അവളില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതാവാന്‍ കൊതിച്ചു ഞാനും എന്‍റെ മനസ്സും

സായൂജ്യം – രചന: NKR മട്ടന്നൂർ

ഇന്ന് ഇത്തിരി അധികമായിപ്പോയി. കൂട്ടുകാരന്‍റെ കാറില്‍ മുറ്റത്ത് വന്നിറങ്ങുമ്പോള്‍ കണ്ടു. പടിവാതിലില്‍ പതിവു പോലെ അമൃതയെ…

എന്നെ കണ്ടപാടെ എഴുന്നേറ്റു വന്നു. ഞാന്‍ ആടിയുലയുന്നതു കണ്ടിട്ടാവാം ഓടിവന്നെന്നെ തോളോടു ചേര്‍ത്തു പിടിച്ചു മുറിയില്‍ കൊണ്ടിരുത്തി. മുന്‍വശത്തെ വാതിലടയ്ക്കാനായ് ഓടി പോവുന്നത് കണ്ടു. കിടക്കയിലേക്ക് വീണു ഞാന്‍.

ഏട്ടാ കഴിക്കാതെ കിടക്കല്ലേ വാ…അവളെന്‍റെ‍ ശരീരത്തില്‍ പിടിച്ചു ഉലച്ചെങ്കിലും കണ്ണുകള്‍ താനേ അടഞ്ഞു പോയി. കാലിലെ ഷൂസഴിച്ചു മാറ്റിയതുപോലെ തോന്നി. എപ്പോഴോ ഓക്കാനിച്ചതും കഴിച്ചതു മുഴുവന്‍ പുറത്തേക്ക് പോയതും അറിഞ്ഞു.

കണ്ണുകള്‍ വലിഞ്ഞു മുറുകുന്നതുപോലെ, തുറന്നിട്ടു കിട്ടുന്നില്ല…മുതുകില്‍ ആരോ മൃദുവായ് തഴുകുന്നുണ്ടായിരുന്നു…പിന്നേയും മയങ്ങിപ്പോയി.

രാവിലെ അലാറം കേട്ടുണര്‍ന്നു. എഴുന്നേറ്റ് കിടക്കയില്‍ തന്നെ കുറേനേരമിരുന്നപ്പോഴേ ഇന്നലത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞുള്ളൂ. തറയിലേക്ക് നോക്കി…അവിടെ നല്ലപോലെ തുടച്ചു വൃത്തിയാക്കിട്ടുണ്ട്…റോസാപ്പൂവിന്‍റെ പരിമളം മുറിയില്‍ പരന്നിട്ടുണ്ട്.

ഒരു കപ്പില്‍ കാപ്പിയുമായ് അമൃത കയറി വന്നു. കുളിച്ചു ഈറന്‍മുടിയില്‍ തോര്‍ത്തു ചുറ്റിയിട്ടുണ്ട്. നെറ്റിയില്‍ ചന്ദനക്കുറിയും സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തിയിട്ടുണ്ട്. കണ്ണുകളില്‍ ഉറക്കം തളം കെട്ടിക്കിടക്കുന്നത് കണ്ടപ്പോള്‍ അല്‍പം കുറ്റബോധം തോന്നി.

കാപ്പി തന്നിട്ട് ഷര്‍ട്ടിന്‍റെ ബട്ടന്‍സുകള്‍ അഴിച്ചു മാറ്റി. ”ഏട്ടാ എട്ടുമണിക്ക് ഗസ്റ്റ്ഹൗസില്‍ കലക്ടറുടെ മീറ്റിംഗില്‍ പങ്കെടുക്കാനുള്ളതല്ലേ…” വേഗം പോയി കുളിച്ചു ഫ്രഷായിട്ട് വാ ഞാന്‍ പ്രാതല്‍ വിളിമ്പി വെയ്ക്കാം. കാപ്പികപ്പും വാങ്ങി അവള്‍ പോയി…

സമയം ആറരയായിട്ടുണ്ട്…വേഗം കുളിച്ചു ഡ്രസ്സ് മാറ്റി വന്നു. ഇഡ്ഡ്ലിയും സാമ്പാറുമായിരുന്നു. നല്ലോണം കഴിച്ചു എഴുന്നേറ്റ് കൈ കഴുകി വരുമ്പോഴേക്കും ബാഗുമായ് വന്നു കാത്തു നില്‍പുണ്ടവള്‍ ഉമ്മറത്ത്. അതും വാങ്ങി പോവാനൊരുങ്ങുമ്പോള്‍ അവളെന്‍റെ കൈയ്യില്‍ പിടിച്ചു.

