ഒരു ചിരി ~ രചന: അബ്ദുൾ റഹീം പുത്തൻചിറ
“മോനെ വണ്ടി സ്റ്റാർട്ട് ആവുന്നില്ലെടാ.. വേഗം ശരിയാക്കിത്താടാ ” പഴയ സ്കൂട്ടർ തള്ളിക്കൊണ്ട് വന്ന ഉമ്മർക്ക കിതപ്പോടെ പറഞ്ഞു…
“മഴ മാറട്ടെ ഇക്ക എന്നിട്ട് ശരിയാക്കാം”…മഴയും ആസ്വദിച്ചു സ്പാനറും കയ്യിൽ പിടിച്ചു കറക്കിക്കൊണ്ടിരുന്ന ഞാൻ പറഞ്ഞു..
“അതുപറ്റില്ല എനിക്ക് ഇപ്പൊ തന്നെ വേണം..”. തലയിൽ കെട്ടിയ തോർത്തഴിച്ചു മുഖം തുടച്ചുകൊണ്ട് ഉമ്മർക്ക ദൃതി കൂട്ടി..
കൂട്ടുകാരന്റെ വാപ്പയാണ് ഉമ്മർക്ക… മീൻ കച്ചോടമാണ്..കൂട്ടുകാരൻ ഗൾഫിലാണ്… അധികം ശമ്പളമൊന്നുമില്ലെന്നാണ് അറിവ്..
“അതെന്താ ഇത്ര തിരക്ക്… മീൻ കച്ചോടം കഴിഞ്ഞതല്ലേ… അതു മാത്രമല്ല ഈ മഴയത്തു നിങ്ങ ഈ വണ്ടിയും കൊണ്ട് എവിടെ പോകാനാ”…
“അതൊന്നും പറയാൻ സമയമില്ല… വേഗം ശരിയാക്കാൻ നോക്ക്.”.. അതും പറഞ്ഞു ആളു പിന്നെയും തിരക്ക് കൂട്ടി…
“മഴ കഴിയാതെ ഒരു രക്ഷയില്ലക്കാ… ഇവിടെ അടുത്താണെങ്കിൽ ഞാൻ കൊണ്ട് വിടാം.”.
“മതി.. അതായാലും മതി…ആശുപത്രിവരെ പോകാനാ”..ഉമ്മർക്ക ആശ്വാസത്തോടെ പറഞ്ഞു..
“ആരാ ആശുപത്രിയിൽ”…. വേഗം റെഡിയായി ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ ഞാൻ ചോദിച്ചു..അപ്പോഴും അയാൾ ഒന്നും മിണ്ടിയില്ല..
“എന്താ കാര്യമെന്നു പറഞ്ഞൂടെ..”. ബൈക്കിൽ അയാളെയും ഇരുത്തി ആശുപത്രി ലക്ഷ്യമാക്കി പോകുന്നതിനിടയിൽ ഞാൻ വീണ്ടും ചോദിച്ചു..
“തങ്കമണി ആശുപത്രിയിലാണ്.. കിണറ്റിൻ കരയിൽ തെന്നി വീണതാ.. ഇപ്പോഴാ വിവരം അറിഞ്ഞേ… കാലിന്റെ എല്ലുപൊട്ടി ഓപ്പറേഷൻ വേണമെന്നാണ് കേട്ടത്.അവരുടെ ചോരയുടെ ഗ്രൂപ്പും എന്റേം ഒന്നാണ്…. ചിലപ്പോ ചോര ആവിശ്യം വരും”….ഉമ്മർക്ക വിഷമത്തോടെ പറഞ്ഞു..
“അതിന് നിങ്ങളെന്തിനാ ഇങ്ങനെ ബേജാറാവണേ … അവര് നിങ്ങടെ അയൽവക്കമാണെങ്കിലും അതിർത്തി തർക്കത്തിന് നിങ്ങൾക്കെതിരെ കേസ് കൊടുത്തതല്ലേ… അതു മാത്രമല്ല എന്നും കാലത്ത് എഴുന്നേറ്റു നിങ്ങളുടെ വീടിന് നേരെ ചീത്തപറയലല്ലെ അവരുടെ പണി….ഇതിനാണോ നിങ്ങ ഇത്ര തിരക്ക് കൂട്ടണത്..മക്കള് പോലും അവരെ നോക്കാനില്ല… പിന്നെയാണ് നിങ്ങള്”… ഞാൻ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു..
“നീ മിണ്ടാണ്ട് വണ്ടിയോടിക്ക്”… ഞാൻ പറഞ്ഞത് ഇഷ്ട്ടപ്പെടാതെ ഉമ്മർക്ക ഗർവിച്ചുകൊണ്ട് പറഞ്ഞു…
ഞാൻ വണ്ടി നിർത്തി ഇറങ്ങുന്നതിനു മുൻപേ ഉമ്മർക്ക ആശുപത്രിയുടെ ഉള്ളിലേക്ക് ഓടി പോയിരുന്നു… ഞാനും പിന്നാലെ ചെന്നു… കുറേ കഴിഞ്ഞിട്ടും ആളെ കാണാതായപ്പോൾ ഞാൻ ഓരോ വാർഡും അരിച്ചു പെറുക്കി… അപ്പോഴാണ് ആ കാഴ്ച കണ്ടത്… ഒരു കട്ടിലിൽ ഉമ്മർക്കയും മറ്റൊരു കട്ടിലിൽ തങ്കമണി ചേച്ചിയും കിടക്കുന്നത്..ചെച്ചി മയക്കത്തിലായിരുന്നു….. ഉമ്മർക്കാടെ ബ്ലഡ് എടുക്കുന്നുണ്ട്…എന്നെ കണ്ട ഉമ്മർക്ക കൈപൊക്കി കാണിച്ചു.. ഞാൻ ചിരിച്ചുകൊണ്ട് പുറത്തെ ബെഞ്ചിൽ വന്നിരുന്നു….
കുറേ നേരം കഴിഞ്ഞു ഷർട്ടിന്റെ കയ്യും മടക്കി തലയിൽ തോർത്തു മുണ്ടും കെട്ടി വരുന്ന ഉമ്മർക്കാനെ കണ്ടപ്പോൾ ചാർളിയിലെ ദുൽകറിനെയാണ് എനിക്ക് ഓർമ്മ വന്നത്…
നേരെ റീസെപ്ഷനിൽ പോയി കയ്യിലുണ്ടായ മീൻ ചിതമ്പൽ പറ്റിയ നോട്ടുകൾ തങ്കമണിയുടെ പേരിൽ അടച്ചതിനു ശേഷമാണ് ഞങ്ങൾ വീട്ടിലേക്ക് പോയത്… അപ്പോഴും മഴ ചാറുന്നുണ്ടായിരുന്നു… ഇടക്ക് സൈഡ് മിററിൽകൂടി ഉമ്മർക്കാടെ മുഖത്തേക്ക് നോക്കിയപ്പോൾ ആളുടെ മുഖത്തു ഒരു കള്ളച്ചിരിയുണ്ടായിരുന്നു…ശത്രുവി നോട് സ്നേഹത്തോടെ പകരം വീട്ടിയ ഒരു ചിരി….