ടാരമേ. താഴെ കിടന്ന ഒരു ഉരുളൻ കല്ലെടുത്തു കാക്കയുടെ പള്ള നോക്കി ഒരേറു കൊടുത്തു. ആ കല്ല് നേരെ ഓപ്പോസിറ്റ് ദിശയിൽ ചെന്നു വീണെങ്കിലും ആ ആക്ഷൻ കണ്ടു പേടിച്ച കാക്ക അടുത്ത പ്ലാവിലെക്കു ഇരുപ്പു ഉറപ്പിച്ചു.

എന്താണ് ഫർഹാന ആരോടാ നീ ഒച്ച വെക്കുന്നെ ?

ആ മറിയം മാമിയൊ ?നാളെ നോമ്പ് തുടങ്ങുവല്ലേ എല്ലാം ഒന്ന് കഴുകി വൃത്തിയാക്കുവാരുന്നു. വെളുപ്പിനെ തുടങ്ങിയതാ വീടും പറമ്പും വൃത്തിയാക്കി. ഇക്കാന്റെ രണ്ടു വെള്ളമുണ്ട് പശ മുക്കി അങ്ങ് വിരിച്ചതേ ഉള്ളൂ അപ്പൊ തന്നെ എങ്ങാണ്ടു നിന്നും ഒരു കാക്ക പറന്നു വന്നു അതിന്റെ മേലിൽ ഇരുന്നു. നോക്കിക്കേ മാമി മത്തി തല എങ്ങാണ്ടാരുന്നു കൊക്കിൽ. ഇനി ഈ മുണ്ട് ഒന്നൂടി കഴുകി പശ മുക്കണ്ടേ ?

ന്റെ ഫർഹാന ഈ പുള്ളികൾ നല്ല വെളുത്ത തുണിമേൽ മാത്രമേ ഇരിക്കൂ എന്തോ നേർച്ചപോലെയാ.

മ്മ്,അവറ്റക്കെന്താ പണി നമുക്കല്ലേ. ഈ നേരായിട്ടും ഒരു ചായ പോലും കുടിച്ചിട്ടില്ല ഇനിയിപ്പോ ഇതും കൂടി കയ്യോടെ വിരിച്ചിടണം. അല്ല മനുഷ്യന്മാരുടെ ചെയ്തികൾ കണ്ടു കണ്ടു കാക്ക വരെ മാറിപ്പോയി.

ഡി മോളെ, നീ ഇങ്ങു വന്നേ. വഴിവക്കിലെ കയ്യാലയോടു ചേർന്നു മാമി വിളിച്ചപ്പോൾ നൈറ്റിയുടെ കുത്തഴിച്ചു ഷാൾ കൊണ്ടു തലമറച്ചു അങ്ങോട്ട് ചെന്നു.

ഡി ഈ കേട്ടതൊക്ക സത്യാണോ ?ആ അലിയാർ അങ്ങനൊക്കെ ചെയ്തോ ?

എന്താ സംശയം വീഡിയോ സഹിതം അല്ലെ മാമി വാർത്ത വന്നത് എല്ലാം നടന്നതാ.

ന്റെ റബ്ബേ !ഇങ്ങേർക്ക് ഈ വയസാം കാലത്ത് ഇത് എന്തിന്റെ ഏനക്കേടാ ?നമസ്കാരവും തസ്ബിയും ആയി റബ്ബിലേക്ക് കൂടുതൽ അടുക്കേണ്ട സമയത്തു ഈ ഹിമാർ ഇത്രയും വൃത്തികേട് കാട്ടികൂട്ടിയല്ലോ ?ഇവനൊരു ഇസ്ലാം ആണോടി ?

അല്ല മാമി അതിലെന്താണ് സംശയം അയാൾ ഒരു ജാതിക്കാരനും മനുഷ്യനും അല്ല. ഒരു നേരമെങ്കിലും എതേലും ദൈവത്തെ മനസ്സുരുകി വിളിക്കുന്ന ഒരു വിശ്വാസിക്കും ഇങ്ങനൊന്നും ആവാൻ പറ്റില്ല. ഇതൊക്കെ ഇബ്‌ലീസ് രൂപം മാറി നടക്കുന്നതാ.

