സ്നേഹപൂർവ്വം, ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ
ഇനി ഞങ്ങളു തീരുമാനിക്കും. മറുത്തൊന്നും പറയണ്ട കൊല്ലം കുറച്ചായി സ്നേഹിച്ച പെണ്ണിനെ ഓർത്തുള്ള നിന്റെ ഈ നടപ്പ്.
അവൾക്ക് രണ്ടു കുട്ടികളായി. ഇനിയും ആ പറ്റിച്ചു പോയവളെയും ഓർത്തു നടക്കാനാണ് ഭാവമെങ്കിൽ ഞങ്ങളെ അങ്ങ് മറന്നേക്ക്.
ഞങ്ങളുടെ ഇഷ്ടത്തിന് ഒരു കുട്ടിയെ കണ്ടുവെച്ചിട്ടുണ്ട്. ഞങ്ങളത് തീരുമാനിച്ചു. ചടങ്ങിനൊരു പെണ്ണ് കാണൽ നാളെ രാവിലെ പോണം. മുങ്ങരുത് എന്റെ പൊന്നുമോൻ. വാക്ക് കൊടുത്തതാണ്.
ദേഷ്യവും സങ്കടവും ചേർന്നിട്ടുള്ള അമ്മയുടെ വാക്കുകളാണ്.
മറുത്തൊന്നും പറഞ്ഞില്ല. അല്ലെങ്കിലും. അമ്മയുടെ വാക്കുകൾക്ക് എതിരൊന്നും പറഞ്ഞും ശീലമില്ല.
ചില വാക്കുകളൊക്കെ തൊണ്ടയിൽ കുരുങ്ങി കണ്ണിൽ നനവ് പടർത്തി ഒടുങ്ങും.
മറുത്തൊന്നും പറയാതെ ഞാൻ മുകളിലേക്കു കയറിപ്പോയി. വടക്കു വശത്തേക്ക് ഉള്ള ബാൽക്കണിയിൽ പോയിരുന്നു.
പറമ്പിനപ്പുറത്തു പാടമാണ് അവിടുന്ന് കാറ്റ് വീശുന്നുണ്ട്. വരമ്പിലൂടെ ആരൊക്കെയോ പണി കഴിഞ്ഞു പോകുന്നുണ്ട്. പടത്തിനപ്പുറമുള്ള തേവരുടെ അമ്പലത്തിലെ കൽവിളക്കും ചുറ്റുമുള്ള വിളക്കുകളും തെളിയിച്ചിട്ടുണ്ട്. ആരുടെയോ വഴിപാടുണ്ടായിരിക്കാം. പ്രാത്ഥനകൾ സാധ്യമാകുമ്പോൾ തേവർക്കൊരു ചുറ്റുവിളക്ക്. ഇന്നും ആരുടെയെങ്കിലും പ്രാർത്ഥനകൾ സഫലമായിക്കാണും.
സായാഹ്നങ്ങളിലെ കാഴ്ചക്കെന്നും ഭംഗിയാണ്. ജോലികഴിഞ്ഞു വീട്ടിലെത്തുന്നതിന്റെ സന്തോഷത്തിന്റെ ചിരിയുണ്ടാകും എല്ലാവരുടെയും മുഖത്തു. ഒരു ദിവസത്തിന്റെ അധ്വാനത്തിന്റെ ക്ഷീണത്തിന് മേലേ ആ ചിരി തെളിഞ്ഞു കാണാം.
സ്നേഹം കൊണ്ടു മുറിവേറ്റത് ഉണങ്ങാൻ സമയമെടുക്കും. അതുകൊണ്ടുതന്നെയാണ് എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറി നടക്കുന്നതും. പക്ഷേ ഞാൻ മാത്രം പിന്നെയും ആ മുറിവിനെ സ്നേഹിക്കുന്നു.
മുറികൂടുമ്പോൾ ആ പൊറ്റ പൊളിച്ചു വീണ്ടും വീണ്ടും മുറിവാക്കി ആ നീറ്റൽ അനുഭവിച്ചു കൊണ്ടിരിക്കുന്നു. കുരങ്ങന് മുറിപ്പറ്റിയപോലെ എന്ന് പറയും വിധം.
പ്രണയമെന്ന ഭ്രാന്ത് എന്നും വിളിക്കാം അല്ലേ?
ഓർത്തോർത്തിരുന്നു നേരം ഒരുപാടായി. ഇരുട്ട് നിറഞ്ഞ പാടത്തിനപ്പുറം കുറച്ചു ദീപങ്ങൾ മാത്രം. ബാക്കിയെല്ലാം കാറ്റിനോട് തോറ്റുപോയിക്കാണും.
