മാമ്പഴക്കാലം
രചന: പാർവതി പാറു
കിഴക്കേ തൊടിയിലെ ചന്ദ്രക്കാരൻ മാവിന്റെ താഴെ ശ്രീധരേട്ടനും പിന്നെയും ആരൊക്കെയോ ചേർന്ന് നീളത്തിൽ കുഴിവെട്ടുന്നതും നോക്കി ജനൽ കമ്പികളിൽ മുഖം ചേർത്ത് അവളിരുന്നു….
മീനമാസത്തിന്റെ ചൂടൻ വെയിലിൽ നിന്നവരെ കാക്കാനെന്ന പോലെ ആ മുത്തശ്ശി മാവ് പടർന്നു പന്തളിച്ചങ്ങനെ നിൽക്കുന്നു…..
ഉണ്ണിയേട്ടന് വലിയ ഇഷ്ടം ആയിരുന്നു ആ മാവിലെ മാമ്പഴം … മാമ്പൂ വിരിഞ്ഞാൽ തുടങ്ങും ഏട്ടന്റെ കാത്തിരുപ്പ്… കരിഞ്ഞു വീഴുന്ന മാമ്പൂക്കൾ നോക്കി കണ്ണീർ വാർക്കും….. പൂവുകൾ കായ്ളിലേക്ക് പരിണമിക്കുമ്പോൾ ആ കണ്ണുകളിൽ സന്തോഷവും കൗതുകവും വിടരും…
പിന്നെ മാവിലെ ഓരോ കണ്ണിമാങ്ങകളിൽ പോലും ഏട്ടന്റെ കണ്ണെത്തും….ഉപ്പുകൂട്ടി തിന്നാൻ ഒരു കുല ഒടിച്ചു തരാൻ പറഞ്ഞാൽ പോലും ഏട്ടൻ കേൾക്കില്ല..
പഴുക്കട്ടെ അപ്പോൾ ആണ് രുചി…. എന്ന് പറഞ്ഞു ഉപദേശിക്കും….
കാത്തിരിപ്പായിരുന്നു ഉണ്ണി ഏട്ടന് എന്നും ആ മാമ്പഴകാലത്തിനായി…… പഴുത്തു വീഴുന്ന ആദ്യത്തെ മാങ്ങ മുതൽ ഏറ്റവും ഒടുവിലത്തേത് വരെ ആ കൈകളിൽ തന്നെ ഭദ്രം ആയിരിക്കും…ആ മാമ്പഴക്കാലത്തിന്റെ അവസാനത്തെ മാങ്ങ നുണയുമ്പോൾ ഏട്ടന്റെ കണ്ണുകളിൽ ഒരു നീർത്തിളക്കം ഉണ്ടാവും… എത്ര ചോദിച്ചാലും പറഞ്ഞാലും തീരാത്ത ഒരു പിരിഞ്ഞു പോക്കിന്റെ നീർത്തിളക്കം…
പഴുത്തു ഉള്ളു ചുവന്ന ചന്ദ്രക്കാരൻ മാങ്ങയുടെ അണ്ടി ഈമ്പുമ്പോൾ ഉണ്ണിയേട്ടന് ഒരു പ്രത്യേക ചന്തം ആണ്… ആ മധുരം നാവിൽ തട്ടുമ്പോൾ ആള് ഉള്ളു തുറന്നൊന്നു ചിരിക്കും….
ഈ ഏട്ടന് എത്ര കഴിച്ചാലും മടുക്കില്ലേ ഈ മാങ്ങാ…
എന്ന് ചോദിക്കുമ്പോൾ കുസൃതിയോടെ ആ മാങ്ങാണ്ടി ഒന്നുകൂടെ നുണയും…..
ഏട്ടന്റെ വേനലവധി മുഴുവൻ ആ മഞ്ചോട്ടിൽ തന്നെ ആവും… മാവിൻ കൊമ്പിൽ ഊഞ്ഞാല് കെട്ടി സദാ അതിലിരുന്നാടും… ഓരോ കാറ്റിലും വീഴുന്ന മാമ്പഴം ഓടിച്ചെന്ന് ആദ്യം എടുക്കുന്നത് ഏട്ടൻ ആണ്…
ഒരു പക്ഷെ ആ മുത്തശ്ശി മാവ് പൂത്തതും കായ്ച്ചതും എല്ലാം ഏട്ടന് വേണ്ടി ആണെന്ന് തോന്നും… ഒരു വല്ലാത്ത സൗഹൃദം ആയിരുന്നു അവർ തമ്മിൽ…
ഉമേ ഏട്ടനെ കാണണ്ടേ നിനക്ക്…
ആരോ വന്ന് തോളിൽ കൈവെച്ച് പറഞ്ഞപ്പോൾ യാന്ത്രികമായി വേണ്ടെന്ന് തലയാട്ടി…
നിക്ക് കാണണ്ട.. ഞാൻ പിണക്കാ ഏട്ടനോട്… എന്നോട് പറയാണ്ടേ പോയില്ലേ..നിക്ക് കാണണ്ട….ആരോടെന്നില്ലാതെ പിറുപിറുത്തു….