അല്ല മാമി എവിടെ പോയതാ ?

ഞാൻ സൈനുവിനെ ബസ് കേറ്റി വിടാൻ താഴെ വരെ പോയതാ അവക്ക് രണ്ടുദിവസം അവടെ ഉമ്മാടെ വീട്ടിൽ പോയി നിൽക്കണം എന്ന് പറഞ്ഞു ഒരേ കരച്ചിൽ. കുഞ്ഞുങ്ങൾ അല്ലെ അവധിക്കു എത്രയാന്നുവെച്ച വീട്ടിൽ ഒറ്റക്കിരിക്കുക. ഇപ്പോൾ അങ്ങോട്ട്‌ ഒറ്റ ബസ് ഒരെണ്ണം ഉണ്ടല്ലൊ അതിൽ കേറ്റി വിട്ടു. സ്റ്റോപ്പിൽ അവടെ വലിയുപ്പ വന്നു നില്കും.

വേണ്ടായിരുന്നു മാമി അവൾ ചെറിയ കുട്ടി അല്ലേ ?കൊണ്ടു വിടുന്നതായിരുന്നു നന്ന് . കാലം കെട്ട കാലമല്ലേ.

നീ പേടിപ്പിക്കാതെ പെണ്ണെ വന്നു കൊണ്ടുപോകാമെന്ന് അങ്ങേരു ഒത്തിരി പറഞ്ഞതാ ഞാൻ തന്ന പറഞ്ഞത് അവളു വന്നോളുമെന്നു പത്തു മിനുട്ട് യാത്ര കൂടി ഇല്ലല്ലോ. അതിനൊരാൾ ബുദ്ധിമുട്ടണോ ?അവളിപ്പോ എട്ടാം ക്ലാസ്സായില്ലെ ഇത്തിരി ഒക്കെ തന്നെ പോയി പഠിക്കണം.

മാമിയുടെ പഴ മനസിന്റെ നന്മ കൊണ്ടാണ് ഇത്രയൊക്കെ ചിന്തിക്കുന്നത് ഇന്നത്തെ കാലത്ത് മക്കൾ ചിറകിൻ കീഴിൽ നിന്നും മാറുമ്പോൾ എല്ലാ അമ്മമാർക്കും ഉള്ളിൽ ഒരു പിടച്ചിലാ.

അത് ശെരിയാണ് ഫർഹാന അവിടെ സൈനുവിന്റെ മാമി ഉണ്ട്. നല്ല മിടുക്കി പെങ്കൊച്ച ഇവൾ ചെന്ന അടുത്ത് നിന്നും മാറില്ല. അവൾ നോക്കിക്കൊള്ളും അതാണ് സമ്മതം കൊടുത്തത്. നിനക്ക് മനസ്സിലായോ സൈനുവിന്റെ ഉമ്മ റാഹിലടെ നാത്തൂൻ ബിസ്മി.

അറിയാം മാമി. ഇങ്ങള് ബേജാറാവണ്ട. മാമിടെ ഫോൺ അടിക്കുന്നുണ്ടല്ലോ.

സൈനുവിന്റെ വലിയുപ്പയാണ്.

ഹലോ. ആ ശെരി ഇപ്പോൾ എത്തിയതേ ഉള്ളൂ അല്ലേ ?

ഡി ഫർഹാന അവൾ അങ്ങ് എത്തി കേട്ടോ. ഞാൻ പോട്ടെ നാളെ നോമ്പല്ലേ ഇടയത്താഴത്തിനുള്ള മീനും ഇറച്ചിയും ഒക്കെ കൊണ്ടുവെച്ചിട്ടുണ്ട് ഒരുക്കി പെറുക്കി വെക്കണം. റാഹിലയും തൂക്കലും തുടയ്ക്കലും ഒക്കെ ആണ്.

മാമി നടന്നു മറഞ്ഞപ്പോൾ ഇക്കാടെ വെള്ളമുണ്ട് എന്നെ നോക്കി വളിച്ച ഒരു ചിരി ചിരിച്ചോ. അയയിൽ നിന്നും വലിച്ചെടുത്തു വെള്ളത്തിൽ മുക്കിയെടുത്തു. പശയിട്ടു വിരിക്കുമ്പോൾ അതിവേഗത്തിൽ ആ ആഡംബര കാർ കടന്നുപോയി.