അമ്മയുടെ വാക്കുകൾക്ക് വിലയുണ്ട്. അമ്മയാണ് പറഞ്ഞതെങ്കിലും അച്ഛന്റേം കൂടെ സങ്കടങ്ങളാണ്.
“എല്ലാം അറിയാം.”
ഡയറിയെടുത്തു എഴുതി. പേന കയ്യിലെടുക്കുമ്പോഴൊക്കെ അവളുടെ മുഖമാണ് അതുകൊണ്ടൊന്നും ഇപ്പോൾ കുറിച്ചിടാറുമില്ല.
പക്ഷേ ഇന്നു അവസാനമല്ലേ ഞാനിഷ്ട്ടപെടുന്ന സ്വപ്നത്തിന്റെയും വേദനകളുടെയും.
ഒരു നിമിഷം കണ്ണടച്ച് പിടിച്ചു. എഴുതി.
” സങ്കൽപ്പങ്ങളുടെ കാഴച്ചപാടൊക്കെ പോയ് മറയുന്നു യാഥാർഥ്യങ്ങളോട് പൊരുത്തപെടേണ്ടിവരുമ്പോൾ “
രാവിലെ എഴുന്നേറ്റു കുളിച്ചു റെഡിയായി പെണ്ണുകാണാൻ പോകുമ്പോൾ. മനസു ശൂന്യമായിരുന്നു. ഒന്നും പ്രതീക്ഷിക്കാതെ പോകുന്നവന് എന്തു അങ്കലാപ്പ്.
അമ്മയുടെയും അച്ഛേടെയും മുഖം തെളിഞ്ഞിട്ടുണ്ട്. എന്റെ മാറ്റം കൊണ്ടാകും.
കാർ ഒരു പഴയ തറവാടിന്റെ മുറ്റത്തു ചെന്നു നിന്നു. ചെത്തിയും വെള്ളമന്ദാരവും. അടുക്കളയിൽ നിന്നു തുടിയിട്ടു കോരൻ പറ്റുന്ന കിണറും ഒക്കെയുള്ള ഒരു പഴമയുടെ ഭംഗിയുള്ള വീട്.
എല്ലാം പറഞ്ഞു വെച്ചകാരണമാകും ഉമ്മറത്തു തന്നെ സ്വീകരിക്കാൻ ആളുകൾ ഉണ്ടായിരുന്നു.
വിശേഷങ്ങൾക്കിടയിൽ ചായ. പലഹാരങ്ങൾ. ജനാലകൾക്കപ്പുറത്തു നിന്നു കുറച്ചു ജോഡി കണ്ണുകൾ. കുട്ടിയെ വിളിച്ചാലോ എന്ന ചോദ്യം.
ഇരു നിറത്തിൽ. കറുപ്പും നീലയും കലർന്ന ചുരിദാർ ഇട്ട. നെറ്റിയിൽ എണ്ണമെഴുക്കിന് മീതെ ചന്ദനം തൊട്ട്. എങ്ങിനൊക്കെയോ ടെൻഷനിടയിൽ ചിരിക്കാൻ ശ്രമിക്കുന്ന പെൺകുട്ടി.
ഞനും ചിരിക്കാൻ ശ്രമിച്ചു. അതൊരു ചിരിയായി അവൾക്കു തോന്നിയോ എന്ന് എനിക്കുതന്നെ ഉറപ്പില്ലായിരുന്നു.
പിന്നെ കാര്യങ്ങളൊന്നും പറയണ്ട കാര്യമില്ലല്ലോ . എല്ലാം തീരുമാനിച്ചു ഉറപ്പിച്ചേക്കല്ലേ ജാതകത്തിന്റെ പൊരുത്തം വരെ. ഞാനല്ലേ കാണാത്തതുള്ളു ഞാൻ മാത്രമല്ലെ കാണാത്തതുള്ളു.
യാത്ര പറയാൻ നേരം. അച്ഛ പറയുക കൂടി ചെയ്തു. എങ്ങിനാ കാര്യങ്ങൾ എന്ന് വെച്ചാൽ തീരുമാനിച്ചോളൂ. മ്മക്ക് എന്നായാലും കുഴപ്പല്യ. എല്ലാരേം ക്ഷണിക്കാനുള്ള സാവകാശം. അത്രേം മതി.
“പൂർണ്ണമായി.”
തിരിച്ചുള്ള യാത്രയിൽ മനസു മുഴുവൻ ഇന്നലെ എഴുതിയ വരികളായിരുന്നു. സങ്കൽപ്പങ്ങളൊന്നുമല്ല…. ജീവിതം.
ലക്ഷ്മി. അതാണ് അയാളുടെ പേര്. വലതുകാല് വെച്ചു വീട്ടിലേക്കു കയറുമ്പോഴും അവളെന്റെ മനസ്സിൽ കയറിയിട്ടില്ലായിരുന്നു.
