കുറേ നല്ല മനസ്സുകള്‍ – രചന: NKR മട്ടന്നൂർ
ഒരു ”ഇന്‍റര്‍വ്യൂയില്‍’ പങ്കെടുക്കാനായ് രാവിലെ വീട്ടീന്നിറങ്ങി…
ഒരു ഫയലില്‍ എന്‍റെ അത്രനാളത്തെ ‘സമ്പാദ്യ’മായിരുന്ന സര്‍ട്ടിഫിക്കറ്റുകളുമായിട്ട്…ദൂരേന്ന് കാണാം റോഡില്‍ ഒരാള്‍ക്കൂട്ടം…വേഗം അതിനിടയിലേക്ക് ചെന്ന് എത്തി നോക്കി…
ഒരു ചെറുപ്പക്കാരന്‍ റോഡില്‍ ചോരയില്‍ കുതിര്‍ന്നു കിടക്കുന്നു…!! കുറേ കാഴ്ച്ചക്കാരുണ്ട് എന്നല്ലാതെ ആരും അടുക്കുന്നില്ല…ചുറ്റിലും ഒരു സംരക്ഷണവലയം തീര്‍ത്തിട്ടുണ്ട്…
”മാസങ്ങള്‍ക്കു മുന്നേ ”മനസ്സി”ല്‍ ഉറച്ചു പോയ ഒരു ദാരുണ ചിത്രം നെഞ്ചിലേക്ക് ഓടിവരാനുള്ള ഒരു നിമിഷം മാത്രേ ഞാന്‍ പകച്ചു നിന്നുള്ളൂ…”
ആള്‍ക്കൂട്ടത്തെ വകഞ്ഞു മാറ്റി അവനെ പോയി കോരിയെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു…അതിനുള്ള ബലം എന്‍റെ കൈകള്‍ക്കില്ലായിരുന്നു….!!
സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ആരും അടുത്തേക്ക് വന്നില്ല….!കുപ്പിയും പാട്ടയും പെറുക്കി അതു വഴി വന്ന രണ്ടു നാടോടി സ്ത്രീകളുടെ ”മനസ്സ്” മാത്രേ ഒന്നലിഞ്ഞുള്ളൂ….!
ഏതോ മനസ്സാക്ഷിയുള്ള ഒരു ഓട്ടോക്കാരന്‍റെ സഹായത്തോടെ ഞങ്ങള്‍ അയാളെ ഹോസ്പിററലിലേക്ക് കൊണ്ടുപോവുമ്പോള്‍…എന്‍റെ മടിയില്‍ തലവെച്ചു കിടക്കുന്ന ആ മുഖത്തേക്ക് അലിവോടെ നോക്കി നില്‍ക്കവേ…അയാള്‍ അസപ്ഷ്ടമായ് ‘അമ്മേ’ എന്നൊന്നു വിളിച്ചു…
ഏതോ ഒരുള്‍പ്രേരണയാല്‍ ആ മുഖം ഞാനെന്‍റെ മാറോട് ചേര്‍ത്ത് നെഞ്ചിലെ ചൂടു നല്‍കി…ഒരു കുഞ്ഞിനെ പോലെ അയാളവിടെ പറ്റിച്ചേര്‍ന്നു കിടന്നു….!
