സായന്തനത്തിലെ കുടമുല്ലപ്പൂക്കൾ
രചന: സുമയ്യ ബീഗം TA
മുറ്റത്തു വീണ കരിയിലകൾ നോക്കി ഒരുമാത്ര നിന്നതിനു ശേഷം ഈറനുടുത്ത യുവതിയെപോലെ കുളിച്ചു കുറിതൊട്ട പ്രകൃതിയുടെ വിരിമാറിലേക്കു ചൂലുമായി യശോദ അതിരാവിലെ ഇറങ്ങി. മുറ്റത്തെ പ്ലാവ് ഇത്തവണയും ഇഷ്ടം പോലെ കായ്ച്ചു. നല്ല തേൻവരിക്കയാണ്. തൊട്ടടുത്തു നിൽക്കുന്ന കിളിചുണ്ടനും നിറച്ചു കായ്കൾ. അതിലേക്കു കുടമുല്ല പടർന്നുകയറി ആകെമൊത്തം പൂത്തുലഞ്ഞിട്ടുണ്ട് . എന്താ സുഗന്ധം. തന്റെ നല്ലപ്രായത്തിൽ അങ്ങേരുടെ കരുത്തുറ്റ കൈകൾ ചേർത്തുപിടിച്ചു ഇരുൾ പടരുമ്പോൾ വിരിയുന്ന ഈ പൂമൊട്ടുകൾ ആസ്വദിച്ചു ആ സുഗന്ധത്തിൽ മതിമറന്നിരിക്കാൻ കഴിഞ്ഞില്ല.
അത്താഴത്തിനു നുറുക്കാനുള്ള പച്ചക്കറികളും കഴുകാനുള്ള നാലുമണി പലഹാരത്തിന്റെ ശേഷിപ്പുകളും മടക്കി അടുക്കി വെക്കാനുള്ള തുണികളും കാലത്തു പലഹാരമാവേണ്ട പച്ചരിയും കൂടി ആ മനോഹര നിമിഷങ്ങൾ അങ്ങ് വീതിച്ചെടുത്തു. ഇന്ന് അന്തിയായൽ ഏകാന്തതയിൽ കനം വെക്കുന്ന മൗനത്തിൽ മുഷിയുമ്പോൾ എന്തേലും ചെയ്യാൻ ഇല്ലെന്നു സങ്കടപെടുമ്പോൾ കുടമുല്ലപ്പൂക്കൾ വിരിഞ്ഞു തുടങ്ങും. ജനലിൽ കൂടി അതുകണ്ടു നഷ്ട സ്വപ്നങ്ങൾ അയവിറക്കുമ്പോൾ കട്ടിമീശ വെച്ച പൗരുഷം ഏറിയ മുഖം ഹാളിലെ ചുവരിൽ ഇരുന്നു കഥപറയും. മുറ്റത്തിറങ്ങി പൂക്കൾ പറിച്ചെടുത്തു ഒരു മുല്ലമാല ആ മാറിൽ ചാർത്തുമ്പോൾ നനവുപടരുന്ന മിഴികൾ കണ്ടു അങ്ങേരും വിതുമ്പുന്നുണ്ടാവും.
എന്നാലും വല്ലാത്തൊരു പോക്കായി പോയി കേട്ടോ. അത്താഴം ഒന്നിച്ചിരുന്നു കഴിച്ചു വർത്തമാനവും പറഞ്ഞു കിടന്നു എപ്പോളോ മയങ്ങി. ഉണർന്നു അടുക്കളയിൽ ചെന്ന് കട്ടൻ ഇട്ടോണ്ട് വന്നു വിളിച്ചപ്പോൾ അനക്കമില്ല ഇപ്പോഴത്തെ അസുഖമാണല്ലോ സ്‌ട്രോക് പണ്ടിത്രയും പേരൊന്നും ഇങ്ങനെ ഈ പേരു പറഞ്ഞു പോയിട്ടില്ല. എന്തൊരു ആരോഗ്യമുള്ള മനുഷ്യനാരുന്നു എത്ര നേരം വേണേലും മടുപ്പില്ലാതെ പറമ്പിൽ പണിയും അന്നും പത്തുപതിനഞ്ചു വാഴ നട്ടു. ഒരു അസുഖലക്ഷണവും കാണിച്ചില്ല. അവസാനമായി ഉണ്ണിയെ കാണാൻ കൂടി യോഗമുണ്ടായില്ല അന്ന് അവൻ ഹോസ്റ്റലിൽ നിന്ന് എഞ്ചിനീയറിംഗ് പഠിക്കുന്നു. ആണായിട്ടും പെണ്ണായിട്ടും ഈശ്വരൻ ഒന്നിനെ തന്നുള്ളൂ അങ്ങേർക്കു അവനെന്നു വെച്ചാൽ പ്രാണനായിരുന്നു എന്നിട്ടും പോകേണ്ടി വന്നില്ലേ എല്ലാം ഇട്ടെറിഞ്ഞു .