ഉയർത്തിയിട്ട ഗ്ലാസിൽ കൂടി കണ്ടു തലമറച്ചു കുനിഞ്ഞു ഒരു സ്ത്രീ രൂപം ഇരിക്കുന്നു അലിയാർ മുതലാളിയുടെ ഭാര്യ.

എന്നും അസൂയയോടെ ആ സ്ത്രീയെ നോക്കിയിട്ടുള്ളൂ നല്ല വെളുത്തു ചുവന്നു ആവശ്യത്തിന് വണ്ണവും അതിനൊത്ത പൊക്കവും ആയി ഒരു മനോഹരി. ഉടുക്കുന്ന സാരി ഒക്കെ പതിനായിരങ്ങളുടെ. സ്വർണം അല്ല ഡയമണ്ട് ആണത്രേ കഴുത്തിലും കാതിലുമൊക്കെ. ഏതേലും കല്യാണത്തിന് ഒക്കെ ദൂരെ മാറിനിന്നു കണ്ടു കൊതിക്കാറുണ്ട്. ചിലപ്പോൾ ചെറുതായി പരിചയ ഭാവത്തിൽ പുഞ്ചിരിക്കും ആ ചിരിക്ക് എന്തൊരു മൊഞ്ചാണ്. എന്നേക്കാൾ ഒരു പതിനഞ്ചു വയസ് ഏങ്കിലും മൂപ്പുണ്ടാകും എന്നാലും തന്നെ വെച്ചു നോക്കുമ്പോൾ അവരൊരു രാജ്ഞി ആരുന്നു. മുഷിഞ്ഞ നൈറ്റിയും നൂലുപോലത്തെ ആഭരണങ്ങളും ഒന്ന് വൃത്തിയായി ഒരുങ്ങാൻ പോലും സമയം ഇല്ലാത്ത പകലുകളും ഒത്തിരി മോശമല്ലാത്ത ഒരു രൂപവും അത്രേ തനിക്കുള്ളൂ.

എല്ലാം എത്ര പെട്ടന്നാണ് തകിടം മറിഞ്ഞത്.ഇന്ന് ഈ ലോകത്തേറ്റവും ശപിക്കപ്പെട്ട സ്ത്രീ അവരാണ്. പാവം ഒരു ഭാര്യക്കും ഉമ്മക്കും സഹിക്കാൻ പറ്റാത്തതൊക്കെ അവർ അനുഭവിക്കുന്നു.

രണ്ടു രണ്ടര മണിക്കൂർ ആ കുഞ്ഞിന്റെ ദേഹത്ത് അയാൾ എന്തെല്ലാം ചെയ്തു കൂട്ടി. വിടരാത്ത പൂമൊട്ട് ഞെരിച്ചു ഉടച്ചപ്പോൾ അയാളെ പാലൂട്ടിയ അയാളുടെ മാതാവുപോലും ലജ്ജിക്കുന്നുണ്ടാവും. പിന്നെ ഭാര്യയായ ഇവരുടെ കാര്യമോ ?ഈ സ്ത്രീക്ക് കൊടുക്കാവുന്നതിൽ അപ്പുറം എന്തു സുഖമാണ് കൊച്ചുമകളുടെ പ്രായമുള്ള ആ കുഞ്ഞിൽ നിന്നും അയാൾ അനുഭവിച്ചത്‌?ന്റെ റബ്ബേ ഇനിയും എന്തൊക്കെ കാണണം.

ഇക്കാക്ക വരാൻ സമയമായി . പന്ത്രണ്ടായോ പടച്ചോനെ.

ചോറ് വാർത്തു. പെട്ടന്ന് മീൻകറിയും മോരും വെച്ചു. ഇത്തിരി പയർ എടുത്തു മെഴുകുപുരട്ടിയും വെച്ചു. മക്കൾക്ക്‌ വിളമ്പിക്കൊടുത്തു. കുളിച്ചു നിസ്കരിച്ചപ്പോൾ ഇക്കാക്ക മില്ലിലെ പണി കഴിഞ്ഞു ഉണ്ണാൻ എത്തി.