”ഏട്ടാ ഇന്നിത്തിരി നേരത്തേ വരാന്‍‍ ശ്രമിക്കണേ.. ”

”എന്താ ഇന്നു വിശേഷം ”എന്നു ചോദിച്ചു…

”ഒന്നുമില്ല…വെറുതേ….എന്നും രാത്രിയാവാറില്ലേ വരുമ്പോൾ…ഇന്ന് പറ്റുമെങ്കില്‍ കഴിക്കാതെ വരണേന്നും പറഞ്ഞു…”

കാറോടിച്ചുപോവുമ്പോള്‍ അമൃതയുടെ വാക്കുകള്‍ ആയിരുന്നു മനസ്സില്‍. മൊബൈലില്‍ തീയ്യതി നോക്കി…”ഒക്ടോബര്‍ 12..”ഒരു നിമിഷം…അപ്പോഴേ ഓര്‍മ്മ വന്നുള്ളൂ…ഓ…ഇന്നെന്‍റെ പിറന്നാളാണല്ലോ. എല്ലാം മറന്നു തുടങ്ങിയിട്ട് കുറേ നാളുകളായിരിക്കുന്നു. ഇപ്പോള്‍ എന്നും കുടിച്ചിട്ടേ ചെന്നു കയറാറുള്ളൂ.

”ഒന്നും പറയാതെ എല്ലാം സഹിച്ചോണ്ട് എന്നും ഒരേ മുഖത്തോടെ കാത്തിരിക്കുന്ന അമൃതയേക്കുറിച്ച് സത്യത്തില്‍ ഓര്‍ക്കാറേ ഇല്ല…” ”ഒന്നിനും അവള്‍ക്കു പരിഭവമോ പരാതിയോ ഇല്ല …” ”പിന്നെന്തിനാ അവളെക്കുറിച്ച് ഓര്‍ക്കുന്നത്…” അതാ ഇപ്പോള്‍ കണ്ടെത്തിയ മനസ്സിന്‍റെ ന്യായവാദം.

ഉച്ചയാവുമ്പോഴേക്കും കോണ്‍ഫ്രന്‍സ് കഴിഞ്ഞു. ഇനി പ്രത്യേകിച്ചു പരിപാടികളൊന്നുമില്ല. നാളെ ഞായറാഴ്ച. ആരുടെയെങ്കിലും കണ്ണില്‍ പെടുന്നതിന് മുന്നേ കാറെടുത്ത് റോഡിലേക്കിറങ്ങി. ഫോണ്‍ ഓഫ് ചെയ്തു വെച്ചു.

വീട്ടിലേക്കുള്ള ഓട്ടത്തിനിടയില്‍ അമൃതയുടെ ഇഷ്ടങ്ങളെക്കുറിച്ചൊന്നു ഓര്‍ത്ത് നോക്കി. ”ചുവന്ന ലഡു ” അതിഷ്ടമാണെന്ന് എപ്പോഴോ പറഞ്ഞതായ് ഓര്‍ത്തു. പക്ഷേ ഇതുവരെ കൊണ്ടുകൊടുത്തിട്ടില്ല. അങ്ങനേയും ഓര്‍ത്തു…പിന്നെ…?

വേറൊന്നിനും പറഞ്ഞിട്ടില്ല ഇതുവരെ…എങ്കിലും ഒരു വലിയ തുണിക്കടയില്‍ കയറി. കോട്ടണ്‍ സാരിയിലാ എപ്പോഴും കാണാറുള്ളത്…അതിന്‍റെ ഭംഗി ഇതുവരെ ആസ്വദിച്ചില്ലാന്ന് മാത്രം. രണ്ടുവര്‍ഷത്തോളമായ് ഞാന്‍ ഒന്നുമറിയാതെ അവളുടെ കൂടെ ജീവിക്കുന്നുണ്ട്. ഹോ…ഞാനെന്തൊരു മനുഷ്യനാ. തലയ്ക്കിട്ടൊരു മേട്ട് കൊടുത്തു‍ സ്വയം.