പിന്നെ ഓർക്കും ഒരു കണക്കിന് ഈശ്വരൻ അങ്ങേരോട് കരുണ കാണിച്ചു. ഇപ്പോൾ എല്ലാരും കാൻസർ, വൃക്ക തകരാർ, ലിവർ സിറോസിസ് എന്നൊക്കെ പറഞ്ഞു നരകിച്ചു വേദന തിന്നു മരികുമ്പോൾ ഇങ്ങേരു നടക്കുന്ന പടിയങ്ങു പോയി എന്നാണേലും പോകേണ്ടത് ഇത്തിരി മുന്നേ ആയിപോയി എന്നെ ഉള്ളൂ. എല്ലാം ഈശ്വരേച്ഛ.
ഈ അന്തികൂട്ടു എന്നു പറയുന്നതിന്റെ വിശാലമായ അർത്ഥതലങ്ങൾ അന്നുതൊട്ട് അറിഞ്ഞു. ഒത്തിരി ഇനിയും പറയാൻ ഉണ്ടായിരുന്നു സ്നേഹിച്ചു കൊതി തീർന്നിരുന്നില്ല, എന്നിട്ടും പരാതിയും പരിഭവവും ബാക്കിവെച്ചു ഒന്നും പറഞ്ഞു തീർക്കാതെ അവസാനമായി യശോദ എന്നൊന്ന് വിളിക്കാതെ അങ്ങേരങ്ങു പോയപ്പോൾ എത്രത്തോളം നിസാരമാണ് മനുഷ്യജീവിതവും ബന്ധങ്ങളും എന്നു മനസിലായി. എവിടൊക്കെയോ ആ ആത്മാവിനെ തേടി അലഞ്ഞു ആ സ്വരത്തിനായി സ്പർശത്തിനായി സാമിപ്യത്തിനായി പക്ഷേ എല്ലാത്തിലും അങ്ങേര് നിറഞ്ഞുനിൽക്കുന്നു എന്നല്ലാതെ എവിടെ എന്നു കണ്ടെത്താനായില്ല. ഭ്രാന്തുപിടിച്ച മനസുമായി കരഞ്ഞുതീർത്ത രാത്രികൾ ഇനിയും കരയാനുള്ള പുലരികൾക്കു വഴിമാറി.
ഒറ്റക്കായി പോയ ഇന്നത്തെ അവസ്ഥയെക്കാളും കാത്തിരിക്കാൻ ആ മനുഷ്യൻ ഇല്ലാത്ത നാളെകളെക്കാളും എന്നെ വേദനിപ്പിച്ചത് അങ്ങേരോടൊപ്പം ജീവിച്ച വർഷങ്ങളുടെ ഓർമ്മകൾ ആയിരുന്നു. മുടിത്തുമ്പു മുതൽ കാല്പാദം വരെ സ്വന്തമാക്കിയിരുന്ന ആൾ എങ്ങോ മറഞ്ഞപ്പോൾ ആദിയും അന്ത്യവുമില്ലാത്തൊരു ചുഴിയിൽ ഉഴറി പോയി കരകേറാൻ പറ്റാത്ത വണ്ണം.
പിന്നെ എല്ലാ വിധവകളെയും പോൽ സന്താനങ്ങൾക്ക് വേണ്ടി ശിഷ്ട ജീവിതം. നന്നായി പഠിക്കുന്ന ഉണ്ണിക്ക് അമേരിക്കൻ കമ്പനിയിൽ ജോലി കിട്ടിയപ്പോൾ നിർബന്ധിച്ചു പറഞ്ഞുവിട്ടത് തെറ്റായി എന്നൊരു തോന്നൽ ഇപ്പോളും ഇല്ല. എത്രത്തോളം ഉയരങ്ങൾ അവനായി കാത്തിരിക്കുന്നോ അത്രത്തോളം അവൻ പറക്കട്ടെ ഒരിക്കലും അവന്റെ കാലുകളിൽ ഒരു ചരടായി ബന്ധിച്ചിടാൻ ആഗ്രഹിക്കുന്നുമില്ല.