ഊണ് വിളമ്പി കൊടുത്തു ഒപ്പമിരുന്നു കഴിച്ചു. പാത്രമെല്ലാം കഴുകി വന്നപ്പോൾ മൂപ്പർ കട്ടിലിൽ കിടപ്പുണ്ട്.

എന്തേ ഇന്നിനി പോകണ്ടേ ?

ഇന്നത്തെ കഴിഞ്ഞു നീ ഇങ്ങു വന്നേ.

അടുത്തോട്ടു പിടിച്ചു വലിച്ചപ്പോൾ കയ്യിലിരുന്ന ഫോൺ താഴെപ്പോയി.

എനിക്കിത്തിരി എഴുത്തിന്റെ അസുഖം ഉള്ളതുകൊണ്ട് ഫോൺ ഇല്ലാത്ത ഒരു ജീവിതം ഇല്ലേ. നിലത്തു വീണ ഫോൺ കണ്ടപ്പോൾ ചങ്കിൽ ഇടിവാൾ മിന്നി . എടുത്തുനോക്കിയപ്പോൾ ഓൻ ഉഷാറായി ഇരിക്കുന്നു. ഒന്നും പറ്റിയില്ല.

ആ സന്തോഷത്തിനു ഒരു ഉമ്മ ഫോണിൽ കൊടുക്കവേ കേട്യോൻ വക കമെന്റ്.

ഇതുപോലെ ഒരെണ്ണം ഞാൻ എത്ര നാളായി കൊതിക്കുന്നു.

മൂപ്പിലാന്റെ കവിളിൽ ഒന്നു നുള്ളി ഒരു മുത്തം കൊടുക്കാൻ തല താഴ്ത്താവേ റോക്കറ്റ് പോലെ രണ്ടെണ്ണം ഇടക്കുകേറി. നമ്മുടെ മക്കൾസ്. എന്തോ ഞങ്ങൾ ഒന്നിച്ചു ഇരിക്കുന്നത് പോലും അവർക്കു സഹിക്കില്ല.

ആ മൂന്നുപേരുടെയും നടുക്കോട്ടു എന്നെയും കൂടി വലിച്ചിട്ടു കാതിൽ ഇക്കാക്ക ചോദിച്ചു. ഡി ഫർഹാന പണ്ടൊക്കെ എങ്ങനാടി ഒരു വീട്ടിൽ പത്തും പന്ത്രണ്ടും ഉണ്ടാരുന്നത്. ഇതുപോലെ രണ്ടെണ്ണം ഉണ്ടേൽ ഒരു കുടുംബാസൂത്രണവും വേണ്ടല്ലോ ?

ഇങ്ങള് ക്ഷമിക്ക് രാത്രി ആവട്ടെ.

അയ്യോ നേരം വെളുത്താലും ഈ പിള്ളേർ ഉറങ്ങില്ല.പിന്നല്ലേ ?എന്നെ കൊണ്ടു പറയിപ്പിക്കരുത്.

ഇങ്ങക്ക് എന്നോട് ദേഷ്യമുണ്ടോ ?

പോടീ പൊട്ടി. ഇതിനൊക്കെ കൂടിയാണ് ദാമ്പത്യം എന്ന് പറയുന്നത് അല്ലാതെ ആ ഒറ്റ കാര്യത്തിന് വേണ്ടി മാത്രമല്ല.

വാ കിടക്കു ഇന്ന് ഒത്തിരി പണി ഉണ്ടാരുന്നല്ലോ നിനക്കും വേണ്ടേ ഇത്തിരി റെസ്റ് ഒക്കെ.

മക്കളുമായി അടിപിടിച്ചു ആ മാറിൽ തലചായ്ക്കുമ്പോൾ പണത്തിനും പദവിക്കും എത്രയോ മുകളിലാണ് ഇക്കാക്ക ഇങ്ങടെ മനസ്സ് എന്ന് മന്ത്രിച്ചുപോയി. അപ്പോൾ ശരിക്കും രാജ്ഞി ആരാ ഈ ഫർഹാന തന്നെ. ചുണ്ടിൽ ഒരു ചിരിയുമായി ഒരു ചെറുമയക്കത്തിലേക്കു….