ഏട്ടാ….. ന്താ ഈ മാങ്ങക്ക് ഇത്ര സ്വാദ്? ഒരെണ്ണം നിക്കും താന്നേ…. അവളിലെ അപേക്ഷയുടെ സ്വരം കേൾക്കുമ്പോൾ മടികുത്തിൽ ഒതുക്കിയ മാമ്പഴങ്ങളിൽ ഒന്ന് അവൾക്ക് നേരെ നീട്ടും….അവനെ അനുകരിച്ചെന്ന പോലെ അവൾ അത് ആർത്തിയോടെ നുണയും….
പല്ലിന്റെ ഇടകൾ നിറയെ മാങ്ങയുടെ നാര് നിറയും… നാവിൽ രുചിയും…വല്ലാത്ത മധുരം ആണ് ചന്ദ്രക്കാരൻ മാങ്ങക്ക്…
ഒന്ന് തിന്നുമ്പോളേക്കും മധുരം മത്ത് പിടിപ്പിക്കും….രണ്ടാമതൊന്ന് നീട്ടിയാൽ തന്നെ അവൾ വേണ്ടെന്ന് തലയാട്ടും…
ഏട്ടൻ തന്നെ തിന്നോ ഈ പഞ്ചാരക്കട്ട..
എന്ന് പറഞ്ഞവൾ മുഖം തിരിഞ്ഞു നടക്കും…
എവിടെ നിന്നോ വീശിയ കാറ്റിൽ ഒരു മാമ്പഴം വീണത് അവൾ ജനലിലൂടെ നോക്കി… എന്തോ ഓർത്ത് അടുക്കളവാതിലിലൂടെ പുറത്തേക്ക് ഓടി മാവിൻ ചുവട്ടിൽ എത്തുമ്പോളേക്കും ആ മാമ്പഴം ആരുടെയോ കൈകളിൽ എത്തിയിരുന്നു.. ഒന്നും നോക്കാതെ തട്ടിപറിച്ചെടുത്ത് അവളത് നെഞ്ചോട് പിടിച്ചു…
ഇക്കൊല്ലത്തെ ആദ്യത്തെ മാങ്ങ ആണ്..ഇത് ന്റെ ഏട്ടന്നുള്ളതാ…
അവൾ ആരും കാണാതിരിക്കാൻ എന്ന പോലെ ആ മാമ്പഴം കൈകളിൽ ഒളുപ്പിച്ചു ഉമ്മറത്തേക്ക് നടന്നു… വരാന്തയിൽ കൂടി നിന്ന ആളുകളെ ഒന്നും വകവെക്കാതെ വെള്ള പുതച്ചു കിടക്കുന്ന ഏട്ടന് മുന്നിൽ അവൾ മുട്ട് കുത്തി …തലക്കൽ ആളി കത്തുന്ന നാളികേരത്തിലെ തിരിയിൽ ഒന്ന് നോക്കി അവൾ അവന്റെ കാതോരം ചേർന്നിരുന്നു…
ഏട്ടാ…. ആദ്യത്തെ മാമ്പഴം വീണു… ഇത്തവണ നിക്ക് ആണല്ലോ കിട്ട്യേ… പക്ഷെ ഉമക്ക് വേണ്ട.. ഇത് ന്റെ ഉണ്ണിയേട്ടന് ഉള്ളതാ… ആർക്കും കൊടുക്കണ്ട ഒറ്റക്ക് കഴിച്ചോട്ടോ…
വെളുത്ത തുണിയുടെ ഇടയിൽ ചേർത്ത് വെച്ച അവന്റെ മരവിച്ച കൈകളിലേക്ക് അവൾ ആ മാമ്പഴം വെച്ചു… അവന്റെ കൈകൾ ആ മാമ്പഴത്തിനെ പൊതിഞ്ഞു പിടിച്ചു…
അവനേറ്റവും പ്രിയപ്പെട്ട ആ മാവിൻ ചുവട്ടിൽ കുഴിച്ച കുഴിയിൽ അവനെ അടക്കം ചെയ്യുമ്പോൾ ദൂരെ മാറി ജനാലകമ്പികളിൽ മുഖം അമർത്തി ഉമ മാവിന്റെ മുകളിലേക്ക് നോക്കി ഇരുന്നു….