ഒറ്റക്കുള്ള ഈ ജീവിതം അവസാനിപ്പിച്ചു സമപ്രായക്കാർ താമസിക്കുന്ന എവിടേലും കൂടുകൂട്ടാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. അങ്ങേരുറങ്ങുന്ന മണ്ണ് വിട്ടു ഒരു രാത്രി പോലും വയ്യ അത്ര തന്നെ ആ അസ്ഥിത്തറയിൽ വിളക്കുവെച്ചു ആ ചിത്രത്തിലെ മാലകൾ മാറ്റി പുതിയത് ചാർത്തി അങ്ങനങ്ങു നോക്കി ഇരിക്കുമ്പോൾ സമയം പോകുന്നതറിയില്ല കൂടെ ഉണ്ടെന്നു തോന്നും. ഒരു രാത്രി പോലും പിരിഞ്ഞിരിക്കാൻ വയ്യാണ്ട് ജീവിച്ചിട്ട് എന്തായി എന്നെന്നേയ്ക്കുമായി തനിച്ചാക്കി പോയി.
മൊബൈൽ നനുത്ത സ്വരത്തിൽ പാടുന്നു. ആരാണാവോ ?മോൻ വൈകുന്നേരം വീഡിയോ കാൾ വിളിച്ചു കണ്ടു സംസാരിച്ചു.കൂടെ അവന്റെ കൂട്ടുകാരി ഒരു മാദാമ്മയയും ഉണ്ടായിരുന്നു.കൂട്ടുകാരി ആണെന്ന് പറഞ്ഞു പരിചയപ്പെടുത്തിയപ്പോൾ കൂടുതൽ ഒന്നും ചോദിച്ചില്ല. പണ്ടൊക്കെ കൂട്ടുകാരി കാമുകി എന്നൊക്കെ പറഞ്ഞാൽ എന്തെന്ന് അറിയാമായിരുന്നു വിശദീകരണം ആവശ്യമില്ല പക്ഷേങ്കിൽ ഇന്ന് അങ്ങനല്ല സാഹചര്യം സ്വഭാവം ഇവയൊക്കെ അനുസരിച്ചു എല്ലാം മാറ്റപ്പെടും ഒന്നിനും സ്ഥായിയായ അർഥങ്ങൾ ഇല്ലെന്നു പറയാം. എന്താണേലും വിരോധമില്ല. സമർത്ഥനായ മകൻ സ്വയം തിരഞ്ഞെടുക്കട്ടെ.
മുട്ടുവേദന ഒക്കെ കുറേക്കാലായി ഒപ്പമുണ്ട്. ഓടിച്ചെന്നു ഫോൺ എടുക്കാനൊക്കെ പ്രയാസമാണ്. അതോണ്ട് തന്നെ അടുത്തെത്തിയപ്പോഴേക്കും അത് നിന്നിരുന്നു. പരിചയമില്ലാത്ത നമ്പർ. വീണ്ടും തെളിയുന്നു. ഹലോ വെച്ചപ്പോൾ അപ്പുറത്തൂന്നു കെട്ട സ്വരം തൊട്ടടുത്തുണ്ടെന്നു തോന്നിപ്പിക്കുന്നതായിരുന്നു
മറുതലക്കൽ നിന്നും ഒരു പൊട്ടിച്ചിരി . അമ്മുക്കുട്ടി ഇത് ഞാനടി നിന്റെ ഉമ്മച്ചികുട്ടി. സലീന. കുഞ്ഞുനാൾ തൊട്ടു ഒന്നിച്ചു വളർന്നു ഒരുമനസോടെ കഴിഞ്ഞവൾ. അവളെ ഞാൻ കളിയാക്കി ഉമ്മച്ചികുട്ടി എന്നുവിളിക്കുമ്പോൾ അവൾ തിരിച്ചെന്നെ അമ്മുക്കുട്ടി എന്നു വിളിക്കും.
