രചന:മഞ്ജു ജയകൃഷ്ണൻ
“ഇതാരോ മനഃപൂർവം ചെയ്തതാണ് ഇൻസ്‌പെക്ടർ…. തലയിൽ ഒൻപതു സ്റ്റിച് ആണ് “
ഡോക്ടർ ഇൻസ്‌പെക്ടറോടു പറയുന്നതു കേട്ട് എന്റെ കണ്ണു നിറഞ്ഞു…
“അല്ല ഡോക്ടർ… ഞാൻ ബാത്‌റൂമിൽ വീണതാണ്….”
ഞാൻ ആവർത്തിച്ചു…….
“ആരെ രക്ഷിക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത് “
ഇൻസ്‌പെക്ടറുടെ ചോദ്യത്തിനു ഞാൻ കൈകൂപ്പി…..
“ടേക്ക് യുവർ ടൈം… ഞാൻ വൈകിട്ടു വരാം…. അപ്പോൾ ഇതിനൊരു ക്ലാരിറ്റി വേണം “
അതും പറഞ്ഞു ഇൻസ്‌പെക്ടർ നടന്നു നീങ്ങി…
“അവൾ എവിടെ അമ്മേ?”
എന്റെ ചോദ്യം കേട്ടിട്ടും കേൾക്കാത്ത പോലെ നിറമിഴികളുമായി അമ്മ എനിക്കരികിൽ ഇരുന്നു…
എന്നാലും എന്തിനാ മോനെ അവൾ?..
“അവൾക്കെന്താ നിന്നെ കൊല്ലാൻ മാത്രം ഇത്ര വെറുപ്പ്?”
അതെ….. അവൾ എന്റെ എല്ലാം ആയിരുന്നു… ഒരു നാട്ടിൻപുറംകാരി പൊട്ടിപ്പെണ്ണ്..
അവളെ പെണ്ണ് കാണാൻ ചെന്നപ്പോഴോ ആ മുഖത്തു ഒരു നിസംഗഭാവം ആയിരുന്നു…
വിവാഹം കഴിഞ്ഞപ്പോൾ ‘രക്ഷപെട്ടല്ലോ ‘ എന്ന ഭാവമായിരുന്നു ആ മുഖത്തു.
വിവാഹശേഷം അവൾ എന്നെയും അമ്മയെയും പൊന്നു പോലെ നോക്കി …എങ്കിലും വീട്ടിലേക്കുള്ള യാത്രകൾ എന്റെ നിർബന്ധത്തിനു മാത്രം ആയി..എന്നെ പിരിഞ്ഞിരിക്കാൻ പറ്റാത്തത് കൊണ്ടാണെന്ന് ഞാനും വിശ്വസിച്ചു
ഞങ്ങൾക്കൊരു മോളു ജനിച്ചപ്പോൾ ആണ് അവളിൽ കാര്യമായ മാറ്റം വന്നു തുടങ്ങിയത്.. മോളെ ആരെ ഏല്പിക്കാനും അവൾക്ക് വിശ്വാസം ഇല്ലായിരുന്നു..
അച്ഛനായ ഞാൻ ഉള്ളപ്പോൾ കൂടുതൽ ശ്രദ്ധ പോലെ തോന്നി..
കൊതി കൊണ്ടു കുഞ്ഞിനെ ലാളിക്കാൻ എടുക്കുമ്പോഴേക്കും അവൾ ഓരോന്നു പറഞ്ഞു കുഞ്ഞിനെ എന്നിൽ നിന്നും അകറ്റി
ഒരിക്കൽ മൂത്രമൊഴിച്ചു കിടന്ന കുഞ്ഞിന്റെ വസ്ത്രങ്ങൾ മാറ്റാൻ ശ്രമിച്ചതിനു അവൾ എന്നോട് കയർത്തു സംസാരിച്ചു
അമ്മയോട് ഇതിനെക്കുറിച്ച് പറഞ്ഞെങ്കിലും ‘ആദ്യായിട്ടു അമ്മ ‘ ആവുന്നതിന്റെ ഭാഗമായിട്ട് ആണെന്ന് പറഞ്ഞു അമ്മ സമാധാനിപ്പിച്ചു
പക്ഷെ…… അവൾ എന്നിൽ നിന്നും പതുക്കെ അകലാൻ തുടങ്ങി…
കിടപ്പു പോലും അവൾ വേറെ മുറിയിലായി..
ഒടുവിൽ സഹികെട്ടു അവളെ വീട്ടിലാക്കാൻ ചെന്നപ്പോൾ ആണ് അവളുടെ അമ്മൂമ്മയിൽ നിന്നും ഞാൻ ആ സത്യം അറിഞ്ഞത്
സ്വന്തം പിതാവിൽ നിന്നും പണ്ട് ഉണ്ടായ മോശം അനുഭവങ്ങൾ ആണ് അവളുടെ ഈ മാറ്റത്തിനു കാരണം എന്ന്..