ഒരു വലിയ ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് അവനെ കിടത്തിയ സ്ട്രെക്ച്ചര്‍ തള്ളിക്കൊണ്ടു പോവുമ്പോള്‍…!നാലുമാസങ്ങള്‍ക്കു മുന്നേ എനിക്കും അമ്മയ്ക്കും നഷ്ടമായ എന്‍റെ പ്രിയ ഏട്ടന്‍റെ മുഖമായിരുന്നു ”മനസ്സില്‍”…
ഇതു പോലെ ഒരു വാഹനാപകടത്തില്‍ റോഡില്‍ കിടന്നു രക്തം വാര്‍ന്നു മരിച്ച എന്‍റെ ഏട്ടന്‍ രമേഷിനെ പോലെയായിരുന്നു ആ മുഖവും…
ആശുപത്രിയില്‍ നിന്നും മടങ്ങുമ്പോള്‍ രണ്ടുകാര്യങ്ങള്‍ ഓര്‍മ്മ വന്നു…തന്‍റെ സര്‍ട്ടിഫിക്കറ്റുകളെവിടേയോ നഷ്ടമായിരിക്കുന്നു…ആ ഇന്‍റര്‍വ്യൂവിന്‍റെ സമയം അവസാനിച്ചിരിക്കുന്നു…
പക്ഷേ…നന്മ നിറഞ്ഞ ”മനസ്സി”നുടമയായ ആ ഓട്ടോക്കാരന്‍ അപ്പോഴും എന്നെ വീട്ടിലെത്തിക്കാനായി വെളിയില്‍ കാത്തിരിപ്പുണ്ടായിരുന്നു….അയാളുടെ കയ്യിലുണ്ടായിരുന്നു എന്‍റെ സര്‍ട്ടിഫിക്കറ്റുകളെല്ലാം ഭദ്രമായിട്ട്…
പിറ്റേ ദിവസത്തെ പത്രത്തിലെ കോളം വാര്‍ത്ത കണ്ട് അതേ കമ്പനിയിലെ അറിയിപ്പു കിട്ടി യാതൊരു ഇന്‍റര്‍വ്യൂയുമില്ലാതെ ഞാനവിടെ ജോലിക്ക് കയറി…
അപ്പോഴും ഏറ്റവും നല്ല ”മനസ്സി”നുടമയായ ഈശ്വരന്‍ എന്‍റെ തലയ്ക്കു മീതേ നിന്ന് എന്‍റെ മുഖത്തു നോക്കിയാവും പുഞ്ചിരി തൂകിയത്…
നാളുകളോടിപ്പോയെങ്കിലും ആ ഏട്ടനെ എന്‍റെ ”മനസ്സ്” മറക്കാതെ സൂക്ഷിച്ചിരുന്നു…
ഒരു ഞായറാഴ്ച തൊടിയിലിരുന്ന് പൂക്കളോട് കിന്നാരം പറയുകയായിരുന്ന എന്നരികിലേക്ക് ഒരാള്‍ നടന്നു വന്നു….!! കൂടെ ഐശ്വര്യമുള്ള ഒരമ്മയുമുണ്ടായിരുന്നു…പിറകില്‍ ഞാന്‍ പിന്നേയും കണ്ടു…നല്ല ”മനസ്സോ”ടെ പിറവി കൊണ്ട ആ ഓട്ടോക്കാരനേയും…
അമ്പരപ്പോടെ നിന്ന എന്‍റെ കൈകളില്‍ വന്നു പിടിച്ചു ആ ”അമ്മമനസ്സ്”…ഒരായിരം നന്ദി വാക്കുകളോടെ…ആ നിറഞ്ഞ കണ്ണുകളിലുണ്ടായിരുന്നു മകനെ തിരിച്ചു നല്‍കിയ ഒരമ്മയുടെ ‘സ്നേഹമനസ്സ്’…
അവനെനിക്കൊരു ഏട്ടനെ പോലെയായി പെട്ടെന്ന്…നിഷ്ക്കളങ്കമായ ആ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ ഇന്നെന്‍റെ ”മനസ്സും” ഒരു കുഞ്ഞിനെപോലെ ആ കൈകളില്‍ പിടിച്ചു പാടവരമ്പിലൂടെ ഓടിക്കളിക്കാന്‍ കൊതിക്കുന്നു…
ഒടുവില്‍ എന്‍റെ ആ ഏട്ടന്‍ എനിക്കൊരു സമ്മാനവുമായ് വന്നു അവന്‍റെ പ്രിയ കൂട്ടുകാരന് എന്നെ കെട്ടിച്ചുകൊടുക്കാനുള്ള ഏട്ടന്‍റെ ”മനസ്സു”മായിട്ട്…