ഞങ്ങടെ നാട്ടിലെ ആറും തോടും വയലും പറമ്പും കാവും കുളവും എല്ലാം ഈ കാലടികൾ മറക്കില്ല. കൈകോർത്തു താണ്ടിയ ദൂരവും കാതോട് ചേർത്തുപറഞ്ഞ കിന്നാരങ്ങളും എത്രയെത്ര. വിവാഹം കഴിഞ്ഞ നാളുകളിൽ പരസ്പരം ഇടക്കൊക്കെ കാണാൻ സാധിച്ചിരുന്നു പിന്നെ അവളുടെ കെട്ടിയോൻ ഗൾഫിനുപോയി പുറകെ ഇവളും രണ്ടു പെൺമക്കളും അവിടെ സ്ഥിരതാമസമാക്കി. ആദ്യം കത്തുകൾ ഒക്കെ അയച്ചിരുന്നു പിന്നെ ഓരോ തിരക്കുകളിൽ അതും മുടങ്ങി. എത്രയോ നാളുകളായി ആ സ്വരം കേട്ടിട്ട്. കടലാൽ ചുറ്റപ്പെട്ട ഒരു തുരുത്തു പോലെ ഒറ്റപെട്ട മനസിലേക്ക് കുളിർമയായി അവൾ ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു സത്യമോ സ്വപ്നമോ എന്നറിയാതെ ആദ്യം പകച്ചുവെങ്കിലും പിന്നെ ഞാനും വാതോരാതുള്ള സംസാരത്തിൽ പങ്കുചേർന്നു.
വർത്തമാനങ്ങൾക്കിടയിൽ തന്നെ പോലെ തന്നെ ചിറകൊടിഞ്ഞ പക്ഷിയായി അവളും എന്നറിഞ്ഞപ്പോൾ വല്ലാണ്ട് വേദന തോന്നി. കഴിഞ്ഞ വർഷം പെട്ടെന്നാരുന്നു അവടെ കെട്ടിയവൻ പോയത്. അറ്റാക്ക് വന്നതാണ്. പെണ്മക്കളെ കെട്ടിച്ചു എല്ലാരും അവിടെ തന്നെ സ്ഥിരതാമസം.
ഇനിയെന്ത് ?എന്തിനു ?എന്ന ചോദ്യങ്ങൾ ശക്തമായപ്പോൾ അവൾ നാട്ടിലേക്കു മടങ്ങി. സ്വന്തം വീട്ടിൽ ഇപ്പോൾ ആരും താമസം ഇല്ലെങ്കിലും കുറച്ചുമാറി അവളുടെ ആങ്ങള പുതിയവീട് വെച്ചിട്ടുണ്ട്. ആങ്ങള ചെക്കനാണ് എന്റെ അമ്മാവന്റെ വീട്ടിൽ ചെന്നു ഇന്നലെ വൈകിട്ട് തിരക്കി എന്റെ ഫോൺ നമ്പർ വാങ്ങി കൊടുത്തത്.
നേരത്തെയും ഇതൊക്കെ ആവാമായിരുന്നു പക്ഷേ എന്തോ ഒരു അകലം ഇടയ്ക്കു വന്നുപോയി അല്ലേലും സ്ത്രീകളുടെ സൗഹൃദങ്ങൾ എപ്പോളും അങ്ങനാണ് ഒരു മെഴുകുതിരിപോൽ പെട്ടന്നങ്ങു കത്തി തീർന്നുപോകും. പിന്നീട് തിരക്കിച്ചെല്ലാനൊ കണ്ടെത്താനോ സാഹചര്യങ്ങൾ ഇല്ലാത്തതല്ല അതിനേക്കാൾ സ്വതവേ ഉള്ള മടിയും അപകർഷതാബോധം ഉൾപ്പടെ ഉള്ള കോംപ്ലക്സ്, അവൾക്കെന്താ ഇങ്ങോട്ട് തിരക്കി വന്നാൽ എന്നൊക്കെ ഉള്ള ഈഗോയും സമ്മതിക്കാറില്ല. പക്ഷേ പുരുഷന്മാർ അങ്ങനല്ല ഒത്തിരി ചിന്തിച്ചുകൂട്ടാതെ പെട്ടന്ന് പ്രവൃത്തിക്കും. കുറച്ചൂടെ സ്വാതന്ത്രരാണവർ.
സംസാരങ്ങൾക്കവസാനം നാളെ അവൾ ഇവിടേയ്ക്ക് വരുന്നു എന്നറിഞ്ഞപ്പോൾ സ്വർഗം കയ്യിൽ കിട്ടിയ പോലെ. കുപ്പിവളകളേക്കാൾ നന്നായി പൊട്ടിച്ചിരിക്കുന്ന വാതോരാതെ സംസാരിക്കുന്ന സലീന എന്നും ഒരു അത്ഭുതമരുന്നു. എവിടെയും എന്തും മുഖത്തുനോക്കി പറയുന്ന ധൈര്യശാലി. ആൺകുട്ടികൾ അവളെ ഫെമിനിസ്റ്റ് എന്നൊക്കെ വിളിച്ചു കോളേജിൽ കളിയാക്കുമായിരുന്നു.
ആ സലീന കുടുംബം കുഞ്ഞുങ്ങൾ ഭർത്താവ് എന്നിങ്ങനെ തന്റേതായ ലോകത്തു ഇത്രനാളും ഒതുങ്ങികൂടിയതെങ്ങനെ എന്നു ഇന്നും അറിയില്ല. നല്ലൊരു മനുഷ്യനായിരുന്നു അവളുടെ ഭർത്താവ് ആ സ്നേഹത്തണലിൽ അവൾ തന്നിഷ്ടക്കാരിയിൽ നിന്നും പക്വമതിയായി. അന്നും ഇന്നും അവളെ കേൾക്കാൻ ആണ് എനിക്കിഷ്ടം. അവളുടെ തീരുമാനങ്ങളോട് ചേർന്നുപോകാൻ അല്ലാതെ മറുത്തൊരുവാക്കു പറഞ്ഞിട്ടില്ല അത്രക്ക് അവളെ എനിക്കിഷ്ടമായിരുന്നു. വർഷങ്ങൾക്കുശേഷം നാളെ അവൾ വീണ്ടും വരുന്നു.
ഓരോ നിമിഷവും ഇഴഞ്ഞിഴഞ്ഞു പകൽ കഴിഞ്ഞു രാവ് എത്തി. ഒരു പോള ഉറങ്ങാതെ പഴയതൊക്കെ ഓർത്തിരുന്നു ഏങ്കിലും ഇടക്കെപ്പോഴോ മയങ്ങിപ്പോയി . കുറേനേരം കഴിഞ്ഞു കാണും സെലീനയുടെ സ്വരം അവൾ മുറ്റത്തുനിന്ന് അമ്മുകുട്ടിയെ എന്നു നീട്ടിവിളിക്കുന്നു.
ഈശ്വര! പുലർച്ചെ എഴുന്നേറ്റു അവൾക്കായി എന്തെല്ലാം ഒരുക്കണം എന്നോർത്തതാണ് ?എന്നിട്ടിപ്പോ മണി പത്തായോ ?എന്തൊരു ഉറക്കമരുന്നു. എഴുനേൽക്കാൻ നോക്കിയപ്പോൾ ദേഹത്തിനു മൊത്തം ഒരു മരവിപ്പ്. കൈകാലുകൾ തണുത്തുറഞ്ഞതു പോലെ. അനങ്ങാൻ പറ്റുന്നില്ല. ഒരു ഞെട്ടലോടെ തിരിച്ചറിയുന്നു ഞാൻ മരിച്ചു പോയി. ശരീരം നഷ്ടപെട്ടുകഴിഞ്ഞു. എന്റെ ഉമ്മച്ചികുട്ടിയെ ഒരു നോക്കു കാണാൻ അനുവദിച്ചില്ലലോ ഈശ്വരന്മാരെ നിങ്ങൾ ?
പെട്ടന്നാണ് അലാറം അടിച്ചത് കണ്ണുതുറന്നു നോക്കിയപ്പോൾ മുറിയിലെ മങ്ങിയ വെട്ടത്തിൽ ക്ലോക്കിൽ സമയം നാലുമണി. അപ്പോൾ ഞാൻ മരിച്ചില്ലേ അതിശയത്തോടെ ദേഹത്ത് തൊട്ടു നോക്കി ഉറപ്പിക്കുമ്പോൾ ദുസ്വപ്നം ശരീരത്തെ വിയർപ്പിൽ കുളിപ്പിച്ചിരുന്നു. ഇപ്പോൾ കണ്ണടച്ചാൽ കാണുന്നത് മരണമാണ്.
വേഗം കുളിച്ചു അടുക്കളയിൽ കയറി പ്രാതലും ഊണും ഒരുക്കി കാത്തിരുന്നു . പറഞ്ഞസമയത് സ്വന്തം കാർ തനിയെ ഓടിച്ചു അവൾ എത്തി സെലീന . വാക്കുകൾക്കതീതമായ വികാരപ്രകടങ്ങളും സല്കാരങ്ങളും കഴിഞ്ഞു അന്തിക്ക് മാവിൻചുവട്ടിൽ രണ്ടുകസേരകളിരുന്നു ഓരോ ഓർമകളും അയവിറക്കുമ്പോൾ മുല്ലവള്ളിയിലെ മൊട്ടുകൾ വിരിയാൻ തുടങ്ങി.
അമ്മുകുട്ടിയെ, നിന്നോടൊപ്പം ഇതുപോലൊരു സന്ധ്യ ഇത്രയും മനോഹരമായ നിമിഷങ്ങൾ എനിക്കായി കാത്തുവെച്ച പടച്ചോൻ എത്ര വലിയവനാണ്. ഞാൻ ഉടനൊന്നും തിരിച്ചുപോകില്ല ഇവിടുന്നു കേട്ടോ.
എന്നും നീ കൂടെയുണ്ടായാൽ അത്രയും പുണ്യം. എന്റെ ഈ മടുപ്പിക്കുന്ന ഏകാന്തത, ഇരുട്ട് കനക്കുബോൾ ഇരച്ചുകേറുന്ന ഭയം എല്ലാത്തിനും ഇങ്ങനൊരവസാനം. നിന്റെ മക്കൾ എനിക്കു നിന്നെ തരുമോ ?
ഇഷ്ടം പോലെ സ്വത്തു എന്റെ പേരിൽ ഉണ്ട്. അതുകൊണ്ടുതന്നെ എന്റെ തീരുമാനങ്ങൾക്ക് ആരും തടസ്സം നിൽക്കില്ല. എന്റെ പേരിൽ കൂടി ഇതൊക്കെ എഴുതി വെക്കാനും കാരണമുണ്ട്.
ഇക്കാ മരിക്കുന്നതിനും വർഷങ്ങൾക്കു മുമ്പേ മറ്റൊരാൾ എന്നെ പ്രണയിച്ചു ഒരു പെണ്ണിന് പ്രിയപെട്ടതൊക്കെ കവർന്നെടുത്തു. എനിക്കു ബ്രെസ്റ് ക്യാൻസർ ആയിരുന്നെടി. ബ്രെസ്റ്റിനൊപ്പം യൂട്രസും റിമൂവ് ചെയ്തു പടരാൻ ചാൻസ് ഉണ്ടായിരുന്നു. എന്നിട്ടും ഇക്കാ ചേർത്തുപിടിച്ചു ധൈര്യം പകർന്നു. പെട്ടന്ന് ഒരുനാൾ എന്നെ കളിപ്പിച്ചു ഇക്കാ ആദ്യം പോയപ്പോൾ തകർന്നുപോയി കുറേനാൾ റൂമിൽ അടച്ചിരുന്നു. പിന്നെ എപ്പോളോ മരിക്കും മുമ്പ് നിന്നെ കാണാൻ കൊതി തോന്നി.. ഈ ലോകത്തു ശേഷിക്കുന്ന പ്രിയപ്പെട്ട ഒരേ ഒരാൾ നീ മാത്രമാണ്. നിനക്കൊപ്പം കുറച്ചുനാൾ വേണമെന്ന് തോന്നി. മരണത്തിനു തുല്യമായ വേദനകൾ ഈ അസുഖത്തിന്റെ കൂടപ്പിറപ്പാണ്. സഹിക്കാവുന്നതിനപ്പുറവും അനുഭവിച്ചു. രണ്ടുവട്ടം മരിക്കും എന്നു ഉറപ്പിച്ചു പക്ഷേ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നു.
നിന്നെ പറ്റി അന്വേഷിച്ചപ്പോൾ നീയും ഒറ്റക്കാണെന്ന് അറിഞ്ഞപ്പോൾ ഓടിയെത്തിയതാണ്. ഇനി ഒരുവട്ടം കൂടി മരണം കണ്ണുപൊത്തിക്കളിക്കില്ല കൊണ്ടേ പോകു എനിക്കുറപ്പാണ്. അതിനുമുമ്പ് ഒരു വസന്തകാലം.
മോളെ സലീന നിർത്തു ഇനി ഒന്നും പറയണ്ട. , നിനക്കൊന്നും വരില്ല. നിനക്കൊപ്പം ഇനി ഞാൻ ഉണ്ടാവും. ആ മുടികളിൽ തലോടവേ കുടമുല്ലപൂക്കളിൽ നിന്നും സൗരഭ്യം പ്രപഞ്ചത്തിലാകെ നിറഞ്ഞു.