അതു തന്നെ തന്റെ കുഞ്ഞിനും പിതാവായ എന്നിൽ നിന്നും സംഭവിക്കും എന്നവൾ ഭയപ്പെട്ടു…
മുതിർന്നിട്ടും അവളെ കൂടി ഒരുമിച്ചു കിടത്താൻ അവളുടെ അച്ഛൻ നിർബന്ധിക്കുമായിരുന്നു….
അമ്മ ഉറങ്ങിക്കഴിയുമ്പോൾ അയാളുടെ കൈകൾ അവളുടെ ശരീരത്തിലൂടെ അരിച്ചിറങ്ങുമായിരുന്നു
കുളിച്ചിട്ടു പാതി വസ്ത്രമിട്ടു വരുമ്പോൾ ഒക്കെ അയാളുടെ കഴുകൻ കണ്ണുകൾ അവളെ ഉഴിയുമായിരുന്നു
കുറച്ചു വലുതായപ്പോൾ ആണ് അവൾക്കെല്ലാം മനസ്സിലായി വരുന്നത്… അവളെ മനസ്സിലാക്കി ചേർത്തു നിർത്തിയത് അവളുടെ അമ്മൂമ്മ ആയിരുന്നു
ഒരിക്കൽ അവളെക്കേറിപ്പിടിച്ച അയാൾക്കെതിരെ അവൾ ശബ്ദമുണ്ടാക്കി എങ്കിലും ‘മാറിപ്പോയി… അമ്മ ആണെന്ന് ഓർത്തു ‘ എന്ന് പറഞ്ഞു അയാൾ രക്ഷപെട്ടു..
അവളുടെ അമ്മ ഒരു പാവം സ്ത്രീ ആയത് കൊണ്ടു അവർക്കിതൊന്നും മനസ്സിലായില്ല. അവൾ കരഞ്ഞു പറഞ്ഞിട്ടും അവർ അതൊന്നും ചെവിക്കൊണ്ടില്ല.
അതിനു ശേഷം അവൾ ആരോടും അധികം സംസാരിച്ചിട്ടില്ല… എന്തിനു സ്കൂളിൽ പോലും പോയിട്ടില്ല..
ഞാൻ അവൾ തിരികെ കൊണ്ടു പോന്നു..
അവളുടെ മനസ്സിലെ മാലിന്യം അകറ്റാൻ കൗൺസിലിംഗിന് പോകാൻ ഇരിക്കുമ്പോൾ ആണ് കുഞ്ഞിന്റെ കയ്യിൽ അബദ്ധത്തിൽ ബ്ലേഡ് കിട്ടുന്നത്…
അതിൽ നിന്നും മുറിവ് പറ്റി ചോരയിൽ കുളിച്ചിരിക്കുമ്പോൾ ആണ് ഞാൻ അതു കാണുന്നത്… പെട്ടെന്ന് ആ രക്തം തുടച്ചു നീക്കുമ്പോൾ ആണ് അവൾ എനിക്കു നേരെ ചാടി വരുന്നത്
ഞാൻ എന്തോ മോശമായി ചെയ്തു എന്ന വിചാരത്തിൽ അവൾ അടുത്തിരുന്ന കസേര എടുത്തു എനിക്കെതിരെ പ്രയോഗിക്കുന്നത്..
എല്ലാം അമ്മയോടായി പറഞ്ഞു നിർത്തുമ്പോൾ വാതിൽക്കൽ ഒരു തേങ്ങൽ ഞാൻ കേട്ടു…
കുഞ്ഞിനെക്കൊല്ലുന്ന അമ്മമാർ, മക്കളെ തിരിച്ചറിയാത്ത അച്ഛൻമാർ ഒക്കെ ഇവിടെ ഉണ്ട്…
പക്ഷെ എന്നു വെച്ച് എല്ലാവരും അതെ പോലെ അല്ല മോളെ എന്ന് അമ്മ കൂടി പറഞ്ഞപ്പോൾ അവൾ എന്റെ കാലിൽപ്പിടിച്ചു കരഞ്ഞു..
തിരിച്ചറിയാത്ത പ്രായത്തിൽ മുറിവേറ്റ അവളുടെ മനസ്സിന് കൗൺസിലിങ് കൂടിയേ തീരൂ എന്ന് ബോധ്യപ്പെട്ടതു കൊണ്ട് അവളെ കൗൺസിലിംഗിനു വിധേയയാക്കി….
അച്ഛനെന്നാൽ ‘കവർന്നെടുക്കുന്നവൻ ‘ എന്ന് മാത്രം അല്ല ‘കരുതലുള്ളവൻ ‘ എന്ന് കൂടി അർത്ഥമുണ്ടെന്നു അവൾക്കിന്ന് അറിയാം
(എഴുതിപ്പഴകിയ തീം ആണ്…. തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക )