നേരിനൊപ്പം…
രചന: Unni K Parthan
“നോക്കിയാൽ ഗ ർഭമുണ്ടാവുന്ന സൈസ് ആണേൽ നീ എന്നേ നോക്കിയേഡാ..” ശശികല സാരിയെടുത്തു കാൽ മുട്ടിനു മുകളിലേക്ക് എടുത്തു എളിയിൽ കുത്തികൊണ്ട് ചോദിച്ചു…
“ചേട്ടാ പണി പാളി ന്നാ തോന്നണേ.” വിനായകന്റെ ചെവിയിൽ പതിയെ ചന്തു പറഞ്ഞു…
വിനായകനും ഒന്ന് പകച്ചു..
“ന്തെടാ നോക്കുന്നില്ലേ..” വലതു കാലെടുത്തു അടുത്ത് കണ്ട കല്ലിന്റെ മുകളിലേക്ക് കയറ്റി വച്ചു ശശികല..
“ചേച്ചി അത് പിന്നേ..” വിനായകൻ നിന്നു പരുങ്ങി…
“ദാ..അവള് പൊക്കി വെച്ചതിൽ കൂടുതൽ ഞാൻ പൊക്കി വെച്ചിട്ടുണ്ട്..അവളോട് മാത്രം ആണോ തോന്നുള്ളു നിനക്കൊക്കെ…അതോ ആ കുട്ടിക്ക് ചോദിക്കാനും പറയാനും ആരുമില്ല ന്ന് കരുതിയോ..” അല്പം മാറി തല കുമ്പിട്ടു നിൽക്കുന്ന പെൺകുട്ടിയെ ചേർത്ത് പിടിച്ചു കൊണ്ട് ശശികല ഒന്നുടെ ഉറക്കേ ചോദിച്ചു..
“അതേടാ..ഞങ്ങളൊക്ക തെരുവിൽ കിടന്നു ജീവിതത്തോട് പട പൊരുതുന്നവരാണ്..കാണാൻ ഇച്ചിരി കോലം തന്ന് പോയി ദൈവം..നിങ്ങൾക്കൊക്കെ ഒരു ധാരണ ണ്ട്…തല ചായ്ക്കാൻ കൂരയില്ലാത്ത ഞങ്ങളുടെയുള്ളിൽ വല്യ വല്യ സ്വപ്നങ്ങളാണ് ന്ന്…അതേടാ…വല്യ വല്യ സ്വപ്നങ്ങൾ തന്നാ..എന്നേലും ഒരിക്കൽ ഞങ്ങൾക്കും ഒരു നല്ല കാലം വരുമെന്നുള്ള സ്വപ്നം…
ദാ…നീ നോക്കി വെള്ളമിറക്കിയ ഇവളില്ലേ..ഇവൾ ജോലി ചെയ്യുന്നത് എവ്ടാണ് ന്ന് നിനക്കറിയോ..കൊച്ചിയിലെ അറിയപ്പെടുന്ന ഒരു ഐടി കമ്പനിയിൽ ആണ്..ഈ ചേരിയിൽ നിന്നും ഇവൾക്ക് മാറി താമസിക്കാൻ കഴിയാതെയല്ല..ഇവൾക്ക് ഇവിടം വിട്ടു പോകാൻ കഴിയില്ല..ഞങ്ങളെയൊന്നും പിരിയാൻ കഴിയില്ല….
നീ അവളുടെ മുഖത്ത് നോക്കി ചോദിച്ചു ലോ..കൂടെ പോരെ..ഒരു രാത്രി..രാവിലെ പറഞ്ഞു വിടാം ന്ന്…പിന്നെ ന്താ പറഞ്ഞേ നീ..നീയൊന്ന് ആഞ്ഞു നോക്കിയാൽ ഇവൾക്ക് ഗർഭം ണ്ടാവുന്നോ..
ങ്കിൽ ഒന്ന് നോക്കടാ…നാ യേ.. ” ശശികല ഉറക്കേ അലറി വിളിച്ചു..