നല്ല അഞ്ചു സാരിയും വാങ്ങി. വേഗം വീട്ടിലേക്ക് വിട്ടു…പടിക്കല്‍ കാറിന്‍റെ ശബ്ദം കേട്ടപ്പോഴേ ഓടി വന്നു അമൃത. പോര്‍ച്ചില്‍ വന്നു സാരിയുടെ പേക്കറ്റ് ആ കൈകളില്‍ കൊടുത്തു. എന്നോട് ചേര്‍ന്ന് അകത്തേക്ക് നടക്കുമ്പോള്‍ നൂറു ചോദ്യങ്ങള്‍ കേട്ടെങ്കിലും ആ മനസ്സിലെ സ്നേഹം അനുഭവിക്കുകയായിരുന്നു ഞാന്‍.

അകത്തെ കാഴ്ചകള്‍ എന്നെ അമ്പരപ്പിക്കുന്നതായിരുന്നു…ചുവരില്‍ ജലച്ഛായത്തില്‍ മെനഞ്ഞ നല്ല ഭംഗിയുള്ള ചിത്രങ്ങള്‍ തൂക്കിയിട്ടിരിക്കുന്നു. മുറിയാകെ അലങ്കരിച്ചിട്ടുണ്ട്. പിന്നെ, അടുക്കളയില്‍ നിന്നും വിഭവ സമൃദ്ധമായ സദ്യയുടെ മണം മൂക്കിലടിച്ചു കേറി കൊതിപ്പിച്ചു…

ഏട്ടാ വേഗം കുളിച്ചിട്ടു വാ…ഞാന്‍ ഡ്രസ്സെടുത്തു വെയ്ക്കാം. കുളിച്ചു തോര്‍ത്തും അരയില്‍ ചുറ്റി വരുമ്പോള്‍ കിടക്കയില്‍ കസവു മുണ്ടും ജുബ്ബയും കണ്ടു…അതൊത്തിരി ഇഷ്ടമുള്ള വേഷമായിരുന്നു എനിക്ക്.

മുറിയില്‍ നിന്നിറങ്ങി ചെല്ലുമ്പോള്‍ ഊണ്‍ വിളമ്പുകയായിരുന്നു അമൃത. പപ്പടവും പാല്‍പായസവും ചേര്‍ത്തൊരു സദ്യ…എന്നും തനിച്ചായിരുന്നു കഴിച്ചു കൊണ്ടിരുന്നത്…ഒരിലയിലേ അവള്‍ വിളമ്പിയിട്ടുള്ളൂ…ഞാനൊരു ഇലയിലും കൂടി എല്ലാം വിളമ്പി. അടുത്തു നില്‍പുണ്ടായിരുന്നു എല്ലാം കണ്ടോണ്ട്…

മേശമേല്‍ ഒരു തുള്ളി കണ്ണീര്‍ വീണു ചിയറിയപ്പോഴേ ആ മുഖത്തേക്ക് നോക്കിയുള്ളൂ…പുറം തിരിഞ്ഞു വേഗം കണ്ണുകള്‍ തുടച്ചു. ”വാ ഒന്നിച്ചിരുന്നു കഴിക്കാം..”അതു കേട്ടതും കൊതിയോടെ വേഗം കസേര വലിച്ചെന്‍റെ അരികില്‍ ഇരുന്നു.

ആദ്യത്തെ ഉരുള വായ്ക്കടുത്തെ‌ത്തിയപ്പോള്‍ കണ്ടു ആ നോട്ടം എന്നിലാണെന്ന്. കൈകള്‍ അങ്ങോട്ടു പോയി…നിര്‍വൃതിയോടെ അതു വാങ്ങി കഴിച്ചു. എന്തൊക്കെയോ പറയാനുള്ളത് പോലെന്നെ നോക്കി. ആ കണ്ണുകളിലെ സ്നേഹക്കടല്‍ കാണാതെ ജീവിച്ചു തീര്‍ത്ത ദിനങ്ങളെയും എന്നെയും ശപിച്ചു ഞാന്‍.

ഏട്ടനെന്താ ഓര്‍ക്കുന്നത്. പതിയെ കഴിച്ചു ഞാനും അവളും ഇത്രയും സ്വാദുള്ള ഭക്ഷണം ഞാനിതുവരെ കഴിച്ചില്ലെന്നാ മനസ്സ് പറയുന്നത്. ഊണ് കഴിഞ്ഞപ്പോൾ. ”ഏട്ടന്‍ ഇത്തിരി വിശ്രമിക്ക് ഞാനിപ്പോള്‍ വരാമെന്നും പറഞ്ഞ് ” അമൃത അടുക്കളയിലേക്ക് പോയി.

നാലു വര്‍ഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്…അച്ഛനോ അമ്മയോ പെങ്ങളോ തിരിഞ്ഞു നോക്കാറില്ല ഇപ്പോള്‍ ഇവിടേക്ക്. കല്യാണത്തിന് മുന്നേ അമൃതയ്ക്ക് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിയുണ്ടായിരുന്നു. പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍ക്ക് ഭാര്യയുടെ ശമ്പളമില്ലാതെയും ജീവിക്കാമെന്ന് പറഞ്ഞ് അവളുടെ ജോലി കളഞ്ഞതു ഞാനായിരുന്നു.

പിന്നെ രണ്ടു വര്‍ഷത്തെ എന്‍റെ തിരക്കേറിയ ജീവിതത്തിനിടയില്‍ ഒരു കുഞ്ഞു പിറക്കാത്തതിനാല്‍…നിന്‍റെ പെണ്ണ് ” മച്ചിയാ”ന്നും പറഞ്ഞ് അമ്മയും അച്ഛനും പിറകേ പെങ്ങളും അകന്നു പോയി. അന്നും ഇന്നും യാതൊരു പരാതിയുമില്ലാതെ എന്നെ സഹിച്ചുകൊണ്ടും…കാര്യങ്ങള ചെയ്തുതന്നും അമൃതയേ എന്‍റെ കൂടെ ഉണ്ടായിരുന്നുള്ളൂ എന്നു ഞാനോര്‍ക്കുന്നത് പിന്നെ ഇപ്പോഴാ.

ഞാന്‍ അമ്മ പിണങ്ങി പോയതു മുതല്‍ മദ്യത്തിന്‍റെ പിറകേ പതിയെ പോയ് തുടങ്ങിയതാ…നാലു വര്‍ഷങ്ങള്‍ കടന്നു പോയത് അറിയാത്ത പോലെ ഞാനിരുന്നു. ഈ മുറിയിലും ഉണ്ടായിരുന്നു അമൃതയുടെ ചിത്രങ്ങള്‍.

”ഒരു കുഞ്ഞിനെ നോക്കി കൈ നീട്ടി കണ്ണീര്‍ പൊഴിക്കുന്ന ഒരു യുവതിയുടെ ചിത്രം കണ്ടപ്പോള്‍…” ഉള്ളിലെവിടെയോ ഒരു ”ആത്മനിന്ദ” തോന്നി…വേറേയുമുണ്ട് കണ്ണീര്‍ ചിത്രങ്ങള്‍.

ഞാന്‍ വര്‍ദ്ധിച്ച ഹൃദയ വ്യഥയാല്‍ കണ്ണുകള്‍ അടച്ചു കിടന്നു. മുല്ലപ്പൂവിന്‍റെ ഗന്ധം കണ്ണുകള്‍ തുറന്നു നോക്കി…മുന്നില്‍ ദേവതയെ പോലൊരു രൂപം…തന്‍റെ കണ്ണുകള്‍ക്ക്‍ ഇത്ര നാള്‍ അന്ധത ബാധിച്ചിരുന്നോ….?