ഇത്തവണ നല്ലോണം പൂത്തിട്ടുണ്ട് മാവ്… എല്ലാ കൊല്ലത്തേക്കാളും മാങ്ങ ഉണ്ടാവും.. തിന്നു തിന്നു ഞാൻ മരിക്കും ഉമേ….
തനിക്കൊപ്പം ജനലരികിൽ ഇരുന്ന് ഏട്ടൻ പറയുന്നില്ലേ…. ഇല്ല… ഏട്ടൻ ഇല്ല….
ഒരു മാമ്പഴം പോലും നുണയാതെ… ഒരു മാങ്ങ പോലും പെറുക്കാതെ… ഒരു മാങ്ങാണ്ടി പോലും ഈമ്പാതെ… ഒരു അണ്ടിക്ക് പോലും തന്നോട് തുണ പോവെന്ന് കളി പറയാതെ… ഏട്ടൻ ഈ മാമ്പഴകാലത്തിന് മുന്നേ നടന്നിരിക്കുന്നു…
ഏട്ടന് മഴക്കാലം ആണോ മഞ്ഞുകാലം ആണോ ഇഷ്ടം….
ഇളവെയിലിൽ ഇളം കാറ്റിൽ മുത്തശ്ശി മാവിന്റെ കൊമ്പിൽ കിടന്നാടുന്ന ഏട്ടനെ നോക്കി ഉമ സംശയം ഉന്നയിച്ചു…
നിക്ക് ഇഷ്ടം മാമ്പഴക്കാലം ആണ് ഉമേ … മധുരമുള്ള മാമ്പഴക്കാലം….
ഉണ്ണിയേട്ടന്റെ ശബ്ദം അവളുടെ കാതുകളിൽ അലതല്ലി…
പിന്നെയും മഴപെയ്തു… പൂക്കൾ വിരിഞ്ഞു… മഞ്ഞു പെയ്തു…. ഋതുക്കൾ മിന്നിമാറി …. മഴക്കാലവും വേനൽക്കാലവും വന്നു നിന്നു പൊയ്ക്കൊണ്ടിരുന്നു… പക്ഷെ ആ മാമ്പഴക്കാലം മാത്രം തിരികെ വന്നില്ല…..
മാവ് പൂത്തില്ല…. കണ്ണിമാങ്ങകൾ തന്നെ നോക്കി ചിരിച്ചില്ല…. ചുവന്ന ചന്ദ്രക്കാരൻ മാങ്ങകളുടെ നാരുകൾ തന്റെ പല്ലുകൾക്കിടയിൽ കുടുങ്ങി കിടന്നില്ല… നാവിൽ മാമ്പഴത്തിന്റെ മധുരം തങ്ങിയില്ല…
ഏട്ടനൊപ്പം പോയത് ഒടുവിലെ മാമ്പഴക്കാലം കൂടി ആയിരുന്നു… ഏട്ടനില്ലാത്ത ഭൂവിൽ പിന്നെ ആ മാമ്പഴത്തിന്റെ മധുരം മാത്രം അവശേഷിച്ചില്ല….
ഒടുവിൽ ആ സംശയം തീർന്നിരിക്കുന്നു… ഏട്ടനും ആ മുത്തശ്ശിമാവും കൂട്ടുകാരായിരുന്നു… ഒരിക്കലും പിരിയാത്ത കൂട്ടുക്കാർ… മുത്തശ്ശി മാവിന് ഏട്ടനെ മാത്രമായിരുന്നു ഇഷ്ടം… അല്ലെങ്കിലും ഏട്ടൻ സ്നേഹിച്ച പോലെ ആരും അതിനെ സ്നേഹിച്ചില്ലല്ലോ…. നൽകുമ്പോൾ തിരികെ കിട്ടുന്നതല്ലേ സ്നേഹം…. ഏട്ടനെ പോലെ സ്നേഹം നൽകാൻ ആർക്കുമാവിലെന്ന് ആ മുത്തശ്ശിമാവും തിരിച്ചറിഞ്ഞിരിക്കും….ഏട്ടനും മുത്തശ്ശിമാവും നിറഞ്ഞു നിന്ന ഓർമകളിലേക്ക് ചുരുണ്ടു കൂടി ഉമ കിടന്നു….ഉറക്കം വരുന്നില്ല…. പക്ഷെ ഏട്ടൻ ഉറങ്ങുകയാണ്.. അവനേറ്റവും പ്രിയപ്പെട്ട മാവിന്റെ തണലിൽ….. സുഖമായി… സന്തോഷമായി.. സംതൃപ്തനായി…..
ഏട്ടനൊപ്പം ആ മാമ്പഴക്കാലവും ഉറങ്ങുകയാണ്…. ഒരിക്കലും ഉണരാത്ത ഒരു കള്ള ഉറക്കം നടിച്ചുകൊണ്ട്……