പക്ഷേ ഒന്നും പുറത്തു കാണിക്കാതെ ഞാനും അഭിനയിച്ചു.
ഒന്നു ചേർത്തുപിടിക്കാൻ പോലും ഞാൻ ശ്രമിച്ചിട്ടില്ല. പലപ്പോഴും തോന്നിയിട്ടുണ്ട് ഇവളിത്ര പാവമാണോ എന്ന്.
അതോ ജാതകദോഷം എന്ന് പറഞ്ഞു. പെണ്ണുകാണൽ പരിപാടിക്ക് നിന്നു മനസുമടുത്തവൾക്ക് ഇതൊന്നും കാര്യമായിട്ട് തോന്നുന്നില്ലേ എന്ന്.
വീട്ടില് ഹാപ്പിയാണ്.. അമ്മ അച്ഛ. എല്ലാരും തലയിലേറ്റിയാണ് നടക്കുന്നത്.
അഭിനയിച്ചു വീർപ്പുമുട്ടുമ്പോൾ ട്രിപ്പ് എന്നും പറഞ്ഞു ബൈക്ക് എടുത്തു ഇറങ്ങും. എന്നാ വരുക എന്ന് ചോദിക്കുമ്പോൾ നോക്കട്ടെ എന്നുള്ള ഒരു മറുപടിയിൽ ഒതുക്കും എല്ലാം.
എവിടെത്തി. കഴിച്ചോ ചായകുടിച്ചോ എന്നുള്ള മെസ്സേജുകൾ പോലും ഞാൻ കണ്ടില്ലന്നു നടിക്കും.
ശരീരവും മനസും കയ്യിലും കാലിലും ആണെന്ന ഓവർ കോൺഫിഡൻസ് ഉള്ളത് കൊണ്ടു സ്പീഡ് കൂടുതലാണ്. വഴിയരികിൽ നിന്ന പട്ടിക്കു അതു അറിയില്ലായിരുന്നു എന്ന് മാത്രം. നെഞ്ചും കുത്തി വീണു. വീൽചെയറിൽ വീട്ടിൽ ചെന്നപ്പോൾ. നേരത്തെ പറഞ്ഞ ആത്മവിശ്വാസം എല്ലാം ചോർന്നു പോയിരുന്നു. ബാക്കി വല്ലതും ചോർന്നു പോവാൻ ഉണ്ടെങ്കിൽ ട്യൂബും ഇട്ടിട്ടുണ്ടായിരുന്നു.
മൂന്നു മാസം. വീട്ടിൽ ഇരുന്നപ്പോഴാണ് അറിഞ്ഞത് അമ്മയും അച്ഛനും അവളെ ഇത്രമാത്രം സ്നേഹിക്കുന്നതിന്റെ കാരണം.
ഒരു മടുപ്പുമില്ലാതെ എന്റെ ഓരോ കാര്യങ്ങളും ചെയ്തു തരുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോകുന്നുണ്ടായിരുന്നു.
ഒരു ദിവസം വടക്കേ ഭാഗത്തുള്ള ബാൽക്കണിയിൽ ഇരിക്കുമ്പോൾ ഞാൻ അവളോട് ചോദിച്ചു. എന്റെ സ്നേഹം അഭിനയം ആണെന്ന് തോന്നിയിട്ടും എന്തെ താൻ എന്നെ കളഞ്ഞിട്ടു പോകാഞ്ഞേ എന്ന്.
സ്നേഹം കൊണ്ടു അലിയാത്ത മനസൊന്നും ആർക്കും ഈ ഭൂമിയിൽ ഇല്ല എന്ന് അറിയാവുന്നതു കൊണ്ടു.
അന്നാദ്യമായി ഞാനവളെ ചേർത്തു പിടിച്ചു എന്റെ ഹൃദയത്തിലേക്ക്.
അന്ന് എഴുതിയ വരികൾ വെറുതെ ഓർത്തുപോയി.
സങ്കൽപ്പങ്ങളിലെ കാഴ്ചപ്പാടൊക്കെ പൊയ്മറഞ്ഞു യാഥാർഥ്യത്തോട് പൊരുത്തപെടുമ്പോൾ.
യഥാർഥ്യത്തിനേ ജീവനുള്ളു അതിലെ ജീവിതമുള്ളൂ.
തേവരുടെ അമ്പലത്തിൽ ഇന്നൊരുപാട് ദീപങ്ങൾ തെളിയും.
എന്റെ വഴിപാടാണ്. ലക്ഷ്മിയെ എന്നോട് ചേർത്തു വെച്ചതിനു.