ഞാനവളുടെ നേര്‍ക്ക് കൈകള്‍ നീട്ടി..അവളാ കൈകളില്‍ പിടിച്ചു കൊണ്ടെന്‍റെ അരികില്‍ ഇരുന്നു. മനസ്സു വിങ്ങിയെങ്കിലും ഇത്രയും ചോദിച്ചു. ”ഒരിക്കല്‍ പോലും എന്നോട് വെറുപ്പു തോന്നിയിട്ടില്ലേ..? എന്നെ ഉപേക്ഷിച്ചു പോവാന്‍ തോന്നിയില്ലായിരുന്നോ…?ശപിച്ചില്ലേ എന്നെ….? ”

അവളെന്‍റെ വായ് പൊത്തി…മതി ഇനിയൊന്നും പറയല്ലേ. നെഞ്ചില്‍ വീണു പൊട്ടിക്കരയുകയായിരുന്നു മതി വരുവോളം. എപ്പോഴോ പറയുന്നത് കേട്ടു. ”അച്ഛനുമമ്മയും അനിയത്തിയും ഉപേക്ഷിച്ചു പോയത് ഞാന്‍ കാരണമല്ലേ…?
പിന്നെ ഞാനും കൂടി പൊയ്ക്കളഞ്ഞാല്‍ ഏട്ടന്‍ അനാഥനായ് പോവും…”

”കുടിച്ചു കുടിച്ചു നശിക്കും. അതെനിക്കു സഹിക്കാന്‍ വയ്യായിരുന്നു…പിന്നെ ഇവിടുന്നിറങ്ങിയാല്‍ എനിക്കു പോവാനുള്ള ആകെയൊരു വഴി മരണത്തിലേക്കായിരുന്നു…അതിനെകുറിച്ചു കുറേ ചിന്തിച്ചതാ…അവിടേയും ഞാന്‍, ഏട്ടന്‍ തനിച്ചാവില്ലേന്ന് ഓര്‍ത്തു തോറ്റുപോയി…”

”എങ്കിലും എന്നും ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. പല രാത്രികളിലും ഈ കാലില്‍ വീണു പൊട്ടിക്കരഞ്ഞിട്ടുണ്ട്…സ്നേഹത്തോടെ തിരികേ വിളിക്കാറുണ്ട് എന്നും. ഇന്നാണത് കേട്ടത്…”

”മതി….എനിക്കിനി മരിച്ചാലും സങ്കടമില്ല….” അവളെ ഞാനെന്‍റെ നെഞ്ചോടു ചേര്‍ത്തമര്‍ത്തി…ആ മിഴി നീര്‍ തുടച്ചു. ”മതി ഇനി കരയിക്കില്ലാട്ടോ ഞാന്‍…” അവള്‍ നിര്‍വൃതിയോടെ എന്നിലമര്‍ന്നു. കൈകള്‍ വലിഞ്ഞു മുറുകി. ചുംബനപ്പൂക്കളാല്‍ ഹൃദയം തരളിതമായി…

അറിയുകയായിരുന്നു ഞാന്‍…എന്നോ…എവിടേയോ മറന്നു വെച്ച…കാണാതെ പോയ എന്‍റെ പെണ്ണിന്‍റെ സുഖം. അവളില്‍ ആലിഞ്ഞലിഞ്ഞ് ഇല്ലാതാവാന്‍ കൊതിച്ചു ഞാനും എന്‍റെ മനസ്സും. കൊഴിഞ്ഞു പോവുന്ന ദിനങ്ങളുടെ സുഖം ഞാന്‍ മനസ്സറിഞ്ഞ് ആസ്വദിക്കുകയായിരുന്നു.

പെണ്ണിന്‍റെ ചൂടും ചൂരുമറിഞ്ഞ് ഹൃദയരാഗങ്ങളുടെ ഈണംകേട്ട് സ്നേഹക്കടലില്‍ വീണലിഞ്ഞു സായൂജ്യമടഞ്ഞ…എത്രയോ രാവുകള്‍…പകലുകള്‍…

എന്നോ ഒരു പകല്‍ പിന്നാമ്പുറത്തിരുന്ന് ഓക്കാനിച്ച അമൃതയുടെ മുതുകില്‍ തലോടികൊടുത്തു ഞാന്‍…മുഖം കഴുകി വന്ന പെണ്ണെന്‍റെ നെഞ്ചില്‍ വീണു…അപ്പോഴാ കണ്ണിലുണ്ടായിരുന്നു സ്വര്‍ഗ്ഗം പിടിച്ചടക്കിയ പെണ്ണിന്‍റെ സന്തോഷം.