“ചേച്ചി…”പിറകിൽ നിന്നും ആ പെൺകുട്ടി പതിയെ വിളിച്ചു..പിന്നേ ശശികലയേ പിന്നിലേക്ക് മാറ്റി നിർത്തി കൊണ്ട് സുധ പതിയെ വിനായകന്റെ നേരെ നടന്നു വന്നു…അവന്റെ കണ്ണുകളിലേക്ക് നോക്കി..
വിനായകൻ പതിയെ തല താഴ്ത്തി…
“നിനക്ക് ഗ ർഭമുണ്ടക്കേണ്ടേ…” പതിയെ സുധ ചോദിച്ചു…
“ഡാ തല ഉയർത്തി നോക്കഡാ..ആണുങ്ങളുടെ വില കളയാതെ..” വിനായകൻ തല താഴ്ത്തി നിന്നു..
ഹീലുള്ള തന്റെ ചെരിപ്പ് കൊണ്ട് വിനായകന്റെ വലതു കാലിലെ തള്ള വിരലിൽ ചവിട്ടി പിടിച്ചു സുധ…
“അമ്മേ….” വിനായകൻ ഒന്ന് നിലവിളിച്ചു…
ഒന്നുടെ ചവിട്ടിയമർത്തി സുധ…ഇത്തവണ വിനായകന്റെ ശബ്ദം അലർച്ചയായി പുറത്തേക്ക് വന്നു..
ഇത് നിനക്കുള്ള ഒരു സമ്മാനമാണ്…ചവിട്ടിയരച്ച കാലിൽ നിന്നും നഖം വേർപെട്ട് മണ്ണിൽ പതിച്ചു..ചോര വാർന്നൊഴുകി മണ്ണിൽ കുതിർന്നു…
ഇരു കയ്യും കുത്തി വിനായകൻ മണ്ണിൽ ഇരുന്നു..അവനോടൊപ്പം സുധയും താഴേക്കിരുന്നു..
“ഡാ..നിന്റെ നെഞ്ചിലേ..ഈ ഹൃദയമിടുപ്പിന്റെ വേഗം എനിക്ക് കേൾക്കാം…നിന്നെ കൊല്ലട്ടെ ഞാൻ..” സുധ വിനായകന്റെ കണ്ണിലേക്കു നോക്കി…
വിനായകന്റെ കണ്ണിൽ ഭീതി വളരുന്നത് കണ്ട് സുധ വല്ലാത്തൊരു ചിരി ചിരിച്ചു..
“നിന്റെ ഇതങ്ങോട്ട് മുറിച്ചെടുത്താലോ…” താഴേക്ക് നോക്കി സുധ പറഞ്ഞത് കേട്ട് വിനായകൻ ഞെട്ടി വിറച്ചു പിറകിലേക്ക് നിരങ്ങി നീങ്ങി..
“ഇനി നീ ആരോടെങ്കിലും ഇങ്ങനെ പറയോ..”
“ഇല്ല..മാപ്പ്….തെറ്റ് പറ്റിപ്പോയി…ഇനിയുണ്ടാവില്ല…സത്യം…എന്നേ ഒന്നും ചെയ്യരുത്…” കൈകൂപ്പി കൊണ്ട് വിനായകൻ കെഞ്ചി…
“പ്ഫാ..” നീട്ടിയൊരു ആട്ടും എഴുന്നേറ്റ് നിന്നു നെഞ്ചിലേക്ക് ഒരു ചവിട്ടും കൊടുത്തു കൊണ്ട് വിനായകനെ നോക്കി സുധ ..
“പെണ്ണിന് ഒരു നീതിയുണ്ട്… അവളുടെ മനസ്സിൽ അവൾ ആരുമറിയാതെ ആരോടും പറയാതെ സംരക്ഷിച്ചു പോകുന്ന നീതി..ആ നീതി നൽകുന്ന സംരക്ഷണം ഇല്ലാതായാൽ അവൾ പ്രതീകരിക്കും..നിനക്കൊക്കെ ചിന്തിക്കാൻ കഴിയുന്നതിനു മുകളിൽ ആവും..ആ പ്രതീകരണം..ഓർക്കണം..ഓർത്താൽ എല്ലാർക്കും നല്ലത്…” അതും പറഞ്ഞു സുധ തിരിഞ്ഞു നടന്നു..
ശുഭം